Mon. Jun 1st, 2020

LUCA

Online Science portal by KSSP

നെതര്‍ലണ്ടില്‍, റോഡില്‍ നിന്നും വൈദ്യുതി ഉണ്ടാകുന്നു !

റോഡില്‍ സോളാര്‍പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി നെതര്‍ലണ്ടില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു.
Solar Road

പുതുക്കാനാവാത്ത പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് സുസ്ഥിരവും ഹരിതവുമായ ഊര്‍ജ്ജരൂപങ്ങളിലേക്ക് മാറാനുള്ള ശ്രമം ലോകമെമ്പാടും നടന്നു വരുന്നു. ഈ മാറ്റത്തിന്  ഗതിവേഗം പകരുന്ന ഒരു വാര്‍ത്ത ഇതാ നെതര്‍ലാന്‍ഡ്‌സില്‍ നിന്നും:

സോളാർ  പാനലുകൾ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുക നിലത്തോ, മേൽക്കൂരയിലോ ചരിച്ച്‌ വെയ്ക്കുന്ന പാനലുകളാണ്. എന്നാൽ സൊളാർ പാനലുകൾ പാകിയുണ്ടാക്കിയ ഒരു റോഡിനെ കുറിച്ച് സങ്കല്പിച്ചു നോക്കൂ. റോഡ് നിര്‍മ്മിക്കാന്‍ കരങ്കല്ലിന് പകരം സോളാര്‍ പാനലുകള്‍ ! നെതര്‍ണ്ടില്‍ ഏതായാലും അത്തരമൊരു പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു. സൂര്യപ്രകാശം ധാരാളം ലഭ്യമാകുന്ന വിധത്തില്‍ തുറന്നുകിടക്കുന്നവയാണ് റോഡുകള്‍. മാത്രമല്ല പാനലുകല്‍ സ്ഥാപിക്കാന്‍ പ്രത്യേകമായി സ്ഥലം കണ്ടെത്തേണ്ട ആവശ്യവും ഇല്ല. കഴിഞ്ഞ വര്‍ഷമാണ്‌ ലോകത്തെ ആദ്യത്തെ സോളാര്‍ റോഡ്‌ നെതര്‍ലാന്‍ഡ്‌സിലെ ക്രോമേനി എന്ന പട്ടണത്തില്‍ സ്ഥാപിക്കപ്പെട്ടത്. സൈക്കിളുകള്‍ക്ക് സഞ്ചരിക്കുവാനുളള റോഡാണ് 230 അടി നീളമുള്ള ഈ സോളാര്‍ റോഡാക്കി മാറ്റിയത്. ഈ സോളാര്‍ പാതയില്‍ നിന്ന് ഒരു വീട്ടിലേക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ വൈദ്യുതി, ഏകദേശം 3000kWh ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്നത് ശാസ്ത്രജ്ഞരേപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഒരു ചതുരശ്ര മീറ്ററില്‍ നിന്ന് പ്രതിവര്‍ഷം 70kWh വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ നവംബറില്‍ ആരംഭിച്ച ഈ റോഡില്‍ നിന്നും ഇതുവരെ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചുകഴിഞ്ഞു. ഗ്ലാസ്, സിലിക്കണ്‍ റബ്ബര്‍, കോണ്‍ക്രീറ്റ് എന്നിവക്കിടയില്‍ സാന്‍വിച്ച് ചെയ്തതാണ് ഇതില്‍ ഉപയോഗിക്കുന്ന സോളാര്‍ പാനലുകള്‍.

Solar Road_2ഇവയിലൂടെ എങ്ങനെ വാഹനങ്ങള്‍ ഓടും എന്നാണോ സംശയം? 12 ടണ്‍ ഭാരമുള്ള വാഹനങ്ങളെ വരെ താങ്ങാന്‍ ഈ സോളാര്‍ പാതയ്ക്ക് കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഓരോ പാനലും സ്മാര്‍ട്ട്‌ മീറ്ററുകളുമായി പ്രത്യേകം ഘടിപ്പിച്ചിരിക്കുന്നു. ഇവയില്‍  നിന്നും വൈദ്യുതി നേരിട്ട് വൈദ്യുതിവിതരണ ഗ്രിഡിലേക്ക് നല്‍കുകയോ അല്ലെങ്കില്‍ വഴി വിളക്കുകള്‍ കത്തിക്കുന്നതിനായി ഉപയോഗിക്കുകയോ ചെയ്യാം. ഒരു പാനലിന്‍റെ പ്രവര്‍ത്തനം തകരാറിലായാലും മറ്റ് പാനലുകള്‍ക്ക്‌ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഈ രൂപകല്‍പ്പന കൊണ്ട് സാധിക്കുന്നു. പകല്‍ കൊയ്തെടുക്കുന്ന സൗരോര്‍ജ്ജം ഉപയോഗിച്ച് LED വിളക്കുകള്‍ പ്രകാശിപ്പിച്ച് രാത്രി സ്വയം വഴികാട്ടുന്ന വിധത്തിലേക്ക് ഇതിനെ വികസിപ്പിക്കാനും കഴിയും.

കഴിഞ്ഞ ആറുമാസത്തിനിടെ ഒന്നരലക്ഷത്തിലധികം സൈക്കിളുകള്‍ ഈ പാതയിലൂടെ യാത്ര നടത്തി. ഗാര്‍ഹിക സോളാര്‍ പാനലുകള്‍ പോലെ 20 വര്‍ഷമാണ്‌ ഈ പാനലുകളുടെയും കാലാവധി പ്രതീക്ഷിക്കുന്നത്. പാതയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഇനിയും പഠനങ്ങള്‍ നടത്തേണ്ടതുണ്ട് . 2016 ആകുമ്പോഴേക്ക് 328 അടിയായി സോളാര്‍ പാതയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാനാണ് പദ്ധതിയുടെ ഉജ്ഞാതാക്കളായ സോളാ റോഡ് എന്ന പുതുമുഖ സംരഭകര്‍ ലക്ഷ്യമിടുന്നത്.  അമേരിക്കയില്‍ സോളാര്‍ റോഡ്‌ സ്ഥാപിക്കുന്നതിനായി ഈയിടെ ജനങ്ങളില്‍ നിന്ന് 2.2 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. ചിലവ് കുറയ്ക്കാനും സുരക്ഷ, പാനലുകളുടെ പ്രവര്‍ത്തന മികവ് ഉറപ്പുവരുത്താനും കഴിഞ്ഞാല്‍ സൗരോര്‍ജ്ജ പാതകള്‍ ലോകമെങ്ങും യാഥാര്‍ത്ഥ്യമാകും.

[divider] അവലംബം :
സയന്‍സ് അലര്‍ട്ട് . കോം

[author image=”http://luca.co.in/wp-content/uploads/2014/08/Sangeetha_C.png” ]സംഗീത ചേനംപുല്ലി,
അസി. പ്രൊഫസര്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്
[email protected] [/author]

 

 

%d bloggers like this: