Read Time:27 Minute

സാലി ക്ലാർക്കിന്റെ കഥ

സാലി ക്ലാർക്ക് (Sally Clark) ബ്രിട്ടനിൽ മാഞ്ചെസ്റ്റർ നഗരത്തിൽ ഒരു സോളിസിറ്റർ ആയിരുന്നു. കോടതിമുറിയിൽ കേസു വാദിക്കാത്ത വക്കീലന്മാരാണ് ഇംഗ്ലണ്ടിലെ സോളിസിറ്റർമാർ. കക്ഷിയുടെ കേസിന്റെ വിവരങ്ങൾ മനസ്സിലാക്കി, അതിന്റെ നിയമവശങ്ങൾ പഠിച്ച്, കോടതിയിൽ കേസുകൊടുത്താൽ വിജയിക്കാൻ സാധ്യതയുണ്ടോ എന്ന് ഉപദേശിക്കുകയാണ് അവരുടെ പ്രധാനജോലി. കേസുകൊടുക്കുന്നതുകൊണ്ട് ഗുണമുണ്ടാകും എന്ന് തോന്നുകയാണെങ്കിൽ, കക്ഷിക്കു പറ്റിയ ഒരു വക്കീലിനെ കണ്ടു പിടിച്ച്, കേസിന്റെ വിവിധ വശങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി, കോടതിയിൽ വാദിക്കാൻ സജ്ജരാക്കുന്നതും സോളിസിറ്ററുടെ ജോലിയാണ്. (കോടതിയിൽ പോയി കേസുവാദിക്കുന്ന വക്കീലിനെ ‘കൗൺസൽ’ എന്നും ‘അറ്റേർണി’ എന്നും ഒക്കെ പറയാറുണ്ട്). നമ്മുടെ നാട്ടിൽ പൊതുവെ വക്കീലന്മാർ രണ്ടുജോലിയും ചെയ്യും.

സാലി ക്ലാർക്കിന്റെ ജോലിയല്ല നമ്മുടെ വിഷയം. സാലിക്ക് രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായി; രണ്ടുപേരും ശൈശവത്തിൽ തന്നെ മരണപ്പെട്ടു. ആദ്യത്തെ കുട്ടി സ്വാഭാവിക കാരണങ്ങൾ കൊണ്ടാണു മരണമടഞ്ഞത് എന്നാണു കരുതപ്പെട്ടിരുന്നത്; രണ്ടാമത്തെ കുഞ്ഞിന്റെ മരണം ‘കോട്ട് ഡെത്ത്’ ആണെന്നു കരുതാൻ കാരണമുണ്ടായിരുന്നു. ചെറിയകുഞ്ഞുങ്ങൾ പ്രത്യേക കാരണമൊന്നും ഇല്ലാതെ ഉറക്കത്തിൽ നിന്ന് ഏഴുനേൽക്കാതെ മരിച്ചു കാണപ്പെടുന്നതിനെയാണ് ‘കോട്ട് ഡെത്ത്’ എന്നു പറയുന്നത്. ഇതിന് ‘സഡൻ ഇൻഫന്റ് ഡെത് സിൻഡ്രോം’ എന്നും പറയും.  അടുത്തകാലം വരെ ഇതൊരു അജ്ഞാത പ്രതിഭാസമായിരുന്നു. കൂടുതലും ഏതാണ്ട് മുഴുവനും എന്നു തന്നെ പറയാം- ഈ വിധത്തിലുള്ള മരണങ്ങൾ പാശ്ചാത്യ വികസിത സമൂഹങ്ങളിലാണ് കാണപ്പെടുന്നത് എന്നതും ഒരു പ്രത്യേകതയാണ്.

സാലിയുടെ ആദ്യത്തെ കുഞ്ഞ് – ക്രിസ്റ്റഫർ– 11 ആഴ്ച പ്രായമുള്ളപ്പോൾ ആണു മരണപ്പെട്ടത്. രണ്ടാമത്തെ കുഞ്ഞ് ഹാരിയും ആഴ്ചകൾ മാത്രം പ്രായമുള്ളപ്പോൾ പോയി. ചെറിയകുഞ്ഞുങ്ങൾ പ്രതേകകാരണം ഒന്നുമില്ലാതെ മരിച്ചു കിടക്കുന്നതായി കാണപ്പെടുമ്പോൾ അസ്വാഭാവികമരണം സംശയിക്കാനിടയുണ്ട്. ചിലപ്പോൾ മാതാപിതാക്കൾ തന്നെ തങ്ങളുടെ അശ്രദ്ധമൂലം ഉണ്ടായ മരണം ആണോ എന്നോർത്ത് തീവ്രമായ കുറ്റബോധത്തിൽ പെടാറുണ്ട്. അതിനുപുറമേ ഇതൊരു കൊലപാതകമാണോ എന്ന സംശയവും ഉണ്ടാകാം. അതുകൊണ്ടുതന്നെ യൂ കെ യിൽ ഇങ്ങിനെയുണ്ടാകുന്ന മരണങ്ങൾ പോലീസ് അന്വേഷിക്കാറുണ്ട്.

കോട്ട് ഡെത്ത് ആണെന്ന സംശയത്താൽ സാലിയുടെ രണ്ടാമത്തെ കുട്ടിയുടെ മരണം ഇൻക്വെസ്റ്റിനു വിധേയമായി. സംശയാസ്പദമായ മരണങ്ങളെ ഒരു സ്വതന്ത്ര ഉദ്യോഗസ്ഥൻ- കൊറോണർ– അന്വേഷിച്ച്, അത് സ്വാഭാവികമാണോ, പോലീസ് അന്വേഷണം വേണോ എന്നു തീരുമാനിക്കുന്ന രീതിയാണ് ഇൻക്വസ്റ്റ്. ഇന്ത്യയിൽ പൊതുവേ ഇത് സാധാരണമല്ല. പഴയ ബോംബേ മുനിസിപ്പൽ കോർപ്പറേഷനിൽ കൊറോണറുടെ നേതൃത്വത്തിലുള്ള ഇൻക്വെസ്റ്റ് പതിവുണ്ട് എന്ന് വായിച്ചിട്ടുണ്ട്; ഇപ്പോഴും ഉണ്ടോ എന്നറിയില്ല. ഏതായാലും സാലിയുടെ കുഞ്ഞിന്റെ കാര്യത്തിൽ അസ്വാഭാവികമരണമാണെന്നും പോലീസ് അന്വേഷണം വേണമെന്നും ഉള്ള വിധിയാണ് വന്നത്.

സാലിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചെറിയ സംശയം ഉളവാക്കിയിരുന്നു. മുൻപ് ജനിച്ച കുട്ടിയും ഇതുപോലെ മരിച്ചു എന്ന വസ്തുതയും കൂടി കണക്കിലെടുത്ത് പോലീസ് സാലിയെ അറസ്റ്റ് ചെയ്തു. രണ്ടുകുട്ടികളയും കൊന്നത് അമ്മയായ സാലിയാണ് എന്നതായിരുന്നു കേസ്.

