[dropcap]ശാ[/dropcap]സ്ത്രബോധം പൗരന്റെ കടമയായി എഴുതിച്ചേര്‍ത്ത ഏകഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനയുടെ 51 എ(എഛ്) വകുപ്പ് പ്രകാരം ഓരോ ഇന്ത്യക്കാരനും ശാസ്ത്രബോധം, മാനവികത, അന്വേഷണ തൃഷ്ണ, നവീകരണം ഇവക്ക് വേണ്ടി നിലകൊള്ളണം. രാഷ്ട്ര ശില്പിയായി വിശേഷിപ്പിക്കപ്പെടുന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു രാജ്യത്തിന്റെ പുരോഗതിക്ക് ശാസ്ത്രത്തിന്റെ പാതയാണ് അവലംബിക്കേണ്ടത് എന്നാണ് കരുതിയത്. കേവലം സാങ്കേതിക പുരോഗതി മാത്രമല്ല ജനങ്ങളുടെ ശാസ്ത്രവിജ്ഞാനത്തിലും ശാസ്ത്രബോധത്തിലും മുന്നേറ്റമുണ്ടായാലേ രാജ്യം പുരോഗമിക്കൂ എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ വിപുലമായ ശൃംഖല സ്ഥാപിച്ചും ഉന്നതരായ ശാസ്ത്രജ്ഞരെ രാജ്യത്തേക്ക് ആകര്‍ഷിച്ചും അവരില്‍ ചിലരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചും ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന് ശക്തമായ അടിത്തറ പാകി അദ്ദേഹം. പിന്നീട് ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായപ്പോഴും ഇതേ സമീപനമാണ് പിന്തുടര്‍ന്നത്. അവശ്യമരുന്നുകളുടെ ഉത്പാദനത്തിലും വിപണനത്തിലും ഇന്ത്യയെ മുന്‍നിരയിലേക്ക് നയിച്ചതില്‍ മുഖ്യ പങ്ക് വഹിച്ച 1970ലെ ഇന്ത്യന്‍ പേറ്റന്റ് നിയമം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് കൊണ്ടുവന്നത്. രാജ്യത്ത് പരിസ്ഥിതി സംരക്ഷണ നിയമങ്ങള്ക്ക് തുടക്കമിടുന്നതും അപ്പോഴാണ്.2019 മെയ് 30. ഇനിയുമൊരു അഞ്ചുവര്‍ഷം രാജ്യം ഭരിക്കാനുള്ള ജനസമ്മിതിയുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റിരിക്കയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അതേ നയങ്ങള്‍ തന്നെയാണ് പുതിയ സര്‍ക്കാരും പിന്തുടരുക എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രി സഭയിലെ പ്രമുഖരുടെ നിര അത് വിളിച്ചോതുന്നുമുണ്ട്.ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും മറിച്ചൊരു ചിന്തക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.
ഇന്ന് ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ചില സുപ്രധാനമേഖലകളില്‍ ലോകത്തിന്റെ മുന്‍നിരയിലേക്ക് രാജ്യം കുതിച്ചുകഴിഞ്ഞത് ഈ അടിത്തറയിലൂന്നിയാണ്. സ്പേസ് ടെക്നോളജിയില്‍ ഏറ്റവും മുന്നിലുള്ള അഞ്ചു രാജ്യങ്ങളിലൊന്നാണിന്ത്യ. ആണവസാങ്കേതിക വിദ്യയിലും നാം സ്വയം പര്യാപ്തമാണ്. CERN , Human Genome Project തുടങ്ങിയ മേഖലകളിൽ ഇന്ത്യ സംഭാവന നൽകിയിട്ടുണ്ട്. ഐടി വിദ്ഗധരെ സംഭാവന ചെയ്യുന്നതില്‍ ലോകത്ത് തന്നെ നാം മുന്നിലാണെന്ന് പറയാം. എന്നാല്‍ ജീവശാസ്ത്രം പോലുള്ള മേഖലകളില്‍ നാം ഇനിയുമേറെ മുന്നേറാനുണ്ട്.
ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന്റെ ദിശയില്‍ മാറ്റമുണ്ടായത് 91 ന് ശേഷമുള്ള നവലിബറല്‍ കാലത്താണ്. ശാസ്ത്ര ഗവേഷണത്തിന് പൊതു നിക്ഷേപത്തേക്കാള്‍ സ്വകാര്യമേഖലക്കായി പ്രാമുഖ്യം. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതും അറിവിന്റെ ചക്രവാളം വികസിപ്പിക്കുന്നതുമായ ഗവേഷണങ്ങള്‍ സ്വാഭാവികമായും പിന്നണിയിലേക്ക് പോയി. കമ്പോളമൂല്യമുള്ള ആധുനിക സാങ്കേതിക ഉത്പന്നങ്ങള്‍ മാത്രം മുന്‍ഗണനാ പട്ടികയിലായി. പുതിയ പേറ്റന്റ് വ്യവസ്ഥ ഔഷധഗവേഷണത്തെ ദോഷകരമായി ബാധിച്ചു.
