Read Time:27 Minute

2024 ഫെബ്രുവരി 24,25 തിയ്യതികളിൽ കോട്ടയത്ത് വച്ച് നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 61-ാം സംസ്ഥാന വാർഷികത്തിൽ ഡോ.സിപി.രാജേന്ദ്രൻ നടത്തിയ ഉദ്ഘാടന പ്രസംഗം.

വീഡിയോ കാണാംകേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 61-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ എനിക്ക് അതീവ സന്തോഷവും അഭിമാനവുമുണ്ട്. ശാസ്ത്ര വിദ്യാഭ്യാസത്തിനും ശാസ്ത്രബോധത്തിനും സമൂഹമനസ്സിൽ വലിയൊരു ഇടമുണ്ടാക്കുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ ഇടപെടൽ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നു. ശാസ്ത്ര പ്രചരണത്തിൽ മാത്രമല്ല പരിഷത്ത് ഊന്നൽ കൊടുക്കുന്നതെന്ന് കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ശാസ്ത്ര ചിന്തയിലും യുക്തിചിന്തയിലും ഊന്നൽ നല്കിക്കൊണ്ട് ഒരു സാമൂഹിക മാറ്റത്തിന് വേണ്ടിയാണ് പരിഷത്ത് നിലകൊള്ളുന്നത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന് തന്നെയാണല്ലോ പരിഷത്തിനെ മുന്നോട്ടു നയിക്കുന്ന മുദ്രാവാക്യം, കേരളത്തിന്റെ വികസന മാതൃക എന്തായിരിക്കണം എന്ന പരിഷത്തിന്റെ വീക്ഷണം പലപ്പോഴും ഇടതുപാർട്ടികളുടെ തന്നെ വീക്ഷണവുമായി പൊരുത്തപ്പെടാതെ പോയിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന കെ-റെയിൽ എന്ന പദ്ധതിയ്ക്ക് എതിരെ നടന്ന പ്രതിഷേധവും ആശയപ്രചരണവും അതിന്റെ ഒരു സമീപകാല ദൃഷ്ടാന്തമാണ്. നവലിബറൽ ശക്തികൾ നടത്തുന്ന അന്ധമായ കമ്പോളവത്കരണവും മത-സാമുദായിക അനുയായികൾ നടത്തുന്ന ശാസ്ത്രത്തിൻ്റെ കാപട്യവൽക്കരണത്തേയും കാവിവൽക്കരണത്തെയും പരിഷത്ത് തുറന്ന് എതിർത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ വികസന പ്രവർത്തനങ്ങളിൽ-പരിസ്ഥിതി അവബോധത്തിൻ്റെ ആവശ്യകതയെ കുറിച്ച് നടത്തിയ പ്രചാരണങ്ങളും അത് ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കിയ സ്വാധീനവും മതിപ്പും അത്ഭുതപൂർവ്വമായ അനുഭവങ്ങൾ ആയിരുന്നു. ഞാനുൾപ്പടെയുള്ള ഒരു തലമുറയ്ക്ക് അത് ഒരു പുതിയ ദിശാബോധം ഉളവാക്കി. 60കളിൽ നിന്നും 70കളിൽന്നും 80കളിൽ നിന്നുമൊക്കെ വ്യത്യസ്‌തമായ ഒരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ മുമ്പിലുള്ള പല വെല്ലുവിളികളും മുമ്പൊന്നും ഉണ്ടാകാത്ത തരത്തിലായതിനാൽ ഇതിനെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ഒരു സമവായം ഇനിയും ഉണ്ടാകേണ്ടതായിട്ടുണ്ട്. അശാസ്ത്രീയതയുടെയും ചിന്താരാഹിത്യത്തിന്റെയും ചിന്താസ്വാതന്ത്ര്യമില്ലായ്‌മയുടെയും നടപടികളിലേക്ക് സമൂഹത്തെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന ഒരു അധികാരി വർഗ്ഗത്തിൻ്റെ പിടിയിലേക്കു നാം വഴുതി വീണുകൊണ്ടിരിക്കുന്നു.

