Read Time:35 Minute

ചെന്നായയുടെ മുഖാകൃതിയും  അറപ്പും ഭയവും ഉണ്ടാക്കുന്ന  രൂപവും ഡ്രാക്കുളക്കഥകളുടെ ഓർമ്മയും  ഒക്കെകൂടി പൊതുവെ വവ്വാലിനെ അടുത്ത് കാണുന്നത്  പലർക്കും ഇഷ്ടമല്ല. പഴം തീനി വവ്വാലുകളാണ് കോവിഡും നിപ്പയും നമ്മളിലേക്ക് എത്തിച്ചത് എന്ന അറിവുകൂടിയായപ്പോൾ  ശത്രുവായി അവരെ പ്രഖാപിച്ച് കഴിഞ്ഞു. വെറും ശല്യക്കാരായ വൃത്തികെട്ട വവ്വാലുകളെ മൊത്തമായി ഇല്ലാതാക്കുന്നതാണ് നമുക്ക് നല്ലത് എന്നും, അവ സ്ഥിരമായി ചേക്കേറുന്ന വന്മരങ്ങളിൽ നിന്നും  കാവുകളിൽ നിന്നും , ഒഴിഞ്ഞ കെട്ടിടങ്ങളിൽ നിന്നും ഓടിക്കുകയോ കൊല്ലുകയോ ചെയ്താൽ പ്രശ്നപരിഹാരമായി എന്നും  കരുതുന്നവർ  അതിന് ശ്രമം തുടങ്ങിക്കഴിഞ്ഞു. 

അല്ലെങ്കിലും പണ്ടേ മനുഷ്യർക്കെല്ലാം ഇഷ്ടമില്ലാത്ത ജീവിയാണ് വവ്വാൽ. പ്രേത, രക്തരക്ഷസ്സ്  സിനിമക്കഥകൾക്കൊക്കെ ഒരു പഞ്ച് കിട്ടണമെങ്കിൽ നാലഞ്ച് വവ്വാലെങ്കിലും ചറപറ പറക്കുന്ന സീൻ വേണം എന്നാണ് അവസ്ഥ.. മനുഷ്യർ പരിണമിച്ച് ഉണ്ടായിട്ട്   വളരെ കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും അൻപത്  ലക്ഷം വർഷം മുമ്പേ പരിണമിച്ച് ഈ ഭൂമിയിൽ വാഴുന്നവരാണ് വവ്വാലുകൾ. പതിനായിരത്തിൽ കുറവ് വർഷങ്ങളെ ആയിട്ടുള്ളു വാവലുകളുമായി മനുഷ്യർ സമ്പർക്കത്തിൽ ആയിട്ട്.

എന്നാൽ ഇപ്പോൾ നമ്മുടെ പേടിസ്വപ്നമായ  പല  വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ  തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്.  അവയ്ക്ക്  രോഗമോ പ്രശ്നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി  വന്നവയാണ്.  ഇത്തരം വൈറസുകൾ  ഇവരിൽ എന്തുകൊണ്ടാണ് രോഗം ഉണ്ടാക്കി കൊല്ലാത്തതെന്നും നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നതെന്നും,  ഇവയുടെ ഉള്ളിൽ നിന്നും ഇവ മനുഷ്യരിലേക്ക് പടർന്നത് എങ്ങിനെ എന്നും അറിയുന്നത് നല്ലതാണ്. അതിനു  മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ  പരിചയപ്പെടാം.

വവ്വാലുകൾ പലവിഭാഗം

നട്ടെല്ലുള്ള ജീവികളിൽ (Vertebrates) പ്രസവിക്കുകയും മുലയൂട്ടുകയും  ചെയ്യുന്ന സസ്തനികൾ (Mammals) എന്ന വിഭാഗത്തിലാണ് വവ്വാലുകൾ  ഉൾപ്പെടുക.  പറക്കാൻ കഴിയുന്ന ഒരേയൊരു സസ്തനിയാണ്  കൈറോപ്ട്ടീറ (Chiroptera) എന്ന ഓർഡറിൽ ഉൾപ്പെടുന്ന ഇവർ. വാവൽ, വവ്വാൽ,  കടവാതിൽ, കടവാവൽ, നരിച്ചീറ്, പാർകാടൻ, പാറാടൻ തുടങ്ങി പല  പേരുകളിൽ അറിയപ്പെടുന്ന ഇവർക്ക് പക്ഷികളുടേതുപോലെ പറക്കാൻ തൂവലുകൾ കൊണ്ടുള്ള  ചിറകുകൾ ഒന്നും ഇല്ല. മുങ്കാലുകളിലെ വിരലുകൾക്ക് ഇടയിലുള്ള  പെറ്റാജിയം (Petagium) എന്ന  നേർത്ത സ്തരമാണ്  ചിറകായി കണക്കാക്കുന്നത്. പറക്കാനുള്ള കഴിവുകാരണം അന്റാർട്ടിക്കയിലും ഒറ്റപ്പെട്ട  ചില ദ്വീപുകളിലും ഒഴികെ ഭൂമിയിൽ  സർവ്വയിടങ്ങളിലും കാണുന്ന ഏക സസ്തനി ഇനവും ഇവരാണ്. ലോകത്ത് ആകെയുള്ള സസ്തനി ഇനങ്ങളുടെ 22%  വവ്വാൽ ഇനങ്ങളാണ്.1400 സ്പീഷിസ് വവ്വാലുകളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്.  പ്രധാനമായും രണ്ട് വിഭാഗം  വവ്വാലുകളാണുള്ളത്. പഴങ്ങൾ പ്രധാന ഭക്ഷണമായിട്ടുള്ള വലിപ്പം കൂടിയ മെഗാ ബാറ്റുകളും. ശബ്ദ പ്രതിധ്വനികൾ ഉപയോഗിച്ച് കൂരിരുളിലും ഷഡ്പദങ്ങളേയും മറ്റ് കുഞ്ഞ് ജീവികളേയും  ‘കണ്ടെത്തി‘ ആഹരിക്കുന്ന കുഞ്ഞൻ ‘മൈക്രോ ബാറ്റു‘കളും. കൂടാതെ തേങ്കുടിയന്മാരായ വാവലുകളും ധാരാളം ഉണ്ട്.

