Read Time:20 Minute
TK Devarajan
ടി.കെ. ദേവരാജൻ

ജനുവരി 1 – പുതുവര്‍ഷദിനം. 2020-21 ലോകത്തെങ്ങുമുള്ള മനുഷ്യ ജീവിതത്തെ കൊടും ദുരിതത്തില്‍ ആഴ്ത്തിയ വര്‍ഷമായിരുന്നു. അതിനാല്‍ 2022 കോവിഡില്‍ നിന്ന് മോചിതമാകുന്നതിന്റെയും ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും വര്‍ഷങ്ങളായി തീരട്ടെ എന്ന് എല്ലാവരും  ആഗ്രഹിക്കയോ പ്രാര്‍ത്ഥിക്കയോ ചെയ്യുന്നു. ഇത്തവണത്തെ പുതുവര്‍ഷാശംസകളുടെ മിക്കതിന്റെയും പൊരുള്‍ ഈ വിധമായിരിക്കും.

കഴിഞ്ഞ പുതുവര്‍ഷദിനങ്ങളിൽ ആരും ശപിച്ചിട്ടല്ല 2020ഉം 2021ഉം ദുരിതമായത്. അതിനാല്‍ പുതുവര്‍ഷ ആശംസകളിലൂടെ പ്രതീക്ഷിക്കുന്ന സൗഭാഗ്യവും ഒരാത്മസംതൃപ്തിക്കപ്പുറത്ത് ഒന്നും കൊണ്ടുവരില്ല എന്നു നമുക്കറിയാം. എന്നാലും ഒരു സംശയം ഉണ്ടായേക്കാം. പുതുവര്‍ഷദിനത്തില്‍ സംഭവിക്കുന്ന നല്ലതോ ചീത്തയോ ആയ ഒന്ന് വര്‍ഷം മുഴുവന്‍ നമ്മെ സ്വാധീനിക്കാന്‍ സാധ്യതയില്ലേ? കൗതുകകരമായ ഈ ചോദ്യത്തിന് മറുപടി തേടാന്‍ മറ്റ് ചില ചോദ്യങ്ങള്‍ കൂടി നാം ചോദിക്കണം. എന്താണ്  ഒരു വര്‍ഷം.? എന്തുകൊണ്ടാണ് ജനുവരി 1 പുതുവര്‍ഷദിനമായത്? എന്തുകൊണ്ടാണ് ഇന്നേ ദിവസം ജനുവരി 1 ആയത്?

കാലം കടന്നുപോകുന്നത് മനസ്സിലാക്കാന്‍ മനുഷ്യന്‍ ആദ്യം കണ്ടെത്തിയ സൂചകങ്ങള്‍ ദിവസവും മാസവുമാണ്. രണ്ടും ഏറ്റവും മുഖ്യമായ ആകാശഗോളങ്ങളുമായി ബന്ധപ്പെട്ടാണ് അടയാളപ്പെടുത്തിയത്. സൂര്യന്റെ ഉദയാസ്തമയത്തെ അടിസ്ഥാനമാക്കിയ ദിവസവും ചന്ദ്രന്റെ വൃദ്ധിക്ഷയത്തെ അടിസ്ഥാനമാക്കിയ മാസവും ആണവ. ഓരോ ഭാഷയിലും മാസത്തിന്റെ പേരുകള്‍ വന്നു ചേര്‍ന്നത് തന്നെ ചന്ദ്രനുമായി ബന്ധപ്പെട്ടാണ്. ചന്ദ്രന്റെ വൃദ്ധിക്ഷയത്തിന് 29.5 ദിവസമാണ് വേണ്ടതെന്നതിനാല്‍ മാസം എല്ലാം സംസ്കാരങ്ങളിലും 29-30 ദിവസമായിരുന്നു. പൗര്‍ണ്ണമിയോ, അമാവസിയോ, ചന്ദ്രക്കല ആദ്യം കാണുന്ന ദിവസം മുതലോ ഓരോ സംസ്കാരവും മാസം കണക്കാക്കി.

