Read Time:3 Minute

വിഖ്യാത ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്‌. പൂനെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്‌ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്‌. സംസ്ഥാന സർക്കാരിന്റെ ഉയർന്ന ശാസ്‌ത്ര ബഹുമതിയായ കേരള ശാസ്‌ത്ര പുരസ്‌കാരം ഈ വർഷം പ്രൊഫ. താണു പത്മനാഭന്‌ ലഭിച്ചിരുന്നു.

എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. 2008 – ൽ അമേരിക്കയിലെ ഗ്രാവിറ്റി റിസർച്ച് ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ലഭിച്ചിട്ടുണ്ട്‌.

1957 ൽ തിരുവനന്തപുരത്ത് ജനനം. കേരള സർവകലാശാല യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബിഎസ്‌സി (1977), എംഎസ്‌സി (1979) ബിരുദങ്ങൾ സ്വർണ്ണമെഡലോടെ നേടി. ആദ്യത്തെ ഗവേഷണ പേപ്പർ ഇരുപതാം വയസ്സിൽ ബിഎസ്‌സിക്ക് പഠിക്കുമ്പോൾത്തന്നെ പ്രസിദ്ധീകരിച്ചു. സാമാന്യ ആപേക്ഷികതയായിരുന്നു വിഷയം.

മുംബൈയിലെ ടിഐഎഫ്ആറിൽ നിന്ന് 1983 ൽ പിഎച്‌ഡി നേടി. 1992 മുതൽ പൂണെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സിലാണ്‌. സ്വിറ്റ്സർലന്റിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേൺ, ന്യൂ കാസിൽ സർവകലാശാല, ലണ്ടനിലെ ഇംപീരിയൽ കോളേജ്, കാൾടെക്, പ്രിൻസ്‌ടൺ, കേംബ്രിഡ്‌ജ് സർവകലാശാലകളിൽ വിസിറ്റിങ്‌ പ്രൊഫസറാണ്.

ആഫ്‌ട‌ർ ദി ഫസ്റ്റ് ത്രീ മിനുട്‌സ് – ദ സ്റ്റോറി ഓഫ് ഔവർ യൂണിവേഴ്‌സ് (ആദ്യത്തെ മൂന്നു നിമിഷങ്ങൾക്കു ശേഷം നമ്മുടെ പ്രപഞ്ചത്തിൻറെ കഥ), തിയററ്റിക്കൽ ആസ്ട്രോഫിസിക്‌സ്, ആൻ ഇൻവിറ്റേഷൻ ടു ആസ്ട്രോഫിസിക്‌സ് തുടങ്ങിയ കൃതികൾ പ്രസിദ്ധമാണ്. ജയന്ത് നർലിക്കറുമൊത്ത് ഗ്രാവിറ്റി, ഗേജ് തിയറീസ് ആൻഡ്‌ കോസ്മോളജി എന്നൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻറെ ഭാഗമായ വിഗ്യാൻ പ്രസാർ പ്രസിദ്ധീകരിച്ച ഭൗതികത്തിൻറെ കഥ എന്ന പുസ്‌തകത്തിൻറെ മലയാള പരിഭാഷ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ഡോ. വാസന്തി പത്മ‌നാഭൻ. വാസന്തിയുമായി ചേർന്ന്‌ “The Dawn of Science’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്. മകൾ: ഹംസ പത്മനാഭൻ.


താണു പത്മനാഭനുമായി  ഒരു അഭിമുഖം


ശാസ്ത്രചരിത്രം – തീ മുതല്‍ ലാവോസിയര്‍ വരെ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇ സി ജി സുദർശൻ: ഫിസിക്സിനെ സ്നേഹിച്ച മനുഷ്യൻ
Next post 2021 സെപ്തംബറിലെ ആകാശം
Close