Read Time:31 Minute

2021- 2022 വിദ്യാഭ്യാസ വർഷത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനുള്ള നിര്‍ദ്ദേശങ്ങള്‍

കോവിഡ് 19 രോഗവ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 23ന് ശേഷം കേരളത്തിലെ സ്കൂളുകൾ പ്രവര്‍ത്തിച്ചിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി കുട്ടികള്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. സ്കൂള്‍ എന്നത് കേവലം പാഠപുസ്തകത്തിലെ പഠന വസ്തുതകള്‍ മാത്രം പഠിക്കുന്ന ഇടമല്ല എന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നുണ്ട്. കുട്ടിയുടെ വൈകാരികവും മാനസികവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന ഇടം കൂടിയാണ് അത്. കൂടാതെ അണുകുടുംബങ്ങൾ ഏറെയുള്ള കേരളത്തില്‍ കുട്ടിയുടെ സാമൂഹ്യവത്ക്കരണവും ഏറ്റവും പ്രധാനമാണ്. അതോടൊപ്പം കുട്ടികളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട പലതരം ആശങ്കകള്‍ സമപ്രായക്കാരുടെ കൂട്ടങ്ങളില്‍ വച്ച് പരിഹരിക്കുകയും ചെയ്യാറുണ്ട്. ഇതൊന്നും കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്നില്ല. മാത്രമല്ല കൂട്ടംചേരുക, കളിക്കുക തുടങ്ങിയ കുട്ടികളുടെ സഹജ വാസനകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തടസ്സം വന്ന അവസ്ഥയിലാണ്.

ഇതെല്ലാം കുട്ടികളുടെ ജീവിത ശൈലിയിലും ചര്യകളിലും വലിയ തോതിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒറ്റപ്പെടൽ കുട്ടികളിൽ പലതരത്തിലുള്ള മാനസിക സമ്മർദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഇടയാക്കുന്നുണ്ട് എന്നാണ് പ്രാഥമിക അന്വേഷണങ്ങളില്‍നിന്ന് മനസ്സിലാകുന്നത്.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും അർഹമായ പരിഗണന നൽകണം. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളും തയ്യാറെടുപ്പുകളും ആരംഭിക്കേണ്ട ഘട്ടത്തിലാണ് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ആരംഭിച്ചിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. ഈ അവസ്ഥ എത്ര നാൾ തുടരുമെന്ന് പറയാനാവില്ല. സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. ജൂൺ മാസം സാധാരണപോലെ സ്കൂൾ തുറക്കുന്നതിനുള്ള സാധ്യത കാണുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധർ പൊതുവെ ചൂണ്ടിക്കാട്ടുന്നത്.

ഈ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ കഴിയാത്തതുമൂലം കുട്ടികൾക്കിടയിലുണ്ടാകുന്ന പ്രയാസങ്ങൾ പരിഗണിച്ചു കൊണ്ട് കുട്ടികൾക്ക് പഠനാനുഭവങ്ങളും വിദ്യാലയാന്തരീക്ഷവും പ്രദാനം ചെയ്യുന്നതിന് സാഹചര്യമൊരുക്കാനുള്ള ആലോചനകളും തയ്യാറെടുപ്പുകളും ആരംഭിക്കേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തില്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.

I. കുട്ടികളുടെ മാനസികാരോഗ്യം ശക്തിപ്പെടുന്നതിനുള്ള പരിപാടികൾ.

കൂട്ടുകൂടുക, കളിക്കുക തുടങ്ങി കുട്ടികളുടെ സഹജഭാവത്തെയാണ് കോവിഡ് കാലം ഇല്ലാതാക്കിയത്. ഇത് കുട്ടികളിൽ മാനസികവും സാമൂഹികവുമായ ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുള്ള പരിപാടികൾക്കാവണം പ്രഥമ പരിഗണന. അത് കേവലം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഏതാനും ക്ലാസ്സുകളിലേക്ക് ചുരുങ്ങരുത്. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പലതാണ്. അവരുടെ പ്രായത്തേയും മാനസികാവസ്ഥയേയും പരിഗണിച്ചു കൊണ്ടുള്ള പരിപാടികളുണ്ടാവണം. ഓരോ കുട്ടിയും വ്യത്യസ്ത അഭിരുചികളുള്ളവരാണ്. ആ വ്യത്യസ്തതകളെ പരിഗണിച്ചു കൊണ്ടുള്ളതാവണം പരിപാടികൾ. അന്വേഷണം, നിരീക്ഷണം, പരീക്ഷണം, സർഗ്ഗാത്മക പ്രവർത്തനങ്ങൾ തുടങ്ങിയ സാധ്യതകൾ ഉൾപ്പെടുത്തി ഓരോ ക്ലാസ്സിനും അനുയോജ്യമായ പ്രവർത്തനങ്ങൾ തയ്യാറാക്കണം. കുട്ടികൾക്ക് സ്വയം ചെയ്ത് നോക്കാവുന്നതും കേട്ടും കണ്ടും ആസ്വദിക്കാവുന്നതുമായ പരിപാടികൾ ഉൾക്കൊള്ളിക്കണം. ഒന്നോ രണ്ടോ ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ആസൂത്രണം ചെയ്ത് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യാം.

