Read Time:21 Minute

2021 ലെ കേരള ശാസ്ത്ര പുരസ്കാരം പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ താണു പത്മനാഭനുമാണ് ലഭിച്ചത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടമാണ് പ്രൊഫ. താണു പത്മനാഭനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഡോ. താണു പത്മനാഭനുമായി ഡോ.എൻ ഷാജി നടത്തിയ അഭിമുഖം വായിക്കാം.

താങ്കളുടെ ബാല്യകാലത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് ഒന്നു പറയാമോ ?

ഞാൻ ജനിച്ചത് തിരുവനന്തപുരത്താണ്. അച്ഛൻ താണു അയ്യർ. അമ്മ ലക്ഷ്മി. അച്ഛൻ ഗണിതത്തിൽ നല്ല കഴിവും താൽപ്പര്യവുമുള്ള വ്യക്തിയായിരുന്നു. പക്ഷേ കുടുംബ പരിതസ്ഥിതികൾ സർക്കാർ ജോലി ചെയ്യാൻ നിർബന്ധിതനാക്കി. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ സൂപ്രണ്ടായിരുന്നു. പക്ഷേ, ജോലി കഴിഞ്ഞ് ബാക്കിയുള്ള സമയം മുഴുവൻ ഗണിതത്തിലായിരുന്നു ശ്രദ്ധ. ഞാൻ ആദ്യം പഠിച്ചത് കരമന ഗവൺമെന്റ് ഹൈസ്കൂളിൽ. മലയാളം മീഡിയത്തിലായിരുന്നു. അവിടെയാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പിന്നീട് പ്രീഡിഗ്രി ഗവൺമെന്റ് ആർട്സ് കോളജിൽ. അതിനുശേഷം ബി.എസ്സ്. സിയും എം.എസ്സ്.സിയും യൂണിവേഴ്സിറ്റി കോളജിൽ.

സയൻസിൽ എന്നു മുതലാണ് താൽപ്പര്യം തോന്നിയത്?

ആദ്യമൊക്കെ താൽപ്പര്യം ഗണിതത്തിലായിരുന്നു. പിന്നീട് എന്റെ ബന്ധുവായ നീലകണ്ഠ ശർമയാണ് ശാസ്ത്രത്തിൽ താൽപ്പര്യം ജനിപ്പിച്ചത്. അദ്ദേഹം എപ്പോഴും ശാസ്ത്രകാര്യങ്ങൾ സംസാരിക്കുമായിരുന്നു. ഗണിതം പഠിക്കുന്നതൊക്കെ ശാസ്ത്രപഠനത്തിന് പ്രയോജനപ്പെടുമെന്നും അതുകൊണ്ട് ശാസ്ത്രത്തിലേക്കു കടന്ന് മുന്നോട്ടുപോകണമെന്നും അദ്ദേഹമാണ് പറഞ്ഞത്. വീട്ടിൽ അച്ഛന്റെ പ്രതിപത്തി ഗണിതത്തോടായതുകൊണ്ട് ശാസ്ത്രത്തോട് താൽപ്പര്യം ഉണ്ടായിരുന്നുവെങ്കിലും ഗണിതത്തോടായിരുന്നു കൂടുതൽ അടുപ്പം. സ്കൂളിലൊക്കെ വെച്ച് ഗണിതമാണ് കൂടുതൽ പഠിക്കാൻ ശ്രമിച്ചത്. കാൽക്കുലസ്, ജ്യോമട്രി, ടിഗ്ണോമെട്രി ഇതൊക്കെ സ്കൂളിൽ വച്ചുതന്നെ പഠിച്ചു. പിന്നീട് പ്രീഡിഗ്രി കാലത്താണ് ഫിസിക്സിനോടുള്ള താൽപ്പര്യം കൂടുതലായത്.

മെഡിസിൻ, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ സമ്മർദ്ദം ഒന്നും ഉണ്ടായില്ലേ? 

