ആരോഗ്യകേരളം; ചില ഭൂമിശാസ്ത്രചിന്തകൾ

ഡോ.ടി.കെ. പ്രസാദ്

മീര എസ്. മോഹൻ

കേരളം ഇന്നൊരു ആഗോള സംസ്ഥാനമാണ്.  സാമൂഹ്യപുരോഗതിയിലും, സുസ്ഥിരവികസനബോധ്യങ്ങളിലും ഇന്ത്യയുടെ പൊതുസവിശേഷതകളിൽ നിന്ന് വിഭിന്നമാണ് കേരളമെന്ന തുരുത്ത്.  സാമൂഹ്യവിതരണ നീതിയും, ശാക്തീകരണവും, ആരോഗ്യസാമൂഹിക മനുഷ്യവികസന സൂചികകളും, ക്ഷേമപദ്ധതികളും, രാഷ്ട്രീയ സാക്ഷരതയും, സുശക്തമായ ഭരണവികേന്ദ്രീകരണ കൃത്യതയും നിർമ്മിച്ചെടുത്ത പരിസരമാണ് കേരളത്തിന്റേത്.  ഇന്ത്യയെപോലെ ഒരു വികസ്വരരാജ്യത്തിൽ ഡെമോഗ്രാഫിക് ട്രാൻസിഷന്റെ അവസാനഘട്ടത്തിലെത്തിനിൽക്കുന്ന ദൂരവ്യാപകമായ സാമൂഹിക ഘടനാമാറ്റമാണ് ഇന്ന് കേരളത്തിലുളളത്.  പ്രധാന ഉത്പാദന മേഖലകളിൽ ത്വരിതമായ വളർച്ചയോ, സാമ്പത്തിക വളർച്ചയിൽ ഗണ്യമായ പുരോഗതിയോ ഉണ്ടാകാത്തപ്പോഴും, സാമൂഹികപുരോഗതി സാധ്യമാകുന്നു എന്ന 1970-80 കളിൽ പരക്കെ അറിയപ്പെട്ട കേരള മോഡൽ ഓഫ് ഡവലപ്പമെന്റ് കേരളത്തിന്റെ ഭൂമികയെ വ്യത്യസ്തമാക്കുന്നു.

മനുഷ്യപക്ഷ വികസന ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനം ജനങ്ങളുടെ ആരോഗ്യനിലവാരമാണ്.  കേരളത്തിലെ ആരോഗ്യമേഖലയുടെ മികവ് ഇന്ന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.  ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ മാതൃശിശുമരണനിരക്ക് ,മെച്ചപ്പെട്ട ആയൂർ ദൈർഘ്യം, മികച്ച പ്രാഥമിക, ദ്വിതീയ ആരോഗ്യകേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകൾ, സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക ആരോഗ്യത്തിനുമായി പ്രത്യേകം ആശുപത്രികൾ, സാധാരണക്കാരന് പ്രാപ്യമായ ആധുനിക ചികിത്സാ സംവിധാനങ്ങൾ തുടങ്ങി നിരവധിയായ നേട്ടങ്ങൾ നമുക്ക് മുന്നിലുണ്ട്.  എന്നാൽ ഇന്ന് തുടർച്ചയായ ജീവിത ശൈലീ രോഗങ്ങൾ, പകർച്ച വ്യാധികൾ ഇവ കേരളത്തിന്റെ ആരോഗ്യമേഖലയെ കൂടുതൽ അസ്വസ്തപ്പെടുത്തുന്നു.

സമാനതകളില്ലാത്ത ആരോഗ്യപ്രതിസന്ധിയിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.  കോവിഡ് 19 തീവ്രവ്യാപനത്തിന്റെ ഈ സാഹചര്യത്തിൽ ജാഗ്രതയും മുൻകൂട്ടിയുളള കരുതലും നയസമീപനങ്ങളിൽ പുതിയ ഉൾക്കാഴ്ചയും ആവശ്യമാണ്. ഇതിന് ഭൗമമാനവിക ഭൂമിശാസ്ത്രത്തെ കൂടി ഉൾക്കൊണ്ടുകൊണ്ടുളള പ്രതിരോധ നയസമീപനങ്ങളിൽ ക്രാന്തദർശിത്വമുളള നിലപാടുകൾ നാം സ്വീകരിക്കേണ്ടതുണ്ട്.  അതിന് കേരളത്തിന്റെ ഭൂമിയും, കാലാവസ്ഥയും, കുടിയേറ്റബന്ധങ്ങളും സ്വഭാവരീതികളും വിനിമയസംവിധാനങ്ങളും ഒക്കെ പുനപരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്.

കാലാവസ്ഥയും രോഗാവസ്ഥയും

ട്രോപ്പിക്കൽ ഹൂമിഡ് കാലാവസ്ഥയാണ് കേരളത്തിന്റെ പൊതു കാലാവസ്ഥ വിന്യാസം.  തീരദേശത്തിന്റെ സാമീപ്യം അന്തരീക്ഷത്തിൽ ആർദ്രത നിലനിർത്താനുളള വായുവിന്റെ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്.  കിഴക്ക് പശ്ചിമഘട്ടം, സ്വാഭാവിക അതിർത്തി നിർമ്മിക്കുന്നത് വായുവിന്റേയും കാലാവസ്ഥ ഘടകങ്ങളുടെയും വ്യാപനത്തെ തടസ്സപ്പെടുത്തുന്നുണ്ട്.  അതിനാൽ തന്നെ വായുജന്യമായ, ശ്വാസകോശസംബന്ധിയായ അസുഖങ്ങൾ കേരളീയ കാലാവസ്ഥയിൽ  പടർന്നു പിടിക്കുവാനുളള സാധ്യത വലുതാണ്.  മൺസൂൺ കാലാവസ്ഥയും സമുദ്രോപരിതല ഊഷ്മാവിന്റെ വർദ്ധനവും ട്രോപ്പിക്കൽ സൈക്ലോൺ തുടങ്ങിയവും മേൽപറഞ്ഞ സാധ്യതയയെ വർദ്ധിപ്പിക്കുന്നു. സമുദ്രാതിർത്തിയുടെ സ്വാധീനം ആഗോളകാലാവസ്ഥാമാറ്റത്തിന്റെ പ്രതിഫലനങ്ങൾ കേരളത്തിലും സൃഷ്ടിക്കുന്നുണ്ട്.  ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് 2007,  കാലാവസ്ഥാ വ്യതിയാനം പകർച്ചവ്യാധികളുടെ തോതും ദുരന്തവും വർദ്ദിപ്പിക്കുമെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആഗോളതലത്തിൽ കാലാവസ്ഥവ്യതിയാനം ആരോഗ്യ പ്രശ്‌നങ്ങൾ ഇരട്ടിയാക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.  മറ്റൊന്ന്, ദീർഘകാലത്തേക്ക് കാലാവസ്ഥയിൽ വന്നിട്ടുളള മാറ്റം സാംക്രമിക രോഗങ്ങളുടെ ഭൗമവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു എന്നുളളതാണ്.

