കേരളം ശാസ്ത്രം ആഘോഷിക്കുന്നു – നമുക്ക് ശാസ്ത്രമെഴുതാം

നവനീത് കൃഷ്ണന്‍ എസ്.

ശാസ്ത്രലേഖകന്‍

നവനീത് കൃഷ്ണന്‍ ഫേസ്ബുക്കില്‍ മുന്നോട്ടുവെച്ച ആശയത്തോടൊപ്പം ലൂക്കയും ചേരുന്നു..ലൂക്കയുടെ എല്ലാ വായനക്കാരും ക്യാമ്പയിന് ഒപ്പം ചേരുമല്ലോ.. കേരളം ശാസ്ത്രം ആഘോഷിക്കട്ടെ

ഈ വര്‍ഷവും നമുക്കിത് തുടര്‍ന്നാലോ?

കഴിഞ്ഞ വര്‍ഷമാണ് ഒരു ചിന്ന ഐഡിയ മുന്നോട്ടുവച്ചത്. ദേശീയശാസ്ത്രദിനമായ ഫെബ്രുവരി 28ന് സോഷ്യല്‍മീഡിയയിലും മറ്റു മാധ്യമങ്ങളിലും എല്ലാവരും ശാസ്ത്രമെഴുതി ദേശീയശാസ്ത്രദിനം ആഘോഷിക്കുക! അന്ന് അതിന് വലിയ പിന്തുണയാണ് ലഭിച്ചത്. പ്രതീക്ഷിച്ചതില്‍ ഏറെ പിന്തുണയുമായി എല്ലാവരും മുന്നോട്ടുവന്നിരുന്നു, നൂറു കണക്കിന് ശാസ്ത്രലേഖനങ്ങളും പിറന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാനത്തോടെയാണ് ഈ കാമ്പയിന്‍ തുടങ്ങിയത്.

ഇത്തവണ അല്പം നേരത്തേയായാലോ?

42 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിക്ഷേപിച്ച വോയേജര്‍ 1 എന്ന ബഹിരാകാശപേടകം ഇപ്പോഴും അതിന്റെ യാത്ര തുടരുകയാണ്. ഈ പേടകം അതിന്റെ ക്യാമറക്കണ്ണ് അവസാനമായി തുറന്നത് നമ്മുടെ ഭൂമിയുടെ ചിത്രമെടുക്കാനാണ്. Pale Blue Dot എന്ന് വിഖ്യാതമായ ഒരു അപൂര്‍വചിത്രം. 1990 ഫെബ്രുവരി 14നായിരുന്നു ആ ചിത്രം പകര്‍ത്തപ്പെട്ടത്. പ്രപഞ്ചത്തില്‍ മനുഷ്യരെത്ര നിസ്സാരര്‍ എന്ന് നമ്മള്‍ നമ്മളെത്തന്നെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു അത്. കാള്‍ സാഗന്‍ എന്ന ശാസ്ത്രപ്രതിഭയുടെ ഡോക്യുമെന്ററികളിലൂടെ ഇന്നും ആ ചിത്രം ആഘോഷിക്കപ്പെടുന്നു. Pale Blue Dot ന്റെ മുപ്പതാം വാര്‍ഷികമാണ് 2020 ഫെബ്രുവരി 14. അന്നു മുതല്‍ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28വരെ രണ്ടാഴ്ചക്കാലം വരെ ശാസ്ത്രമെഴുത്തായാലോ എന്നാണ് ആലോചന.
അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും ശക്തമായി തിരിച്ചുവന്നിരിക്കുന്ന കാലഘട്ടമാണ്. സയന്‍സിന്റെയും ശാസ്ത്രബോധത്തിന്റെ വ്യാപനം തന്നെയാണ് ഇതിനുള്ള പ്രതിവിധി. എല്ലാവരും വീണ്ടും ഒന്നുചേര്‍ന്നാല്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഒരു ശാസ്ത്രോത്സവമാക്കി നമുക്കിതിനെ മാറ്റിയെടുക്കാം.

ഭൂമിയൊരു നീലപ്പൊട്ട് -Pale Blue Dot  –  വോയേജര്‍ 1 1990 ഫെബ്രുവരി 14 ന് എടുത്ത ഭൂമിയുടെ ചിത്രം

#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു

മലയാളികളില്‍ വലിയൊരു വിഭാഗം സോഷ്യല്‍മീഡിയകള്‍ ഉപയോഗിക്കുന്നവരാണ്. എന്തെങ്കിലും ചിത്രമോ രാഷ്ട്രീയകാര്യമോ തമാശകളോ ട്രോളോ ഒക്കെയാവും മിക്കപ്പോഴും ടൈംലൈനുകളില്‍ എല്ലാവരും ഇടുന്നത്. ഇത്തവണത്തെ ദേശീയശാസ്ത്രദിനത്തോടനുബന്ധിച്ച് ഈ രീതി നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ? ഫെബ്രുവരി 14 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന എല്ലാ മലയാളികളും എന്തെങ്കിലും ഒരു ശാസ്ത്രകാര്യം പോസ്റ്റ് ചെയ്യുക. ശാസ്ത്രകാര്യം എന്നു പറഞ്ഞാല്‍ വളരെ നീളമുള്ള ലേഖനങ്ങളൊന്നും വേണ്ട. ഒന്നോ രണ്ടോ വരികള്‍പോലും മതി. പക്ഷേ എഴുതുന്നത് ശാസ്ത്രവുമായി ബന്ധപ്പെട്ടാവണം എന്നു മാത്രം.

അതിന് എനിക്കെന്ത് ശാസ്ത്രമറിയാം എന്നാവും പെട്ടെന്നു നിങ്ങള്‍ ചിന്തിക്കുന്നത്. ആ ചിന്തയേ തെറ്റാണ്. ജനിച്ചനാള്‍ മുതല്‍ നാം ശാസ്ത്രം പഠിക്കുന്നുണ്ട്. സ്കൂളില്‍ എത്രയോ ക്ലാസുകളില്‍ ശാസ്ത്രം പഠിച്ചു. അവയില്‍ എന്തെങ്കിലും എഴുതിയാല്‍ മതി. ന്യൂട്ടന്റെ ചലനനിയമം, ജലദോഷമുണ്ടാക്കുന്ന വൈറസിന്റെ പേര്, നാരങ്ങയിലെ ആസിഡ്, ചൊവ്വ ചുവന്നിരിക്കാനുള്ള കാരണം എന്നു തുടങ്ങി നാം പഠിച്ച എന്തും ആവാം.
പക്ഷേ ഈ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍വേണ്ടി ആരെങ്കിലും എഴുതിയത് ഷെയര്‍ ചെയ്ത് കൈയൊഴിയരുത്.  മറിച്ച് സ്വന്തമായിത്തന്നെ എന്തെങ്കിലും എഴുതണം. ഒരു വരിയെങ്കിലും എഴുതണം.

കൂടുതല്‍ എഴുതാന്‍ കഴിയുന്നവര്‍ കൂടുതല്‍ എഴുതട്ടേ.
അവര്‍ ഒന്നോ രണ്ടോ വരികളില്‍ ഒതുക്കരുത്. പുതിയെ കണ്ടെത്തലുകളെക്കുറിച്ച്, ശാസ്ത്രജ്ഞരെക്കുറിച്ച്, ശാസ്ത്രലോകത്തിലെ കൗതുകങ്ങളെക്കുറിച്ച്… അങ്ങനെ എന്തുവേണമെങ്കിലും ആവാമല്ലോ. ഈ രണ്ടാഴ്ചക്കാലത്തിനുള്ളില്‍ എല്ലാവരും ശാസ്ത്രമെഴുതുകയും വായിക്കുകയും ചെയ്യുക എന്ന് ഉറപ്പാക്കുകയാവണം നമ്മുടെ ലക്ഷ്യം. ശാസ്ത്രദിനത്തിന്റെ അന്ന് മലയാളികളുടെ സോഷ്യല്‍മീഡിയ ടൈംലൈനുകള്‍ മുഴുവന്‍ ശാസ്ത്രംകൊണ്ടു നിറയണം.

#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു എന്ന ഹാഷ്‍ടാഗ് കൂടി ഉപയോഗിച്ചാല്‍ ഏറെ ഭംഗിയായി.

സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത ലക്ഷക്കണക്കിനുപേരുണ്ട് കേരളത്തില്‍.  പക്ഷേ അവര്‍ക്കും തങ്ങള്‍ പണ്ടുപഠിച്ച എന്തെങ്കിലും ശാസ്ത്രകാര്യങ്ങള്‍ മറ്റുള്ളവരോട് പറയാന്‍ കഴിയും. ചര്‍ച്ചകള്‍ നടത്താന്‍ കഴിയും. സ്വന്തം കുട്ടികളോടും പരിചയക്കാരോടും ശാസ്ത്രസംബന്ധമായ സംശയങ്ങള്‍ ചോദിക്കാന്‍ കഴിയും. അതിന് അങ്ങനെയുള്ളവരെ ഒരുക്കിയെടുക്കുക എന്നതുകൂടിയാവണം സോഷ്യല്‍മീഡിയയില്‍ ഇടപെടുന്നവരുടെ ലക്ഷ്യം.

അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിന്റെ ഒരു പ്രതിഷേധവും പ്രതിരോധവുമായി ഫെബ്രുവരി 28 മാറിയാല്‍ മലയാളികള്‍ക്ക് അത് എന്നെന്നും അഭിമാനിക്കാന്‍ വക നല്‍കും.

കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇതില്‍ പങ്കാളികളാവണം. ദേശീയ ശാസ്ത്രദിനത്തിന്റെ അന്ന് ഇറങ്ങുന്ന എല്ലാ പത്രങ്ങളുടെയും ഒന്നാംപേജില്‍ ഒരു ശാസ്ത്രവാര്‍ത്തയെങ്കിലും വരണം. കേരളത്തിലെ പത്രങ്ങള്‍ വിചാരിച്ചാല്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണത്.
  • കേരളത്തിലെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും ഒരു ശാസ്ത്രവാര്‍ത്ത അന്നേ ദിവസം തയ്യാറാക്കാമല്ലോ. അതും എളുപ്പമാണ്. ഇന്റര്‍നെറ്റിലൂടെ ലോകം കൈപ്പിടിയില്‍ ഇരിക്കുമ്പോള്‍ ഒരു ശാസ്ത്രവാര്‍ത്ത കണ്ടെത്തുക എന്നത് ഒട്ടും ബുദ്ധിമുട്ടേ അല്ല.
  • കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹികമേഖലകളിലെ എല്ലാവരും ഈ കാമ്പയിന്‍ ഏറ്റെടുത്താല്‍ ഉണ്ടാവുന്ന മാറ്റം വളരെ വലുതായിരിക്കും. കക്ഷിരാഷ്ട്രീയ ഭേദമന്യേ, ജാതിമതഭേദമന്യേ എല്ലാവരും സയന്‍സിനായി ഒന്നിക്കുന്നു.
Women in Science എന്നതാണ് ഇത്തവണത്തെ ശാസ്ത്രദിനസന്ദേശം. ഇതിന്റെ ഭാഗമായി ശാസ്ത്രരംഗത്തെ പെണ്‍കരുത്തുകളെ പരിചയപ്പെടുത്തുന്ന പ്രത്യേകലേഖനങ്ങള്‍ ലൂക്ക പ്രസിദ്ധീകരിക്കുന്നുണ്ട്.

ശാസ്ത്രം തെരുവില്‍ സംസാരിക്കപ്പെടുന്ന കാലം വരുന്നതിനെ കുറിച്ച് ബ്രഹ്ത്ത് ഗലീലിയോനാടകത്തില്‍ പറയുന്നുണ്ട്..നമുക്ക് സയന്‍സ് സംസാരിക്കാം..ശാസ്ത്രദിനം  ഇതിലും ഭംഗിയായിട്ട് എങ്ങനെ ആഘോഷിക്കും ?

അപ്പോ എന്താ എല്ലാരും തയ്യാറല്ലേ!

#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു

#Kerala_Celebrating_Science


2019 ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കേരളം ശാസ്ത്രം ആഘോഷിക്കുന്നു ക്യാമ്പയിനില്‍ പ്രധാന ശാസ്ത്രലേഖനങ്ങള്‍ വായിക്കാം

Leave a Reply