Read Time:81 Minute

വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്

ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ ‘വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്’ എന്ന വിഷയത്തിലുള്ള ലഘുലേഖയാണിത്. ഇത് പരിഷത്തിന് വേണ്ടി തയ്യാറാക്കിയത് ചരിത്ര ഗവേഷകയും ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗവുമായ ഡോ. പി യു മൈത്രിയാണ്. ഉന്നതവിദ്യാഭ്യാസത്തിനായുള്ള കേരളീയ യുവതയുടെ പലായനം ഒരു പുതിയ 6,4പ്രതിഭാസമാണ്. ഇതിന്റെ വിവിധ വശങ്ങൾ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളുടേയും സാധ്യതകളുടേയും പശ്ചാത്തലത്തിൽ പരിശോധിക്കുന്നതാണ് ഈ ലഘുലേഖ

ധുനിക മനുഷ്യന്റെ ചരിത്രത്തിൽ കുടിയേറ്റങ്ങൾക്ക് നിർണ്ണായക സ്വാധീനമാണുള്ളത്. വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ കാരണങ്ങളെയും ആവശ്യങ്ങളെയും മുൻനിർത്തി മനുഷ്യർ നടത്തിയ  യാത്രകൾ പിന്നീടങ്ങോട്ടുള്ള വംശപരവും ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ നിരവധി പരിവർത്തനങ്ങൾക്ക് കാരണമായി തീർന്നിട്ടുണ്ട്. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റമായി കണക്കാക്കപ്പെടുന്നത് ഗ്രേറ്റ് അറ്റ്ലാന്റിക് മൈഗ്രേഷൻ എന്നറിയപ്പെടുന്ന യൂറോപ്പിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് നടന്ന കുടിയേറ്റമാണ്. 1820 നും 1980 നും ഇടയിൽ 37 മില്യൺ ജനങ്ങളാണ് ഇത്തരത്തിൽ അമേരിക്കയിലെത്തിച്ചേർന്നത്. ലോകമഹായുദ്ധങ്ങളുടെ അനന്തരഫലമായും വലിയ കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്. പല ആധുനിക ദേശരാഷ്ട്രങ്ങളിലും ഇന്നുകാണുന്ന ജീവിത രീതികളും സാമൂഹ്യ  സംവിധാനങ്ങളും രാഷ്ട്രീയ ഘടനകളുമെല്ലാം കുടിയേറ്റങ്ങളുടെ അനന്തര ഫലങ്ങളാണെന്ന് നിസംശയം പറയാനാകും. ഇന്ത്യയിൽ ഇന്ന് ഉൾപ്പെടുന്ന പല ഭൂപ്രദേശങ്ങളും ഇത്തരം കുടിയേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചവയാണ്.  ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുടിയേറ്റങ്ങളുടെ വ്യത്യസ്തങ്ങളായ നാൾ വഴികളിലൂടെ കടന്നുപോയ ഇടമാണ് കേരളം എന്ന് മനസ്സിലാക്കാനാകും.

സമകാലീനലോകത്ത് നിരവധി കാരണങ്ങളാൽ കുടിയേറ്റങ്ങൾ നടക്കുന്നുണ്ട്. ഏകദേശം 258 മില്യൺ ജനങ്ങൾ ജന്മനാടിന് പുറത്തു ജീവിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. യുദ്ധങ്ങൾ, രാഷ്ട്രീയ അരക്ഷിതാവസ്ഥകൾ, പ്രകൃതി ദുരന്തങ്ങൾ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായുള്ള പലായനം,  തുടങ്ങി  കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കാലാവസ്ഥ കുടിയേറ്റം (climate migration) വരെ എത്തിനിൽക്കുകയാണിത് (2018 ലെ ലോക ബാങ്ക് റിപ്പോർട് പ്രകാരം 143 മില്യൺ ജനങ്ങളാണ്  വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ കാരണങ്ങളാൽ അധികം വൈകാതെ കുടിയേറ്റക്കാരാണ് മാറുമെന്ന് കണക്കാക്കപ്പെടുന്നത്).  ഈ കൂട്ടത്തിൽ അടുത്തിടെയായി വളരെയധികം ശ്രദ്ധയാകര്ഷിക്കപ്പെടുകയും പഠനവിധേയമാക്കപ്പെടുകയും ചെയ്ത ഒന്നാണ് ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട്   പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള യുവജനങ്ങളുടെ കുടിയേറ്റം.

കേരളത്തിൽ വളരെ ഗൗരവത്തോടെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണിത്. ആശങ്കാജനകമായ ഒന്നായി ഒരുവിഭാഗം ജനങ്ങൾ  ഈ പ്രവണതയെ വിലയിരുത്തുമ്പോൾ പ്രത്യാശയും ജീവിത സുരക്ഷയും നൽകാൻ പര്യാപ്തമായ ഒന്നായാണ് മറ്റൊരുവിഭാഗം  ഇതിനെ കണക്കാക്കുന്നത്   ഉന്നതവിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ മാത്രമുള്ള സവിശേഷ സാഹചര്യമായി  കണക്കാക്കാനാകില്ല. ആഗോളതലത്തിൽ തന്നെ ഇരുപത്തിയൊന്നാം  നൂറ്റാണ്ടിന്റെ ആരംഭത്തോടെ വിദ്യാര്തഥി കുടിയേറ്റത്തിൽ  വമ്പിച്ച വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന്  പഠനങ്ങൾ സൂചിപ്പിക്കുന്നു. നിരവധി സാമൂഹ്യ സാമ്പത്തിക ഘടകങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നത്. കേരളത്തിലെ സമകാലീന സാമ്പത്തിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇത്തരമൊരു അന്വേഷണത്തിനും  വിശകലനത്തിനും ഏറെ പ്രസക്തിയുണ്ട്.

കുടിയേറ്റവും കേരളവും

ഒരു രാജ്യത്തുനിന്നോ പ്രദേശത്തുനിന്നോ മറ്റൊന്നിലേക്കുള്ള സഞ്ചാരത്തെയാണ് കുടിയേറ്റം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് കുടിയേറ്റത്തിന്റെ സുദീർഘമായ ചരിത്രമുള്ള നാടാണ് കേരളം. ഇന്ത്യയിലെ തന്നെ താരതമ്യേന വികസിതവും വ്യവസായ വൽകൃതവുമായ ബോംബെ, മദ്രാസ്, കൊൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളിലേക്ക് പ്രയാണമാരംഭിച്ച മലയാളികൾ പിന്നീട് സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക, ബർമ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലേക്ക് തൊഴിലന്വേഷകരായി ചെന്നെത്തിയിരുന്നു.   എന്നാൽ ഈ പ്രവണതക്ക്  പുതിയ മാനങ്ങൾ കൈവന്നതും അത് കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ ഘടനയെ സ്വാധീനിക്കാനാരംഭിച്ചതും  ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ആരംഭത്തോടെയാണ്. അറബ് രാജ്യങ്ങളിലെ വമ്പിച്ച എണ്ണ  നിക്ഷേപത്തിന്റെ കണ്ടെത്തലും 1970 കളിലെ “ഗൾഫ് ബൂം” എന്നറിയപ്പെട്ട പ്രതിഭാസവും തൊഴിലാളികളുടെ ഒരു ഒഴുക്ക് തന്നെ സൃഷ്ടിച്ചു.അതിൽ ബഹുഭൂരിപക്ഷവും നാമമാത്രമായ തൊഴിൽ വൈദഗ്ദ്യം മാത്രമുള്ളവരായിരുന്നു. പരിമിതമായ സാമ്പത്തിക ചുറ്റുപാടുകൾ സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ മറികടക്കുന്നതിന് വേണ്ടിയായിരുന്നു ഇതിൽ ഭൂരിഭാഗവും. അതുകൊണ്ടാണ് ഗൾഫ്  കുടിയേറ്റത്തെ ദുരവസ്ഥ കുടിയേറ്റം (Distress migration) എന്ന വിഭാഗത്തിൽ പ്പെടുത്തികൊണ്ടിരുന്നത്. 1998 ൽ നടന്ന കുടിയേറ്റവുമായി ബന്ധപ്പെട്ട കേരളത്തിലെ ആദ്യ സർവ്വേ (Kerala Migration Survey) പ്രകാരം 1.4 മില്യൺ മലയാളികളാണ് ഗൾഫ് രാജ്യങ്ങളിലുണ്ടായിരുന്നത്. കേരള സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക ശക്തികളിലൊന്നായി വർത്തിച്ചത് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ (remittance) ആയിരുന്നു.

തൊഴിൽ വൈദഗ്ദ്യം നേടിയ മലയാളികൾ പിന്നീട് യൂറോപ്പ്, വടക്കേ അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിയേറാനാരംഭിച്ചിരുന്നു. എന്നാൽ ഇതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഇന്ന് കാണുന്ന വിദ്യാർത്ഥി കുടിയേറ്റം. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കുപോകുന്നവർ കേരളത്തിലേക്ക് ഭാവിയിൽ മടങ്ങി വരാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിലെ  പ്രധാന വസ്തുത. താൽക്കാലികമായിരുന്ന മുൻകാല കുടിയേറ്റങ്ങളിൽ (temporary migration) നിന്നും വ്യത്യസ്തമായി സ്ഥിരം കുടിയേറ്റം (permanent migration) ആണ് പലരും ലക്‌ഷ്യം വക്കുന്നത്. സാമൂഹ്യ സാമ്പത്തിക രംഗങ്ങളിൽ നിരവധി പ്രത്യാഘാതങ്ങളും മാറ്റങ്ങളും ഉണ്ടാക്കാൻ സാധ്യതയുള്ള ഇത്തരം കുടിയേറ്റത്തിന്റെ കാരണങ്ങളായി അനവധി ഘടകങ്ങൾ ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.

