Read Time:29 Minute

സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ കൂടുതൽ പരിഗണന കാണിക്കണം എന്ന് പലരും പലപ്പോഴും എന്നോട് പറയാറുണ്ട്. പ്രത്യേകിച്ച് ശാസ്ത്രം സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച്. ശാസ്ത്രത്തിനായി ചിലവിടുന്ന സമയത്തേക്കാൾ സാമൂഹിക പ്രശ്ങ്ങൾക്കായി ശാസ്ത്രജ്ഞർ സമയം ചിലവിട്ടാൽ അതുകൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാകും എന്ന് കരുതുന്നവരുണ്ട്. 

ഞങ്ങൾ ശാസ്ത്രജ്ഞർ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ഇടയ്ക്കൊക്കെ അലോചിക്കാറുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാന്ത്രിക വടിയൊന്നും ഞങ്ങളുടെ കയ്യിലില്ല. സത്യത്തിൽ ശാസ്ത്രീയ പ്രശ്നങ്ങളേക്കാൾ ദുഷ്‌കരമാണ് സാമൂഹിക പ്രശ്നങ്ങൾ. 

മറ്റൊരു കാര്യം, തങ്ങൾക്ക് പരിചിതമല്ലാത്ത മേഖലയിൽ ശാസ്ത്രജ്ഞർ പറയുന്ന അഭിപ്രായം മറ്റാര് പറയുന്നതുപോലെയും ബുദ്ധിശൂന്യമാവാം എന്നതാണ്. അതുകൊണ്ടുതന്നെ, സയൻസിന്റെ മൂല്യബോധം എന്ന ഈ വിഷയവും ഒരു ശാസ്ത്രീയ വിഷയമല്ല എന്നതിനാൽ, ഞാൻ ഇനി പറയുന്നതും ബുദ്ധിശൂന്യമായി തോന്നിയേക്കാം. 

ശാസ്ത്രത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ആദ്യ ധാരണ നമുക്കെല്ലാം പരിചിതമാണ്. പല കാര്യങ്ങൾ ചെയ്യാനും പല വസ്തുക്കൾ ഉണ്ടാക്കാനും ശാസ്ത്രം സഹായിക്കുന്നു എന്നതാണത്. നമ്മൾ നല്ല വസ്തുക്കൾ ഉണ്ടാക്കുമ്പോൾ അതിന്റെ ക്രെഡിറ്റ് ശാസ്ത്രത്തിന് മാത്രമുള്ളതല്ല. നല്ല കാര്യങ്ങൾ ചെയ്യാനുള്ള തീരുമാനമെടുക്കുന്നതിൽ സമൂഹം പുലർത്തുന്ന ധാർമിക ബോധത്തിനും അവകാശപ്പെട്ടതാണ്. നല്ലതും ചീത്തയും ചെയ്യാൻ കഴിയുന്ന ഒരു ആധികാരിക ശക്തി ശാസ്ത്രത്തിനുണ്ട്. എന്നാൽ ഈ ശക്തി കൊണ്ട് എന്തുചെയ്യണം എന്ന് ശാസ്ത്രം നിർദേശിക്കുന്നുമില്ല. ഈ ശക്തിക്ക് ഒരു മൂല്യമുണ്ട്. അത് ഉപയോഗിക്കുന്നവർ ആ മൂല്യത്തെ നിഷേധിക്കാൻ സാധ്യതയുണ്ടെങ്കിലും. 

ഈ മാനുഷിക പ്രശ്നത്തെ എങ്ങനെ സമീപിക്കണം എന്ന് ഞാൻ പഠിച്ചത് ഹോണോലുലുവിലേക്കുള്ള ഒരു യാത്രയിലാണ്. അവിടെ ഒരു ബുദ്ധിസ്റ്റ് ക്ഷേത്രത്തിൽ ബുദ്ധ ദർശനം വിശദീകരിക്കുന്ന ഗൈഡ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത് മറക്കാൻ കഴിയാത്ത ഒരു ചെറിയ ബുദ്ധിസ്റ്റ് പഴഞ്ചൊല്ല് കൊണ്ടാണ്. 

“എല്ലാ മനുഷ്യർക്കും സ്വർഗത്തിലേക്കുള്ള വാതിൽ തുറക്കാവുന്ന ഒരു താക്കോൽ കൊടുത്തിട്ടുണ്ട്. എന്നാൽ നരകത്തിലേക്കുള്ള വാതിൽ തുറക്കുന്നതും അതേ താക്കോൽ ഉപയോഗിച്ചാണ്.”