കേസ് കോടതിയിൽ എത്തി. പ്രോസിക്യൂഷന്റെ ഒരു പ്രധാനസാക്ഷി ഒരു പ്രശസ്ത ശിശുരോഗ വിദഗ്ദ്ധൻ ആയിരുന്നു- ഡോ. റോയ് മീഡോ (Roy Meadow). മീഡോയുടെ മൊഴി പ്രധാനമായും സ്റ്റാറ്റിസ്റ്റിക്സിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ആകസ്മികമായി കോട്ട്ഡെത്ത് മൂലം ഒരു ശിശു മരിക്കാനുള്ള സാധ്യത അദ്ദേഹം 8500ൽ ഒന്ന് എന്ന് കണക്കാക്കി. (1/8500).  അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രണ്ട് കോട്ട് ഡെത്ത് മരണങ്ങൾ ഒരേ വീട്ടിൽ ഉണ്ടാകാനുള്ള സാധ്യത 1/8500 * 1/8500 , പത്തുകോടിയിൽ ഒന്ന് എന്നതായിരുന്നു അദ്ദേഹത്തിന്റെ അനുമാനം. അതായത് യാദൃച്ഛികമായി രണ്ടു കുഞ്ഞുങ്ങൾ ഒരു വീട്ടിൽ കോട്ട് ഡെത്ത് മൂലം മരിക്കാനുള്ള സാധ്യത വളരെ വളരെ കുറവ്, അതിനാൽ ഇത് ആകസ്മികമായി സംഭവിച്ചതല്ല, അതിനു പുറകിൽ ഒരു കാര്യകർത്താവ് ഉണ്ടായിരിക്കണം. ‘ഒരു കോട്ട് ഡെത്ത് ഒരു ദുരന്തമാണ്; രണ്ടെണ്ണം ഒരു വീട്ടിൽ സംഭവിക്കുന്നത് സംശയം ഉളവാക്കുന്നു, മൂന്നെണ്ണം ഒരു വീട്ടിൽ ഉണ്ടായാൽ അത് ഒരു ക്രിമിനൽ പ്രവൃത്തി നടന്നതിനുള്ള തെളിവായി കണക്കാക്കണം’ എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രധാനമായും മീഡോയുടെ മൊഴിയുടെ ബലത്തിൽ ജൂറി സാലി കുറ്റക്കാരിയാണെന്നു കണ്ടെത്തി; ജഡ്ജി 1999ൽ അവരെ തടവിനു വിധിക്കുകയും ചെയ്തു. (ഇംഗ്ലണ്ടിലും അമേരിക്കയിലും മറ്റു പല രാജ്യങ്ങളിലും ക്രിമിനൽ കുറ്റങ്ങളിൽ പ്രതി കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്തുന്ന ഉത്തരവാദിത്തം ജൂറിയുടെതാണ്. പ്രതിയുമായി ബന്ധമില്ലാത്ത പന്ത്രണ്ട് സ്വതന്ത്രപൗരന്മാർ ഉൾപ്പെട്ടതാണ് ജൂറി. ഒരു പൗരനെ വിധിക്കാൻ സമന്മാർ (പിയേഴ്സ്) ആയ മറ്റു പൗരന്മാർക്കാണ് അധികാരം എന്ന തത്വത്തിൽ അധിഷ്ഠിതമാണ് ജൂറി സിസ്റ്റം. പക്ഷേ ശിക്ഷ തീരുമാനിക്കുന്നത് ജഡ്ജിആയിരിക്കും. ഇന്ത്യയിൽ ജൂറി സിസ്റ്റം ഇപ്പോൾ നിലവിലില്ല. ബോംബേ സിറ്റിയിൽ ഉണ്ടായിരുന്നു; അറുപതുകളിലെ പ്രശസ്തമായ നാനവതി കേസ് ആണെന്നുതോന്നുനു ഇന്ത്യയിൽ അവസാനമായി ജൂറി വിധിച്ച കേസ്).

എന്നാൽ കഥ അവിടെ അവസാനിച്ചില്ല. മീഡോയുടെ മൊഴി പല ഡോക്ടർമാരെയും അസ്വസ്ഥരാക്കി. സ്റ്റാറ്റിസ്റ്റിക്കൽ തത്വങ്ങളുടെ ബലത്തിൽ മാത്രം ഒരാളെ തടവിനു വിധിക്കുന്നതിൽ എന്തോ അപാകതയുണ്ടെന്ന് അവർക്കു തോന്നി. പ്രശസ്തരായ സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധരുടെ മുൻപിൽ ഈ കേസ് അവതരിപ്പിക്കപ്പെട്ടു. അവരുടെ കണ്ടെത്തൽ എന്നാൽ തികച്ചും വ്യത്യസ്തമായിരുന്നു!

രണ്ട് സ്വതന്ത്രമായ സംഭവങ്ങൾ ഒരുമിച്ച് ഉണ്ടാകാനുള്ള സാധ്യത (പ്രൊബാബിലിറ്റി), ഇവയിൽ ഓരോന്നും ആകസ്മികമായി സംഭവിക്കാൻ ഉള്ള സാധ്യതകളെ തമ്മിൽ ഗുണിച്ചുകിട്ടുന്നതായിരിക്കും എന്ന പ്രസിദ്ധമായ ‘മൾട്ടിപ്ലിക്കേറ്റീവ് ലാ ഓഫ് പ്രൊബാബിലിറ്റി“– സംഭവ്യതയുടെ പെരുക്കൽ നിയമം- ആണ് മീഡോയുടെ മൊഴിയുടെ ആധാരം. (പ്രൊബാബിലിറ്റി ഏ & ബി  എന്നത്, പ്രൊബാബിലിറ്റി ഏ * xപ്രൊബാബിലിറ്റി ബി- ഒരാൾക്ക് പ്രമേഹവും ഹൃദ്രോഗവും ഒരുമിച്ച് ഉണ്ടാകാനുള്ള സാധ്യത, പ്രമേഹ സാധ്യതയെ ഹൃദ്രോഗ സാധ്യതകൊണ്ട് ഗുണിച്ചുകിട്ടുന്ന സംഖ്യയായിരിക്കും എന്നത് ഒരു ഉദാഹരണമാണ്). ഇതനുസരിച്ച് ഒരു കോട്ട് ഡെത്ത് ഉണ്ടാകാനുള്ള സാധ്യത 1/8500 ആണെങ്കിൽ, രണ്ടെണ്ണം ഒരു വീട്ടിൽതന്നെ ഉണ്ടാകാനുള്ള സാധ്യത 1/8500 * 1/8500 ആയിരിക്കും. ചുരുക്കിപറഞ്ഞാൽ രണ്ടു കോട്ട് ഡെത്ത് ഒരു വീട്ടിൽതന്നെ ഉണ്ടാകുന്നത് ആകസ്മികമാണെന്നു കരുതുവാൻ വയ്യ. അതിനു പുറകിൽ വേറെന്തോ കാരണം കാണണം.