അപൂർവ്വമായി  മനുഷ്യരുടേത് ഉൾപ്പെടെ മൃഗരക്തം കുടിച്ച് ജീവിക്കുന്ന വാമ്പയർ ബാറ്റുകളും മീൻ പിടിയന്മാരായ ഇനം വവ്വാലുകളും കൂടി ഇതോടൊപ്പം ഉണ്ട്. അമേരിക്കൻ വൻ കരയിൽ മാത്രം കാണുന്ന ഇവയെയും മൈക്രോ ബാറ്റുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൂരിഭാഗം ഇനങ്ങളും രാത്രി സഞ്ചാരികളും പകൽ സമയങ്ങളിൽ മരക്കൊമ്പുകളിലും കിണർ, ഗുഹകൾ, പാലത്തിന്റെ അടിഭാഗം, ആൾത്താമസമില്ലാത്ത കെട്ടിടങ്ങളുടെ മച്ച് ,  തുടങ്ങിയ സുരക്ഷിത സ്ഥാനങ്ങളിൽ തലകീഴായി തൂങ്ങിക്കിടന്ന് വിശ്രമിക്കുന്നവരും ആണ്.

ഏറ്റവും വലിപ്പം കൂടിയ വാവലുകൾ –   ഫിലിപ്പീൻസിൽ കാണുന്ന  പറക്കും കുറുക്കൻ (Giant golden-crowned flying fox )

ഏറ്റവും വലിപ്പം കൂടിയ വാവലുകളായി കണക്കാക്കുന്നത്  ഫിലിപ്പീൻസിൽ കാണുന്ന  പറക്കും കുറുക്കൻ (Giant golden-crowned flying fox ) ആണ്. അതിന് 1.6കിലോഗ്രാം വരെ തൂക്കമുണ്ടാകും. ചിറകുവിടർത്തു വീതി 1.7 മീറ്റർ കാണും. എന്നാൽ തായ്ലാന്റിലും മ്യാന്മറിലും ഉള്ള ചുണ്ണാമ്പ് ഗുഹകളിൽ കാണുന്ന ‘കിറ്റി‘യുടെ പന്നിമൂക്കൻ വവ്വാലുകളാണ് (Kitti’s hog-nosed bat) ഏറ്റവും ചെറിയ വവ്വാൽ ഇനം. ഒരു ഇഞ്ചിനടുത്ത് മാത്രമാണ് ഇവരുടെ വലിപ്പം – രണ്ട് മൂന്നു ഗ്രാം തൂക്കവും കാണും.

ഏറ്റവും ചെറിയ വവ്വാലുകൾ – ‘കിറ്റി‘യുടെ പന്നിമൂക്കൻ വവ്വാലുകൾ (Kitti’s hog-nosed bat)

ജൈവവൈവിധ്യം കാക്കുന്നതിൽ വവ്വാലിനും വലിയ പങ്കണ്ട്

പഴങ്ങൾ തിന്നു ജീവിക്കുന്ന വവ്വാലുകൾ കൃഷിയിടങ്ങളിലെ  വിളവുകൾ നശിപ്പിക്കുന്നുണ്ടെങ്കിലും നൂറുകണക്കിന് ഇനം സപുഷ്പി സസ്യങ്ങളുടെ പ്രധാന  പരാഗണ സഹായി വവ്വാലുകൾ ആണ്.. കൂടാതെ  വിത്ത് വിതരണത്തിനും വലിയ സഹായം ഇവർ  ചെയ്യുന്നുണ്ട്. ഭാരമുള്ള പഴങ്ങൾ പോലും കൊത്തികൊണ്ടുപോയി വിശ്രമ സ്ഥലത്ത് നിന്നും തിന്ന് അതിന്റെ വിത്തുകൾ അവിടെ ഉപേക്ഷിക്കുകയാണ് ചെയ്യുക. ഒറ്റ കശുമാവ് പോലും ഇല്ലാത്ത പറമ്പുകളിലെ ചില മരക്കീഴിൽ കിലോക്കണക്കിന് കശുവണ്ടി ലോട്ടറിയായി കിട്ടുന്നവരുണ്ട്..  ഉപദ്രവകാരികളായ പല  കീടങ്ങളെയും  കൊന്നുതീർക്കുന്നതിലും അവയുടെ എണ്ണം കൂടാതെ  നിയന്ത്രിക്കുന്നതിലും മൈക്രോ ബാറ്റുകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. കൊതുകുകളേയും, നിശാശലഭങ്ങളെയും , വിട്ടിലുകളേയും,  പലതരം ഈച്ചകളേയും ചിതലുകളുടെ കൂട്ടപ്പറക്കൽ സംഘമായ ഈയാമ്പറ്റകളേയും ഒക്കെ ശാപ്പിട്ട് തീർക്കുന്നതിൽ ഇവർ മുന്നിലാണ് . നമ്മുടെ വലിയ സഹായികൾ ആണ് വവ്വാലുകൾ എന്ന് സാരം. ഇവയൊക്കെക്കൂടിയാണ്  നമ്മുടെ ജൈവ വൈവിദ്ധ്യം കാക്കുന്നത്. ഭൂമദ്ധ്യരേഖാ പ്രദേശത്തെ പല സസ്യങ്ങളും പൂർണ്ണമായും വാവലുകളെ മാത്രം ആശ്രയിച്ച് പരാഗണവും വിത്തു വിതരണവും നടത്തുന്നവയാണ്. അത്തരം സസ്യങ്ങളിൽ പലതും രാത്രി മാത്രം പൂക്കൾ വിരിയുന്നവയും ആണ . വാവലുകൾ ഇല്ലാതായാൽ ആ സസ്യങ്ങളും വംശനാശം സംഭവിക്കാൻ സാദ്ധ്യത ഉള്ളവയാണ്.

