‘പഴഞ്ചൊല്ലിൽ പതിരില്ല ‘ എന്നൊരു പഴഞ്ചൊല്ലുകൂടി സ്വയം ഒരുറപ്പിന് പഴമക്കാർ ഉണ്ടാക്കീട്ടുണ്ടല്ലോ. ‘അരണ കടിച്ചാലുടനേ മരണം’ എന്നതിന്റെ കാര്യത്തിൽ എന്തായാലും പഴഞ്ചൊല്ല് പതിരായിപ്പോയി.
ഈ സാധുവിന്റെ തലയും ഉടലും ഒറ്റനോട്ടത്തിൽ പാമ്പിനേപ്പോലെ തോന്നുന്നതിനാൽ ആരോ പറഞ്ഞുണ്ടാക്കിയതാവാം ഈ ചൊല്ല്. മഹാ മറവിക്കാരനെന്ന അപഖ്യാതിയും കൂട്ടിനുണ്ട്. അരണയുടെ തല വാലറ്റം വരെ തിരിയുമ്പോഴേക്കും ഉദ്ദേശിച്ച കാര്യം മറന്നുപോകുമത്രെ. അതുകൊണ്ട് കടിക്കാൻ പോലും ചങ്ങാതി മറന്നുപോകുന്നു എന്നാണ് കഥ. അല്ലായിരുന്നെങ്കിൽ എല്ലാവരേയും ചറുപറ കടിക്കുമായിരുന്നു എന്ന് ധ്വനി. ഓർമ്മക്കുറവുള്ളവരെ കളിയാക്കാൻ ‘അരണബുദ്ധി’ എന്ന പ്രയോഗവും അങ്ങിനെ ഉണ്ടായി. അരണകടിച്ച് ആരും ഇതുവരെ മരിച്ചിട്ടില്ല എന്നുമാത്രമല്ല – അരണ കടിച്ച് ഒരാളും ഏതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി നമ്മുടെ നാട്ടിൽ ഒരു രേഖയും ഇല്ല . മനുഷ്യരെ കടിക്കാനുള്ള ത്രാണിയും വിഷപ്പല്ലും വിഷസഞ്ചിയും ഒന്നും ഈ പാവത്തിന് ഇല്ലതാനും . അബദ്ധത്തിലെങ്ങാൻ ഒരു അരണ ആരെയെങ്കിലും കടിക്കാൻ ശ്രമിച്ചാൽ വലിയ വേദനപോലും ഉണ്ടാവില്ല, കുഞ്ഞരിപ്പല്ലുരഞ്ഞ് ഒരു ഇക്കിളി ഉണ്ടായാൽ ആയി. പക്ഷെ ചിലപ്പോൾ കടികിട്ടിയ ആൾ പേടിയും ദേഷ്യവും കൊണ്ട് പാവത്തിനെ തല്ലിക്കൊന്ന് അതിന്റെ മരണം ഉറപ്പാക്കും എന്ന് മാത്രം.
കടലുണ്ടി കടപ്പുറത്ത് നിന്ന് 1870 ൽ ബെഡോമി കണ്ടെത്തിയതായി രേഖപ്പെടുത്തീട്ടുള്ള ‘ അഞ്ചുവിരലൻ അരണ’യെ ( Five- fingered skink – Chalcides pentadactylus ) പിന്നീടാരും റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലപ്പോൾ അവയുടെ വംശം കുറ്റിയറ്റുപോയതായിരിക്കാം, എങ്കിലും ഗവേഷകർ അതിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല. പൊന്മുടി മലനിരകളിൽ നിന്നും 1984 ൽ കണ്ടെത്തിയ പൊന്മുടി അരണ ( Mountain skink – Eutropis clivicola) ആണ് നമ്മുടെ നാട്ടിലെ പുതുമുഖം. ഇവർ പൊന്മുടിയിൽ മാത്രം വസിക്കുന്നവരാണ്.
തലയും ശരീരവും കാഴ്ചയിൽ പാമ്പിനെപ്പോലെ തോന്നുമെങ്കിലും അരണകൾക്ക് കുഞ്ഞിക്കാലുകളുണ്ട്.. ചില ഇനങ്ങൾക്ക് കാലുകൾ കുറുകി കുറുകി ഒട്ടും കാലുകൾ ഇല്ലാത്തതുപോലെ തന്നെ തോന്നും. ഒഡീഷ സംസ്ഥാനത്തെ ചിൽക്കാ തടാകത്തിലെ ബർക്കുള ദ്വീപിൽ കാണപ്പെടുന്ന Barkudiya insularis ഇത്തരം അരണയാണ്. IUCN: ( International Union for Conservation of Nature ) ന്റെ റെഡ് ഡാറ്റാ ബുക്കിൽ അതീവ ഗുരുതരമായ വംശനാശഭീഷണിനേരിടുന്ന വിഭാഗത്തിലാണിവയെ ഉൾപ്പെടുത്തീട്ടുള്ളത്.