എന്നാൽ സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധന്മാരുടെ അഭിപ്രായത്തിൽ ഈ കേസിൽ പെരുക്കൽ നിയമം ബാധകമല്ല. കാരണം ഒരു വീട്ടിൽ ഉണ്ടാകുന്ന രണ്ടു ജനനങ്ങൾ സ്വതന്ത്ര സംഭവങ്ങൾ (ഇൻഡിപ്പെൻഡൻ്റ് ഇവൻ്റുകൾ) ആയി കാണാൻ കഴിയില്ല, കാരണം അവ തമ്മിൽ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ആ മരണങ്ങളും ബന്ധപ്പെട്ടിരിക്കും.  പ്രൊബെബിലിറ്റിയുടെ മറ്റൊരു നിയമം ആണ് ഇവിടെ ബാധകം- കണ്ടീഷനൽ പ്രൊബബിലിറ്റി അഥവാ സോപാധിക സാധ്യത. ഒരു മരണം ഉണ്ടായി എന്നിരിക്കെ, മറ്റൊരു മരണം ഉണ്ടാകാനുള്ള സാധ്യതയെ ഒരു സോപാധിക സാധ്യതയായി കണക്കാക്കം. സാങ്കേതികമായി ഇതിനെ, ‘പ്രൊബബിലിറ്റി ബി ,ഗിവൺ പ്രൊബബിലിറ്റി ഏ’, അഥവാ ഏ നടന്നാൽ ബി നടക്കാനുള്ള സാധ്യത എന്നു പറയാം. നേരത്തേ പറഞ്ഞ ഉദാഹരണം അവലംബിച്ചാൽ, പ്രമേഹരോഗമുള്ള ഒരാൾക്ക് ഹൃദ്രോഗസാധ്യത എത്രയായിരിക്കും എന്ന വിധത്തിലുള്ള കണക്കാണ് ഇവിടെ പ്രസക്തം. പ്രമേഹരോഗം ഉള്ള ഒരാൾക്ക് ഹൃദ്രോഗസാധ്യത സാധാരണ ഒരാളെ അപേക്ഷിച്ചു കൂടുതലായിരിക്കും; അതുപോലെ ഒരു കോട്ട് ഡെത്ത് ഉണ്ടായ വീട്ടിൽ മറ്റൊരെണ്ണം ഉണ്ടാകാനുള്ള സാധ്യത സാധാരണയിൽ കവിഞ്ഞതായിരിക്കും. വിദഗ്ദ്ധ സ്റ്റാറ്റിസ്റ്റിഷ്യന്മാരുടെ കണക്കുകൂട്ടലിൽ, സാലിയുടെ ഒന്നാമത്തെ കുട്ടി കോട്ട് ഡെത്ത് മൂലം മരിച്ചു എന്നിരിക്കെ, രണ്ടാമത്തെ കുട്ടിയും അങ്ങനെ മരിക്കാനുള്ള സാധ്യത അറുപതിൽ ഒന്ന് ( 1/60)  എന്നത് ആയിരുന്നു. അതായത് ആകസ്മികമായിത്തന്നെ അങ്ങനെ സംഭവിക്കാൻ നല്ല സാധ്യതയുണ്ട്. ബ്രിട്ടിഷ് സ്റ്റാറ്റിസ്റ്റിഷ്യന്മാരുടെ സംഘടനയായ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി ഈ കേസിൽ മീഡോവിന്റെ മൊഴിക്കെതിരായി മൊഴികൊടുക്കാൻ തയ്യാറായി. നിർണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു അത്. കേസ് വീണ്ടും പരിഗണിക്കപ്പെട്ടു. സാലി നിരപരാധിയാണെന്നു കണ്ടെത്തി. 2003ൽ അവരെ വെറുതെ വിടുകയും ചെയ്തു.

