Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
quantum jump | ക്വാണ്ടം ചാട്ടം. | അണുവിന്റെയോ തന്മാത്രയുടെയോ അല്ലെങ്കില്‍ അവ ചേര്‍ന്ന ഒരു സൂക്ഷ്മ വ്യൂഹത്തിന്റെയോ ഒരു ക്വാണ്ടം അവസ്ഥയില്‍ നിന്ന് മറ്റൊരു അവസ്ഥയിലേക്കുള്ള ദ്രുതമാറ്റം. |
quantum mechanics | ക്വാണ്ടം ബലതന്ത്രം. | ക്വാണ്ടം സങ്കല്പത്തെ അടിസ്ഥാനമാക്കിയുള്ള ബലതന്ത്രം. അണുക്കളുടെയും തന്മാത്രകളുടെയും ഗുണധര്‍മ്മങ്ങളെ വിശകലനം ചെയ്യാനുപയോഗിക്കുന്നു. അനിശ്ചിതത്വസിദ്ധാന്തം, ദ്രവ്യതരംഗസ്വഭാവം, ഊര്‍ജത്തിന്റെ ക്വാണ്ടസ്വഭാവം എന്നിവയാണ് അടിസ്ഥാന പരികല്പനങ്ങള്. |
quantum number | ക്വാണ്ടം സംഖ്യ. | ക്വാണ്ടം ഭൗതികം അനുസരിച്ച് കണങ്ങളും കണങ്ങള്‍ ചേര്‍ന്ന വ്യൂഹങ്ങളും ചില നിശ്ചിത അവസ്ഥകളില്‍ മാത്രമേ സ്ഥിതി ചെയ്യൂ. ഈ അവസ്ഥകള്‍ തമ്മില്‍ നിശ്ചിതമായ അന്തരമുണ്ടാകും. തുടര്‍ച്ചയായ അവസ്ഥകള്‍ നിലനില്ക്കുന്നതേയില്ല. വിച്ഛിന്നവും നിയതവുമായ ഈ അവസ്ഥകളാണ് ക്വാണ്ടം അവസ്ഥകള്‍. ഈ അവസ്ഥകളെ സൂചിപ്പിക്കുന്ന സംഖ്യകളാണ് ക്വാണ്ടം സംഖ്യകള്‍. |
quantum state | ക്വാണ്ടം അവസ്ഥ. | - |
quantum theory | ക്വാണ്ടം സിദ്ധാന്തം. | ക്ലാസിക്കല്‍ ഭൗതികത്തിന് വിശദീകരിക്കുവാന്‍ കഴിയാതിരുന്ന ചില നിരീക്ഷണങ്ങളെ വിശദീകരിക്കുവാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാക്സ് പ്ലാങ്ക് അവതരിപ്പിച്ച ഒരു സിദ്ധാന്തം. ഈ സിദ്ധാന്തമനുസരിച്ച് ഊര്‍ജം ഉത്സര്‍ജിക്കുന്നത് ക്വാണ്ടങ്ങള് ആയാണ്. ഊര്‍ജത്തിന്റെ ആഗിരണം നടക്കുന്നതും ക്വാണ്ടങ്ങളായാണ്. ഓരോ ക്വാണ്ടത്തിലെയും ഊര്‍ജത്തിന്റെ അളവ് E=hυ എന്ന സൂത്രവാക്യത്താല് സൂചിപ്പിക്കാം. ഇവിടെ υ വികിരണത്തിന്റെ ആവൃത്തിയാണ്. ഈ ക്വാണ്ടം സങ്കല്പം വഴി ശ്യാമവസ്തു വികിരണം, ആറ്റം ഘടന, പ്രകാശവൈദ്യുതി പ്രഭാവം മുതലായവ വിശദീകരിക്കുവാന്‍ കഴിഞ്ഞു. ആദ്യകാലത്ത് അവതരിപ്പിക്കപ്പെട്ട ഈ സിദ്ധാന്തം പഴയ ക്വാണ്ടം സിദ്ധാന്തം എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ആധുനിക കാലത്ത് ക്വാണ്ടം സങ്കല്പങ്ങളെ അടിസ്ഥാനമാക്കി ഒട്ടേറെ ശാസ്ത്രശാഖകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ക്വാണ്ടം ബലതന്ത്രം, (ആപേക്ഷികതയെ ഉള്‍ക്കൊള്ളുന്നതും, ഉള്‍ക്കൊള്ളാത്തതും) ക്വാണ്ടം ഫീല്‍ഡ് സിദ്ധാന്തം, ക്വാണ്ടം ഇലക്ട്രാണികം, ക്വാണ്ടം രസതന്ത്രം, ക്വാണ്ടം ധ്വാനികം എന്നിവയെല്ലാം ഇപ്പോള്‍ ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപശാഖകളാണ്. ക്ലാസിക്കല്‍ ഭൗതികത്തില്‍ നിന്ന് വ്യത്യസ്തമായി, ക്വാണ്ടം സിദ്ധാന്തം പൂര്‍ണ്ണമായും സംഭാവ്യതാ സങ്കല്പനങ്ങളില് അധിഷ്ഠിതമാണ്. |
quantum yield | ക്വാണ്ടം ദക്ഷത. | ഒരു പ്രകാശരാസപ്രവര്‍ത്തനത്തില്‍ ഒരു ക്വാണ്ടം ഉര്ജം ആഗിരണം ചെയ്യുന്നതുവഴി പ്രതിപ്രവര്‍ത്തിക്കുന്ന തന്മാത്രകളുടെ എണ്ണം. quantum efficiency എന്നും പറയും. |
quarentine | സമ്പര്ക്കരോധം. | രോഗബാധ തടയാന്‍ രോഗം ഉള്ളവരെയും പകര്ച്ചവ്യാധികളുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും നിര്‍ബന്ധപൂര്‍വം മാറ്റി പാര്‍പ്പിക്കല്‍. |
Quark confinement | ക്വാര്‍ക്ക് ബന്ധനം. | സ്വതന്ത്ര ക്വാര്‍ക്കുകള്‍ സൃഷ്ടിക്കാനാകില്ല എന്ന പരികല്‍പ്പന. രണ്ട് ഹാഡ്രാണുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അവയിലെ ക്വാര്‍ക്കുകളെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്നു എന്നിരിക്കട്ടെ. പരസ്പരം അകലും തോറും ബന്ധന ബലം കൂടുക എന്നതാണ് ക്വാര്‍ക്കുകളുടെ സവിശേഷത. ഇതിനെ അനന്തസ്പര്ശ സ്വാതന്ത്യ്രം ( asymptotic freedom) എന്നു വിളിക്കാം. ഇക്കാരണത്താല്‍ എത്ര പ്രബലമായി കൂട്ടിയിടിച്ചാലും ക്വാര്‍ക്കുകളെ സ്വതന്ത്രമാക്കാനാകില്ല. പകരം, കൂട്ടിയിടിയുടെ ഊര്‍ജം പുതിയ ക്വാര്‍ക്ക്-പ്രതിക്വാര്ക്ക് ദ്വയങ്ങള്‍ക്ക് ജന്മം നല്‍കുകയും അവ ചേര്‍ന്ന് പുതിയ കണങ്ങള്‍ (ഉദാ: പൈമെസോണ്, പ്രാട്ടോണ്‍ മുതലായവ) ഉണ്ടാവുകയും ആണ് ചെയ്യുക. |
quarks | ക്വാര്‍ക്കുകള്‍. | ക്വാര്‍ക്ക് സിദ്ധാന്തമനുസരിച്ച് ഹാഡ്രാണുകള്‍ എല്ലാം ക്വാര്ക്കു നിര്‍മ്മിതമാണെന്നാണ് സങ്കല്പം. കണഭൗതികത്തിലെ ഒട്ടെല്ലാ പ്രതിഭാസങ്ങളും വിശദീകരിക്കുവാന്‍ ക്വാര്‍ക്ക് സങ്കല്പം വളരെ സഹായകമാണ്. ഗെല്‍മാന്‍, സ്വൈഗ് എന്നീ ശാസ്ത്രജ്ഞരുടെ സിദ്ധാന്തമനുസരിച്ച് പ്രാട്ടോണ്‍, ന്യൂട്രാണ്‍, മെസോണ്‍ തുടങ്ങിയ കണങ്ങള്‍ അതിനേക്കാള്‍ പ്രാഥമികമായ ക്വാര്‍ക്കുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അവയെ മേല്‍ (up-u) കീഴ് ( down-d) വിചിത്രം ( strange-s) എന്നിങ്ങനെ വിളിക്കുന്നു. പ്രാട്ടോണ്‍ രണ്ട് u ക്വാര്‍ക്കുകളും ഒരു d ക്വാര്‍ക്കും ചേര്‍ന്നുണ്ടായതാണ്. ന്യൂട്രാണ്‍ രണ്ട് d ക്വാര്‍ക്കുകളും ഒരു u ക്വാര്‍ക്കും ചേര്‍ന്നും. ക്വാര്‍ക്കുകളുടെ പ്രത്യേകത, അവയ്ക്ക് ആംശിക വൈദ്യുത ചാര്‍ജാണുള്ളത് എന്നതാണ്. ഈ മൂന്നു ക്വാര്‍ക്കുകള്‍ കൂടാതെ വശ്യം (charm-C) എന്നൊരു ക്വാര്ക്കു കൂടെ ഉണ്ടെന്ന് 1974 ല്‍ സിദ്ധാന്തിക്കപ്പെട്ടു. 1977 ല്‍ സുന്ദരം ( bottom or beauty-b) എന്ന പേരില്‍ മറ്റൊരു ക്വാര്‍ക്കിന്റെ അസ്തിത്വം കൂടി അംഗീകരിക്കേണ്ടി വന്നു. ടോപ്പ് ( top-t) എന്ന ഒരു ക്വാര്ക്കു കൂടെ ഉണ്ടെന്ന് സൈദ്ധാന്തിക ശാസ്ത്രജ്ഞര്‍ക്ക് പിന്നീട് ബോധ്യമായി. 1978ല്‍ ഫെര്‍മി ലാബിലെ കണത്വരിത്രത്തില് ബോട്ടം ( b) ക്വാര്‍ക്കിനെ കണ്ടെത്തി. ഇപ്പോള്‍ എല്ലാ ക്വാര്‍ക്കുകളുടെയും അസ്തിത്വം കണത്വരിത്രത്തിലെ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു കഴിഞ്ഞു. cf. Quantum Chromo Dynamics. |
quartic equation | ചതുര്‍ഘാത സമവാക്യം. | ചരത്തിന്റെ ഏറ്റവും കൂടിയ ഘാതം 4 ആയ ബഹുപദ സമീകരണം. ഇതിന്റെ സാമാന്യരൂപം ax4+bx3+cx2+dx+e=0 എന്നാണ്. a ≠ 0, a, b, c, d, e ε IR. |
quartile | ചതുര്‍ത്ഥകം. | ഒരു വിതരണത്തെ നാല് തുല്യ വിസ്തീര്ണ്ണങ്ങളായി ഭാഗിക്കുന്ന ചരമൂല്യങ്ങള്. |
quartz | ക്വാര്‍ട്സ്. | പ്രകൃതിദത്തമായ ക്രിസ്റ്റലീയ സിലിക്ക (സിലിക്കണ്‍ ഡൈ ഓക്സൈഡ്). മര്ദ്ദവൈദ്യൂത പ്രഭാവം പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ക്വാര്‍ട്സ് ക്ലോക്കുകളിലും വാച്ചുകളിലും കൃത്യ ഇടവേളയുള്ള സ്പന്ദനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അപഘര്ഷണകാരിയായും ചായങ്ങളിലും ഉപയോഗിക്കുന്നു |
quartz clock | ക്വാര്‍ട്സ് ക്ലോക്ക്. | ക്വാര്‍ട്സ് ക്രിസ്റ്റലിന്റെ മര്‍ദവൈദ്യുതി പ്രഭാവം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ക്ലോക്ക്. ഒരു വൈദ്യുത ദോലകപരിപഥത്തിലെ ഘടകമായി ക്രിസ്റ്റല്‍ ഉപയോഗിക്കപ്പെടുന്നു. ക്രിസ്റ്റലിന്റെ കമ്പനാവൃത്തിയിലാണ് ഈ പരിപഥം ദോലനം ചെയ്യുന്നത്. മര്‍ദ്ദക വൈദ്യുത പ്രഭാവം കാണിക്കുന്നു എന്നതാണ് ക്വാര്‍ട്സിന്റെ സവിശേഷത. നിശ്ചിത ഇടവേളകളില്‍ ഉള്ള കൃത്യമായ വൈദ്യുത സ്പന്ദനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ പ്രഭാവം ക്വാര്‍ട്സ് ക്രിസ്റ്റലിനെ സഹായിക്കുന്നു. ഈ സ്പന്ദനങ്ങളാണ് പിന്നീട് മണിക്കൂര്‍, മിനിട്ട് സൂചികളെ ചലിപ്പിക്കുന്നത്. |
