Read Time:7 Minute

ജോബി ബേബി

കോവിഡ് മഹാമാരിയുടെ അനിയന്ത്രിത വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ഒരു വർഷത്തിലധികമായി നിലനിൽക്കുന്ന ലോക്ഡൗൺ ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഒരു രംഗം വിദ്യാഭ്യാസമാണ്. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഹാജരാവാനോ കൂട്ടുകാരുമായി സഹവസിക്കാനോ അധ്യാപകരുമായി സംവദിക്കാനോ ഉള്ള അവസരം തീർത്തും നിഷേധിക്കപ്പെട്ട സ്ഥിതിവിശേഷം പുതിയ തലമുറയെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യം പഠന വിധേയമാക്കിയപ്പോൾ പുറത്തു വന്ന വസ്തുതകൾ എല്ലാവരെയും അസ്വസ്ഥരാക്കുന്നതും ആശങ്കകൾക്കിടം നൽകുന്നതുമാണ്.

കേരളത്തിലെ കോളേജ് വിദ്യാഭ്യാസ വകുപ്പിനുവേണ്ടി തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ്‌ കോളേജിലെ സൈക്കോളജിക്കൽ റിസോഴ്സ് സെന്റർ നടത്തിയ സർവേയാണ് ഈ ദിശയിലേക്ക് സംസ്ഥാനത്തിന്റെ ശ്രദ്ധക്ഷണിച്ചിരിക്കുന്നത്. അതൊരിക്കലും സർക്കാരിന്റെയോ ജനങ്ങളുടെയോ ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപത്തിന്റെയോ അനാസ്ഥയുടെയും ഫലമല്ലെങ്കിലും പ്രത്യാഘാതങ്ങൾ അനുഭവിക്കാതെ തരമില്ലല്ലോ. സർവേയും അതിന്റെ അടിസ്ഥാനത്തിലുള്ള പഠനവും അപൂർണമാവാമെങ്കിലും അതിലൂടെ അനാവരണം ചെയ്യപ്പെട്ട വിവരങ്ങൾ അവഗണിക്കപ്പെടേണ്ടതല്ല. സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികളിൽ 23% പേരും ജീവിതം അവസാനിപ്പിക്കാൻ ഒരിക്കലെങ്കിലും ആലോചിച്ചവരാണ് എന്ന് സർവേ വെളിപ്പെടുത്തുമ്പോൾ 5.17% ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് തന്നെ ഉറപ്പിക്കുന്നു. 25.5% പേരും സ്വന്തം ഭാവിയെക്കുറിച്ചു കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. വെറും 4.9% മാത്രമാണ് ആശങ്കയൊന്നും ഇല്ലാഞ്ഞത്. 53.3% ഏകാന്തതയുടെ ദുഃഖം അനുഭവിക്കുമ്പോൾ 10.66% വിദ്യാർത്ഥികൾക്ക് സൗഹൃദം മുറിഞ്ഞു പോയതിലാണ് പരാതി. സകലതും അടച്ചുപൂട്ടിയതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചുപോയത് വലിയൊരു വിഭാഗത്തിന്റെ വ്യഥയ്‌ക്ക്‌ ആഴം കൂട്ടുന്നു. 23.85% പേരുടെ രക്ഷിതാക്കൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളിൽ 58.9% വിഷാദരോഗത്തിന്റെ പരിധിയിലാണ്. പുറമേ ഓൺലൈൻ ക്ലാസുകൾ ശാരീരികമായ പ്രയാസങ്ങളും വ്യാപകമായി സൃഷ്ടിച്ചിട്ടുണ്ട്. 77.9% പേർ തലവേദന അനുഭവപ്പെടുന്നതായി പരാതിപ്പെടുന്നു. 65.48% പേർക്ക് കണ്ണിന് പ്രയാസമുണ്ട്. അവരിൽ  27.66% കാഴ്ച മങ്ങൽ പ്രശ്നം നേരിടുകയാണ്.

ഓൺലൈൻ വിദ്യാഭ്യാസം വഴി വിജ്ഞാന വിനിമയം നടക്കുന്നുണ്ട്. എന്നാൽ, വിദ്യാഭ്യാസത്തിന്റെ മറ്റൊരു പ്രധാന ദൗത്യമായ സാമൂഹികവത്‌ക്കരണവും ജീവിത നിപുണത പരിശീലനവും നടക്കുന്നില്ല. മറ്റുള്ളവരുമായി ഇടപെട്ട് സാമൂഹികജീവി എന്ന നിലയിൽ തന്റെ അവസ്ഥയും സ്ഥാനവും മനസ്സിലാക്കി പെരുമാറാനുള്ള കഴിവാണ് സാമൂഹികവത്കരണം. കോവിഡ് കാലത്തു അതിനുള്ള അവസരം പൂർണ്ണമായി നിഷേധിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിലെ പുതുമയുള്ളതും പ്രയാസമുള്ളതുമായ സന്ദർഭങ്ങളെ തരണം ചെയ്യാൻ ഒരു വ്യക്‌തി ആർജ്ജിക്കേണ്ട കഴിവുകളാണ് ജീവിത നിപുണത. എല്ലാ വിദ്യാലയങ്ങളിലും ജീവിത നിപുണത പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് വർഷങ്ങൾക്കു മുൻപ് യൂണിസെഫ് മുന്നോട്ട് വെച്ച നിർദ്ദേശം ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണ്.

പ്രശ്നങ്ങളെ എങ്ങനെ മറികടക്കാം

അടിയന്തര നടപടികൾ എന്ന നിലയിൽ കോളേജുകളിൽ കൗൺസലിങ്‌ സെന്ററുകൾ വ്യാപിപ്പിക്കുന്ന കാര്യം ഗവണ്മെന്റ് പരിഗണിക്കും എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. ഇതിലൂടെ മാനസികാരോഗ്യ സാക്ഷരത വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉറപ്പാക്കാനും സാധിക്കും. കുടുംബങ്ങളിലെ ലഹരി ഉപയോഗവും വരുമാനമില്ലായ്മയും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തി. തീർച്ചയായും വ്യവസ്ഥാപിതവും കാര്യക്ഷമവുമായ കൗൺസിലിങ് തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള കാൽവയ്പുകളിലൊന്ന്. 2019 മുതൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ തലത്തിൽ നടപ്പാക്കിത്തുടങ്ങിയ ജീവിത നിപുണത വിദ്യാഭ്യാസം കോളേജ് തലത്തിലും നടപ്പാക്കണം. കുറെയൊക്കെ പ്രശ്നങ്ങൾ വിദ്യാർത്ഥികൾക്ക് ഇതുവഴി സ്വയം പരിഹരിക്കുവാൻ കഴിയും. പ്രശ്നം വരുമ്പോൾ സഹായം തേടണമെന്ന ധാരണയും കൈവരും. വിദ്യാർത്ഥികളുമായി നിരന്തരം ഇടപെടുന്നവർ അദ്ധ്യാപകർ ആയതിനാൽ അവർ മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ അഥവാ മെന്റൽ ഹെൽത്ത് ഫസ്റ്റ് എയ്ഡ് പരിശീലനം നേടിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഒരു വ്യക്തിക്ക് പ്രയാസമുണ്ടെന്ന് തോന്നിയാൽ അങ്ങോട്ട് സമീപിച്ചു പ്രയാസം ആരായണം. കുട്ടികൾ പറയുന്നത്‌ മുൻവിധികളില്ലാതെ കേൾക്കണം. അവരെ തടസ്സപ്പെടുത്തുകയോ കളിയാക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യരുത്. തെറ്റിദ്ധാരണകൾ തിരുത്തി ശരിയായ ധാരണകൾ നൽകുക. ഈ മൂന്ന് കാര്യങ്ങൾ ചെയ്തിട്ടും ശരിയായില്ലെങ്കിൽ വിദഗ്ധ സഹായത്തിന് വഴിയൊരുക്കുക.

കോളേജുകളിൽ കൗൺസലർമാർ ഉണ്ടാകണം. അവരുടെ സേവനം കൂടുതൽ ഉപയോഗിക്കാനാകണം. മാനസികാരോഗ്യ സാക്ഷരത വിദ്യാർത്ഥികൾക്കിടയിലും രക്ഷകർത്താക്കൾക്കിടയിലും കൊണ്ടുവരണം. ചികിത്സയ്ക്കായി സൈക്യാട്രിസ്‌റ്റുകളുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും പാനൽ മുഴുവൻ കോളേജുകളും തയ്യാറാക്കുക. ആരോഗ്യകരവും ഉത്തരവാദിത്വപൂർണ്ണവുമായ ഡിജിറ്റൽ ഉപയോഗത്തെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നൽകണം.അതിൽ നിന്ന് കരകയറാനുള്ള ബോധവത്കരണവും വേണം.


അധികവായനയ്ക്ക്


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ഡെൽറ്റ പ്ലസ് വൈറസ് വകഭേദം
Next post 2021 ജൂലൈയിലെ ആകാശം
Close