Read Time:16 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പത്താം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


കടല്‍ ശാന്തമാണ്. എങ്കിലും ജലനിരപ്പ് പതുക്കെ ഉയരുന്നുണ്ട്. വേലിയേറ്റത്തിന്റെ തുടക്കമാണ്. തിരമാലകളുടെ ശക്തി ഇനി കൂടും.

വെള്ള്യാംകല്ലിന് ഇപ്പോഴും നല്ല ചൂടുണ്ട്. കുട്ടികള്‍ എഴുന്നേറ്റ് പാറപ്പുറത്തുകൂടി ചുറ്റിനടക്കുന്നത് കണ്ട് അമ്മ വിളിച്ചുപറഞ്ഞു, “മക്കളേ പാറേടെ ചരിവിലേക്ക് പോകല്ലേ. മിനുസള്ള പാറയാ. കാലു തെറ്റ്യാ കടലിലെത്തും.”

“ഞങ്ങടെ കൂടെ തക്കുടു ഉണ്ട് ചേച്ചീ”, ദീപൂന്റെ മറുപടിയും ‘അയ്യോ മുള്ളുതറച്ചേ’ എന്ന മൈഥിലീടെ കരച്ചിലും ഒന്നിച്ചായിരുന്നു.

മാഷ് കളിയാക്കി, “കടലിന്റെ നടുക്ക് പാറപ്പുറത്ത് മുള്ളോ? അത് ഇത്തിളാണെടീ. ഒരു ജീവീടെ തോടാ. നല്ല മൂര്‍ച്ചയുണ്ടാകും. കാലുമുറിയും.”

“അതാ കടലില്‍ ആരോ തലകുത്തി മറിയുന്നു”, ദില്‍ഷ ആവേശത്തോടെ വിളിച്ചുകൂവി. പാറേടെ കിഴക്കുവശത്തെ കടലിലേക്ക് ചൂണ്ടിക്കൊണ്ടാണ്. എല്ലാരും ആ വശത്തേക്ക് ഓടി.

“അതാണെന്റെ കൂട്ടുകാര്”, തക്കുടു പറഞ്ഞു. “എട്ടുപേരുണ്ടാകും. രണ്ടു കുട്ടന്മാരും മൂന്നു പൈക്കളും മൂന്നു കന്നുകുട്ടികളും.”

“കടലില്‍ പൈക്കളോ”, ജോസിന് വിശ്വാസമായില്ല.

“ഡോള്‍ഫിനുകളില്‍ ആണിന് ഇംഗ്ലീഷില്‍ ബുള്‍ എന്നും പെണ്ണിന് കൗ എന്നും കുട്ടികള്‍ക്ക് കാഫ് എന്നുമാണ് പറയുക. അതിന്റെ മലയാളാ ഞാന്‍ പറഞ്ഞത്. ഞങ്ങള്‍ ഒന്നിച്ച് തലകുത്തിമറിയുന്ന സമയാ ഇത്. കുട്ടന്മാര്‍ രണ്ടും തടിയന്മാരാ. നൂറു കിലോയിലധികം വരും തൂക്കം. എന്നാലും വെള്ളത്തിനു മീതെ അവര്‍ മൂന്നുമീറ്റര്‍ വരെ ഉയരത്തില്‍ ചാടും.”

“ഒളിമ്പിക്സിനു പോയാ സ്വര്‍ണമെഡല്‍ ഒറപ്പാ”, ജോസ് പറഞ്ഞു.

“അവര്‍ക്ക് ഞങ്ങളെ പരിചയപ്പെടുത്തുംന്ന് പറഞ്ഞിട്ട്?” ദില്‍ഷയ്ക്ക് തിടുക്കമായി.

തക്കുടു പറഞ്ഞു, “ധൃതിവക്കല്ലേ ദില്‍ഷേ. പാറേടെ ചൂട് പറ്റാന്‍ അവര്‍ കേറിവരും. എല്ലാരും ഇല്ല ,കുട്ടികള്‍ എന്തായാലും വരും.”