അങ്ങനെ ഒരു കാര്യമേ ആലോചിക്കേണ്ടി വന്നിട്ടില്ല. ആദ്യമേ, ഓർമയുള്ള കാലം തൊട്ടേ, ശുദ്ധ ശാസ്ത്രമാണ് എന്റെ വഴി എന്ന് തിരിച്ചറിഞ്ഞിരുന്നു. എട്ടിലോ ഒൻപതിലോ പഠിക്കുമ്പോൾ തന്നെ ഫിസിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നു തീരുമാനിച്ചിരുന്നു. പിന്നെ, എഞ്ചിനീയറിംഗിനും മറ്റും ഇന്നുള്ള കമ്പം അന്നുണ്ടായിരുന്നില്ല. ഞാൻ പറയുന്നത് 1972-74 കാലഘട്ടത്തെക്കുറിച്ചാണ്. കുറച്ചുപേരൊക്കെ അതിനു പോകുമായിരുന്നു. ഐ.ഐ.ടിയും മറ്റും അന്ന് കുറച്ചുപേരെ തിരുവനന്തപുരത്തു നിന്നൊക്കെ ആകർഷിച്ചിരുന്നു. പക്ഷേ മികച്ച കുട്ടികൾ പലരും ബി.എസ്സ്.സിക്കും എം. എസ്സ്.സിക്കും വരുമായിരുന്നു.

നിങ്ങൾ പഠിക്കുന്ന കാലത്ത് യൂണിവേഴ്സിറ്റി കോളേജിലും മറ്റും സിലബസ് അത്ര നന്നായിരുന്നില്ലല്ലോ? പിന്നെ… 

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തോ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തോ സിലബസ് അത്രയ്ക്ക് ഡിമാൻഡിംങ് ആയിരുന്നില്ല. എനിക്ക് ബി.എസ്സ്.സിക്ക് ഫസ്റ്റ് റാങ്ക് കിട്ടിയിരുന്നു. പക്ഷേ, വാർഷിക പരീക്ഷക്കു മുമ്പ് ഒന്നൊന്നരമാസം കൊണ്ട് പഠിച്ചു തീർക്കാവുന്നത്രയുമേ സിലബസ്സിൽ ഉണ്ടായിരുന്നുള്ളൂ. ബാക്കി സമയം മറ്റു കാര്യങ്ങൾക്ക് ലഭിക്കുമായിരുന്നു. അന്നു വിദ്യാർഥികൾ തന്നെ നടത്തിയിരുന്ന ഒരു സംഘടന ഉണ്ടായിരുന്നു, ടിവാൻഡ്രം സയൻസ് സൊസൈറ്റി എന്ന പേരിൽ. ഞങ്ങൾ പലരും മെമ്പർമാരായിരുന്നു. അതിനാൽ ഞങ്ങൾക്ക് എല്ലാവർക്കും നല്ല താൽപര്യമായിരുന്നു. കോളജിൽ ഉണ്ടായിരുന്ന അധ്യാപകർക്കാണെങ്കിൽ എങ്ങനെ നല്ല വഴികാട്ടിയാകാമെന്ന് അറിയാമായിരുന്നു. വലിയ കാര്യങ്ങൾ പഠിപ്പിക്കാനും മറ്റും കഴിഞ്ഞിരുന്നില്ലെങ്കിലും ഏതു പുസ്തകമാണ് വായിക്കേണ്ടതെന്ന് പറഞ്ഞുതരാനൊക്കെ അവർക്കു കഴിഞ്ഞു. റെസ്നിക് ആൻഡ് ഹാലിഡേ, ബർക്കലി ഫിസിക്സ് കോഴ്സ്, ഫെയ്ൻമാൻ ലക്ചേഴ്സ് തുടങ്ങിയ നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്തിത്തന്നത് അവരായിരുന്നു. ഇതൊക്കെ സിലബസ്സിനു പുറത്തുള്ള കാര്യങ്ങളാണെങ്കിലും ഇതൊക്കെയാണ് ശരിക്കും പഠിക്കേണ്ടത് എന്ന് ഞങ്ങളുടെ കോളജിലെ അധ്യാപകർ പറഞ്ഞുതരുമായിരുന്നു. ഞങ്ങൾ ഇതൊക്കെ വായിച്ചു പഠിക്കാൻ ഒരു പദ്ധതി ഉണ്ടാക്കി. അഞ്ചാറു പേര് ഒന്നിച്ചിരുന്നു പുസ്തകങ്ങൾ വായിച്ചു പഠിക്കുക എന്നതായിരുന്നു ആ രീതി. അത് വളരെ ഫലവത്തായ രീതിയായി രുന്നു. ബി.എസ്സ്.സി അവസാന വർഷം പഠിക്കുമ്പോൾ തന്നെ എനിക്ക് “പ്രമാണ’ എന്ന ശാസ്ത്ര ജർണലിൽ ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞു. അത് ഗ്രാവിറ്റേഷണൽ വേവ്സിനെ സംബന്ധിച്ചായിരുന്നു. എന്റെ കൂട്ടുകാർ പലർക്കും നല്ല മിടുക്കരാകാൻ കഴി ഞ്ഞു. ഇതൊക്കെ കഴിഞ്ഞത് സിലബസ് ലഘുവായതി നാലാണ്. സിലബസ്സിൽ അധികം സമയം ചെലവു ചെയ്യേണ്ടി വരാത്തതുകൊണ്ടാണ് ആ സമയം മറ്റു കാര്യങ്ങൾ പഠിക്കാൻ പറ്റിയത്. അന്നത്തെ ഗ്രൂപ്പിൽ എന്റെ സീനിയർ ആയിട്ട് വി.പി.നായർ ഉണ്ടായിരുന്നു. രാജീവ് ഒരുവർഷം ജൂനിയറായിരുന്നു. വി.പി.നായർ ഇന്ന് അമേരിക്കയിൽ ന്യൂയോർക്കിലെ സിറ്റി കോളജിൽ പ്രാഫസറാണ്. എസ്സ്.ജി. രാജീവ് റോച്ചസ്റ്റർ സർവകലാശാലയിൽ ഫിസിക്സിന്റേയും ഗണിതത്തിന്റേയും പ്രാഫസറാണ്. ഞങ്ങൾ മൂന്നുപേരുമാണ് ഏറ്റവും ആക്റ്റീവ് ആയി ഉണ്ടായിരുന്നത്.