quartzite | ക്വാര്‍ട്സൈറ്റ്. | മണല്‍ക്കല്ലിന്റെ കായാന്തരിത രൂപം. |
quasar | ക്വാസാര്‍. | പ്രകാശിക ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് നിരീക്ഷിക്കുമ്പോള്‍ അതിശോഭയുള്ള നക്ഷത്രങ്ങളെപ്പോലെ കാണപ്പെടുന്നതും വളരെ ഉയര്‍ന്ന ചുവപ്പ് നീക്കം ഉള്ളവയുമായ ഒരിനം ഖഗോളപിണ്ഡം Quasi Stellar Radio Sources എന്നതിന്റെ ചുരുക്കമാണ് ക്വാസാര്‍. ചുവപ്പു നീക്കത്തിന്റെ അടിസ്ഥാനത്തില്‍ ദൂരം കണക്കാക്കുമ്പോള്‍, 400 കോടി പ്രകാശവര്ഷങ്ങള്ക്കപ്പുറമേ ക്വാസാറുകള്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളു. അത്രയും കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ജന്മമെടുത്തുകൊണ്ടിരുന്ന ഭീമന് ഗാലക്സികളുടെ കേന്ദ്രങ്ങളാണ് ക്വാസാറുകളായി പ്രത്യക്ഷപ്പെടുന്നത് എന്നു കരുതപ്പെടുന്നു. ഗാലക്സി കേന്ദ്രത്തിലുള്ള തമോഗര്‍ത്തങ്ങളുടെ ആര്‍ജിത ഡിസ്ക് ആണ് നാം കാണുന്നത്. |
Quaternary period | ക്വാട്ടര്‍നറി മഹായുഗം. | പ്ലീസ്റ്റോസീന്‍, ഹോളോസീന്‍ എന്നീ യുഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹായുഗം. സീനോസോയിക് കല്പത്തെ ടെര്‍ഷ്യറി, ക്വാട്ടര്‍നറി എന്നീ മഹായുഗങ്ങളായി വിഭജിച്ചിരിക്കുന്നു. ക്വാട്ടര്‍നറി മഹായുഗത്തിന്റെ ആദ്യഘട്ടത്തില്‍ ഹിമയുഗങ്ങള്‍ ഉണ്ടായിരുന്നു. മനുഷ്യന്റെ ഉത്ഭവം ഈ ഘട്ടത്തിലായിരുന്നു. |
queen | റാണി. | സമൂഹജീവിതമുള്ള ഷഡ്പദങ്ങളുടെ സമൂഹത്തിലെ (ഉദാ: തേനീച്ച) പ്രത്യുത്പാദന ശേഷിയുള്ള ഏക പെണ്ഷഡ്പദം. |
queen substance | റാണി ഭക്ഷണം. | തേനീച്ചകളിലെ തൊഴിലാളികളുടെ ഫാരിന്‍ജിയല്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന വസ്തു. ഇത് ലാര്‍വകളെ തീറ്റാന്‍ ഉപയോഗിക്കുന്നു. കൂടുതല്‍ ദിവസങ്ങള്‍ ഈ ഭക്ഷണം കൊടുത്താണ് റാണി ഈച്ചകളെ വളര്‍ത്തിയെടുക്കുന്നത്. royal jelly എന്നും പേരുണ്ട്. |
queen's metal | രാജ്ഞിയുടെ ലോഹം. | ആന്റിമണി, സിങ്ക്, ലെഡ്, കോപ്പര്‍ എന്നീ ലോഹങ്ങള്‍ അടങ്ങിയ കൂട്ടുലോഹം. |
quenching | ദ്രുതശീതനം. | ചുട്ടുപഴുത്ത ലോഹത്തെ എണ്ണയിലോ വെള്ളത്തിലോ ആഴ്ത്തി പെട്ടെന്ന് തണുപ്പിക്കുന്ന പ്രക്രിയ. കാഠിന്യം വര്‍ധിപ്പിക്കാനാണിത്. |