Read Time:9 Minute

അജിത പടാരിൽ

ചിത്രം കടപ്പാട് Tara Anand
2020, ഒരു പക്ഷെ ചരിത്രത്തിൽ ഇടം പിടിക്കുന്നത് ആതുര സേവന രംഗത്തെ അർപ്പണ ബോധത്തിന്റെയും, തളരാത്ത പോരാട്ടവീര്യത്തിന്റെയും കാലഘട്ടം എന്നു കൂടിയാകും. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ രാപകലില്ലാതെ കർമ്മ നിരതരാകുന്ന ഈ കാലത്ത് നാം അത്ഭുതത്തോടെ, ആദരവോടെ ഓർക്കേണ്ട ഒരു ജീവിതം ഇവിടെ കുറിക്കുന്നു. തലമുറകൾക്ക് ആവേശവും, ആത്മവിശ്വാസവും പകരുന്ന ജീവിത കഥ…
ഇൻഡ്യയിൽ പാശ്ചാത്യ വിദ്യാഭ്യാസവും, ആധുനിക വൈദ്യശാസ്ത്രവും പരിചിതമല്ലാത്ത കാലം…. പുരുഷ ഡോക്ടർമാരെ കാണാനോ , രോഗവിവരങ്ങൾ പങ്കുവെക്കാൻ പോലുമോ കഴിയാതെ ആയിരകണക്കിന് സ്ത്രീകൾ രോഗപീഡകൾ അടക്കി മരണം കാത്തിരുന്ന കാലം… ഒരു ഡോക്ടർ ആയി തന്റെ സഹോദരിമാർക്ക് മികച്ച ചികിത്സ സൗകര്യം നൽകണമെന്ന് ആഗ്രഹിച്ച്, കഠിനമായ പ്രയത്നത്തിലൂടെ ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ എന്ന ബഹുമതി കരസ്ഥമാക്കുകയും ചെയ്ത ഡോക്ടർ ആനന്ദി ബായി ജോഷി. ഏതൊരു ഇന്ത്യൻ സ്ത്രീക്കും ആവേശമാകുന്നു ഈ ജീവിതം.
ആനന്ദി ഗോപാൽ ജോഷി കടപ്പാട് വിക്കിപീഡിയ
1865ൽ മഹാരാഷ്ട്രയിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് ഒൻപതാം വയസ്സിൽ വിവാഹിതയായ ആനന്ദി. മാതൃഭാഷയായ മറാത്തി പോലും എഴുതാനോ ,വായിക്കാനോ അറിയാത്ത ഒരു സാധാരണ വീട്ടമ്മ. ഭർത്താവു ഗോപാൽ റാവു ജോഷി ഒരു പുരോഗമന ചിന്താഗതികാരൻ ആയിരുന്നു. അദ്ദേഹം അവരെ പഠിപ്പിക്കാൻ ഒരുങ്ങി കുടുംബത്തിന്റെ ശത്രുത നേടി. പോസ്റ്റൽ ക്ലേർക്കയിരുന്ന അദ്ദേഹം ജോലിയുടെ ഭാഗമായി കൽക്കത്തയിൽ എത്തിയതോടെ ആനന്ദി ബായിയുടെ ജീവിതം തന്നെ മാറി മറിഞ്ഞു. അവർക്ക് സ്കൂളിൽ ചേർന്ന് പഠിക്കാൻ കഴിഞ്ഞു. പഠനത്തിൽ അവർ കാണിച്ച അപാരമായ താത്പര്യവും,കഴിവും ഉന്നത പഠനത്തിനായി അവരെ അയക്കുവാൻ ഗോപാൽ റാവുവിനെ പ്രേരിപ്പിച്ചു. ആധുനിക വൈദ്യ ശാസ്ത്രം ഇന്ത്യയിൽ അത്രകണ്ട് പ്രചാരം നേടിയിട്ടില്ലാത്ത ആ കാലത്ത് വിദേശത്ത് പോയി വൈദ്യ ശാസ്ത്രം പഠിക്കുക എന്ന സാഹസത്തിനാണ് ആനന്ദി മുതിർന്നത്. കടുത്ത എതിർപ്പുകൾ ഏറ്റവും അടുത്ത ബന്ധുക്കളിൽ നിന്ന് പോലും നേരിടേണ്ടി വന്നു. എന്നാൽ പതിനാലാം വയസ്സിൽ പ്രസവിക്കുകയും, കുഞ്ഞു മരണപ്പെടുകയും ചെയ്ത തന്റെ അനുഭവത്തിൽ നിന്നാണ് ഈ എതിർപ്പുക ളെയും, പരിഹാസങ്ങളെയും അതിജീവിക്കാൻ അവരെ പ്രാപ്തരാക്കിയത്.

അമേരിക്കയിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടാനുള്ള പലവിധ ശ്രമങ്ങൾ നടത്തി. നിരാശാജനകമായ പ്രതികരണങ്ങൾ മാത്രം. ഒടുവിൽ ആനന്ദി യുടെ ഈ ശ്രമങ്ങളെ പറ്റി അറിഞ്ഞ ന്യൂജേഴ്സി യില്ലുള്ള ഒരു മിസ്സിസ്‌ കാർപെന്റർ ആനന്ദിക്ക് താമസ സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് കത്തെഴുതി. ഈ കത്തിന്റെ ബലത്തിൽ അവർ യാത്രതിരിച്ചു. ഒരു പക്ഷെ ഇന്ത്യയിലെ സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ ആദ്യ കടൽ യാത്ര ആകാം ഇത്.

അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ ആനന്ദിക്ക് മിസിസ്സ്‌ കാർപെന്റെർ സ്വന്തം മകളെ പോലെ അഭയം നൽകി. പാശ്ചാത്യ ജീവിത രീതികൾ ഉൾകൊള്ളാൻ ആനന്ദിക്ക് ഒരുപാട് പണിപ്പെടേണ്ടി വന്നു.
1886ലെ ചിത്രം.  ആനന്ദി ഗോപാൽ ജോഷി Woman’s Medical College of Pennsylvania (WMC) നിന്നാണ് വൈദ്യപഠനം പൂർത്തിയാക്കിയത്. Kei Okami – ജപ്പാൻ (നടുവിൽ) and Sabat Islambooly- സിറിയ (വലത്ത്). മൂവരും വിദേശത്ത് പോയി വൈദ്യപഠനം പൂർത്തിയാക്കിയ അതാത് രാജ്യങ്ങളിലെ ആദ്യവനിതകളാണ്. കടപ്പാട് വിക്കിപീഡിയ

കൊടും ശൈത്യം… അതിനോട് ഒത്തുപോകുന്ന വസ്ത്രധാരണം, ഭക്ഷണശീലം ഒക്കെ അവരെ പ്രയാസപ്പെടുത്തി. കേടായ റൂം ഹീറ്ററിലെ പുക അവർക്ക് എന്നും തലവേദനയായി മാറി.ഹോസ്റ്റലിൽ മറ്റൊരു മുറിക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഒരു കറുത്ത നിറമുള്ള സഹപാഠിയെ ഉൾക്കൊള്ളാനുള്ള ഹൃദയ വിശാലത അമേരിക്കൻ പൊതു ബോധത്തിന് ഇന്നത്തെ പോലെ അന്നും കുറവായിരുന്നു. തളരാത്ത മനസുമായി അവർ പഠനം തുടർന്നു.ഇതിനിടയിൽ തന്റെ ഉയർച്ചക്ക്‌ എന്നും പ്രചോദനമായിരുന്ന ഭർത്താവിന്റെ അപകർഷത നിറഞ്ഞ കത്തുകളും, കുത്തു വാക്കുകളും അവരെ തളർത്തി കൊണ്ടിരുന്നു. എങ്കിലും കോളജിലെ ചില വ്യക്തികളുടെ സ്നേഹപൂർണമായ പെരുമാറ്റം അവരെ സ്വന്ത്വനിപ്പിച്ചു..

മൂന്ന് വർഷക്കാലത്തെ കൊടും തണുപ്പ്, മാനസിക സമ്മർദം എല്ലാം ചേർന്ന് അവരുടെ ആരോഗ്യം ക്ഷയിച്ച് തുടങ്ങി. അവസാന വർഷ പരീക്ഷ വരെ അവർ പിടിച്ചു നിന്നു. അങ്ങിനെ ആ ദിനം വന്നെത്തി ബിരുദദാന ചടങ്ങിൽ ഇന്ത്യയിലെ ആദ്യ വനിത ഡോക്ടറായി ആനന്ദി ബായി മാറി. ഈ ചരിത്ര നിമിഷത്തിൽ ഭർത്താവ് ഗോപാൽ റാവുവും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയായിരുന്ന പണ്ഡിറ്റ് രമ ബായിയും സാക്ഷികളായി. ദിനംപ്രതി മോശമായി കൊണ്ടിരുന്ന ആരോഗ്യം അവരെ തളർത്തി. ഫില ദേൽഫിയയിലെ വിദഗ്ദ്ധ പരിശോധനയിൽ തനിക്ക് ക്ഷയരോഗം പിടിപെട്ടതായി തിരിച്ചറിഞ്ഞു. അമേരിക്കയിൽ തന്നെ ചികിൽസ തേടിയെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല.തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ചികിത്സക്കായി അമേരിക്കയിൽ നിന്നും കൂട്ടുകാർ മരുന്നുകൾ അയച്ചു കൊടുത്തിരുന്നു. പക്ഷേ ഏറെ നാൾ പിടിച്ചു നിൽകാൻ കഴിഞ്ഞില്ല. 1887 ൽ തന്റെ 21-ആം വയസ്സിൽ എല്ലാ പ്രതീക്ഷകളും കൈവിട്ടു. അവർ മരണത്തിനു കീഴടങ്ങി. ഡോക്ടറായി സമൂഹത്തെ സേവിക്കാൻ ആഗ്രഹിച്ച അവരുടെ ജീവിതം വിടരും മുൻപേ കൊഴിഞ്ഞു പോയി. എങ്കിലുംഅവരുടെ ജീവിതം എന്നും പ്രചോദനമാണ്. ഇചഛാശക്തിയുടെ പ്രതിരൂപമായി അവർ ലോകമെങ്ങുമുള്ള പെൺകുട്ടികൾക്ക് ഊർജ്ജം പകരുന്നു.
Sameer Vidwans സംവിധാനം ചെയ്ത ആനന്ദി ഗോപാൽ എന്ന ജീവചരിത്രസിനിമയിൽ നിന്നുമുള്ള രംഗം
സ്ത്രീകളുടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന യുവതികൾക്ക് ആനന്ദി ബായിയുടെ പേരിൽ മഹാരാഷ്ട്ര സർക്കാർ ഫെല്ലോഷിപ്പ് ഏർപെടുത്തിയിട്ടുണ്ട്. ദൂരദർശനിൽ സീരിയൽ ആയി അവരുടെ ജീവിതം സംപ്രേക്ഷണം ചെയ്തിരുന്നു. മറാത്തി ഭാഷയിൽ അവരുടെ ജീവിതം പ്രമേയമാക്കി സിനിമയും,നാടകവും ഉണ്ടായി. അമേരിക്കയിൽ അവരുടെ ആതിഥേയരായ കാർപേന്റർ കുടുംബം ആനന്ദിയുടെ ചിതാഭസ്മം പൗകീപ്‌സിയിലുള്ള അവരുടെ കുടുംബ സെമിത്തേരിയിൽ അടക്കം ചെയ്തിട്ടുണ്ട്.

ഇരുണ്ട യുഗത്തിന്റെ യുക്‌തി രഹിതമായ കല്പനകൾ , ആചാരങ്ങൾ എല്ലാത്തിനും മുന്പിൽ പിടിച്ചു നിന്ന ഈ സ്ത്രീയുടെ ഇച്ഛാശക്തി എന്നും നമുക്ക് പ്രചോദനമാകട്ടെ..


അധികവായനയ്ക്ക്

  1. The life of Dr. Anandabai Joshee, a kinswoman of the Pundita Ramabai
  2. Anandibai Joshee: Retrieving a Fragmented Feminist Image
  3. ചിത്രശേഖരം
  4. സിനിമയുടെ Trailer

Happy
Happy
0 %
Sad
Sad
75 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

Leave a Reply

Previous post ആരോഗ്യകേരളം; ചില ഭൂമിശാസ്ത്രചിന്തകൾ
Next post ഉറുമ്പിന്റെ കാമധേനു
Close