ജയന്ത് നാർലിക്കർ

പിന്നീട് നാർലിക്കറുടെ കുടെ ഗവേഷണം തുടങ്ങിയതിനെക്കുറിച്ച് പറയാമോ?

എം.എസ്സ്.സി കഴിഞ്ഞതിനുശേഷം എന്തു ചെയ്യണമെന്ന് തീർച്ച ഉണ്ടായിരുന്നില്ല. വെളിയിൽ നിന്ന് കുറച്ച് ഓഫറുകൾ ഉണ്ടായിരുന്നു. കുടുംബസ്ഥിതി അറിയാവുന്ന പലരും പറഞ്ഞത് ഇന്ത്യയിൽത്തന്നെ പി.എച്ച്.ഡി, എടുക്കുന്നതാണ് നല്ലത് എന്നാണ്. ബാക്കി അതിനുശേഷം നോക്കാം എന്ന കാഴ്ചപ്പാട് എനിക്കും സ്വീകാര്യമായി. അങ്ങനെ ഗവേഷണം ഇന്ത്യയിൽ ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യയിൽ ടി.ഐ.എഫ്.ആറിൽ (ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്) മാത്രമാണ് അപേക്ഷിച്ചിരുന്നത്. അവിടെ കിട്ടിയില്ലെങ്കിൽ വെളിയിലോട്ടു പോകാമെന്നായിരുന്നു ധാരണ. ആ സമയത്ത് എനിക്ക് ക്വാണ്ടം ഗ്രാവിറ്റിയിലായിരുന്നു താൽപര്യം. അവിടെ നാർലിക്കർ മാത്രമായിരുന്നു അന്ന് ക്വാണ്ടം കോസ്മോളജിയെന്ന വിഷയത്തിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ച വ്യക്തി. വേറെ ആരും ഈ വിഷയത്തിൽ ഉണ്ടായിരുന്നില്ല. നാർലിക്കറുടെയും പ്രധാന ഗവേഷണവിഷയം ഇതായിരുന്നില്ല. എങ്കിലും എന്നോട് അദ്ദേഹം ഇഷ്ടമുള്ള വിഷയത്തിൽ ഗവേഷണം ചെയ്തുകൊള്ളാൻ പറഞ്ഞു. അദ്ദേഹം, സ്വന്തം താൽപ്പര്യമനുസരിച്ചുള്ള ചില മേഖലകളിലായിരുന്നു ഗവേഷണം നടത്തിയിരുന്നത്. അതിൽ എനിക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം എനിക്ക് പൂർണ സ്വാതന്ത്യം തന്നു. ഞാൻ ഏതാണ്ട് തനിയെ തന്നെ ഗവേഷണം തുടങ്ങി. അദ്ദേഹത്തിന്റെ ചെറിയ മേൽനോട്ടവും ഉണ്ടായിരുന്നു.