എങ്കിൽ സ്വർഗത്തിലേക്ക് തുറക്കുന്ന താക്കോലിന്റെ മൂല്യം എന്താണ്? ഏതാണ് സ്വർഗത്തിലേക്കുള്ള വാതിൽ, ഏതാണ് നരകത്തിലേക്കുള്ള വാതിൽ എന്നറിയാതിരുന്നാൽ ഈ താക്കോൽ വലിയ അപകടം വരുത്തിവയ്ക്കില്ലേ? 

എന്നാൽ ഈ താക്കോലിന് ഒരു മൂല്യമുണ്ട്. ഇതില്ലെങ്കിൽ സ്വർഗത്തിലേക്കുള്ള വാതിൽ തുറക്കാൻ പറ്റില്ല. താക്കോൽ ഇല്ലെങ്കിൽ അത് തുറക്കുന്ന വാതിലുകളെക്കുറിച്ചുള്ള നിർദേശങ്ങൾക്കും പ്രസക്തി ഇല്ലല്ലോ. വലിയ നേട്ടങ്ങളിലേക്കുള്ള വാതിൽ തുറക്കാൻ ഈ താക്കോൽ സഹായിക്കും എന്നതിൽ ഒരു സംശയവുമില്ല. 

ശാസ്ത്രം കൊണ്ടുള്ള മറ്റൊരു മൂല്യം ചിലരെ അത് ബൗദ്ധികമായ പ്രവർത്തനങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്നു എന്നതാണ്. വായന, പഠനം, അതേക്കുറിച്ചുള്ള ചിന്ത എന്നതൊക്കെ ആസ്വദിക്കുന്ന മനുഷ്യരുണ്ട്. അതേപോലെ ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് ആസ്വദിക്കുന്നവരുമുണ്ട്. ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്. ശാസ്ത്രജ്ഞർ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടണം എന്ന് പറയുന്നവർ വേണ്ടത്ര പരിഗണിക്കാത്ത ഒരു കാര്യം. 

ഇത് വെറും വ്യക്തിപരമായ സന്തോഷത്തിന്റെ മാത്രം കാര്യമാണോ? അല്ല. സമൂഹം എന്തിനാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. പലതരം കാര്യങ്ങൾ ആസ്വദിക്കാനാണ് സമൂഹം രൂപപ്പെട്ടതെങ്കിൽ ശാസ്ത്രത്തിന്റെ ആസ്വാദനവും അതിന്റെ ഭാഗം തന്നെയാണ്. 

എന്നാൽ ശാസ്ത്രത്തിന്റെ വളർച്ചയുടെ ഭാഗമായുണ്ടായ ലോകവീക്ഷണത്തിന്റെ മൂല്യവും വളരെ പ്രധാനപ്പെട്ടതാണ്. ഇതേവരെ കവികളും സ്വപ്‌നാടകരും ഭാവനയിൽ കണ്ടതിനേക്കാൾ അനന്തവും ആശ്ചര്യജനകവുമായ കാര്യങ്ങളാണ് ശാസ്ത്രം വിഭാവന ചെയ്തത്. അതിനർത്ഥം മനുഷ്യന് സാധിക്കുന്നതിനേക്കാൾ ഭാവന പ്രകൃതിക്കുണ്ട് എന്നാണ്. ഉദാഹരണത്തിന്, വിശാലമായ ആകാശത്തിൽ നൂറു കണക്കിന് ദശലക്ഷം വർഷങ്ങളായി ഭ്രമണം ചെയ്യുന്ന ഒരു ഗോളത്തിൽ നിഗൂഢമായ ഒരു ആകർഷണത്താൽ ഒട്ടിച്ചേർന്നു നിൽക്കുന്ന, അതും അതിൽ പകുതി തലകീഴായി, മനുഷ്യരെപ്പറ്റിയുള്ള ചിത്രം അഗാധമായ സമുദ്രത്തിൽ നീന്തുന്ന ആമയുടെ മുകളിലെ ആനയുടെ ചിത്രത്തേക്കാൾ എത്രയോ ആശ്ചര്യജനകമാണ്. 

ഇതേക്കുറിച്ച് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. എങ്ങനെയാണ് ശാസ്ത്രത്തിന് ഇത്രയേറെ അത്ഭുതകരമായ ഭാവന സാധ്യമായത് എന്ന്. അതിന്റെ പ്രധാന കാരണം പഴയ കാലത്തേക്കാൾ ഏറെ അറിവ് നമുക്ക് ഇക്കാലത്ത് കൈവന്നു എന്നത് തന്നെയാണ്. 

