Read Time:9 Minute

സഹവർത്തിത്വം ശീലനമാക്കിയ ഒഫിയോഗ്ലോസം 

സസ്യ ലോകത്തിലെ ഏറ്റവും പുരാതന കുടുംബത്തിലെ ഒരംഗമാണ് ഒഫിയോഗ്ലോസം (Ophioglossum). പരിണാമചരിത്രം നോക്കുകയാണെങ്കിൽ ഇന്ന് കാണുന്ന സസ്യങ്ങളിൽ വെച്ച് ഏറ്റവും പുരാതനമായ  ജനുസിൽ ഒന്നാണ് ഇത്.

പരിണാമ ചരിത്രത്തിൽ പലപ്പോഴും ജീവികൾ നിലനിൽക്കാനാവാതെ വീണു പോകാറുണ്ട്, പലപ്പോഴും ഒറ്റയ്ക്ക് നിലനിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂട്ടായ സഹകരണത്തിലൂടെ നിലനിൽക്കാൻ ജീവികൾക്ക് കഴിയാറുണ്ട്. അത്തരത്തിൽ ഒരു കഥയാണ് പന്നൽ സസ്യമായ ഒഫിയോഗ്ലോസത്തിന് ഉള്ളത്.

സസ്യ ലോകത്തിലെ ഏറ്റവും പുരാതന കുടുംബത്തിലെ ഒരംഗമാണ് ഒഫിയോഗ്ലോസം (Ophioglossum). പരിണാമചരിത്രം നോക്കുകയാണെങ്കിൽ ഇന്ന് കാണുന്ന സസ്യങ്ങളിൽ വെച്ച് ഏറ്റവും പുരാതനമായ  ജനുസിൽ ഒന്നാണ് ഇത്. ഏകദേശം 160 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്നേ മുതല്‍  ഉണ്ടായിരുന്ന, ഏറെ പുരാതനമായ, ജീവലോകത്ത്  വെച്ച് ഏറ്റവും അധികം ക്രോമോസോമുകള്‍ ഉള്ള (Chromosome Number: 2n = 1260 or, recently as 2n = 1520!) ഇവയുടെ പരിണാമ നിലനിൽപ്പ്  (Evolutionary Existence) രഹസ്യം എന്തായിരിക്കും?

ഒഫിയോഗ്ലോസം

ഒഫിയോഗ്ലോസം അഥവാ പാമ്പിന്റെ നാക്ക്

ഒഫിയോഗ്ലോസം എന്നാൽ ലാറ്റിൻ ഭാഷയിൽ പാമ്പിന്റെ നാക്ക് എന്നാണ് അർത്ഥം. പ്രത്യുൽപാദന അവയവങ്ങളായ  സ്പോറോഫോറുകൾ കണ്ടാൽ പാമ്പിനോട് രൂപസാദൃശ്യം ഉള്ളതിനാൽ ആവാം ഇത്തരത്തിൽ പേര് വന്നത്. ഫോസിൽ തെളിവുകൾ ഒട്ടൊന്നും ബാക്കി വെച്ചിട്ടില്ലാത്ത ഒരു വിഭാഗമാണ് ഇത്. അതിനാൽ തന്നെ പരിണാമചരിത്രം  കണ്ടെത്തുന്നത് മോളിക്യുലാർ തെളിവുകളുടെ (ഡിഎൻഎയുടെയും മറ്റ് തന്മാത്രകളുടെയും) അടിസ്ഥാനത്തിൽ ആണ്. 

നമ്മുടെ നാട്ടിലെ പാറക്കെട്ടുകളിലും ചെറിയ പുൽമേടുകളിലും വളരുന്ന സസ്യമാണ് ഇത്. ഒറ്റനോട്ടത്തിൽ കണ്ടാൽ മറ്റേതൊരു ചെടിയെയും പോലെ തോന്നുന്നതിനാൽ തന്നെ പുൽമേടുകളിൽ ഇവയെ കണ്ടെത്തുന്നത് ഏറെക്കുറെ ദുഷ്കരമാണ് എന്ന് തന്നെ പറയാം . പ്രത്യുൽപാദന സമയത്ത് ഉണ്ടാകുന്ന പ്രത്യേകതരം സ്പോറോഫോറുകൾ കാണുമ്പോഴാണ് ഇവയെ തിരിച്ചറിയാൻ കഴിയുന്നത്.

ഏകപത്രി (Monocots) സസ്യങ്ങളുമായി രൂപസാദൃശ്യം ഉള്ളതിനാൽ ആണ് ഈ ആശയക്കുഴപ്പം. വാഴയിലയോട് സാദൃശ്യമുള്ള ഉരുണ്ടതോ ഒരല്പം നീണ്ടതോ ആയ, നല്ല ജലാംശം ഉള്ള ഇലകളാണ് ഈ സസ്യത്തിന് ഉള്ളത്. അതിനാൽ തന്നെ പുൽമേടുകളിൽ മേയുന്ന പശുക്കളുടെയും മറ്റു സസ്യഭുക്കുകളുടെയും  ഇഷ്ടഭക്ഷണം കൂടെയാണിവ. ഇലകളും പ്രത്യുൽപാദന അവയവങ്ങളായ സ്പോറോഫോറുകളും ഒരേപോലെ ആണ് കാണ്ഡത്തിൽ നിന്നും വരുന്നത്. കാണ്ഡമാവട്ടെ ഒരു ചെറിയ ഉരുണ്ട കിഴങ്ങ് പോലെ മണ്ണിനടിയിൽ കാണപ്പെടുന്നു. അതിൽ നിന്നും ധാരാളം നേർത്ത വേരുകൾ മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുന്നു. വേരുകളിൽ പ്രത്യേകതരം കുമിളുകൾ സ്ഥാനം പിടിച്ചിട്ടുണ്ടാവും (Mycorrhiza).

