Read Time:21 Minute

അറിവ് സ്വകാര്യസ്വത്താണോ അതോ മനുഷ്യരാശിയുടെ പൊതുപൈതൃകമാണോ എന്നത് പഴക്കമേറിയ ചോദ്യമാണ്.  അറിവിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള അസാധാരണമായ ഒരു വിശകലനമാണ്‌ സാങ്കേതികവിദഗ്ധനും സാമൂഹികപ്രവർത്തകനുമായ പ്രബീർ പുർകായസ്ത രചിച്ച ‘Knowledge as Commons: Towards Inclusive Science and Technology’ എന്ന പുസ്തകം. അറിവുശേഖരത്തെ വികസിപ്പിക്കുന്നതിൽ തലച്ചോറിനാണോ അതോ അതനുസരിച്ചു പ്രവർത്തിക്കുന്ന കൈകൾക്കാണോ കൂടുതൽ പങ്ക് എന്ന ചോദ്യത്തിൽ ഊന്നിക്കൊണ്ടാണ് പ്രബീർ ഈ വിശകലനം ചെയ്യുന്നത് എന്നതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.

‘ഒരു ആവശ്യം ഉണ്ടെന്ന് മനസ്സിലാക്കുന്നതാണ് സ്വാതന്ത്ര്യം. ആ ആവശ്യം എന്തെന്ന് അറിയുന്നത് സയൻസും.’ (‘Freedom is the recognition of necessity. Science is the cognition of necessity.’)

ഇന്ത്യ കണ്ട മികച്ച ചിന്തകന്മാരിൽ ഒരാളായ ആയ ഡി.ഡി. കൊസാംബി യുടെ പ്രബന്ധത്തിൽ നിന്നെടുത്ത ഈ വാക്കുകളിൽ നിന്നാണ് പ്രബീർ പുസ്തകം തുടങ്ങുന്നത്. ശാസ്ത്രം, സ്വാതന്ത്ര്യം, ആവശ്യകത എന്നീ ഘടകങ്ങളെ കുറിച്ച് തന്നെയാണ് പുസ്തകം ചർച്ച ചെയ്യുന്നത്. ഈ മൂന്ന് ഘടകങ്ങളെ യഥാക്രമം അറിവ്, അറിവിന്റെ അവകാശം, അറിവിന്റെ നിർണ്ണയശക്തി എന്നീ രൂപങ്ങളിൽ ആണ് പ്രബീർ വിശകലനം ചെയ്യുന്നത്.

ശാസ്ത്രം, സാങ്കേതികവിദ്യ, അവയെ പരുവപ്പെടുത്തുന്ന സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങൾ എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ കുറിച്ചാണ് ഈ പുസ്തകം. ഈ ബന്ധങ്ങളുടെ നിലവിലെ അവസ്ഥ മാത്രമല്ല, ചരിത്രപരമായ അതിന്റെ സഞ്ചാരം എങ്ങനെയായിരുന്നു എന്നതിന് കൂടി പ്രബീർ പ്രാധാന്യം കൊടുക്കുന്നുണ്ട്. സാങ്കേതിക വിദഗ്ദ്ധൻ, ശാസ്ത്രചരിത്രാന്വേഷി, സാമൂഹികപ്രവർത്തകൻ എന്നീ നിലകളിൽ താൻ നടത്തിയ അന്വേഷണങ്ങളുടെയും ഇടപെടലുകളുടെയും ഫലമായി പ്രബീർ പലപ്പോഴായി നടത്തിയ എഴുത്തുകളുടെ ശേഖരമാണ് ഈ പുസ്തകം. ലെഫ്റ്റ് വേർഡ് ബുക്സ് ആണ് 2023ൽ പുസ്തകം പ്രസിദ്ധീകരിച്ചത്.

പുസ്തകം പരിചയപ്പെടുന്നത്രയും തന്നെ പ്രധാനപ്പെട്ടതാണ് രചയിതാവിനെ പരിചയപ്പെടുക എന്നത്. ഡൽഹി സയൻസ് ഫോറത്തിന്റെ സ്ഥാപകാംഗവും From the Emergency to the Present Day Enron Blowout: Corporate Capitalism and Theft of the Global Commons, Uncle Sam’s Nuclear Cabin തുടങ്ങിയ പുസ്തകങ്ങളുടെ സഹരചയിതാവുമാണ് പ്രബീർ. ശാസ്ത്ര-സാങ്കേതികവിദ്യ, പരിസ്ഥിതി, മനുഷ്യാവകാശം എന്നിവ കേന്ദ്രീകരിച്ചുള്ള നിരവധി സാമൂഹികപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവപങ്കാളിയായി.

