വാക്സിൻ നമ്മുടെ അവകാശം – ഇന്ത്യ ചെയ്യേണ്ടത്

 

കൊച്ചി സർവ്വകലാശാലയിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ തയ്യാറാക്കിയ കുറിപ്പ്

വീഡിയോ കാണാം


പ്രിയ സുഹൃത്തെ,

കൊവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം വേണ്ടെന്ന് വെയ്ക്കാന്‍ യുഎസ് ഭരണകൂടം തയ്യാറാണ്‌ എന്ന് മെയ് ആദ്യവാരത്തിൽ World trade Organization- WTO യിലെ അമേരിക്കൻ പ്രതിനിധി കാതറിന്‍ ട്ടായി‌ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ വാക്‌സിന്‍ നിര്‍മ്മാണം ദ്രുതഗതിയില്‍ നടത്താനും കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കാനും ഉള്ള സാധ്യതയാണ് സജാതമായിട്ടുള്ളത്. എത്രയും വേഗം ലോകം മുഴുവൻ വാക്‌സിനേഷൻ നടത്തിയില്ലെങ്കിൽ, വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിലൂടെ, നിലവിലെ കോവിഡ് വാക്‌സിൻ നിർഫലമാകാനുള്ള സാധ്യത ഏറെ ആണ്. WTO-യിലും മറ്റു അന്താരാഷ്ട്ര വേദികളിലും ഇന്ത്യയും, ദക്ഷിണാഫ്രിക്കയും അടക്കം 100 ഓളം വികസ്വര രാജ്യങ്ങൾ കോവിഡ് വാക്‌സിനുകളെ പേറ്റന്റ് അവകാശത്തിന്റെ പരിധിയിൽ നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ടു വരികയാണ്. ഇന്നത്തെ സാഹചര്യത്തിൽ 350 കോടി വാക്സിനാണ് ഒരു വർഷം ലോകത്തു ഉൽപാദിപ്പിക്കാൻ കഴിയുക. ഇത് 750 കോടി ജനങ്ങൾക്ക് 2 ഡോസ് വിതം എന്ന കണക്കിൽ 1500 കോടിയായി ഉയർത്താൻ കഴിയണം. ലോകത്തിലാകെ 9.2 ട്രില്യൺ യൂ. എസ് ഡോളറിന്റെ ഉത്പാദന നഷ്ടമാണ് കോവിഡ് മൂലം ഉണ്ടായത്. സൗജന്യ കോവിഡ് വാക്‌സിനേഷന് വേണ്ടിവരുന്നത്‌ ഇതിന്റെ ഒരു ചെറിയ അംശം മാത്രം. കോവിഡ് വാക്‌സിൻ കണ്ടെത്തുന്നതിന് , വലിയ തോതിൽ, ഏകദേശം മുഴുവനായും തന്നെ, പൊതു പണം ചിലവഴിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ, വാക്‌സിനെ, പേറ്റന്റ് പരിധിക്കു പുറത്തു കൊണ്ടുവരാൻ ലോകത്തെ വികസ്വര രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് തങ്ങളാലാകുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ് . വാക്‌സിൻ ഉത്പാദനം കൂട്ടാനും, സൗജന്യമായും, ഫലപ്രദമായും, വാക്‌സിൻ വിതരണം ചെയ്യാനും, ഭരണാധികാരികളുടെ മേൽ നാം സമ്മർദ്ദം ചെലുത്തണം.

ഈ അവസരത്തിൽ ലോകം മുഴുവൻ, പ്രധാനമായും വികസ്വര രാഷ്ട്രങ്ങൾ ഇന്ത്യൻ ഗവൺമെന്റിനെ ഉറ്റു നോക്കുകയാണ്. പതിറ്റാണ്ടുകളായി ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ മിതമായ നിരയ്ക്കിൽ ലഭ്യമാക്കുന്നതിലൂടെ, ഇന്ത്യ വികസ്വര രാജ്യങ്ങളുടെ ഫാർമസി എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.

ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിൽ ഉള്ള പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടുമായി സഹകരിച്ചു കൊണ്ടാണ് ഭാരത് ബയോടെക് എന്ന സ്വകാര്യ കമ്പനി കോവാക്സിൻ എന്ന കോവിഡ് 19 പ്രതിരോധ വാക്സിൻ നിർമിച്ചിട്ടുള്ളത്.കോവാക്സിൻ നിർമാണത്തിലേക്ക് നയിച്ച അടിസ്ഥാന സാങ്കേതിക കണ്ടുപിടുത്തങ്ങൾ കേന്ദ്ര വൈറോളജി ഇൻസ്റ്റിട്യൂട്ടിന്റെ ഗവേഷണത്തിൽ നിന്നും ഉണ്ടായതാണ്. കോവാക്‌സിന്‍ വികസനാവുമായി ബന്ധപ്പെട്ട് ആറ് അന്തര്‍ദ്ദേശീയ ജേര്‍ണലുകളിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിൽ നാലെണ്ണത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അല്ലെങ്കില്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അല്ലെങ്കില്‍ ഐ.സി.എം.ആര്‍ എന്നിവയില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രബന്ധങ്ങൾ എല്ലാം ഭാരത് ബയോടെക്, ഐ.സി.എം.ആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയിലെ ഗവേഷക വിദഗദര്‍ ചേര്‍ന്നാണ് രചിച്ചത്. വാക്‌സിന്‍ നിർമാണത്തിന്റെ വിജയകരമായ ഗവേഷണത്തിനു പിന്നിൽ പ്രവർത്തിച്ചത് പ്രധാനമായും സര്‍ക്കാര്‍ മേഖലയിലെ ശാസ്ത്രജ്ഞരായിരുന്നു. ഇതെല്ലാം, പൊതുജനങ്ങളുടെ പണം ചെലവഴിച്ചാണ് വാക്‌സിന്‍ വികസിപ്പിച്ചത് എന്നതിന് വ്യക്തമായ തെളിവുകളാണ്. അതിനാല്‍ ഈ വാക്‌സിന്‍ ഇന്ത്യയുടെ Public good അഥവാ ഒരു പൊതു ഉല്‍പ്പന്നമാണ്. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചത് കൊണ്ട് തന്നെ, ഇതിന്റെ ബൗദ്ധിക സ്വത്തവകാശത്തിൽ ഇന്ത്യാ ഗവണ്മെന്റിനു വ്യക്തമായ അവകാശങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി ഇന്ത്യയിലെ പൊതുമേഖലയിലും, സ്വകാര്യ മേഖലയിലുമുള്ള 21 ഓളം വാക്‌സിൻ നിർമ്മാണ സ്ഥാപങ്ങളിൽ വാക്‌സിൻ നിർമ്മിക്കാനുള്ള നടപടി ക്രമങ്ങൾക്ക് ഇന്ത്യാ ഗവർമെന്റ് നിശ്ചയ ദാർഢ്യത്തോടെ അടിയന്തിരമായി തുടക്കം കുറിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രചാരണത്തിൽ താങ്കളും പങ്കാളിയകണമെന്ന് അഭ്യർത്ഥിക്കുന്നു

കൊച്ചി സർവ്വകലാശാലയിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ


Leave a Reply