2014 ലെ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം മറ്റൊരു ദിശയിലുള്ള മാറ്റവും ആരംഭിച്ചു. സാങ്കേതിക മുന്നേറ്റത്തില്‍ ശ്രദ്ധിക്കുമ്പോള്‍തന്നെ അടിസ്ഥാന ശാസ്ത്ര ഗവേഷണത്തില്‍നിന്ന് പിന്തിരിയുകയും വഴി തിരിച്ചു വിടുകയും ചെയ്യുന്നു. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കെട്ടുകഥകള്‍ സ്ഥാപിക്കാനും ആചാരാനുഷ്ഠാനങ്ങള്‍ക്ക് പിന്നില്‍ ശാസ്ത്രീയതയുണ്ടെന്ന് സ്ഥാപിക്കാനുമുള്ള ഗവേഷണങ്ങള്‍ സുപ്രധാന ഗവേഷണസ്ഥാപനങ്ങളില്‍ ആരംഭിച്ചു. ശാസ്ത്രത്തിന്റെ അടിത്തറയില്ലാത്ത ചികിത്സാപദ്ധതികളും കാര്‍ഷിക രീതികളും ശാസ്ത്രത്തിന്റെ ലേബലില്‍ ഔദ്യോഗികമായി പ്രചരിപ്പിക്കുന്നു. ഭാരതത്തിലെ ശാസ്ത്ര സെമിനാറുകള്‍ ഗൗരവമായ ശാസ്ത്ര പ്രബന്ധങ്ങളിലൂടെയല്ല ഇന്ന് ലോകമെങ്ങും ചര്‍ച്ചയാകുന്നത്. അതിലവതരിപ്പിച്ച അസംബന്ധങ്ങളുടെ പേരിലാണ്. 2015 ലെയും 2018ലെയും ശാസ്ത്ര കോണ്‍ഗ്രസുകള്‍ ഉദാഹരണം. ക്രിസ്തുവിന് 7000 വര്‍ഷം മുമ്പ്തന്നെ ബഹിരാകാശ സഞ്ചാരത്തിനുപയോഗിക്കുന്ന വിമാനങ്ങള്‍ ഇവിടെ നിര്‍മ്മിച്ചിരുന്നുവെന്നും ഐൻസ്റ്റൈന്റെ പദാര്‍ത്ഥ -ഊര്‍ജ സമവാക്യത്തെ വെല്ലുന്ന കണ്ടെത്തലുകള്‍ വേദങ്ങളില്‍ വിവരിച്ചിട്ടുണ്ട് എന്നുമെല്ലാം ശാസ്ത്ര പ്രബന്ധങ്ങളായി അവതരിപ്പിക്കുന്നു. അതും രാജ്യത്തിന്റെ പ്രധാനമന്ത്രി ഉദ്ഘാടകനായ ശാസ്ത്രജ്ഞന്‍മാരുടെ സമ്മേളനത്തില്‍. ഗണപതി സങ്കല്‍പ്പത്തിന്റെ ജനിതക സാങ്കേതികവിദ്യയും റഡാര്‍തരംഗങ്ങളെ മറയ്ക്കുന്ന കാര്‍മേഘങ്ങളുമെല്ലാം പ്രധാനമന്ത്രി തന്നെ വിവിധ വേദികളില്‍ വിശദീകരിക്കുന്ന അവസ്ഥയും നാം കാണേണ്ടിവരുന്നു.
ശാസ്ത്രഗവേഷണത്തിനായി ജിഡിപിയും 0.8 ശതമാനം ചെലവഴിക്കപ്പെടുന്ന രാജ്യമാണ് നമ്മുടേത്.ലോക ശരാശരി 2 ശതമാനത്തിന് മീതെയാണ്. അവിടെയാണ് പരിമിതമായ തുകതന്നെ അസംബന്ധ ഗവേഷണങ്ങള്‍ക്കായി നീക്കിവെക്കുന്നത്. സ്വാഭാവികമായും അവശ്യമേഖലകളിലെ ഗവേഷണമാവും വഴിമുട്ടുക.
മോദി സര്‍ക്കാരിന്റെ പുതിയ ടേമില്‍ ഇതില്‍ നിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടാവുമോ? സ്ഥിതി കൂടുതല്‍ ആപത്കരമാകുകണോ ചെയ്യുക?. ശാസ്ത്രാഭിമുഖ്യമുള്ളവരെ അസ്വസ്ഥരാക്കുന്ന ചോദ്യങ്ങളാണിവ. ജ്യോതിഷമാണ് ശാസ്ത്രത്തിന്റെ ഏറ്റവും ഉന്നതസ്ഥാനത്തുള്ളതെന്നും ആ നിലയിലേക്ക് മറ്റ് ശാസ്ത്രങ്ങളെ എത്തിക്കയാണ് വേണ്ടതെന്നും അണുബോംബ് ആദ്യം കണ്ടുപിടിച്ചത് വേദകാലത്ത് ഭാരതത്തിലാണെന്നും അഭിപ്രായപ്പെട്ടയാളാണ് പുതിയ മാനവശേഷി വികസന വകുപ്പ് മന്ത്രി. സംസ്കൃത പഠനത്തിലും പുരാണ ഭാരതീയ ശാസ്ത്രങ്ങളുടെ പഠനത്തിലും ഊന്നല്‍ നല്കിയ പുതിയ വിദ്യാഭ്യാസ സമീപനവും പുറത്ത് വന്നിരിക്കുന്നു . കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനകളാണിവ.എന്തായാലും ശാസ്ത്രബോധവും മാനവപുരോഗതിയില്‍ ശാസ്ത്രം വഹിക്കുന്ന പങ്കും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇനി വിശ്രമരഹിതമായി പണിയെടുത്തേ തീരൂ.