ഇതിനു പുറമെ ഓരോ വിദ്യാലയത്തിലും ക്ലാസ്സ് അധ്യാപികയുടെ നേതൃത്വത്തിൽ വാട്സപ്പ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴിയും കുട്ടികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കണം. ഈ പരിപാടികൾക്ക് ശേഷം ഔപചാരിക പഠന പരിപാടികളിലേക്ക് കടക്കാം പാഠഭാഗങ്ങളിലേക്ക് കടക്കുന്നത് സ്വന്തം അധ്യാപികയിലൂടെ ആവുന്നതാണ് നല്ലത്. കേന്ദ്രീകൃതമായ ഡിജിറ്റൽ ക്ലാസുകളേക്കാൾ കുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നത് സ്വന്തം അധ്യാപികയുടെ ക്ലാസുകളാണ് എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. സാധ്യമായ സാമൂഹ്യ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തി അധ്യാപകർ ക്ലാസ്സെടുക്കണം. ഈ ക്ലാസുകൾക്ക് സഹായകമായ രീതിയിൽ കേന്ദ്രീകൃതമായ ഡിജിറ്റൽ ക്ലാസുകളും ആരംഭിക്കാം.

II. ഡിജിറ്റൽക്ലാസുകളുടെ പുനരാവിഷ്കാരം

  1. സ്കൂൾ തലത്തിൽ അധ്യാപകർ തയ്യാറാക്കുന്ന ഡിജിറ്റൽ ക്ലാസ്സുകൾക്ക് പൂരകമായ രീതിയിലാവണം കേന്ദ്രീകൃത ഡിജിറ്റൽ ക്ലാസ്സുകൾ തയ്യാറാക്കുന്നത്. സ്കൂൾതല ഡിജിറ്റൽ ക്ലാസുകൾ, കേന്ദ്രീകൃത ഡിജിറ്റൽ ക്ലാസുകൾ എന്നിവ ചേർത്ത് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. സ്കൂൾതലത്തിൽ ഡിജിറ്റൽ ക്ലാസ്സുകൾ തയ്യാറാക്കാൻ അധ്യാപകർക്ക് അടിയന്തിര പരിശീലനം നൽകണം. ഡയറ്റുകൾക്കാവണം ചുമതല. തുടക്കത്തിൽ എല്ലാവർക്കും പരിശീലനം എന്നതിന് പകരം ഒരു ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തിൽ എല്ലാ വിഷയങ്ങൾക്കും (മുഴുവൻ ക്ലാസ്സുകളിലേയും) ഒരാൾക്കെങ്കിലും എന്ന രീതിയിൽ തുടങ്ങി ക്രമേണ വ്യാപകമാക്കിയാൽ മതിയാകും. മുൻക്ലാസുകളിലെ പഠനവിടവുകൾ പരിഹരിക്കുന്നതിനും പുതിയ ക്ലാസിലെ പഠനലക്ഷ്യങ്ങള്‍ ആർജിക്കുന്നതിനും സ്വന്തം കുട്ടികൾക്കുള്ള പഠനപ്രശ്നങ്ങൾ പരിഹരിക്കുന്ന വിധത്തിലുമാകണം ക്ലാസ്സുകള്‍. ഇതിനെല്ലാം ഡയറ്റ്, ബി.ആർ.സി എന്നിവ നേതൃത്വം നൽകണം.
  2. വിദ്യാലയങ്ങൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ കുട്ടികളെ പഠന വഴിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസ്സുകൾ ആരംഭിച്ചത്. എല്ലാ കുട്ടികൾക്കും ക്ലാസ്സുകൾ കാണുന്നതിനുള്ള അവസരം ഉറപ്പു വരുത്തണം. അതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തണം. സംസ്ഥാന തലത്തിൽ രൂപപ്പെടുത്തുന്ന ഒരു പൊതു ചട്ടക്കൂടിന് വിധേയമായി പഞ്ചായത്ത് മുനിസിപ്പൽ തല വിദ്യാഭ്യാസ സമിതികളുടെ നേതൃത്വത്തിൽ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. ഈ പ്ലാൻ ഒരു അക്കാദമിക വർഷത്തെ ഒരുമിച്ച് കണ്ടു കൊണ്ടുള്ളതായിരിയ്ക്കണം. അതേസമയം സാഹചര്യം അനുകൂലമായാൽ മുഖാമുഖ ക്ലാസ്സുകൾ നടത്തണമെന്ന സമീപനത്തോടെയാവണം പ്ലാൻ തയ്യാറാക്കേണ്ടത്. ഗ്രന്ഥശാലകൾ, പ്രാദേശികമായി ലഭ്യമാവുന്ന അധ്യാപകർ, സന്നദ്ധ സംഘടനകൾ, കലാസമിതികൾ, അങ്കണവാടികൾ തുടങ്ങിയ സംവിധാനങ്ങളെ ഏകോപിപ്പിച്ച് വാർഡുതല വിദ്യാഭ്യാസ സമിതികൾ രൂപീകരിക്കണം. വാർഡുതല സമിതികളുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ക്ലാസ്സ് കാണുന്നതിനുള്ള സംവിധാനം ഉറപ്പുവരുത്തണം. ക്ലാസ്സുകളെല്ലാം ഓരോ കുട്ടിക്കും കിട്ടുന്നുവെന്നുറപ്പാക്കാനുള്ള ഉത്തരവാദിത്തം ക്ലാസ് അധ്യാപികയ്ക്കും സ്കൂൾ മേധാവിയ്ക്കും ആയിരിയ്ക്കണം.
  3. പാഠ്യപദ്ധതിയുടെ അന്ത:സത്ത ഉൾക്കൊണ്ടു കൊണ്ട് കേന്ദ്രീകൃതമായി ഡിജിറ്റൽ ക്ലാസ്സുകൾ തയ്യാറാക്കുന്നതിൽ ഒരുപാട് പരിമിതികളുണ്ട്. കഴിഞ്ഞവർഷത്തെ ക്ലാസ്സുകൾ പലതും വേണ്ടത്ര നിലവാരം ഉള്ളതായിരുന്നില്ല എന്ന അഭിപ്രായവുമുണ്ട്. അതിനാൽ അവ പുന:സംപ്രേഷണം ചെയ്യുന്നത് ഗുണകരമാവില്ല. ഈ സാഹചര്യത്തിൽ ഒരു വർഷത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ക്ലാസ്സുകള്‍ സമഗ്രമായി പുനരാവിഷ്കരിക്കണം.
  4. കഴിഞ്ഞ വർഷം തയ്യാറാക്കിയ ഡിജിറ്റൽ ക്ലാസുകൾ പുനഃസംഘടിപ്പിക്കണം. അതിനായി ഡയറ്റുകൾ, ജില്ലകളിൽ നിന്ന് ലഭിക്കുന്ന മറ്റു വിദഗ്ധർ എന്നിവരുടെ സഹായത്തോടെ എസ്.സി..ആർ.ടി. ഒരു പൊതു പരിപ്രേക്ഷ്യം തയ്യാറാക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള ഡിജിറ്റൽ ക്ലാസ് പുനർസന്ദർശനം നടത്തി ആവശ്യമായ മാറ്റങ്ങൾ/ പുതിയവ തയ്യാറാക്കൽ എന്നിവയുടെ ചുമതല ഓരോ ക്ലാസിന്റേത് (1മുതൽ 12 വരെ) ഓരോ ഡയറ്റിനെ ഏല്പിയ്ക്കാം. ഡയറ്റ് ഇക്കാര്യം ചെയ്യും മുമ്പ് ചുമതലപ്പെട്ട ക്ലാസ്സിലേയും മുൻ വർഷത്തേയും (ഈ വർഷത്തെ കുട്ടിയ്ക്ക് കഴിഞ്ഞ വർഷവും ഡിജിറ്റൽ ക്ലാസുകൾ തന്നെയാണല്ലോ ഉണ്ടായിരുന്നത്) പാഠ്യപദ്ധതിയും സിലബസും സൂക്ഷ്മപരിശോധന നടത്തി കഴിഞ്ഞ വർഷത്തെ പ്രധാന പാഠഭാഗങ്ങളും പുനർ ചർച്ച ചെയ്യും വിധം (recur) ഈ അക്കാദമിക വർഷത്തേക്ക് മാത്രമായി ഒരു പാഠ്യപദ്ധതി എസ്.സി..ആർ.ടി തയ്യാറാക്കണം. (ഇതിൽ ഓരോ ക്ലാസ്സിലേയും ഉളളടക്കത്തോടൊപ്പം തൊട്ടു മുമ്പുള്ള ക്ലാസ്സിലെ ഭാഗങ്ങളെക്കൂടിഅതിന്റ പ്രസക്തിയും പ്രാധാന്യവും അനുസരിച്ച്‌ഉദ്ഗ്രഥിച്ചിട്ടുണ്ടായിരിക്കണം). ഇങ്ങനെ തയ്യാറാക്കുന്ന പാഠ്യപദ്ധതി സംസ്ഥാന തലത്തിൽ കൈകാര്യം ചെയ്യേണ്ടത്, സ്കൂൾ തലത്തിൽ ചെയ്യേണ്ടത് എന്നിങ്ങനെ തരം തിരിയ്ക്കാം. ഇങ്ങനെയാവണം സംസ്ഥാന തലത്തിൽ ഡിജിറ്റൽ ക്ലാസിന്റെ ഉള്ളടക്കം തീരുമാനിക്കേണ്ടത്.
  5. ഡിജിറ്റൽ ക്ലാസ്സുകളുടെ ഉള്ളടക്കം തയ്യാറാക്കുന്ന ചുമതല ഒരു പ്രത്യേക ജില്ലയിലെ ഡയറ്റിനാണെങ്കിലും സംസ്ഥാനമാകെ ലഭ്യമായ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തണം.
  6. മെയ് മാസം പകുതിയായി. അതിനാൽ ജൂൺ, ജൂലൈ മാസത്തേക്കുള്ള മെറ്റീരിയൽ ഉടനെ തയ്യാറാക്കണം.
