കേൾക്കാം
ജീവിച്ചിരിപ്പുണ്ടെങ്കില്‍ അച്ഛനെ കണ്ടെത്തും എന്നു തക്കുടു പ്രഖ്യാപിച്ചത് എല്ലാവര്‍ക്കും ആവേശകരമായി അനുഭവപ്പെട്ടു. പക്ഷേ, എങ്ങനെ? കുറ്റകൃത്യങ്ങള്‍ ഏറെ ഇല്ലാത്ത ഒരു ലോകത്തുനിന്നു വരുന്ന തക്കുടുവിന് എന്തു ചെയ്യാനാകും? ഞങ്ങടെ കൂട്ടത്തിലും ആര്‍ക്കും ഇത്തരം കാര്യങ്ങള്‍ പരിചയമില്ല. ദീപുവിനു മാത്രമേ കുറ്റാന്വേഷണകഥകളും സിനിമകളുമെങ്കിലും പരിചയമുള്ളൂ. അതുകൊണ്ടൊന്നും കാര്യമില്ലല്ലോ. അന്‍വര്‍മാഷ് പഠിച്ചത് ഭോപ്പാലിലാണ്. ഹിന്ദീം ഇംഗ്ലീഷും നന്നായറിയാം. നാടുചുറ്റി പരിചയവുമുണ്ട്. ചെലപ്പം അത് ഉപകരിച്ചേക്കും.
മാഷ് പറഞ്ഞു, “നമ്മള്‍ക്കിനി ഇവിടെ അര മണിക്കൂര്‍ കൂടിയേ ഇരിക്കാന്‍ പറ്റൂ. പോകുംമുമ്പ് നാളെ മുതല്‍ ആരൊക്കെ എന്തൊക്കെ ചെയ്യും എന്ന് തീരുമാനിക്കണം. ആദ്യം തക്കുടു പറയൂ.”
തക്കുടു പറഞ്ഞു, “അടുത്ത ഞായറാഴ്ചയേ അന്വേഷണം തുടങ്ങാന്‍ പറ്റൂ. ആ കള്ള സന്യാസിയെ എനിക്ക് ആദ്യം കാണണം. മാഷും യദൂം ദീപൂം അന്നുമുതല്‍ ഒരാഴ്ച എന്റെ കൂടെ വേണം. നമ്മടെ രണ്ടു പറക്കുന്ന ചാരന്മാരും കൂടെയുണ്ടാകും.”
“അപ്പം ഞങ്ങള് ലീവെടുക്കണം അല്ലേ? സ്കൂളിലെന്തു പറയും?”, ദീപൂനാണ് സംശയം.
“ഞങ്ങക്ക് പണി ഒന്നും ഇല്ലേ?”, മൈഥിലിക്ക് പരിഭവം.
“നിങ്ങള്‍ അമ്മയുടെ സംരക്ഷകര്‍”, ഞാന്‍ പറഞ്ഞു. “ഒരു ദിവസം ജോസ്, അടുത്ത ദിവസം മൈഥിലീം ദില്‍ഷേം. അങ്ങനെ മാറിമാറി.”
“ആ അതു പറ്റും. പക്ഷേ, എന്തും പറഞ്ഞാ വീട്ടീന്ന് രക്ഷപ്പെടുക?”
“അതിനുള്ള സൂത്രം ഒക്കെ ദില്‍ഷ കണ്ടുപിടിക്കും, ഇല്ലേ ദില്‍ഷേ?”, മാഷിന്റെ നിര്‍ദേശം ദില്‍ഷയ്ക്ക് പ്രോത്സാഹനമായി.
അവള്‍ പറഞ്ഞു, “ആ മാഷേ, അതിനൊക്കെ പണീണ്ട്. യദൂം ദീപൂം മാഷും കൂടി ഒരു ഫുട്ബാള്‍ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയീന്ന് പറയും. ക്യാമ്പ് ഏട്യാ ദീപൂ?”
“ഭോപാലിലായിക്കോട്ടെ. അല്ലെങ്കി വേണ്ട, കല്‍ക്കത്തേലാ നല്ലത്. അവിടല്ലേ ഫുട്ബാളിന്റെ കേന്ദ്രം.”
