Read Time:7 Minute


ഡോ.ബി.ഇക്ബാൽ

 

ഇന്ന് ലോക ഒ.ആർ.എസ് ദിനം

ലക്ഷക്കണക്കിനാളുകളുടെ പ്രത്യേകിച്ച് കുട്ടികളുടെ മരണത്തിനിടയാക്കുന്ന വയറിളക്കരോഗത്തിനുള്ള ലളിതമായ പാനീയ ചികിത്സയെ (Oral Rehydration Therapy) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായാണ് (The Medical advance of the Century) യൂണിസെഫ് വിശേഷിപ്പിച്ചിട്ടുള്ളത്. വയറിളക്കം മൂലമുണ്ടാവുന്ന നിർജ്ജലീകരണം (Dehydration) നേരിടാൻ വായിലൂടെയോ ധമനീയിലൂടെയോ വെള്ളവും ലവണങ്ങളൂം നൽകുന്ന രീതി 1940 കളിൽ ആരംഭിച്ചിരുന്നു. വെള്ളം, പഞ്ചസാരയും (ഗ്ലൂക്കോസ്) ഉപ്പും (സോഡിയം) ചേർത്ത് നൽകിയാൽ വയറിളക്കത്തിൽ ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന സോഡിയവും ജലവും കുടലിലെ സ്ഥരങ്ങളിലൂടെ വേഗത്തിൽ ആഗിരണം ചെയ്യെപ്പെടുമെന്ന് പല ഗവേഷകരും നിരീക്ഷിച്ചിരുന്നു. ഗ്ലൂക്കോസും സോഡിയവും ചേർന്ന ലായനിയെ ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ: ഒ.ആർ.എസ് (ORS Oral Rehydration Solution) എന്ന് നാമകരണം ചെയ്തു. ശരീരത്തിൽ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാവുന്ന, വിഷൂചിക, കോളറ, ഹെപ്പറ്റൈറ്റിസ് എ ഇ, ഷിഗല്ല തുടങ്ങിയ രോഗങ്ങൾ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളിൽ തടയാൻ ഒ.ആർ.എസ് തക്കസമയം നൽകിയാൽ കഴിയും

ബംഗാളിലെ ഡോക്ടർ ഹേമേന്ദ്ര നാഥ് ചാറ്റർജിയാണ് (Hemendra Nath Chatterjee) ആദ്യമായി ഒ.ആർ.എസിന്റെ ശാസ്തീയാടിത്തറ വ്യക്തമാക്കികൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. 4 ഗ്രാം സോഡിയം ക്ലോറൈഡും 25 ഗ്രാം ഗ്ലൂക്കോസും 1000 മി ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കോളറ രോഗികൾക്ക് വായിലൂടെ നൽകി ഫലപ്രദമായി കോളറ ചികിത്സിച്ച വിവരം ഡോക്ടർ ചാറ്റർജി 1953 ൽ ലാൻസെറ്റിൽ റിപ്പോർട്ട് (Chatterjee, HN: 1953 Control of vomiting in cholera and oral replacement of fluid. Lancet. 265 (6795): 1063) ചെയ്തു. അമേരിക്കൻ ബയോകെമിസ്റ്റ് റോബർട്ട് ക്രേൻ (Robert Kellogg Crane: 1919 –2010) 1960 കളിൽ നടത്തിയ ഗവേഷണങ്ങളിലൂടെ സോഡിയം-ഗ്ലൂക്കോസ് മിശ്രിതം കോളറ ബാധിക്കുന്നവരിലും കുടലിലൂടെ ആഗിരണം ചെയ്യപ്പെടുമെന്ന് കൂടുതൽ ശാസ്തീയാടിത്തറയോടെ തെളിയിച്ചു.

അമേരിക്കൻ ബയോകെമിസ്റ്റ് റോബർട്ട് ക്രേൻ (Robert Kellogg Crane: 1919 –2010) 1960 കളിൽ നടത്തിയ ഗവേഷണങ്ങളിലൂടെ സോഡിയം-ഗ്ലൂക്കോസ് മിശ്രിതം കോളറ ബാധിക്കുന്നവരിലും കുടലിലൂടെ ആഗിരണം ചെയ്യപ്പെടുമെന്ന് കൂടുതൽ ശാസ്തീയാടിത്തറയോടെ തെളിയിച്ചു.