ടി.ഐ.എഫ്.ആറിൽ മറ്റു പ്രമുഖ ശാസ്ത്രജ്ഞരുമായി സംവദിക്കാൻ അവസരം കിട്ടിക്കാണുമല്ലോ? 

ടി.ഐ.എഫ്.ആറിൽ മറ്റുള്ളവരുമായി ഗൗരവതരമായ സംവാദങ്ങൾ നടക്കുമായിരുന്നു. സൈദ്ധാന്തിക ഭൗതികത്തിൽ ലോകത്ത് എല്ലായിടത്തു നിന്നും ഉള്ളവരുമായി സംവദിക്കാൻ കഴിഞ്ഞിരുന്നു. അവിടെ പുറത്ത് താമസ സൗകര്യം പ്രശ്നമായിരുന്നതുകൊണ്ട് സീനിയർ പ്രൊഫസർമാർ പോലും ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അവരുടെ കാഴ്ചപ്പാടിൽ അത് വലിയ കഷ്ടമായിരുന്നു. പക്ഷേ, വിദ്യാർഥികളുടെ കാഴ്ചപ്പാടിൽ അത് നല്ല കാര്യമായിരുന്നു. അവരുമായി ദിവസവും ധാരാളം സമയം സംസാരിക്കാൻ കഴിഞ്ഞിരുന്നു. അവരിൽ നിന്ന് ധാരാളം പഠിക്കാനും കഴിഞ്ഞു. എന്റെ തന്നെ ബാച്ചിലുള്ളവർ വ്യത്യസ്ത മേഖലകളിലാണ് പ്രവർത്തിച്ചിരുന്നത്. അവരോട് ആ മേഖലകളും അതിനു പുറത്തുമുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം സംസാരിക്കാൻ കഴിഞ്ഞു. അങ്ങനെ ആ ആദ്യത്തെ അഞ്ച് വർഷക്കാലം വളരെ നല്ല കാലമായിരുന്നു.

താങ്കൾ സൈദ്ധാന്തിക പഠനങ്ങളിലാണല്ലോ ശ്രദ്ധിക്കുന്നത്. സൈദ്ധാന്തിക ഗവേഷണത്തിന്റെ രീതിയെ സംബന്ധിച്ച് ഒന്നു വിശദീകരിക്കാമോ? അവർ പരീക്ഷണങ്ങളുമായി നേരിട്ടു ബന്ധപ്പെടാതെ, ചിന്തയുടെ ലോകത്തു തന്നെ വിഹരിക്കുകയാണോ?

