Read Time:20 Minute

ശാസ്ത്രഗതിക്കുവേണ്ടി പ്രൊഫ. ഡാനിയൽ പോളിയുമായി ഡോ. എ. ബിജുകുമാർ, ഡോ. പ്രമോദ് കിരൺ എന്നിവർ നടത്തിയ ഓൺലൈൻ അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാഷ.

പ്രൊഫ. ഡാനിയൽ പോളി കടപ്പാട്: www.straight.com

?    താങ്കളുടെ പുതിയ പുസ്തകമായ Vanishing Fish: Shifting Baselines and the Future of Global Fisheries-ൽ നിന്ന് തന്നെ ചോദ്യങ്ങൾ ആരംഭിക്കാം. വ്യാവസായികാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനത്തിനും സബ്‌സിഡികൾക്കും എതിരായ നിലപാടുകളാണ് ഈ പുസ്തകം സ്വീകരിക്കുന്നത്, ഈ നിലപാടുകൾക്ക് പിന്നിലെ കാരണങ്ങളെ വിശദീകരിക്കാമോ?

ആധുനിക കാലത്തെ മത്സ്യബന്ധനത്തിന് മൂന്ന് സവിശേഷതകളുണ്ട്, പിടിച്ചെടുക്കുന്ന മത്സ്യ ഇനങ്ങളെ പുറംലോകം അറിയാറില്ല, ശാസ്ത്രീയ നിഗമനങ്ങൾ അവഗണിക്കപ്പെടുന്നു, അനുവദനീയമായതിലും അധികം അളവിൽ മത്സ്യസമ്പത്ത് ചൂഷണം ചെയ്യപ്പെടുന്നു. കണക്കിൽപ്പെടാതെയുള്ള ചൂഷണത്തെ അനധികൃത മത്സ്യബന്ധനമായി മാത്രമേ കാണാനാവൂ. ഇത് അവികസിത മേഖലകളിൽ ഭക്ഷ്യസുരക്ഷ മാത്രം ലക്ഷ്യം വെക്കുന്ന പരമ്പരാഗത/ഉപജീവന മത്സ്യബന്ധന മാതൃകകളിൽ നിന്നും വ്യത്യസ്തമാണ്. ആഗോളതലത്തിൽ ചെറുകിട മത്സ്യബന്ധന മേഖല നേരിടുന്ന അവഗണനയ്ക്ക് സമാനമാണ് വിപണിയിലെത്താതെ ഒഴിവാക്കപ്പെടുന്ന മത്സ്യ ഇനങ്ങളും. അവയും നിയമസംവിധാനങ്ങൾക്കു മുന്നിലെ കണക്കുകളിൽ പെടാറില്ല.

    മത്സ്യച്ചന്തയിലെത്തുന്ന ഉപഭോക്താക്കൾ തങ്ങൾ തിരഞ്ഞെടുത്ത മീൻ അമിത മത്സ്യബന്ധനത്തിന്റെ ഇരയാണോയെന്ന വസ്തുതയിൽ അജ്ഞരാണ്. ആഗോളീകൃതമായ വിപണിയിൽ ഇന്നലെകണ്ട നാടൻ ഇനങ്ങൾക്കുപകരം നാളെ ഇറക്കുമതിചെയ്തവയെ കണ്ടാലും നാം കാര്യമാക്കില്ല. ഇറക്കുമതിയിലൂടെ അമേരിക്കയും ജപ്പാനും യൂറോപ്യൻ യൂണിയനും പോലുള്ള വൻകിട വിപണികളിലേക്ക് നാം മത്സ്യങ്ങളേയും ഔട്ട് സോഴ്‌സ് ചെയ്യുകയാണ്. ആഗോള മത്സ്യ ദൗർലഭ്യംകൂടി കണക്കിലെടുക്കുമ്പോൾ വികസ്വര രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയാണ് അമിത മത്സ്യബന്ധനത്തിന്റെ ഭാരം പേറുന്നതെന്ന് കാണാം.

