ചിത്രങ്ങളുടെയും ഡോക്യുമെന്റുകളുടെയും കോപ്പി എടുക്കുന്നത് ഒരു പുതിയ കാര്യമല്ല. ഫോട്ടോകോപ്പി യന്ത്രങ്ങളുടെ വരവോടെ അവ സുപരിചിതമായി. പണ്ടൊക്കെ കാർബൺ പേപ്പറുകൾ ഉപയോഗിച്ചായിരുന്നു ഡോക്യുമെന്റുകളുടെ കോപ്പികൾ എടുത്ത് കൊണ്ടിരുന്നത്. പിന്നീട് ഫോട്ടോകോപ്പി യന്ത്രങ്ങൾ കോപ്പിയെടുക്കൽ എളുപ്പമാക്കി. ഡോക്യുമെന്റുകളുടെ മാത്രമല്ല ചിത്രങ്ങളുടെയും കോപ്പിയെടുക്കുക വളരെ എളുപ്പമായി. കമ്പ്യൂട്ടർ വന്നതോടെ ഡോക്യുമെന്റുകളുടെയും ചിത്രങ്ങളുടെയും എത്ര കോപ്പി വേണമെങ്കിലും നിഷ്പ്രയാസം എടുക്കാമെന്നായി. ഇങ്ങിനെ എടുക്കുന്ന കോപ്പികൾക്ക് അവയുടെ ഒറിജിനലുമായി ഒരു വ്യത്യാസവമുണ്ടാകില്ല, കാഴ്ചയിൽ.
ഇത് പോലെ ജീവജാലങ്ങളുടെ, പ്രത്യേകിച്ച് മനുഷ്യന്റെ “കാർബൺ കോപ്പികൾ” ഉണ്ടാക്കുന്ന അവസ്ഥയെ പറ്റി ചിന്തിച്ച് നോക്കൂ. നമ്മുടെ അതേ രൂപവും ഭാവവുമുള്ള, നമ്മെപ്പോലെ ചിന്തിക്കുന്ന, വികാരങ്ങൾ പ്രകടിപ്പിക്കുന്ന, നമ്മൾ ആർജിച്ചെടുത്ത അറിവും കഴിവും ഒക്കെ ഒറ്റയടിക്ക് കൈമാറ്റം ചെയ്യപ്പെട്ട ഒരു പ്രതിരൂപം സൃഷ്ടിക്കപ്പെടുകയും അയാൾ നമ്മുടെ മുന്നിൽ ജീവനോടെ നിൽക്കുകയും ചെയ്യുന്ന അവസ്ഥ. ക്ലോണിങ്ങ് എന്ന സാങ്കേതിക വിദ്യ മനുഷ്യന്റെ(ജീവികളുടെ) കോപ്പി എടുക്കുന്ന വിദ്യയാണ്. 1997 ൽ തന്നെ മൃഗങ്ങളിൽ ക്ലോണിങ്ങ് വിജയകരമായി പരീക്ഷിച്ച് കഴിഞ്ഞു. ഡോളി എന്ന ചെമ്മരിയാടാണ് ആദ്യത്തെ ക്ലോൺ ചെയ്ത ജീവൻ. പിന്നീട് പല ജീവികളിലും ഇത് ഫലപ്രദമായി വിജയിപ്പിച്ചുവെങ്കിലും മനുഷ്യനിൽ വ്യാപകമായി പ്രയോഗിച്ച് തുടങ്ങിയിട്ടില്ല. പല കോണുകളിൽ നിന്നും വന്ന് കൊണ്ടിരിക്കുന്ന എതിർപ്പുകൾ അതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ചില വിജയകരമായ പരീക്ഷണങ്ങൾ നടന്ന് കഴിഞ്ഞു. (കൊൽകത്തയിൽ ജനിച്ച ദുർഗ അത്തരം ഒരു വിജയമായി ആഘോഷിക്കപ്പെടുന്നു)
പക്ഷെ സിനിമ ക്ലോണിങ്ങ് അതിന്റെ വിഷയമായി നേരത്തേ സ്വീകരിച്ച് കഴിഞ്ഞു. ഡങ്കൻ ജോൺസ് സംവിധാനം ചെയ്ത 2009 ലെ “മൂൺ” എന്ന സിനിമ ക്ലോണിങ്ങ് മുഖ്യകഥയായി സ്വീകരിച്ച സിനിമയാണ്. ശാസ്ത്രത്തെ മുതലാളിത്തത്തിന്റെ ലാഭക്കൊതി എത്രമാത്രം ദുരുപയോഗം ചെയ്യും എന്നും ഈ സിനിമ നമ്മോട് പറയുന്നുണ്ട്.