ഇതിൽ ഒരു സാമാന്യവൽക്കരണം ബുദ്ധിമുട്ടാണ്. സൈദ്ധാന്തിക തലത്തിൽ മാതൃകകളെ സംബന്ധിച്ച് ചിന്തയുടെ ലോകത്ത് വിഹരിക്കാൻ കഴിയും. ഗണിത ഗവേഷണങ്ങൾ ഇക്കാര്യത്തിൽ ഒരു നല്ല ഉദാഹരണമാണ്. ഗണിതത്തിൽ പരീക്ഷണങ്ങളല്ലല്ലോ നമുക്ക് വഴി തെളിക്കുന്നത്. അവ നമുക്ക് പരിമിതികൾ സൃഷ്ടിക്കുന്നുമില്ല. സൈദ്ധാന്തിക ഭൗതികം ഗണിതത്തോട് വളരെ അടുത്തു നിൽക്കുന്ന ഒന്നാണ്. എങ്കിലും അതു ഗണിത ഗവേഷണം പോലെയല്ല. ഭൗതികശാസ്ത്രത്തിൽ എല്ലാം പരീക്ഷണഫലങ്ങളുമായി നേരിട്ടു ബന്ധമുള്ളതാവണമെന്നില്ലെങ്കിലും യഥാർഥലോകത്തിൽ പ്രസക്തിയുള്ളതാകണം. പക്ഷേ സ്ത്രിങ് തിയറി പോലെയുള്ള വിഷയങ്ങളിൽ ഗവേഷകർ യഥാർഥ ലോകത്തു നിന്നു വളരെ അകലെയാണ്. അത് ഭൗതികശാസ്ത്രമായിത്തന്നെ കരുതാമോ എന്നു നമുക്കു സംശയം തോന്നും. വെറും “ശുദ്ധമായ ചിന്ത’ പലപ്പോഴും യഥാർഥ ലോകത്തു നിന്ന് നമ്മളെ അകറ്റിയേക്കാം. അതിനാൽ പരീക്ഷണഫലങ്ങളുടെ യഥാർഥ ലോകത്ത് കാലുറപ്പിച്ചുവേണം ചിന്തയുടെ ലോകത്ത് വിഹരിക്കുവാൻ. അതത്ര എളുപ്പമല്ല. പക്ഷേ അതാണ് ഐഡിയലായിട്ടുള്ളത്.

താണു പത്മനാഭനും മകൾ ഹംസ പത്മനാഭനും – മകൾ ഡോ. ഹംസ പത്മനാഭൻ പ്രപഞ്ചവിജ്ഞാനമേഖലയിൽ തന്നെയാണ് ഗവേഷണം ചെയ്യുന്നത്.| കടപ്പാട്‌: mid-day.com

പി.എച്ച്.ഡിക്കു ശേഷമുള്ള കാര്യങ്ങൾ കൂടി…

1979 ആഗസ്റ്റിലാണ് ഞാൻ ടി.ഐ.ഫ്.ആറിൽ ചേരുന്നത്. 1980 ൽ തന്നെ അവിടെ എനിക്ക് സ്ഥിരജോലി ലഭിച്ചു. ആ ജോലിയിൽ ഇരുന്നുകൊണ്ടാണ് പി.എച്ച്.ഡി. ചെയ്തത്. 1982 ൽ ഞാൻ പി.എച്ച്.ഡി. തിസീസ് സമർപ്പിച്ചു. അതിനുശേഷം 1986-87 ൽ ഒരു വർഷം കേബ്രിഡ്ജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോണമിയിൽ ജോലി ചെയ്തു. പിന്നെ തിരിച്ചു ടി.ഐ.എഫ്.ആരിലേക്കു തന്നെ വന്നു. പലപ്പോഴും കാൽടെക് ( കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അമേരിക്ക), പ്രിൻസ്റ്റൺ സർവകലാശാല, കേംബ്രിഡ്ജ് എന്നിങ്ങനെയുള്ള വിദേശസ്ഥാപനങ്ങളിൽ ഇടയ്ക്കിടെ ഗവേഷണാർഥം പോയി താമസിക്കാറുണ്ട്.

ഇത്രയും കാലത്തിനിടയിൽ താങ്കളുടെ ഗവേഷണ മേഖലകൾ ഏതൊക്കെ ആയിരുന്നു.. 