അരണകളുടെ ഓട്ടം പ്രത്യേക രീതിയിലാണ്. സാധാരണ പല്ലിവർഗ്ഗക്കാരുടെ ഓട്ടമല്ല. തലനീട്ടിയുള്ള നിൽപ്പും ആൾക്കാർക്ക് പാമ്പാണോ എന്ന ആശയക്കുഴപ്പം ഉണ്ടാക്കും.
ആൺ അരണകൾ ഇണചേരൽ കാലത്ത് ഇളം ചുവപ്പോ, ഓറഞ്ചോ നിറ ഭേദം കാണിക്കും. കരിയിലകൾക്കടിയിലും, കല്ലുകളുടെ വിടവുകൾക്കിടയിലും ഒക്കെ ഒളിച്ച് നിൽപ്പാണ് കൂടുതലും. പേടിച്ചാണ് ജീവിതം . വെറുതേ പുറത്ത് ഉലാത്തിയാൽ കഥകഴിയും. പിടിച്ച് ശാപ്പിടാൻ ഇഷ്ടം പോലെ ആൾക്കാരുണ്ട് ചുറ്റും. കാക്ക, പരുന്ത് തുടങ്ങിയ പക്ഷികൾ- കൂടാതെ കീരികൾ, വലിയ ഉരഗങ്ങൾ, പാമ്പുകൾ, കുറുക്കന്മാർ, പട്ടി, പൂച്ച തുടങ്ങി എല്ലാവരും അരണയെ വെറുതേ വിടില്ല. ഗതികേടിന് ഇവരുടെ കൈയിലോ കൊക്കിലോ പെട്ടാൻ തടി കാക്കാൻ പല്ലികളേയും ഓന്തുകളേയും പോലെ വാൽ മുറിച്ചിട്ട് രക്ഷപ്പെടുന്ന തന്ത്രം അരണകളും പയറ്റും. മുറിഞ്ഞു മാറിയാലും പിന്നെയും പിടക്കുന്ന വാലിൽ പിടികൂടിയ ഇരപിടിയന്റെ ശ്രദ്ധ തെറ്റിച്ച് ശരീരം രക്ഷിക്കുന്ന സൂത്രം. Autotomy എന്നാണ് ഇതിന് പറയുക, വേദനയും വലിയ മെനക്കേടും ഉള്ളതാണ് വാൽ മുറിച്ചിട്ട് പറ്റിക്കുന്ന ഈ പരിപാടിയെങ്കിലും വാൽ വീണ്ടും വളരും എന്നതിനാൽ മൊത്തത്തിൽ നഷ്ടക്കച്ചവടമല്ല. ജീവിതം ബാക്കികിട്ടുക എന്നത് മെച്ചം തന്നെയാണല്ലോ.
ലോകത്തിലെ അരണ ഇനങ്ങളിൽ പകുതിയും മുട്ടയിടൽ രീതിക്കാരാണ്. ബാക്കിയുള്ള ഇനങ്ങൾ ഇണചേർന്ന് മുട്ട ഉള്ളിൽ തന്നെ വെച്ച് വിരിയിച്ച ശേഷമാണ് പുറത്തേക്ക് വിടുക. ഒരുതരം പ്രസവം എന്നും പറയാം. കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഏർപ്പാടൊന്നും പൊതുവെ ഇല്ല. വിരിഞ്ഞിറങ്ങിയ, അല്ലെങ്കിൽ ‘പെറ്റിട്ട’ കുഞ്ഞുങ്ങളെ കാര്യമായി ശ്രദ്ധിക്കുന്ന പതിവ് ഇല്ല. അവരായി അവരുടെ പാടായി എന്ന മട്ട്. നമ്മുടെ നാട്ടിലെ അരണകൾ മുട്ടയിടൽകാരാണ്. മണ്ണു മാന്തി കുഴിയാക്കിയോ, ദ്രവിച്ച ഇലകൾക്കും മരക്കമ്പുകൾക്കും അടിയിലോ ഒറ്റപ്രാവശ്യം 2 മുതൽ 20 മുട്ടകൾ വരെ കൂട്ടമായി ഇട്ടു വെക്കും. ആഗസ്ത് സപ്തംബർ മാസക്കാലത്താണ് മുട്ടയിടുക. മെയ് ജൂൺ മാസത്തിൽ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരും. അതിജീവനത്തിനുള്ള പാഠങ്ങൾ മറക്കാതെ ഇരതേടിയും, ഇരയാകാതെനോക്കിയും ജീവിതം മുന്നോട്ട് കൊണ്ടുപോകും.
വെറും മറവിക്കാരനെന്ന് മനുഷ്യർ അപഹസിക്കുന്ന കഥയൊന്നും അവരറിയുന്നില്ലല്ലോ
Enjoyed reading. Comprehensive. Thank you.
Good article