അന്ധമായ വിശ്വാസങ്ങളുടെയും മതതീവ്രവാദത്തിന്റെയും അതിശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം എത്തിചേർന്നിരിക്കുന്നതെന്ന് നമുക്ക് കാണാൻ സാധിക്കും. എല്ലാം വേദങ്ങളിലുണ്ട് എന്ന അവകാശവാദം കൂടുതൽ ശക്തിയോടെ നാം കേട്ടു കൊണ്ടിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിലാണ് എല്ലാ ശാസ്ത്രവും വേദങ്ങളിലുണ്ട് എന്ന വാദം ആദ്യമായി മുഴങ്ങിയത്. ആര്യ സമാജത്തിൻ്റെ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയാണ് ഇതിന്റെ തുടക്കക്കാരൻ. ആധുനിക ശാസ്ത്ര-സാങ്കേതികതയുടെ ഉത്പന്നങ്ങളായ വിമാനവും കപ്പലും വാർത്താവിനിമയ സങ്കേതങ്ങളും, ഗുരുത്വാകർണ നിയമങ്ങളും തുടങ്ങിയ പലതും ആര്യന്മാർ ഉരുവിട്ടിരിക്കുന്ന വേദങ്ങളിലൂടെ തന്നെയായിരുന്നു സ്വാമി ദയാനന്ദ സരസ്വതി സമർത്ഥിച്ചത്. വേദഗണിതമെന്ന പേരിൽ പുതിയൊരു ഗണിത ശാഖയുണ്ടെന്ന ധാരണയുണ്ടാക്കാൻ ഹിന്ദുത്വ വാദികൾ ശ്രമിക്കുന്നതുമെല്ലാം മതത്തിൻ്റെ പേരിൽ ശാസ്ത്രത്തെ വളച്ചൊടിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി കാണേണ്ടതാണ്. ആര്യന്മാർ മദ്ധ്യേഷ്യയിൽ നിന്നു വന്നവരല്ലെന്നും ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നവരാണെന്നും തുടങ്ങിയ അസത്യങ്ങൾ പ്രചരിപ്പിച്ചു. ജനിതകമായി ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നത് മദ്ധ്യേഷ്യയിലെ കാസ്‌പിയൻ പ്രദേശത്തു നിന്നു സിന്ധു തടത്തിൽ എത്തിയവരാണെന്നതാണ്. അതിനു മുമ്പ് ആദിദ്രാവിഡർ എന്നു പറയാവുന്നവർ ആ ഭാഗങ്ങളിൽ താമസിക്കുന്നുണ്ടായിരുന്നു. ആര്യന്മാർ കൊണ്ടുവന്ന ആദി സംസ്കൃതവുമായി ഒരു ബന്ധവുമില്ലായിരുന്നുതാനും. ശാസ്ത്രീയമായി അടിത്തറയില്ലാതെ അത്തരം അവകാശവാദങ്ങളെല്ലാം അന്ധമായ മതവിശ്വാസത്തിൻ്റെ ഭാഗം മാത്രമല്ല അതോടൊപ്പം ഉയർന്നുവരുന്ന തങ്ങളുടെ മതം മാത്രമാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന മറ്റൊരു അശാസ്ത്രീയമായ ധാരണയുടെയും കൂടി ഭാഗമായി കാണേണ്ടതാണ്. ഇത്തരത്തിലുള്ള ശ്രേഷ്‌ഠതവാദമാണ് ജർമ്മനിയിലെ നാസിസത്തിനും ഇറ്റലിയിലെ ഫാസിസത്തിനും വളരാൻ ഇടനൽകിയതും. അതൊരു ലോകദുരന്തമായി ഒരു വൻയുദ്ധത്തിൽ കലാശിച്ചതും. അതിനുമുമ്പ് മധ്യനൂറ്റാണ്ടുകളിലെ ക്രിസ്‌തീയ തീവ്രവാദം ശാസ്ത്രജ്ഞന്മാർക്കു എതിരായും ആധുനികശാസ്ത്ര തത്വങ്ങളെ നിരാകരിച്ചുകൊണ്ടും നിലകൊണ്ടു. 