2009ൽ ഡൽഹി ആസ്ഥാനമായി NewsClick.in എന്ന ഓൺലൈൻ ന്യൂസ് പോർട്ടൽ അദ്ദേഹം സ്ഥാപിച്ചു.  ഒരു സ്വതന്ത്രമാധ്യമസ്ഥാപനം എന്ന നിലയിൽ ഉള്ള നൈതികവും പുരോഗമനപരവുമായ സ്വഭാവം കൊണ്ട് തന്നെ, ഗവണ്മെന്റിന്റെ നിരന്തരമായ ഓഡിറ്റിംഗിനും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്കും ഇരയായിരുന്നു NewsClick.in. മാധ്യമസ്വാതന്ത്ര്യം നിരന്തരം ഹനിച്ചുകൊണ്ട് സ്വതന്ത്രശബ്ദങ്ങളെ അടിച്ചമർത്തുന്ന ബി. ജെ. പി. സർക്കാരിന്റെ അനൗദ്യോഗികപദ്ധതിയുടെ ഭാഗമായാണ്  NewsClick.inനു നേരെയുള്ള അതിക്രമങ്ങളെ മാധ്യമസംഘടനകളും പ്രതിപക്ഷകക്ഷികളും രാഷ്ട്രീയനിരീക്ഷകരും കാണുന്നത്. ചൈന-അനുകൂല സ്രോതസ്സുകളിൽ നിന്നും നിയമവിരുദ്ധനിക്ഷേപം സ്വീകരിച്ചു എന്ന് ആരോപിച്ച് 2023 ഒക്ടോബർ 3നു ഡൽഹി പോലീസ് പ്രബീറിനെയും സഹപ്രവർത്തകനെയും UAPA ചുമത്തി റിമാൻഡ് ചെയ്തു.

2023 ഒക്ടോബർ 3നു ഡൽഹി പോലീസ് പ്രബീർ പുർസ്കായസ്തയെ അറസ്റ്റ് ചെയ്യുന്നു.

എഴുപത്തിമൂന്നു വയസുകാരനായ പ്രബീർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. 1975-ൽ അടിയന്തരാവസ്ഥക്കാലത്ത്, ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ, സമാനമായ രീതിയിൽ പ്രബീർ അറസ്റ്റ് ചെയ്യപ്പെടുകയും കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരിൽ ഒരു വർഷത്തോളം ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട് എന്ന് കൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. ഏകദേശം അരനൂറ്റാണ്ട് വ്യത്യാസത്തിൽ രണ്ട് സ്വേച്ഛാധിപത്യ ഭരണകൂടങ്ങളാൽ തടവിലാക്കപ്പെട്ട പ്രബീർ പുർക്കയസ്തയുടെ ആത്മകഥാപരമായ പുസ്തകം, Keeping Up the Good Fight: From the Emergency to the Present Day, 2023ൽ പുറത്തിറങ്ങിയിരുന്നു. രാജ്യത്തിന്റെ ശാസ്ത്രബോധത്തെ വെള്ളമൊഴിച്ചു കെടുത്തുന്ന കേന്ദ്രഭരണത്തിന് കീഴിലാണ് കുറെ വർഷങ്ങളായി നമ്മൾ ദേശീയശാസ്ത്രദിനങ്ങൾ കൊണ്ടാടുന്നത്. അതേ സർക്കാർ ജയിലിലടച്ച പ്രബീർ പുർകായസ്ത ശാസ്ത്രം, സമൂഹം, അറിവിന്റെ ഉടമാവകാശം എന്നിവയെ കുറിച്ച് എന്ത് സംസാരിക്കുന്നു എന്നത് ഇന്ന് വളരെ പ്രസക്തമാണ്.