എന്താണ് വിദ്യാർത്ഥി കുടിയേറ്റം 

പന്ത്രണ്ട് മാസമോ അതിലധികമോ കാലം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി  ജന്മനാട്ടിൽ  നിന്നും പുറത്തുപോകുന്നതിനെയാണ് വിദ്യാർത്ഥി കുടിയേറ്റം എന്ന് വിളിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് കൊളോണിയൽ ഏഷ്യയിൽ വലിയ രീതിയിൽ വിദ്യാർത്ഥി കുടിയേറ്റം ഉണ്ടാകുന്നത്. അതിൽ തന്നെ ബ്രിട്ടീഷ് ഇന്ത്യയായിരുന്നു മുന്നിൽ. 1865 നും 1885 നും ഇടയിൽ എഴുന്നൂറിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ബ്രിട്ടനിലേക്ക് വിദ്യാഭ്യാസത്തിനായി പോയിരുന്നു. അതിൽ തന്നെ വലിയൊരു ശതമാനം ജാതി ശ്രേണിയിൽ മുകളിൽനിൽക്കുന്ന പുരുഷന്മാരായിരുന്നു. മാതൃരാജ്യത്ത് തിരിച്ചെത്തി കൊളോണിയൽ ഭരണത്തിന് കീഴിൽ ഓഫീസ് ജോലികളിൽ വ്യാപൃതരാകാനാവശ്യമായ  ശേഷി ഉണ്ടാക്കുക എന്നതായിരുന്നു ഇതിന്റെ ആത്യന്തികമായ ലക്‌ഷ്യം. ബ്രിട്ടനിലെ ലണ്ടൻ സർവകലാശാല, ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, സ്കോട്ലൻഡിലെ എഡിൻബർഗ്  സർവകലാശാല എന്നിവിടങ്ങളിൽ നിയമം, വൈദ്യശാസ്ത്രം തുടങ്ങിയവ പഠിക്കാനായിരുന്നു കൂടുതൽ പേരും പോയിരുന്നത്. ഇതു കൂടാതെ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കാനായി പോയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്  പിന്നീട് വടക്കേ അമേരിക്ക, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തോടെ ആഗോള വിദ്യാർത്ഥി ചലനാത്മകതയും കുടിയേറ്റവും (International Student Mobility and Migration ,ISM) ഗണ്യമായി രീതിയിൽ വർധിച്ചതായി കാണാനാകും. എണ്ണത്തിലുണ്ടായ വര്ധനവിനൊപ്പം ഇതിന്റെ രാഷ്ട്രീയ സാമ്പത്തിക അക്കാദമിക പ്രാധാന്യവും വർധിച്ചിട്ടുണ്. ആഗോള വൈജ്ഞാനിക സാമ്പത്തികവ്യവസ്ഥ മുന്നോട്ടുവെക്കുന്ന മത്സരാധിഷ്ഠിത രീതികളെ സ്വായത്തമാക്കാനുള്ള ശ്രമം കൂടിയാണിത്. തൊഴിൽ ദാതാക്കൾ ആഗോളനിലവാരത്തിലുള്ള പരിശീലനവും അനുഭവസമ്പത്തും ഉള്ളവരെയാണ് നിയമിക്കാൻ  സന്നദ്ധരാകുന്നത് എന്നതും കുടിയേറാനുള്ള താൽപ്പര്യത്തിന് ശക്തിപകരുന്നുണ്ട്. പല വികസിത മുതലാളിത്ത രാജ്യങ്ങളിലും വിദ്യാഭ്യാസം ജോലിയിലേക്കുള്ള പരിവർത്തനത്തെ സുഗമമാക്കുന്നുണ്ട്. അതാതു രാജ്യങ്ങളിൽ പരിശീലനം ലഭിച്ച വിദ്യാർഥികളെക്കൊണ്ട് വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ അഭാവത്തെ മറികടക്കാൻ ഈ രാജ്യങ്ങൾക്കാകുന്നു. കാനഡ, ഓസ്ട്രേലിയ, യൂ. കെ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ മുൻപന്തിയിൽ. വിദേശ വിദ്യാർത്ഥികൾ മാർക്കറ്റിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ചോദനം വികസിക്കുന്നതിനും കാരണമാകുന്നതായി കേറ്റ് ഗ്രിബിൽ  2008 ൽ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വിദ്യാർത്ഥി കുടിയേറ്റം: കാരണങ്ങൾ എന്തെല്ലാം?

വിദ്യാർത്ഥികളുടെ    കുടിയേറ്റത്തിനുപിന്നിൽ ദേശീയവും അന്തർദേശീയവുമായ നിരവധി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പലരാജ്യങ്ങളിലും വ്യത്യസ്തമായാണ് ഇത് പ്രവർത്തിക്കുന്നത്. കാലാനുസൃതമായി പുതുക്കപ്പെടാത്ത പാഠ്യപദ്ധതി, നൈപുണ്യ ശേഷി വികസിപ്പിച്ചെടുക്കാനുള്ള സാഹചര്യമില്ലായ്മ, സ്ഥിരതയുള്ള തൊഴിൽ ലഭിക്കാനുള്ള സാഹചര്യമില്ലായ്മ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പര്യാപ്തമായ ഗവേഷണ സൗകര്യങ്ങൾ ഇല്ലാത്തത്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, രാഷ്ട്രീയ അരക്ഷിതാവസ്ഥകൾ തുടങ്ങി നിരവധി വിഷയങ്ങളാണ് പൊതുവിൽ ചൂണ്ടി കാണിക്കപ്പെടാറുള്ളത്.

വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് പോകാനായി സ്ഥാപനങ്ങളും രാജ്യങ്ങളും തീരുമാനിച്ചിരുന്നത് വ്യത്യസ്ത ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. സർവകലാശാലകളുടെ അക്കാദമിക് റാങ്കിങ്, ജി ഡി പി പെർ കാപിറ്റ, ഭാഷ, കോളനിവൽക്കരണകാലത്തുനിന്നും തുടർന്നുപോരുന്ന ബന്ധങ്ങൾ തുടങ്ങിയവയായിരുന്നു അവ. എന്നാൽ മാറിയ സാഹചര്യത്തിൽ ഈ ഘടകങ്ങൾ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുപ്രകാരം  6,46,206  വിദ്യാർത്ഥികളാണ് നവംബർ 2022 വരെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോയിട്ടുള്ളത്. ഓക്സ്ഫോർഡ് ഇന്റർ നാഷണലിന്റെ പഠനമനുസരിച്ച് ആന്ധ്രപ്രദേശ് പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 12 ശതമാനമാനവും, മഹാരാഷ്ട്രയിൽ നിന്ന് 11 ശതമാനമാനവും കേരളത്തൽ നിന്ന് 4 ശതമാനവും വിദ്യാർത്ഥികളാണ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദേശരാജ്യങ്ങളിൽ പോയിട്ടുള്ളത്.

വികസിത രാജ്യങ്ങളിൽ മെച്ചപ്പെട്ട ജീവിത നിലവാരമുണ്ട് എന്ന ധാരണ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിലെ  ഒരു പ്രധാന ഘടകമാണ്. ഇത്തരം രാജ്യങ്ങളിൽ പി. ആർ (Permanent Residence) അല്ലെങ്കിൽ പൗരത്വം ലഭിക്കുന്നതിനുള്ള ഒരു ചവിട്ടുപടിയായോ  എളുപ്പമാർഗ്ഗമായോ  പലരും വിദ്യാഭ്യാസ കുടിയേറ്റത്തെ കാണക്കാക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളും പ്രധാന ആകർഷണങ്ങളാണ്. ഇതിനെല്ലാം ഉപരിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു മറ്റു പ്രധാന വിഷയങ്ങൾ ഇവിടങ്ങളിൽ ഏതു തരം  തൊഴിലിനും ലഭിക്കുന്ന മാന്യതയും വ്യക്തി സ്വാതന്ത്ര്യവുമാണ്. സമൂഹം, കുടുംബം, മതം മുതലായവായുടെ ഒരു പരിധിയിൽ കവിഞ്ഞ ഇടപെടൽ ആഗ്രഹിക്കാത്ത വലിയൊരു ശതമാനം യുവജനങ്ങൾ ഇന്നുണ്ട് എന്നുള്ളത് ഇതിന് ആക്കം കൂട്ടുന്നു.

കോവിഡ്  മഹാമാരിക്കാലത്ത്  ഇന്റർനെറ്റിന്റെ ഉപയോഗത്തിലുണ്ടായ വർദ്ധനവ്  യുവജനതയുടെ സാംസ്കാരികപരമായ ചിന്തകളിൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ് എന്ന് കണക്കാക്കപ്പെടുന്നു.  സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റ് ആഗോള സംസ്‌കാരങ്ങളെ കൂടുതൽ അടുത്തറിഞ്ഞ ഈ തലമുറ അവയുമായി ആഭിമുഖ്യം പുലർത്തുന്ന തലത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത സാമ്പ്രദായിക കാഴ്ചപ്പാടുകളെയും രീതികളെയും മറികടക്കാനുള്ള ഒരു ത്വര ഇത്തരത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഇതും വിദേശകുടിയേറ്റത്തിന്റെ ഒരു കാരണമായി വിലയിരുത്തപ്പെടുന്നു.

രക്ഷിതാക്കളുടെ മനോഭാവത്തിലും കാഴ്ച്ചപ്പാടിലും  വന്നിട്ടുള്ള മാറ്റങ്ങളും വിദ്യാഭ്യാസ കുടിയേറ്റത്തിന്റെ ഒരു സുപ്രധാന ഘടകമാണ്.  സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ ആയി മുൻപന്തിയിൽ നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് മുൻകാലങ്ങളിൽ വിദേശപഠനത്തന് കൂടുതലായും പോയിരുന്നത് എങ്കിൽ ഇന്ന് മധ്യവർഗ്ഗ കുടുംബങ്ങളിലെ വിദ്ധ്യാർത്ഥികളും വലിയതോതിൽ വിദേശവിദ്യാഭ്യാസത്തിനായി പോകുന്നുണ്ട്. വിദേശവിദ്യാഭ്യാസത്തിനായി പോയി ജോലിനേടിയവരുടെയും അവിടെ സ്ഥിരതാമസമാക്കിയവരുടെയും വിജയകഥകളും പലരെയും പോകാൻ പ്രേരിപ്പിക്കുന്നുണ്ട്. സാമൂഹ്യ സാമ്പത്തിക ശാസ്ത്രത്തിൽ ‘അയൽപ്പക്ക പ്രഭാവം’ (Neighbourhood Effect) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം വിദ്യാഭ്യാസ കുടിയേറ്റക്കാര്യത്തിൽ കൃത്യമായി പ്രവർത്തിക്കുന്നെണ്ടെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്പ്മെന്റ്ലെ (CMID) ബിനോയ് പീറ്റർ അഭിപ്രായപ്പെടുന്നു. പരിസരപ്രദേശങ്ങളിലുള്ളവരോ പിയർ ഗ്രൂപ്പിൽപ്പെട്ടവരോ ആയ ആളുകൾ വിദേശങ്ങളിലേക്ക് പോകുമ്പോൾ അത് ഒരു ശൃംഖല പ്രതിപ്രവർത്തനമായി (chain reaction) മാറപ്പെടുന്നു. ഏതൊക്കെ കോഴ്‌സുകളാണ് വിവിധ രാജ്യങ്ങളിലും സർവകലാശാലകളിലും ഉള്ളത്, എത്ര പണമാണ് ചെലവഴിക്കേണ്ടി വരിക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാമുള്ള ധാരണ ഇത്തരം ബന്ധങ്ങളിലൂടെ ആളുകൾക്ക് ലഭിക്കുന്നു.