സാലി ക്ലാർക്ക് (Sally Clark) – 2003 ജനുവരി 29 കോടതിക്ക് പുറത്ത്

എന്നാൽ സാലിയുടെ കഥ ശുഭപര്യവസായി ആയില്ല. കേസിന്റെയും ജെയിൽ വാസത്തിന്റെയും ഇടയിൽ സാലി വീണ്ടും ഒരാൺകുഞ്ഞിനു ജന്മം നൽകിയിരുന്നു. എന്നാൽ സംഘർഷഭരിതമായ ഈ കാലഘട്ടം അവർക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. രണ്ടു കുഞ്ഞുങ്ങളുടെ കൊലപാതകിയായ അമ്മ എന്ന ലേബലും, മൂന്നാമത്തെ കുഞ്ഞിനെ പിരിഞ്ഞിരിക്കേണ്ടിവന്നതും അവരുടെ മാനസികാരോഗ്യത്തെ തകർത്തുകളഞ്ഞു. അവരെ വളരെയധികം സ്നേഹിക്കുകയും അവർ കുറ്റവാളിയാണെന്ന് ഒരു നിമിഷം പോലും വിശ്വസിക്കാതിരിക്കുകയും (സാലിയുടെ സ്വന്തം വാക്കുകളിൽ) ചെയ്ത ഭർത്താവിനുപോലും അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞില്ല. സാലി ക്ലാർക്ക് 2007ൽ മരണമടഞ്ഞു. മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത് ‘അൽകോഹോൾ പോയിസണിംഗ്’ എന്നാണ്- ഒരു വിധത്തിൽ പറഞ്ഞാൽ അമിത മദ്യപാനം!

സ്വന്തം പിടിപ്പുകേടുകൊണ്ട് ഒരു നിരപരാധിയെ ജെയിലിലേക്ക് തള്ളിവിട്ട ഡോ. മീഡോവിനും നിയമ നടപടി നേരിടേണ്ടിവന്നു. ഈ കേസും മറ്റു ചില കേസുകളും ആധാരമാക്കി അദ്ദേഹത്തിന്റെ പ്രാക്റ്റീസിനുള്ള ലൈസൻസ് റദ്ദാക്കപ്പെട്ടു. പിന്നീട് പുനസ്ഥാപിച്ചുവെങ്കിലും അത് അദ്ദേഹത്തിന്റെ പ്രശസ്തിക്കേല്പിച്ച ആഘാതം ചില്ലറയല്ല.

തൊണ്ണൂറുകളിൽ യു കെ യിൽ കോട്ട് ഡെത്തിന്റെ എണ്ണം പ്രതിവർഷം 1500നു അടുത്തായിരുന്നു. എന്നാൽ ഇത് ഇപ്പോൾ വർഷം തോറും 200 അടുപ്പിച്ചു മാത്രമേ  വരുന്നുള്ളു. ഈ പ്രതിഭാസത്തെക്കുറിച്ചു നടത്തിയ പഠനങ്ങളും, തീവ്രമായ ഒരു പ്രതിരോധ കാമ്പ്യെയ്നുമാണ് ഇതിനു കാരണം. ‘ബാക് ടു സ്ലീപ്പ്’ എന്നതായിരുന്നു പ്രതിരോധ കാമ്പെയ്ന്റെ തലവാചകം. ബ്രിട്ടനിലും മറ്റ് പാശ്ചാത്യസമൂഹങ്ങളിലും ചെറിയകുട്ടികളെ കമിഴ്ത്തിക്കിടത്തിയാണ് ഉറക്കാറുണ്ടായിരുന്നത്. മലർന്നു കിടക്കുമ്പോൾ ഛർദ്ദിക്കുകയോ മറ്റോ ചെയ്താൽ ഭക്ഷണാവശിഷ്ടങ്ങൾ ശ്വാസനാളത്തിൽ കുടുങ്ങാൻ സാധ്യതയുണ്ട് എന്ന വിശ്വാസത്തിന്റെ പുറത്താണ് ഈ രീതി പിന്തുടർന്നിരുന്നത്.  ശിശുപരിപാലനത്തെക്കുറിച്ചുള്ള പ്രശസ്തമായ ഡോ.ബെൻജ്ജമിൻ സ്പോക്കിന്റെ പുസ്തകത്തിലും അവരെ കമഴ്ത്തിക്കിടത്താനാണ് ഉപദേശിക്കുന്നത്. (കുട്ടികളെ മലർത്തിക്കിടത്തി ഉറക്കുന്ന സമ്പ്രദായമുള്ള ഏഷ്യൻ സമൂഹങ്ങളിൽ കോട്ട് ഡെത്ത് വളരെ അപൂർവ്വമാണെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. പക്ഷെ ഈ വസ്തുതയിൽനിന്ന് ഒന്നും പഠിക്കാൻ യൂറോപ്യന്മാർ തയ്യാറായില്ല എന്നതാണു വാസ്തവം). എങ്കിലും കോട്ട് ഡെത്തിന്റെ എണ്ണം ഇരുനൂറിൽ നിന്നും താഴാതെ നിൽക്കുന്നു എന്നുള്ളതുകൊണ്ട് നമുക്ക് പിടികിട്ടാത്ത ചില ഘടകങ്ങളും ഇതിനു പിന്നിലുണ്ട് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