    അവഗണിക്കപ്പെടുന്ന ശാസ്ത്രമാണ് ഇതിലെ മൂന്നാമത്തെ കണ്ണി. രാഷ്ട്രീയബന്ധങ്ങളുടെ ബലത്തിൽ സബ്സിഡികൾ തരപ്പെടുത്തി ഗവേഷകരുടെ നിർദേശങ്ങളെ അവഗണിച്ച് വ്യാവസായിക മത്സ്യബന്ധനം നിർബാധം ലാഭം കൊയ്യുമ്പോൾ, ശുഷ്‌കമാകുന്ന മത്സ്യസമ്പത്തിന്റെ ആഘാതം പേറേണ്ടിവരുന്നത് ചെറുകിട/ ഉപജീവന മത്സ്യബന്ധനത്തിലേർപ്പെടുന്ന സമൂഹങ്ങളാണ്. പൊതുനന്മക്കായി ഉപയുക്തമാക്കേണ്ട മത്സ്യസമ്പത്താണ് രാജ്യങ്ങൾ വ്യാവസായികാടിസ്ഥാനത്തിലെ ചൂഷണത്തിന് തീറെഴുതുന്നത്. അതേസമയം കരമേർപ്പെടുത്തുകയോ സബ്സിഡികൾ ഒഴിവാക്കുകയോ ചെയ്തിരുന്നെങ്കിൽ ഇന്നുകാണുന്ന അമിത മത്സ്യബന്ധനത്തിന്റെ സാധ്യതകളടഞ്ഞേനെ.

കടപ്പാട്: i.guim.co.uk

?    കാലാവസ്ഥാ വ്യതിയാന നിഷേധികളേയും അമിത മത്സ്യബന്ധന നിഷേധികളേയും ഒരുപോലെ കാണുന്നുണ്ടോ?

പ്രകൃതിവിഭവചൂഷണം നടക്കുന്ന ഖനനം പോലുള്ള വ്യവസായങ്ങൾ അവരുടെ ഉത്പാദന മാതൃകകൾ ന്യായീകരിക്കാനായി ഗവേഷകരുൾപ്പെടുന്ന ശൃംഖലകളെ നിയമിക്കാറുണ്ട്. വ്യാവസായിക മത്സ്യബന്ധന മേഖലയും ഇതു തുടരുന്നു. രാഷ്ട്രീയ തലസ്ഥാനങ്ങളിലെല്ലാം അവരുടെ സാന്നിധ്യമുണ്ട്. ചെറുകിട മത്സ്യത്തൊഴിലാളി സമൂഹങ്ങളാണ് ഇവരുടെ തന്ത്രങ്ങളുടെ ഇരകളായി ഈ മേഖലയുടെ പുറത്തേക്ക് നയിക്കപ്പെടുക. കാലാവസ്ഥാ വ്യതിയാനത്തിലെന്നപോലെ നാം നിഷ്‌ക്രിയരായി തുടരാൻ നിർബന്ധിതരാകുമ്പോഴും മത്സ്യമേഖല ദുരിതങ്ങളിലേക്കു കൂപ്പുകുത്തുകയാണ്.

?    സുരക്ഷിത മത്സ്യം ലക്ഷ്യംവെക്കുന്ന ലേബലിംഗ് സമ്പ്രദായങ്ങളെ എങ്ങനെ കാണുന്നു?

നമുക്ക് ഭക്ഷണത്തിലൂടെ ലോകത്തെ മാറ്റാനാവില്ലെങ്കിലും ഇത് ശരിയായ ദിശയിലേക്കുള്ള കാൽവെയ്പ്പാണ്. സുരക്ഷിതമായ മത്സ്യം മനുഷ്യന്റെ അവകാശമാണ്. അതേസമയം ഈ സമ്പ്രദായങ്ങളുടെ അപര്യാപ്തത വിസ്മരിക്കുന്നില്ല.

കടപ്പാട്: usaid

?    മത്സ്യകൃഷി ഒരു പരിഹാരമാണോ?