വിദ്യാഭ്യാസ ലോണുകൾ നൽകാൻ തയ്യാറായ ബാങ്കുകളുടെ വർദ്ധനവ് കുടിയേറ്റത്തിന് ആക്കം കൂട്ടുന്നുണ്ട്. തവണകളായി അടച്ചുതീർക്കാൻ  സാധിക്കുന്ന ലോണുകളുടെ ലഭ്യത മധ്യവർഗ്ഗത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുന്നുണ്ട്.  സൗത്ത് ഇന്ത്യൻ ബാങ്ക് ഗ്ലോബൽ എഡ്യൂകേഷൻ , സൗത്ത് ഇന്ത്യൻ ബാങ്ക് എക്സ്ലൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക് വിജ്ഞാൻ പ്രധാന സ്‌കീം, കേരളം ഗ്രാമീണ ബാങ്ക് വിദ്യാഭ്യാസ ലോൺ, ഇന്ത്യൻ  ബാങ്ക് എഡ്യൂക്കേഷൻ ലോൺ, ഫെഡറൽ ബാങ്ക് സ്പെഷ്യൽ വിദ്യ ലോൺ, എച്ച്. ഡി. എഫ്. സി ബാങ്ക് വിദ്യാഭ്യാസ ലോൺ, എസ്.ബി.ഐ ഗ്ലോബൽ Ed-vantage, പഞ്ചാബ് നാഷണൽ ബാങ്ക് ഉദാൻ, കാത്തലിക് സിറിയൻ ബാങ്ക് സ്റ്റഡി എബ്രോഡ് തുടങ്ങിയവ ഇതിന്റെ ഏതാനും ചില ഉദാഹരണങ്ങളാണ്.

അന്താരാഷ്‌ട്ര തലത്തിൽ തന്നെ ശക്തമായ ‘കുടിയേറ്റ വ്യവസായ’ത്തിന്റെ (Migration Industry) സവിശേഷതകളെല്ലാം കേരളത്തിൽ ഇന്ന് പ്രകടമാണ്. രാജ്യാനന്തര റിക്രൂട്ടിങ് ഏജൻസികളുടെ സാന്നിധ്യം ഇതിൽ എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. വിദ്യാഭ്യാസ കുടിയേറ്റത്തിനു സഹായിക്കുന്ന ആഗോള ഏജൻറ്റുമാർ, സ്ഥാപനങ്ങൾ , റിക്രൂട്ട്മെന്റ്  സംഘങ്ങൾ എന്നിവ ഉൾപ്പെടുന്ന കുടിയേറ്റ വ്യവസായത്തിന്റെ  സജീവ സാന്നിധ്യം ഇന്ന് ഇവിടെയുണ്ട്.   സാന്റാ മോണിക്ക, സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്, ഐ സ്‌കൂൾ കണക്റ്റ്, ഇമ്മിലോ ഗ്ലോബൽ , ക്യാമ്പസ് വേൾഡ് തുടങ്ങിയവയെല്ലാം കേരളത്തിലെ മുൻനിര വിദേശ വിദ്യാഭ്യാസ കൺസൽറ്റൻസികളാണ്.

ഏറ്റവും അനുയോജ്യമായ കോളേജുകളും സർവകലാശാലകളും തിരഞ്ഞെടുക്കുന്നതു മുതൽ അപേക്ഷ സമർപ്പിക്കുന്നതും  പ്രവേശനം നേടുന്നതും വരെയുള്ള മുഴുവൻ മാർഗ്ഗനിർദ്ദേശങ്ങളും ഇത്തരം ഏജൻസികൾ നൽകുന്നുണ്ട്. വിദ്യാഭ്യാസ ലോണും വിസയും  ലഭിക്കുന്നതിനാവശ്യമായ  സഹായങ്ങളും  ഈ ഏജൻസികൾ നൽകുന്നു. കേരളത്തിലെ മുഴുവൻ ജില്ലകളിലും പ്രധാന നഗരങ്ങളിലും ശാഖകളുള്ള സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ ചിലവ പല വിദേശ സർവകലാശാലകളുടെയും അംഗീകൃത പ്രതിനിധികൾ കൂടിയാണ്. ഒരു പ്രമുഖ ഏജൻസി കാനഡയിലെ ഒരു കോളേജിലേക്ക് ഏഴായിരത്തിലധികം വിദ്യാർത്ഥികളെയാണ് റിക്രൂട്ട് ചെയ്തത്.

നിർമ്മിത ബുദ്ധിയും മെഷീൻ ലേർണിംഗും ഉപയോഗിച്ച് ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിൽ തങ്ങൾക്കനുയോജ്യമായവ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന സ്ഥാപനങ്ങളടക്കം ഇന്ന് കേരളത്തിലുണ്ട്. വിദ്യാർത്ഥികൾ നേരിട്ട് അപേക്ഷിക്കുമ്പോൾ തിരസ്ക്കരിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഏജൻസികൾ ഒരു സുരക്ഷിത മാർഗ്ഗമായി പലരും കണക്കാക്കുന്നു. അപേക്ഷ സമയത്ത് സമർപ്പിക്കേണ്ട ഡോക്യുമെന്റ്സ്, വിദ്യാഭ്യാസത്തിനും ജീവിത ചിലവിനുമായി വരുന്ന ചിലവിന്റെ കണക്കുകൾ തുടങ്ങി നിരവധി കാര്യങ്ങളിലെ ആധികാരിക സ്വരങ്ങളായി ഈ ഏജൻസികൾ ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്. വിദേശ പഠന എക്സ്പോകൾ , എഡ്യൂക്കേഷൻ മേളകൾ, വിദഗ്ദർ പങ്കെടുക്കുന്ന സെമിനാറുകൾ, IELTS പരിശീലനങ്ങൾ തുടങ്ങിയവയെല്ലാം ഇവർ സംഘടിപ്പിക്കുന്നുണ്ട്. പ്രീ ഡിപാർചർ മീറ്റിങ് എന്നപേരിൽ  വിദേശത്തേക്ക് പോകുന്നതിനു തൊട്ടുമുന്പായി പോകാനുദ്ദേശിക്കുന്ന രാജ്യത്തെക്കുറിച്ച ആധികാരികമായ വിവരങ്ങൾ നൽകുന്നക്ലാസ്സുകൾ ഇവർ നൽകുന്നുണ്ട്. വിദേശത്തെ താമസവുമായി ബന്ധപ്പെട്ട പാക്കേജുകളും ഇത്തരം ഏജൻസികൾ  ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ചുരുക്കത്തിൽ രാജ്യത്തിനു പുറത്ത് പോകാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ആശങ്കക്കോ അരക്ഷിതാവസ്ഥക്കോ ഇടമില്ലാത്തവിധം മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ തങ്ങൾക്കാകുമെന്ന് അടിവരയിട്ടു പറയുകയാണ് കേരളത്തിലെ പല ഏജന്സികളിലും.

വിദേശ രാജ്യങ്ങളും വിദ്യാഭ്യാസകുടിയേറ്റവും

പല വികസിത മുതലാളിത്ത രാജ്യങ്ങളുടെയും ദേശീയ വിദ്യാഭ്യാസ നയങ്ങൾ കുടിയേറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിനെ സാധൂകരിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള നിരവധി ഘടകങ്ങളുമുണ്ട്. സാമ്പത്തിക വളർച്ചക്ക് കാരണമാകുന്ന ഏജന്റുമാരായോ വിജ്ഞാനമേഖലയെമുന്നോട്ടുകൊണ്ടു പോകുന്നവരായോ വിദ്യാഭ്യാസത്തിനായി എത്തിച്ചേർന്ന വിദ്യാർത്ഥികളെ കണക്കാക്കാറുണ്ട്.

ആഗോളവൽക്കരണത്തിനു ശേഷം ഉന്നതവിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്രവൽക്കരണം (Internationalisation) വർധിക്കുകയും ഏതു കമ്പോളത്താൽ നയിക്കപ്പെടുന്ന പ്രവർത്തനമായി മാറുകയും ചെയ്തിട്ടുണ്ട്. ഉന്നത നിലവാരം പുലർത്തുന്ന വിഖ്യാത സർവകലാശാലകളിൽനിന്നുമുള്ള ബിരുദം അഭിമാനകരമായ ഒന്നായി കണക്കാക്കിയിരുന്നിടത്ത് നിന്നും മികച്ച തൊഴിലും കൂടിയ ശമ്പളവും സാമൂഹ്യ അംഗീകാരവും ലഭിക്കാനുള്ള ഒന്നായി വിദേശ വിദ്യാഭ്യാസം മാറപ്പെട്ടു. ഇതിനായി പണം ചിലവാക്കാൻ തയ്യാറായ ഒരു മധ്യവർഗം ആഗോളതലത്തിൽ തന്നെ ഉയർന്നു വന്നിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തെ  ഒരു പ്രധാന ആഗോള കയറ്റുമതി ഉൽപ്പന്നമായാണ് (Global export commodity) പലരാജ്യങ്ങളും വിലയിരുത്തുന്നത്.  ഉന്നത വിദ്യാഭ്യാസരംഗത്തെ ഒരു പ്രധാന വരുമാന സ്രോതസ്സായും പല രാജ്യങ്ങളും വിദേശ വിദ്യാർത്ഥികളെ കരുതുന്നു. 2014-15 കാലയളവിൽ യു.കെ ഇക്കോണമിയുടെ ഗ്രോസ് ഔട്ട് പുട്ടിലേക്ക് 25. 8  ബില്യൺ പൗണ്ട് വന്നു ചേർന്നത് വിദേശ വിദ്യാർത്ഥികളിൽ നിന്നായിരുന്നു. ഇതേ കാലയളവിൽ യു.കെ. സർവകലാശാലകളിലെ മൊത്തം വരുമാനത്തിന്റെ 14% വന്നുചേർന്നതും വിദേശ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസിൽ നിന്നായിരുന്നു. ചുരുക്കത്തിൽ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചേടത്തോളവും വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത് ലാഭകരമായ ഒന്നാണ്. അതാത് രാജ്യങ്ങളിലെ വിദ്യാര്ഥികളെക്കാൾ കൂടുതൽ ഫീസാണ് പുറത്തുനിന്നുള്ളവരിൽ നിന്നും ഈടാക്കുന്നത്.

ന്യൂ ഡൽഹിയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷൻ 2019 ൽ പ്രസിദ്ധീകരിച്ച യു. കെ. ഇമ്മിഗ്രേഷൻ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം മുപ്പത്തിനായിരത്തിൽ അധികം ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് 2019 സെപ്റ്റംബർ വരെ  4  ടയർ (വിദ്യാഭ്യാസ) വിസ ലഭിച്ചത്. തൊട്ടുമുൻപുള്ള വർഷത്തിൽ ഇത്  19,000 ആയിരുന്നു. 2000 മുതൽ  2010  വരെ 2,70,000 ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികൾ യൂ കെ സർവകലാശാലകളിൽ നിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 63% വർധനവാണ് യൂ.കെ.യിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിലുണ്ടായതെന്നും സ്റ്റാറ്റിസ്റ്റിക്സ് വിലയിരുത്തുന്നു.

