കോവിഡിന്റെ രണ്ടാം തരംഗം പടിയിറങ്ങുമ്പോൾ


ഡോ. ടി. എസ്. അനീഷ്

കോവിഡ് -19 രണ്ടാം തരംഗത്തിന്റെ ഉത്തുംഗത്തിൽനിന്നും നാം പതിയെ താഴേക്ക് വരികയാണ്. CFLTC കളിലും ആശുപത്രികളിലും കിടക്കകൾ ഒഴിയാൻ തുടങ്ങി. ICU, വെന്റിലേറ്റർ സേവനങ്ങൾ ആവശ്യങ്ങളുടെ തിരക്ക് കുറയാൻ ഇനിയും ദിവസങ്ങളെടുക്കും. വളരെ വലിയ ഒരു ആരോഗ്യവെല്ലുവിളിയാണ് രണ്ടാം തരംഗത്തിൽ നാം നേരിട്ടത്. രൂക്ഷമായ രോഗവ്യാപനത്തിനിടയിൽ ലോക്ക്ഡൌൺ പോലെയൊരു ബ്രേക്കിട്ടാൽ അണുബാധകൾ എത്രദിവസങ്ങളിൽ എത്ര എണ്ണത്തിൽ പോയിനിൽക്കും, നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധപ്രവർത്തകരുമൊക്കെ ചേർന്നാൽ രോഗവ്യാപനം എത്രത്തോളം നിയന്ത്രിക്കാൻ കഴിയും, മേല്പറഞ്ഞ സംവിധാനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഏതൊക്കെ എത്രമാത്രം നല്കാൻ കഴിയും, കോവിഡ് ചികിത്സാസംവിധാനങ്ങൾക്ക് എത്രത്തോളം രോഗികളെ താങ്ങാനാവും തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് കോവിഡിന്റെ രണ്ടാം തരംഗം നമ്മുടെ മുന്നിൽ വയ്ക്കുന്നത്.
സർക്കാരിന്റെ കണക്കനുസരിച്ച് ഏപ്രിൽ-മെയ് മാസങ്ങളിൽ മാത്രമായി പതിനാലുലക്ഷത്തിൽ ചില്വാനം കോവിഡ് കേസുകൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ പകുതിയിലധികം വരും ഇത്. രണ്ടാം തരംഗം പൂർണ്ണമായും താഴെയെത്തുന്ന സമയമാകുമ്പോഴേക്കും മൊത്തം രോഗികളുടെ എൺപതു ശതമാനമെങ്കിലും രണ്ടാം തരംഗത്തിന്റെ സംഭവനയായിരിക്കും. തെരഞ്ഞെടുപ്പും ആഘോഷങ്ങളുമൊക്കെയായി ഉണ്ടായ ശ്രദ്ധക്കുറവ് ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും രാജ്യമെമ്പാടും, അതുപോലെ നമ്മുടെ സംസ്ഥാനത്തും സുനാമിപോലെയുണ്ടായ രണ്ടാം തരംഗത്തിന് പ്രധാനകാരണം വൈറസിലുണ്ടായ ജനിതകവ്യതിയാനങ്ങളാണ് എന്ന് കാണാം. ഭാരതത്തിൽ കോവിഡ്-19 നുണ്ടാകുന്ന ജനിതകവ്യതിയാനങ്ങളെപ്പറ്റി ഔദ്യാഗികമായി പഠിക്കുന്ന ഇന്ത്യൻ ജനറ്റിക് അനാലിസിസ് കൺസോർഷ്യം ഫോർ സാർസ്‌കോവി 2 ന്റെ കണ്ടെത്തലുകൾ ഇതാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളികൂടിയായ ശാസ്ത്രജ്ഞൻ ഡോ വിനോദ് സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിൽ നിന്നുള്ള സാമ്പിളുകൾ തുടർച്ചയായി പഠനവിധേയമാക്കുന്നുണ്ട്.