കഥ തുടരുന്നു- ലൂസിയ ഡി ബെർക്

സാലി ക്ലാർക്ക് ജയിൽ മോചിതയായ 2003ൽ തന്നെ നെതർലൻഡ്സിലെ ഹേഗ് നഗരത്തിലെ ഒരു കോടതി ലൂസിയ ഡി ബെർക് (Lucia de Berk) എന്നുപേരുള്ള നേഴ്സിനെ ജീവപര്യന്തം തടവിനു വിധിച്ചു. അവർ ജോലി ചെയ്തിരുന്ന കുട്ടികളുടെ ആശുപത്രിയിൽ, അവരുടെ ജോലി സമയത്ത്, വിശദീകരിക്കാനാകാത്ത കുട്ടികളുടെ മരണങ്ങൾ തുടരെ ഉണ്ടായി എന്നത് സംശയാസ്പദമാണ് എന്നതായിരുന്നു കേസിനാധാരം. ഏഴോളം മരണങ്ങളിലാണ് അവരുടെ അശ്രദ്ധയോ, പങ്കാളിത്തമോ സംശയിക്കപ്പെട്ടത്. ഈ കേസിലും ഏറ്റവും പ്രധാനമായ തെളിവ് സ്റ്റാറ്റിസ്റ്റിക്സിനെ ആധാരമാക്കിയുള്ളതായിരുന്നു- അതായത് ഒരേ നേഴ്സിന്റെ ഡ്യൂട്ടി സമയത്ത് ഇത്രയും മരണങ്ങൾ സംഭവിക്കാനുള്ള സാധ്യത 34 കോടിയിൽ ഒന്ന് എന്നത് മാത്രമാണ് എന്ന കണക്കാണ് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ അത് ആകസ്മികം എന്നു കരുതാനവില്ല എന്ന പ്രോസിക്ക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ലൂസിയക്കു വേണ്ടി അപ്പീലുകൾ സമർപ്പിക്കപ്പെട്ടെങ്കിലും അവയെല്ലാം തള്ളിക്കളയുകയാണുണ്ടായത്.

ലൂസിയ ഡി ബെർക് (Lucia de Berk)

ഈ കേസ് നെതർലാൻഡ്സിൽ വലിയ പൊതുജനശ്രദ്ധ ആകർഷിച്ചു. അവിടെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസ്സറായിരുന്ന റിചാഡ് ഗിൽ ഈ കേസിൽ താല്പര്യമെടുത്തു. അദ്ദേഹം അതുവരെ ചെയ്തിരുന്ന റിസർച്ച് ക്വാണ്ടം ഫിസിക്സിൻ്റെ സ്റ്റാറ്റിസ്റ്റിക്കൽ വശങ്ങളെക്കുറിച്ചുള്ളതായിരുന്നു. നാട്ടിൽ നടക്കുന്ന പുകിലുകളെക്കുറിച്ച് അദ്ദേഹത്തിനു ഒട്ടൊന്നും അറിയുമായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ, അദ്ദേഹത്തിന്റെ ഭാര്യ ‘റിചാഡ്, നിങ്ങൾ ഒരു സ്റ്റാറ്റിസ്റ്റിഷ്യനല്ലേ? മനുഷ്യർക്ക് പ്രയോജനമുള്ള വല്ലതും ചെയ്യൂ. ഈ കേസ് നിങ്ങൾ പരിശോധിക്കൂ’ എന്ന് പറഞ്ഞ് ലൂസിയയുടെ കേസ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. അദ്ദേഹവും സഹപ്രവർത്തകരും ഈ കേസിൽ ഉപയോഗിച്ചിരുന്ന സ്റ്റാറ്റിസ്റ്റിക്കൽ വാദങ്ങളിൽ ചില പ്രധാന പഴുതുകൾ കണ്ടെത്തി:

  1. ലൂസിയ ജോലി ചെയ്ത പല ആശുപത്രികളിലും ഇതുപോലെ മരണങ്ങൾ ഉണ്ടായി എന്നും, അവയെല്ലാം അവരുടെ ഡ്യൂട്ടി സമയത്തു തന്നെ ആകസ്മികമായി ഉണ്ടാകാനുള്ള സാധ്യത, അവയുടെ ഓരോന്നിന്റെയും  സാധ്യതകൾ ‘മൾട്ടിപ്ലിക്കേറ്റീവ് ലാ ഓഫ് പ്രൊബാബിലിറ്റി’ (പെരുക്കൽ നിയമം- പല സ്വതന്ത്ര സംഭവങ്ങൾ ഒരുമിച്ച് സംഭവിക്കാനുള്ള പ്രൊബാബിലിറ്റി, ഓരോന്നിന്റെയും പ്രൊബാബിലിറ്റി തമ്മിൽ ഗുണിച്ചുകിട്ടുന്ന സംഖ്യ ആയിരിക്കും എന്ന നിയമം) ഉപയോഗിച്ചു പരിശോധിക്കുമ്പോൾ തീരെ ചെറിയ, പൂജ്യത്തോട് അടുത്തുനിൽക്കുന്ന ഒരു സംഖ്യയാണ് കിട്ടുക എന്നും, അതുകൊണ്ട് മൊത്തത്തിൽ ആകസ്മികം എന്നു പറയാൻ പറ്റില്ലെന്നും, ഇവ തമ്മിലുള്ള ബന്ധം ലൂസിയ എന്ന നേഴ്സ് ആണെന്നും ആയിരുന്നു അവർക്കെതിരായ പ്രധാന വാദം.  ഒരു പ്രൊബാബിലിറ്റി, അതെത്രതന്നെ ചെറിയതാണെങ്കിലും, അതിനെ വിശദീകരിക്കണമെങ്കിൽ, അതിനെ മറ്റൊന്നിനോട് താരതമ്യം ചെയ്തുകൊണ്ടായിരിക്കണം എന്നതായിരുന്നു ഗില്ലിൻ്റെയും മറ്റും എതിർ വാദം, ഇവിടെ ലൂസിയയുടെ ഡ്യൂട്ടിസമയത്തുണ്ടായ അത്യാഹിതങ്ങൾ മാത്രമാണു പരിശോധിക്കപ്പെട്ടത്. ലൂസിയയുടെ അതേ പരിചയനിലവാരമുള്ള മറ്റു നേഴ്സുകളുടെ ഡ്യൂട്ടി സമയത്തും ഇതുപോലെയൊക്കെ സംഭവിക്കാൻ ഇടയുണ്ട്. അത് പരിശോധിക്കാതെ അവരുടെ ഡ്യൂട്ടിസമയത്ത് നടന്ന വിശദീകരിക്കാനാകാത്ത മരണങ്ങൾ ആകസ്മികമല്ല എന്നു തീരുമാനിക്കാൻ പറ്റില്ല.
  2. രണ്ടാമത്, ഒരു നേഴ്സ് ഓരോ തവണ ജോലി മാറുമ്പോഴും ഒരു പുതിയ അന്തരീക്ഷത്തിലേക്കാണു എത്തിപ്പെടുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ തവണ ജോലി മാറിയിട്ടുള്ള ഒരു നേഴ്സിൻ്റെ ഡ്യൂട്ടി സമയത്തു നടന്ന അത്യാഹിതങ്ങളുടെ പ്രൊബാബിലിറ്റി തമ്മിൽ പെരുക്കിയാൽ വളരെ ചെറിയ ഒരു സംഖ്യയായിരിക്കും കിട്ടുക. പക്ഷെ കൂടുതൽ തവണ ജോലി മാറുന്നതുകൊണ്ടു മാത്രം നേഴ്സിൻ്റെ പേരിൽ കുറ്റം ആരോപിക്കപ്പെടുന്ന അവസ്ഥയിലേക്ക് ഈ വാദം എത്തിച്ചേരുന്നു. അതുകൊണ്ടുതന്നെ അത് നിലനിൽക്കുന്നതല്ല.
  3. ലൂസിയയുടെ ആദ്യകേസുകൾ പുറത്തുവന്നതിനുശേഷം, അതേ ആശുപത്രികളിൽ നടന്ന പല സ്വാഭാവികമരണങ്ങളും അവരുടെ ഡ്യൂട്ടിസമയത്തായിരുന്നു എന്നതിന്റെ പേരിൽ സംശയത്തിൻ്റെ നിഴലിൽ വരികയും, അവയെ പുന:പരിശോധിച്ച് വിശദീകരിക്കാനാവാത്ത മരണങ്ങളുടെ ലിസ്റ്റിൽ പെടുത്തുകയും ഉണ്ടായി. ഇതും അവർക്കെതിരായ കേസിന്റെ ഗൗരവം വർദ്ധിക്കാൻ ഇടവന്നു. എന്നാൽ ഇതൊരുതരം ‘റിവേഴ്സ് കോസാലിറ്റി’- കാര്യകാരണബന്ധത്തെ തലതിരിച്ചു വീക്ഷിക്കുന്ന രീതി- ആണെന്ന വാദവും കോടതി അംഗീകരിച്ചു. അതുകൊണ്ട് ആദ്യം ഉണ്ടായ കേസുകളെ മാത്രം ആധാരമാക്കി തീരുമാനം തിരുത്താൻ ഇടയായി.