താൽക്കാലിക പൗരന്മാരായിരിക്കുന്നതോടൊപ്പം സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന കുടിയേറ്റക്കാരായും  വിദ്യാർത്ഥികൾ മാറാറുണ്ട്. വൊന്നേ റിയാനോ,  ക്രിസ്റ്റോഫ് വാൻമോൽ, പാർവതി രഘുറാം എന്നിവർ ചേർന്ന് നടത്തിയ പഠനത്തിൽ (New Directions in Studying Policies of International Student Mobility and Migration) ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ചൈന പോലെ ചില രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളെ പല വികസിത രാജ്യങ്ങളും ഭാവിയിലെ തൊഴിലാളി കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന വിസ ഒരു പിൻവാതിൽപ്രവേശനം പോലെ ഉപയോഗിച്ച് ക്രമവിരുദ്ധമായി തൊഴിൽ മാർക്കറ്റിന്റെ ഭാഗമാകാൻ ഇവർ ശ്രമിക്കുന്നു.

വിദ്യാഭ്യാസ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒരു മൃദു ശക്തിയായി (soft power) വളർന്ന് മികച്ച ധൈഷണിക ശേഷിയുള്ള ഒരു വിഭാഗത്തെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ഇതിലൂടെ ചില രാജ്യങ്ങൾ  ശ്രമിക്കുന്നു. അമേരിക്കയും ചൈനയുമാണ് ഇതിന്റെ മികച്ച ഉദാഹരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വലിയ രീതിയിൽ  പ്രവേശനം നൽകി ആഫ്രിക്കയിൽ ചൈനയുടെ മൃദു ശക്തി വർധിപ്പിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ മേഖലയിൽ നിന്നും വരുമാനമുണ്ടാക്കാനും ചൈന ശ്രമിക്കുന്നതായി ഈ പഠനം വ്യക്തമാക്കുന്നു. പോർച്ചുഗൽ പോലെയുള്ള രാജ്യങ്ങളും തങ്ങളുടെ പഴയ കോളനികളായ ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ച് ഈ പ്രദേശങ്ങൾക്ക് മേലുള്ള ആധിപത്യം മറ്റൊരു രീതിയിൽ തുടരാനാഗ്രഹിക്കുന്നവരാണ്. ഭാഷ, സംസ്കാരം, ചരിത്രം തുടങ്ങിയവയിൽ അവശേഷിക്കുന്ന സമാനതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്  ഈ ശ്രമങ്ങൾ നടക്കുന്നത്.

വിദ്യാർത്ഥി കുടിയേറ്റം : കേരളത്തിൽ നടക്കുന്നതെന്ത്?

ഓൾ ഇന്ത്യ സർവ്വേ ഓഫ് ഹയർ എഡ്യൂക്കേഷൻ (AISHE) 2020 -21 അനുസരിച്ച് കോളേജുകളുടെ എണ്ണത്തിലും സാന്ദ്രതയിലും ഇന്ത്യയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദേശീയശരാശരി ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് 31 കോളേജുകൾ എന്നാണെന്നിരിക്കെ കേരളത്തിൽ അത് 50 എന്ന അനുപാതത്തിൽ ആണ്. 1448 കോളേജുകളും 14  സർവകലാശാലകളും കേരളത്തിലുണ്ട്. കേരളത്തിലെ ഗ്രോസ് എൻറോൾമെൻറ് റേഷ്യോ (GER) 43.2% ആണ്.  ദേശീയ ശരാശരി 27.3 % ആണ്.  പി എച്ച് ഡി, എം ഫിൽ,  ബിരുദാനന്തര ബിരുദം , ബിരുദം, പി ജി ഡിപ്ലോമ, ഡിപ്ലോമ, മറ്റ്  സർട്ടിഫിക്കറ്റ് ഇന്റഗ്രെറ്റഡ് കോഴ്‌സുകൾ എന്നിവയിലായി 13,64,536 വിദ്യാർത്ഥികളാണ് സർവ്വേ കാലയളവിൽ പ്രവേശനം നേടിയിട്ടുള്ളത്. ഇതിൽ  8,04,911 പേർ പെൺകുട്ടികളും 5,59,625 പേർ ആണ്കുട്ടികളുമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ജൻഡർ പാരിറ്റി ഇൻഡക്സുളിൽ (GPI) ഒന്നാണിത്. കേന്ദ്ര ഗവണ്മെന്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ  2023 ലെ നാഷണൽ ഇൻസ്റ്റിറ്റുഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (NIRF) പ്രകാരം ഇന്ത്യയിലെ ആദ്യ നൂറ് കോളേജുകളിൽ 15  എണ്ണം കേരളത്തിലാണ്. (ഇരുപത്തിയാറാം റാങ്കോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് കേരളത്തിൽ ഒന്നാമത്). ഡൽഹിയും തമിഴ്നാടുമാണ് കേരളത്തിനേക്കാൾ മുന്നിൽ നിൽക്കുന്ന രണ്ട്  സംസ്ഥാനങ്ങൾ.

ഇത്തരമൊരു സാഹചര്യത്തിലും ഉന്നതവിദ്യാഭ്യാസം നേടുന്നതിനും നൈപുണീ വികസനത്തിനും ശേഷമുള്ള തൊഴിലിനും കേരളം ഒരു അനുയോജ്യസ്ഥലമല്ല എന്ന ധാരണ പൊതുവിൽ ശക്തിപ്പെടുകയാണ്. പ്ലസ് ടു പഠനത്തിന് ശേഷം  സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്തി വിദേശത്തേക്ക് ചേക്കേറാൻ  ശ്രമിക്കുന്നവർ കൂടി വരികയാണ്. അമേരിക്ക, യൂ.കെ,  ഓസ്ട്രേലിയ, കാനഡ തുടങ്ങിയ കാലാകാലങ്ങളായി വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന ഇടങ്ങൾ മാത്രമല്ല ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇന്ന് മലയാളി വിദ്യാർത്ഥികളുണ്ട്. കാലാകാലങ്ങളായി വിദ്യാർത്ഥികൾ തിരഞ്ഞെടുത്തിരുന്ന രാജ്യങ്ങൾക്കു പുറമെ,മെക്സിക്കോ, ഐസ്ലാൻഡ് , വിയറ്റ്‌നാം, കിർഗിസ്ഥാൻ, ബാർബഡോസ്, സ്ലോവേനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലും മലയാളി വിദ്യാർത്ഥികൾ പഠനാവശ്യത്തിനായി പോകുന്നുണ്ടെന്ന് ജസ്റ്റിൻ ജോർജ്ജും ടോം  ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ  പഠനത്തിൽ പറയുന്നു.

പക്ഷെ കേരളത്തിൽ  ആശങ്കാജനകമായ രീതിയിൽ വിദ്യാഭ്യാസ കുടിയേറ്റം നടക്കുന്നു എന്ന വാദത്തെ  ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു തള്ളിക്കളയുന്നുണ്ട്. ഇതിനെ ഒരു ‘പാൻ ഇന്ത്യൻ’ പ്രതിഭാസമായാണ് അവർ വിലയിരുത്തുന്നത്. കാനഡ, ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങൾ മനുഷ്യ വിഭവശേഷിയുടെ കുറവ് നികത്താൻ കുടിയേറ്റ നയങ്ങൾ ഉദാരമാക്കിയതും ബിരുദാനന്തര ബിരുദ പഠനത്തോടൊപ്പം തൊഴിൽ ചെയ്യാനുള്ള പെർമിറ്റ് ലഭിക്കുന്നതും കൂടുതൽ പുരോഗമന പരമായ സാമൂഹ്യ അന്തരീക്ഷവുമെല്ലാം മികച്ച ജീവിത നിലവാരവുമെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നും ഡോ.ബിന്ദു ചൂണ്ടിക്കാണിക്കുന്നു. നിയമസഭയിൽ അവതരിപ്പിച്ച കണക്കുപ്രകാരം കഴിഞ്ഞ കുറച്ചുവർഷത്തിനുള്ളിൽ കേരളത്തിൽ നിന്നും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദേശത്തുപോയവരുടെ കണക്കുകൾ താഴെ കൊടുക്കുന്നു.

വർഷംവിദ്യാർത്ഥികൾ
201618,428
201722,093
201826,456
201930,948
202015,277
പട്ടിക 1 – വിദേശ പഠനം

അതെ സമയം തന്നെ കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് 3. 3  ലക്ഷം വിദ്യാർത്ഥികൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതലായി പ്രവേശനം നേടിയിട്ടുണ്ടെന്നതാണ് യാഥാർഥ്യം. പതിനൊന്നാം ഓൾ ഇന്ത്യ ഹയർ എഡ്യൂക്കേഷൻ സർവ്വേ പ്രകാരംകേരളത്തിലെ കഴിഞ്ഞ ഏതാണ് വര്ഷങ്ങളിലെ ഗ്രോസ് എൻറോൾമെൻറ് റേഷ്യോ താഴെപറയും പ്രകാരമാണ്.

വർഷംവിദ്യാർത്ഥികൾ
2016-17   10,33,143
2017-18  10,82,917
2018-19 10,95,842
2019-2011,37,853
2020- 2113, 64,536

കണക്കുകൾ ഇങ്ങനെയാണെന്നിരിക്കിലും നേരെ മറിച്ചോരു വാദഗതിയും മറുവശത്ത് പ്രബലമാണ്. വിദേശരാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നതിനായി ബിരുദം നേടാനാഗ്രഹിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. ഇവരിൽ പലരും തൊഴിൽ ഉറപ്പുനൽകുന്ന കോഴ്‌സുകളുടെ അഭാവത്തിൽ പരമ്പരാഗത ബിരുദ കോഴ്‌സുകളിൽ ചേരുന്നവരാണ്. ഇതോടൊപ്പം പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ബൗദ്ധിക സാഹചര്യങ്ങളുടെ അഭാവം മൂലമാണ് അതിനു സാധിക്കാത്തതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കേരളത്തിൽ പഠനം പൂർത്തിയാക്കിയാലും ഭാവി ശുഭകരമാകുമോ എന്ന ആശങ്ക പലർക്കിടയിലും ശക്തമാണ്. സർക്കാർ സംവിധാനത്തിന് കീഴിലുള്ള തൊഴിലുകളുടെ എണ്ണം പരിമിതമാണെന്നും സ്വകാര്യ മേഖലയിൽ അധ്വാനവും ജോലിസമയവും കൂടുതലും വേതനം കുറവുമാണെന്നതും ഇതിന് ആക്കം കൂട്ടുന്നുണ്ട്. തൊഴിൽ- ജീവിത സമതുലിതാവസ്ഥ (work-life balance)  ഈ സാഹചര്യത്തിൽ അപ്രാപ്യമായ ഒന്നാണ്. പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന തൊഴിൽ അന്വേഷകരെ  ഉൾക്കൊള്ളാനുള്ള ശേഷി കേരളീയ സമൂഹത്തിനുണ്ടോ എന്നത് ചോദ്യചിഹ്നമായി നിൽക്കുകയാണ്.

കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള തൊഴിൽ മന്ത്രാലയം നടത്തിയ അഞ്ചാമത് വാർഷിക തൊഴിൽ-തൊഴിലില്ലായ്മ സർവേ 2015-16  (5th Annual Employment-Unemployment Survey 2015-16) പ്രകാരം കേരളത്തിലായിരുന്നു ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക്. ദേശീയതലത്തിൽ   5% ആയിരിക്കെ കേരളത്തിൽ ഇത് 12.5 ശതമാനമാണ്. ഈ റിപ്പോർട് പ്രകാരം കേരളത്തിൽ സർവകലാശാല വിദ്യാഭ്യാസം നേടിയവരുടെ ഇടയിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലായുള്ളത്. നാലിൽ ഒന്ന് ബിരുദാനന്തര ബിരുദധാരികളും ആറിൽ ഒന്ന് ടെക്‌നിക്കൽ ഡിഗ്രി നേടിയവരും ആറിൽ ഒന്ന് വൊക്കേഷണൽ പരിശീലനം നേടിയവരും തൊഴിലില്ലാത്തവരാണ്. എന്നാൽ ഏറ്റവും പുതിയ സർവ്വേ പ്രകാരം ഇത് 8. 9 ശതമാനമായി കുറഞ്ഞത് കേരളത്തിന് ചെറിയൊരു ആശ്വാസം പകരുന്നുണ്ട്. 2017 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിലന്വേഷകരുള്ള ജില്ല തിരുവനന്തപുരവും ഏറ്റവും കുറവ് വയനാടുമാണ്.  ഇത്തരമൊരു സാഹചര്യത്തിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രെജിസ്റ്റർ ചെയ്ത് കാത്തിരിക്കാനും അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് കഷ്ടപ്പെടാനും പുതു തലമുറ തയാറല്ല എന്നാതാണ് യാഥാർഥ്യം. (2010 മുതൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിൽ ഇടിവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു). ഇത്തരമൊരു സാഹചര്യത്തിൽ എത്ര നന്നായി പഠിച്ചാലും കേരളത്തിൽ രക്ഷയില്ല എന്ന പൊതുധാരണ ശക്തിപ്പെട്ടിരിക്കുകയാണ്.

മികച്ച വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുണ്ടായാലും തൊഴിലുകൾ സൃഷ്ടിക്കപ്പെടണമെന്നില്ല. കേരളത്തിന്റെ സവിശേഷമായ സാഹചര്യങ്ങളെ വിദഗ്ദമായി ഉപയോഗപ്പെടുത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പരിശ്രമം ഉണ്ടാകുന്നില്ല എന്നൊരു അഭിപ്രായവും യുവജങ്ങൾക്കിടയിൽ ശക്തമാണ്. വൻ വ്യവസായങ്ങളോ, വ്യാപകമായ കൃഷിയോ ഇല്ലെങ്കിൽ പോലും ഭൂപ്രകൃതിക്കും മറ്റ് സവിശേഷതകൾക്കും അനുസരിച്ച് വികസിപ്പിച്ചെടുക്കാവുന്നവയെ ഉപയോഗിച്ചും മനുഷ്യവിഭവശേഷിയെ തൊഴിൽ ശക്തിയായി പരിവർത്തനപ്പെടുത്തിയും മാറ്റങ്ങളുണ്ടാക്കാൻ സാധിക്കാത്തത്  വലിയൊരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിദേശപഠനത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് ഒരു പ്രധാന ഘടകം അതിന്റെ തൊഴിലുമായുള്ള ബന്ധമാണ്. പലവിദേശരാജ്യങ്ങളും പഠനത്തോടൊപ്പം ജോലിചെയ്യാനുമുള്ള സാഹചര്യമുണ്ട്. പല രാജ്യങ്ങളിലെയും ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ ഉണ്ടാകു. അതിനാൽ തന്നെ പഠനവും ജോലിയും ഒരു സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ വിദ്യാർത്ഥികൾക്ക് സാധിക്കാറുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളിലും ഇത്  ആഴ്ചയിൽ ഇരുപത് മണിക്കൂർ എന്ന കണക്കിലാണ്. ഓസ്‌ട്രേലിയയിൽ  ഇത്  ഇരുപത്തിനാല് മണിക്കൂറാണ്.  മിനിമം കൂലി നൽകാതെ ചൂഷണം ആ മേഖലയിലും നടക്കുന്നുണ്ട് എന്ന വാർത്തകൾ വരുമ്പോഴും പൊതുവിൽ വിദ്യാർത്ഥികൾ ഇതിന് താല്പര്യപ്പെടുന്നുണ്ട്.ഓപ്പൺ വർക്ക് വിസ എന്ന രീതി പല വിദേശ രാജ്യങ്ങളിലുമുള്ളതിനാൽ പഠനത്തിനുശേഷം തൊഴിൽ ചെയ്തുകൊണ്ട്  വിദ്യാഭ്യാസ ലോണ്  തിരിച്ചടക്കാനോ  സാമ്പത്തിക സുരക്ഷിതത്വം നേടാനോ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു. കാനഡയിലും ന്യൂസീലാൻഡിലും  മൂന്ന് വർഷവും ജർമനിയിൽ പതിനെട്ടു മാസവും ഇത്തരത്തിൽ ജോലി ചെയ്യാനാകും.

ഉന്നത വിദ്യാഭ്യാസ കുടിയേറ്റത്തിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും  ഏറെ പുറകിലാണ് എന്ന വസ്തുതയാണ്. പശ്ചാത്തല സൗകര്യത്തിന്റെ പരിമിതികൾ  മാത്രമല്ല മറിച്ച്  മാറിയ കാലഘട്ടത്തിന്റെ സാധ്യതകൾക്കും ആവശ്യങ്ങൾക്കുമനുസരിച്ച്  പാഠ്യപദ്ധതിപുതുക്കപ്പെടുന്നില്ല എന്നതാണ് . ഉദാഹരണമായി കേരളത്തിലെ പല കോഴ്‌സുകളും തീർത്തും പരമ്പരാഗത ചട്ടക്കൂട് പിന്തുടരുന്നവയാണ്. അന്തർവിജ്ഞാനീയവും ബഹുവിജ്ഞാനീയവുമായ (interdisciplinary and multidisciplinary)  രീതി പിന്തുടർന്നുകൊണ്ടു വൈജ്ഞാനിക മേഖലകൾ  ഏറെ മുന്നോട്ടു പോകുമ്പോൾ കേരളം വലിയൊരളവിൽ  അതിനോട് മുഖം തിരിച്ചുനിൽക്കുകയാണ്.

പല വിഷയങ്ങളിലെയും ഓണേഴ്‌സ് കോഴ്‌സുകൾ പഠിക്കുമ്പോൾ അത് ആ വിഷയത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതായി വിദ്യാർത്ഥികൾ അഭിപ്രായപ്പെടുന്നു. വിഷയത്തിനുള്ളിൽ തന്നെയുള്ള സവിശേഷമായ പല ഉപമേഖലകളെയും മനസ്സിലാക്കുന്നതിലൂടെ അതാത് വിഷയങ്ങളിലേക്ക് കാര്യക്ഷമമായി ഇറങ്ങിച്ചെല്ലാനും കൂടുതൽ വ്യക്തതയോടെ ഭാവി ഗവേഷണ മേഖലകൾ തിരഞ്ഞെടുക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കുന്നുണ്ട്. പല വിദേശ സർവകലാശാലകളും നിരവധി വിഷയങ്ങൾ വിദ്യാർഥികൾക്കു മുന്നിൽ വക്കുകയും അതിൽ നിന്ന് താല്പര്യമുള്ളവ തിരഞ്ഞെടുത്തത് പഠിക്കാൻ അതിലൂടെ സാധിക്കുകയും ചെയ്യുന്നു. ഇത് അവർക്കുമുന്നിൽ തുറന്നുവയ്ക്കുന്ന തിരഞ്ഞെടുപ്പ് സാധ്യതകൾ വളരെ വലുതാണ്. ഇതോടൊപ്പം പാഠ്യ പദ്ധതിക്ക് വ്യാവസായിക മേഖലയുമായുള്ള ബന്ധത്തിന്റെ കുറവും അതുവഴി ഭാവിയിൽ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കപ്പെടാതിരിക്കുന്നതും ഒരു പ്രധാന പോരായ്മയായി പലരും വിലയിരുത്തുന്നു.

കേരളത്തിന് പുറത്തുള്ള പ്രധാന ഗവേഷണ സ്ഥാപനങ്ങളും കേന്ദ്ര സർവകലാശാലകളും വലിയ രീതിയിൽ വിദ്യാർത്ഥികളെ ആകർഷി ച്ചിരുന്നവയായിരുന്നു. എന്നാൽ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് ഏറ്റവും പുതിയ QS  വേൾഡ് റാങ്കിങ്ങിൽ ഇടം പിടിച്ചിട്ടുള്ളത്. ഐ.ഐ.ടി ബോംബെ 149  സ്ഥാനത്തും ഐ.ഐ.ടി ഡൽഹി 197 സ്ഥാനത്തും ബാന്ഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് 225  സ്ഥാനത്തും ആണുള്ളത് . (അമേരിക്കയിലെ മസ്സാച്ചുസെറ്റ്സ് ഇന്സ്ടിട്യൂട് ഓഫ് ടെക്നോളജി, യൂ. കെ. യിലെ കേംബ്രിഡ്ജ് ,ഓക്സ്ഫോർഡ് സർവ്വകലാശാലകൾ എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്).  എന്നാൽ ദേശീയ തലത്തിലുള്ള മുൻനിര സ്ഥാപനങ്ങളിൽ പോലും മലയാളി വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരുന്നതായി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. പൊതു പ്രവേശന പരീക്ഷ വിജയിക്കാൻ മലയാളി വിദ്യാർത്ഥികൾക്ക് സാധിക്കാത്തതാണ് ഇതിന്റെ കാരണമായി പറയുന്നത്. മുൻപ് പ്ലസ്ടു പരീക്ഷയുടെ മാർക്കിന്റെ  അടിസ്ഥാനത്തിൽ പ്രവേശനം നടന്നിരുന്നപ്പോൾ കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നിലവാരവുമായി ഇതിനെ തട്ടിച്ച് നോക്കേണ്ടതുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തെ പിന്നോട്ടടിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഒന്നാണ് യോഗ്യരായ അധ്യാപകരുടെ അഭാവം. വിദ്യാർത്ഥികളുടെ ഹ്രസ്വകാല അക്കാദമിക വളർച്ചയിലും ദീർഘകാല വിദ്യാഭ്യാസ വിജയത്തിലും നിർണ്ണായക പങ്കു വഹിക്കുന്നവരാണ് അധ്യാപകർ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ മികവ് വിലയിരുത്തപ്പെടുന്നത് ക്‌ളാസ്സെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല മറിച്ച് അതാത് വിജ്ഞാന മേഖലകളിൽ അവർ നടത്തുന്ന സംഭാവനകളുടെ അടിസ്ഥാനത്തിൽ കൂടിയാണ്. മികച്ച നിലവാരമുള്ള അക്കാദമിക ജേർണലുകളിൽ വരുന്ന ഗവേഷണ  പ്രസിദ്ധീകരണങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനം.  ദീർഘ കാല ഗവേഷണത്തിലൂടെ ആർജ്ജിച്ചെടുത്ത കണ്ടെത്തലുകളെ  നിലനിൽക്കുന്ന അറിവിന്റെ മേഖലയിലേക്ക് കൂട്ടിച്ചേർക്കാനും അതുവഴി ആ വിജ്ഞാനശാഖയെ സമ്പുഷ്ടമാക്കാനും ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള അധ്യാപകർക്ക് കഴിയണം. സമൂഹത്തിന്റെ ഗുണപരമായ ഉന്നമനത്തിന് ഈ അറിവ് വിനിയോഗിക്കപ്പെടുമ്പോഴാണ് ഇത് പൂർണ്ണമായ അർത്ഥത്തിലെത്തുന്നത്. വിമർശനപരമായി കാര്യങ്ങളെ നോക്കിക്കാണാൻ കഴിവുള്ള, ശാസ്ത്രബോധവും യുക്തിചിന്തയും കൈമുതലായുള്ള ഗവേഷകരുടെ ഒരു കൂട്ടവും ഈ അധ്യാപകർക്കൊപ്പം വളർന്നു വരേണ്ടതുണ്ട്..