ഉദാഹരണത്തിന്, തനിച്ച് കടൽത്തീരത്ത് നിൽക്കുമ്പോൾ എന്റെ ചിന്ത പോകുന്നത് ഇങ്ങനെയാണ് “ഈ തിരമാലകൾ തന്മാത്രകളുടെ കൂമ്പാരമാണ് വിഡ്ഢികളെപ്പോലെ സ്വന്തം കാര്യം നോക്കുന്ന ട്രില്യൺ കണക്കിന് തന്മാത്രകൾ എന്നാൽ ഒരുമിച്ച് അവ ജലത്തിന്റെ പ്രതലത്തിൽ പതയുണ്ടാക്കുന്നു. യുഗങ്ങളായി ഒരു കണ്ണും അവയെ കാണുന്നതിന് മുൻപ് വർഷം തോറും ഇപ്പോഴെന്ന പോലെ തീരത്ത് അടിച്ചുകൊണ്ടിരിക്കുന്നു ആർക്കുവേണ്ടി, എന്തിനുവേണ്ടി? ഇത് ആസ്വദിക്കാൻ ഒരു ജീവനും ഇല്ലാത്ത മരിച്ച ഒരു ഗ്രഹത്തിൽ ഒരു വിശ്രമവും ഇല്ലാതെ സൂര്യൻ അതിശയകരമായി പാഴാക്കുന്ന ഊർജത്താൽ പീഢിതരായി ആ ശക്തിയിൽ അലറുന്ന കടൽ കടലിന്റെ അഗാധതയിൽ എല്ലാ തന്മാത്രകളും അവയുടെ ചിത്രഭംഗിയെ അന്യോന്യം ബഹുമാനിക്കുന്നു പുതിയ സങ്കീർണ രൂപങ്ങൾ രൂപപ്പെടുന്നതുവരെ അവ പുനരാവിഷ്‌ക്കരിക്കുന്നു പുതിയ നൃത്തം തുടങ്ങുന്നു വലിപ്പവും സങ്കീർണതയും ഏറുന്നു ജീവജാലങ്ങൾ അണുക്കളുടെ കൂട്ടങ്ങൾ DNA, പ്രോട്ടീൻ കൂടുതൽ സങ്കീർണമായ നൃത്തവിന്യാസം തൊട്ടിലിൽ നിന്ന് ഉണങ്ങിയ മണ്ണിലേക്ക് ഇതാ രൂപമെടുക്കുന്നു ബോധമുള്ള അണുക്കൾ ജിജ്ഞാസയുള്ള ദ്രവ്യം കടൽത്തീരത്ത് നിൽക്കുന്നു ഞാൻ, ഈ വിസ്മയങ്ങളിൽ വിസ്മയിച്ച് അണുക്കളുടെ പ്രപഞ്ചം പ്രപഞ്ചത്തിൽ ഒരു അണു” 

ഏത് ചോദ്യവും ഒരല്പം അഗാധമായി പരിശോധിച്ചാൽ ഇതേ നിഗൂഢതയും ആവേശവും വിസ്മയവും വീണ്ടും വീണ്ടും നമുക്ക് അനുഭവപ്പെടും. അറിവിന്റെ അഗാധതയിൽ വിസ്മയകരമായ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ടാവും, കൂടുതൽ ആഴത്തിലേക്ക് പോകാൻ നമ്മെ പ്രേരിപ്പിച്ചുകൊണ്ട്. ചിലപ്പോൾ നമുക്ക് ലഭിക്കുന്ന ഉത്തരങ്ങൾ നിരാശാജനകം ആയേക്കാം. അതൊന്നും പരിഗണിക്കാതെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും നമ്മൾ ഓരോ കല്ലുകളായി എടുത്തുമാറ്റി കൂടുതൽ വിസ്മയകരമായ ചോദ്യങ്ങളും നിഗൂഢതകളും തേടും. നമുക്ക് ഭാവനയിൽ പോലും കാണാൻ കഴിയാത്ത വൈചിത്ര്യം നിറഞ്ഞ ലോകത്തേക്ക് സാഹസിക യാത്ര നടത്തും. 

നമ്മുടെ കവികൾ അതേക്കുറിച്ച് എഴുതില്ല. നമ്മുടെ കലാകാരന്മാർ ഈ ശ്രദ്ധേയമായ കാര്യം ആവിഷ്‌ക്കരിക്കില്ല. അതെന്തുകൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. നമ്മുടെ പ്രപഞ്ചത്തിന്റെ ഇപ്പോഴറിവുള്ള ഘടന ഇവരെ പ്രചോദിപ്പിക്കുന്നില്ലേ? ശാസ്ത്രത്തിന്റെ ഈ മൂല്യം ഒരു ഗായകനും ആലപിക്കുന്നില്ല. ഇതേക്കുറിച്ച് പാട്ടുകൾക്കും കവിതകൾക്കും പകരം സായാഹ്‌ന പ്രഭാഷണങ്ങൾ കേൾക്കാൻ മാത്രമാണ് നമ്മുടെ വിധി. ഇത് ഇപ്പോഴും ഒരു ശാസ്ത്ര യുഗം ആയി മാറിക്കഴിഞ്ഞിട്ടില്ല. 

ഈ മൗനത്തിന് ഒരു കാരണം, ഒരുപക്ഷേ, നമുക്ക് സംഗീതത്തിന്റെ ചിഹ്നഭാഷ വായിക്കാൻ അറിയണം എന്നതാവാം. ഉദാഹരണത്തിന് ഒരു ശാസ്ത്ര ലേഖനം നോക്കൂ: “എലിയുടെ തലച്ചോറിലെ റേഡിയോആക്റ്റിവ് ഫോസ്‌ഫറസിന്റെ അളവ് രണ്ടാഴ്ചക്കുള്ളിൽ പകുതിയായി കുറയുന്നു.” എന്താണ് ഇതിന്റെ അർത്ഥം? 

ഇതിനർത്ഥം, എലിയുടെ-ഒപ്പം എന്റെയും നിങ്ങളുടേയും-തലച്ചോറിലുള്ള ഫോസ്‌ഫറസിന്റെ അളവ് രണ്ടാഴ്ച്ച മുൻപ് ഉണ്ടായിരുന്നത്ര ഉണ്ടാവില്ല. എന്നുവച്ചാൽ, നമ്മുടെ മസ്തിഷ്കത്തിലെ ആറ്റങ്ങൾ മാറ്റിസ്ഥാപിക്കപ്പെട്ടിരിക്കുന്നു. പണ്ടുണ്ടായിരുന്നവ ഇപ്പോൾ അവിടെയില്ല. 

അപ്പോൾ നമ്മുടെ മനസ്സ് എന്ന് പറയുന്നത് എന്താണ്: ബോധമുള്ള ആറ്റങ്ങൾ എന്നാൽ എന്താണ്? കഴിഞ്ഞ ആഴ്ചയിലെ ഉരുളക്കിഴങ്ങുകൾ!! അവയ്ക്ക് കഴിഞ്ഞ വർഷം നടന്ന സംഭവങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്- പണ്ടേ മാറ്റിസ്ഥാപിക്കപ്പെട്ട മനസ്സിന്. 

നമ്മുടെ തലച്ചോറിലെ ഓരോ ആറ്റത്തേയും പുനഃസ്ഥാപിക്കാനെടുക്കുന്ന സമയം എത്രയാണ് എന്ന് കണ്ടെത്തുമ്പോഴാണ് ഞാൻ എന്റെ വ്യക്തിത്വം എന്ന് വിളിക്കുന്നത് ഒരു നൃത്തമോ ഒരു പാറ്റേണോ ആണ് എന്ന് മനസ്സിലാവുന്നത്. ഒരു ആറ്റം എന്റെ തലച്ചോറിൽ വരുന്നു നൃത്തം ചെയ്യുന്നു പുറത്തേക്കുപോകുന്നു. എപ്പോഴും പുതിയ ആറ്റങ്ങൾ, എന്നാൽ പഴയ നൃത്തത്തിന്റെ ഓർമ്മയിൽ ചെയ്യുന്നതിനാൽ നൃത്തത്തിൽ മാറ്റമില്ല. 

ഇതേക്കുറിച്ച് പത്രത്തിൽ നമ്മൾ വായിക്കുന്നത് “ഈ കണ്ടുപിടുത്തത്തിന് കാൻസർ ചികിത്സയിൽ പ്രധാന പങ്കുവഹിക്കാൻ കഴിയും” എന്നാവും. പത്രത്തിന് ആശയങ്ങളുടെ ഉപയോഗത്തിൽ മാത്രമാണ് താത്പര്യം, ആശയത്തിലല്ല. ഈ ആശയത്തിന്റെ പ്രാധാന്യം ആർക്കും മനസ്സിലാവുന്നില്ല, അത് വളരെ അനാകർഷകമായി കിടക്കുന്നു. ചിലപ്പോൾ അപൂർവമായി ചില കുട്ടികൾ ഇതിൽ ആകൃഷ്ടരാവുന്നു. അങ്ങനെ ആകൃഷ്ടരാവുന്ന കുട്ടികളാണ് ശാസ്ത്രജ്ഞരാവുന്നത്. സർവകലാശാലകളിൽ എത്തുമ്പോഴേക്കും അവർക്ക് ഈ ഉത്സാഹം നഷ്ടപ്പെട്ടുപോയേക്കും. അതുകൊണ്ടാണ് കുട്ടികളോട് തന്നെ ഇതൊക്കെ വിശദീകരിക്കണം എന്ന് ഞാൻ പറയുന്നത്. 

ശാസ്ത്രത്തിന്റെ മറ്റൊരു മൂല്യം കൂടി ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് അത്ര പ്രത്യക്ഷമല്ല എന്നാൽ അപ്രസക്തവുമല്ല. ശാസ്ത്രജ്ഞർക്ക് സംശയം, അറിവില്ലായ്മ, അനിശ്ചിതത്വം എന്നീ കാര്യങ്ങളിൽ നല്ല പരിചയമാണ്. ഈ പരിചയം പ്രധാനമാണ് എന്ന് ഞാൻ കരുതുന്നു. ഒരു പ്രശ്നത്തിന്റെ പരിഹാരം നിർദേശിക്കാൻ കഴിയാത്തത് അറിവില്ലായ്മ മൂലമാണ്. എന്തായിരിക്കാം പരിഹാരം എന്ന ആലോചന നയിക്കുന്നത് അനിശ്ചിതത്വത്തിലേക്കാണ്. ഫലം എന്താണ് എന്ന് ഉറപ്പുള്ളപ്പോഴും അയാൾ സംശയാലുവാണ്. പുരോഗതിയിലേക്ക് നയിക്കുന്നത് അറിവില്ലായ്മയെക്കുറിച്ചുള്ള അറിവും നിരന്തരമായ സംശയവുമാണ്. നിശ്ചിതത്വത്തിന്റെ വിവിധ ഗ്രേഡുകളാണ് ശാസ്ത്രവിജ്ഞാനം എന്ന് പറയുന്നത്: ഒട്ടും നിശ്ചയമില്ല, ഏകദേശം ഉറപ്പുണ്ട് എന്നാൽ പൂർണമായ ഉറപ്പ് ഒന്നിലുമില്ല.

ഈ രീതി ശാസ്ത്രജ്ഞർക്ക് വളരെ പരിചിതമാണ്. അറിവില്ലായ്മ അവരെ ഭയപ്പെടുത്തുന്നില്ല. പൂർണമായ അറിവില്ലാതെ തന്നെ നമുക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാം. എന്നാൽ പലരും ഇത് വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. ശാസ്ത്രത്തിന്റെ ആദ്യകാലത്ത് അധികാരത്തോടുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സംശയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായത്. അത് വലിയ നീണ്ട ഒരു പോരാട്ടമായിരുന്നു. ഞങ്ങളെ ചോദ്യം ചെയ്യാൻ, സംശയിക്കാൻ, ഉറപ്പില്ലാതെ ജീവിക്കാൻ അനുവദിക്കൂ. ഈ പോരാട്ടം നമ്മൾ മറന്നുപോകരുത്. എങ്കിൽ ഇപ്പോൾ നേടിയതും നമുക്ക് നഷ്ടമായിപ്പോകും. അവിടെയാണ് സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം കിടക്കുന്നത്. 

മനുഷ്യന് അത്ഭുതകരമാം വിധം സാധ്യമായതിന്റെ വളരെക്കുറച്ചുമാത്രമേ നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നതിൽ നമുക്ക് പലപ്പോഴും ഖേദമുണ്ട്. ഇതേക്കാൾ കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും എന്നാണ് ആളുകൾ ചിന്തിക്കുന്നത്. പഴയ കാലത്തേ ആളുകൾ അവരുടെ പേടിസ്വപ്നത്തിലാണ് ഭാവിയെ സ്വപ്നം കണ്ടത്. അവരുടെ ഭാവിയിൽ ജീവിക്കുന്ന നമ്മൾ അവരുടെ സ്വപ്‌നങ്ങൾ പലപ്പോഴും സ്വപ്നങ്ങളായി തുടർന്നതേയുള്ളു എന്ന് കാണുന്നു. ഭാവിയെക്കുറിച്ചുള്ള ഇന്നത്തെ ആഗ്രഹങ്ങൾ പലപ്പോഴും ഇന്നലത്തേത് തന്നെയാണ്. 

ജനതയുടെ അറിവില്ലായ്മ കൊണ്ടാണ് സാധ്യമായ പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയാതെപോയത് എന്ന് നമ്മൾ കരുതുന്നു. സാർവത്രിക വിദ്യാഭ്യാസം കൊണ്ട് എല്ലാവരും വോൾട്ടയർ ആയി മാറുമോ? നല്ല കാര്യങ്ങൾ എന്നപോലെ ചീത്ത കാര്യങ്ങളും പഠിപ്പിക്കാൻ കഴിയുമല്ലോ. വിദ്യാഭ്യാസം നല്ലതിനുമാവാം ചീത്തയ്ക്കുമാവാം. രാഷ്ട്രങ്ങൾ തമ്മിലുള്ള ആശയസംവേദനം അന്യോന്യം മനസ്സിലാക്കാൻ സഹായിക്കുന്നതാവണം എന്നതായിരുന്നു മറ്റൊരു സ്വപ്നം. എന്നാൽ ആശയസംവേദനത്തിനുള്ള ഉപകരണങ്ങളിൽ കൃത്രിമം ചെയ്യാൻ കഴിയും. ആശയവിനിമയം ചെയ്യുന്നത് സത്യമോ നുണയോ ആവാം. അതിന്റെയർത്ഥം ആശയവിനിമയം എന്ന ശക്തമായ ഉപാധിയും നല്ലതിനോ ചീത്തക്കോ വേണ്ടി ഉപയോഗിക്കാം എന്നതാണ്. 

ഭൗതികമായ പ്രശ്നങ്ങൾ പരിഹരിക്കാനെങ്കിലും പ്രായോഗിക ശാസ്ത്രം സഹായകമാവണം. ഉദാഹരണത്തിന് ഔഷധങ്ങൾ രോഗത്തെ ചികിൽസിക്കുന്നു. എന്നാൽ അവിടെയും യുദ്ധത്തിന്റെ ആവശ്യത്തിന് രോഗാണുക്കളും വിഷവും .ഉണ്ടാക്കുന്നവരുമുണ്ട്. 

ഒരുമാതിരി എല്ലാവരും യുദ്ധത്തെ വെറുക്കുന്നവരാണ്. സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മനുഷ്യരുടെ സാദ്ധ്യതകൾ ഏറ്റവും വളരുക സമാധാന കാലത്താണ്. എന്നാൽ, ഭാവിയിൽ സമാധാനം തന്നെ നല്ലതോ ചീത്തയോ ആയി മനുഷ്യർക്ക് തോന്നാം. സമാധാനപ്രിയരായ മനുഷ്യർ ബോറടി മാറ്റാൻ മദ്യപാനം തുടങ്ങിയേക്കാം. മനുഷ്യരുടെ സാദ്ധ്യതകൾ പൂർണമായും കൈവരിക്കുന്നതിനുള്ള തടസ്സമായി മദ്യപാനം മാറിയേക്കാം. 

ശാന്തമായ ജീവിതം, ആശയവിനിമയ സംവിധാനങ്ങൾ, ഭൗതിക ശക്തി, വിദ്യാഭ്യാസം, സത്യസന്ധത എന്നിങ്ങനെ സ്വപ്‌നാടകരായ മനുഷ്യരുടെ സ്വപ്‌നങ്ങൾ പോലെ സമാധാനവും മഹത്തായ ഒരു ശക്തിയാണ്. പണ്ട് ജീവിച്ചിരുന്നവരേക്കാൾ ഇത്തരം കൂടുതൽ ശക്തികളെ നിയന്ത്രിക്കേണ്ട ബാധ്യത ഇന്ന് ജീവിക്കുന്ന നമുക്കുണ്ട്. പണ്ട് അവർ ചെയ്തതിനേക്കാൾ മെച്ചമായി നമ്മൾ ഇപ്പോൾ അത് ചെയ്യുന്നുണ്ടാവാം. എന്നാൽ നമ്മുടെ ആശയക്കുഴപ്പം നിറഞ്ഞ നേട്ടങ്ങൾക്കിടയിൽ നമുക്ക് ചെയ്യാനുള്ളത് ഭീമാകാരമായി തോന്നാം. 

എന്തുകൊണ്ടാണിത്: എന്തുകൊണ്ടാണ് നമുക്ക് നമ്മളെ കീഴടക്കാൻ കഴിയാത്തത്? 

കാരണം വലിയ ശക്തികളും കഴിവുകളും അവയ്‌ക്കൊപ്പം അവയെ എങ്ങനെ നിയന്ത്രിക്കണം എന്നതിന്റെ നിർദേശങ്ങൾ നൽകുന്നില്ല. ഉദാഹരണത്തിന്, ഭൗതിക ലോകം എങ്ങനെയാണ് പെരുമാറുന്നത് എന്നതിനെ സംബന്ധിച്ച് നമ്മൾ ആർജ്ജിച്ചിട്ടുള്ള വലിയ അറിവുകൾ ഈ പെരുമാറ്റത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ചാവും നമ്മളെ ഓർമ്മിപ്പിക്കുക. ശാസ്ത്രം നേരിട്ട് നല്ലതോ ചീത്തയോ കാണിച്ചുതരില്ല. 

എല്ലാ കാലത്തും മനുഷ്യർ ജീവിതത്തിന്റെ അർത്ഥം തിരഞ്ഞിരുന്നു. നമ്മുടെ പ്രവർത്തനങ്ങൾക്ക് ദിശയോ അർത്ഥമോ കണ്ടെത്താൻ കഴിഞ്ഞാൽ വലിയ മാനുഷിക ശക്തികൾ കെട്ടഴിച്ചുവിടാൻ കഴിയും എന്നവർ കരുതി. അങ്ങനെ ഈ അർത്ഥത്തെ സംബന്ധിച്ച ചോദ്യത്തിന് ധാരാളം ഉത്തരങ്ങൾ ഉണ്ടായി. പല തരത്തിലുള്ള ഉത്തരങ്ങൾ ഉണ്ടായി. എന്നാൽ ഓരോ ഉത്തരവുമായി വന്നവർ മറ്റൊരുത്തരം നൽകുന്നവരെയും അവരുടെ പ്രവർത്തനത്തെയും ഭയത്തോടെ നോക്കി. വലിയ സാധ്യതകളെക്കുറിച്ചുള്ള എല്ലാ ഉത്തരങ്ങളും ഇടുങ്ങിയതും തെറ്റായതുമായ ഒരു ഇടനാഴിയിലേക്കാണ് നയിക്കുന്നത് എന്ന തോന്നലിൽ നിന്നാണ് ഈ ഭയം ഉണ്ടായത്. തെറ്റായ വിശ്വാസങ്ങൾ സൃഷ്ടിച്ച ഭീമാകാരവും രാക്ഷസീയവുമായ ചരിത്രാനുഭവങ്ങളിൽ നിന്നാണ് മനുഷ്യവംശത്തിന്റെ അത്ഭുതകരവും അനന്തവുമായ സാധ്യതകളെക്കുറിച്ച് ദാർശനികർ ചിന്തിച്ചുതുടങ്ങിയത്. സ്വതന്ത്രവും തുറന്നതുമായ പാതകൾ കണ്ടെത്തുക എന്നതായിരുന്നു അവരുടെ സ്വപ്നം. എങ്കിൽ, എന്താണ് ഇതിന്റെയൊക്കെ അർത്ഥം? അസ്തിത്വത്തിന്റെ നിഗൂഢതകൾ മനസ്സിലാക്കാൻ നമുക്ക് എന്താണ് പറയുവാൻ കഴിയുക? പഴയ കാലത്തേ അറിവുകളും അവർക്ക് അറിവില്ലാതിരുന്നതിൽ നമുക്കിപ്പോൾ അറിയാവുന്നതും എല്ലാം ചേർത്ത് നോക്കിയാൽ ഇപ്പോഴും നമുക്ക് ഒന്നും അറിയില്ല എന്ന് സമ്മതിക്കേണ്ടിവരും.

എന്നാൽ ഇങ്ങനെ സമ്മതിക്കുമ്പോഴാണ് നമ്മൾ സ്വതന്ത്രവും തുറന്നതുമായ പാതകൾ കണ്ടെത്തുക. 

ഇതൊരു പുതിയ ആശയമല്ല. ഇത് യുക്തിയുടെ യുഗം നമുക്ക് പകർന്നുനൽകിയ ആശയമാണ്. നാമിപ്പോൾ ജീവിക്കുന്ന ജനാധിപത്യ സമൂഹം സൃഷ്ടിച്ചവരെ പ്രചോദിപ്പിച്ചത് ഈ ദർശനമാണ്. നമുക്ക് നമ്മെ ഭരിക്കാൻ അറിയില്ല എന്ന അറിവിൽ നിന്നാണ് പുതിയ ആശയങ്ങൾ സ്വീകരിക്കുകയും അവ പ്രയോഗിച്ചു നോക്കുകയും നല്ലത് സ്വീകരിക്കുകയും ചീത്ത തള്ളിക്കളയുകയും വീണ്ടും പുതിയ ആശയങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന ഒരു ട്രയൽ ആൻഡ് എറർ രീതി നമ്മൾ അവലംബിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശാസ്ത്രം വളരെ വിജയകരമായ ഒരു സംരംഭമായി മാറിയിരുന്നു എന്നതുകൊണ്ടാണ് അതിന്റെ പ്രവർത്തന രീതി ഭരണരംഗത്തും പ്രതിഫലിച്ചത്. അപ്പോഴും ഭാവിയിലേക്കുള്ള വാതിലുകൾ സ്വതന്ത്രമായി തുറന്നുകിടക്കേണ്ടതാണ് എന്നും സംശയവും സംവാദവും അജ്ഞാതമായ ഭാവിയിലേക്കുള്ള യാത്രയിൽ സുപ്രധാനമാണ് എന്നും സാമൂഹിക ബോധമുള്ള ആളുകൾക്ക് അറിയാമായിരുന്നു. നാം ഇതേവരെ പരിഹരിച്ചിട്ടില്ലാത്ത ഒരു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ അജ്ഞാതമായ ഭൂമികയിലേക്കുള്ള വാതിൽ നാം തുറന്നുതന്നെയിടണം. 

മനുഷ്യവംശത്തിന്റെ ചരിത്രത്തിന്റെ തുടക്കത്തിലാണ് നമ്മൾ. പ്രശ്നങ്ങൾ ഉണ്ടാവുന്നു എന്നത് സ്വാഭാവികമാണ്. ആയിരക്കണക്കിന് പതിനായിരക്കണക്കിന് വർഷങ്ങൾ നമുക്ക് മുൻപിലുണ്ട്. നമുക്ക് സാധ്യമായത് ചെയ്യുക, കഴിയുന്നത്ര പഠിക്കുക, പരിഹാരമാർഗങ്ങൾ മെച്ചപ്പെടുത്തുക, അത് അടുത്ത തലമുറയിലേക്ക് കൈമാറുക എന്നതാണ് നമുക്ക് ചെയ്യുവാനുള്ളത്. ഭാവിയിൽ ഈ ഭൂമിയിൽ ജീവിക്കാൻ പോകുന്ന മനുഷ്യർക്ക് സ്വതന്ത്രമായി അവരുടെ ഭാവി സ്വീകരിക്കാനുള്ള സാധ്യത നിലനിർത്തുക എന്ന ഉത്തരവാദിത്വം നമുക്കുണ്ട്. മനുഷ്യവംശത്തിന്റെ യൗവനത്തിന്റെ അത്യുത്സാഹത്തിൽ, ഭാവിയിലേക്കുള്ള ദീർഘകാലത്തേക്കുള്ള വളർച്ച മുരടിപ്പിക്കുന്ന തരം തെറ്റുകൾ നമ്മൾ ചെയ്തേക്കാം. ചെറുപ്പത്തിന്റെ അജ്ഞതയിൽ, എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നമ്മുടെ കയ്യിലുണ്ട് എന്ന അഹങ്കാരത്തിൽ നിന്നാണ് ഈ തെറ്റുകൾ വരുന്നത്. എല്ലാ ചർച്ചകളും അവസാനിപ്പിക്കുകയും ഒരു വിമർശനവും കേൾക്കാതിരിക്കുകയും ചെയ്തശേഷം ‘ഇതാ എന്റെ കയ്യിൽ എല്ലാ ഉത്തരങ്ങളുമുണ്ട്, മനുഷ്യവംശത്തെ നമ്മൾ രക്ഷിച്ചിരിക്കുന്നു’ എന്ന് മുദ്രാവാക്യം വിളിക്കുന്നതോടെ മനുഷ്യവംശത്തെ അധികാരിവർഗ്ഗത്തിന്റെ ചങ്ങലയിൽ കുരുക്കിയിടുകയാവും നമ്മൾ ചെയ്യുക. നമ്മുടെ കാലത്തിന്റെ ചുരുങ്ങിയ കാഴ്ചക്കപ്പുറം കടക്കാൻ അതോടെ ഭാവിസമൂഹങ്ങൾക്ക് കഴിയാതെ വരും.ചരിത്രത്തിൽ പല സമയത്തും അങ്ങനെ സംഭവിച്ചിട്ടുണ്ട്. 

അറിവില്ലായ്മയെ സംബന്ധിച്ച തൃപ്തികരമായ ഒരു ഫിലോസോഫിയുടെ അടിസ്ഥാനത്തിൽ വളർച്ചയെ മനസ്സിലാക്കുക എന്നതാണ് ശാസ്ത്രജ്ഞർ എന്ന നിലക്ക് നമ്മുടെ ഉത്തരവാദിത്വം. സ്വതന്ത്ര ചിന്തയുടെ സൃഷ്ടിയായി വേണം വളർച്ചയുണ്ടാവാൻ. സ്വാതന്ത്ര്യത്തിന്റെ ഈ മൂല്യമാണ് നമ്മൾ ഉയർത്തി പിടിക്കേണ്ടത്. സംശയിക്കാനുള്ള പ്രവണതയെ നമ്മൾ നമ്മൾ ഭയക്കരുത് എന്ന് മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചർച്ച ചെയ്യുകയും വേണം. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈ ആവശ്യം വരും തലമുറകളോടുള്ള നമ്മുടെ ഉത്തരവാദിത്വമാണ്. 


1955 ൽ റിച്ചാർഡ് ഫെയ്ൻമാൻ നാഷണൽ അക്കാദമി ഓഫ് സയൻസസിൽ നടത്തിയ പ്രഭാഷണം. Source: What do you care what other people think: Further adventures of a curious character by Richard P Feynman


സ്വതന്ത്ര പരിഭാഷ


Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സാമൂഹിക പ്രസക്തിയുള്ള ഗവേഷണങ്ങള്‍ – 2023
Next post ശാസ്ത്രത്തോടുള്ള പൊതുജന സമീപനം – സ്റ്റീഫൻ ഹോക്കിംഗ്
Close