ഇന്ത്യയിൽ നിലനിൽക്കുന്ന ആരോഗ്യ നിയമപ്രകാരം അക്യുപങ്ചർ ചികിത്സ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ , നിലവിലെ അവസ്‌ഥ എന്താണ് ?
അക്യുപങ്‌ചർ ചികിത്സക്ക് മെല്ലെ പ്രചാരം കിട്ടി വരുന്നു. ധാരാളം പേർ അക്യുപങ്‌ചർ ചികിത്സയെ മുഖ്യധാരാ ചികിത്സാവിധികൾക്ക് ബദലായി കാണുന്നു. എന്നാൽ പ്രശ്നങ്ങൾ വരുമ്പോൾ അവർ പരാതിയുമായി വരികയും ചെയ്യുന്നു. അതിനാൽ അക്യുപങ്‌ചർ ചികിത്സയെക്കുറിച്ചു ചില അടിസ്ഥാന സാങ്കേതിക വശങ്ങൾ വ്യക്തമാക്കാനാണ് ഈ കുറിപ്പ്.
ഒന്ന്, ഇന്ത്യയിൽ ചികിത്സ നടത്തുന്നതിനും, രോഗനിർണയം ചെയ്യുന്നതിനും ചില നിയമങ്ങൾ ഉണ്ട്. കൃത്യമായതും അംഗീകരിക്കപ്പെട്ടതൂ മായ വിദ്യാഭ്യാസമാണ് ഒന്നാമത്തേത്. വിദ്യാഭ്യാസത്തെത്തുടർന്ന് നിശ്ചിത കാലയളവിലെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. അതിനുശേഷം അവർക്ക് സ്വതന്ത്രമായി ചികിത്സിക്കാനുള്ള ലൈസൻസ് അഥവാ രജിസ്‌ട്രേഷൻ നിർബന്ധമായും ഉണ്ടായിരിക്കണം.
രണ്ട്, അക്യുപങ്‌ചർ ചികിത്സ ചെയ്യാൻ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ അത് ഇനിയും സ്വതന്ത്ര ചികിത്സമാധ്യമം ആയിട്ടില്ല. മുകളിൽ പറഞ്ഞിട്ടുള്ള വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, രജിസ്‌ട്രേഷൻ/ ലൈസൻസിങ് എന്നിവ സർക്കാർ നിയമം മൂലം അക്യുപങ്‌ചർ ചികിത്സക്കു പ്രവർത്തികമാക്കിയിട്ടില്ല. അതിനാൽ അക്യുപങ്‌ചർ എന്ന പേരിൽ ഏതെങ്കിലും ചികിത്സകർ ക്ലിനിക്/ ആശുപത്രി എന്നിവ നടത്തുന്നതിന് നിയമസാധുത ഇല്ല എന്നത് വ്യക്തമാണ്.
മൂന്ന്, വളരെ പരിമിതമായ അംഗീകാരം മാത്രമാണ് അക്യുപങ്‌ചർ ചികിത്സയ്ക്ക് നൽകിയതെന്ന് കേന്ദ്രസർക്കാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ലോക് സഭയിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് 29/ 12/ 2017 ൽ ഉത്തരം പറയവേ ആയുഷ് കാര്യ മന്ത്രി പറഞ്ഞത് ഇപ്രകാരമാണ്: അക്യുപങ്‌ചർ ഒരു ചികിത്സാവിധി (mode of treatment) മാത്രമാണ്. പൂർണമായ ആരോഗ്യശാസ്ത്ര സംവിധാനമല്ല (system of medicine). അതിനാൽ സ്വതന്ത്ര ചികിത്സയ്ക്കുള്ള നിയമസാധുത അതിനില്ല. ഏതെങ്കിലും system of medicine വിഭാഗത്തിൽ രജിസ്‌ട്രേഷൻ ഉള്ളവർക്ക് അവർ നൽകുന്ന ചികിത്സയുടെ ഭാഗമായി നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി അക്യുപങ്‌ചർ കൂടി നൽകാം എന്ന് മാത്രം.
അതിനാൽ കൂണുപോലെ മുളച്ചുവരുന്ന അക്യുപങ്‌ചർ ചികിത്സാകേന്ദ്രങ്ങളെ സർക്കാരിന്റെ നിരീക്ഷണത്തിൽ കൊണ്ടുവരികയും അന്വേഷണവിധേയമാക്കുകയും വേണം എന്ന് അഭ്യർത്ഥിക്കുന്നു.