വിദേശരാജ്യങ്ങളിലെ സർവ്വകലാശാലകളുമായോ, ഗവേഷണ സ്ഥാപനങ്ങളുമായോ, സർക്കാർ ഏജൻസികളുമായോ സഹകരിച്ച് ഗവേഷണങ്ങൾ സംഘടിപ്പിക്കേണ്ടതും വിദ്യാഭ്യാസരംഗത്തെ ഗവേഷണ നിലവാരം  ഉയർത്തേണ്ടതിന് അനിവാര്യമാണ്. കേരളത്തിലെ സാമൂഹ്യ ശാസ്ത്ര, മാനവിക  ഗവേഷണ രംഗത്തെ സുപ്രധാനമായ പല വിഷയങ്ങളിലുമുള്ള ആധികാരിക പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് വിദേശ സർകലാശാലകളിലുള്ള ഗവേഷകരോ അധ്യാപകരോ ആണ്. സ്വാഭാവികമായും ഗൗരവമായ ഗവേഷണങ്ങൾ നടത്താനാഗ്രഹിക്കുന്നവർ അത്തരം സ്ഥലങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. കേരളത്തിലെ എത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഇത്തരത്തിൽ മികവ് തെളിയിച്ചിട്ടുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയ- ജാതി- മത- സാമ്പത്തിക ഘടകങ്ങളാണ് കേരളത്തിലെ കോളേജുകളിലെയും സർവകലാശാലകളിലെയും വലിയൊരു ശതമാനം നിയമങ്ങളെയും  നിയന്ത്രിക്കുന്നത് എന്ന ബോധം സമകാലീന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പൊതുസമൂഹത്തിനിടയിൽ ശക്തിപ്പെട്ടതും ഇതുമായി ചേർത്തുവായിക്കേണ്ടതാണ്.

കേരളീയ വിദ്യാഭ്യാസരംഗത്തെ പുറകോട്ടടിച്ചതിൽ വിദ്യാർത്ഥി രാഷ്‌ടീയത്തിന് പങ്കുണ്ടെന്നു കരുതുന്ന ഒരുശതമാനം ആളുകളുണ്ട്. കോളേജുകളിലെ സമാധാന അന്തരീക്ഷം തകർക്കപ്പെടുന്നതും പഠന സമയം നഷ്ടപ്പെടുന്നതും ക്യാമ്പസ് രാഷ്ട്രീയം കൊണ്ടാണെന്ന് ഇവർ വാദിക്കുന്നു. തീർത്തും അരാഷ്‌ടീയപരവും സാമൂഹ്യ യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയുമാണ് ഇത്തരം വാദഗതികൾക്ക് പുറകിലെന്ന് നിസംശയം പറയാനാകും.

വിദ്യാർത്ഥി രാഷ്ട്രീയം പ്രശ്നമായിരുന്നെങ്കിൽ ഒരിക്കലും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജോ എറണാകുളം മഹാരാജാസ് കോളേജോ ഇന്ത്യയിലെ മികച്ച് കോളേജുകളുടെ പട്ടികയിൽ ഇടം പിടിക്കുമായിരുന്നില്ല. ക്യാമ്പസുകളിൽ ജനാധിപത്യ അന്തരീക്ഷവും അവകാശബോധവുമുള്ള വിദ്യാർത്ഥി സമൂഹം നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ പ്പെട്ട  ഇ ത്രയധികം വിദ്യാർത്ഥികൾക്ക് ഓരോ വർഷവും പഠനം നടത്താന സാധിക്കുന്നത്.  അതെ സമയം പഠന- ഗവേഷണ  നിലവാരം മെച്ചപ്പെടുത്തൽ, സിലബസ് പരിഷ്‌ക്കരണം, ആധുനിക വൈജ്ഞാനിക ലോകവുമായി സംവദിക്കാൻ തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനക്കാർ കാതലായ ചോദ്യങ്ങൾ ചോദിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്യാത്തത്  ഒരു പോരായ്മയായി തുടരുന്നു.

അതോടൊപ്പം വിദ്യാഭ്യാസ തൊഴിൽ രംഗത്തെ അപചയത്തിന്‌ കാരണമായി പലരും എടുത്തുപറയുന്ന മറ്റൊരു കാരണമാണ്  വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലുമുള്ള സംവരണം. ജാതി അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കുമ്പോൾ തങ്ങൾക്ക് അർഹതയുള്ള സീറ്റുകളും തൊഴിലവസരങ്ങളുമാണ് നഷ്ടപ്പെട്ടു പോകുന്നതെന്ന് ഇക്കൂട്ടർ കരുതുന്നു. അതിനാൽ യോഗ്യതയില്ലാത്തവർ സംവരണ ജോലിയും വാങ്ങി കേരളത്തിലിരിക്കട്ടെ, കഴിവുള്ള ഞങ്ങളെപ്പോലെയുള്ളവർ വിദേശത്തേക്ക് ചേക്കേറിക്കൊള്ളും  എന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്. കേരളം പോലെ ജാതീയമായ ശ്രേണികൾ ഇന്നും ശക്തമായി നിലനിൽക്കുന്നൊരു സമൂഹത്തിൽ സംവരണം ഒരു അനിവാര്യമായൊരു ഘടകമാണ്. സർക്കാർ മേഖലകളിലും അധ്യാപന- ഗവേഷണ രംഗത്തും പ്രവർത്തിക്കുന്ന പട്ടിക ജാതി-പട്ടിക വർഗ്ഗങ്ങളിൽപ്പെടുന്നവരുടെ എണ്ണം വളരെ കുറവാന്നെന്നിരിക്കെ ഇത്തരം  പ്രസ്താവനകൾ  സാമൂഹ്യ യാഥാർഥ്യങ്ങളെ നിഷേധിക്കലാണ്. ഈയടുത്ത് പുറത്തുവന്ന ഒരു വിവരാവകാശരേഖപ്രകാരം കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന 90307 അധ്യാപകരിൽ 0.89 % മാത്രമാണ് പട്ടികജാതിക്കാർ. പട്ടികവർഗ്ഗക്കാർ 0.08 %  മാത്രമാണ്.

കേരളീയ സമൂഹത്തിൽ രൂഢമൂലമായ സദാചാര കാഴ്ചപ്പാടുകളോട് ഒരുതരത്തിലും പൊരുത്തപ്പെട്ടുപോകാനാഗ്രഹിക്കാത്ത ഒരുതലമുറയായാണ് ഇന്നുള്ളത്. മതവും കുടുംബവും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ഇവിടെ നിന്നുകൊണ്ട് തന്നെ പടപൊരുതി ഒരു പരിവർത്തനം വരുത്തണം എന്ന ചിന്താഗതിയല്ല  മറിച്ച് ഇവിടം വിട്ടുപോയാൽ വ്യക്തിസ്വാതന്ത്ര്യത്തിനൊപ്പം മെച്ചപ്പെട്ട തൊഴിൽ സാഹചര്യവുമുണ്ടാകും എന്നത് യുവജനങ്ങൾക്കിടയിൽ വലിയൊരു ആകർഷണമായി നിലനിൽക്കുന്നു.

ആൺകുട്ടികളും പെൺകുട്ടികളും ഇടപഴകിയാൽ അതിനെതിരെ സർക്കുലർ ഇറക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അച്ചടക്ക നടപടികളുമായെത്തുന്ന മാനേജുമെന്റുകൾ, ഹോസ്റ്റൽ സമയങ്ങളിലെ അനാവശ്യ നിയന്ത്രണങ്ങൾ, ഇഷ്ടമുള്ള വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതിനെ  വ്യക്തിപരമായ ധാർമിക അപചയമായി കണക്കാക്കിക്കൊണ്ടുള്ള വിലയിരുത്തലുകൾ, സഞ്ചാര സ്വാതന്ത്രത്തിനു നേരെയുള്ള കടന്നു കയറ്റങ്ങൾ, രാത്രിയുള്ള കൂടിച്ചേരലുകളും ആഘോഷങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളാണെന്നുള്ള ധാരണ, ചോദ്യം ചെയ്യുന്നവർ സാമൂഹ്യദ്രോഹികളാണെന്നുള്ള കാഴ്ചപ്പാട്,ക്യുവെർ കമ്മ്യുണിറ്റിയിൽ പെട്ടവർ മോശക്കാരാണെന്നുള്ള ധാരണ, സ്വന്തം ജൻഡർ ഐഡിന്റിറ്റി പുറത്തുപറഞ്ഞാൽ കാത്തിരിക്കുന്ന സാമൂഹ്യ തിരസ്ക്കരണം, സർവോപരി യുവജങ്ങളെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം തങ്ങൾക്കാണെന്നുള്ള ധാരണയിൽ സ്വയം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തവരുടെ അതിപ്രസരം തുടങ്ങിയവയൊന്നും  ഇന്നത്തെ തലമുറ ഇഷ്ടപ്പെടുന്നില്ല. ആധുനിക ആഗോള സംസ്കാരവുമായി പരിചയപ്പെട്ട ഈ തലമുറക്ക് പഴയ കാഴ്ചപ്പാടുകളുടെ പതാക വാഹകരാകാനോ സാമൂഹ്യസമ്മർദ്ദത്തിനനുസരിച്ച് അതിന് കീഴ്പ്പെടാനോ താൽപ്പര്യമില്ല. ഇതിനുള്ള ഒരു പരിഹാരമായി പലരും വിദ്യാഭാസ കുടിയേറ്റത്തിലൂടെയുള്ള   പറിച്ചുനടൽ ആഗ്രഹിക്കുന്നുണ്ട്.