ഋതുക്കള്‍ നിശ്ചിത ഇടവേളകളില്‍ മാറിവരുന്നു എന്ന തിരിച്ചറിവാണ് വര്‍ഷത്തിന്റെ അടിസ്ഥാനം. കൃഷി ആരംഭിച്ചതോടെ അലസമായിരുന്ന നിരീക്ഷണം ബോധപൂര്‍വ്വമായ തിരിച്ചറിയലിന്റെ ആവശ്യകതയിലേക്കുയര്‍ന്നു. എത്ര ദിവസമാണ്  വര്‍ഷം? വളരെ കൃത്യതയോടെയല്ല മഴയും മഞ്ഞും വേനലും വന്നു ചേരുന്നതെന്നതിനാല്‍ ആദ്യ കണക്ക് കൂട്ടലിന് തീരെ കൃത്യതയില്ലായിരുന്നു. ഏകദേശം 12 മാസം കൂടുമ്പോഴാണതെന്ന് ബാബിലോണിയക്കാര്‍ മനസ്സിലാക്കി. കൈവിരലുകളുടെ എണ്ണത്തില്‍ നിന്നാണല്ലോ 10 നെ അടിസ്ഥാനമാക്കിയ എണ്ണല്‍ സംഖ്യ പിറന്നത്. അതുപോലെ പെരുവിരല്‍‍ ഒഴിച്ചുള്ള നാലുവിരലുകളിലെയും ഖണ്ഡങ്ങള്‍ 12 എന്നതും 2,3,4,6 കൊണ്ട് ഹരിക്കാം എന്നതും 12 നെ എളുപ്പം സ്വീകാര്യമാക്കി‍. 12 മാസങ്ങള്‍ ചേര്‍ന്ന 354 ദിവസം ഒരു വര്‍ഷമായവര്‍ കണക്കാക്കി (ചാന്ദ്ര വര്‍ഷം).   പക്ഷേ എപ്പോഴാണ് വര്‍ഷം ആരംഭിക്കേണ്ടത്?  ചില‍ ദേശാടനക്കിളികളുടെ കരച്ചില്‍ കേട്ടു തുടങ്ങുന്നതു മുതല്‍ വര്‍ഷം കണക്കാക്കിയവരുണ്ട്. വസന്തത്തിലെ പൗര്‍ണ്ണമിയോ അമാവസിയോ വര്‍ഷാരംഭമാക്കിയവരുമുണ്ട്.

രാത്രിക്കും പകലിനും വരുന്ന ദൈര്‍ഘ്യവ്യത്യാസവും ഋതുചക്രവും തമ്മില്‍ ബന്ധമുണ്ടെന്ന് മനസ്സിലായതോടെ അതിനെ അടിസ്ഥാനമാക്കിയും വര്‍ഷം ഗണിക്കാന്‍തുടങ്ങി. ഒന്നുകില്‍ പകല്‍ കൂടാന്‍ തുടങ്ങുന്നതോ രാത്രികൂടാന്‍ തുടങ്ങുന്നതോ ആയ സമരാത്രദിനം മുതല്‍. അതല്ലെങ്കില്‍ രാത്രി പാരമ്യത്തിലെത്തി പകല്‍ വീണ്ടെടുക്കാന്‍ തുടങ്ങുന്ന ദിവസം മുതല്‍. വര്‍ഷം കണക്കാക്കാന്‍ അല്ല എങ്കിലും ഈ ദിവസം റോമക്കാര്‍ക്ക് പണ്ടേ  വിശേഷദിനമായിരുന്നു. കടുത്ത മഞ്ഞും വര്‍ധിച്ച ഇരുട്ടും അവസാനിക്കാന്‍ പോകുന്നു എന്ന സൂചന നല്കി സൂര്യന്‍ തിരിച്ചു വരുന്ന ഈ ദിവസം ഇരട്ടമുഖമുള്ള ജാനസ് എന്ന ഭാഗ്യദേവതയുടെ ദിവസമായി  ആവര്‍ ആചരിച്ചിരുന്നു.

ഈജിപ്തിലെ പുരോഹിത വര്‍ഗ്ഗമാണ് മറ്റൊരു പ്രധാന നിരീക്ഷണം നടത്തിയത്. ആകാശത്തിലെ ഏറ്റവും ശോഭയേറിയ നക്ഷത്രമായ സിറിയസ് സൂര്യോദയത്തിനു തൊട്ടുമുമ്പായി കാണുന്നതോടെയാണ് നൈല്‍നദിയിലെ വെള്ളപ്പൊക്കം ഉണ്ടാകുന്നത് എന്നതായിരുന്നു അത് . കൂടുതല്‍ വര്‍ഷങ്ങളിലെ നിരീക്ഷണത്തിലൂടെ  ഒരുവര്‍ഷം എന്നത് 365¼ ദിവസമായി  അവര്‍ കണക്കാക്കാന്‍ തുടങ്ങി.

റോമൻ കലണ്ടർ (Fasti Antiates Maiores)

റോമാ നഗരത്തിന്റെ ആദ്യ രാജാവായ റോമുലസ് (ബിസി 753) ആണ് റോമക്കാരുടെ ആദ്യ കലണ്ടര്‍ തയ്യാറാക്കിച്ചത്. വസന്തവിഷുവം മുതല്‍ 30- 31 ദിവസമുള്ള പത്ത് മാസമുള്ള ഒരു കലണ്ടര്‍ ആയിരുന്നു അത്. ആക 304 ദിവസമേ അതിലുണ്ടായിരുന്നുള്ളു. പണിയെടുക്കാനാവാത്ത മഞ്ഞുകാലത്തെ  ദിവസങ്ങള്‍ കണക്കില്‍ പെടുത്തിയില്ല. മാര്‍സിയസ് (31), ഏപ്രിലിസ് (30), മേയുസ് (31), ജൂണിയസ് (30), ക്വിന്റിലിസ്(31), സെക്സിറ്റിലിസ് (30), സെപ്റ്റംബര്‍ (30), ഒക്ടോബര്‍ (31), നവംബര്‍ (30) , ഡിസംബര്‍ (31). അതായത് ആദ്യ നാലുമാസം റോമന്‍ ദേവതകളുടെ പേരില്‍ . പിന്നീടുള്ളവ എത്രാമത്തെ മാസമാണോ ,ആ സംഖ്യയുമായി ബന്ധപ്പെടുത്തിയും. റോമുലസിനെ തുടര്‍ന്ന് വന്ന നുമാ പോംപിലസ്   വര്‍ഷത്തെ 354 ദിവസമുള്ള ചാന്ദ്രവര്‍ഷമാക്കി.ജനുവരി , ഫെബ്രുവരി എന്നിങ്ങനെ രണ്ടുമാസങ്ങള്‍   അവസാനം  കൂട്ടിച്ചേര്‍ത്തു. ദിവസങ്ങളുടെ എണ്ണത്തില് വലിയ വ്യത്യാസം വരാതിരിക്കാന്‍  ‍30 ദിവസമുള്ളമാസങ്ങളെ 29 ആയി ചുരുക്കി ആറുദിവസം സമ്പാദിച്ച്  28 ദിവസമുള്ള മാസങ്ങള്‍ ആയാണ് ജനുവരിയെയും ഫെബ്രുവരിയെയും വിഭാവനം ചെയ്തത്. എന്നാല്‍ അധികം വൈകാതെ  ഇരട്ട സംഖ്യ മോശമാകുമോ എന്ന് ഭയന്ന് ജനുവരി 29 ദിവസം ആക്കി വര്‍ഷം 355 ആയി പരിഷ്കരിച്ചു. മാസങ്ങള്‍ ആരംഭിച്ചത് ചന്ദ്രക്കല കാണുന്ന ദിവസമാണ്. ഇതിനെ കാലണ്ട് (Day of Kalend) എന്നാണ് വിളിച്ചിരുന്നത്. (അതില്‍നിന്നാണ് കലണ്ടര്‍ എന്ന പേര് കിട്ടിയത്.) ഏഴാം ദിവസത്തെ നണ്‍ എന്നും പൗര്‍ണ്ണമിയെ ഐഡ് എന്നും വിളിച്ചു.

ആ കലണ്ടറിന്  മാസങ്ങളുടെ ദിവസത്തിലെ കൃത്യതക്കുറവ് മൂലം ചന്ദ്രനുമായി മാസത്തിനുള്ള ബന്ധം അധികകാലം നിലനിര്‍ത്താനായില്ല. അതിനാല്‍ പിന്നീട് ‍ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാവും വിധം രണ്ടുവര്‍ഷത്തിലൊരിക്കല്‍ 22-23 ദിവസം ഉള്ള  ‍ഒരുമാസം മെഴ്സിഡോണിയസ് എന്ന പേരില്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 23 ന് ശേഷമായിരുന്നു അതിന്റെ സ്ഥാനം. മെഴ്സിടോണിയസ് തീര്‍ന്നാല്‍ ഫെബ്രുവരി വീണ്ടും തുടരും! തുടര്‍ന്നു വന്ന ഭരണത്തില്‍ ഫെബ്രുവരിയെ വര്‍ഷത്തിന്റെ ആദ്യഭാഗത്തേക്ക് കൊണ്ടുവന്നു. എന്നാല്‍ ജനുവരിയെ  ആദ്യമാസമാക്കാന്‍ ഉതകും വിധം ഫെബ്രുവരിയെ ജനുവരിക്ക് ശേഷമാക്കി..

ജാനസിന്റെ ദിവസമായി മുമ്പേ തന്നെ കൊണ്ടാടിയിരുന്ന സൂര്യന്‍  പരമാവധി  തെക്കെത്തി വടക്കോട്ട് മടങ്ങാന്‍‍ ആരംഭിക്കുന്ന  (winter solstice) ദിവസം തന്നെ വര്‍ഷാരംഭവുമാക്കി. അതോടെ വര്‍ഷത്തിന്റെ നീളം 366.25  ദിവസമായി.

കാലവുമായുള്ള പൊരുത്തപ്പെടല്‍ തെറ്റുന്നത് തിരിച്ചറിയുമ്പോഴും ചിലപ്പോള്‍ മറ്റ് പ്രേരണക്ക് വിധേയമായും വര്‍ഷത്തിന്റെ ദൈര്‍ഘ്യം പുരോഹിതന്‍മാര്‍ കൂട്ടുകയും കുറക്കുകയും ചെയ്തു. ജൂലിയസ് സീസര്‍ അധികാരത്തിലിരുന്ന ബിസി 45 എത്തിയപ്പോള്‍ റോമാകലണ്ടറും കാലവുമായുള്ള പൊരുത്തക്കേട് മൂന്ന് മാസത്തോളമായി. അതിനാല്‍ അദ്ദേഹം കലണ്ടര്‍ സമഗ്രമായി പരിഷ്കരിച്ചു. ഇതിനകം ഈജിപ്തുകാര്‍ വര്‍ഷം 365.25 ദിവസമായി കണക്കാക്കിയിരുന്നു. ചാന്ദ്രകലണ്ടറിന്റെ നാട്യം തീര്‍ത്തും ഉപേക്ഷിച്ച് ഒരു സൗരകലണ്ടര്‍ തയ്യാറാക്കാന്‍ ഈജിപ്തുമായുള്ള ബന്ധം സീസറിനെ പ്രേരിപ്പിച്ചു. അതോടെ ജൂലിയന്‍ കലണ്ടറിന്റെ തുടക്കമായി. ആദ്യമാസമായ ജനുവരി 31 ആക്കി. 29 ദിവസമുണ്ടായിരുന്ന മാസങ്ങള്‍ വീണ്ടും 30 ആക്കി. ഫെബ്രുവരി നാലുവര്‍ഷത്തിലൊരിക്കല്‍ 30 ഉം മറ്റ് മൂന്ന് വര്‍ഷങ്ങളില്‍ 29ഉം എന്നാക്കിമാറ്റി. അതോടെ ‍365.25 ശരാശരി വര്‍ഷം എന്നായി. ക്വിന്റിലസ് മാസം ജൂലിയസ് എന്ന പേരിലാക്കി. തുടര്‍ന്നു വന്ന അഗസ്റ്റസ് സീസര്‍  (Caesar Augustus) സിക്സിറ്റിലസ് മാസത്തിന് ആഗസ്റ്റസ് എന്ന് പേരിട്ടു. കൂടാതെ  അതിലെ ദിവസം 31 ആക്കിയും മാറ്റി. അതിന്റെ വില ഫെബ്രുവരിയാണ് നല്കിയത്. മൂന്ന് വര്‍ഷം 28 ഉം നാലാം വര്‍ഷം 29 ഉം എന്നതായി  ഫെബ്രുവരിയുടെ ദിവസക്കണക്ക്.