കോളറ രോഗികളുടെ കുടൽ സ്ഥരത്തിന് (Intestinal Mucosa) കാര്യമായ തകരാറ് സംഭവിക്കാത്തത് കൊണ്ടാണ് ഇങ്ങിനെ സാധിക്കുന്നതെന്ന് ക്രേൻ വിശദീകരിച്ചു. 1967-68 കാലത്ത് ബംഗ്ലാദേശിലെ ഡാക്കയിൽ അമേരിക്കൻ പൊതുജനാരോഗ്യ വിദഗ്ധൻ നോർബേർട്ട് ഹിർഴ് ഹോൺ (Norbert Hirschhorn: 1938-), കൽക്കട്ടായിൽ ജോൺ ഹോപ്ക്കിൻസ് സർവകലാശാലയിലെ നതാനിയേൽ പീയേഴ് സ് (Nathaniel Pierce), അമേരിക്കൻ ഗവേഷകരായ ഡേവിഡ് നാലിൻ (David R. Nalin: 1941-). റിച്ചാർഡ് കാഷ് (Richard Alan: 1941-) എന്നിവർ ഒ ആർ എസിന്റെ ഫലസിദ്ധി കൂടുതൽ പഠനങ്ങളിലൂടെ വ്യക്തമാക്കി.

1971 ൽ ബംഗ്ലാദേശ് വിമോചനസമര കാലത്ത് പല പ്രദേശങ്ങളിലും കോളറ പടർന്ന് പിടിച്ചിരുന്നു. ബംഗ്ലാദേശിലെ ഡോക്ടറും ഗവേഷകനുമായ ഡോ. റഫിഖുൽ ഇസ്ലാം (Rafiqul Islam: 1936 –2018), കൽക്കട്ടയിലെ ജോൺ ഹോപ്ക്കിൻസ് ഇന്റർനാഷണൽ മെഡിക്കൽ ട്രെയിനിംഗ് സെന്ററിലെ ഇന്ത്യൻ ശിശുരോഗവിദഗ്ധൻ ഡോ ദിലീപ് മഹലാനബിസ് (Dilip Mahalanabis: 1934-) എന്നിവർ ചേർന്ന് ഓറോസലൈൻ (Orosaline) എന്ന് പേരിട്ട് ഒ.ആർഎസ് നൽകി ആയിരക്കണക്കിന് കോളറാ രോഗികളുടെ ജീവൻ രക്ഷപ്പെടുത്തിയത് സാർവദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ധമനികളിലൂടെ പാനീയം (IV fluid) നൽകുന്നതിനേക്കാൽ ഫലപ്രദം വായിലൂടെ ഓറോ സലൈൻ നൽകുന്നതാണെന്നും അവർ തെളിയിച്ചു. പിന്നീട് ഡാക്ക സലൈൻ (Dhaka Saline) എന്ന പേരിൽ ഓറോ സലൈൻ പ്രസിദ്ധി കൈവരിച്ചു. 1990 ലെ ആഫ്രിക്കയിലെ മൊസാംബിക്കിലും മലാവിയിലും ആഭ്യന്തരയുദ്ധകാലത്ത് അഭയാർത്ഥി ക്യാമ്പുകളിൽ കോളറാ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഓ ആർ എസ് ഉപയോഗിച്ച് കൊണ്ടുള്ള പാനീയ ചികിത്സയിലൂടെയാണ് ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷപ്പെടുത്തിയത്.

UNICEF ന്റെ ORS പാക്കറ്റ്

വയറിളക്ക രോഗം പ്രതിരോധത്തിനായി ഒരു നുള്ള് ഉപ്പും ഒരു കോരി പഞ്ചസാരയും ഒരു ഗ്ലാസ് ശുദ്ധജലത്തിൽ (A Pinch of Salt, A Scoop of Sugar in a glass of clean Water) കലക്കി കുടിക്കുക എന്ന ഏറ്റവും ലളിതമായ സന്ദേശം ആരോഗ്യപ്രവർത്തകർ ലോകമെമ്പാടും പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിൽ വിജയകരമായി പ്രചരിപ്പിച്ചതിലൂടെ ലക്ഷക്കണക്കിന് വയറിളക്ക രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും യൂനിസെഫും ചേർന്ന് സോഡിയം ക്ലോറൈഡ്, പൊട്ടാഷ്യം ക്ലോറൈഡ്, ഗ്ലൂക്കോസ്, ട്രൈ സോഡിയം സിട്രേറ്റ് എന്നിവയടങ്ങിയ കൂടുതൽ ശാസ്തീയവും ഫലപ്രദവുമായ ഓ ആർ എസ് തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്ന് പട്ടികയിൽ ഓ ആർ എസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിൽ വയറിളക്ക് രോഗം മൂലമുള്ള മരണം തടയുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത് കൊണ്ടാണ് ഓ ആർ എസ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായി വിശേഷിപ്പിക്കപ്പെടുന്നത്.


വയറിളക്ക രോഗങ്ങള്‍ക്ക് ഒ ആര്‍ എസ് ലായനി വീട്ടില്‍ ഉണ്ടാക്കാം

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19 രോഗനിർണയത്തിന് ഗ്രഫീനും
Next post അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി
Close