ഏപ്രിൽ അവസാനവാരം പുറത്തുവിട്ട, ഏപ്രിൽ ആദ്യവാരം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ ഏതാണ്ട് നാൽപതു ശതമാനത്തോളം വ്യാപനശേഷിയുള്ള വൈറസുകളായിരുന്നു

ഇതിൽത്തന്നെ നാലിൽ മൂന്നും ആൽഫ എന്ന് ലോകാരോഗ്യസംഘടന പേരിട്ട B.1.1.7 എന്ന ജനിതകവ്യതിയാനം വന്ന വൈറസുകൾ ആയിരുന്നുവെന്ന് കാണാം. ബ്രിട്ടണിലാണ് ആദ്യം കണ്ടെത്തിയത് എന്നതിനാൽ ഇതിന് യുകെ സ്‌ട്രെയിൻ എന്നാണ് പറഞ്ഞിരുന്നത്. ഒന്നാം തരംഗത്തിൽ നാം കണ്ട വൈറസ് വകഭേദങ്ങളെക്കാൾ ഏതാണ്ട് എഴുപതു ശതമാനം കൂടുതൽ വ്യാപനശേഷിയുള്ള വൈറസ് ആണ് ഇത്. അതേസമയം പത്തുശതമാനത്തോളം സാമ്പിളുകളിൽ വടക്കേ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഇരട്ടജനിതകവ്യതിയാന (ഡബിൾ മ്യൂട്ടന്റ്) മുള്ള B.1.617 അന്നുതന്നെ കണ്ടിരുന്നു. വെറും രണ്ടു-മൂന്നാഴ്ചകൾക്കുള്ളിൽ ശേഖരിച്ച സാമ്പിളുകളുടെ വിവരങ്ങൾ മെയ് മാസം പകുതിയോടുകൂടി സർക്കാരിന് നൽകിയ റിപ്പോർട്ടിലുണ്ട് (ചിത്രം-2).

സംസ്ഥാനത്തെ ഏതാണ്ട് പൂർണ്ണമായി ജനിതകവ്യതിയാനം വന്ന വൈറസുകൾ കീഴടക്കിയിരുന്നു. അതിൽത്തന്നെ സിംഹഭാഗവും പിന്നീട് ലോകാരോഗ്യസംഘടന ഡെൽറ്റ എന്ന് പേരിട്ട B.1.617.2 എന്ന ജനിതകവ്യതിയാനമാണ് എന്ന് കാണാൻ കഴിയും. അതായത് ആൽഫ തുടങ്ങുകയും ഡെൽറ്റ ഏറ്റെടുക്കുകയും ചെയ്ത ആധിവ്യാപനമാണ് ഇന്ത്യയിലെമ്പാടും, കേരളത്തിലും ഭീമമായ രണ്ടാം തരംഗത്തിന് കാരണമായത്. സാർസ് കൊറോണ വൈറസിന് ഇതുവരെ സംഭവിച്ചതിൽവച്ച് അതിന്റെ വ്യാപനശേഷി ഏറ്റവും ഉയർത്തിയ ജനിതകവ്യതിയാനം ഡെൽറ്റ ആണെന്ന് കരുതപ്പെടുന്നു. അത്യന്തം വ്യാപനശേഷിയുള്ള അൽഫയേക്കാൾ അൻപതുശതമാനത്തിലധികം വ്യാപനശേഷി ഡെൽറ്റാക്കുണ്ടെന്നാണ് കരുതുന്നത്. ശാരീരികമായ വലിയ അടുപ്പമില്ലാതെ തന്നെ, ഏതാനും മീറ്ററുകൾക്കുള്ളിലാണെങ്കിൽ ഒരാളിൽനിന്നും മറ്റൊരാളിലേക്ക് വായുവിലൂടെ പടരാനുള്ള പ്രവണതയും സാധാരണ തുണിമാസ്കുകളെ അധികരിക്കാനുള്ള കഴിവും അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസുകൾക്കുണ്ടാവാം. അതോടൊപ്പം ഒരുതവണ രോഗം വരുന്നതിലൂടെയോ കുത്തിവയ്പ്പിലൂടെയോ ഒരാൾ നേടുന്ന രോഗപ്രതിരോധശക്തിയെ മറികടന്ന് അണുബാധയുണ്ടാക്കാനുള്ള ശേഷിയും ഡെൽറ്റ പ്രകടിപ്പിക്കുന്നുണ്ട്. ഇമ്മ്യൂൺ എസ്‌കേപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവണതയുടെ വാക്‌സിനേഷനലിലൂടെ ലഭിക്കുന്ന രോഗപ്രതിരോധശക്തിയെ ചിലപ്പോഴൊക്കെ മറികടക്കാൻ ഇത്തരം വൈറസുകൾക്കു കഴിയുമെങ്കിലും രോഗലക്ഷണങ്ങൾ പ്രായേണ ദുർബലവും ജീവപായമുണ്ടാവാനുള്ള സാധ്യത വിരളവുമാണെന്നത് ആശ്വാസകരമാണ്.