ഉറവിട സ്ഥാനത്തിനും സമയത്തിനുമപ്പുറത്തേക്ക് രോഗവ്യാപനത്തിന് ഇത് ഇടയാക്കുന്നുണ്ട്.  കാലാവസ്ഥ ഘടകങ്ങളുടെ തോതിലുളള തീവ്രത, രോഗാണുക്കളുടെ കേന്ദ്രീകരണത്തിനും പെട്ടെന്നുളള രോഗസംക്രമണത്തിനും ഇടയാക്കുന്നുണ്ട്.  ഉദാഹരണമായി സാൽമോനെല്ല, രോഗാവസ്ഥയ്ക്കു കാരണമാകുന്ന ബാക്ടീരിയയുടെ പ്രത്യുത്പാദന ഊഷ്മാവ് 7ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയാണ്.  (IWGCCH 2010) ഹോട്ട് സമ്മർ കാലാവസ്ഥയിൽ ബാൾട്ടിക് പ്രവിശ്യയിൽ രൂപം കൊളളുന്ന ബാക്ടീരിയ ആണ് വിബ്രിയോ.  സൂഷ്മാണുക്കളുടെ അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ട്രോപ്പിക്കൽ ഹ്യുമിഡ് ക്ലൈമറ്റ് അനുകൂലാവസ്ഥ സൃഷ്ടിക്കുന്നു. ഊഷ്മാവ് കൂടിയ അസ്ഥിരമായ കാലാവസ്ഥ ആഗോള രോഗാണുവ്യാപനത്തിന്റെ ആവൃത്തി വർദ്ധിപ്പിക്കുന്നു (Mc.Michel et.al 1996) എന്ന് പഠനങ്ങൾ തെളിവ് നൽകുന്നു.  ഉദാഹരണത്തിന് മലേറിയ വ്യാപനത്തിന് ആവശ്യമായ ആപേക്ഷിക ആർദ്രത 60 ശതമാനമാണ്.  കൊതുകുകൾക്ക് വളരാൻ ആവശ്യമായ ഉയർന്ന ഊഷ്മാവ് 22 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ്.  മൺസൂൺ കാറ്റ്  ഏഷ്യൻ ഡെസ്റ്റ് സ്‌റ്റോംസ് ഇവ രോഗാണുവ്യാപനത്തിന്റെ മാധ്യമമായി വർത്തിക്കാറുണ്ട്.  കേരളത്തിൽ പൊതുവിൽ ഭൂവിനിയോഗം, ജനസാന്ദ്രത, നഗരവൽക്കരണം, മാലിന്യ നിർമ്മാർജ്ജനം, ജലവിനിയോഗം, സ്വഭാവരീതികൾ, ഭൗമകാലാവസ്ഥ തുടങ്ങിയവയിൽ വന്നിട്ടുളള മാറ്റം പ്രത്യക്ഷത്തിലും പരോക്ഷത്തിലും പകർച്ചവ്യാധികളുടെ വ്യാപനത്തോത് വർദ്ധിപ്പിച്ചിട്ടുണ്ട്.  ഇതിന് കാലാവസ്ഥാ സാക്ഷരത കേരളത്തെപ്പോലെ അതീവ കാലാവസ്ഥ ലോല മേഖലയിൽ ഒരു പൊതുബോധമായി വളരണം.  കാലാവസ്ഥ സങ്കീർണ്ണതകളിൽ പകർച്ചവ്യാധികൾ തടയാനും പ്രതിരോധത്തിനും, മുൻകരുതലുകൾ സ്വീകരിക്കുവാനും, പ്രത്യേക ആരോഗ്യസേനയും വിദഗ്ദ്ധരും അടങ്ങുന്ന സ്ഥിരം സംവിധാനം ഉണ്ടാകണം.  അതിന് കേന്ദ്രീകൃത സ്വഭാവം അനിവാര്യമാണ്.  പഠനഗവേഷണമേഖലെയ ഇതുമായി കൈചേർക്കണം.

ചില ഭൂമിശാസ്ത്ര സമീപനങ്ങൾ

ഭൂമിശാസ്ത്രപരമായി ഒരു രോഗം എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു, ഭൗമകാലാവസ്ഥ വ്യതിയാനങ്ങൾ എങ്ങനെയാണ് പുതിയ രോഗാവസ്ഥകളെ സൃഷ്ടിക്കുന്നത്, കുടിയേറ്റത്തിന്റെ സ്വാധീനങ്ങൾ ആരോഗ്യമേഖലയിൽ വരുത്തുന്ന ആശങ്കകൾ എപ്രകാരമാണ്,  പാരിസ്ഥിതിക ശോഷണം എങ്ങനെയാണ് മാനസിക ശാരീരികആരോഗ്യവുമായി ബന്ധപ്പെടുന്നത്, തുടങ്ങി നിരവധി തലങ്ങളെ കൃത്യമായി മെഡിക്കൽ ജോഗ്രഫി കൈകാര്യം ചെയ്യുന്നുണ്ട് .  വ്യക്തിഗത-ഭൂതല സാമൂഹിക – ജനസംഖ്യാപഠനങ്ങൾ ഇതിനു കൂടുതൽ സഹായകവുമാണ്.  ഭൂവിതരണം, പ്രാദേശിക ഭൂമിശാസ്ത്രം, വാസസ്ഥലം, വിനിമയം, ജനസാന്ദ്രത, വ്യക്തിബന്ധങ്ങൾ, ജലവിനിയോഗം, തുടങ്ങിയവയ്ക്ക് രോഗവ്യാപനത്തിന്റെ തോതുമായി പ്രത്യക്ഷബന്ധമുണ്ട്.  ഈ പഠനങ്ങളുടെ ഉപോൽപ്പന്മമായി വേണം ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങൾ ഉണ്ടായി വരാൻ.

International Medical Geography ചില സാദ്ധ്യതകളെ മുന്നോട്ടുവയ്ക്കുന്നു. WHO’s Global Health Atlas തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ ശാസ്ത്രീയമായി വർഗ്ഗീകരിച്ച് പ്രദേശത്തിന് അനുഗുണമായ പ്രതിരോധ സംവിധാനങ്ങൾ സ്വീകരിക്കുകയും, സാമൂഹിക ബോധവൽക്കരണം ആവശ്യമായ ഇടങ്ങളിൽ പ്രതിരോധവും, രോഗനിയന്ത്രണവും സാദ്ധ്യമാകാൻ  അടിവേര് താഴ്‌നിറങ്ങുന്ന കർമ്മപദ്ധതികൾക്ക് രൂപം നൽകാൻ മെഡിക്കൽ ജോഗ്രഫി പുതിയ സാദ്ധ്യതകൾ തുറന്നുനൽകുന്നു.  മാറുന്ന കാലാവസ്ഥയ്ക്കനുസൃമായി വർദ്ധിച്ചുവരുന്ന രോഗങ്ങളിൽ നിന്നും മുൻകൂട്ടിയുളള കരുതലുകളും , രോഗനിർണ്ണയ സുരക്ഷാ നിർദ്ദേശങ്ങളും സാദ്ധ്യമാകാൻ ഈ രംഗത്ത് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്

കുടിയേറ്റവും പകർച്ചവ്യാധിയും

ഭൂപരിഷ്‌കരണം മുതൽ കേരളത്തിൽ മാറിമാറി വന്ന ഗവൺമെന്റുകൾ നടപ്പിൽ വരുത്തിയ വികസനോന്മുഖമായ എല്ലാപദ്ധതികളും സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ ഇച്ഛാശക്തിയും സ്വത്ത്വബോധവുമളള മലയാളിയെ നിർമ്മിച്ചെടുത്തിയിട്ടുണ്ട്.   ലോകത്തിന്റെ വിവിധ കോണുകൾ എത്തിച്ചേരാനും പ്രാപ്യമായ ഇടം കണ്ടത്തുവാനും മലയാളി പഠിച്ചത് അവിടെനിന്നാണ്. ചരിത്രപരമായ പല സ്വാധീനങ്ങൾ മലയാളിയെ ആഗോളമനുഷ്യനായി രൂപപ്പെടുത്തുന്നതിൽ ചാലക ശക്തിയായി പ്രവർത്തിച്ചിട്ടുണ്ട്.

ജലസാന്ദ്രതയും തൊഴിലില്ലായ്മയും വിദ്യാഭ്യാസ നിലവാരവും കൂടുതലുളള സമൂഹത്തിൽ പ്രവാസത്തിന്റെ സാധ്യത വലുതാണ്.  ആദ്യകാലങ്ങളിൽ ബ്രിട്ടീഷ് കോളനികളിലേക്ക് തോട്ടകൃഷിക്കായി കേരളത്തിൽനിന്ന് ആളുകളെ വൻതോതിൽ കൊണ്ടുപോയിരുന്നു.  രണ്ടാം ഘട്ടത്തിൽ അഭ്യസ്തവിദ്യരായ മലയാളികൾ മികച്ച ജീവിത നിലവാരവും തൊഴിലും തേടി മറ്റു ബ്രിട്ടീഷ് കോളനികളിലേക്ക് കുടിയേറിയിട്ടുണ്ട്.  1960 കളിൽ വടക്കേ അമേരിക്കയിലേക്കും പടിഞ്ഞാറൻ യൂറോപ്പിലേക്കും തൊഴിലാളി ക്ഷാമത്തിന്റെ ഫലമായി വിസാ ഇളവുകളുടെ ആനുകൂല്യത്തിൽ നിരവധി ആളുകൾ കേരളത്തിൽ നിന്നും അവിടേക്ക് കുടിയേറി.  1970-കളിൽ തൊഴിൽ വൈദഗ്ധ്യം നിറഞ്ഞവരും ഇല്ലാത്തതുമായ നിരവധിയായ ജനവിഭാഗം കേരളത്തിൽ നിന്നും ഗൾഫിലേക്ക് കുടിയേറിയിട്ടുണ്ട്.  പുരോഗമനബോധ്യങ്ങളിലേക്ക് ഉണരുന്ന ഒരു സാമൂഹ്യക്രമം കുടിയേറ്റത്തിലും ഗുണപരമായ മാറ്റങ്ങൾ  സൃഷ്ടിക്കാറുണ്ട്.  (മൊബിലിറ്റി ട്രാൻസിഷൻ തീയറി) കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നല്ലൊരു പങ്ക് സംഭാവനചെയ്യുന്നത് ഇന്ന് പ്രവാസികളാണ്. കേരളത്തിലെ കാൽഭാഗം കുടുംബഘടകങ്ങളിലൊരാൾ ഇന്ന് പ്രവാസിയാണ്.  2.5 മില്ല്യൻ അതിഥി തൊഴിലാളികൾ ഇന്ത്യയുടെ വടക്ക് കിഴക്കുനിന്നും കേരളത്തിലേക്ക് എത്തുന്നുണ്ട്.  വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ആരോഗ്യപരിരക്ഷയും, പരിശോധനയും ഉറപ്പുവരുത്തിക്കൊണ്ടുളള നിദാന്ത ജാഗ്രത ആവശ്യമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്രചെയ്യുന്ന ജനവിഭാഗം എന്ന നിലയിൽ പകർച്ച വ്യാധികൾ പകരാനും വിനിമയം ചെയ്യപ്പെടാനുമുളള തോത് കേരളത്തിൽ വലുതാണ്.  നമ്മുടെ എയർപോട്ടുകൾ, ചെക്ക്‌പോസ്റ്റുകൾ, റയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധനകൾക്കൊപ്പം ആരോഗ്യ മാനദണ്ഡങ്ങൾക്കനുസൃതമായ പരിശോധനയും, തെർമ്മൽ സ്‌ക്യാനിംഗ് സംവിധാനവും നിലവിൽ വരണം.  ടൂറിസം മേഖലയിലെ വളർച്ചയ്‌ക്കൊപ്പം തന്നെ ഈ ആരോഗ്യ മാനദനണ്ഡങ്ങളും കൃത്യമാക്കേണ്ടതുണ്ട്.  ആരോഗ്യ അവബോധവും പൊതുജാഗ്രതയും ഈ കാര്യത്തിൽ നാം സ്വീകരിക്കണം.

പകർച്ചവ്യാധികളും വ്യക്തിബോധ്യങ്ങളും

രോഗാതുരമായ അന്തരീക്ഷങ്ങളിൽ, വ്യക്തിബന്ധങ്ങളിൽ ബോധപൂർവ്വമായ ഇടപെടലാണ് ആവശ്യം.  പൊതു ആരോഗ്യസംരക്ഷണത്തിനായി ഏതു രോഗാവസ്ഥയിൽ തുടരുന്ന വ്യക്തിയാണെങ്കിലും ചില മുൻകരുതലുകൾ സ്വീകരിക്കണം എന്നത് വർത്തമാനകാലപാഠമാണ്.  അതു സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്തമായി നാം ഏറ്റെടുക്കുകയും അതൊരു പൊതു ധാരണയായി വളരുകയും വേണം.  ഈ അവസരങ്ങളിൽ ശാരീരിക സമ്പർക്കങ്ങളും, അതിഥി സൽക്കാരങ്ങളും, പൊതു ഇടങ്ങളും ഒഴിവാക്കാൻ കടമയുളളവരായി നാം സ്വയം പരിവർത്തനപ്പെടണം.  സ്‌കൂളുകളിൽ ആരംഭിച്ച ‘ തൂവാല വിപ്ലവം’ പദ്ധതിയിൽ സർക്കാർ ആരോഗ്യവകുപ്പ് ക്യമ്പെയിൻ ‘ ബ്രേക്ക് ദ ചെയിൻ’  ഇവ നമ്മുടെ ജീവിതചര്യയുടെ ഭാഗമായി നാം ഉൾക്കൊള്ളേണ്ടതുണ്ട്.

