quantum theory
ക്വാണ്ടം സിദ്ധാന്തം.
ക്ലാസിക്കല്‍ ഭൗതികത്തിന് വിശദീകരിക്കുവാന്‍ കഴിയാതിരുന്ന ചില നിരീക്ഷണങ്ങളെ വിശദീകരിക്കുവാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാക്‌സ് പ്ലാങ്ക് അവതരിപ്പിച്ച ഒരു സിദ്ധാന്തം. ഈ സിദ്ധാന്തമനുസരിച്ച് ഊര്‍ജം ഉത്സര്‍ജിക്കുന്നത് ക്വാണ്ടങ്ങള്‍ ആയാണ്. ഊര്‍ജത്തിന്റെ ആഗിരണം നടക്കുന്നതും ക്വാണ്ടങ്ങളായാണ്. ഓരോ ക്വാണ്ടത്തിലെയും ഊര്‍ജത്തിന്റെ അളവ് E=hυ എന്ന സൂത്രവാക്യത്താല്‍ സൂചിപ്പിക്കാം. ഇവിടെ υ വികിരണത്തിന്റെ ആവൃത്തിയാണ്. ഈ ക്വാണ്ടം സങ്കല്‌പം വഴി ശ്യാമവസ്‌തു വികിരണം, ആറ്റം ഘടന, പ്രകാശവൈദ്യുതി പ്രഭാവം മുതലായവ വിശദീകരിക്കുവാന്‍ കഴിഞ്ഞു. ആദ്യകാലത്ത് അവതരിപ്പിക്കപ്പെട്ട ഈ സിദ്ധാന്തം പഴയ ക്വാണ്ടം സിദ്ധാന്തം എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ആധുനിക കാലത്ത് ക്വാണ്ടം സങ്കല്‍പങ്ങളെ അടിസ്ഥാനമാക്കി ഒട്ടേറെ ശാസ്‌ത്രശാഖകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ക്വാണ്ടം ബലതന്ത്രം, (ആപേക്ഷികതയെ ഉള്‍ക്കൊള്ളുന്നതും, ഉള്‍ക്കൊള്ളാത്തതും) ക്വാണ്ടം ഫീല്‍ഡ് സിദ്ധാന്തം, ക്വാണ്ടം ഇലക്‌ട്രാണികം, ക്വാണ്ടം രസതന്ത്രം, ക്വാണ്ടം ധ്വാനികം എന്നിവയെല്ലാം ഇപ്പോള്‍ ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപശാഖകളാണ്. ക്ലാസിക്കല്‍ ഭൗതികത്തില്‍ നിന്ന് വ്യത്യസ്‌തമായി, ക്വാണ്ടം സിദ്ധാന്തം പൂര്‍ണ്ണമായും സംഭാവ്യതാ സങ്കല്‌പനങ്ങളില്‍ അധിഷ്‌ഠിതമാണ്.