Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
xi particle | സൈ കണം. | ഹൈപറോണ്‍ ഗ്രൂപ്പില്‍പ്പെട്ട ഒരു കണം. elementary particles നോക്കുക. |
xylem | സൈലം. | വേരുകള്‍ വലിച്ചെടുക്കുന്ന ജലവും ധാതുലവണങ്ങളും വഹിച്ചുകൊണ്ടുപോകുന്ന സംവഹനകല. ഇത് സസ്യത്തിന് ദൃഢതയും നല്‍കുന്നു. സൈലം പലതരത്തിലുള്ള കോശങ്ങളുടെ സങ്കീര്‍ണ കലയാണ്. ട്രക്കിയ, ട്രക്കീഡ്, പാരന്‍കൈമ, ഫൈബറുകള്‍ എന്നിവ ഇതിലുണ്ട്. സൈലം വെസ്സലുകളാണ് ജലവും ധാതുലവണങ്ങളും വേരില്‍ നിന്ന് ഇലകളില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്. |
xylose | സൈലോസ്. | ചില ദാരുസസ്യങ്ങളില്‍ കണ്ടുവരുന്ന ഒരിനം പെന്റോസ് പഞ്ചസാര C5H10O5. ദാരു പഞ്ചസാര ( wood sugar) എന്നും പറയും. |
y linked | വൈ ബന്ധിതം. | y ക്രാമസോമിലുള്ള ജീനുകളെ വിശേഷിപ്പിക്കുന്ന പദം. അച്ഛനില്‍ നിന്ന് ആണ്‍ മക്കളിലേക്ക് സംക്രമിക്കുന്ന ജീനുകളാണിവ. ഉദാ: ചെവിയിലെ രോമവളര്‍ച്ച. |
y parameters | വൈ പരാമീറ്ററുകള്‍. | തുല്യമാന പരിപഥം ഉപയോഗിച്ച്, ട്രാന്‍സിസ്റ്ററിന്റെ പ്രവര്‍ത്തനം വിലയിരുത്താനും ട്രാന്‍സിസ്റ്റര്‍ ഉപയോഗിക്കുന്ന പരിപഥം ഡിസൈന്‍ ചെയ്യാനും മറ്റുമായി ഉപയോഗിക്കുന്ന നാല് പരാമീറ്ററുകള്‍. നിര്‍ഗമവും ബഹിര്‍ഗമവുമായി ബന്ധപ്പെട്ട നാല് പ്രവേശ്യതകള്‍ ആണ് ഇവ. പ്രവേശ്യതകള്‍ക്കു പകരം നാല് കര്‍ണരോധങ്ങള്‍ പരാമീറ്ററുകളായി ഉപയോഗിക്കാറുണ്ട്. അവയ്‌ക്ക് z പരാമീറ്ററുകള്‍ എന്നാണ് പേര്. രണ്ട് പ്രവേശ്യതയും രണ്ട് കര്‍ണരോധവും പരാമീറ്ററുകളായി ഉപയോഗിച്ചാല്‍ അവയ്‌ക്ക് h പരാമീറ്ററുകള്‍ എന്നു പറയുന്നു. |
y-axis | വൈ അക്ഷം. | കാര്‍ടീഷ്യന്‍ നിര്‍ദ്ദേശാങ്ക വ്യവസ്ഥയില്‍ ഉപയോഗിക്കുന്ന ലംബ അക്ഷങ്ങളില്‍ ഒന്ന്. |
y-chromosome | വൈ-ക്രാമസോം. | ഒരിനം ലിംഗ ക്രാമസോം. സസ്‌തനികളിലും മറ്റു പല ജന്തുക്കളിലും പുരുഷലക്ഷണങ്ങളെ നിര്‍ണയിക്കുന്ന ജീനുകള്‍ ഇതിലാണുള്ളത്. |
yag laser | യാഗ്‌ലേസര്‍. | Nd:YAG laser, Er: YAG laser എന്ന രണ്ടിനമുണ്ട്. ആദ്യത്തേതില്‍ നിയോഡൈമിയം (1%) അപദ്രവ്യമായി ചേര്‍ത്ത യിട്രിയം-അലൂമിനിയം ഗാര്‍നറ്റും ( Nd:Y3Al5012) രണ്ടാമത്തേതില്‍ ഏര്‍ബിയം അപദ്രവ്യം ചേര്‍ത്ത Er:Y3Al5O12 ഉം ലേസിംഗ് മാധ്യമമായി ഉപയോഗിക്കുന്നു. ചികിത്സാ രംഗത്തും വ്യവസായ രംഗത്തും ഇവയ്‌ക്ക് അനേകം ഉപയോഗങ്ങളുണ്ട്. Nd:YAG ലേസര്‍ 1064 നാനോമീറ്ററിലും Er:YAG ലേസര്‍ 2940 നാനോമീറ്ററിലും ഉള്ള ഇന്‍ഫ്രാറെഡ് ലേസര്‍ തരംഗങ്ങളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. |
yard | ഗജം | വാര. നീളത്തിന്റെ ഒരു ഏകകം. ഒരു ഗജം=മൂന്ന് അടി. ഉദാ: ക്രിക്കറ്റ് പിച്ചിന്റെ നീളം 22 വാര ആണ്. |
yaw axis | യോ അക്ഷം. | റോക്കറ്റ് ഉയരുമ്പോള്‍ അതിന്റെ ഇടംവലം വ്യതിചലനത്തെ സന്തുലനപ്പെടുത്തുന്നത് ഈ അക്ഷത്തിലുള്ള കറക്കമാണ്. roll axis നോക്കുക. |