“ആയിക്കോട്ടെ. അവര് രണ്ടാഴ്ച കഴിഞ്ഞേ മടങ്ങി വരൂ. യദൂന്റമ്മ പാവം ഒറ്റയ്ക്ക്. ഞങ്ങള് മാറി മാറി കൂട്ടുകിടക്കണംന്നാ മാഷ് പറഞ്ഞെ. കഥ ഇതു പോരേ? മാലിനിച്ചേച്ചി വീട്ടിലേക്ക് ഒന്നു വിളിച്ചു പറയ്യേം കൂടി ചെയ്താ പിന്നെ ഒരു പ്രശ്നോം ഉണ്ടാവില്ല.”
“ഈ പെണ്ണിന് നല്ല ബുദ്ധീണ്ട്, ട്ടോ”, ദീപു പറഞ്ഞത് അല്പം അഭിനന്ദനത്തോടെയാണ്.
“നീ എന്താടാ എന്നെപ്പറ്റി കരുതീത്. ഇടയ്ക്ക് ഇച്ചിരി പൊട്ടത്തരം പറേണത് ബുദ്ധിയില്ലാഞ്ഞിട്ടാന്ന് വിചാരിച്ച്, ഇല്ലേ?”
“ഏയ്, അത് ബുദ്ധി കൂടീട്ടാന്ന് എനിക്ക് പണ്ടേ അറിഞ്ഞൂടേ. എന്തായാലും സ്കൂളില് ഈ നൊണ വേവൂലല്ലോ. അതിനെന്ത് ചെയ്യും?”
മാഷ് പറഞ്ഞു, “അതിനെന്തെങ്കിലും വഴീണ്ടാക്കാം. പക്ഷേ മാലിനീടെ മുഖത്തെന്താ ഒരു വല്ലായ്മ? യദൂനെ വിടുന്ന കാര്യത്തിലാ?”
അപ്പഴാണ് എല്ലാരും അമ്മയെ ശ്രദ്ധിച്ചത്. നിലാവെളിച്ചത്തിലാണെങ്കിലും അമ്മയുടെ മുഖത്തെ വിളര്‍ച്ച വ്യക്തമായിരുന്നു. അമ്മ പറഞ്ഞു, “എനിക്ക് നല്ല പേടീണ്ട് മാഷേ. അവര് ദുഷ്ടന്മാരാ. ഒറ്റു കൊടുക്കാന്‍ പലരും ഉണ്ടാകും. ഇവന്‍ വരണംന്ന് നിര്‍ബന്ധാണോ?”
“അതു പറയാന്‍ ഇപ്പം എങ്ങനെ പറ്റും മാലിനീ? എവിട്യാ അന്വേഷിക്കണ്ടത് എന്നു പോലും നമ്മക്കിപ്പം അറിയില്ല. ഞങ്ങള്‍ക്കാര്‍ക്കും ഉണ്ണിയേട്ടന്റെ മുഖം പോലും ഓര്‍മയില്ല. കണ്ടിട്ടുണ്ടാവും, പക്ഷേ ഇപ്പം കണ്ടാ തിരിച്ചറിയില്ല. അതിന് യദൂന്റെ സഹായം വേണ്ടിവരും. മാലിനി ധൈര്യായിട്ടിരിക്ക്, ഞാനും തക്കുടൂം കൂടെയില്ലേ. അത്യാവശ്യഘട്ടത്തില്‍ മാത്രേ യദൂനെ കൊണ്ടുപോകൂ.”
തക്കുടു പറഞ്ഞു, “അല്ലെങ്കിലും ഇവനെ ഈ രൂപത്തിലല്ല ഞങ്ങളു കൊണ്ടുപോവുക. പറ്റിയ ഒരു വേഷം കണ്ടെത്തണം. എന്താ .ദീപൂ പറ്റിയ വേഷം.”
“തീര്‍ഥാടക വേഷായാലോ? നീണ്ട, മുട്ടോളമെത്തുന്ന മഞ്ഞ ജുബ്ബയും സല്‍വാറും. രുദ്രാക്ഷമാല. നെറ്റിയില്‍ ഭസ്മവും കുങ്കുമക്കുറിയും. നമ്മള് മൂന്നാളും ആ വേഷത്തില്‍. ഞങ്ങളൊന്നും മിണ്ടൂല. മാഷ് മാത്രം സംസാരിക്കും, എന്താ?”
“ഓ, സമ്മതിച്ചു”, മാഷിന് സംഗതി ഇഷ്ടായി.
തക്കുടു പ്ലാന്‍ അവതരിപ്പിച്ചു, “ഞായറാഴ്ച രാവിലെ തീവണ്ടി ആ കള്ള സന്യാസിയേം കൊണ്ട് തലശ്ശേരി സ്റ്റേഷനിലെത്തും, അല്ലേ ചേച്ചീ?”