ചാന്ദ്രമാസത്തെ നാലായി ഭാഗിച്ച്  7,14, 21, 28 ദിവസങ്ങള്‍ പാചകം, യാത്ര, ജോലി ഇവക്ക് പറ്റാത്ത ദിവസമായി പരിഗണിക്കുന്ന പതിവ് തുടങ്ങിയത് ബാബിലോണിയക്കാരാണ്. ആകാശത്തെ ഗ്രഹങ്ങളുമായി ഓരോ ദിവസത്തെയും ബന്ധപ്പെടുത്തിയതും അവര്‍തന്നെ. ബി സി ഒന്നാം നൂറ്റാണ്ടോടെ ജൂതന്‍മാരും ഗ്രീക്കുകാരും വഴി അത് റോമാ സാമ്ര്യാജ്യത്തിലുമെത്തി. അഗസ്റ്റസ് സീസര്‍ ഈ ആഴ്ച സമ്പ്രദായം തന്റെ കലണ്ടറിന്റെ ഭാഗമാക്കുകയും ചെയ്തു.

കാര്‍ഷിക കാര്യത്തിന് എന്നപോലെ കലണ്ടറിന്റെ മറ്റൊരു പ്രധാന ആവശ്യം മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ ചിട്ടപ്പെടുത്തലായിരുന്നു. ക്രിസ്തുമതം പ്രചാരത്തിലാവുകയും റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാവുകയും ചെയ്തപ്പോള്‍ ക്രിസ്തീയ മതപുരോഹിതന്‍മാര്‍ക്കായി കലണ്ടര്‍ കൃത്യതപ്പെടുത്തുന്നതിന്റെ ചുമതല. ആറാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന ഡയോണിഷ്യസ്  എക്സിഗസ് (Dionysius Exiguus) എന്ന ക്രിസ്തീയ പുരോഹിതന്‍ സുവിശേഷങ്ങളും മറ്റും പരിശോധിച്ച്  ക്രിസ്തു ജനിച്ചത് അന്നേക്ക് 525 വര്‍ഷം മുമ്പാണെന്ന് അനു മാനിക്കയും അതിന്റെ അടിസ്ഥാനത്തില്‍ ഒരു ക്രിസ്തീയ കലണ്ടര്‍ ആരംഭിക്കയും ചെയ്തു. ക്രിസ്തു ജനിച്ചതായി കരുതപ്പെട്ടതിന്റെ അടുത്ത വര്‍ഷം എ ഡി 1 എന്നെടുത്ത് ജൂലിയന്‍ കലണ്ടറിനെ തന്നെ ഉപയോഗിച്ചായിരുന്നുവത്. വസന്ത വിഷുവത്തിനുശേഷം വരുന്ന പൗര്‍ണ്ണമി പിന്നിട്ടുള്ള ഞായറാഴ്ചയാണ് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റത് എന്ന് ‍ അനുമാനിച്ച് ഈസ്റ്ററും ആചരിക്കാന്‍ തുടങ്ങി. എന്നാല്‍ അന്നാ ഡൊമീനി  എന്ന ഈ ക്രിസ്തീയ വര്‍ഷം പ്രചാരത്തിലായത് പിന്നീടും കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന വെനെരബിള്‍ ബീഡ് (The Venerable Bede) എന്ന കവി കൂടിയായിരുന്ന ക്രിസ്തീയ സന്യാസിയുടെ കൃതികളിലൂടെയാണ് അത്  പ്രചാരത്തിലാവുന്നത്. പതിനഞ്ചാം നൂറ്റാണ്ടോടെ യൂറോപ്പില്‍ അത് വ്യാപകമായി സ്വീകരിക്കപ്പെട്ടു.


വര്‍ഷം കണക്കാക്കാന്‍ രണ്ടു പ്രധാന രീതികളാണല്ലോ അവലംബിക്കപ്പെട്ടിരുന്നത്. സൂര്യന്റെ അയനചലനത്തെ അടിസ്ഥാനമാക്കി കാലവുമായി ബന്ധപ്പെട്ട ട്രോപ്പിക്കല്‍ ഇയര്‍. അത് 365.242 ദിവസമാണ്. എന്നാല്‍ ഈജിപ്തുകാര്‍ കണ്ടെത്തിയ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയ വര്‍ഷം കൃത്യമായി അളന്നപ്പോള്‍ അത്  365.256 ദിവസമാണ്. ഭൂമിയുടെ പുരസ്സരണം (precession) എന്ന പ്രതിഭാസമാണ് ഇതിന് കാരണം.
ഈജിപ്തുകാരുടെ കണക്ക് കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് റോമന്‍ കലണ്ടറും ജൂലിയന്‍ കലണ്ടറും കൃത്യതപ്പെടുത്തിയിരുന്നത്. അതിനാല്‍  ഈസ്റ്റര്‍ പോലുള്ള ആചാരങ്ങളും കാലവുമായി ബന്ധപ്പെടുത്തുമ്പോള്‍ മറ്റം വരുന്നതായി മനസ്സിലാക്കി. ഇതിനെ തുടര്‍ന്ന് റോമിലെ ക്രസ്ത്യന്‍ മാര്‍പ്പാപ്പമാര്‍ കലണ്ടര്‍ പരിഷ്കരിക്കാനുള്ള ശ്രമം ആരംഭിച്ചു. ഒടുവില്‍ ഗ്രിഗറി പതിമൂന്നാമന്റെ കാലത്ത് അലൂസി ലിലിയോ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ സഹായത്തോടെ 1582 ല്‍ പുതിയ കലണ്ടര്‍ ആവിഷ്കരിച്ചു. അത് പ്രകാരം നൂറാമത്തെ വര്‍ഷങ്ങള്‍ ലീപ് ഇയറല്ല. അതേ സമയം 400 ന്റെ ഗുണിതങ്ങളായി വരുന്നവ ലീപ് ഇയറാകും. അതായത് ജൂലിയന്‍ കലണ്ടറില്‍ നിന്ന് 1500 വര്‍ഷം കൂടുമ്പോള്‍ 13 ദിവസം പുതിയ കലണ്ടറില്‍ കുറയണം.അത് പ്രകാരം കണക്ക് കൂട്ടി പിറകോട്ട് ചെന്നാല്‍ എഡി 1 ലെ ജനവരി യിലെ ആദ്യ തിങ്കളാഴ്ച  1 ആയെടുത്തു. ജൂലിയന്‍ കലണ്ടറിലെ ജനുവരി 3 ആയിരുന്നുവത്.

1582 ലെ ജൂലിയന്‍കലണ്ടറിലെ ഒക്ടോബര്‍ 5-14 വരെയുള്ള തീയതികള്‍ ഒഴിവാക്കി ഒക്ടാബര്‍ 4 കഴിഞ്ഞ് ഒക്ടാബര്‍ 15 ആയെടുത്ത് ഗ്രിഗേറിയന്‍ കലണ്ടര്‍ നിലവില്‍വന്നു.