ആണെന്നും അല്ലെന്നും പറയേണ്ടി വരും. മത്സ്യകൃഷി രണ്ട് തരത്തിലാണ്. ഏഷ്യൻ രാജ്യങ്ങളിലേത് പോലെ സസ്യഭുക്കുകളെ വളർത്തുന്നതേ മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കൂ. വാർഷിക ഉത്പാദനത്തിന്റെ സിംഹഭാഗവവും ഇവയുടെ സംഭാവനയാണ്. സാൽമണും കാളാഞ്ചിയും പോലുള്ള മാംസഭുക്കുകൾക്ക് മത്സ്യം നൽകി വളർത്തുന്നതിലൂടെ ഉത്പാദനം വർധിക്കുന്നുമില്ല, മത്സ്യ ലഭ്യത കുറക്കുകയും ചെയ്യും.

?    സംരക്ഷിത കടലിടങ്ങൾ മത്സ്യബന്ധനമേഖല നേരിടുന്ന വിഭവ ശോഷണത്തിന് പരിഹാരമാണോ?

മത്സ്യബന്ധനത്തിലെ സുസ്ഥിരതയും മത്സ്യലഭ്യതയും ഉറപ്പുവരുത്താൻ സംരക്ഷിതമേഖലകൾ അനിവാര്യമാണ്. നൂറുവർഷത്തിലേറെ ജീവിക്കുന്ന സ്റ്റർജനുകളും (sturgeon) ഏതാനും വർഷങ്ങൾ മാത്രം ജീവിക്കുന്ന മത്തിയും മത്സ്യബന്ധനത്തിന്റെ സമ്മർദ്ദം ഒരേപോലെ അനുഭവിക്കേണ്ടി വരരുത്. ചിലയിനങ്ങളെ നാം വെറുതെ വിടുകതന്നെ വേണം.

?    എങ്ങനെയാണ് താങ്കൾക്ക് കടലിലെ ആവാസവ്യവസ്ഥയിലും മത്സ്യങ്ങളിലും താല്പര്യമുണ്ടായത്?

ജീവികളേക്കാൾ എന്നെ ആകർഷിച്ചിട്ടുള്ളത് ആവാസവ്യവസ്ഥയിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ നിർധാരണം ചെയ്യുന്നതാണ്. ഡാറ്റയിലൂടെയും മാതൃകകളിലൂടെയും അനാവൃതമാകുന്ന പ്രക്രിയകളിലാണ് എന്റെ താത്പര്യം. ആഗോള മത്സ്യ മേഖലയെ മുന്നിൽകണ്ട് പ്രവർത്തിച്ചിരുന്നവർ വിരളമായിരുന്ന കാലത്ത് കാർഷികമേഖലയിലെ വികസനമാതൃകകൾ പിന്തുടർന്ന് മത്സ്യമേഖലയിലും സമാനമായ ഒരു ശാസ്ത്രശാഖ തുറക്കാൻ ഫിലിപ്പൈൻസിലെ ഗവേഷണകാലത്ത് എനിക്ക് സാധിച്ചു.

?    മത്സ്യമേഖലയിൽ ഗവേഷണം നടത്തിക്കൊണ്ടുതന്നെ ഒന്നാംകിട ശാസ്ത്ര ജേർണലുകൾക്കനുയോജ്യമായ ശാസ്ത്ര പ്രബന്ധങ്ങൾ തയ്യാറാക്കാൻ എങ്ങനെ സാധിക്കുന്നു?

നിരീക്ഷണവും അളവുകളുടെ വിശകലനവും ശാസ്ത്രംതന്നെയാണ്. നാമുപയോഗിക്കുന്ന ഉപകരണങ്ങൾക്കുപോലും ഇവിടെ പ്രസക്തിയില്ല. ഭൗതികശാസ്ത്രത്തിൽ മാറ്റങ്ങളെ ഏതു ദിശയിലേക്ക് പഠനവിധേയമാക്കിയാലും ഒരേ ഫലംതന്നെ കിട്ടുമെങ്കിൽ, ജീവശാസ്ത്രത്തിൽ സമയത്തിന്റെ പങ്ക് വളരെ സങ്കീർണ്ണമാണെന്ന് പറയാറുണ്ട്. ഛിന്നഭിന്നമായ ഒരാവാസവ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാൻ പ്രയാസമാണ്. വംശനാശം സംഭവിച്ച ഒരു സ്പീഷീസിനെ തിരികെ കൊണ്ടുവരുന്നത് അസാധ്യവും.

നിരീക്ഷണങ്ങളിലേക്ക് നമ്മെ നയിക്കുന്ന പ്രക്രിയകൾ വ്യത്യസ്തമായാലും നേരിട്ട് അനുഭവേദ്യമാകാത്ത പ്രക്രിയകളെ ഡാറ്റയും മാതൃകകളും വിശകലനംചെയ്തുതന്നെയാണ് ജീവശാസ്ത്രകാരനും നിഗമനങ്ങളിലെത്തുന്നത്. എല്ലാ ശാസ്ത്രശാഖകളും അതിൽ ഒരുപോലെയാണ്.

    തകർച്ച നേരിട്ട മത്സ്യവിഭവങ്ങളെ പഠിക്കുമ്പോൾ മുൻ വർഷങ്ങളേക്കാൾ 10 ശതമാനം കുറവുവന്ന മത്സ്യ ഇനങ്ങളെ തകർച്ച നേരിട്ടവയായി കണക്കാക്കിയിരുന്നു. ഇന്നുകാണുന്ന 30 ശതമാനം മത്സ്യവിഭവങ്ങളും അങ്ങനെയെങ്കിൽ തകർച്ച നേരിട്ടിരിക്കുന്നു. ഇവയിൽനിന്നു ഭാവിയിലെ ഗതി പ്രവചിക്കാൻ ശ്രമിച്ചാൽ 2048-ഓടെ എല്ലാ മത്സ്യവിഭവങ്ങളും തകർച്ച നേരിടുമെന്നു കാണാം. ഇത് വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയെങ്കിലും എല്ലാ ശാസ്ത്രീയ പ്രവചനങ്ങളെയുംപോലെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ ഘടകങ്ങളും ഇതേ നിലയിൽ തുടർന്നാൽ എന്ന നിബന്ധനയ്ക്ക് വിധേയമാണ്. തകർച്ചയുടെ സമയത്തിന്റെ കൃത്യതയെക്കാൾ നമ്മെ വ്യാകുലപ്പെടുത്തേണ്ടത് നാം നിഷ്‌ക്രിയരായിരുന്നാൽ ഈ മേഖല അപകടത്തിലേക്കു നടന്നടുക്കുന്നു എന്ന വസ്തുതയാണ്.

?    സബ്സിഡികൾ മത്സ്യബന്ധനമേഖലയുടെ തകർച്ചക്ക് ആക്കം കൂട്ടിയതായി കരുതുന്നുണ്ടോ?

ഒരു വർഷം 30 മുതൽ 34 ബില്യൺ ഡോളർ വരെ സബ്സിഡിയായി കൈമാറ്റം ചെയ്യപ്പെടുന്ന മേഖലയാണ് ഫിഷറീസ്. ലോക ബാങ്ക് കണക്കാക്കിയതിലും ഇരട്ടിയാണിത്. സാധാരണഗതിയിൽ ഒരു മത്സ്യ ഇനത്തിന്റെ എണ്ണം ക്രമാതീതമായി കുറഞ്ഞാൽ അതിനെ തുടർന്നും പിടിക്കാൻ ശ്രമിക്കുന്നത് സാമ്പത്തിക നഷ്ടത്തിൽ കലാശിക്കും. പക്ഷേ, സർക്കാരുകൾ തങ്ങളുടെ നികുതി വരുമാനം സബ്സിഡി പോളിസികളിലൂടെ വിലകുറഞ്ഞ ബോട്ടായും ഇന്ധനവിലകുറച്ചും എവിടെയാണ് അവശേഷിക്കുന്ന ആ ഇനം മത്സ്യങ്ങൾക്കായി വലയിടേണ്ടതെന്നുമൊക്കെ വ്യാവസായിക മത്സ്യബന്ധനമേഖലയിലേക്ക് കുറഞ്ഞ നിരക്കിൽ സഹായമെത്തിച്ചാൽ അവർക്ക് അവശേഷിക്കുന്ന മത്സ്യങ്ങളെ തിരഞ്ഞുപിടിച്ച് വലയിലാക്കാനാകും. ഇത്തരം മത്സ്യബന്ധന രീതിയുടെ വിലകൊടുക്കേണ്ടിവരിക കടലാമകളെപോലെ ബൈകാച്ചായി പിടിക്കപ്പെടാൻ സാധ്യതയുള്ള വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങൾ കൂടിയാണ്.