“വന്നാ നമ്മളെന്താ അവര്‍ക്ക് കൊടുക്വാ?”

“എറച്ചീം പത്തിരീം കൊടുക്കാം ദില്‍ഷേ”, മാഷ് കളിയാക്കി.

“അയ്യോ, എരിഞ്ഞു ചത്തുപോകും. കേക്കു കൊടുത്താലോ?”

തക്കുടു പറഞ്ഞു, “ദില്‍ഷ അക്കാര്യത്തില്‍ വേവലാതിപ്പെടണ്ട. വയറു നിറച്ചിട്ടാണ് ഈ തുള്ളിക്കളി. ഇനി അതു ദഹിക്കുന്നതുവരെ ഒന്നും കഴിക്കില്ല.”

“നമ്മള് വന്നത് അവരറിഞ്ഞു കാണ്വോ തക്കുടൂ? നമ്മടെ ശബ്ദം കേട്ടിട്ടുണ്ടാവില്ലേ?”

 

“എന്താ സംശയം, ദില്‍ഷ വന്നേന്റെ സന്തോഷം കൊണ്ടല്ലേ അവരിങ്ങനെ തലകുത്തിമറിയുന്നെ”, മാഷുടെ പരിഹാസം.

തക്കുടു പറഞ്ഞു, “ഡോള്‍ഫിന് കുറച്ചുദൂരം വരെയേ കാണാന്‍ പറ്റൂ ദില്‍ഷേ, കൂടുതല്‍ ദൂരേക്ക് കാണാന്‍ ബയോസോണാര്‍ തന്നെ ശരണം. എന്നുവെച്ചാ, ഉച്ചത്തില്‍ ടക് ടക് ശബ്ദം പുറപ്പെടുവിക്കും. അതു വസ്തുക്കളില്‍തട്ടി പ്രതിധ്വനിച്ച് തിരിച്ചുവരും. അതു സ്വീകരിച്ച് വസ്തുവിന്റെ സ്ഥാനം അറിയും. പക്ഷേ അതൊക്കെ വെള്ളത്തിലേ പറ്റൂ, പാറപ്പുറത്തിരുന്നാ പറ്റൂല്ല.”

“എനിക്കിപ്പം അവരെ കാണണം, തൊടണം”, കരയുമ്പോലെയാ ദില്‍ഷ പറഞ്ഞത്.

“എന്നാ വന്നോ, എന്റെ തൊട്ടിലില്‍ കേറിക്കോ”

“അയ്യോ വേണ്ട, കടലില്‍ ചാടാനല്ലേ. ഞാന്‍ ചത്തുപോകും.”

“എന്നാപ്പിന്നെ അവരു വരുംവരെ ക്ഷമയോടെ ഇരിക്ക്.”

“അവര് കളികഴിഞ്ഞ് പോയി ഉറങ്ങ്യാലോ? അവരെപ്പഴാ ഉറങ്ങ്വ?”

“ഒറങ്ങുമ്പം കൂര്‍ക്കം വലിക്കുവോന്നും സ്വപ്നം കാണ്വോന്നും കൂടി ചോദിക്ക് ദില്‍ഷേ”, ദീപൂന്റെ പരിഹാസം.

“നീ പോടാ, തക്കുടു പറ”, ദില്‍ഷയ്ക്ക് ശരിക്കും ദേഷ്യംവന്നു.

മാഷ് ഇടപെട്ടു. “ദില്‍ഷേ, നീ ഉറങ്ങുംപോലെ രാത്രി മുഴുവന്‍ കിടന്നുറങ്ങാനൊന്നും ഡോള്‍ഫിനു കഴിയില്ല. കാരണം ശ്വാസമെടുക്കാന്‍ അതിന് മുകളില്‍ വരണം.”

“തിമിംഗലത്തെപ്പോലെയാ?”