1983 വരെ ക്വാണ്ടം കോസ്മോളജിയായിരുന്നു ഗവേഷണ മേഖല. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെന്നൊക്കെ വ്യാഖ്യാനിക്കാവുന്ന കാര്യങ്ങളെ സംബന്ധിച്ചായിരുന്നു അത്. ക്വാണ്ടം മെക്കാനിക്സിന്റെ രീതികൾ ഉപയോഗിച്ച് ഗുരുത്വാകർഷണത്തെക്കുറിച്ച് പഠിക്കുക എന്നത് ഈ ഗവേഷണത്തിന്റെ ഭാഗമാണ്. അതു കഴിഞ്ഞ് പ്രപഞ്ച വിജ്ഞാനീയത്തിൽ (കോസ്മോളജിയിൽ) ഗാലക്സികളും മറ്റും രൂപമെടുക്കുന്നതിനെക്കുറിച്ചു പഠിച്ചു. ഇതിന്നിടയിൽ ടി.ഐ.എഫ്.ആറിൽ എന്റെ ജൂനിയറായി ഗവേഷണം നടത്തിയിരുന്ന വാസന്തി എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. ഞങ്ങൾ ഇരുവരും ചേർന്നാണ് ഈ ഗവേഷണം നടത്തിയത്. പിന്നീട്, കേംബ്രിഡ്ജിൽ വച്ച് ഗുരുത്വാകർഷണ മണ്ഡലത്തിലെ വസ്തുക്കളുടെ സാംഖ്യകം (സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സസ്) എന്ന മേഖലയിൽ പ്രവർത്തിച്ചു. ഇത് 1990കൾ വരെ തുടർ ന്നു. 1990 കളുടെ മധ്യം മുതൽ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഗണിതമാതൃകകൾ പഠിക്കുന്ന രീതി വികസിപ്പിച്ചെടുക്കാൻ ശ്രമിച്ചു. പിന്നീട്, തമോദ്വാരങ്ങളെക്കുറിച്ചു പഠിച്ചു. 2002 മുതൽ ഗുരുത്വാകർഷണത്തെ സംബന്ധിച്ച് ഒരു പുതിയ ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്നു. ക്വാണ്ടം ഗ്രാവിറ്റിയുടെ ഒരു നല്ല സിദ്ധാന്തം നമുക്കിപ്പോഴില്ല. എങ്കിലും അതിന്റെ ഫലങ്ങൾ നമുക്ക് പരോക്ഷമായി പഠിക്കാൻ പറ്റും. ഉദാഹരണമായി, എല്ലാ വസ്തുക്കളെയും നിർമിച്ചിരിക്കുന്ന ആറ്റങ്ങളെ സംബന്ധിച്ച് വ്യക്തമായി അറിയുന്നതിനു മുമ്പേ ശാസ്ത്രജ്ഞർ ഇലാസ്തികതയെക്കുറിച്ചും വാതകങ്ങളുടെ ഒഴുക്കിനെക്കുറിച്ചുമെല്ലാം പഠിച്ചിരുന്നല്ലോ? ഇതുപോലെ ക്വാണ്ടം ഗ്രാവിറ്റിയെ അറിയാതെ തന്നെ ഗുരുത്വബലത്തെക്കുറിച്ചു പഠിക്കാനാണ് ശ്രമം. ഇതൊക്കെയാണ് എന്റെ ഗവേഷണ മേഖലകൾ.

താങ്കൾ കേരളത്തിലെ ഒരു സാധാരണ മലയാളമാധ്യമം സ്കൂളിൽ പഠിച്ചുവളർന്ന വ്യക്തിയാണല്ലോ. കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കു കൊടുക്കാനുള്ള സന്ദേശം എന്തെങ്കിലുമുണ്ടോ?

