Read Time:9 Minute

ഡോ. ബി. ഇക്ബാൽ

ശാസ്ത്രമേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ അതിപ്രഗത്ഭരായ നിരവധി കേരളീയ ശാസ്ത്രജ്ഞരുണ്ട്. പക്ഷെ ഇവരിൽ പലരും മലയാളികൾക്കിടയിൽ വേണ്ടത്ര അറിയപ്പെടുന്നില്ല. കേരളീയരായ ശാസ്ത്രപ്രതിഭകള പരിചയപ്പെടുത്തുന്ന ലേഖനപരമ്പര..

പൂനെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആന്റ് ആസ്‌ട്രോഫിസിക്‌സിൽ (ഐ.യു.സി.എ.എ.) പ്രപഞ്ച വിജ്ഞാനീയത്തിൽ ഗവേഷണം നടത്തുന്ന താണു പദ്മനാഭൻ ഇരുണ്ട ഊർജത്തെ (Dark Energy) സംബന്ധിച്ച തന്റെ മൗലിക സിദ്ധാന്തങ്ങളിലൂടെ സമീപകാലത്ത് ലോക ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്ന മലയാളി ശാസ്ത്രജ്ഞനാണ്. പ്രപഞ്ചം മുഴുവൻ നിലനിൽക്കുന്നതായി കരുതപ്പെടുന്ന ഇരുണ്ട ഊർജം ക്വാണ്ടം സിദ്ധാന്തത്തിൽ നിരവധി പരിവർത്തനങ്ങൾക്ക് കാരണമാവുമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ക്വാണ്ടം സിദ്ധാന്തം, ആപേക്ഷികതാ സിദ്ധാന്തം എന്നിവയെപ്പോലെ വമ്പിച്ച ശാസ്ത്രസൈദ്ധാന്തിക കുതിച്ചുചാട്ടത്തിന് ഈ സിദ്ധാന്തം വഴിയൊരുക്കും. പ്രപഞ്ച വികാസത്തിന്റെ വേഗം കൂടിക്കൊണ്ടിരിക്കുന്നതിന്റെ കാരണം ഇരുണ്ട ഊർജമാണെന്നാണ് കരുതപ്പെടുന്നത്. അടുത്തകാലത്താണ് ഭൗതികശാസ്ത്രജ്ഞർ ഇരുണ്ട ഊർജം നിലനിൽക്കുന്നു എന്നംഗീകരിച്ചത്. പ്രപഞ്ചത്തിന്റെ ഘടനയെ സംബന്ധിച്ചുളള നമ്മുടെ ധാരണകളെ ഇരുണ്ട ഊർജ സിദ്ധാന്തം തിരുത്തിക്കുറിക്കുമെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഗുരുത്വവും ക്വാണ്ടം സിദ്ധാന്തവും യോജിപ്പിക്കുക എന്ന സൈദ്ധാന്തിക ഭൗതികശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇരുണ്ട ഊർജത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നുത്. പ്രപഞ്ചത്തിന്റെ നാലിൽ മൂന്നുഭാഗവും ഇരുണ്ട ഊർജം കൊണ്ടു നിറഞ്ഞിരിക്കുന്നതാണ് എന്നാണ് താണു പദ്മനാഭന്റെ നിരീക്ഷണം.

1957 ൽ തിരുവനന്തപുരത്തു ജനിച്ച താണു പദ്മനാഭൻ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ 1977 ൽ ബി.എസ്.സി. ബിരുദവും 1979 ൽ ഒന്നാം റാങ്കിനുള്ള സ്വർണ്ണമെഡൽ നേടിക്കൊണ്ട് എം.എസ്.സി. ബിരുദവും കരസ്ഥമാക്കി. ബി.എസ്.സി. വിദ്യാർത്ഥി ആയിരിക്കുന്ന കാലത്തുതന്നെ ആപേക്ഷികതാ സിദ്ധാന്തത്തെ സംബന്ധിച്ച തന്റെ ആദ്യത്തെ ഗവേഷണ പ്രബന്ധം പദ്മനാഭൻ തയ്യാറാക്കിയിരുന്നു. മുംബൈയിലെ ടാറ്റാഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (ടി.ഐ.എഫ്.ആർ.) നിന്ന് പി.എ.ച്ച്.ഡി. സമ്പാദിച്ച പദ്മനാഭൻ അവിടെ തന്നെ ഗവേഷകനായി 1992 വരെ തുടർന്നു. ആസ്‌ത്രേലിയയിലെ മെൽബൺ യൂണിവേഴ്‌സിറ്റിയിലും അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. 1992 മുതൽ അദ്ദേഹം ഐ.യു.സി.എ. എ.യിൽ ഗവേഷകനും അക്കാദമിക് പ്രോഗ്രാമുകളുടെ ഡീനുമായി പ്രവർത്തിച്ചു വരികയാണ്. ഗുരുത്വാകർഷണം, പ്രപഞ്ച വിജ്ഞാനീയം, ക്വാണ്ടം സിദ്ധാന്തം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖലകൾ.