സമൃദ്ധമായി കാണപ്പെടുന്ന ഏതുസ്പീഷിസും അമിത ചൂഷണത്താൽ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ അപൂർവമായി മാറി ക്രമേണ അപ്രത്യക്ഷമാകാം. ഗവേഷകർ പല ആവർത്തി ഒരു സ്പീഷീസിനെ കാണാനില്ലെന്ന് തിരിച്ചറിയുമ്പോഴാണ് ശാസ്ത്രലോകം ഈ വംശനാശഭീഷണി മനസിലാക്കുന്നത്. പിന്നെയും നാലു ദശാബ്ദങ്ങൾക്കുശേഷമാണ് ഇന്നത്തെനിലയിൽ വംശനാശം സംഭവിച്ചതായി അംഗീകരിക്കപ്പെടുക. ശാസ്ത്രീയരീതികളിലെ ഈ സമയക്രമം ഒന്നുകൊണ്ടുമാത്രം സംരക്ഷിക്കപ്പെടേണ്ട എത്ര സ്പീഷീസുകൾ നമുക്ക് നഷ്ടമാകുന്നുണ്ടാവാം.

?    കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിലെ പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നുണ്ടോ?

സമുദ്ര-ആവാസവ്യവസ്ഥക്ക് ഉത്പന്നങ്ങളും സേവനങ്ങളും നൽകാനുള്ള കഴിവിനെ അപകടപ്പെടുത്താൻ കാലാവസ്ഥാവ്യതിയാനത്തിനു സാധിക്കുമെന്ന് ആഗോളതലത്തിൽ നടത്തിയ പഠനങ്ങളിൽ നിന്നു കണ്ടെത്താനായിട്ടുണ്ട്. ഉത്പാദന സാധ്യതയുള്ള മത്സ്യ ഇനങ്ങൾ വലിയതോതിൽ പുനർവിന്യസിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ ആദ്യഘട്ട കണ്ടെത്തലുകളിൽ ആഗോളതാപനവും ജലത്തിലെ ഓക്‌സിജന്റെ അളവും പോലുള്ള പല പ്രധാന ഘടകങ്ങളുമായുള്ള ബന്ധത്തെ പഠനവിധേയമാക്കാൻ സാധിച്ചിട്ടില്ല. കടൽജലത്തിലെ അമ്ലതയേറുന്നതും മത്സ്യലഭ്യതയെ പ്രതികൂലമായി ബാധിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മത്സ്യലഭ്യതയിൽ കാര്യമായ മാറ്റങ്ങൾ കണ്ടുവരുന്നു, മറ്റുപ്രദേശങ്ങളിലേക്ക് ഇത് വ്യാപിക്കാൻ വലിയ താമസമുണ്ടാകില്ല. മത്സ്യസമ്പത്തിനു സ്വാഭാവികമായി സ്വന്തമായിരുന്ന സംരക്ഷണ കവചങ്ങളൊന്നൊന്നായി തകർന്നുകൊണ്ടിരിക്കുകയാണ്. ആഴവും തണുപ്പും ഐസുമൊക്കെ മുമ്പു രക്ഷാകവചങ്ങൾ തീർത്തിരുന്നു. ഇന്ന് മത്സ്യങ്ങൾ എവിടെ പോയൊളിച്ചാലും നമുക്കു കണ്ടെത്തി പിടിച്ചെടുക്കാനാവും. സംരക്ഷിത സങ്കേതങ്ങളൊരുക്കി മത്സ്യ ഇനങ്ങളുടെ എണ്ണവും ആരോഗ്യവും വീണ്ടെടുക്കാൻ വിടുകയാണു വേണ്ടത്. സാങ്കേതികമായി, വലുപ്പമുള്ള മത്സ്യ ഇനങ്ങളാണ് നമുക്ക് ആദ്യം നഷ്ടപ്പെടുക. അവസാനത്തെ മത്സ്യത്തെയും തിരഞ്ഞുപോകാൻ നമുക്കിന്നാകും എന്നതാണ് തിരിച്ചറിയപ്പെടേണ്ടത്.