ഡങ്കൻ ജോൺസിന്റെ കഥയെ അവലംബിച്ച് നാഥൻ പാർക്കർ എഴുതിയ തിരക്കഥയാണ് സിനിമയുടെ അടിസ്ഥാനം. ഡങ്കൻ ജോൺസിന്റെ ആദ്യചിത്രമാണിത്.
ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത ഭൂമിയിൽ കുറഞ്ഞ് വരുന്ന ഭാവി കാലത്താണ് കഥ നടക്കുന്നത്. പുതിയ ഇന്ധനങ്ങൾക്ക് വേണ്ടി കമ്പനികൾ പരക്കം പായുന്ന സമയത്ത് “ല്യൂണാർ ഇൻഡസ്ട്രീസ്” എന്ന സ്ഥാപനം ചന്ദ്രനിൽ സുലഭമായി ലഭിക്കുന്ന ഹീലിയം-3 എക്സ്റ്റ്രാക്റ്റ് ചെയ്യാനുള്ള പ്രവർത്തനം ആരംഭിക്കുന്നു. അതിനായി അവർ “സാരംഗ് സ്റ്റേഷൻ” എന്ന സ്ഥിരം സ്റ്റേഷൻ ചന്ദ്രനിൽ നിർമിച്ചു. ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിച്ച് പൂർണമായും യന്ത്രവൽക്കരിച്ചതാണ് ഇത്. ഈ സ്റ്റേഷനിൽ സാം ബെൽ എന്ന ഒരേ ഒരു ജീവനക്കാരനേ ഉള്ളൂ. അതേ ആവശ്യമുള്ളുതാനും. അദ്ദേഹത്തെ സഹായിക്കാൻ “ഗെർസി” എന്ന “ആർടിഫിഷ്യൽ ഇന്റെലിജൻസ്” ഉള്ള കമ്പ്യൂട്ടർ ഉണ്ട്. കാര്യങ്ങൾ മുഴുവൻ നിയന്ത്രിക്കുന്നത് ഗെർസി ആണ്. മൂന്ന് വർഷത്തെ കരാറിലാണ് സാം ബെൽ നിയമിക്കപ്പെട്ടത്. അത് തീരാൻ ഏതാനും ദിവസങ്ങളേ ബാക്കിയുള്ളൂ. ഇങ്ങോട്ട് വരുന്ന സമയത്ത് സാമിന്റെ ഭാര്യ ഗർഭിണി ആയിരുന്നു. അവൾ പ്രസവിച്ചു: ഈവ. അവളെ കാണാൻ തിടുക്കപ്പെട്ടിരിക്കുകയാണ് സാം.
നാട്ടിലേക്ക് പോകാൻ ഏതാനും ആഴ്ചകൾ ബാക്കി നിൽക്കെ ഭൂമിയുമായുള്ള കമ്മ്യൂണിക്കേഷനിൽ ചില തടസ്സങ്ങൾ പ്രത്യക്ഷപ്പെടുന്നു. സാമിന് ഭാര്യയുമായി ബന്ധപ്പെടാനാവുന്നില്ല. പകരം റെക്കോഡ് ചെയ്ത ചില വീഡിയോകൾ മാത്രമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. മാത്രമല്ല സാമിന് ചില മായക്കാഴ്ചകൾ ഉണ്ടാകാനും തുടങ്ങി. ഒരു ചെറുപ്പക്കാരിയും ഒരു താടിക്കാരനും ഇടക്ക് പ്രത്യക്ഷപ്പെടും.
