കുട്ടികളിലെ ഡിജിറ്റല്‍ മീഡിയ ഉപയോഗം 

ഡോ. മിഥുന്‍. എസ്‌,  ഡോ. കൃഷ്‌ണകുമാര്‍   

കോവിഡ്‌-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്‌. താല്‍ക്കാലികമായെങ്കിലും പഠനം ഓണ്‍ലൈന്‍ മാധ്യമത്തിലേക്ക്‌ വഴി മാറിയിരിക്കുകയാണ്‌. കുറച്ചുകാലത്തേക്ക്‌ കൂടി ഈ അവസ്ഥ ഏറ്റക്കുറച്ചിലുകളോടെ തുടരുമെന്നു തന്നെ അനുമാനിക്കേണ്ടിവരും. ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ്‌ പുതിയ കാലത്ത്‌ സ്വീകരിക്കേണ്ട സംവിധാനം എന്ന്‌ കരുതുന്ന ആളുകളുമുണ്ട്‌.

ഈ സാഹചര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാനും ചര്‍ച്ചയ്‌ക്കായി അവതരിപ്പിക്കാനുമാണ്‌ ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്‌.

  • ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളില്‍ എന്തെല്ലാം മാറ്റങ്ങളാണ്‌ ഉണ്ടാക്കുന്നത്‌.
  • ആരോഗ്യകരമായ രീതിയില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്‌ എങ്ങനെ എന്നതിനെക്കുറിച്ച്‌ നിലവിലുള്ള പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെയാണ്‌.
  • ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമകാലികാവസ്ഥയില്‍ എങ്ങനെയാണ്‌ പ്രാവര്‍ത്തികമാക്കുക ?
  • ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട്‌ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളെന്തെല്ലാമാണ്‌ ?

സ്‌ക്രീന്‍ ടൈം ( Screen Time)

ദൃശ്യമാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട്‌ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു പദമാണ്‌ സ്‌ക്രീന്‍ ടൈം. ഒരാള്‍ സ്‌ക്രീനിനു മുന്നില്‍ ചെലവിടുന്ന (ടിവി കാണല്‍, കമ്പ്യൂട്ടര്‍ ഉപയോഗിക്കല്‍, വിഡിയോ ഗെയിം കളിക്കല്‍, മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍  കാണാന്‍ ഉപയോഗിക്കല്‍) മൊത്തം സമയത്തെയാണ്‌ സ്‌ക്രീന്‍ ടൈം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. 2019-ല്‍ 2 വയസ്സു മുതല്‍ ആറു വയസ്സു വരെയുള്ള കുട്ടികളില്‍ വടക്കെ ഇന്ത്യയില്‍ നടത്തിയ ഒരു പഠനമനുസരിച്ച്‌ അവരുടെ  ശരാശരി സ്‌ക്രീന്‍ ടൈം 2.7 മണിക്കൂറാണ്‌. സ്‌മാര്‍ട്ട്‌ ഫോണുള്ള വീടുകളിലെ കുട്ടികളിലും ഒന്നിലധികം  ഫോണ്‍ ഉപയോഗിക്കുന്ന വീടുകളിലെ കുട്ടികളിലും  സ്‌ക്രീന്‍ ടൈം   കൂടുതലാണെന്നാണ്‌  കണ്ടത്‌.

സ്‌ക്രീന്‍ ടൈം കൂടുന്നത്‌  പലതരത്തിലുള്ള  ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു എന്നാണ്‌ പഠനങ്ങള്‍  കാണിക്കുന്നത്‌.  ചെറിയ കുട്ടികളില്‍  സ്‌ക്രീന്‍  ടൈം ദിവസം  ഒരു മണിക്കൂര്‍  ആയി പരിമിതപ്പെടുത്തുന്നതാണ്‌  നല്ലത്‌.

ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍

അമിതവണ്ണം , ഭക്ഷണശീലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

കൂടുതല്‍ സമയം ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശരീരം ഇളകി ചെയ്യുന്ന കളികള്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക്‌ സമയം തികയാതെ വരും പരിപാടികള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്‌ അമിതമായ  ഭക്ഷണം കഴിക്കാന്‍ ഇടയാക്കും. ആരോഗ്യകരമല്ലാത്ത ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങള്‍ കുട്ടികളുടെ ആഹാരശീലത്തെ ബാധിക്കുന്നതായി കണ്ടിട്ടുണ്ട്‌. ഈ കാരണങ്ങള്‍ കൊണ്ട്‌, ദീര്‍ഘനേരം സ്‌ക്രീനിനു മുന്നില്‍ ചെലവഴിക്കുന്ന കുട്ടികളില്‍  പൊണ്ണത്തടി വരാനുള്ള സാധ്യത കൂടുതലാണ്‌.