?    മത്സ്യബന്ധനമേഖലയിലെ തകർച്ച ഒഴിവാക്കാൻ മാർഗങ്ങളില്ലേ?

പ്രതീക്ഷ നൽകുന്ന ചില വസ്തുതകളുണ്ട്. മനുഷ്യന്റെ ഇടപെടൽ ആവശ്യപ്പെടുന്ന സാഹചര്യങ്ങളും. എത്ര സബ്സിഡി കിട്ടിയാലും ഇന്ധനവിലക്കയറ്റം കാരണം ലാഭകരമാകാൻ സാധ്യതയില്ലാത്ത മത്സ്യ ഇനങ്ങളെ ഇന്നു നമുക്കറിയാം. മത്സ്യലഭ്യത കുറഞ്ഞാൽ ദൂരേക്ക് മത്സ്യബന്ധനത്തിനു പോകാൻ മടിക്കും. വാണിജ്യ പ്രധാന്യമുള്ള  മത്സ്യ ഇനങ്ങളിൽ പലതും തീരങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നവയായതിനാൽ, രാജ്യങ്ങൾക്ക് അവയുടെ ചൂഷണത്തിനുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ  എളുപ്പമാണ്. പക്ഷേ, ചൂര, സ്രാവ് തുടങ്ങിയ ഇനങ്ങൾ  ഇത്തരം നിയന്ത്രണങ്ങൾക്കതീതരാണ്.

ആഗോള താപനത്തേയും സമുദ്ര-അമ്ലവൽക്കരണത്തെയും അഭിമുഖീകരിക്കുന്നതുവരെ പ്രത്യാശക്ക് വകയില്ലാത്ത സാഹചര്യമാണുള്ളത്. കാർബൺ പുറന്തള്ളലിനെ നിയന്ത്രിക്കുന്നതോടൊപ്പം ആവാസവ്യവസ്ഥയുടെ സംരക്ഷണത്തെക്കൂടി  മുഖ്യ പരിഹാരമാർഗങ്ങളിലൊന്നായി  കാണണം. ദേശീയോദ്യാനങ്ങൾക്കു സമാനമായി കടലിലും സംരക്ഷിത മേഖലകൾ ഉയർന്നുവരണം. ഇന്നത്തെനിലയിൽ പരിമിതമായെങ്കിലും സംരക്ഷിക്കപ്പെടുന്നത് 0.6 % കടൽ മാത്രമാണ്. സംരക്ഷിത കടൽ മേഖലയുടെ വാർഷിക വളർച്ചാനിരക്ക് 5 % ത്തിൽ താഴെയാണ്, അതായത് സംരക്ഷിത കടൽമേഖലയുടെ  വിസ്തൃതി  ഇരട്ടിക്കാൻ 15 വർഷംവരെ വേണ്ടിവരും, ഇതപര്യാപ്തമാണ്. രാജ്യങ്ങൾ 10 മുതൽ 15 % ശതമാനം വരെ വനപ്രദേശങ്ങളും സംരക്ഷിത വനങ്ങളായി നിലനിർത്തുന്ന കാലത്താണിതെന്നോർക്കണം. 99.4% കടലും മത്സ്യബന്ധനത്തിനായി തുറന്ന് കൊടുത്തിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. യഥാർഥത്തിൽ കടൽ സംരക്ഷണത്തിൽ നാം കാര്യമായൊന്നും ചെയ്യുന്നില്ലെന്നതാണ് സത്യം.
സമുദ്രത്തിൽ ആഗോള ക്യുമുലേറ്റീവ് മനുഷ്യ സ്വാധീനം കടപ്പാട്: വിക്കിപീഡിയ