18-ാം നൂറ്റാണ്ടിൽ പോലും വിക്ടോറിയൻ ഇംഗ്ലണ്ട് ഡാർവിന്റെ പരിണാമസിദ്ധാന്തം അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഇന്ത്യയിൽ ഇന്ന് ചില മന്ത്രിമാർ വരെ പരിണാമസിദ്ധാന്തങ്ങൾക്കെതിരായി പ്രസ്താവനകൾ നടത്തുവാനും ജ്യോതിഷം പോലുള്ള കാപട്യങ്ങൾക്ക് കോളേജ് സിലബസുകളിൽ സ്ഥാനം കൊടുക്കുന്നത് കാണുമ്പോൾ മദ്ധ്യകാലഘട്ടത്തിലെ അന്ധകാരയുഗത്തിന്റെ തിരിച്ചു വരവാണോയെന്ന് സംശയിച്ചുപോകും. ആർക്കിയോളജി എന്ന ശാസ്ത്രത്തെ മുന്നിൽ നിർത്തി തെളിവുകൾ ഉണ്ടാക്കി പള്ളികളെ അമ്പലങ്ങൾ ആക്കുന്ന പരിപാടിയും തുടങ്ങിയിട്ട് കുറെ കാലങ്ങളായി. ചരിത്രത്തെ പുറകോട്ട് നടത്തിക്കുകയാണ് മതാധിപത്യത്തെ മുന്നിൽ കണ്ടുകൊണ്ട്. പരമ്പരാഗത വിജ്ഞാനത്തേയും കപട ശാസ്ത്രീയതയേയും കൂട്ടിക്കുഴക്കുന്നതും നാം കാണുന്നുണ്ട്. ആദിവാസി സമൂഹങ്ങളിൽ പരമ്പരാഗതമായി ആർജ്ജിച്ച വിജ്ഞാനത്തെ നാം പരിശോധിക്കേണ്ടതു തന്നെയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കാട്ടുചെടികളും മറ്റും ആധാരമാക്കി ഉണ്ടാക്കുന്ന കാട്ടുവൈദ്യം എന്ന വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ. അതു പശുവിന്റെ മൂത്രത്തെചൊല്ലിയും മറ്റും നടത്തുന്ന അസംബന്ധങ്ങളായല്ല എപ്പിസ്റ്റമോളജിക്കൽ അഥവ ജ്ഞാനശാസ്ത്രത്തിൻ്റെയും മനുഷ്യസംസ്കൃതിയിലെ അറിവ് സമ്പാദന പ്രക്രീയയുടെ ഭാഗമായും വിശകലനം ചെയ്യേണ്ടതാണ്. ആയുർവേദത്തിനും ഹോമിയോപ്പതിക്കുമെല്ലാം ശാസ്ത്രീയതയുടെ പ്രശ്‌നങ്ങൾ ഉണ്ട് എന്നതും ആധുനിക ആരോഗ്യശാസ്ത്രം തെളിവുകളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്നതാണ്. ആയുർവേദത്തിന് അത്തരം അടിത്തറ ഇല്ലെന്നുളളതാണ് സത്യം. എന്നാൽ അതുപോലുള്ള പരമ്പരാഗതമായി ആർജ്ജിതമായ കാര്യങ്ങൾ ഒരു എപ്പിസ്റ്റമോളജിക്കൽ ലെൻസിലൂടെയായിരിക്കണം വിശകലനം ചെയ്യേണ്ടത്. പരമ്പരാഗതമായി ഉയർന്നു വന്ന വിശ്വാസപ്രമാണങ്ങളെ ഒരു മതത്തിൻ്റെ ശ്രേഷഠത വാദിക്കാനോ യാഥാർത്ഥ ശാസ്ത്രത്തിലുളള വിശ്വാസ്യത നശിപ്പിക്കാനോ ഉപയോഗിക്കരുത്. പതഞ്ജലി എന്ന അയുർവേദ കമ്പനിയുടെ ഉടമസ്ഥനും രാംദേവ് എന്നും പേരുള്ള ഒരു ആത്മീയ ഗുരു എന്ന് അവകാശപ്പെടുന്ന ആൾ ആയുർവേദ മരുന്നുകളെ കുറിച്ച് നടത്തിയ അവകാശവാദങ്ങളെ എതിർത്തുകൊണ്ട് സുപ്രീം കോടതിയിൽ ഇൻഡ്യൻ മെഡിക്കൽ അസ്സോസിയേഷൻ കേസ്സ് കൊടുത്തതും കോടതി രാംദേവിന് താക്കീത് കൊടുത്തതും ഓർമ്മക്കുന്നുണ്ടാവുമല്ലോ.

കുറെ വർഷങ്ങൾക്ക് മുൻപ് ഇൻഡ്യയിലെ ഒരു ഉന്നത ശാസ്ത്രജ്ഞനായ ഡോ.പുഷ്പ ഭാർഗ്ഗവ ഹിന്ദു ദിനപത്രത്തിൽ ഒരു ലേഖനമെഴുതുകയുണ്ടായി. ശാസ്ത്രജ്ഞരുടെ സാമൂഹിക ബോധമില്ലായ്മ‌യും ശാസ്ത്രബോധത്തിന്റെ അഭാവവും ഉളവാക്കിയ നൈരാശ്യത്തെ അദ്ദേഹം അതിൽ വായനക്കാരുമായി പങ്കുവെക്കുന്നു. 1964 ജനുവരി മാസം സതീഷ് ധവാനുമായി ചേർന്ന് സൊസൈറ്റി ഫോർ സയന്റിഫിക് ടെംബർ എന്നൊരു സംഘടനയുണ്ടാക്കി. രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞരെ അതിൽ അംഗങ്ങളാക്കുവാൻ ശ്രമം നടത്തുകയുണ്ടായി. അംഗമാകാൻ ഒരു പ്രസ്‌താവനയിൽ ഒപ്പുവെ‌ക്കേണ്ടതുണ്ടായിരുന്നു. ആ പ്രസ്‌താവന ഇങ്ങനെ വായിക്കാം, മനുഷ്യപ്രയത്നങ്ങളിലൂടെ മാത്രമേ വിജ്ഞാനസമ്പാദനം സാദ്ധ്യമാകുകയുളളുവെന്നും വെളിപാടുകൾ അതിനുള്ള ഉപാധികൾ അല്ലെന്നും, എല്ലാ പ്രശ്‌നങ്ങളുടേയും പ്രതിവിധി കാണേണ്ടത് മനുഷ്യന്റെ ധാർമ്മികവും ബൗദ്ധികവുമായ ശേഷികളിൽ നിന്നുമാകണം, അല്ലാതെ പ്രകൃത്യാതീത ശക്തികളോടുള്ള പ്രാർത്ഥനകളിൽ നിന്നുമല്ലേന്നും ഞാൻ വിശ്വസിക്കുന്നു. ആ പ്രസ്‌താവന ഒപ്പുവെയ്ക്കാൻ അങ്ങനെ ഒരു ശാസ്ത്രജ്ഞനും തയ്യാറായില്ല. ഇതു നടന്നത് 1964ൽ ആണെന്ന് ഓർക്കണം. സ്വാതന്ത്യം കിട്ടിയിട്ട് അധിക വർഷങ്ങൾ ആയിട്ടില്ല. ശാസ്ത്രബോധം നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് അതിശക്തമായി പ്രചാരണം നടത്തുന്നുണ്ടായിരുന്നു. ധീക്ഷണാശാലികളായ ഒരു സംഘം ശാസ്ത്രമാണ് സ്വാതന്ത്യ്രത്തിന് മുൻപ് തന്നെ ശാസ്ത്രജ്ഞർ അതിന് നേതൃത്വം കൊടുക്കുന്നുണ്ടായിരുന്നു. ഇൻഡ്യൻ സയൻസ് കോൺഗ്രസ്സുകൾ രാഷ്ട്രീയ നേതൃത്വത്തിന് ശാസ്ത്രകാരന്മാരുമായി സംവദിക്കാൻ എല്ലാ വർഷവും വേദികൾ ഒരുക്കി കൊടുത്തു. ശാസ്ത്രത്തിനു ഇൻഡ്യയെ പോലുളള ഒരു പുരാതന രാജ്യത്തിൽ ശക്തമായ നവോത്ഥാനം ഉണ്ടാക്കാൻ സാധിക്കുമെന്നവർ വിശ്വസിച്ചു. 1958ൽ പാർലമെൻ്റിൽ അവതരിപ്പിച്ച സയൻസ് പോളിസി റെസലൂഷനിൽ ആ വികാരങ്ങൾ പ്രകടമായി തിളങ്ങുന്നതു കാണാവുന്നതാണ്. എന്നാൽ ഈ വികാരങ്ങൾക്ക് അനുസൃതമായി ഇൻഡ്യയിലെ ശാസ്ത്ര ഗവേഷണരംഗത്തിൽ യൂറോപ്പിലെ നവോത്ഥാന കാലഘട്ടം ഉദയം ചെയ്‌തത് പോലെ ഒരു സാമൂഹ്യ മാറ്റത്തിന് നേത്യത്വം കൊടുക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ അതിന് ഇല്ലെന്ന് മറുപടി പറയേണ്ടി വരും. അതിന് അനവധി സാമൂഹികവും ഘടനപരവുമായ കാരണങ്ങളുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല. ശാസ്ത്രബോധം പൊതുസമൂഹത്തിൽ മാത്രമല്ല ശാസ്ത്രജ്ഞന്മാരുടെ ഇടയിൽ തന്നെ കുറവായ രാജ്യമാണ് ഇൻഡ്യ. ഇന്നു രാഹുകാലം കണക്കാക്കി ഉപഗ്രഹ വിക്ഷേപത്തിൻ്റെ സമയം മാറ്റിവെയ്ക്കുന്ന ശാസ്ത്രജ്ഞന്മാർ നേതൃത്വം കൊടുക്കുന്ന സ്ഥാപനമാണ് ഐ.എസ്. ആർ.ഒ. ഇല്ലാത്ത ഒരു ഗ്രഹത്തിൻ്റെ പേരിൽ ഒരു യാഥാർത്ഥ ഗ്രഹത്തിലേക്കുള്ള വിക്ഷേപണം മാറ്റിവെയ്ക്കുന്നവരെ കാണുമ്പോൾ ശാസ്ത്രബോധത്തിൻ്റെ അവസ്ഥ എന്താണെന്നു ഊഹിക്കാവുന്നതേയുളളൂ. ജ്യോതിശാസ്ത്രമല്ല ജ്യോതിഷമാണ് ഇവർ പ്രതിനിധീകരിക്കുന്ന ശാസ്ത്ര ബോധം പൊതുസമൂഹത്തിൽ മാത്രമല്ല ശാസ്ത്രജ്ഞരുടെ ഇടയിൽ തന്നെ കുറവാണെന്നതും സത്യമാണ് പുഷ്‌പഭാർഗ്ഗവ തൻ്റെ ലേഖനത്തിൽ സൂചിപ്പിച്ചത്. വർത്തമാനകാലത്തിലേക്ക് വരുമ്പോൾ അന്ധവിശ്വാസത്തിനും ഭൂരിപക്ഷവർഗ്ഗീയതയ്ക്കും മാന്യത കൈവന്നതായി നമുക്ക് കാണാം.

മതപരമായ തീവ്രവാദങ്ങൾ ഇന്ത്യയുടെയും പലരാജ്യങ്ങളിലും ശാസ്ത്രബോധം മുന്നോട്ടുവയ്ക്കുന്ന പുതിയ അവബോധ സംസ്‌കാരത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്. ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങി നമ്മുടെ അയൽ രാജ്യങ്ങളുടെ കാര്യമെടുത്താൽ ഈ സത്യം ബോധ്യമാകുന്നതാണ്. ഒരു കാലത്ത് സംസ്‌കാരികതയുടെയും കലകളുടെയും കവിതയുടെയും ശാസ്ത്രത്തിന്റെയും ഈറ്റില്ലമായ ഇറാൻ എന്നു വിളിക്കുന്ന പേർഷ്യയുടെ സർഗ്ഗാത്മകതയുടെ മുകളിൽ കട്ടികമ്പളം പോലെ കടുത്ത ഷിയാ ഇസ്ലാമികത കടക്കുകയാണ്. അതുപോലെ തന്നെ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും സുന്നി ഇസ്ലാമികത ധൈഷണികതയുടെയും സർഗ്ഗ സ്വാതന്ത്യത്തിൻ്റെയും നാമ്പുകൾ ഉയരുന്നതിനു മുമ്പെ മരിച്ചു കടക്കുകയാണ്. മതതീവ്രവാദം ഇന്ത്യയേയും ഇങ്ങനെ തന്നെ പോയാൽ ഭീകരാവസ്ഥയിൽ എത്തിച്ചേക്കാം.

മതവിശ്വാസവും ശാസ്ത്രബോധവും കൂടി ചേരാനാകാത്ത രണ്ടു ധാരകളാണ്. അപൂർണ്ണമായ വിജ്ഞാനവും അനിശ്ചിതത്വവും ശാസ്ത്രബോധം കൊടുക്കുന്നു. ശാസ്ത്രത്തിന്റെ രീതിയും തെളിവുകളുമാണ് അതിന്റെ വഴികാട്ടി ബൈബിളിലോ വേദങ്ങളിലോ ഖുറാനിലോ ശാസ്ത്രത്തിന്റെ സാധ്യത തേടാൻ നിവൃത്തിയില്ല. വിശ്വാസത്തെ പരീക്ഷണങ്ങളിലൂടെ സമീപിക്കാനാവില്ല. വ്യക്തിഗതങ്ങളായ അനുഭവങ്ങളിലൂടെയോ ഒരു പ്രത്യേക മാനസികാവസ്ഥയിലൂടെയോ വെളിപാടുകളിലൂടെയോ ആണ് മതപരമായ വിശ്വാസം ആവിർഭവിക്കുന്നത്. ആ വിശ്വാസങ്ങൾ മാറ്റങ്ങൾക്ക് വിധേയമല്ല.

ഓരോ ശാസ്ത്രകാരന്റെയും വ്യക്തിപരമായ മാനസികവ്യാപാരങ്ങൾ അവരുടെ സൃഷ്ടി കർമ്മങ്ങളിൽസ്വാധീനം ചെലുത്തുമെന്നിരിക്കിലും ശാസ്ത്രകാരൻ്റെ കർമ്മ മണ്ഡലം വസ്‌തുനിഷ്ടമായ ലോകത്തെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ഐ.എസ്.ആർ.ഒ.യിലെ ആളുകളെപോലെ അവരിൽ പലരും വിശ്വാസികളായിരിക്കാം. കെപ്ളർ, ന്യൂട്ടൻ, രാമാനുജൻ തുടങ്ങിയവർ വിശ്വാസികളായിരുന്നു. എന്നാൽ അവരുടെ ശാസ്ത്രീയ സമീപനങ്ങളെ മതദർശനങ്ങളെ സ്വാധീനിക്കാൻ സാധിച്ചിട്ടില്ല. അവരാരും തന്നെ ഉപഗ്രഹത്തിൻ്റെ വിക്ഷേപണ തീയതിയും സമയവും ഐ.എസ്.ആർ.ഒ.യിൽ കവടി നിരത്തിയായിരിക്കുകയല്ല നിശ്ചയിക്കുന്നത്. ശാസ്ത്രത്തിൽ അവസാനവാക്ക് എന്നൊന്നില്ല. ന്യൂട്ടനും തെറ്റുപറ്റിയിട്ടുണ്ട്. പ്രകാശം കണികകളാൽ മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്നും അദ്ദേഹം അനുമാനിച്ചിരുന്നു. ഐൻസ്റ്റീൻ മരിയ്ക്കുന്നതുവരെ ക്വാണ്ടം മെക്കാനിക്സ് ശാസ്ത്രീയമല്ലെന്നു കരുതിയിരുന്നു. ചരിത്രപരമായി തന്നെ ശാസ്ത്രം മതവിശ്വാസത്തിലൂടെ തന്നെയാണ് പടർന്നുവന്നത്. യൂറോപ്പിൽ നവോത്ഥാന കാലഘട്ടം പുഷ്പിച്ചതന്നെ മതാന്ധതയെ എതിർത്തു തോല്‌പിച്ചതുകൊണ്ടുതന്നെയാണ്. ഗലീലിയയും ബ്രൂണോയും പോലുള്ളവർ അതിനുവേണ്ടി അവരുടെ സ്വാതന്ത്ര്യവും ജീവിതവും ദാനവും ചെയ്തു.

ഇന്ത്യയിൽ പുരാതന കാലത്തുതന്നെ രാമനെ ധിക്കരിച്ച ചാർവ്വകന്മാർ ഉണ്ടായിരുന്നു. അമർത്യസെന്നിന്റെ ആർഗമെന്റേറ്റീവ് ഇന്ത്യൻ എന്ന ഗ്രന്ഥത്തിൽ ഭാരതത്തിലെ തർക്കങ്ങളുടെയും നിഷേധങ്ങളുടെയും പൗരാണിക കാലഘട്ടം വിവരിക്കുന്നുണ്ട്. ചാർവകന്മാരും ഗാർഗിയും മാത്രമല്ല ബുദ്ധനുൾപ്പെടുന്ന ശ്രമണന്മാർ ബ്രാഹ്മണത്വത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്‌തിരുന്നു. അങ്ങിനെയുള്ള മതനിരപേക്ഷവും ഒരളവോളം ചിന്താപരമായ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ഒരു ചരിത്ര പശ്ചാത്തലമാണ് നമുക്കുണ്ടായിരുന്നത്. അതായിരിക്കണം നമ്മുടെ പാരമ്പര്യവുമായി ഉയർത്തി പിടിക്കേണ്ടത്.

കേരള ശാസ്ത്രപരിഷത്തിനെ സംബന്ധിച്ചിടത്തോളം പുതിയ വെല്ലുവിളികൾ ഉയർന്നു വരുന്ന ഒരു കാലഘട്ടമാണ് മുമ്പിലുള്ളത്. നേരത്തെ സൂചിപ്പിച്ച കപടശാസ്ത്ര പ്രചാരണത്തിന് പറ്റിയ ഒരു രാഷ്ട്രീയ പശ്ചാത്തലം രൂപപ്പെടുന്നതിനോടൊപ്പം മറ്റൊരു പ്രവണത വികസനം എന്ന പേരിൽ പ്രകൃതിയുടെ മേൽ നടത്തുന്ന അധിനിവേശമാണ്. കെ-റെയിലുകൾ പോലുള്ള പദ്ധതികൾ ഇനിയും ഉദയം ചെയ്തേക്കാം. ഫോറസ്റ്റ് കൺസർവേഷൻ അമെൻഡ്മെന്റ് ആക്റ്റ് സുപ്രീംകോടതി ഒരു താൽക്കാലിക സ്റ്റേ ഓർഡർ പുറപ്പെടുവിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലോ. ആ ആക്റ്റ് പ്രാവർത്തികമായാൽ ഇന്ത്യയിലെ ആകെയുള്ള വനമേഖലയിൽ 15 ശതമാനത്തോളം വനം നഷ്ടമാകും. അതുപോലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ അദാനി കമ്പനി കൊണ്ടുവരാൻ പോകുന്ന കണ്ടെയ്‌നർ പോർട്ട് അവിടുത്തെ ഉഷ്‌ണ മേഖലവനത്തെ അപ്പാടെ ഇല്ലായ്‌മ ചെയ്യുകയും അവിടെയുളള ആദിവാസികളുടെ ഭൂമിയുടെ മേലുള്ള അവരുടെ പരമ്പരാഗതമായ അവകാശത്തെ ഹനിയ്ക്കുകയും ചെയ്യും. ഇതുപോലുള്ള കമ്പോള ശക്തികളുടെ ഒട്ടനവധി ഇടപെടലുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെയുള്ള ആശയപ്രചാരണവും പ്രവർത്തനവും നടക്കേണ്ടിയിരിക്കുന്നു.

അതോടൊപ്പം ശാസ്ത്ര ഗവേഷണത്തിന്റെ സമഗ്രതതന്നെ കമ്പോള ശക്തികൾ ദുർബലപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം പോകുന്നത്. മാത്സര്യം ശാസ്ത്ര‌ഗവേഷണ രംഗത്തെ ബാധിച്ചിരിക്കുന്നു. സർക്കാർ ഗവേഷണത്തിനും നൽകിക്കൊണ്ടിരിക്കുന്ന ധനസഹായം വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുന്നു. മുൻപത്തേക്കാളുമേറെ ശാസ്ത്രഗവേഷണം കമ്പോളങ്ങൾ നിയന്ത്രിക്കപ്പെടുന്ന ഒരു അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു. ധനസഹായത്തിനു സ്വകാര്യ മൂലധനത്തെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഗവേഷകരുടെ ആർജ്ജവത്തേയും സത്യസന്ധതയേയും ബാധിക്കാനുള്ള ഇടവരുത്തിയേക്കാം. ഗവേഷണത്തിൽ നിന്നുണ്ടാകുന്ന കണ്ടുപിടിത്തങ്ങൾ സ്വകാര്യലാഭത്തിനുമാത്രമായി ഉപയോഗപ്പെടുത്തുവാനുള്ള സാധ്യതകൾ ഇന്നു കൂടുതലായിക്കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിൻ്റെ സാമൂഹ്യധർമ്മം അതിനാൽ തകർന്നു വിസ്മരിക്കപ്പെടുകയും ശാസ്ത്രം ജനപക്ഷത്തുനിന്നും അകറ്റപ്പെടുകയും ചെയ്യും.

ഭൂരിപക്ഷ വർഗ്ഗീയത ഒരു പ്രത്യശാസ്ത്രമായി കൊണ്ടുണ്ടാകണം. ഒരു കക്ഷിയുടെ നേതൃത്വത്തിലുള്ള യൂണിയൻ സർക്കാർ പാഠ്യപദ്ധതികളിൽ വർഗ്ഗീയത കുത്തി നിറയ്ക്കുകയും ശാസ്ത്ര വിഷയങ്ങളിൽ വെള്ളം നിറച്ചു കപടശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു അവസ്ഥ സംജാതമായിരിക്കുന്നു. പരിഷത്തുപോലുള്ള പ്രസ്ഥാനങ്ങൾ ഈ പ്രവണതകൾക്കെതിരായി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ശാസ്ത്രബോധം വളർത്തിയെടുക്കാനുള്ള പ്രചരണങ്ങളിൽ പണ്ടെത്തേക്കാളേറെ ശ്രദ്ധ ചെലുത്തുകയും ചെയ്യേണ്ടുന്ന ഒരു കാലഘട്ടത്തിലേക്കാണ് നാം കടക്കുന്നത്. 1960കളിലെ ലോകത്തു നിന്നും നാം വളരെ ദൂരം പിന്നിട്ടിരിക്കണം പുതിയ ചോദ്യങ്ങളും വെല്ലുവിളികളും ഉയർന്നിരിക്കുന്നു. ഈ വെല്ലുവിളികൾ എറ്റെടുക്കുവാൻ ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിയുമാറാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞാൻ ഈ സമ്മേളം ഉദ്ഘാടനം ചെയ്തതായി ഈ മഹാസദസ്സിനെ അറിയിച്ചുകൊള്ളുന്നു.

Happy
Happy
57 %
Sad
Sad
0 %
Excited
Excited
29 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
14 %

Leave a Reply

Previous post അറിവിന്റെ പൊതുഉടമസ്ഥത
Next post കിളികൾക്ക് ദാഹജലം, കൊതുകുകൾക്ക് ജീവജലം
Close