അത് കൂടി പരിഗണിച്ച്  അന്ന് നിലവിലുണ്ടായിരുന്ന ജൂലിയന്‍കലണ്ടറിലെ ഒക്ടോബര്‍ 5-14 വരെയുള്ള തീയതികള്‍ ഒഴിവാക്കി ഒക്ടാബര്‍ 4 കഴിഞ്ഞ് ഒക്ടാബര്‍ 15 ആയെടുത്ത് ഗ്രിഗേറിയന്‍ കലണ്ടര്‍ നിലവില്‍വന്നു. കത്തോലിക്കാസഭക്ക് നിയന്ത്രണമുണ്ടായിരുന്ന  ഇറ്റലി, സ്പെയിൻ, പോര്‍ച്ചുഗീസ് എന്നിവിടങ്ങളിലെല്ലാം ഉടനടി അത് പകര്‍ത്തി. എന്നാല്‍ പ്രൊട്ടസ്റ്റന്റുകള്‍ നിയന്ത്രിച്ചിരുന്ന രാജ്യങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിലാണ് അത് പകര്‍ത്തിയത്. മതപരമായ ഭിന്നതയുണ്ടെങ്കിലും പുതിയ കലണ്ടര്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതും  കാലമാറ്റവുമായി പൊരുത്തപ്പെട്ടുപോകുന്നു എന്നതും ആകര്‍ഷക ഘടകമായി. 1752 ല്‍ ആണ് ഇംഗ്ലണ്ടും അതിന്റെ കോളനികളും പുതിയ കലണ്ടര്‍ സ്വീകരിച്ചത്. റഷ്യന്‍ വിപ്ലവത്തിനുശേഷം 1918 ല്‍ മാത്രമാണ് റഷ്യയില്‍ പുതിയ കലണ്ടര്‍ സ്വീകരിക്കപ്പെട്ടത്. അതിനാല്‍ പതിമൂന്ന് ദിവസം ഒഴിവാക്കി കലണ്ടര്‍പരിഷകരിക്കേണ്ടി വന്നു. (1917 ല്‍ ഒക്ടോബറില്‍ നടന്ന ‍ വിപ്ളവത്തിന്റെ വാർഷികങ്ങൾ 1918 മുതല്‍ നവംബര്‍ ഏഴിന് ആചരിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്.) കോളനിവാഴ്ചയിലൂടെ ലോകമെങ്ങും യൂറോപ്യന്‍മാര്‍ എത്തിയിരുന്നതിനാല്‍ ഗ്രിഗറി കലണ്ടറും  ലോകമാകെ എത്തി. ലോകത്തെ എല്ലാം സംസ്കാരങ്ങള്‍ക്കും മതാചാരങ്ങള്‍ക്കായി പ്രാചീന സംസ്കാരങ്ങള്‍ രൂപപ്പെടുത്തിയ കലണ്ടറുകളുണ്ട്.  ജ്യോതിശാസ്ത്ര സംഭവങ്ങളുമായി അവക്കാണ് ഏറെ ബന്ധവും.  എന്നാല്‍ നമുക്ക് ഏറ്റവും പ്രധാനം കാലനിര്‍ണ്ണയമാണ്. അതിനാല്‍ കാലനിര്‍ണ്ണയത്തിനായി  ഏറ്റവും ലളിതവും സൗകര്യ പ്രദവുമായ ഗ്രിഗറി കലണ്ടര്‍ കോളനിവാഴ്ചക്ക് ശേഷവും ലോകമാകെ പ്രയോജനപ്പെടുത്തുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്നു. പ്രകൃതിനിശ്ചയിച്ച പുതുവര്‍ഷമോ മാസങ്ങളോ ഒന്നുമല്ലെങ്കിലും.

പക്ഷേ ജനുവരിയെ ആദ്യമാസമായെടുക്കുന്നതില്‍ ഒരു ചാരുതയുണ്ട് . സൂര്യന്റെ ‍ വടക്കൻയാത്രയും പകലിന്റെ ദൈര്‍ഘ്യം കൂടുതലും തുടങ്ങിയിട്ട്  11 ദിവസമേ ആയുള്ളു. സിറിയസ് നക്ഷത്രം സന്ധ്യക്ക് ഉദിച്ചുപൊങ്ങുന്നത്  ഈ മാസത്തിലാണ്. ഭൂമിസൂര്യന്റെ ഏറ്റവും അടുത്തെത്തി അകലാന്‍ ആരംഭിക്കുന്നത് ജനുവരി നാലിനാണ്. പ്രകൃതി നല്കിയ പുതുവര്‍ഷദിനമല്ലെങ്കിലും നമ്മള്‍ നിരന്തരം പരിഷ്കരിച്ച് രൂപപ്പെടുത്തി സാര്‍വ്വദേശീയമായി തീര്‍ന്ന ഈ കലണ്ടറിനെയും വര്‍ഷാരംഭത്തെയും ബഹുമാനിച്ചുകൊണ്ട്  2021 നെ വരവേല്ക്കാം. സൗഭാഗ്യകരമായ ഒരു ജീവിതത്തിനായി ഈ വര്‍ഷത്തെ ഇന്ന് ആസൂത്രണം ചെയ്യാം. ആശംസകളിലൂടെ അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കാം.

Happy
Happy
83 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
17 %

Leave a Reply

Previous post സത്യേന്ദ്രനാഥ് ബോസ്
Next post 2020 – ജീവശാസ്ത്രമേഖലയിലെ മുന്നേറ്റങ്ങൾ
Close