സ്വിറ്റ്‌സർലാണ്ടിലെ പ്രസിദ്ധ കണികാഭൗതിക ഗവേഷണ കേന്ദ്രമായ സേൺ (സി.ഇ.ആർ.എൻ.), ന്യൂകാസിൽ സർവകലാശാല, ഇംപീരിയൽ കോളേജ് ലണ്ടൻ, ടെക്‌സാസ് സർവ്വകലാശാല, പ്രിൻസ്ടൺ, കാൾടെക്, കേംബ്രിഡ്ജ് തുടങ്ങിയ നിരവധി ഉന്നത ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിൽ അദ്ദേഹം വിസിറ്റിങ്ങ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു വരുന്നുണ്ട്.

ഇന്നു ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരിൽ ഏറ്റവും പ്രസിദ്ധനായ സ്റ്റീഫൻ ഹോക്കിങ്ങും താണു പദ്മനാഭനും ക്വാണ്ടം അന്ദോലനങ്ങളിൽ നിന്നും പ്രപഞ്ചം ഉത്ഭവിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് വ്യത്യസ്ഥ സമീപനങ്ങൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് പദ്മനാഭൻ തന്റെ സിദ്ധാന്തം രൂപപ്പെടുത്തിയത്. ഹോക്കിങ്ങിന്റേതാവട്ടെ യൂക്ലിഡിയൻ ക്വാണ്ടം കോസ്‌മോളജി അടിസ്ഥാനമാക്കിയിട്ടുള്ളതുമായിരുന്നു. ഇവയിൽ പദ്മനാഭന്റെ മാതൃകയാണ് കൂടുതൽ യുക്തിസഹം എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
നൂറോളം ഗവേഷണ പ്രബന്ധങ്ങളും നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളും പദ്മനാഭൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഫ്ടർ ദി ഫസ്റ്റ് ത്രീ മിനിട്ട്‌സ് ദ സ്റ്റോറി ഓഫ് ഔവർ യൂണിവേഴ്‌സ് (ആദ്യത്തെ മൂന്നു നിമിഷങ്ങൾക്കുശേഷം നമ്മുടെ പ്രപഞ്ചത്തിന്റെ കഥ) സ്ട്രക്ചർ ഫോർമേഷൻ ഇൻ യൂണിവേഴ്‌സ്, മൂന്നു വോള്യങ്ങളുള്ള തിയററ്റിക്കൽ ആസ്‌ട്രോഫിസിക്‌സ്, ആൻ ഇൻവിറ്റേഷൻ ടു ആസ്‌ട്രോഫിസിക്‌സ് (2006) എന്നിവയാണ് പദ്മനാഭന്റെ പ്രസിദ്ധ കൃതികൾ. ജയന്ത് നാർലിക്കറുമൊത്ത് ഗ്രാവിറ്റി, ഗേജ് തിയറീസ് ആന്റ് ക്വാണ്ടം കോസ്‌മോളജി എന്നൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇടക്കാലത്ത് പ്രസിദ്ധീകരണം നിന്നുപോയ സയൻസ് ടുഡേ തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ തന്റെ ഏറെ പ്രസിദ്ധമായ പംക്തികളിലൂടെ പൊതുജനങ്ങളേയും കുട്ടികളേയും ലക്ഷ്യമാക്കി ഗഹനങ്ങളായ ശാസ്ത്ര വിഷയങ്ങൾ അതിലളിതമായി വിശദീകരിക്കുന്ന നിരവധി ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഭാഗമായ വിഗ്യാൻ പ്രസാർ പ്രസിദ്ധീകരിച്ച പദ്മനാഭന്റെ ‘ഭൗതികത്തിന്റെ കഥ’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രകൃതിയിലെ ഭൗതിക പ്രതിഭാസങ്ങൾ വിശദീകരിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള കഴിവ് മനുഷ്യൻ നേടിയെടുത്തതിന്റെ കഥയാണ് അതീവ ഹൃദ്യവും രസകരവുമായി ഈ പുസ്തകത്തിൽ പദ്മനാഭൻ വിശദീകരിക്കുന്നത്.

താണു പത്മനാഭനും വാസന്തി പദ്മനാഭനും | കടപ്പാട്‌: punemirror.indiatimes.com

ഇൻസ യങ് സയന്റിസ്റ്റ് അവാർഡ്, ബിർള സയൻസ് പ്രൈസ്, എസ്. എസ്. ഭട്‌നഗർ അവാർഡ്, ജി.ഡി.ബിർലാ അവാർഡ്, കേംബ്രിഡ്ജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോണമിയുടെ സാക്‌ലർ ഡിസ്റ്റിംഗ്വിഷ്ഡ് അസ്‌ട്രോണമർ പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ടി.ഐ.എഫ്.ആറിൽ നിന്നും ആസ്‌ട്രോഫിസിക്‌സിൽ പി.എച്ച്. ഡി. നേടിയ വാസന്തി പദ്മനാഭനാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി. മകൾ ഡോ. ഹംസ പത്മനാഭൻ പ്രപഞ്ചവിജ്ഞാനമേഖലയിൽ തന്നെയാണ് ഗവേഷണം ചെയ്യുന്നത്.

താണു പത്മനാഭനും മകൾ ഹംസ പത്മനാഭനും | കടപ്പാട്‌: mid-day.com

താണു പത്മനാഭനുമായി മീഡിയ വൺ നടത്തിയ ആഭിമുഖം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post താണു പത്മനാഭൻ – കേരളത്തിന് അഭിമാനമായ ശാസ്ത്രപ്രതിഭ
Next post ഇ സി ജി സുദർശൻ: ഫിസിക്സിനെ സ്നേഹിച്ച മനുഷ്യൻ
Close