  7. ഇങ്ങനെ തയ്യാറാക്കുന്ന എല്ലാ മെറ്റീരിയലുകളും എസ്.സി..ആർ.ടി.യുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പരിശോധിച്ചതിന് ശേഷമേ പ്രക്ഷേപണം ചെയ്യാവൂ. അക്കാദമിക വിനിമയത്തിന്റെയും ഉള്ളടക്കത്തിന്റെയും ഉത്തരവാദിത്തം എസ്.സി..ആർ.ടി.ക്ക് ആയിരിക്കണം. സാങ്കേതിക ചുമതല കൈറ്റ് നിർവ്വഹിക്കണം. ഈ പ്രവർത്തനങ്ങളുടെയെല്ലാം നടത്തിപ്പും ഏകോപനവും മോണിറ്ററിങ്ങും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാവണം.
  8. ഓരോ ആഴ്ചയിലേയും ഡിജിറ്റല്‍ വിനിമയങ്ങളെ ഒന്നിച്ചു കണ്ട് കുട്ടികൾ ചെയ്യേണ്ട തുടർപ്രവർത്തനങ്ങൾ അധ്യാപകരോട് കൃത്യമായി നിർദേശിക്കുകയും അത് പ്രായോഗികമാക്കുന്നതിന് അധ്യാപകർ വഹിക്കേണ്ട ചുമതലകൾ (നിർദേശങ്ങൾ, വിശദീകരണങ്ങൾ, അനുബന്ധ പ്രവർത്തനങ്ങൾ, കൈത്താങ്ങ് നൽകേണ്ട വിധം, ഫീഡ്ബാക്ക് ശേഖരിക്കൽ, ഉൽപ്പന്ന വിശകലന രീതി, വ്യക്തിഗത പിന്തുണ) വ്യക്തമാക്കുന്ന ചെറു കൈപ്പുസ്തകം മുൻകൂട്ടി ലഭ്യമാക്കണം.
  9. സമാനമായ രീതിയിൽ രക്ഷിതാക്കളുടെ ചുമതലകൾ വ്യക്തമാക്കുന്ന, കുട്ടികൾക്ക് കൈത്താങ്ങ് നൽകാൻ സഹായകമാവുന്ന നിർദേശങ്ങൾ ഉൾപ്പെടുന്ന കൈപ്പുസ്തകം രക്ഷിതാക്കൾക്കായും തയ്യാറാക്കണം.
  10. അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം തുടർച്ചയായി നടക്കണം. അത് എല്ലാ ആഴ്ചയും മോണിറ്റർ ചെയ്യണം.
  11. അടുത്ത വർഷത്തെ പഠനക്രമങ്ങൾ, രീതിശാസ്ത്രം, ഉള്ളടക്കം എന്നിവ പരിചയപ്പെടുത്തുന്നതിനായി ക്ലാസ്സ് തല രക്ഷാകർതൃ സമിതികൾ ഓൺലൈനായി വിളിച്ച് ചേർക്കണം.
  12. നിലവിലുള്ള പാഠപുസ്തകം ക്ലാസ് റൂം പഠനത്തെ മുന്നിൽ കണ്ട് തയ്യാറാക്കിയതാണ്. ഡിജിറ്റല്‍ പഠനത്തിന്റെ സാഹചര്യത്തിൽ പാഠപുസ്തകത്തിന്റെ ഉപയോഗരീതി, സന്ദർഭം എന്നിവയിൽ വ്യക്തത വരുത്തണം. ഡിജിറ്റല്‍ ക്ലാസുകൾക്ക് അനുയോജ്യമായ വിധം പാഠങ്ങളുടെ പുതിയ രൂപങ്ങളും ആലോചിക്കാം. പാഠപുസ്തകങ്ങളെ സ്വയം പഠന സാമഗ്രികൾ എന്ന രീതിയിൽ പുന:സംവിധാനം ചെയ്യണം.
  13. നിരന്തര വിലയിരുത്തിന്റെ രീതിശാസ്ത്രം ഡിജിറ്റൽ പഠനത്തിൽ എങ്ങനെ എന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കണം.
  14. എല്ലാ കാര്യങ്ങളും കൃത്യമായി മോണിറ്റര്‍ ചെയ്യണം. എല്ലാ ആഴ്ചയിലും സ്കൂൾതല അധ്യാപക യോഗം, പഞ്ചായത്തുതല യോഗം, സബ് ജില്ല/ വിദ്യാഭ്യാസ ജില്ലാതല യോഗങ്ങൾ നടക്കണം. എല്ലാ മാസവും ഒരു നിശ്ചിത ദിവസം റവന്യൂ ജില്ലാ, സംസ്ഥാന തലങ്ങളിൽ അവലോകനആസൂത്രണ യോഗങ്ങൾ നടക്കണം. യഥാര്‍ഥ വിവരങ്ങൾ മേലോട്ടും മേൽത്തട്ടിൽ എടുക്കുന്ന തീരുമാനങ്ങൾ താഴേക്കും കൃത്യമായി എത്തണം. മേൽത്തട്ടിൽ എടുക്കുന്ന തീരുമാനങ്ങൾ പരമാവധി രണ്ടാഴ്ച കൊണ്ട് താഴെത്തട്ടിൽ എത്തി നടപ്പാക്കും വിധം വിവരവിനിമയ സംവിധാനങ്ങൾ കുറ്റമറ്റതാക്കണം.