“അതെ, തിമിംഗലത്തെപ്പോലെ തന്നെ. പല കാര്യങ്ങളിലും അവര്‍ ഒരുപോലെയാ. തിമിംഗലത്തിനു പക്ഷേ ഒരിക്കല്‍ ശ്വസിച്ചാല്‍ മണിക്കൂറുകളോളം വെള്ളത്തിനടിയില്‍ കഴിയാന്‍ പറ്റും. പാവം ഡോള്‍ഫിന് ഏറിയാല്‍ നാല്‍പ്പത് മിനുട്ട്. മിക്കപ്പോഴും അര മണിക്കൂര്‍ ഇടവിട്ട് മുകളില്‍ വന്ന് ശ്വസിക്കും.”

“അപ്പപ്പിന്നെങ്ങനെ ഒറങ്ങും?”, അമ്മയ്ക്കാണ് സംശയം.

“അതിനൊക്കെ പ്രകൃതി പരിഹാരം കണ്ടിട്ടുണ്ട് മാലിനീ. ഡോള്‍ഫിന്റെ ഉറക്കം ബഹുരസാണ്. ഒരു സമയത്ത് ഒരു കണ്ണടച്ച്, തലച്ചോറിന്റെ ഒരു പകുതി ഉറങ്ങും. മറ്റേ പകുതി ഉണര്‍ന്നിരിക്കും. ഏതാനും മിനിറ്റു കഴിഞ്ഞ് മറ്റേ പകുതി ഉറങ്ങും. അപ്പം ആദ്യ പകുതി ഉണരും.”

ഞാന്‍ പറഞ്ഞു, “എന്റമ്മേപ്പോലെ തന്നെ. ചെറിയ ഒച്ച കേട്ടാ എണീറ്റ് സ്വിച്ചിടും. ഏതു പകുതിയാണോ ഉണര്‍ന്നിരിക്കുന്നത്?”

ആരും ചിരിച്ചില്ല.

മാഷ് പറഞ്ഞു, “വേറൊരു തരം ഉറക്കം കൂടി ഉണ്ട് ഡോള്‍ഫിന്. തല മാത്രം വെള്ളത്തിന് മീതെ പിടിച്ച് ചാഞ്ഞ് കിടന്നാണ് ഉറക്കം. കുപ്പിക്കഴുത്ത് പോലത്തെ മൂക്കുമാത്രേ മുകളില്‍ കാണൂ. താഴ്ന്നുപോകാതിരിക്കാന്‍ പങ്കായവാല് സ്വതവേ ഇളക്കിക്കൊണ്ടിരിക്കും.”

എല്ലാരും ഇതെല്ലാം വായുംപൊളിച്ചു കേട്ടിരുന്നു. ചന്ദ്രന്‍ ഉദിച്ച് ഉയരത്തില്‍ എത്തിയിരിക്കുന്നു. വേലിയേറ്റത്തില്‍ പാറകളില്‍ ചിലത് മുങ്ങിപ്പോയി. കടലില്‍ കുത്തിമറിഞ്ഞവരെയും കാണാനില്ല. എവിടെപ്പോയി? എല്ലാവരും ചുറ്റും നോക്കി. ഞങ്ങള്‍ ഇരിക്കുന്ന പാറയുടെ തെക്കേ അറ്റത്തേക്ക് ചൂണ്ടി അമ്മ പറഞ്ഞു, “അതാ, അതാരാന്നു നോക്ക്”

പിന്നെ, ഒരു കോലാഹലമായിരുന്നു. ഒന്നിനു പിന്നാലെ ഒന്നായി മൂന്ന് ഇരുണ്ട രൂപങ്ങള്‍ നിരങ്ങിവരുന്നു. തക്കുടു പറഞ്ഞ കിടാങ്ങള്‍.  തക്കുടു ദില്‍ഷയുടെ തോളില്‍ കയ്യിട്ട് അങ്ങോട്ടു നടന്നു. പിന്നാലെ ഞങ്ങളും. നീണ്ട മൂക്കുള്ള മൂന്നു സുന്ദരരൂപങ്ങള്‍. തല പൊക്കിപ്പിടിച്ച് എന്തൊക്കെയോ ശബ്ദമുണ്ടാക്കി ഞങ്ങളെ അഭിവാദ്യം ചെയ്തു.