ചിന്തിക്കാനുള്ള കഴിവാണോ അതോ ചിന്തകൾക്കനുസരിച്ചു പ്രവർത്തിക്കാനുള്ള കഴിവാണോ മനുഷ്യനെ പുരോഗമിപ്പിക്കുന്നത് എന്ന വിശകലനമാണ്‌ പുസ്തകത്തിന്റെ കാതലുകളിൽ ഒന്ന്. മനുഷ്യരെ ഉപകരണം നിർമ്മിക്കുന്ന മൃഗം (tool making animals) എന്ന് പണ്ട് ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ വിശേഷിപ്പിച്ചിട്ടുണ്ട്. ഉപകരണങ്ങളില്ലാതെ അവൻ ഒന്നുമല്ല (without tools he is nothing ) എന്ന് പറഞ്ഞത് തോമസ് കാലൈൽ ആണ്. ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് പ്രബീർ ഈ വിഷയം സംസാരിച്ചു തുടങ്ങുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും ചെയ്യുന്നവർ തമ്മിലുള്ള വ്യത്യാസങ്ങളിലേക്ക് ഈ ചർച്ച സാവധാനം വികസിക്കുന്നു.

‘ശാസ്ത്രത്തിൻ്റെ ലക്ഷ്യം പ്രകൃതിയെ അറിയുക എന്നതാണ്, അതേസമയം സാങ്കേതികവിദ്യയുടെ ലക്ഷ്യം നിർമ്മിതികളിലൂടെ പ്രകൃതിയിൽ മാറ്റങ്ങൾ ഉണ്ടാക്കുക എന്നതാണ്’ – പ്രബീർ എഴുതുന്നു. ചരിത്രപരമായി പരിശോധിച്ചാൽ ശാസ്ത്രജ്ഞർ സർവ്വകലാശാലാപശ്ചാത്തലത്തിൽ നിന്നും സാങ്കേതികവിദഗ്ദ്ധർ കൈകൾ ഉപയോഗിച്ച് നിർമ്മിതിയിൽ ഏർപ്പെടുന്ന സംവിധാനങ്ങളിൽ (പ്രബീറിന്റെ ഭാഷയിൽ ‘trade schools’) നിന്നും ആണ് വൈദഗ്ധ്യം നേടിയിരുന്നത്. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സാങ്കേതികവിദഗ്ധരിൽ നിന്നും വ്യത്യസ്തമായി, ശാസ്ത്രജ്ഞർക്ക് തങ്ങളുടെ പഠനത്തിന്റെ ദാർശനികമായ (philosophical) അടിത്തറയെ കുറിച്ച് ബോധ്യമുണ്ടായിരുന്നു എന്ന് പ്രബീർ നിരീക്ഷിക്കുന്നു. അങ്ങനെ ചരിത്രത്തിലുടനീളം, ശാസ്ത്രം ആശയങ്ങളുടെയും വിജ്ഞാനത്തിന്റെയും ലോകമായി, വരേണ്യമായി, പരിഗണിക്കപ്പെട്ടു. മറിച്ചു സാങ്കേതികവിദ്യ, ശാസ്ത്രം ഉപയോഗിച്ച് ചെയ്യുന്ന ‘ക്രാഫ്റ്റ്’ മാത്രമായി ഇകഴ്ത്തപ്പെട്ടു. പ്രബീർ  നിരീക്ഷിക്കുന്നതുപോലെ ശാസ്ത്രം, സാങ്കേതികവിദ്യ, സമൂഹം എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ സാങ്കേതികവിദഗ്ധരുടെ വീക്ഷണകോണിൽ നിന്നുള്ള കാഴ്ചകൾ വലിയ രീതിയിൽ നിരാകരിക്കപ്പെട്ടു.

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ജോലികൾ നിർവ്വഹിക്കുകയും മുൻകൂട്ടി നിശ്ചയിച്ച ഫലങ്ങൾ നൽകുകയും ചെയ്യുന്ന നിർമ്മിതികൾക്ക് ശാസ്ത്രത്തെ ഉപയോഗിക്കുകയാണ് സാങ്കേതികവിദഗ്ദ്ധർ ചെയ്യുന്നത്. ഇത്തരം നിർമ്മിതികൾ തിരിച്ച് ശാസ്ത്രത്തിന്റെ വളർച്ചയുടെ സഹായിയാകുന്നു (ഉദാ: ടെലസ്കോപ്). അറിയുന്നതും അറിയാത്തതും തമ്മിലുള്ള വിടവ് നികത്തുന്നത് ശാസ്ത്രമാണെങ്കിൽ അതിനു സഹായിയാകുന്നത് സാങ്കേതികവിദ്യയാണ്. ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ രണ്ടു വ്യസ്ത്യസ്തവിജ്ഞാനരൂപങ്ങളുടെ  ഈ പരസ്പരാശ്രിതത്വത്തിന്റെ ചരിത്രവും തത്വചിന്തയും സാമൂഹികപ്രസക്തിയും പുസ്തകത്തിൽ ഉടനീളം ചർച്ച ചെയ്യുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും പരസ്പര പൂരകങ്ങൾ ആണെങ്കിലും സാങ്കേതികവിദ്യയെ ശാസ്ത്രത്തിന്റെ ഒരു ഉല്പന്നമായി മാത്രം കാണുന്നതിലെ അനീതിയെ കുറിച്ചാണ് പ്രബീർ സംസാരിക്കുന്നത്. ലോകത്തെ മെനയുന്നതിൽ തലച്ചോറിന്റെ പങ്ക് പ്രകീർത്തിക്കപ്പെടുമ്പോൾ കൈകളുടെ പങ്ക് ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ പ്രശ്നത്തെ ഒരു ‘ക്ലാസ്’ പ്രശ്നമായി കൂടി പ്രബീർ കാണുന്നു.

സാമ്പത്തികസമത്വത്തിലേക്കും സാമൂഹികനീതിയിലേക്കും നയിക്കുന്ന ചാലകശക്തി കൂടിയായ സാങ്കേതികവിദ്യ ഒരു സാമൂഹിക വിഷയം കൂടി ആണ്. ശാസ്ത്രത്തിൽ നിന്നും വിഭിന്നമായി സാങ്കേതികവിദ്യ വർഗ്ഗപരവും ഉൽപ്പാദനശക്തികളുടെ ഉപകരണവും ആകുന്നു. ഈ വീക്ഷണകോണിൽ നിന്നാണ് പുസ്തകത്തിലെ പ്രധാനചർച്ചാവിഷയം – വിജ്ഞാനത്തിന്റെ ഉടമാവകാശം സ്വകാര്യമാണോ അതോ അറിവ് മനുഷ്യരാശിയുടെ പൊതുപൈതൃകമാണോ എന്നത് – പ്രബീർ സംസാരിക്കുന്നത്.

മനുഷ്യരാശിയുടെ ആവശ്യങ്ങൾക്കനുസൃതമായാണ് വിജ്ഞാനമണ്ഡലം വികസിച്ചുവന്നത് എന്നതിൽ അഭിപ്രായവ്യത്യാസമില്ല. ചരിത്രപരമായി പരിശോധിച്ചാൽ, അറിവ് തേടൽ ഏതൊക്കെ ദിശകളിൽ ആയിരിക്കണം, അറിവ് എവിടെയെല്ലാം വിന്യസിക്കണം, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമ്മിതികൾ എവിടെയെല്ലാം എങ്ങനെയെല്ലാം ആയിരിക്കണം എന്ന തീരുമാനങ്ങളെല്ലാം ചില സാമൂഹിക-സാമ്പത്തിക ഘടകങ്ങളുടെ നിയന്ത്രണത്തിൽ ആണെന്ന് പ്രബീർ നിരവധി ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്നു. ലിംഗഭേദം, വംശം, ജാതി തുടങ്ങി നിരവധി ആന്തരികമായ ഘടകങ്ങളും ഭരണവർഗ്ഗത്തിന്റെ താല്പര്യം പോലെയുള്ള ബാഹ്യഘടകങ്ങളും ഇതിൽ ഉൾപ്പെടും.

ഈ പ്രക്രിയയിൽ മൂലധനത്തിന്റെ (capital) പങ്ക് പുസ്തകത്തിൽ, വിശേഷിച്ചും ഒന്നാം ഭാഗത്തിൽ (Knowledge for All: Capital vs. the People), വിശകലനം ചെയ്യുന്നു. മൂലധനാധിഷ്‌ഠിത സമൂഹത്തിന്റെ ലക്ഷ്യം ലാഭം ആണല്ലോ. വിജ്ഞാനമണ്ഡലത്തിൽ എവിടെയെല്ലാം വികാസം സംഭവിക്കണം എന്ന തിരഞ്ഞെടുപ്പ് മിക്കപ്പോഴും മൂലധനത്തിന്റെ പുനരുല്പാദനം അനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. മാത്രമല്ല, പലപ്പോഴും ഈ പ്രക്രിയയിൽ വിജ്ഞാനത്തിന്റെ ലഭ്യത നിയന്ത്രിതമാകുകയും ചെയ്യുന്നു എന്ന് പ്രബീർ നിരീക്ഷിക്കുന്നു. മൂലധനാധിഷ്ഠിതമായ സ്വകാര്യവൽക്കരണം അറിവിനെ എങ്ങനെ സ്വകാര്യസ്വത്ത് ആക്കുന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ കാണാം. നവലിബറൽ സംവിധാനത്തിൽ മൂലധനം അറിവിനെയും അറിവുൽപന്നങ്ങളെയും നിയന്ത്രിക്കുന്നത് പേറ്റന്റുകളിലൂടെയും ബൗദ്ധികസ്വത്തവകാശങ്ങളിലൂടയും (intellectual property rights) ആണ്.  പേറ്റന്റുകളുടെയും പകർപ്പവകാശനിയമങ്ങളുടെയും ചരിത്രവും പിന്നീട് അവയുടെ മൗലികരീതികളിൽ നിന്നുള്ള വ്യതിചലനവും പുസ്തകത്തിൽ വായിക്കാം. പൊതുമുതൽ ആശ്രയിച്ചുള്ള ഗവേഷണപ്രവർത്തനങ്ങളിൽ പോലും ഈ സംവിധാനങ്ങൾ വിജ്ഞാനവിതരണത്തെ നിയന്ത്രിക്കുന്നതായി കാണാം. COVID-19 വാക്സിൻ ഫലപ്രദമായ രീതിയിൽ ലോകമെങ്ങും വിന്യസിക്കാൻ സാധിക്കാത്തത്, എയ്ഡ്സ് ബാധിതർക്കുള്ള ചികിത്സ വലിയൊരു വിഭാഗത്തിന് അപ്രാപ്യമായിരുന്നത് തുടങ്ങിയവ നീതിയുക്തമല്ലാത്ത പേറ്റന്റ് സംവിധനത്തിന്റെ പ്രതികൂല ഫലങ്ങളാണ്.

വിജ്ഞാനം മാനവരാശിയുടെ പൊതുസ്വത്താവുമ്പോൾ തന്നെ അറിവുത്പാദനം ഒരു രാജ്യത്തിന്റെ സ്വാശ്രയത്വത്തിന്റെ സൂചകമാകുന്നതിന്റെ സങ്കീർണ്ണതകൾ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആഭ്യന്തരവിപണിയെ സംരക്ഷിക്കുന്ന സാമ്പത്തികനയങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പോഷിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ ഇന്ത്യൻ വിപണി പൂർണ്ണമായും സ്വതന്ത്രമാകുന്നതിനു പകരം സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യേണ്ടി വന്ന അവസ്ഥയെ കുറിച്ച് പുസ്തകത്തിൽ പ്രബീർ സംസാരിക്കുന്നു.

പുസ്തകത്തിന്റെ അവസാനഭാഗം ഈ ശാസ്ത്രദിനത്തിൽ വളരെ പ്രസക്തമാണ്. യുക്തിചിന്തക്കും ശാസ്ത്രബോധത്തിനും എതിരെ ഹിന്ദുത്വഭരണകൂടം നടത്തുന്ന കടന്നുകയറ്റതിനെ കുറിച്ച് പുസ്തകത്തിൽ സംസാരിക്കുന്നുണ്ട്. സ്വാതന്ത്രസമരകാലത്തും അതിനു ശേഷം ആധുനിക ഇന്ത്യയുടെ നിർമ്മാണത്തിലും ശാസ്ത്ര-സാങ്കേതികവിദ്യക്ക് നൽകിയ പ്രാധാന്യം വളരെ വലുതായിരുന്നു. അംബേദ്‌കർ – നെഹ്‌റു , സുഭാഷ് ചന്ദ്രബോസ് -നെഹ്‌റു ദ്വന്ദങ്ങളിൽ ഊന്നിയുള്ള ചർച്ചകൾക്കിടയിലും അവർ കയ്യാളിയിരുന്ന വിശാലമായ പുരോഗമനലക്ഷ്യങ്ങളും അവയുടെ അടിസ്ഥാനമായ ശാസ്ത്രാവബോധവും പ്രസക്തമാണ്. എന്നാൽ പിന്നീട് വന്ന വലതുപക്ഷ സർക്കാരുകൾ ഈ സംവിധാനത്തെ നിരന്തരം തകർത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശകമായി അതിന്റെ ഏറ്റവും വികൃതമായ ഭാവങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മഹാഭാരതത്തിലെ ജനറ്റിക് എൻജിനീയറിങ്, പുഷ്പകവിമാനത്തിലെ എയ്റോനോട്ടിക്സ് തുടങ്ങിയ ‘ഔദ്യോഗിക’ കപടശാസ്ത്രപ്രചരണങ്ങൾ, വിദ്യാർഥികൾ പരിണാമം പഠിക്കേണ്ട എന്ന തീരുമാനം, ഗവേഷണ ഫണ്ടിങ്ങുകൾ വെട്ടിക്കുറയ്ക്കൽ, വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവൽക്കരണം, ആസൂത്രണ കമ്മീഷനെ നീതി ആയോഗുമായി വച്ച് മാറിയത്, ഭരണഘടനക്കു മുകളിൽ മനുസ്മൃതിയുടെ പ്രതിഷ്ഠ  തുടങ്ങിയവയെല്ലാം ശാസ്ത്രബോധത്തെ കുഴിച്ചുമൂടുകയും അറിവ് ഒരു പൊതുസ്വത്ത് എന്ന ആവശ്യകതയെ ഇല്ലാതാക്കുകയും അതിനെ പൂർണ്ണമായും മൂലധനത്തിന് അടിപ്പെടുത്തുകയും ചെയ്യുന്നതിന്റെ മുന്നൊരുക്കങ്ങളാണ്.

ചരിത്രപഠനം ശാസ്ത്രാന്വേഷണത്തിൽ നിന്നും  വേറിട്ട് നിൽക്കുന്ന ഒന്നല്ല. ഭൂതകാലത്തെ വാഴ്ത്തുന്നതല്ല, മറിച്ച് അതിനെ യുക്തിപരവും വിമർശനാത്മകവുമായി വിശകലനം ചെയ്യുന്നതാണ് യഥാർത്ഥ ചരിത്രപഠനം. അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യൻ ഭരണകൂടം  ശാസ്ത്രബോധത്തിനെ ഇല്ലാതാക്കാൻ നടത്തുന്ന ഊർജ്ജിത പ്രവർത്തനം യഥാർത്ഥ ഇന്ത്യൻചരിത്രത്തെ മായ്ചുകളയുന്ന  അജണ്ടയുടെ ഭാഗം കൂടെ ആണ് എന്ന് പ്രബീർ വിശദീകരിക്കുന്നുണ്ട്. അതായത് ശാസ്ത്രകോൺഗ്രസ്സുകളിൽ മൂഢ പ്രസംഗങ്ങൾ നടത്തുമ്പോഴും പള്ളിയുടെ ഓർമ്മയെ സമൂലം മായ്ച്ചു കളയുമ്പോഴും ചെയ്യുന്നത് ഒരേ സിദ്ധാന്തത്തിന്റെ പ്രാണപ്രതിഷ്ഠ തന്നെ.

വിജ്ഞാനം പൊതുസ്വത്തായിരിക്കുക എന്നത് ചരിത്രത്തെ ധാർമികമായി പഠിക്കുന്നതിന്റെയും സാമൂഹ്യനീതി നിറവേറ്റുന്നതിന്റെയും ഭാഗമാണ്. അത് കൃത്യമായി നടപ്പാക്കപ്പെടാതിരിക്കാൻ പ്രത്യേകശ്രദ്ധ നൽകുന്ന ഭരണകൂടത്തിനെയാണ് നാം ഇന്ന് കാണുന്നത്. ഈ പുസ്തകം മാത്രമല്ല, ഇപ്പോഴും ജയിൽവാസം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇതിന്റെ എഴുത്തുകാരനും ആ വ്യവസ്ഥക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് എന്ന് കൂടി ഈ ശാസ്ത്രദിനത്തിൽ നമുക്ക് ഓർക്കാം.


Knowledge as Commons

Towards Inclusive Science and Technology

Prabir Purkayastha

LeftWord Books, New Delhi, 2023


ശാസ്ത്രവായന

ഏറ്റവും പുതിയ ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടാം


Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്ത്രത്തോടുള്ള പൊതുജന സമീപനം – സ്റ്റീഫൻ ഹോക്കിംഗ്
Next post രാജ്യത്ത് അശാസ്‌ത്രീയതയ്ക്കും അന്ധ വിശ്വാസത്തിനും പ്രചാരമേറുന്നു – ഡോ.സി.പി. രാജേന്ദ്രൻ
Close