വ്യാപനത്തിന്റെ കാര്യം നോക്കിയാൽ സാർസ് കൊറോണ വൈറസ്-2 ന്റെ ഏറ്റവും മികച്ച മോഡൽ ഡെൽറ്റായാണ് എന്ന് പറഞ്ഞല്ലോ. വ്യാപനത്തിന് പുറമെ രോഗതീവ്രതയും ഡെൽറ്റാക്കു കൂടുതലാണ് എന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ടെങ്കിലും എല്ലാവരും ആ കാര്യത്തിൽ യോജിക്കുന്നില്ല. ആദ്യ തരംഗമുണ്ടാക്കിയ വൈറസിനേക്കാൾ ഇരട്ടിയിലധികം വ്യാപനശേഷിയും രോഗപ്രതിരോധശക്തിയുള്ളവരെക്കൂടി രോഗികളാക്കാനുള്ള കഴിവും കാരണം രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വളരെകൂടുതലായിരുന്നതിനാലാണ്, വിവിധതരത്തിലുള്ള സങ്കീർണ്ണതകൾ അത് പ്രകടിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. എന്തായാലും നമ്മുടെ രാജ്യം രണ്ടാം തരംഗത്തിന്റെ പിടിയിൽ നിന്നും പതിയെ പുറത്തേക്കു വരികയാണ്. മറ്റുരാജ്യങ്ങളിലേക്കു ഡെൽറ്റ കടന്നുവരുന്നതേയുള്ളു എന്നതിനാൽ അവരെല്ലാം വളരെ കരുതലിലും ആണ്. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം ചില ആശങ്കകൾ ഉണ്ട്. കേരളത്തിലും ഇപ്പോൾ വ്യാപിക്കുന്ന കോവിഡ് -19 ന്റെ വകഭേദം ഡെൽറ്റ എന്ന് പേരിട്ടിരിക്കുന്ന B.1.617.2 ആണെങ്കിലും അതിന്റെ വ്യാപനം, താരതമ്യേന നേരത്തെയുള്ള ലോക്കഡോണും നാം സ്വീകരിച്ച മറ്റ് പ്രതിരോധമാർഗങ്ങളും കാരണം ഭാരതത്തിലെ മറ്റിടങ്ങളെ അപേക്ഷിച്ച് കുറവാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൌൺ പിൻവലിക്കുമ്പോൾ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പുതുതായി രോഗികളാകുന്നവരുടെ എണ്ണം കൃത്യമായി നിരീക്ഷിച്ചുകൊണ്ടുവേണം ലോക്ക് തുറക്കാൻ. അതുതന്നെ ഘട്ടം ഘട്ടമായി ചെയ്യുന്നതാകും ഉചിതം. ഒരു മൂന്നാം തരംഗം ഇപ്പോൾത്തന്നെ താഴെയെത്തിയിട്ടില്ലാത്ത രണ്ടാം തരംഗത്തിന് മുകളിൽ പിറവിയെടുക്കാൻ അനുവദിക്കരുത്. നാം വ്യക്തിപരമായും കുടുംബങ്ങളിലും ഇപ്പോൾ തുടരുന്ന ഡബിൾ മാസ്കിങ്ങും സാനിറ്റേഷനും സോഷ്യൽ ഡിസ്റ്റൻസിങ്ങും ലോക്ക് തുറക്കുന്ന സമയത്ത് പൂർവ്വാധികം ശക്തിയോടെ തുടരേണ്ടതുണ്ട്. ഇതുവരെ അറിയാവുന്ന കോവിഡ്-19 വ്യതിയാനങ്ങളിൽ ഏറ്റവും ശക്തനായ ഒരാളുടെ പിടിയിൽ നിന്നാണ് നാം പുറത്തുവരുന്നത് എന്നതുകൊണ്ടുതന്നെ മറ്റൊരു ജനിതകവ്യതിയാനം കാരണമുള്ള ഒരു മൂന്നാം തരംഗത്തിന് സാധ്യത തല്ക്കാലം കുറവാണ്. വ്യാപകമായി വാക്‌സിനുകൾ നൽകുന്നതും കുട്ടികൾക്കുകൂടി നല്കാൻ കഴിയുന്ന വാക്‌സിനേഷൻ സങ്കേതങ്ങൾ രൂപപ്പെടുത്തുന്നതും ഭാവിയിൽ വരാൻ സാധ്യതയുള്ള തരംഗങ്ങളുടെ പ്രഹരശേഷിയെ ദുർബലമാക്കുകയും ഈ വിഷമവൃത്തത്തിൽ  നിന്നും പുറത്തുകടക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.


Leave a Reply