“ആ. ആറേ നാല്പതാ സമയം. മിക്കപ്പഴും കുറച്ചു വൈകും.”
“ശരി, ആ സമയത്ത് മാഷ് അവിടെ ഉണ്ടാകണം. എന്റെ പ്രാവും അവിടെത്തും. അയാള്‍ ചന്തുവിന് പൊതി കൈമാറുന്ന സമയത്ത് ഫോട്ടോ എടുക്കണം. എനിക്കുവേണ്ട ഇന്‍ഫ്രാറെഡ് ഫോട്ടോ പ്രാവ് എടുക്കും. നിങ്ങള്‍ക്കുള്ളത് മാഷ് എടുക്കണം. അതു രഹസ്യമായി ചെയ്യണം.”
മാഷ് പറഞ്ഞു, “അതിനു പ്രയാസമില്ല. എന്റെ പെന്നിന്റെ ടോപ്പില്‍ ക്യാമറയുണ്ട്. ഓണാക്കിയിട്ടാല്‍ അഞ്ച് മിനിട്ടുവരെ വീഡിയോ കിട്ടും. പിന്നെ മൊബൈലിലോ കമ്പ്യൂട്ടറിലോ ആക്കിയാ വലുതായി കാണാം.”
“ഗുഡ്. അപ്പം നമ്മള് തത്ക്കാലം തിരിച്ചുപോകുന്നു. വെള്ള്യാംകല്ലിലെ എല്ലാ പരേതാത്മാക്കള്‍ക്കും വിട” തക്കുടു പറഞ്ഞു.
“ചേച്ചീടെ അടുത്ത പിറന്നാളിന് നമ്മളിവിടെ വരുമ്പം യദൂന്റെ അച്ഛനും കൂടെയുണ്ടാവും”, ദീപൂന്റെ അഭിപ്രായം എല്ലാരും സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും അമ്മയില്‍നിന്ന് ഉയര്‍ന്നത് ഒരു തേങ്ങലാണ്.
മാഷ് അമ്മയെ ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു, “മാലിനി ധൈര്യമായിരിക്ക്. എല്ലാം ഭംഗിയായി കലാശിക്കും. അതിനല്ലെങ്കില്‍ പിന്നെ എന്തിനാ പന്ത്രണ്ട് പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്ന് ഈ അശരീരി നമ്മളെത്തേടിവന്നത്. കുട്ടികളേ, തക്കുടു എവിടുന്നാ വന്നത് എന്നു കാണണ്ടേ?”
“ആ, കാണണം. എങ്ങന്യാ കാണിക്ക്യാ?”, ദില്‍ഷയ്ക്ക് ആവേശമായി.
“വന്ന ദിക്കുമാത്രം കാണിച്ചുതരാം. മങ്ങിയ ഓറഞ്ച് നക്ഷത്രമായതുകൊണ്ട് അതിനെ കാണാന്‍ നല്ല ശക്തിയുള്ള ടെലിസ്കോപ്പ് വേണം. ഞാന്‍ ലേസര്‍ടോര്‍ച്ചടിച്ചു കാണിക്കുന്ന ദിക്കിലേക്ക് നോക്കിക്കോളൂ. അതാ, ഒരുപാടു നീളത്തില്‍ കുറേ നക്ഷത്രങ്ങള്‍ തെക്കോട്ട് വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന ഒരു നദിപോലെ കിടക്കുന്നതു കണ്ടോ? എറിഡാനസ് എന്നാണ് ആ നദിയുടെ പേര്. ഒരു വലിയ നക്ഷത്രരാശിയാണത്. അത് തെക്ക് അവസാനിക്കുന്നത് അക്കര്‍നര്‍ എന്ന ശോഭയേറിയ നക്ഷത്രത്തിലാ, കണ്ടില്ലേ?”
“ആ കണ്ടു. നദീടെ നടുക്ക് നല്ല തിളക്കമുള്ള വേറൊരു നക്ഷത്രം കൂടി ഉണ്ടല്ലോ”, മൈഥിലിക്ക് നദി നല്ല ഇഷ്ടായി.
“അതാണ് അകാമര്‍. ഇരട്ട നക്ഷത്രങ്ങളാണ്. ഈ നദിയില്‍ ഒരു ബാലന്റെ മൃതദേഹമുണ്ട്. അതു നിങ്ങക്കറിയ്വോ!”