കേരളത്തിനെ കാത്തിരിക്കുന്നതെന്ത്?

കേരളം അതിരുകളില്ലാതെ വളരുകയാണെന്നും വിദ്യാഭ്യാസ കൂടിയേറ്റം യുവജനങ്ങൾക്കിടയിൽ ന്യൂ നോർമൽ ആണെന്നും പുതിയ ഗൾഫ് ലോകത്തിന്റെ പല ഭാഗങ്ങളിലും രൂപം കൊള്ളുകയാണെന്നും ഉള്ള വാദഗതികൾക്കിടയിലാണ് കേരളത്തിന്റെ ഭാവി എന്താകും എന്ന ചോദ്യം പ്രസക്തമാകുന്നത്. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന ഘടകങ്ങൾ അപ്രസക്തമാവുകയാണോ എന്ന് ആശങ്കയും ശക്തിപ്പെടുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചെറുപ്പക്കാരുടെ വോട്ടുപറഞ്ഞത് അവർ വിദേശത്തായതുകൊണ്ടാണെന്നും എംജി സർവ്വകലാശാലയിലെ ജനറൽ മെറിറ്റ് സീറ്റുകൾ അടക്കം ഒഴിഞ്ഞു കിടക്കുന്നത് വിദ്യാഭ്യാസ കുടിയേറ്റം കൊണ്ടാണെന്നും ചർച്ചകൾ വന്നു കഴിഞ്ഞിട്ടുണ്ട്. കേരള സമൂഹത്തെ മുന്നോട്ടു നയിക്കേണ്ട മനുഷ്യ വിഭവശേഷി കടൽ കടക്കുമ്പോൾ മസ്തിഷ്ക ശോഷണവും സാമ്പത്തിക ചോർച്ചയും പിടിമുറുക്കിയ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഉള്ള ഒരു വൃദ്ധസദനമായി കേരളം മാറാൻ പോകുന്നു എന്ന് ആശങ്ക ശക്തമാണ്

സാമ്പത്തിക ചോർച്ചയും മസ്തിഷ്കചോർച്ചയും

കേരളത്തിലെ മൂന്നാം തലമുറ കുടിയേറ്റമായി അറിയപ്പെടുന്ന ഉന്നത വിദ്യാഭ്യാസ കുടിയേറ്റം സൃഷ്ട്ടിക്കുന്ന രണ്ട് സുപ്രധാന അനന്തരഫലങ്ങളാണ് മസ്തിഷ്ക ചോർച്ചയും സാമ്പത്തിക ചോർച്ചയും. സർവ്വകലാശാലകളും ട്രസ്റ്റുകളോ നൽകുന്ന പൂർണ്ണമായോ ഭാഗികമായോ ചെലവുകൾ വഹിക്കാൻ പര്യാപ്തമായ ഫെല്ലോഷിപ്പുകൾ നേടുന്ന സമർത്ഥരായ വിദ്യാർത്ഥികൾ ആയിരുന്നു കുറച്ചുകാലം മുൻപ് വരെ വിദേശരാജ്യങ്ങളിൽ പഠനത്തിനായി പോയിരുന്നത്. ആ സ്ഥിതിക്ക് മാറ്റം വരുകയും വലിയൊരു വിഭാഗം പുറത്തുപോകാൻ ആരംഭിക്കുകയും ചെയ്യുമ്പോൾ നമ്മുടെ നാടിന്റെ വികസനത്തിനും പുരോഗതിക്കും സംഭാവന നൽകാൻ പര്യാപ്തമായ തലച്ചോറുകളാണ് കേരളത്തിന് നഷ്ടമാകുന്നത്. ശാസ്ത്രസാങ്കേതിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നവരുടെ വേരുകൾ കേരളത്തിൽ ആണെന്ന് ചില സന്ദർഭങ്ങളിൽ അഭിമാനത്തോടെ പറയാറുണ്ട്. ഇത്തരം മസ്തിഷ്ക ശോഷണം ഇനിയുള്ള കാലങ്ങളിൽ കൂടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിൽ ലഭ്യമല്ലാത്ത പലതും പുറത്തു പോയാൽ ലഭിക്കും എന്നുള്ള ധാരണയിൽ തുടക്കകാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പോലും അവഗണിച്ചുകൊണ്ട് പുറത്തു പോകാൻ തയ്യാറാവുകയാണ് യുവജനങ്ങൾ.

വിദേശരാജ്യങ്ങളിൽ പോയി ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടിയവർ തിരിച്ചെത്തി കേരളത്തിലെ വ്യത്യസ്ത മേഖലകളിൽ അവർ ആർജിച്ചെടുത്ത വിജ്ഞാനം പ്രയോഗിച്ചാൽ മാത്രമേ ബ്രെയിൻ ഗെയിൻ (Brain Gain) എന്ന തലത്തിലേക്ക് നമുക്ക് ഉയരാൻ സാധിക്കു. നിലവിൽ തിരിച്ചു വരാൻ ആഗ്രഹിക്കാത്ത ഒരു കുടിയേറ്റ സംസ്കാരം ഇതിന്റെ നേർ വിപരീതമായ ബ്രെയിൻ ഡ്രെയിനിനാണ് (Brain Drain) കാരണമാകുന്നത്. വിദേശരാജ്യങ്ങളായ ചൈനയിലും മലേഷ്യയിലും കാനഡയിലും എല്ലാം റീപ്ലേസ്മെന്റ് മൈഗ്രേഷൻ എന്ന പ്രതിഭാസമാണ് നടക്കുന്നതെന്ന് ഇരുദയരാജൻ, ഷിബിനു മുഹമ്മദ്, എൻ. ഹസീബ് എന്നിവർ നടത്തിയ പഠനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇവിടങ്ങളിൽ പഠനാവശ്യങ്ങൾക്കായി പുറത്തു പോകുന്ന വിദ്യാർത്ഥികളുടെ വിടവുകൾ നികത്താൻ പര്യാപ്തമായ രീതിയിൽ പുറം രാജ്യങ്ങളിൽ നിന്നുള്ളവരുടെ കടന്നുവരവ് ഉണ്ടാകാറുണ്ട്. റീപ്ലേസ്മെന്റ് മൈഗ്രേഷൻ (Replacement migration) എന്നറിയപ്പെടുന്ന ഈ പ്രവണത ഇത്തരം രാജ്യങ്ങളിൽ ഒരു സമതലിതാവസ്ഥയും സൃഷ്ടിക്കുന്നുണ്ട്. ചൈനയിൽ വർഷംതോറും എത്തുന്ന വിദേശ വിദ്യാർഥികൾ പുറത്തു പോകുന്നവരുടെ എണ്ണത്തിന്റെ പകുതിയിലേറെയാണ് മലേഷ്യയിലെയും സമാന സ്ഥിതിയാണ്. കാനഡയിലെ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ പരിമിതികൾ മറികടക്കാൻ യൂറോപ്പിലേക്ക് വടക്കേ അമേരിക്കയിലേക്ക് കുടിയേറുമ്പോൾ വിദേശ വിദ്യാർഥികൾ അവിടെ ആ കുറവ് നികത്തുകയാണ്.

വിദേശവിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർത്ഥികൾ ഫീസ് എണ്ണത്തിലും മറ്റ് ആവശ്യങ്ങൾക്കുമായി പ്രതിവർഷം ഏകദേശം  56,000 കോടി ഡോളർ ചിലവാക്കുന്ന എന്ന  കണക്കാക്കപ്പെടുന്നു. ഇത് കേരളത്തിന് പുറത്തേക്കു പോകുന്ന സമ്പത്തിന്റെ 30.24 % ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്  കേരള  സമ്പദ് വ്യവസ്ഥക്ക് ഒട്ടും ആശാസ്യകരമായ ഒന്നല്ല.

കേരളത്തിൽ നിന്നും പുറത്തുപോകുന്നവർ തിരിച്ചുവരാത്ത സാഹചര്യമുണ്ടായാൽ ഇവിടേക്കുള്ള പണമയക്കലിൽ കുറവ് വരുന്ന സാഹചര്യമുണ്ടായേക്കാം. കഴിഞ്ഞ കുറച്ചുപതിറ്റാണ്ടുകളായി കേരളം സമ്പദ്‌വ്യവസ്ഥയുടെ അടിത്തറകളിലൊന്നായി പ്രവർത്തിക്കുന്ന ഈ ഘടകം നഷ്ടമാകുന്നത് കനത്ത തിരിച്ചടിയുണ്ടാകും.

കേരളം വൃദ്ധസദനമാകുമോ എന്ന ആശങ്കയും ഈ സാഹചര്യത്തോട് ചേർത്തുവച്ച് പറയേണ്ടതാണ്. ചെറുപ്പക്കാർ കുടിയേറുമ്പോൾ നാട്ടിൽ ഒറ്റപ്പെട്ടുപോകുന്ന വൃദ്ധരായ മാതാപിതാക്കൾ ഒരു ചോദ്യചിഹ്നമായി മാറാൻ പോകുകയാണ്. ബി.ബി.സി.പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ “കേരളം: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ പ്രേതനഗരം” എന്ന വിശേഷണമാണ് വന്നത്. ഇത്തരം സാഹചര്യങ്ങളെക്കൂടി വിലയിരുത്താനുള്ള നയങ്ങൾ വിദ്യാർത്ഥി കുടിയേറ്റത്തിന്റെ സാഹചര്യത്തിൽ ഉയർന്നു വരേണ്ടതുണ്ട്.

നിലവിൽ കേരളത്തിൽ നിന്ന് എത്രപേർ വിദ്യാഭ്യാസത്തിനായി കുടിയേറി എന്ന വിഷയത്തിൽ സർക്കാരിന്റെ കയ്യിൽ കൃത്യമായ കണക്കുകളിൽ. ഈ സാഹചര്യത്തിൽ കേരളത്തിന് കൃത്യമായ ഒരു കുടിയേറ്റ നയമുണ്ടാക്കേണ്ടതും അനിവാര്യമാണ്.

വിദേശ വിദ്യാഭ്യാസ കുടിയേറ്റ രംഗത്തെ ചൂഷണങ്ങൾ

കേരളത്തിലെ വിദ്യാഭ്യാസം അനാകർഷകം ആണെന്ന് പറയുമ്പോഴും യൂറോപ്പ് അടക്കമുള്ള പ്രദേശങ്ങളിലെ ഒട്ടും നിലവാരം പുലർത്താത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ പല വിദ്യാർഥികൾക്കും മടിയില്ലാതായിരിക്കുന്നു. അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി യുടെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽപോലും പ്രവേശനം നേടുന്നവർ ഉണ്ട്. ഇത്തരം ബിരുദദാരികൾക്ക് ഇന്ത്യയിൽ തിരിച്ചെത്തിയാൽ തുല്യത സെർട്ടിഫിക്കറ് ലഭിക്കുകയോ തൊഴിൽ അവ നേടാനായി ഉപയോഗപ്പെടുത്താനാകുകയോ  സാധിക്കില്ല. ബ്രെയിൻ വെയ്സ്റ്റ് എന്ന മറ്റൊരു പ്രശ്നം കൂടി വിദ്യാർത്ഥികളുമായി ബന്ധപ്പെടുത്തി പറയുന്ന അവസ്ഥ നിലവിലുണ്ട്. തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്കും ആര്ജിച്ചെടുത്ത വൈദഗ്ദ്യത്തിനും ഒരുപാട് താഴെ നിൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടാൻ നിര്ബന്ധിതരായി തീരുന്ന സാഹചര്യത്തിനെയാണ് ഈയൊരു പദം കൊണ്ട് വിശേഷിപ്പിക്കുന്നത്

പിജി വർക്ക് വിസ നേടുന്ന പലരും അതിസാധാരണമായ തൊഴിലുകൾ ചെയ്യാൻ സന്നദ്ധരാകുന്നു എന്നതാണ് യാഥാർത്ഥ്യം. പാത്രം കഴുകൽ, ഡെലിവറി സർവീസ് തുടങ്ങിയ കൂടുതൽ പേരും ചെയ്യുന്ന  ജോലികളിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് പലപ്പോഴും മിനിമം കൂലി കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്.  യൂ കെ പോലെയുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസ ചിലവുകൾ താങ്ങാനാകാത്ത അവസ്ഥ വരുമ്പോൾ സാധാരണക്കാർ വിദ്യാർത്ഥി വിസയെ കെയർ വിസയാക്കി മാറ്റുകയും വാർധക്യ പരിചരണം പോലെയുള്ള തൊഴിലുകൾ സ്വീകരിക്കാൻ  നിര്ബന്ധിതരായി തീരുകയും ചെയ്യുന്നു.

മൂവായിരത്തിലധികം വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് ഏജൻസികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വിജയദശമിദിനത്തിൽ പാസ്പോർട് വച്ച് ഹരിശ്രീ കുറിച്ച് ‘വിദേശവിദ്യാരംഭം’ എന്നൊരു പരിപാടിയും നടത്തപ്പെടുകയുണ്ടായി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി പുതിയ ഏജൻസികളാണ് മുളച്ചുപൊന്തിയിരിക്കുന്നത്. എന്നാൽ ഒരു സർവകലാശാലകളുടെ പോലും അംഗീകൃത ഏജന്റുമാരല്ലാത്ത ഇത്തരം പല ഏജൻസികളും വിദ്യാർത്ഥികൾക്കിടയിലെ സംശയങ്ങളെ മുതലെടുപ്പ് നടത്തി സാമ്പത്തിക ചൂഷണം ചെയ്യുകയാണ്.  ഒരു രാജ്യത്തിന്റെ തൊഴിൽ സാധ്യത അറിഞ്ഞുകൊണ്ട് മാത്രമേ അവിടങ്ങളിലെ കോഴ്‌സുകൾ എടുക്കാവൂ എന്ന്  ഈ മേഖലയിൽ അനുഭവസമ്പത്തുള്ളവർ പറയുന്നു. അല്ല എങ്കിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം അവരെ ഉൾക്കൊള്ളാനുള്ള ജോലി അവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല.

ഇത്തരത്തിൽ മതിയായ പ്രവർത്തന പരിചയം  ഇല്ലാത്ത ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്ന  ചൂഷണങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട് എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ്   കേരള സർക്കാർ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയ ഡോക്ടർ സജി ഗോപിനാഥിന്റെ നേതൃത്വത്തിൽ ഒരു മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുള്ളത്. വിദ്യാർത്ഥി കുടിയേറ്റത്തെപ്പറ്റി സമഗ്രമായി പഠിക്കാൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ മറ്റൊരു കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.

കേരളത്തിന് എന്ത് ചെയ്യാനാകും

മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ നിന്ന് ഏതാനും ലക്ഷം പേർ വിദേശത്തേക്ക് പോയാൽ ഇവിടെ ഒന്നും സംഭവിക്കില്ല എന്നും ആശങ്കാ ജനകമായ അവസ്ഥ നിലനിൽക്കുന്നില്ല  എന്ന്  പറയുമ്പോഴും ഗൗരവകരമായ അന്വേഷണങ്ങൾ പല മേഖലകളിലും നടക്കേനടത്തുണ്ട്. സ്‌കൂൾ തലത്തിൽ പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈ വരിച്ചനേട്ടങ്ങൾ  ഉന്നത വിദ്യാഭ്യാസ രംഗത്ത് നേടാനായോ എന്നതാണ് ഒരു പ്രധാന ചോദ്യം. സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളെക്കാൾ ഗവേഷണ പഠന നിലവാരത്തിൽ പല സ്വകാര്യ സർവകലാശാലകളും മുന്നേറുമ്പോൾ ( അശോക, ശിവനാടാർ, അസിം പ്രേംജി പോലെയുള്ള സർവ്വകലാശാലകൾ) സാധാരണക്കാർക്ക് താങ്ങാവുന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. പുറത്തുപോകുന്ന വിദ്യാർത്ഥികളെ മാറ്റിനിർത്തിയാൽ ഇവിടെ  നിലനിൽക്കുന്ന വലിയൊരു ശതമാനം വിദ്യാർത്ഥികൾക്കും മികച്ച നിലവാരത്തിലുള്ള, മാറിയ കാലഘട്ടത്തിന്റെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള ഭാവിയിലെ തൊഴിലിനെ മുന്നിൽ കണ്ടുകൊണ്ടുള്ള വിദ്യാഭ്യാസ രീതികളും ശക്തിപ്പെടേണ്ടതുണ്ട്. വ്യവസായ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത ഗവേഷണം, നൈപുണ്യ വികസനം തുടങ്ങിയവ ഇതിൽ പ്രധാനമാണ്. ഇതിനായി സമഗ്രമായ പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.

കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ലോക കേരളം സഭ യുടെ  മൂന്നാം സമ്മേളന ത്തിന്റെ  സമീപന രേഖ യിൽ ഇങ്ങനെ പറയുന്നു:-

“ടൂറിസം മേഖലകളിലും ഇലക്ട്രോണിക്സ് തുടങ്ങിയ ആധുനിക വ്യവസായ മേഖലകളിലും അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് അഞ്ച് വർഷം കൊണ്ട് പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കണമെന്ന് സർക്കാർ ഉദ്ദേശിക്കുന്നത്. കൃഷി കെട്ടിട നിർമ്മാണം വാണിജ്യം ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലായി 10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതും സർക്കാർ ഉദ്ദേശിക്കുന്നതാണ്. ആധുനിക തുറകളിലെ ജോലിക്ക് 10 ലക്ഷം പേർ സ്കിൽ ഡെവലപ്മെന്റ് കരിയർ ഗൈഡൻസ് വഴി പ്രോത്സാഹനം നൽകാനും സർക്കാർ ഉദ്ദേശിക്കുന്നു പുതിയ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഐടി പാർക്കുകളുടെ വികാസത്തിനും സർക്കാലക്ഷ്യം വയ്ക്കുന്നു.വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കി ആ രംഗത്ത് 400000 പേർക്ക് തൊഴിൽ നൽകാനുമാണ് സർക്കാർ ഉദ്ദേശിക്കുന്നത് പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കാർഷികരംഗത്ത് മൂല്യ വർധന ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാനുമുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യം വെച്ചിട്ടുള്ളത്”.

ഇത്തരം പദ്ധതികൾ സാമൂഹ്യ പുരോഗതി ലക്‌ഷ്യം വച്ചുകൊണ്ടു സമഗ്രമായ കാഴ്ചപ്പാടോടെയും ദീർഘ വീക്ഷണത്തോടെയും നടപ്പിലാക്കാൻ സാധിക്കുമെങ്കിൽ മാത്രമേ കേരളം പ്രത്യാശിക്കുന്ന ഒരു ഇടമായി മാറുകയുള്ളൂ. വിദേശങ്ങളിൽ പോയി ഉന്നതനിലവാരമുള്ള ഗവേഷണ പരിചയം ആർജ്ജിച്ചവരെ തിരിച്ചു കൊണ്ടുവന്ന്  ആ അറിവുകൾ സമൂഹത്തിന്റെ ഗുണപരമായ പരിവർത്തനത്തിന് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇവിടെയുള്ളവരെ  നിലനിർത്തുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു ഹബ്ബായി കേരളത്തിനെ ഭാവിയിൽ പരിവർത്തനപ്പെടുത്തേണ്ടതുണ്ട്.


അധിക വായനയ്ക്ക്
  1. Dr. S.Irudaya Rajan, Rakesh Ranjan Kumar, India’s Great Student Out-Migration, Published in World Bank Blogs, September 12,2023. >>>
  2. Justin George , Tom Pious, ‘Disquieting Facts of Student Migration’, Economic and Political Weekly, Vol. 58,Issue No.3, 21 Jan, 2023 >>>
  3. Muralee Thummarukudy , “Migration of youths for foreign education to have lasting impact on Kerala society”, October 27, 2022 >>>
  4. Yvonne Riano, Christof Vanmol and Parvati Raghuram, “New Directions in Studying Policies of International Student Mobility and Migration”, in Globalisation, Societies and Education, vol.16, issue-3. >>>
  5. Unemployment Situation in Kerala- Economic Review 2017, State Planning Board, Thiruvananthapuram. >>>
  6. ലോക കേരള സഭ മൂന്നാം സമ്മേളനം- സമീപന രേഖ >>>
  7. പ്രൊഫ. എസ്‌. ഇരുദയ രാജൻ, ഡോ. ജിനു സഖറിയ ഉമ്മൻ,  ‘വിദ്യാർത്ഥി കുടിയേറ്റം: അവർ എന്തു കൊണ്ട് പോകുന്നു’? Mathrubhumi.com, 17 September 2023. >>>
  8. എസ്. ഇരുദയ രാജൻ ഡോ. എസ്. ഷിബിനു മുഹമ്മദ് ഹസീബ് എൻ, “വിദ്യാർഥിക്കുടിയേറ്റം കേരളത്തിന് വെല്ലുവിളിയോ”?,  Mathrubhumi.com, 5 December 2022. >>>

പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം

2023ഡിസംബർ മാസത്തിൽ കേരളത്തിലുടനീളം ‘പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള പദയാത്രകൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുകയാണ്.

Happy
Happy
86 %
Sad
Sad
0 %
Excited
Excited
14 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നടക്കുന്ന ഇല – ഇല പ്രാണികളുടെ അത്ഭുത മിമിക്രി
Next post വട്ടവടയിലെ പച്ചക്കറി കൃഷി: ഒരു പഠനം
Close