ഇനി വേണ്ടത്

കേരളത്തിലെ ആരോഗ്യമേഖലയുടെ ജാഗ്രതാ പ്രവർത്തനങ്ങൾ, പൊതു ആരോഗ്യകേന്ദ്രങ്ങളുടെ സംഭാവനകൾ ആരോഗ്യപ്രവർത്തകരുടേയും ഗവൺമെന്റിന്റേയും കർമ്മശേഷി ഇവ വിലമതിക്കേണ്ടതുതന്നെയാണ്.  എന്നാൽ തുടർച്ചയായുളള ഡെങ്കിയും, ചിക്കൻഗുനിയയും നിപ്പയും, പക്ഷിപ്പനിയയും, പന്നിപ്പനിയും, കൊറോണയുമൊക്കെ ചില ശാസ്ത്രീയ മുന്നൊരുക്കങ്ങളെ ഓർമ്മപ്പെടുത്തുന്നു.  2002 ൽ ചൈനയിലെ സാർസ്, 2012 ൽ സൗദിഅറേബിയിലെ മെർസ് തുടങ്ങിയ കൊറോണവൈറസ്സുകളിൽ വ്യത്യസ്തമാണ് കോവിഡ് 19.  മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന കൊറോണവൈറസുകൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും വ്യാപിച്ചുതുടങ്ങിയിരിക്കുന്നു.  ഇത്തരത്തിൽ മ്യൂട്ടേഷൻ അഥവാ ജനിതകമാറ്റം വരുത്തി എത്തുന്ന പുതിയ വൈറസുകളെ പ്രതിരോധിക്കാൻ നമ്മുടെ നിലവിലെ ആരോഗ്യ സംവിധാനങ്ങൾ പര്യാപ്തമാണോ? എന്ന് ചിന്തിക്കേണ്ടതുണ്ട്.  നമ്മുടെ ആരോഗ്യസംവിധാങ്ങളെ ലോകോത്തരമായി ഉയർത്തേണ്ടുന്നതും, പ്രതിരോധത്തിന് ആവശ്യമായ അന്താരാഷ്ട്ര നിലവാരമുളള അടിസ്ഥാനസൗകര്യമൊരുക്കേണ്ടതും അനിവാര്യമായ മുന്നൊരുക്കമാണ്.  ആരോഗ്യപ്രതിരോധ പ്രവർത്തനങ്ങൾക്ക് സുദൃഢമായ നിയമനിർമ്മാണം ആവശ്യമാണ്.

ദേശീയ തലത്തിൽ മികച്ച ആരോഗ്യ സൂചികകൾ നമുക്ക് മുന്നിലുളളപ്പോൾ തന്നെ രോഗാതുരത വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.  അധ്വാനക്ഷമത കുറഞ്ഞ കേരളത്തിന്റെ തൊഴിൽ സ്വഭാവം, ഭക്ഷണരീതികൾ ഒക്കെയും സൃഷ്ടിക്കുന്ന ജീവിത ശൈലീ രോഗങ്ങൾ രോഗാതുരമായ ഒരു തലമുറയെയാണ് സൃഷ്ടിച്ചെടുക്കുന്നത്.  ഇവിടെ ആരോഗ്യപരിരക്ഷയ്ക്ക് ഊന്നൽ നൽകുന്ന ദിശാബോധം, മെച്ചപ്പെട്ട മനുഷ്യവിഭവം രൂപപ്പെടുത്താൻ ആവശ്യമാണ്.  സാക്ഷരകേരളത്തിൽ വാക്‌സിനേഷൻ ചെയ്യുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നു എന്നത് സുസ്ഥിര ആരോഗ്യമേഖലയ്ക്ക് പ്രതികൂലാവസ്ഥയാണ് സൃഷ്ടിക്കുന്നത്.  നിയമപരമായി കുട്ടികളുടെ ജന്മാവകാശമായി അതുറപ്പുനൽകാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. മെച്ചപ്പെട്ട പൊതുജനാരോഗ്യ നിക്ഷേപം  ഉറപ്പുവരുത്താൻ ആരോഗ്യസേവനങ്ങളിലെ ഗുണപരത ആവശ്യമാണ്.  അതിന് സൗജന്യവും സാർവ്വത്രികവുമായ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുകയും വേണം.  ആരോഗ്യമേഖലയിലെ കോർപ്പറേറ്റ് വൽക്കരണം, ചികിത്സാചിലവ് വർദ്ധിപ്പിക്കുന്നതിനും ആരോഗ്യരംഗത്ത് അസമത്വം നിലനിർത്തുന്നതിനും ഇടയാക്കും.  പ്രൈവറ്റ് ആശുപത്രികളിലെ സേവനങ്ങൾക്ക് തത്തുല്യമായി ദ്വിതീയ ആരോഗ്യകേന്ദ്രങ്ങൾ വികസിക്കേണ്ടത് ആരോഗ്യമേഖലയിൽ സ്വകാര്യവൽക്കരണത്തെ തടയിടും എന്നതിൽ സംശയമില്ല.