“ഏതു ബാലനാ ചാകാന്‍ ആകാശത്തു പോയത്?”, മൈഥിലിയ്ക്ക് താല്പര്യമായി.
“ഗ്രീക്കുകാരുടെ കഥയാണ്. ഒരിക്കല്‍ ക്ലമേന എന്ന അപ്സരസ് തന്റെ മകന്‍ ഫെയ്ത്തനോട് ഒരു രഹസ്യം പറഞ്ഞു: നിന്റെ പിതാവ് സൂര്യദേവനായ അപോളോ ആണ്. ഫെയിത്തണ്‍ ഉടന്‍ തന്നെ ദൈവങ്ങളുടെ ആസ്ഥാനമായ ഒളിംപസിലേക്കു പുറപ്പെട്ടു. അതിശക്തരായ നാലു കുതിരകളെ കെട്ടിയ തേരിലാണ് ആകാശത്തുകൂടി അപോളോയുടെ യാത്ര. ഒരു ദിവസം തേരു തെളിക്കാന്‍ തന്നെ അനുവദിക്കണം എന്ന് അവന്‍ അച്ഛനോട് ആവശ്യപ്പെട്ടു. അപോളോ പലവട്ടം നിഷേധിച്ചെങ്കിലും ഒടുവില്‍ അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി. അങ്ങനെ ഒരു ദിവസം രാവിലെ അപോളോയെയും തേരിലിരുത്തി അവന്‍ കിഴക്കുനിന്നും പുറപ്പെട്ടു. പക്ഷേ കുതിരകള്‍ അവന്‍ തെളിച്ച വഴിക്കുപോയില്ല, നിയന്ത്രണം വിട്ടോടി. അവയുടെ കുളമ്പടിയില്‍നിന്ന് ഉയര്‍ന്ന തീപ്പൊരികളാണ് ഇപ്പോള്‍ ആകാശഗംഗയായി നമ്മള്‍ കാണുന്ന നക്ഷത്രസമൂഹം. പിന്നെ കുതിരകള്‍ സൂര്യനെയും കൊണ്ട് ഭൂമിയുടെ നേര്‍ക്കു പാഞ്ഞു. ഭൂമി ചൂടുകൊണ്ട് കരിയാന്‍ തുടങ്ങിയപ്പം ദൈവങ്ങളുടെ തലവന്‍ സ്യൂസ് ഇടിമിന്നലയച്ച് ഫെയ്ത്തണിനെ വധിച്ചു. എന്നിട്ടവനെ വലിച്ചെറിഞ്ഞത് എറിഡാനസ് നദിയിലേക്കാണ്. ആ നദിയുടെ ഏതാണ്ട് നടുഭാഗത്ത് ‘ടൗ 6’ എന്ന നക്ഷത്രം അതാ. അതിന്റെ അടുത്താണ് തക്കുടൂന്റെ നക്ഷത്രം ല്യൂട്ടന്‍. കാണാന്‍ പറ്റില്ല.”
ലേസര്‍ ടോര്‍ച്ച് അധികനേരം അങ്ങോട്ടടിക്കണ്ട. തക്കുടൂന്റെ കൂട്ടുകാരു കണ്ടു പേടിക്കും എന്ന് മൈഥിലിയുടെ കമന്റ്.
തക്കുടു പറഞ്ഞു, “ഈ കഥ ഞാന്‍ ആദ്യം കേക്കുവാ. ഞങ്ങടെ ലോകത്തുനിന്നു നോക്കിയാ നദീടെ രൂപം ഒന്നും കാണൂല.”
“അതിന് നിങ്ങള് നദീല് മുങ്ങിക്കെടക്ക്വല്ലേ. മാഷേ, ആ നക്ഷത്രത്തെയും ഗ്രഹത്തെയും ആരാ ആദ്യം കണ്ടെത്തിയെ?”, ദീപൂനാണ് സംശയം.
“നക്ഷത്രത്തെ ഒരുപാടുകാലമായിട്ടറിയാം. ഗ്രഹത്തെ കണ്ടെത്തിയത് അടുത്തകാലത്താണ്. ടെസ്സ് എന്ന ബഹിരാകാശ ടെലിസ്കോപ്പാണ് കണ്ടെത്തിയത്, ട്രാന്‍സിറ്റ് – സംതരണം എന്ന സങ്കേതം ഉപയോഗിച്ച്. അതെന്താണെന്നൊന്നും ഇപ്പം ചോദിക്കണ്ട. സമയം ഉള്ളപ്പം പറഞ്ഞുതരാം.”