ദില്‍ഷ ചോദിച്ചു, “ഞാനൊന്നു തൊട്ടോട്ടെ? ഇഷ്ടാവ്വോ?”

തക്കുടു പറഞ്ഞു, “നീ തൊട്ടോ, പേടിക്കണ്ട.”

ദില്‍ഷ പതുക്കെ കഴുത്തില്‍ തൊട്ടു. പിന്നെ പതുക്കെ പിറകിലേക്ക് തലോടി. അതോടെ എല്ലാര്‍ക്കും ധൈര്യം വന്നു. അവര്‍ മറ്റു രണ്ടെണ്ണത്തിന്റെയും അടുത്തേക്ക് നീങ്ങി. ഞാനും അമ്മയും ദില്‍ഷേടെ ഒപ്പം തന്നെ.

ഞങ്ങടെ തലോടല്‍ കിടാങ്ങള്‍ക്ക് നല്ല ഇഷ്ടായീന്ന് തോന്നുന്നു. ഒരു പശുക്കുട്ടിയെപ്പോലെ കിടന്നുതരുന്നുണ്ട്. ഇടയ്ക്ക് ശരീരത്തിലൂടെ ഒരു വിറയല്‍, ഒരു കുളിര് കടന്നുപോകും; പൈക്കളെപ്പോലെ തന്നെ. എന്തൊക്കെയോ ശബ്ദവും ഉണ്ടാക്കുന്നുണ്ട്. ഒരു നീണ്ട നാവ് ഉണ്ടായിരുന്നെങ്കില്‍ പയ്യിനെപ്പോലെ അവര് ഞങ്ങളെ നക്കിത്തുടയ്ക്കുമായിരുന്നു എന്നു തീര്‍ച്ച.

മൈഥിലി പറഞ്ഞു, “തിരിച്ചുപോകുമ്പം ഇവര് നമ്മടെ കൂടെ പോരൂന്ന് തോന്നുന്നു.”

“സൂക്ഷിച്ചോ, തിരിച്ചാവും സംഭവിക്കുക. അവര് മൈഥിലിയേം കൊണ്ടാകും പോകുക.” അന്‍വര്‍ മാഷിന്റെ കമന്റ്.

“മാലിനിച്ചേച്ചി മാത്രം എന്താ ഒന്നും മിണ്ടാത്തെ?” ദീപൂന് ആശങ്ക.

“എന്തു മിണ്ടാനാ കുട്ടീ, ഞാനാകെ ഒരു മായാലോകത്താ. ഈ വെള്ള്യാങ്കല്ലിന്റെ പുറത്തിരുന്ന് ഡോള്‍ഫിനെ തലോടാന്‍ പറ്റുംന്ന് സ്വപ്നത്തില്‍ പോലും കരുതീട്ടില്ല. അന്‍വര്‍ മാഷ് ഡോള്‍ഫിനുകളെക്കുറിച്ച് പഠിച്ച ആളല്ലേ, കടലിലെ ബാക്കി മീനുകള്‍ക്കൊന്നും കിട്ടാത്ത ബുദ്ധി ഇവര്‍ക്കെങ്ങനയാ കിട്ട്യെ?”

“അതിന്, ഡോള്‍ഫിന്‍ മീനല്ല മാലിനീ , അതൊരു സസ്തനിയാ. കുഞ്ഞുങ്ങളെ പ്രസവിച്ച്, മുലകൊടുത്തു വളര്‍ത്തുന്ന ജീവികളാ.”

തക്കുടു പറഞ്ഞു, “ഇങ്ങോട്ടു കേറിവരാത്ത ഒരു ഡോള്‍ഫിന്‍ പൈ ഗര്‍ഭിണിയാണ്. ഒമ്പതു മാസായി.”

“എന്നാ ഉടനെ പ്രസവിക്കൂലേ?”, ജോസിന് സംശയം.