മറ്റൊരു അതിപുരാതന ജനുസായ സൈലോട്ടം (Psilotum) എന്ന പന്നൽ സസ്യം അവയുടെ കുമിളുകളുമായുള്ള സഹവാസത്തിന് ഏറെ പ്രസിദ്ധമാണ്.  സമാനമായി ഒഫിയോഗ്ലോസവും അവയുടെ വേരുകളുമായുള്ള  കുമിൾ സഹവാസം സ്വന്തം പോഷക ആഗിരണത്തിനായി ഉപയോഗിക്കുന്നു.

ചെറിയ കിഴങ്ങുകൾ പോലെ ഉള്ള ഇതിന്റെ കാണ്ഡത്തിനു  മണ്ണിനടിയിൽ ഏറെക്കാലം കിടക്കാൻ കഴിവുണ്ട്. അടുത്ത മഴക്കാലം ആവുമ്പോൾ (അവയുടെ ഏറ്റവും നല്ല കാലാവസ്ഥയിൽ) ഈ കിഴങ്ങിൽ നിന്നും ഏതാനും ഇലകൾ പുറത്തോട്ട് വരുന്നു. ഏതാനും ആഴ്ചകൾക്കകം ഇവയിൽ നിന്നും തന്നെ നീളത്തിൽ പാമ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഉള്ള പ്രത്യുൽപാദന അവയവങ്ങൾ ആയ സ്പോറോഫോറുകൾ വരുന്നു അവയുടെ ഇരുഭാഗത്തും ധാരാളമായി ചെറിയ അറകളിൽ സ്പോറുകൾ അഥവാ ചെറിയ വിത്തുകൾ ഉണ്ടാവും. കാറ്റത്ത് ഏറെ ദൂരം സഞ്ചരിക്കാൻ കഴിവുള്ള  ഇവ മണ്ണിൽ വീഴുകയും അവിടെ മുളയ്ക്കുകയും ചെയ്യും. മുളച്ചു  ഉണ്ടാകുന്ന ചെറിയ കുഞ്ഞു കിഴങ്ങ് പോലെയുള്ള ഭാഗങ്ങളെ പ്രോത്താലസ് എന്ന് വിളിക്കുന്നു.  ഇവക്ക്  ഹരിതകം ഇല്ല. അതിനാല്‍ തന്നെ പോഷകത്തിനായി  മണ്ണിൽ കാണപ്പെടുന്ന കുമിളുകളുമായി  ഇവ സഹവാസം സ്ഥാപിക്കുകയും  ചെയ്യുന്നു. കുമിളുകളുടെ സഹായത്തോടുകൂടെ ഇവ വളരെ പെട്ടെന്ന് മണ്ണിനടിയിൽ വളർച്ച പ്രാപിക്കുന്നു. പിന്നീട് ഇതില്‍ നിന്നും  നീളത്തിലുള്ള ഇലകൾ പുറത്തോട്ട് വളരുകയും ചെയ്യുന്നു.

സമീപകാലത്ത് നടന്ന ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഇവയുടെ ഇലകളിലെ കോശങ്ങൾക്കകത്ത് സയനോബാക്ടീരിയകളുടെ (Cyanobacteria) സാന്നിധ്യം ഉണ്ട് എന്നാണ്. സിനെക്കോകോക്കസ് (Synechococcus) എന്ന ബാക്ടീരിയയെയാണ് ഇലകള്‍ക്കകത്ത് കണ്ടെത്തിയത്. അസോള (Azolla) പോലെയുള്ള ചില ജല പന്നൽ സസ്യങ്ങളുടെ  ഇലകളിൽ ധാരാളമായി സയനോബാക്ടീരിയകൾ കോളനികളായി കാണപ്പെടുന്നുണ്ട്. അന്തരീക്ഷത്തിലുള്ള നൈട്രജൻ ആഗിരണം ചെയ്യാൻ ഇവ അസോളയെ സഹായിക്കുന്നു. സമാനമായ രീതിയിൽ ഒരു സഹായം ഇലകളിൽ കാണുന്ന ബാക്ടീരിയകൾ ഒഫിയോഗ്ലോസം ചെടികൾക്ക് നൽകുന്നുണ്ടോ എന്ന് കൂടുതൽ ഗവേഷണങ്ങൾ നടത്തിയാൽ മാത്രമേ കണ്ടെത്താൻ കഴിയൂ.. വേരുകളിൾ സഹായത്തിനായി കുമിളുകളും ഇലകളിൽ സഹായത്തിനായി ബാക്ടീരിയകളും ആണോ ഒഫിയോഗ്ലോസത്തിന്റെ ഈ പരിണാമ നിലനിൽപ്പ് രഹസ്യത്തിനു പിന്നില്‍  എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


മറ്റു ലേഖനങ്ങൾ

Happy
Happy
25 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2023 ആഗസ്റ്റിലെ ആകാശം
Next post ഫ്രീഡം ഫെസ്റ്റ് 2023 – ലൂക്ക ശാസ്ത്രവിനിമയ ശില്പശാല ആഗസ്റ്റ് 13 ന് തുടങ്ങും
Close