ഒരു ദിവസം ഹീലിയം ഖനനം ചെയ്യുന്ന “ഹാർവെസ്റ്റെർ” സന്ദർശിക്കുന്നതിനിടയിൽ അത്തരം ഒരു ദൃശ്യം പ്രത്യക്ഷപ്പെടുകയും സാം അപകടത്തിൽ പെടുകയും അയാൾക്ക് ബോധം നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് സാം ഉണരുന്നത് സ്റ്റേഷനകത്തുള്ള ചെറിയ ക്ലിനിക്കിലാണ്. പഴയ അപകടത്തെ പറ്റിയുള്ള നേരിയ ഓർമ്മ പോലും അയാൾക്കുണ്ടായിരുന്നില്ല. പക്ഷെ ഗെർസിയുടെ സംഭാഷണത്തിൽ നിന്നും ഒരു ഖനനപേടകം തകരാറിലായിട്ടുണ്ട് എന്നും അത് ശരിയാക്കുവാൻ ഭൂമിയിൽ നിന്നും ഒരു ടീം വരുന്നുണ്ട് എന്നും അയാൾ മനസ്സിലാക്കി. സംശയം തോന്നിയ സാം ഗെർസിയെ “പറ്റിച്ച്” അപകട സ്ഥലത്തെത്തി. അവിടെ അയാളെ അമ്പരപ്പിച്ച് കൊണ്ട് അയാളുടെ ഒരു ‘ഇരട്ടയെ” അയാൾ കണ്ടെത്തുന്നു. അയാളെ സാം രക്ഷപ്പെടുത്തി ബേസ് ക്യാമ്പിലേക്ക് കൊണ്ട് വരുന്നു. പിന്നീടാണ് അവർ കണ്ടെത്തുന്നത് അവർ രണ്ട് പേരും “ഒറിജിനൽ” അല്ല എന്ന്. സാം ബെല്ലിന്റെ ക്ലോൺ ചെയ്ത കോപ്പികളായിരുന്നു അവർ. ആദ്യത്തെ സാം മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞപ്പോൾ തിരിച്ച് പോയി. പിന്നീട് കമ്പനി അയാളുടെ സെല്ലിൽ നിന്നും പുതിയ ഒരു സാമിനെ ക്ലോൺ ചെയ്ത് ഉണ്ടാക്കി അതിന്റെ ഓർമയിൽ ഒറിജിനൽ സാമിന്റെ ഓർമകൾ “ഇമ്പ്ലാന്റ്” ചെയ്തു. മൂന്ന് വർഷം കഴിയുമ്പോൾ ഇതിൽ നിന്നും പുതിയ ഒരു സാമിനെ സൃഷ്ടിക്കും. കമ്പനിക്ക് വൻ ലാഭമാണ് ഈ പരിപാടി കൊണ്ട് ഉണ്ടാകുന്നത്. ട്രെയിനിങ്ങ് ആവശ്യമില്ല, കരാറുകൾ ആവശ്യമില്ല, വേതനം കൊടുക്കേണ്ട. അങ്ങിനെ മൊത്തത്തിൽ വൻ ലാഭമാണ് ഈ ഏർപ്പാടിലൂടെ കമ്പനിക്ക് ലഭിക്കുന്നത്. സാമുകളുടെ കൂട്ടായ നിരീക്ഷണത്തിൽ നിരവധി ക്ലോണുകളെ നിദ്രാവസ്ഥയിൽ സ്റ്റേഷനിലെ പ്രത്യേക അറയിൽ കണ്ടെത്തുകയും ചെയ്തു. ഓരോ ക്ലോണിന്റെയും കാലവധി കഴിയുമ്പോൾ അവയെ നശിപ്പിച്ച് പുതിയ ക്ലോണിനെ പുറത്തിറക്കും. കമ്പനിയുടെ ഈ മനുഷ്യത്വമില്ലാത്ത ലാഭത്വരക്കെതിരെ രണ്ട് ക്ലോണുകളും കൂടി നടത്തുന്ന പോരാട്ടവും അതിലെ വിജയവുമാണ് ‘മൂണി’ലൂടെ ഡങ്കൻ ജോൺസ് നമ്മോട് പറയുന്നത്.
മുതലാളിത്തത്തിന്റെ ലാഭക്കൊതി ശാസ്ത്രത്തിന്റെ മഹത്തായ കണ്ടുപിടുത്തങ്ങളെ എങ്ങിനെയൊക്കെ ദുരുപയോഗം ചെയ്യും എന്നുള്ളതിന്റെ ഒരു ചെറിയ സൂചനയാണ് സിനിമ നമുക്ക് നൽകുന്നത്. വലിയ സൂചകങ്ങൾ നമുക്ക് മുൻപിൽ എത്രയോ ഉണ്ട്. ഹിരോഷിമയും നാഗസാക്കിയും അത്തരം സൂചകങ്ങളാണ്. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക ഉപയോഗിച്ച ഏജന്റ് ഓറഞ്ച് എന്ന രാസപദാർഥം ഉണ്ടാക്കിയിട്ടുള്ള ദുരന്തങ്ങളും നമ്മുടെ മുന്നിലുണ്ട്. ശാസ്ത്രത്തെ ദുരുപയോഗം ചെയ്യാനുള്ള പ്രവണതക്കെതിരെയുള്ള ശക്തമായ സിനിമയായി മൂൺ നിലകൊള്ളും.