ഒരു മണിക്കൂർ കൊണ്ട് 1200 കൊതുകുകളെ വരെ കുഞ്ഞ് നരിച്ചീറുകൾ  പറന്ന് തിന്നും. വവ്വാലുകൾ കൂട്ടമായി  ജീവിക്കുന്ന ഇടങ്ങളിലെ തറയിൽ വീണുകിടക്കുന്ന കാഷ്ടം മികച്ച വളമായി ഉപയോഗിക്കാറുണ്ട്. ഒരുകാലത്ത് വെടിമരുന്ന് നിർമ്മിക്കാൻ വവ്വാൽ കാഷ്ടം ഉപയോഗിച്ചിരുന്നു.

വവ്വാലിന്റെ പറക്കൽ

പക്ഷികൾക്ക്  തൂവലുകളും, ഭാരക്കുറവും,   എയറൊ ഡൈനമിക്ക് ശരീര ആകൃതിയും  ഒക്കെ ഉള്ളതിനാൽ പറക്കലിന്  വലിയ അധ്വാനവും ഊർജ്ജവും ആവശ്യമില്ല. എന്നാൽ വാവലുകൾ ചിറകായി വിരലുകൾക്ക് ഇടയിലെ സ്തരം  ഉപയോഗിച്ചാണല്ലോ പറക്കുന്നത്. അതിനാൽ മസിലുകൾക്ക്  വലിയ ഊർജ്ജം ആവശ്യമാണ്. പറക്കുന്ന സമയമത്രയും വളരെ  കൂടിയ അളവിൽ ഓക്സിജൻ രക്തത്തിൽ തുടർച്ചയായി കിട്ടികൊണ്ടിരുന്നാലേ ഉപാപചയം നടന്ന് ആവശ്യമായ ഊർജ്ജം മസിലുകളിൽ കിട്ടുകയുള്ളു. അതിനുവേണ്ടി, ഹൃദയം പടപടാന്ന് മിടിച്ച്  രക്തം പമ്പുചെയ്തുകൊണ്ടിരിക്കണം. നമ്മുടെ ഹൃദയം മിനിറ്റിൽ എൺപതു പ്രാവശ്യം ഒക്കെ മാത്രം മിടിക്കുമ്പോൾ ചിലയിനം കുഞ്ഞൻ വാവലുകളുടെ ഹൃദയ മിടിപ്പ് ഒരു മിനിറ്റിൽ ആയിരം തവണയൊക്കെ ആണ്. കൂടാതെ ശരീരത്തിന്റെ ആകെ വിസ്തീർണ്ണത്തിന്റെ എൺപത്തഞ്ച് ശതമാനം ചിറകുകളുടെ വിസ്തീർണ്ണമാണ്. അതിലൂടെ ശരീരത്തിലെ ശ്വസന വാതകങ്ങളേ ഡിഫ്യൂഷൻ വഴി കൈമാറ്റം ചെയ്യാനും  ഇവർക്ക് കഴിയും. ഇത്ര അധികം ഊർജ്ജം വേണ്ടി വരുന്നതിനാൽ പഴം തീനി വവ്വാലുകൾ അവയുടെ ശരീര ഭാരത്തിന്റെ ഇരട്ടി ഭക്ഷണം കഴിക്കും. ഷഡ്പദഭോജികൾ നൂറ്റിയിരുപത് ശതമാനവും.

എല്ലാ വവ്വാലുകൾക്കും  കാഴ്ചശക്തി  വളരെ കുറവാണോ ?

എല്ലാ വവ്വാലുകൾക്കും  കാഴ്ചശക്തി  വളരെ കുറവാണെന്നും , അവയെല്ലാം  ശബ്ദപ്രതിധ്വനി മാത്രം ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത് എന്നും പലർക്കും  ഒരു തെറ്റിദ്ധാരണ ഉണ്ട്.  പഴം കഴിച്ച് ജീവിക്കുന്ന മെഗ ബാറ്റുകളിൽ ഒരു സ്പീഷിസ് ഒഴിച്ച് ബാക്കിയെല്ലാത്തിനും നല്ല  കാഴ്ചശക്തിയുണ്ട്.  കണ്ണും മണമറിയാനുള്ള കഴിവും ഒക്കെ ഉപയോഗിച്ചാണ് അവ ഭക്ഷണം കണ്ടെത്തുന്നത്. എന്നാൽ പ്രാണി പിടിയന്മാരായ കുഞ്ഞൻ ഇനങ്ങൾ  കാഴ്ച ശക്തി കുറഞ്ഞവരാണ്. ശബ്ദ പ്രതിധ്വനി തന്ത്രം ഉപയോഗിച്ചാണ് ഇവർ ഇരതേടുന്നതും സഞ്ചാരവഴിയിലെ തടസങ്ങൾ അറിഞ്ഞ് ഒഴിഞ്ഞ്മാറി പറക്കുന്നതും. സഞ്ചാര പാതകളിലെ തടസങ്ങൾ ഉയർന്ന ആവൃതിയിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കി അവയുടെ പ്രതിധ്വനികൾ വിശകലനം ചെയ്ത് നിമിഷാർദ്ധം കൊണ്ട് തിരിച്ചറിയാൻ  ഇവർക്ക് കഴിയും.  പാറിക്കളിക്കുന്ന  കുഞ്ഞ് പ്രാണികളെയും ജീവികളേയും കൃത്യമായി കണ്ടെത്തി തിന്നാൻ ഇരുളിലും   പ്രാണിപ്പിടിയൻ  വാവലുകൾക്ക് ഈ സൂത്രവിദ്യകൊണ്ട് കഴിയും.  .രാത്രിയിലെ വേഗ സഞ്ചാരത്തിനിടയിൽ മുന്നിലെ തടസങ്ങൾ തിരിച്ചറിഞ്ഞ് പരിക്ക് പറ്റാതെ പറക്കാൻ സഹായിക്കുന്നതും ഇക്കോ ലോക്കേഷൻ പരിപാടികൊണ്ടാണ്. മഴയത്ത് പറന്ന് ഇരപിടിക്കാൻ ഇവർക്ക് വിഷമമാണ്. മഴത്തുള്ളികളിൽ തട്ടി ശബ്ദപ്രതിധനി വിവരങ്ങൾ ആകെ കുഴഞ്ഞുപോകും.

ഇരുളിൽ പറക്കുന്ന ഇത്രയധികം പ്രാണികളെ കൃത്യതയോടെ പിടിക്കുന്ന വാവലുകളെ പറ്റിക്കുന്ന പുലികളും പ്രാണികളിലുണ്ട്. . തലമുടി വണ്ണമുള്ള ചിലന്തി വലക്കണ്ണി പോലും ഇരുളിൽ തിരിച്ചറിഞ്ഞ് അതിലൊന്നും തൊടാതെ ചിലന്തിയെ മാത്രം റാഞ്ചി തിന്നുന്ന ഇവർ ദൂരെ പറക്കുന്ന രാപ്പാറ്റകളെ നിമിഷം കൊണ്ട് ശബ്ദത്താൽ തിരിച്ചറിഞ്ഞ് പറന്നെത്തി അകത്താക്കും. പക്ഷെ  വിഷഘടകങ്ങൾ അടങ്ങീട്ടുള്ള ടൈഗർ മോത്ത് സ്പീഷിസുകളിലെ നിശാശലഭങ്ങൾക്ക്  ശബ്ദം തിരിച്ചറിയാനുള്ള സംവിധാനം ഉണ്ട്. അവ വവ്വാലുകൾ ഉണ്ടാക്കുന്ന ശബ്ദം കേട്ടാൽ ഉടനെ അപായ സൂചന തിരിച്ചറിഞ്ഞ് –  ഞങ്ങൾ വിഷമുള്ളവയാണ്, മോശം രുചിയുള്ളതാണ്, ഒഴിവാക്കിക്കോളു മിച്ചർ,  എന്ന അപായ സിഗനൽ ശബ്ദം തിരിച്ച് ഉണ്ടാക്കി വിടും. അങ്ങിനെ വവ്വാലുകളെ അകറ്റും.  ഏറാബിഡെ വിഭാഗത്തിൽ പെട്ട Bertholdia trigona,  അഥവാ Grote’s bertholdia എന്ന ഇനം ടൈഗർ മോത്ത് നിശാശലഭത്തിനുള്ളിൽ വിഷം ഒന്നും  അടങ്ങാത്തതാണ്. ഇവരും ഇത്തരം ശബ്ദം ഉണ്ടാക്കും. സെക്കണ്ടിൽ 2500 തവണയൊക്കെ.  അത്   വവ്വാലിന്റെ ഇക്കോ ലോക്കെഷൻ സംവിധാനത്തെ ആകെകൺഫ്യൂഷനിലാക്കും. ദിശയും ദൂരവും കണക്കും ഒക്കെ  വാവലിന് തെറ്റും. ഈ സമയം കൊണ്ട് ടൈഗർ മോത്ത് തന്ത്രപരമായി രക്ഷപ്പെടും. അമേരിക്കയിൽ കാണപ്പെടുന്ന ഈ ഒറ്റയിനം മാത്രമാണ് ഇത്തരത്തിൽ വവ്വാലുകളെ കുഴപ്പത്തിൽ ആക്കുന്നതായി കണ്ടെത്തീട്ടുള്ളത്.

വവ്വാലുകൾ പറക്കാത്ത സമയമത്രയും ശീർഷാസനത്തിൽ  തൂങ്ങുന്നത് എന്തുകൊണ്ട് ?

വിശ്രമ സമയം നിലത്ത് നിൽക്കാം എന്നു വിചാരിച്ചാൽ പറ്റുകയില്ല. ഇവയുടെ പിങ്കാലുകൾ പരിണാമപരമായി നടക്കാനുള്ള ആവശ്യത്തിനായി പരിണമിച്ചവ അല്ലാത്തതിനാൽ ശോഷിച്ചതും ശരീരത്തെ താങ്ങാൻ മാത്രം കരുത്ത് ഇല്ലാത്തതും ആണ്. അതിനാലാണ് പറക്കാത്ത സമയമത്രയും ശീർഷാസനത്തിൽ തന്നെ തുടരേണ്ടി വരുന്നത്. തൂങ്ങിയുള്ള കിടപ്പ് അത്ര സുഖമുള്ള കാര്യമൊന്നുമല്ല. പറക്കാൻ കഴിയും എന്നൊക്കെ പറയാമെങ്കിലും പക്ഷികളെപ്പോലെ നിന്ന നിൽപ്പിൽ ചിറകുകൾ വീശി ശരീരത്തെ ഉയർത്താൻ ഇവർക്ക് വലയ വിഷമം ആണ്. ഹെലിക്കോപ്റ്റർ പൊങ്ങും പോലെ നിലത്ത് നിന്ന് കുത്തനെ  ഉയരാനും  കഴിയില്ല. ഓടി വേഗതകൂട്ടി അതിന്റെ സഹായത്തോടെ ടേക്കോഫ് ചെയ്യാൻ പറ്റുന്ന കരുത്തുള്ള കാലുകളും ഇല്ല. സൈക്കിൾ ബാലൻസ് ആവാത്തവർ കുന്നിറക്കത്തിൽ കൊണ്ട് വെച്ച് കയറുന്ന സൂത്രം പോലൊരു സൂത്രമാണിവർ പറക്കൽ തുടക്കത്തിന് ഉപയോഗിക്കുന്നത്. ഉയരത്തിലെ  തൂങ്ങിക്കിടപ്പിൽ കാൽ കൊളുത്ത് വിടുവിച്ച് താഴോട്ടുള്ള വീഴ്ചയ്ക്കിടയിലാണ് ടേക്കോഫിനുള്ള വേഗത ഇവർ ആർജ്ജിക്കുന്നത്. നിലത്ത് വീണുപോയ വാവലിന് പറക്കണമെങ്കിൽ ഇത്തിരി ഉയരത്തിലേക്ക് പിടിച്ച് കയറണം. അല്ലെങ്കിൽ പിടച്ച് പൊങ്ങണം.  പക്ഷെ, കൈകൾ സ്വതന്ത്രമായുള്ള തൂങ്ങിക്കിടപ്പിനിടയിൽ  ശത്രുആക്രമണം ഉണ്ടെന്ന സൂചനകിട്ടിയ   നിമിഷം തന്നെ  പറന്നു രക്ഷപ്പെടാൻ ഈ കിടപ്പ് സഹായിക്കും. തലതിരിഞ്ഞുള്ള ദീർഘ നേര  കിടപ്പിൽ തലയിലേക്ക് കൂടുതൽ രക്തമൊഴുകി തകരാറുവരാതിരിക്കാനുള്ള അനുകൂലനങ്ങൾ ഇവയ്ക്ക് ഉണ്ട്.  പഴംതീനി വവ്വാലുകളായ മെഗ ബാറ്റുകൾ തല മുന്നോട്ട് വളച്ച് ഉയർത്തി വയറിനോട് ചേർത്ത് പിടിച്ചാണ് തൂങ്ങിക്കിടക്കുക. എന്നാൽ കുഞ്ഞന്മാരായ ഇരപിടിയൻ മൈക്രോ ബാറ്റുകൾ തല പിറകിലേക്ക് മടക്കി ഉയർത്തിയാണ് തൂങ്ങി കിടക്കുക. ഇത്തരത്തിൽ തല മുന്നോട്ടും പിറകിലോട്ടും കൂടിയ അളവിൽ മടക്കിപിടിച്ച് ഹൃദയലവലിലേക്ക് ഉയർത്തി പിടിക്കുന്നതിനാൽ രക്തം തലയിൽ നിറഞ്ഞുള്ള  പ്രശ്നം ഒന്നും ഇവർക്കില്ല.  ഈ തൂങ്ങിക്കിടപ്പിൽ ഇവ വിസർജ്ജിക്കുമ്പോൾ ശരീരത്തിലാകാത്ത വിധം  ഒരു നിമിഷം ശീർഷാസനം  നിർത്തി കാൽ കൊളുത്തിന് പകരം കൈ കൊണ്ട് കൊളുത്തി ഗുദ ദ്വാരം താഴോട്ട് വരും വിധം ഞാഴ്ന്ന് കിടക്കും –   കാര്യം കഴിഞ്ഞാൽ വീണ്ടും പഴയ ശീർഷാസനം തുടരും . മൂത്രമൊഴിക്കുന്നതും ഇതുപോലെ തന്നെ.   പ്രസവിക്കുമ്പോഴും   തലകുത്തിക്കിടപ്പ് പരിഷ്കരിക്കും. ദേഹത്ത് ഗർഭാശയ  ദ്രവങ്ങളും  രക്തവും ആകാതെ നോക്കാനും കുഞ്ഞുങ്ങൾ താഴെ വീഴാതെ കാക്കാനും ഇവർക്ക് അറിയാം.

ഏതു കാലത്ത്   ഇണ ചേർന്നാലും  കുഞ്ഞുങ്ങൾക്ക് നന്നായി ഭക്ഷണം കിട്ടുന്ന കാലത്ത് തന്നെ പ്രസവ സമയം തീരുമാനമാക്കാൻ പെൺ വവ്വാലിന് സാധിക്കും. ബീജം ഉള്ളിൽ സൂക്ഷിച്ച് വെച്ച് അണ്ഡവുമായി ചേരുന്നത് ഇഷ്ട സമയത്തേക്ക് മാറ്റി വെച്ചോ ,, ബീജ സങ്കലനം കഴിഞ്ഞാലും ഗർഭാശയത്തിലേക്ക് നീങ്ങാതെ അണ്ഡനാളികളിൽ തന്നെ സിക്താണ്ഡം സൂക്ഷിച്ച് വെച്ചോ, സിക്താണ്ഡത്തിന്റെ  വളർച്ച നിയന്ത്രിച്ചോ ഒക്കെ പ്രസവം ഇഷ്ടാനുസര കാലത്തേക്ക് പ്ലാൻ ചെയ്യാൻ ഇവർക്ക് കഴിയും.    ഒരു വർഷം ഒരു കുഞ്ഞു മാത്രമേ ഉണ്ടാകുകയുള്ളു. അവയെ ഇരപിടിയന്മാരിൽ നിന്നും രക്ഷിക്കുക എന്നതും വലിയ പ്രയാസമുള്ള കാര്യമാണ്. ലക്ഷക്കണക്കിന് വവ്വാൽ കൂട്ടങ്ങൾക്കിടയിൽ നിന്ന് തന്റെ കുഞ്ഞിനെ അമ്മ വവ്വാൽ പ്രത്യേക ശബദവും മണവും ഉപയോഗിച്ചാണ് ഇരുളിൽ തിരിച്ചറിഞ്ഞ് മുലയൂട്ടുക.

മൈക്രോ ബാറ്റുകൾ സഞ്ചാരത്തിന് ഭൂമിയുടെ കാന്തിക മണ്ഡലത്തെ  അടിസ്ഥാനമാക്കിയുള്ള മാഗ്നെറ്റോ റിസപ്ഷൻ  സംവിധാനം ഉപയോഗിക്കുന്നുണ്ട്. വളരെ വിസ്താരമുള്ള ചിറകുകൾ വലിയ താപനഷ്ടം ഉണ്ടാക്കുന്നതിനാൽ കഴിയുന്നതും തണുപ്പിൽ ചുരുണ്ട് ഒരു ഉണ്ടപോലെ മൊത്തം പൊതിഞ്ഞ് കഴിയാൻ ഇവർ ശ്രമിക്കും. കൂടാതെ ഉഷ്ണകലത്ത് പകൽ ചിറകുകൾ ഇടയ്ക്ക് വിശറിപോലെ അനക്കിയും  ഉമിനീർ പുരട്ടിയും ശരീരം തണുപ്പിക്കാൻ ശ്രമിക്കും. ഭക്ഷണ ക്ഷാമം ഉള്ളപ്പോഴും തണുപ്പ് കാലത്തും  ശരീര ഉപാപചയപ്രവർത്തനങ്ങൾ കുറച്ചും , ശരീര ഊഷ്മാവ്  സ്വയം താഴ്ത്തിയും ടോർപോർ എന്ന  ഒരു തരം ഹൈബെർനേഷണിൽ കഴിയാൻ ഇവർക്ക് പറ്റും.

പഴംതീനിവൈറസുകളും നിപ വൈറസും

ഫ്രൂട്ട് ബാറ്റുകൾ 20- 30 വർഷം വരെ ജീവിക്കും – 42 വർഷമാണ് കാപ്റ്റിവിറ്റിയിൽ നിരീക്ഷിച്ച ഏറ്റവും കൂടിയ ആയുസ് .  നരിച്ചീറുകൾ – 3 – 7 വർഷം ആയുസ്സുള്ളവരാണ്.

റ്റെറോപസ് വിഭാഗത്തിലെ വവ്വാലുകൾ ആണ് നിപ്പ വൈറസിന്റെ സ്വാഭാവിക പ്രകൃത്യാ ഉള്ള –  സംഭരണികളും വാഹകരും ആയി  പ്രവർത്തിക്കുന്നത്.   പഴം , പൂവ്, പൂമ്പൊടി ഒക്കെ തിന്നു ജീവിക്കുന്ന  ഇവരെ പൊതുവെ ഫ്രൂട്ട് ബാറ്റുകൾ എന്നാണ് വിളിക്കുക. മലേഷ്യയിലാണ് ലോകത്താദ്യമായി   1998 ൽ  നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദശകങ്ങളായി ,  ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം  പല പ്രദേശങ്ങളിലും വലിയ തോതിലുള്ള വെള്ളപ്പൊക്കവും കൊടുങ്കാറ്റും കാട്ടുതീയും വരൾച്ചയും ഒക്കെ  തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കയാണല്ലോ . എൽ നിനോ പ്രതിഭാസത്തേ തുടർന്ന്  മലേഷ്യയിൽ കാടുകൾ കരിഞ്ഞുണങ്ങിയതും , കൂടാതെ ഉണ്ടായ  വനനാശീകരണവും മൂലം നൂറ്റാണ്ടുകളായി അവിടെ സഹവസിച്ചിരുന്ന   വവ്വാലുകളുടെ  റൂസ്റ്റിങ് സ്ഥലങ്ങൾനഷ്ടമായി. അവയ്ക്ക് പഴങ്ങളും കായ്കനികളും കിട്ടാതായി. അവ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും തീറ്റയും വിശ്രമവും തേടി ചേക്കേറി. മലേഷ്യയിൽ പന്നിഫാമുകളുടെ ഉയർച്ചക്കാലമായിരുന്നു അത്.  ഫാമുകളോടനുബന്ധിച്ച് ധാരാളം ഫലവൃക്ഷങ്ങളും നട്ടുവളർത്തീട്ടുണ്ടായിരുന്നു. വവ്വാലുകൾ അവിടങ്ങളിൽ ചേക്കേറി. കുറച്ച് കാലത്തിനു ശേഷം പന്നികളിൽ വ്യാപകമായ പനിയും ശ്വാസ തടസവും പിടിപെടാൻ തുടങ്ങി. അവിടത്തെ ജോലിക്കാരിലും പിന്നീട് ആ ലക്ഷണങ്ങൾ കണ്ടു തുടങ്ങി.

ജാപ്പനീസ് എൻസാഫലൈറ്റിസ് ലക്ഷണങ്ങളോട് സാമ്യമുള്ള ലക്ഷണങ്ങൾ ആണ് രോഗികളിൽ കണ്ടത്. വളർത്ത് പന്നികളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത് എന്ന് തിരിച്ചറിഞ്ഞതോടെ രാജ്യത്തെങ്ങുമായി  പത്തുലക്ഷത്തിലധികം പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി കുഴിച്ച് മൂടി . ആദ്യം കൊതുകുകളാണ് പന്നികളിൽ രോഗം എത്തിച്ചത് എന്നു കരുതി അവയെ നിയന്ത്രിക്കാനുള്ള പരിപാടികൾ ആണ് വ്യാപകമായി ചെയ്തത്. പിന്നീടാണ് വവ്വാലുകൾ കടിച്ചിട്ട പഴങ്ങൾ പന്നികൾ തിന്നാന് നിപ്പ വൈറസ് ഇവരിൽ എത്തിയത് എന്ന് മനസിലായത്.  വവ്വാലിന്റെ  കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് എത്തുന്നത്. ബംഗ്ലാദേശിൽ 2001 ൽ സമാന ലക്ഷണ ങ്ങളോടെ പനി ഉണ്ടായി. ഇന്ത്യയിലെ പശ്ചിമബംഗാളിൽ സിലിഗുരിയിൽ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടു.

വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന പഴങ്ങളും അവയുടെ സ്രവങ്ങൾ പുരണ്ട ഈന്തപ്പഴച്ചാറും പനം കള്ളും  കഴിച്ച ആളുകളിലാണ് വൈറസ് എത്തിയത്.   മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗിയുടെ സ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. എല്ലാ വാവലുകളിലും ഇത്തരം വൈറസുകൾ ഉണ്ടാകണം എന്നില്ല.  ഉണ്ടായാൽ തന്നെ അതിന്റെ സ്രവത്തിലുള്ള വൈറസിന്റെ എണ്ണം  അഥവ വൈറൽ ലോഡ്, ഒരോരുത്തരുടേയും പ്രതിരോധ ശേഷി എന്നിവയൊക്കെ ആശ്രയിച്ചാണ് രോഗാവസ്ഥയിലേക്ക് എത്തുന്നത് .. വവ്വാൽ കടിച്ച പഴം തിന്ന എല്ലാവർക്കും നിപ്പ വരണമെന്നില്ല.

വൈറസ് വാഹകരായ വവ്വാലുകളുടെ ശരീരത്തിൽ  ഇവ പെരുകി രോഗം വരുത്തി അപായപ്പെടുത്താത്തത് എന്തുകൊണ്ടാണ്  ?

വൈറസ് വാഹകരായ വവ്വാലുകളുടെ ശരീരത്തിൽ  ഇവ പെരുകി രോഗം വരുത്തി അപായപ്പെടുത്താത്തത് എന്തുകൊണ്ടാണ്  എന്ന ചോദ്യം ശാസ്ത്ര ലോകം വളരെ കാലമായി  ചോദിക്കുന്നുണ്ട്. കാലിഫോർണിയ സർവ്വകലാശാലയിലെ ക്യാര ഇ. ബ്രൂക്കിന്റെ (Cara Brook) നേതൃത്വത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞന്മാർ പങ്കെടുത്ത വിപുലമായ ഇത്തരം  ഒരു  പഠനം ഇ ലൈഫ്  എന്ന സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു.  മൂന്ന് ജീവികളിൽ നിന്നുള്ള കോശങ്ങളെ  പഠനത്തിനായി ഗവേഷകർ  ഉപയോഗിച്ചു. മാർബർഗ് വൈറസ്സുകളുടെ വാഹകരായ ഈജിപ്റ്റ്യൻ  പഴംതീനി വവ്വാൽ  (Egyptian Fruit Bat), ഹെൻഡ്ര വൈറസ്സുകളുടെ വാഹകരായ ആസ്ട്രേലിയൻ ഫ്‌ളൈയിങ് ഫോക്സ് (Australian Flying Fox) എന്നിവയെ  കൂടാതെ വവ്വാലിതര സസ്തനികളിൽ വൈറസിന്റെ പ്രവർത്തനം  എത്തരത്തിലാവും എന്നറിയാൻ ആഫ്രിക്കൻ ഗ്രീൻ കുരങ്ങുകളുടേയും കോശങ്ങൾ ആണ് ഇതിനായി ഉപയോഗിച്ചത്.  ഏത് വൈറസുകൾ കുരങ്ങിന്റെ സെല്ലിൽ കുത്തിവച്ചാലും ഒരു നിശ്ചിത സമയത്തിനുള്ളിൽ അവ ക്രമാതീതമായി പെരുകുകയും ആ സെല്ലിനെ നശിപ്പിക്കുകയും ചെയ്യുന്നതായി ഗവേഷക സംഘം കണ്ടു. . എന്നാൽ വവ്വാലുകളുടെ സെല്ലുകളിൽ വൈറസുകൾ പെറ്റുപെരുകുന്നുണ്ടെങ്കിലും അവ ആ സെല്ലുകളെ നശിപ്പിക്കുന്നില്ല എന്ന കാര്യം അവർ ശ്രദ്ധിച്ചു. വൈറസ്സുകളുടെ ആക്രമണം നേരിടുമ്പോൾ അവയെ നേരിടാൻ കോശങ്ങൾ   സൈറ്റോകൈനുകൾ (Cytokines) എന്ന പ്രത്യേകതരം മാംസ്യം ഉത്പാദിപ്പിക്കും. . സൈറ്റോകൈനുകളിലെ ഒരു ഉപവിഭാഗമാണ് ഇന്റർഫെറോണുകൾ (Interferons- IFN). ഒരു സെല്ലിൽ ഇന്റർഫെറോൺ ഉത്പാദനം ഉണ്ടായാല്‍ അത് സമീപ സെല്ലുകളിലെ IS ജീനുകളെ (Inteferon Stimulating Genes- ISG) ഉത്തേജിപ്പിക്കുകയും ഇതു മൂലമുള്ള ഇൻ്റർഫറോൺ ഉൽപ്പാദനം വഴി വൈറസ്സ് ബാധ അടുത്ത സെല്ലുകളിലേക്ക് പകരുന്നത് തടയുകയും ചെയ്യും. സാധാരണയായി ഏതെങ്കിലും വൈറസുകൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ വവ്വാലുകളിൽ വൈറസ്സുകളുടെ അഭാവത്തിലും ഈ പ്രവർത്തനം തുടർച്ചയായി, നടക്കുന്നതായി കണ്ടെത്തി.  വവ്വാലുകളിൽ തുടർച്ചയായി ഇന്റർഫെറോൺ ആൽഫ (Interferon- α) ഉത്പാദിപ്പിക്കപ്പെടുകയും ഇവ സെല്ലുകളിൽ പ്രവേശിക്കുന്ന വൈറസ്സുകളെ എതിരിടുകയും ചെയ്യുന്നു. ഇന്റർഫെറോൺ ആൽഫ പക്ഷെ വൈറസുകളെ പൂർണ്ണമായും നശിപ്പിക്കുന്നില്ല. അവയെ മിതമായ തോതിൽ പെറ്റുപെരുകാൻ അനുവദിക്കുകയും എന്നാൽ രോഗം ഉണ്ടാക്കി സെല്ലിനെ നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും.  വേറൊരു  സാഹചര്യത്തിൽ എത്തിയാൽ  ആ വൈറസുകൾ അതിവേഗത്തിൽ പെരുകുവാൻ കഴിവുള്ളവയായിത്തീരുകയും മറ്റ് സസ്തനികളിൽ എത്തിപ്പെട്ടാൽ കൂടുതൽ കൂടുതൽ രോഗ ശേഷിയുള്ളവരായി മാറുകയും ചെയ്യുന്നു. അതിനാൽ വവ്വാലിന്റെ ശരീരത്തിൽ നിന്ന് മറ്റൊരു സസ്തനിയുടെ  ശരീരത്തിൽ പ്രവേശിക്കുന്ന സമയം തന്നെ  ആ ജീവിയിൽ പെറ്റ് പെരുകാനും രോഗങ്ങൾ ആയി മാറാനും കാരണമാകാം. . ഇതുതന്നെയാണ് നിപയുടെയും എബോളയുടെയും കോറോണയുടെയും എല്ലാം കാര്യത്തിൽ സംഭവിച്ചതും.

ഹെൻഡ്ര വൈറസ്സുകളുടെ വാഹകരായ ആസ്ട്രേലിയൻ ഫ്‌ളൈയിങ് ഫോക്സ് (Australian Flying Fox) കടപ്പാട്: animalsaustralia.org

വവ്വാലുകളുടെ ശരീര കോശങ്ങൾ  മാത്രം വൈറസുകളോട് ഇത്തരത്തിൽ സവിശേഷ സ്വഭാവം എന്തുകൊണ്ടാണ് ?

വവ്വാലുകളുടെ ശരീര കോശങ്ങൾ  മാത്രം വൈറസുകളോട് ഇത്തരത്തിൽ സവിശേഷ സ്വഭാവം എന്തുകൊണ്ടാണ് പ്രകടിപ്പിക്കുന്നത് എന്നതും പഠന വിധേയമാക്കീട്ടുണ്ട്.  പക്ഷിചിറകുകൾ ഇല്ലാതെ പറക്കാനായി കൂടുതൽ ഊർജ്ജം ഇവർക്ക് വേണ്ടിവരുന്നതിനാൽ ഉയർന്ന ഉപാപചയ നിരക്കും മിനുട്ടിൽ ആയിരത്തിനടുത്ത് ഹൃദയമിടിപ്പും ഉണ്ട് എന്നു പറഞ്ഞല്ലോ.  ഉയർന്ന മെറ്റാബോളിക് റേറ്റ്  കുറേ സ്വതന്ത്ര റാഡിക്കലുകളെ (Free radicals) ഉണ്ടാക്കും.

മാർബർഗ് വൈറസ്സുകളുടെ വാഹകരായ ഈജിപ്ത് പഴംതീനി വവ്വാൽ (Egyptian Fruit Bat) കടപ്പാട്: lpzoo.org

സ്വതന്ത്ര റാഡിക്കലുകൾ സെല്ലുകളുടെ സ്തരത്തെപോലും (Cell membrane) നശിപ്പിക്കാൻ പര്യാപ്തമാണ്. ഇത്തരത്തിൽ കോശസ്തരങ്ങൾ നശിക്കാതിരിക്കാനായി പരിണാമ പർമായി ആർജ്ജ്ജിച്ച സവിശേഷ കഴിവാണ് വാവ്വാലിനുള്ളിലെ  വൈറസിനെയും തടയുന്നത്.. ഉയർന്ന ഉപാപചയ നിരക്കും ഹൃദയമിടിപ്പും പൊതുവിൽ ജീവികളുടെ ജീവിതകാലയളവ് (Life Span) കുറയ്ക്കുകയാണ് ചെയ്യുക. പക്ഷെ വവ്വാലുകൾ നാല്പത് വർഷം വരെ ജീവിക്കുന്നു. ഈ പ്രത്യേകതയും രോഗപ്രതിരോധ വ്യവസ്ഥയുടെ സവിശേഷതകളുമായി കൂട്ടിവായിക്കാവുന്നതാണ്.

വാവലുകളെ ശത്രുസംഹാരം ചെയ്യലല്ല പരിഹാരം.

വാവലുകളെ ശത്രുസംഹാരം ചെയ്യലല്ല പരിഹാരം. വാവലുകളുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ സാദ്ധ്യതയുള്ള പഴങ്ങളും മറ്റും കഴിക്കുന്നതും സ്പർശിക്കുന്നതും ഒഴിവക്കാൻ ശ്രദ്ധിക്കുക. അവ കിണറുകളിലും മറ്റും വന്ന്  വിശ്രമിക്കുന്നത് ഒഴിവാക്കാനായി വലകൾ ഇടുക. വവ്വാലുകളുടെ ചേക്കേറൽ ഇടങ്ങൾ അലോസരപ്പെടുത്തി അവയെ ഭയപ്പെടുത്താതിരിക്കുക. ഭക്ഷണ പദാർത്ഥങ്ങൾ മലിനമാകാതെ നോക്കുക.  കൈകാലുകൾ വൃത്തിയാക്കാതെ ഒന്നും കഴിക്കാതിരിക്കുക.


അനുബന്ധ ലൂക്ക ലേഖനം

Happy
Happy
7 %
Sad
Sad
7 %
Excited
Excited
14 %
Sleepy
Sleepy
2 %
Angry
Angry
3 %
Surprise
Surprise
67 %

One thought on “വവ്വാൽ നമ്മുടെ ശത്രുവല്ല

Leave a Reply

Previous post നിപയുടെ നാലാം വരവ് – ഡോ.ടി.എസ്.അനീഷ്
Next post കോവിഡിൽ നിന്നും നിപയിൽ നിന്നും പാഠം ഉൾകൊള്ളാം
Close