?    രാജ്യാതിർത്തികൾക്കതീതമായ കടൽ പ്രദേശങ്ങളിൽ പൂർണ മത്സ്യബന്ധന നിരോധനം താങ്കൾ ആവശ്യപ്പെട്ടിരുന്നു. ഇത്തരം തീവ്ര സമീപനങ്ങൾക്കുള്ള സമയമായോ?

അതിലൂടെ 59% കടലും മത്സ്യബന്ധനത്തിനതീതമാവും എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ആഴക്കടലിൽ കിട്ടുന്ന ചൂര പോലുള്ള മത്സ്യങ്ങൾ തീരപ്രദേശങ്ങളിലെത്തുമ്പോൾ വലയിൽ കുടുങ്ങാം. വ്യാവസായിക മത്സ്യബന്ധനത്തിലേർപ്പെടുന്ന ഒരുപിടി വികസിതരാജ്യങ്ങൾക്ക് മാത്രമായി ആഴക്കടൽ മത്സ്യങ്ങളെ വിട്ടുകൊടുക്കുന്നത് അനീതിയാണ്. ഇന്ത്യ, ബ്രസീൽ മുതലായ വലിയ രാജ്യങ്ങൾ തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ (EEZ – Exclusive Economic Zone) മാത്രം മത്സ്യബന്ധനം നടത്തുമ്പോഴാണിത്.

കൂടാതെ, ട്രോളിംഗ് പോലുള്ള മത്സ്യബന്ധനോപധികൾ വരുത്തുന്ന പരിസ്ഥിതി നാശം നിമിത്തം ജൈവ വൈവിധ്യം നഷ്ടപ്പെട്ട് നമ്മുടെ കടലുകൾ വെറും ചെളി പ്രദേശങ്ങളായി മാറുന്നു. ആഴക്കടലുകളിൽ മത്സ്യബന്ധനം നിരോധിച്ചാൽ തീരപ്രദേശങ്ങളിലെ മത്സ്യ ലഭ്യത കൂട്ടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുമുണ്ട്.

?    ഭക്ഷ്യ സുരക്ഷക്കായി കടലിനെ ആശ്രയിക്കുന്ന രാജ്യങ്ങളല്ല പൊതുവിൽ വ്യാവസായിക മത്സ്യബന്ധനത്തിലേർപ്പെടുന്നത്

വളരെ ശരിയാണ്. വികസിത രാജ്യങ്ങളിവിടെ പ്രതിസ്ഥാനത്താണ്. ദരിദ്ര സമൂഹങ്ങളുടെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളാണ് കവർന്നെടുക്കുന്നത്.

    നാം ബോധപൂർവ്വം പരമ്പരാഗത മത്സ്യബന്ധനത്തെയും ഗുണനിലവാരമുള്ള തദ്ദേശീയ  ഉത്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പോഴാണ് ഈ മേഖലയിലേക്ക് തൊഴിൽ സുരക്ഷയും വന്നെത്തുക. സുസ്ഥിര മത്സ്യബന്ധന മാതൃകകൾ ഇന്ത്യയെപോലുള്ള രാജ്യങ്ങളിൽ നിന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


അധിക വായനയ്ക്ക്

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലാവസ്ഥാവ്യതിയാനം ഹിമാലയത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ
Next post തെരുവുനായ നിയന്ത്രണം- ഇനിയും ലക്ഷ്യം കാണാത്തത് എന്തുകൊണ്ട് ?
Close