കേരളത്തിലെ കുട്ടികൾ വളരെ സ്മാർട്ട് ആണ്. മറ്റിടങ്ങളിലെ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഇവർ ഒരു തരത്തിലും പിന്നിലല്ല. എങ്കിലും ഇതൊക്കെ മതി, ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല, ചെയ്തിട്ട് എന്തു കിട്ടാനാണ് എന്ന തരത്തിലുള്ള ഒരു മനോഭാവം കാണുന്നുണ്ട്. ഇത് ഞങ്ങൾ പഠിക്കുന്ന കാലത്തില്ലായിരുന്ന ഒരവസ്ഥയാണ്. ഇതിന്റെ പിന്നിലുള്ള സാമൂഹ്യസാമ്പത്തിക കാരണമൊന്നും എനിക്കറിയില്ല. ഏതായാലും കുട്ടികൾക്ക് മോഹങ്ങളും നിശ്ചയദാർഢ്യവും വേണം. അവർ താൽപ്പര്യമുള്ള മേഖലകളിൽ, മറ്റുള്ളവർ എന്തു പറയുന്നുവെന്നു നോക്കാതെ, മുന്നോട്ടു പോകണമെന്നാണ് എന്റെ അഭിപ്രായം.

 

താങ്കൾ ശാസ്ത്രം ജനകീയവത്കരിക്കുന്നതിന് ധാരാളം ശ്രമം നടത്തിയിട്ടുള്ള ആളാണല്ലോ? അതൊന്നു വിശദീകരിക്കാമോ?

ഒരുപക്ഷേ, കേരളത്തിൽ വളർന്നുവന്നതു കൊണ്ടായിരിക്കാം, എനിക്ക് ഒരു സാമൂഹ്യബോധം എപ്പോഴുമുണ്ടായിരുന്നു. വീട്ടിൽ അച്ഛനും ശക്തമായ സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരുന്നു. പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് ഗവേഷണം നടത്തുമ്പോൾ സമൂഹത്തിനും ചിലത് തിരിച്ചുനൽകാൻ നാം ബാധ്യസ്ഥരാണ്. എന്റെ ഗുരു നർലിക്കർ ശാസ്ത്രസാഹിത്യം എഴുതുന്നതിൽ മിടുക്കനാണ്. അതിൽ നിന്ന് പ്രചോദനം കിട്ടിയിട്ടുണ്ട്. അങ്ങനെ സയൻസ് ടുഡേയിലും സയൻസ് ഏജിലും ഞാൻ എഴുതുമായിരുന്നു. ഫിസിക്സിന്റെ കഥ എന്ന പേരിൽ കോമിക്സ് രീതിയിൽ ഒരു പരമ്പര ഉണ്ടാക്കിയിട്ടുണ്ട്. എന്റെ ഏതാനും പോപ്പുലർ സയൻസ് പുസ്തകങ്ങൾ കേംബ്രിഡ്ജും  വേൾഡ് സയന്റിഫിക്കും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഈ രംഗത്ത് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്താൽ കൊള്ളാമെന്നുണ്ട്. പൂനെയിൽ ഞാനിപ്പോൾ ജോലിചെയ്യുന്ന അയുക്ക (IUCAA)  ഇന്ത്യയിലെ എല്ലായിടത്തുനിന്നും ജ്യോതിശാസ്ത്ര തൽപ്പരരായ വിദ്യാർഥികളും അധ്യാപകരും എത്തിച്ചേരുന്ന ഒരു കേന്ദ്രമായി മാറിയിട്ടുണ്ട്.


2012 ജനുവരി ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്

താണു പദ്മനാഭനും പ്രപഞ്ചവിജ്ഞാനീയവും

 


ശാസ്ത്രചരിത്രം – തീ മുതല്‍ ലാവോസിയര്‍ വരെ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “താണു പത്മനാഭൻ – കേരളത്തിന് അഭിമാനമായ ശാസ്ത്രപ്രതിഭ

Leave a Reply

Previous post #വാക്‌സിനൊപ്പം – ജനകീയാരോഗ്യ ക്യാമ്പയിൻ സംസ്ഥാന പരിശീലനത്തിൽ പങ്കെടുക്കാം
Next post താണു പദ്മനാഭനും പ്രപഞ്ചവിജ്ഞാനീയവും
Close