III.പ്രാദേശിക പഠനകേന്ദ്രങ്ങൾ വ്യാപകമാക്കണം

  1. ഇപ്പോൾ സഹവർത്തിത പഠനസാധ്യത പ്രയോജനപ്പെടുത്താനാകുന്നില്ല. സാമുഹികമായും സാംസ്കാരികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് കൂടുതൽ അക്കാദമിക പിന്തുണ ആവശ്യമുണ്ട്. ഇവയെല്ലാം പരിഗണിച്ച് വാർഡുതല വിദ്യാഭ്യാസ സമിതികൾ രൂപീകരിക്കുകയും അവയുടെ നേതൃത്വത്തിൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിക്കുകയും വേണം. കോവിഡ് വ്യാപനത്തിന്റെ തീവ്രത അല്പം കുറയുന്ന ഘട്ടത്തിൽ മാത്രമേ ഈ കാര്യം ആലോചിക്കാനാകൂ. ഇത്തരം കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് പഠന പിന്തുണ നല്‍കാനായി വിരമിച്ച അധ്യാപകർ, പരിശീലനം പൂർത്തിയാക്കിയ D.Ed./ BEd അധ്യാപകർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താം. സിലബസ് /പാഠ്യപദ്ധതി കൈകാര്യം ചെയ്യുന്നതോടൊപ്പം കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹികാരോഗ്യവും പോഷിപ്പിക്കുന്ന കളികൾ, പ്രവർത്തനങ്ങൾ, പരീക്ഷണങ്ങൾ എന്നിവയും ഉൾപ്പെടുത്തണം. അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും വേണം.
  2. പഠന വീടുകൾ, സാമൂഹ്യ പഠന മുറികൾ, ഊരു വിദ്യാകേന്ദ്രങ്ങൾ, പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ എന്നീ പേരുകളിൽ സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രാദേശിക പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. ഒരു പ്രദേശത്തെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഒരേ ക്ലാസ്സിലെ 5- 10 കുട്ടികളെ ഒന്നിച്ചിരുത്തി പഠന സഹായം നൽകാവുന്നതാണ്.
  3. വാർഡുതല വിദ്യാഭ്യാസ സമിതികൾക്ക് താഴെ കൊടുത്ത ചുമതലകൾ നൽകാവുന്നതാണ്.
    • പ്രദേശത്തെ സ്കൂൾ പ്രായത്തിലുള്ള എല്ലാ കുട്ടികളും സ്കൂളുകളിൽ പ്രവേശിക്കപ്പെട്ടു എന്നുറപ്പാക്കൽ
    • 2021- 2022 അക്കാദമിക വർഷം പൊതു വിദ്യാലയങ്ങളിൽ പ്രവേശിക്കപ്പെടുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റല്‍ പഠന സൗകര്യം ഒരുക്കി കൊടുക്കൽ.
    • ഡിജിറ്റല്‍ ക്ലാസ്സുകള്‍ കുട്ടികൾ മുടക്കം കൂടാതെ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന് മോണിറ്റർ ചെയ്യൽ.
    • അധ്യാപകരുടെയും അക്കാദമിക യോഗ്യതയുള്ള സന്നദ്ധ പ്രവർത്തകരുടെയും സേവനം പ്രയോജനപ്പെടുത്തി വേണ്ടത്ര പ്രാദേശിക പഠന കേന്ദ്രങ്ങൾ ആരംഭിക്കൽ.
    • കുട്ടികളുടെ സുരക്ഷ ഉറപ്പാക്കൽ.
    • ഡിജിറ്റൽ ക്ലാസുകൾക്ക് പൂരകമായ പ്രവർത്തനങ്ങൾ, അടിസ്ഥാനശേഷീ വികസന പരിപാടികൾ, ഭാഷാനൈപുണി വർധിപ്പിക്കുന്നതിനുള്ള ക്ലാസുകൾ, ശാസ്ത്ര പോഷണ പരിപാടികൾ, ലാബ് @ ഹോം പോലെ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച പരിപാടികൾ പ്രയോജനപ്പെടുത്തൽ.
    • വിലയിരുത്തലും ഫീഡ്ബാക്ക് നൽകലും, പഠന പോഷണ വ്യക്തിത്വ വികസന പരിപാടികൾ, ശിൽപശാലകൾ, പഠനസംവാദങ്ങൾ തുടങ്ങിയവ പ്രാദേശിക പഠന കേന്ദ്രങ്ങളിൽ നടത്താവുന്നതാണ്.
    • വാർഡു വികസനസമിതിയുടെ നേതൃത്വത്തിൽ പ്രാദേശിക പഠനകേന്ദ്രങ്ങളിൽ അയൽപക്ക വായനാ കേന്ദ്രങ്ങൾ ആരംഭിക്കണം. സ്കൂൾ അടച്ചതിനെ തുടർന്ന് വായനാവസരം കുറഞ്ഞിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും പ്രാദേശിക സർക്കാരുകൾക്ക് ഇതിനായി നിർദ്ദേശം നൽകേണ്ടതാണ്. അധ്യാപകരും രക്ഷകർത്താക്കളും സന്നദ്ധ പ്രവർത്തകരും ചേർന്നുള്ള ജനകീയ കൂട്ടായ്മകൾ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകണം.

IV. അധ്യാപക ലഭ്യത ഉറപ്പു വരുത്തണം.

  1. സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിച്ച് തുടങ്ങാൻ കഴിയില്ലെങ്കിലും ഡിജിറ്റല്‍ ക്ലാസ്സുകൾ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് പഠന പ്രക്രിയയെ തടസ്സപ്പെടുത്തും. കഴിഞ്ഞ അധ്യയന വർഷത്തിൽ തന്നെ ചില ക്ലാസ്സുകളിൽ കുട്ടികളെ പിന്തുടരാനും ചില വിഷയങ്ങളിൽ സംശയ ദൂരീകരണം വരുത്താനും അധ്യാപകരില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതുമൂലം കുട്ടികൾക്ക് ലഭിക്കേണ്ടിയിരുന്ന പഠന പിന്തുണ ലഭിക്കാതിരുന്ന അവസ്ഥയുണ്ടാക്കി. അടുത്ത അധ്യയന വർഷത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം. അതിനായി അധ്യാപകരുടെ ലഭ്യത ഉറപ്പു വരുത്താനുള്ള അടിയന്തിര നടപടിയുണ്ടാവണം.
  2. സർക്കാർ വിദ്യാലയങ്ങളിലെ ഒഴിവുള്ള മുഴുവൻ അധ്യാപക തസ്തികകളിലും നിയമനം നടത്തണം. (വിദ്യാലയങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമ്പോൾ മാത്രം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്ന നിർദ്ദേശത്തോടെയാണ് ഇപ്പോൾ നിയമന ഉത്തരവുകൾ നൽകിയിട്ടുള്ളത്. അവർക്കെല്ലാം ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകണം).
  3. എയ്ഡഡ്/ സർക്കാർ സ്കൂളുകളിൽ അധ്യാപകർ വിരമിച്ച ഒഴിവുകളും അടിയന്തിരമായി നികത്തണം.
  4. എല്ലാ വിദ്യാലയങ്ങളിലും പ്രഥമാധ്യാപകരുണ്ട് എന്നുറപ്പുവരുത്തണം.

V. സാധ്യമായ സാഹചര്യത്തിൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കണം.

ഒന്നാം ക്ലാസിലെ കുട്ടികൾ അവരുടെ സഹപാഠികളെയൊ അധ്യാപകരെയൊ സ്കൂളോ കണ്ടിട്ടില്ല. പുതിയ സ്കൂളിൽ 5, 8 ക്ലാസുകളിൽ പ്രവേശനം നേടിയവരുടെയും പതിനൊന്നാം ക്ലാസ്സിലെ കുട്ടികളുടെയും സ്ഥിതിയും ഇതുതന്നെയാണ്. ഇത് അധ്യാപക വിദ്യാർഥി ബന്ധത്തെ സാരമായി ബാധിക്കുന്നു. കൂടാതെ ചെറുപ്രായത്തിൽ സാമൂഹിക വൈകാരിക വികസനത്തിനുള്ള അവസരം ദീർഘകാലം നഷ്ടപ്പെടുന്നത് അഭികാമ്യമല്ല. ഡിജിറ്റല്‍ ക്ലാസുകൾ എല്ലാ കുട്ടികൾക്കും പര്യാപ്തമാകുന്നില്ല എന്നത് ഒരു വസ്തുതയാണ്. കൂടാതെ കുട്ടികള്‍ക്കെല്ലാം അധ്യാപകരുടെ നേരിട്ടുള്ള കൈത്താങ്ങ് ആവശ്യവുമുണ്ട്.

നെറ്റ് സംവിധാനം, സ്മാർട്ട് ഫോൺ ലഭ്യത, പഠന വേഗത, പിന്തുണാനിർദേശങ്ങൾ, സംശയ ദുരീകരണം, ഫീഡ്ബാക്ക്, പരിഹാര പഠനം/ ബോധനം തുടങ്ങിയ കാര്യങ്ങൾ ഫലപ്രദമല്ലാത്ത ഇടങ്ങളിൽ കുട്ടികളുടെ ആത്മവിശ്വാസം, പഠനതാൽപര്യം എന്നിവ ഇല്ലാതാകുന്നുണ്ട്. പ്രൈമറി തലത്തിൽ അടിസ്ഥാനശേഷികൾ ആർജിക്കാതിരുന്നാൽ അത് ഭാവി പഠനത്തെയും വികാസത്തെയും സാരമായി ബാധിക്കും. തുടർച്ചയായി ഡിജിറ്റല്‍ പഠനത്തില്‍ പങ്കാളികളാകാത്ത ധാരാളം കുട്ടികളുണ്ട്. ഇവർ മാനസികമായി പഠനാന്തരീക്ഷത്തിൽ നിന്ന് കൊഴിഞ്ഞു പോയ അവസ്ഥയിലാണ്. ട്യൂഷനും മറ്റും പോകാൻ കഴിയാത്ത പാർശ്വവത്കൃത വിഭാഗങ്ങളിലെ കുട്ടികൾ കൂടുതൽ പിന്നാക്കാവസ്ഥയിലേക്ക് തള്ളിപ്പോകാനിടയുണ്ട്.

കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ് അനുകൂല സാഹചര്യം ഉണ്ടാകുന്ന ഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച ആസൂത്രണം ഇപ്പോഴേ ആരംഭിക്കണം.

അങ്ങനെ ചെയ്യുമ്പോള്‍ വിവിധ സാധ്യതകള്‍ പരിശോധിക്കാവുന്നതാണ്.

  1. ഓരോ ക്ലാസ്സിലെ കുട്ടികളേയും വ്യത്യസ്ത ബാച്ചുകളായി തിരിച്ച് ഒരു ദിവസം നിശ്ചിത എണ്ണം കുട്ടികൾ എല്ലാ ക്ലാസുകളിലും എത്തുന്ന രീതിയാവാം. ഇത് സ്വാഭാവിക സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കും.
  2. ഓരോ ക്ലാസ്സിലെ കുട്ടികളെ ഒരു ദിവസം നിശ്ചിത സമയത്തേക്ക് (2- 3മണിക്കൂർ) വരുത്തുന്ന രീതിയാവാം.
  3. ഷിഫ്റ്റ് സമ്പ്രദായത്തിൽ കുട്ടികളെ സ്കൂളിൽ വരുത്താം. (ഉദാഹരണത്തിന് 60 കുട്ടികൾ വീതമുള്ള മൂന്ന് ബാച്ചുകളുള്ള ഒരു ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ എല്ലാ ദിവസവും കുട്ടികളെ സ്കൂളിൽ വരുത്താം. ഓരോ ക്ലാസ്സിലെ കുട്ടികളേയും എ, ബി, സി എന്നിങ്ങനെ 20 കുട്ടികൾ വീതമുള്ള മൂന്ന് ബാച്ച് ആക്കാം. അതായത് 20 കുട്ടികളുള്ള 9 ബാച്ച് ഒരു സ്കൂളിൽ ഉണ്ടാവും. എല്ലാ ക്ലാസ്സിലേയും എ ബാച്ച് രാവിലെ 9 മണി മുതൽ 12 മണി വരെ. ബി ബാച്ച് 9.30 മുതൽ 12.30 വരെ. സി ബാച്ച് 1.30 മുതൽ 4.30 വരെ എന്നിങ്ങനെ ഇടവേളകളില്ലാതെ ക്ലാസ്സെടുക്കാം.)
  4. എല്ലാ സ്കൂളുകളിലും കുട്ടികളുടെ എണ്ണം ഒരു പോലെയല്ല. 50 കുട്ടികളിൽ താഴെയുള്ള വിദ്യാലയങ്ങൾ ഉണ്ട്. ഇങ്ങനെയുള്ള വിദ്യാലയങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ല. 100ൽ താഴെ കുട്ടികളുള്ളവ, 150 ന് മുകളിലുള്ളവ എന്നിങ്ങനെ തരം തിരിച്ച് ഒരേ സമയം സ്കൂളിൽ എത്താവുന്ന പരമാവധി കുട്ടികൾ എത്രയെന്ന് നിർദ്ദേശിക്കാം.
  5. വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നതിൽ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിക്കണം. കോവിഡിന്റെ സാന്ദ്രത പ്രാദേശികമായി വ്യത്യസ്തമാണ്. ഒരാൾക്ക് പോലും കോവിഡ് ബാധിക്കാത്ത ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ സ്കൂളുകൾ അടഞ്ഞു കിടന്നു. ആ പ്രദേശം വാർത്താ വിനിമയ ശൃംഖലയ്ക്ക് പുറത്തായതു കൊണ്ട് അവർക്ക് ഡിജിറ്റൽ ക്ലാസ്സുകളുടെ സൗകര്യവും ലഭിച്ചില്ല. ഫലത്തിൽ ആ കുട്ടികൾ പൂർണ്ണമായും പഠനത്തിൽ നിന്നും പുറത്തായിരുന്നു. ഇത് ആശാസ്യമല്ല. ഇത്തരം പ്രദേശങ്ങളെ പരിഗണിച്ചുകൊണ്ടുള്ള തീരുമാനങ്ങൾ ഉണ്ടാവണം. അതായത് ഓരോ പഞ്ചായത്തിലെയും കൊവിഡ് വ്യാപന നിരക്ക് പരിശോധിച്ച് വികേന്ദ്രീകൃത നിലപാട് സ്വീകരിക്കണം.
  6. സ്കൂളുകൾ ഘട്ടം ഘട്ടമായോ അല്ലാതെയോ തുറക്കുമ്പോൾ താഴെക്കൊടുത്ത കാര്യങ്ങളും മുൻഗണനയോടെ പരിഗണിക്കണം.
    • രക്ഷിതാക്കളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കണം. അതിനായി തുടർച്ചയായ രക്ഷാകര്‍തൃ വിദ്യാഭ്യാസം ആസൂത്രണം ചെയ്യണം.
    • കുട്ടികൾ സ്കൂളിൽ എത്തുന്ന സാഹചര്യത്തിൽ നടത്തേണ്ട ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ പ്രധാനമാണ്. ഉച്ചഭക്ഷണം, കുടിവെള്ളം, പൊതു ശൗചാലയ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ, കൊവിഡ് സമ്പർക്ക പട്ടികയിൽ പെട്ടു പോകുന്ന കുടുംബങ്ങളിലെ കുട്ടികൾക്കുള്ള നിയന്ത്രണം തുടങ്ങിയവ സംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ ഉണ്ടാകണം.
    • സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുവരുന്നത് നിയന്ത്രണ വിധേയമാക്കണം.
    • വിദ്യാലയങ്ങളിലെ മുഴുവൻ അധ്യാപക അനധ്യാപക ജീവനക്കാരും വാക്സിനേഷന് വിധേയരായി എന്നുറപ്പാക്കണം
    • വാക്സിനേഷന് വിധേയരാവാത്ത രക്ഷിതാക്കളോ ഉദ്യോഗസ്ഥരോ സ്കൂളുകൾ സന്ദർശിക്കരുത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് വാക്സിനുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? – ഡോ.ടി.എസ്.അനീഷ് RADIO LUCA
Next post ചൈനയുടെ ടിയാൻവെൻ-1 – ചൊവ്വയിലേക്ക് ഒരു അതിഥി കൂടി
Close