ആദിവാസി, മത്സ്യബന്ധനമേഖലകളിൽ പ്രത്യേക ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ ടാർജറ്റഡ് അപ്രോച്ച് നടപ്പിൽ വരുത്തണം.  ആരോഗ്യമേഖലയിൽ അശാസ്ത്രീയ പ്രചരണങ്ങൾ, അന്ധവിശ്വാസം ഇവ തടയുന്നതിന് ശാസ്ത്രീയമായ ഇടപെടലും ബോധവത്ക്കരണവും ആവശ്യമാണ്.  ജനസംഖ്യയുടെ ആദ്യസമ്പർക്കം എന്ന രീതിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കൂടുതൽ ശാസ്ത്രീയമാകണം. ആരോഗ്യരംഗത്ത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ കേരളം കഴിഞ്ഞകാലങ്ങളിൽ വിജയം നേടിയെടുത്തിട്ടുണ്ട്.  പകർച്ചവ്യാധി നിവാരണത്തിനായി ലോകോത്തരമായ ആശയങ്ങളെ, പൊതു ആരോഗ്യമാനദണ്ഡങ്ങളെ, ശുപാർശകളെ, കാലാവസ്ഥപഠനങ്ങളെ, നമ്മുടെ നയരൂപീകരണത്തിന്റെ ഭാഗമായി ഉൾക്കൊളളണം.  കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിന്നും വ്യത്യസ്തമായി വൈറസ് രോഗങ്ങൾ വർദ്ധിച്ചുവരുന്നു.  ഇത്തരം വിഷയങ്ങളിൽ ശാസ്ത്രീയമായ ഗവേഷണങ്ങളോ, കാലാനുസൃതമായ പഠനങ്ങളോ, വിവരശേഖരണങ്ങളോ ഉണ്ടാകുന്നില്ല.  നിലവിലെ ആരോഗ്യ സംവിധാനങ്ങൾക്ക് കൂടുതൽ കരുത്തുനൽകാനാവശ്യമായ കൃത്യമായൊരു ആരോഗ്യനയം രൂപപ്പെടുത്താൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല.   രോഗനിവാരണത്തെപോലെതന്നെ രോഗപ്രതിരോധത്തിനും പ്രത്യേകസംവിധാനങ്ങൾ ആവശ്യമാണ്.  വേഗത്തിലുളള രോഗനിർണ്ണയ സംവിധാനങ്ങളോ, പ്രവർത്തനസജ്ജമായ വൈറോളജി ഇൻസ്റ്റിസ്റ്റൂട്ടുകളോ റിസർച്ച് സ്ഥാപനങ്ങളോ ഇന്നും നമുക്ക് അപര്യാപ്തമാണ്.  പകർച്ചവ്യാധിക്കാലത്തെ  അതിജീവിക്കാൻ പൊതു സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾക്ക് ഏകീകൃതപൊതു മാർഗ്ഗനിർദ്ദേശങ്ങളോ വ്യക്തിഗത സംരക്ഷണ ഉപാധികളോ ഉറപ്പുവരുത്താൻ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല.  സാമൂഹിക അടിത്തറയ്‌ക്കൊപ്പം ശാസ്ത്രീയ മുൻകരുതലിന്റെ പിൻബലവും അനിവാര്യമാണ്.  അതിജീവനത്തിന്റേയും മികവിന്റേയും ഭാഷയാണ് ഇന്ന് കേരളം.

ആരോഗ്യമേഖലയ്ക്ക് കൂടുതൽ മുന്നൊരുക്കങ്ങളും മികവും ഉണ്ടാകട്ടെ… അതിജീവിക്കാം കരുതലോടെ.


Dr. T. K. Prasad (Associate Professor of Geography, Kannur University), Meera S Mohan ( Research Scholar, Kerala University)

മെഡിക്കൽ GIS മായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിച്ച രണ്ടു ലേഖനങ്ങൾ

  1. പകർച്ചവ്യാധികളും മെഡിക്കല്‍ GIS-ഉം – ഭാഗം 1
  2. മലേറിയ നിർമ്മാർജ്ജനം –  ഒരു വിയറ്റ്നാം അനുഭവം – ഭാഗം 2

 

 

Leave a Reply