“ഇല്ലില്ല. ഗംഗ, ആമസോണ്‍ പോലത്തെ വലിയ നദികളിലുള്ള ചെറിയതരം ഡോള്‍ഫിനു പോലും ഗര്‍ഭകാലം പതിനൊന്നു മാസാ. കടല്‍ ഡോള്‍ഫിനു പതിനേഴു മാസം വരെയാ.”

“ഓ, ആശ്വാസായി. ഞാനാകെ പേടിച്ചുപോയിരുന്നു. ആംബുലന്‍സ് വിളിക്കണോ, ആസ്പത്രീല് കൊണ്ടുപോകേണ്ടിവര്വോ എന്നൊക്കെ വിചാരിച്ച്”, ജോസ് ഭയങ്കര ടെന്‍ഷന്‍ അഭിനയിച്ചുകൊണ്ട് പറഞ്ഞു. മൈഥിലിയുടെ വക പുറത്ത് നല്ലൊരടി സമ്മാനമായി കിട്ടി.

അന്‍വര്‍മാഷ് പറഞ്ഞു, “മനുഷ്യരെപ്പോലെ നീണ്ട ഗര്‍ഭകാലം മാത്രമല്ല, വര്‍ഷങ്ങളോളം നീണ്ട ശിശുപരിപാലനവും ഉണ്ട് ഡോള്‍ഫിന്. അമ്മമാരാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുക. ഡോള്‍ഫിന് മണം അറിയാനുള്ള ശേഷി നന്നെക്കുറവാണ്. രുചി അറിയാനും കഴിവ് കുറവാണ്. അതുകൊണ്ട് കഴിക്കാവുന്ന ഭക്ഷണം ഏതൊക്കെയാണ്, പ്രധാന ശത്രുക്കള്‍ ആരൊക്കെയാണ്, അവ വന്നാല്‍ എങ്ങനെ രക്ഷപ്പെടണം, ബോട്ടുകളുടെ പ്രൊപല്ലറുകളില്‍ കുടുങ്ങാതെ എങ്ങനെ നോക്കണം എന്നൊക്കെ അമ്മമാര്‍ പഠിപ്പിച്ചുകൊടുക്കും.”

“അല്ല മാഷേ, നമ്മടെ പശുക്കളെപ്പോലെ ഇവരും പ്രസവിക്കുന്നു, കുഞ്ഞിനെ പോറ്റുന്നു, വായുവില്‍ നിന്നു ശ്വസിക്കുന്നു. നല്ല ബുദ്ധീം ഉണ്ട്. എന്നിട്ടെന്താ ഇവര് കടലില്‍ തന്നെ കഴി‍ഞ്ഞെ? പണ്ടേ തന്നെ കരേലേയ്ക്ക് കേറേണ്ടതല്ലേ?”, അമ്മയ്ക്ക് സംശയം.

“സംഭവിച്ചത് തിരിച്ചാണെന്നാ ശാസ്ത്രജ്ഞര്‍ പറയുന്നെ. നാലര – അഞ്ചുകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് കരയില്‍ ജീവിച്ചിരുന്ന, പശുവും എരുമയും പോലത്തെ ഏതൊക്കെയോ ജീവിവര്‍ഗങ്ങള്‍ ജീവിതം പിന്നീട് വെള്ളത്തിലേക്ക് മാറ്റുകയായിരുന്നു. കാരണം എന്താണെന്ന് കൃത്യം അറിയില്ല. വരള്‍ച്ചയാകാം, ഭക്ഷണം വേണ്ടത്ര കിട്ടാതായതാകാം, കരയില്‍ ശത്രുക്കള്‍ ഏറിയതാകാം. ചിലര് നദികളിലേക്ക് പോയി. ഹിപ്പോപ്പൊട്ടാമസ് ആണ് നല്ല ഉദാഹരണം.”