ഉറക്കം

കൂടുതല്‍ സമയം ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കുന്നത്‌ ഉറക്കത്തിനുള്ള  സമയം കുറയ്‌ക്കും.  കിടക്കാന്‍ പലപ്പോഴും വൈകും. ചില പരിപാടികള്‍ കുട്ടികളെ അമിതമായി ഉത്തേജിപ്പിക്കുകയും ഉറക്കം വരുന്നത്‌ തടയുകയും ചെയ്യും. ഈ ഉപകരണങ്ങളില്‍ നിന്ന്‌ വരുന്ന വെളിച്ചം ഉറക്കത്തെ നിയന്ത്രിക്കുന്ന സിര്‍ക്കാഡിയന്‍ (Circadium Rhythm)  താളത്തെ തെറ്റിയ്‌ക്കുന്നതു വഴിയും ഉറക്ക പ്രശ്‌നങ്ങള്‍ വരും. 

ഡിജിറ്റല്‍ മീഡിയയും   ബുദ്ധിവികാസവും

രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗം മിക്കപ്പോഴും ദോഷകരമായ ഫലങ്ങളാണ്‌ ഉണ്ടാക്കുക. രണ്ടു വയസ്സിനു മുകളിലുള്ള പ്രീ സ്‌കൂള്‍ കുട്ടികളില്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗത്തിന്‌ ഗുണവും ദോഷവും ഉണ്ടാകാം അധ്യായനപരമായ പരിപാടികള്‍ക്ക്‌ ബുദ്ധിവികാസത്തെ ഗുണപരമായി സ്വാധീനിക്കാന്‍ കഴിയും. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളിലും കൗമാരക്കാരിലും  ഉള്ള ഡിജിറ്റല്‍ മീഡിയ ഉപയോഗം ബുദ്ധിവളര്‍ച്ചയെ എങ്ങനെയാണ്‌ ബാധിക്കുക  എന്ന കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ഇനിയും ആവശ്യമാണ്‌. അധ്യായനപരമായ  പരിപാടികള്‍ ഡിജിറ്റല്‍ മീഡിയ വഴി സ്വീകരിക്കുന്നത്‌ ബുദ്ധിപരമായ ശേഷികളെയും പഠനത്തെയും ഗുണപരമായി സ്വാധീനിക്കുന്നതായി പഠനങ്ങള്‍ ഉണ്ട്‌.

ഡിജിറ്റല്‍ മീഡിയ ഉപയോഗവും വൈകാരിക പ്രശ്‌നങ്ങളും

കൂടുതല്‍ സമയം ഇലക്ട്രോണിക്‌ മീഡിയ ഉപയോഗിക്കുന്നതും വിഷാദത്തിന്റെയും ഉത്‌കണ്‌ഠയുടെയും   ലക്ഷണങ്ങളും  പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌.

കണ്ണിന്റെ ആരോഗ്യം

വളരെ ചെറിയ പ്രായത്തില്‍ ഉള്ള ഡിജിറ്റല്‍ മീഡിയ ഉപയോഗവും കൂടുതല്‍ സമയം ഉപയോഗിക്കുന്നതും  ഹ്രസ്വദ്യഷ്‌ടി വിഷമദ്യഷ്‌ടി സാധ്യത കൂട്ടുന്നതായി കണ്ടിട്ടുണ്ട്‌. തുടര്‍ച്ചയായി സ്‌ക്രീനിന്‌  മുന്നില്‍ സമയം ചെലവഴിക്കുന്നത്‌ തലവേദന, കണ്ണുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകാനിടയുണ്ട്‌.

ഇതോടൊപ്പം ശ്രദ്ധയും ഏകാഗ്രതയും കുറയുക, സാമൂഹ്യമായ ഇടപെടലുകളില്‍ നിന്ന്‌ പിന്‍വലിയുക, പെരുമാറ്റ പ്രശ്‌നങ്ങള്‍ അമിതദേഷ്യം ഉണ്ടാവുക എന്നീ പ്രശ്‌നങ്ങളും അമിതമായ ഡിജിറ്റല്‍ മീഡിയ ഉപയോഗത്തോട്‌ ബന്ധപ്പെട്ട്‌ കാണാം.

കുട്ടികളിലെ ഡിജിറ്റല്‍ മീഡിയ  ഉപയോഗവുമായി  ബന്ധപ്പെട്ട പഠനങ്ങളില്‍ നിന്ന്‌  മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.  കുട്ടികളില്‍  ആദ്യത്തെ മൂന്നു വയസ്സുവരെയുള്ള പ്രായം മസ്‌തിഷ്‌കം  ഏറ്റവും കൂടുതല്‍ വളരുന്ന കാലമാണ്‌.  ഈ പ്രായത്തില്‍  ഡിജിറ്റല്‍ മിഡിയ  ഒഴിവാക്കുകയോ കഴിയുന്നത്ര കുറയ്‌ക്കുകയോ ചെയ്യുന്നതാണ്‌ നല്ലത്‌. മുതിര്‍ന്ന കുട്ടികളില്‍ ആരോഗ്യകരമായ രീതിയില്‍  ഡിജിറ്റല്‍  മീഡിയ ഉപയോഗിക്കുന്നത്‌ പ്രയോജനം ചെയ്യും.  അനാരോഗ്യകരമായി ഡിജിറ്റല്‍ മീഡിയ ഉപയോഗം ശാരീരിക പ്രശ്‌നങ്ങള്‍ക്കും സ്വാഭാവ പ്രശ്‌നങ്ങള്‍ക്കും കാരണമാക്കും.

ആരോഗ്യകരമായ ഡിജിറ്റല്‍ മീഡിയ ഉപയോഗത്തിനായുള്ള ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 

ആരോഗ്യകരമായ ഡിജിറ്റല്‍ മീഡിയ ഉപയോഗത്തിന്‌  അമേരിക്കന്‍ അക്കാദമി ഓഫ്‌ പീഡിയാട്രിക്‌സ്‌ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്‌.

  • പതിനെട്ട്‌ മാസത്തില്‍ താഴെയുള്ള കുട്ടികളില്‍  വിദോശങ്ങളിലുള്ള മാതാപിതാക്കളുമായി വേണ്ടിവരുന്ന വീഡിയോ ചാറ്റിങ്‌ ഒഴികെ ഡിജിറ്റല്‍ മീഡിയ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്‌ നല്ലത്‌.
  • 18 തൊട്ട്‌ 24 മാസം വരെയുള്ള പ്രായത്തില്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കാന്‍  രക്ഷിതാക്കള്‍ തീരുമാനിക്കുകയാണെങ്കില്‍, ആ പ്രായത്തില്‍ കുട്ടികള്‍ക്ക്‌  ഉചിതമായ നിലവാരമുള്ള പരിപാടികള്‍ തിരഞ്ഞെടുക്കുക. കുട്ടികളുടെ കൂടെ ഇരുന്ന്‌  പരിപാടി കാണുകയും അവര്‍ക്ക്‌ അതു  മനസ്സിലാക്കിച്ചു കൊടുക്കുകയും  ചെയ്യണം.
  • രണ്ടു മുതല്‍ അഞ്ചു വയസ്സുവരെ ഉള്ള കുട്ടികളില്‍ സ്‌ക്രീന്‍ ടൈം ഒരു മണിക്കൂറായി നിജപ്പെടുത്തുക. കുട്ടികളുടെ കൂടെ ഇരുന്ന്‌ പരിപാടികള്‍ കാണുകയും അവര്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ സഹായിച്ചു കൊടുക്കുകയും വേണം. ഭക്ഷണസമയത്തും ഉറക്കത്തിനു മുന്‍പ്‌ ഉപയോഗം ഒഴിവാക്കുകയും ചെയ്യണം.
  • 6 വയസ്സിനു മുകളിലുള്ള കുട്ടികളില്‍ സ്‌ക്രീന്‍ സമയം ഉചിതമായി ക്രമപ്പെടുത്തുക. കൂടാതെ ഉറക്കം, കളികള്‍, എന്നിങ്ങനെയുള്ള  കാര്യങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഭക്ഷണസമയത്തും ഉറക്കത്തിനു മുമ്പും ഉപയോഗം ഒഴിവാക്കുകയും ചെയ്യണം.

ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍  ഓരോ ആളിന്റെയും/കുടുംബത്തിന്റെയും സവിശേഷ  സാഹചര്യങ്ങള്‍ക്കനുസ്യതമായി  സ്വീകരിക്കാവുന്നതാണ്‌.

ഡിജിറ്റല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട്‌ കുടുംബത്തിനകത്ത്‌  ചില    പൊതുവായ അഭിപ്രായ സമന്വയം ഉണ്ടാക്കുക.  ഉദാ :- എവിടെവെച്ചെല്ലാം എപ്പോഴൊക്കെ എങ്ങനെയെല്ലാം ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കാം. രക്ഷിതാക്കള്‍ ഈ നിയമങ്ങള്‍ പാലിക്കുകയും  മാതൃകയായി മാറുകയും ചെയ്യണം. കുട്ടികളോടൊപ്പമിരുന്ന്‌ ഈ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ ശീലിക്കുക പുറത്തിറങ്ങി ശരീരം ഇളക്കി ചെയ്യേണ്ട കളികളെയും പ്രവൃത്തികളെയും പ്രോത്സാഹിപ്പിക്കണം. ആരോഗ്യകരമായ രീതിയില്‍ ഈ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക. ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ (വിവരശേഖരണം, ആരോഗ്യകരമായ സൗഹൃദങ്ങള്‍) ഇതിലൂടെ നിര്‍വഹിക്കാന്‍ പ്രോത്സാഹിപ്പിക്കാം.  സമൂഹ മാധ്യമങ്ങളുടെ ഉപയോഗം രക്ഷിതാക്കള്‍ നിരീക്ഷിക്കണം.  ഓണ്‍ലൈന്‍ ഇടപെടലുകളിലെ  സുരക്ഷയെ കുറിച്ചും പരസ്‌പരം ബഹുമാനത്തോടെ ഇടപെടണ്ടതിന്റെ  ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാകണം.

 ഓണ്‍ലൈന്‍ പഠനം

 മുതിര്‍ന്ന ആളുകളുടെ സ്വയം പഠനത്തിന്റെ  ഒരു സംവിധാനം എന്ന നിലയ്‌ക്കാണ്‌ ഓണ്‍ലൈന്‍ പഠനം പ്രധാനമായും പ്രവര്‍ത്തിച്ചു വരുന്നത്‌. അതു കൊണ്ടു തന്നെ മുതിര്‍ന്നവര്‍ക്കായുള്ള ഒരു ബോധനശാസ്‌ത്രത്തിന്റെ  (andragogy) പ്രയോഗമാണ്‌ അത്തരം വിദ്യാഭ്യാസ പ്രക്രിയയില്‍  പ്രവര്‍ത്തനക്ഷമമാവുന്നത്‌.  ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ  പ്രാഥമികമായും  ഇത്തരത്തില്‍ ക്രമപ്പെടുത്തിയ  ഒരു അന്തരീക്ഷം  കുട്ടികളുടെ  ബോധന പ്രക്രിയയിലേക്ക്‌ പറിച്ചു നടുമ്പോള്‍ സ്വാഭാവികമായും  പല പ്രയാസങ്ങളും വരാം. 

ഓണ്‍ലൈന്‍ വിദ്യാഭ്യാസം പഠിതാവിന്റെ  ഭാഗത്തു നിന്നും  കൂടുതല്‍ താല്‌പര്യവും, സാങ്കോതികവിദ്യാജ്ഞാനവും,  വ്യക്തിപരമായ  ഉത്തരവാദിത്തവും ആവശ്യപ്പെടുന്നുണ്ട്‌.  വിവിധ  പ്രായത്തിലുള്ള  കുട്ടികളില്‍  ഈ ഘടകങ്ങള്‍ എങ്ങനെയെല്ലാമാണ്‌  പ്രവര്‍ത്തിക്കുക എന്നത്‌ പഠന വിധേയമാക്കേണ്ടതുണ്ട്‌.  രക്ഷിതാക്കളെ  കൂടുതല്‍  സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയിലും  ഇതുമാറാവുന്നതാണ്‌.

വിവിധ പ്രായത്തിലുള്ള കുട്ടികളുടെ  ബോധന പ്രക്രിയക്ക്‌ ഉചിതമായ രീതിയില്‍ ഓണ്‍ലൈന്‍ പഠനത്തെ ക്രമീകരിക്കുന്നത്‌ എങ്ങനെ  എന്നതിനെക്കുറിച്ച്‌  വിപുലമായ  ആലോചനകളും  കൃത്യമായ പരിശീലനവും നടക്കേണ്ടതുണ്ട്‌.  പഠനപ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കും ശ്രദ്ധിക്കാനും ഏകാഗ്രതയോടെ  ഇരിക്കാനും പ്രയാസമുള്ള കുട്ടികള്‍  ഈ സംവിധാനത്തില്‍ പുറംതള്ളപ്പെടാനുള്ള സാധ്യതകള്‍ ഉണ്ട്‌.  അതുപരിഹരിക്കാനുള്ള മൂര്‍ത്തമായ  പരിപാടികള്‍ ഉണ്ടാക്കേണ്ടതുണ്ട്‌.

Leave a Reply