ഗില്ലിന്റെയും സഹപ്രവർത്തകരുടെയും കണക്കുപ്രകാരം ലൂസിയയുടെ കേസിൽ ഉണ്ടായ മരണങ്ങൾ ആകസ്മികമായി അവരുടെ ഡ്യൂട്ടി സമയത്തു സംഭവിച്ചിരിക്കാനുള്ള സാധ്യത 25ൽ ഒന്ന് എന്ന ഉയർന്ന സംഖ്യയാണ്. അതായത് അവർ ഡ്യൂട്ടിയിൽ ആയിരുന്നു എന്നത് തികച്ചും ആകസ്മികമായ ഒരു സംഭവം മാത്രമായിരുന്നു എന്ന് അനുമാനിക്കാം. വലിയ ഒരു നിയമ പോരാട്ടത്തിനുശേഷം ലൂസിയയുടെ കാര്യത്തിലും സ്റ്റാറ്റിസ്റ്റിക്സിൻ്റെ തെറ്റായ ഉപയോഗമാണ് അവരെ ജയിലിൽ എത്തിച്ചതെന്ന നിഗമനത്തിലാണ് നെതർലൻഡ്സിന്റെ സുപ്രീം കോടതി എത്തിച്ചേർന്നത്. അവരെ വെറുതെ വിടുകയും, നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു.

സ്റ്റാറ്റിസ്റ്റിക്സിന്റെ പല തെറ്റായ ഉപയോഗങ്ങളും സർവസാധാരണമാണ്. (അതുകൊണ്ടുതന്നെ സ്റ്റാറ്റിസ്റ്റിക്സ് പൊതുജനം സംശയത്തോടെ കാണുന്ന ഒരു വിഷയമായിത്തീർന്നിട്ടൂണ്ട്. ഇതിനെപറ്റിയുള്ള പല തമാശകളും പ്രസിദ്ധമാണല്ലോ). ഇവയിൽ ഒരു പക്ഷേ ഏറ്റവും ഗൗരവം ഇതുപോലെയുള്ള ക്രിമിനൽ കുറ്റങ്ങളുടെ വിചാരണസമയത്തുള്ള വളച്ചൊടിക്കലുകൾ ആയിരിക്കാം. ഇവയിൽ നിന്ന് ഏറ്റവും പ്രസിദ്ധമായ ഒന്നു രണ്ടെണ്ണമാണ് മുകളിൽ സൂചിപ്പിച്ചത്. ഇവ കൂടാതെ ഒരുപാടെണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച് ശരിയായി കുറ്റം തെളിയിച്ച കഥകളും അപൂർവമല്ല.


Happy
Happy
45 %
Sad
Sad
10 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
5 %

One thought on “കോടതി കയറുന്ന സ്റ്റാറ്റിസ്റ്റിക്സ് !

Leave a Reply

Previous post ധൂമകേതുവിനെ വരവേൽക്കാം – COMET LUCA TALK വീഡിയോ കാണാം
Next post മാത്തമാറ്റിക്കല്‍ മോഡലുകളുടെ പ്രാധാന്യം
Close