Year | വര്‍ഷം | കൊല്ലം. ഭൂമിക്ക് സൂര്യനെ പരിക്രമണം ചെയ്യാന്‍ വേണ്ട കാലം. പലതരം വര്‍ഷങ്ങള്‍ ഉണ്ട്. 1. Tropical Year/Solar year. സൗരവര്‍ഷം. വിഷുവസ്ഥാനത്തു തുടങ്ങി വിഷുവസ്ഥാനത്ത് തിരിച്ചെത്താന്‍ സൂര്യനു വേണ്ട കാലം. 365.24219 സൗരദിനം 2. Sidereal year-നാക്ഷത്ര വര്‍ഷം. ഒരു നക്ഷത്രത്തില്‍ (ഉദാ: അശ്വതി, മേഷാദി) തുടങ്ങി അതേ നക്ഷത്രത്തില്‍ തിരിച്ചെത്താന്‍ സൂര്യനു വേണ്ട കാലം, 365.25636 ദിവസം. 3. Eclipse year- ഗ്രഹണവര്‍ഷം. രാഹുവില്‍/കേതുവില്‍ തുടങ്ങി അതേ സ്ഥാനത്ത് തിരിച്ചെത്താന്‍ സൂര്യനുവേണ്ട കാലം. 346.62003 ദിവസം. 19 ഗ്രഹണവര്‍ഷം ചേര്‍ന്നതാണ് ഒരു സാരോസ് ( saros നോക്കുക).4. Anomalistic year-പരിവര്‍ഷം. സൗരസമീപകത്തില്‍ ( perihelion) തുടങ്ങി അതേ സ്ഥാനത്ത് തിരിച്ചെത്താന്‍ ഭൂമിക്കു വേണ്ട കാലം. 365.25964 ദിവസം. 5. Calendar year-കലണ്ടര്‍ വര്‍ഷം. ഭരണപരമായ സകൗര്യത്തിനുവേണ്ടി സാധാരണ വര്‍ഷങ്ങളെ 365 ദിവസമായും 4 വര്‍ഷം കൂടുമ്പോള്‍ 366 ദിവസമായും നിര്‍വചിച്ചിരിക്കുന്ന വര്‍ഷം. |
yeast | യീസ്റ്റ്. | കാര്‍ബോ ഹൈഡ്രറ്റുകളെ പുളിപ്പിക്കാന്‍ കഴിവുള്ള കുമിളുകളുടെ ഒരു വിഭാഗം. |
yield (Nucl. Engg.) | ഉല്‍പ്പാദനം | ലഭ്യത. ഫിഷന്‍ പ്രക്രിയയുടെ ഫലമായി ഒരു നിശ്ചിത ഉല്‍പ്പന്നം ഉണ്ടാകുന്ന അളവ്. ഉദാ: ബെറിലിയം ഉല്‍പ്പാദനം. |
yield point | പരാഭവ മൂല്യം. | ഒരു ഖരവസ്‌തുവില്‍ പ്രയോഗിക്കുന്ന ബലം പരിമിതമായിരുന്നാല്‍ അതു വസ്‌തുവില്‍ ഉണ്ടാക്കുന്ന പ്രതിബലവും ( stress) വിരൂപണവും അന്യോന്യം ആനുപാതികമായിരിക്കും എന്നാണ് ഹൂക്‌സ് നിയമം പറയുന്നത്. വസ്‌തു ഇലാസ്‌തികമായിരിക്കും. അതായത് ബലപ്രയോഗം നിര്‍ത്തിയാല്‍ വസ്‌തു പ്രാരംഭാവസ്ഥയിലേക്കു തിരിച്ചുപോകും. എന്നാല്‍ പ്രയോഗിക്കുന്ന ബലം ഒരു നിശ്ചിത പരിധിക്കപ്പുറം ആയാല്‍ വസ്‌തുവിന്റെ ഇലാസ്‌തികത നഷ്ടപ്പെടുകയും പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാതാവുകയും ചെയ്യും. ഈ പരിധിയാണ് പരാഭവമൂല്യം ഇത് ഓരോ പദാര്‍ഥത്തിനും വ്യത്യസ്‌തമായിരിക്കും. |
yocto | യോക്‌ടോ. | 10 -24 നെ സൂചിപ്പിക്കുന്ന പൂര്‍വപദം. സൂചകം y.ഉദാ യോക്‌റ്റോഗ്രാം. |
yoke | യോക്ക്. | ഒരു കാന്തിക പരിപഥം പൂര്‍ത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന അയസ്‌കാന്തിക വസ്‌തു. |
yolk | പീതകം. | മിക്ക ജന്തുക്കളുടെയും അണ്ഡത്തില്‍ അടങ്ങിയിട്ടുള്ള സംഭൃത ആഹാരം. കണികാരൂപത്തിലുള്ള പ്രാട്ടീന്റെയും കൊഴുപ്പിന്റെയും ശേഖരമാണ് ഇത്. |
yolk sac | പീതകസഞ്ചി. | സ്രാവുകളുടെയും ഉരഗങ്ങളുടെയും പക്ഷികളുടെയും മറ്റും ഭ്രൂണങ്ങളുടെ അന്നപഥത്തോടനുബന്ധിച്ചു കാണപ്പെടുന്ന പീതകം അടങ്ങിയിട്ടുള്ള സഞ്ചി. പീതകത്തില്‍ നിന്ന് ഭ്രൂണത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ പോഷകങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ സഞ്ചി സഹായിക്കുന്നു. |
yotta | യോട്ട. | 10 24 നെ സൂചിപ്പിക്കുന്ന പൂര്‍വപദം ( prefix). സൂചകം Y. ഉദാ യോട്ടാമീറ്റര്‍ ( YM) |
Young's modulus | യങ് മോഡുലസ്. | elastic modulus നോക്കുക. |