“ഹിപ്പോകള്‍ ഇപ്പഴും രാത്രീല് പുല്ലുതിന്നാന്‍ കരയിലേക്കു വരുമല്ലോ. പകല്‍ ആരേം പേടിക്കാതെ വെള്ളത്തില്‍ പാര്‍ക്കും,  അല്ലേ?”

“അതേ, അവയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചില്ല. പക്ഷേ കടലിലേയ്ക്ക പോയ ജീവികള്‍ വല്ലാതെ മാറി. മുന്‍കാലുകള്‍  നീന്താനുള്ള ചിറകായി. പിന്‍കാലുകള്‍ ചുരുങ്ങി രണ്ടുമുഴ മാത്രമായി, പിന്നെ രണ്ടിതളു പോലുള്ള വാലും. ആകെ മീനിനെപ്പോലെയായി.”

ദീപു തടവി നോക്കീട്ട് പറഞ്ഞു, “ആ, ശരിയാ. പുറകില് കാലിന്റെ സ്ഥാനത്ത് രണ്ട് വലിയ മുഴയുണ്ട്.”

മാഷ് പറഞ്ഞു, “ഡോള്‍ഫിനുകള്‍ക്ക് ഇന്നത്തെ രൂപം കിട്ടിയിട്ട് കഷ്ടിച്ച് ഒരു കോടി വര്‍ഷമേ ആയിട്ടുള്ളൂ. രൂപം വളരെ മാറിയെങ്കിലും പഴയ സ്വഭാവമൊക്കെ ഇപ്പഴും ഉണ്ട്. പത്തും ഇരുപതും പേരുള്ള ഗ്രൂപ്പായിട്ടാ ജീവിക്യ. നല്ല സഹകരണമാണ് തമ്മില്‍ തമ്മില്‍. മനുഷ്യരെയും മറ്റു ജീവികളെയും ആപത്തില്‍ സഹായിക്കും. ബോട്ടില്‍ പോകുന്നവര്‍ക്ക് ഒപ്പം പോകും.”

അമ്മ പറഞ്ഞു, “കടലിലേക്ക് പോയതു നന്നായി. കരയിലായിരുന്നെങ്കില്‍ മനുഷ്യര്‍ ഒന്നിനേം ബാക്കിവെക്കില്ലായിരുന്നു. കടലില് ഭക്ഷണത്തിന് ക്ഷാമോം ഇല്ല, മത്സരിക്കാന്‍ ബുദ്ധിയുള്ള വേറെ ജീവികളും ഇല്ല.”

ചന്ദ്രന്‍ തലയ്ക്കു മുകളിലെത്താറായി. തിരകളുടെ ശക്തി കൂടിവരുന്നുണ്ട്. പെട്ടെന്ന് ഡോള്‍ഫിന്‍ കുട്ടികള്‍ ഊര്‍ന്നിറങ്ങി കടലില്‍ ചാടി. കാര്യം മനസ്സിലാകാതെ എല്ലാരും അന്തംവിട്ടിരുന്നപ്പോള്‍ തക്കുടു പറഞ്ഞു, “അവരെ നേതാവ് വിളിച്ചതാ. ഒരു അള്‍ട്രാസോണിക് വിസില്‍ വന്നത് നിങ്ങള് കേട്ടില്ല.  മാഷോടു നന്ദിയുണ്ട്. എനിക്കറിയാത്ത പലതും മാഷ് പറഞ്ഞുതന്നു.”

ദീപു പറഞ്ഞു, “മാഷാരാ മോന്‍. മാഷോടാര്‍ക്കാകും”

തിരമാലകളെ തോല്‍പ്പിക്കുന്ന കൂട്ടച്ചിരി.

തുടരും.. എല്ലാ ശനിയാഴ്ച്ചയും


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?

Happy
Happy
0 %
Sad
Sad
0 %
Excited
Excited
60 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
40 %

Leave a Reply

Previous post 2021 സെപ്തംബറിലെ ആകാശം
Next post താണു പത്മനാഭൻ: കാലത്തിനു മുമ്പേ നടന്ന ദാർശനികൻ 
Close