“എന്നാ തക്കുടു പറ, നിങ്ങളെങ്ങനയാ ഞങ്ങളെ കണ്ടെത്തിയത്.”
തക്കുടു പറഞ്ഞു, “ഞങ്ങടെ ആകാശത്ത് നാല് വമ്പന്‍ ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പുകളെ ഞങ്ങള്‍ നിര്‍ത്തിയിട്ടുണ്ട്, അറുനൂറ് കിലോമീറ്റര്‍ വീതം അകലത്തില്‍. നാലുംകൂടി ഒരേ സമയത്ത് ഒരു നക്ഷത്രത്തിലേക്ക് ഫോക്കസ് ചെയ്താല്‍ എന്തു സംഭവിക്കും മൈഥിലീ?”
“നല്ലോണം തെളിഞ്ഞു കാണും, അത്രതന്നെ.”
“അല്ല, നക്ഷത്രത്തെ കാണാണ്ടാക്കാനും പറ്റും?”
“അതെങ്ങനെ?”
മാഷ് പറഞ്ഞു, “മൈഥിലീ, ക്ഷമിക്ക്. അതൊക്കെ കോളേജിലെത്തുമ്പം പഠിക്കാം. വിനാശകവ്യതികരണം – ഡിസ്റ്റ്രക്റ്റീവ് ഇന്റര്‍ഫറന്‍സ് എന്ന് പറയും. അങ്ങനെ നക്ഷത്രത്തെ കാണാതാകുമ്പം ഗ്രഹങ്ങളുണ്ടെങ്കില്‍ തെളിഞ്ഞുവരും. നമ്മടെ ശാസ്ത്രജ്ഞരിപ്പം രണ്ടു ടെലിസ്കോപ്പ് ഉപയോഗിച്ച് ഈ വിദ്യ പ്രയോഗിക്കാനുള്ള ശ്രമത്തിലാണ്.”
തക്കുടു പറഞ്ഞു, “ഞങ്ങളങ്ങനെ ആയിരക്കണക്കിന് നക്ഷത്രങ്ങളുടെ ചുറ്റും ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. കടലും അന്തരീക്ഷത്തില്‍ ഓക്സിജനും ഉണ്ടെന്നു കണ്ടാല്‍ ഒന്നു പോയി നോക്കാന്‍ ഞങ്ങള്‍ തീരുമാനിക്കും. ആദ്യം റോബോട്ടുകളെ അയയ്ക്കും. ആര്‍ക്കും കാണാന്‍ പറ്റാത്ത സ്റ്റെല്‍ത് വാഹനങ്ങളിലാ അയയ്ക്കുക. അങ്ങനെ പല പ്രാവശ്യം പോയി പഠിച്ചശേഷമേ ഞങ്ങള്‍ നേരിട്ടു പോകൂ.”
“ഇവിടേയ്ക്ക് ആദ്യത്തെ റോബോട്ട് അയച്ചത് എപ്പഴാ?”
“അതു ഞാന്‍ ജനിക്കുന്നതിനൊക്കെ വളരെ മുമ്പാ. ശരി, ഇനി ബാക്കിയൊക്കെ പിന്നെ പറയാം. വാഹനം പുറപ്പെടുകയായി. ആരൊക്കെയാ ഫസ്റ്റ് ട്രിപ്പ്?”
മാഷ് പറഞ്ഞു, “ആദ്യം യദൂം അമ്മേം പോകട്ടെ. വാതില് തുറക്കണ്ടേ?”
കേള്‍ക്കണ്ട താമസം, ഞാന്‍ നുഴഞ്ഞു കയറി. പിന്നാലെ അമ്മയും. വെള്ള്യാം കല്ലിനോട് ടാറ്റ പറഞ്ഞു. കടലിന് മീതെ ഒരു പറക്കല്‍ക്കൂടി. തിരിച്ചുവരുന്ന മീന്‍പിടുത്തവള്ളങ്ങളുടെ വെളിച്ചം ദൂരെ കാണാനുണ്ട്.
തുടരും.. എല്ലാ ശനിയാഴ്ച്ചയും
കേൾക്കാം
തക്കുടു ഇതുവരെ
1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?
3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി
4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു
5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം
6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം