Read Time:12 Minute

മോഹനകൃഷ്ണൻ കാലടി

എൻ.എസ്.എസ് കോളേജ്, ഒറ്റപ്പാലം

പറയുന്നത്ര അപൂർവ്വമല്ല (rare) ലന്താനം. സമൃദ്ധിയുടെ കാര്യത്തിൽ, ഭൗമോപരിതലത്തിലെ ആകെ അളവിന്റെ 28-ാം സ്ഥാനത്താണ് ലന്താനം. ഇത് അപൂർവ്വം എന്ന് വിശേഷിക്കപ്പെടാത്ത ലെഡിന്റെ മൂന്നിരട്ടിയാണ്. അപൂർവ്വത വേറെ ചില കാര്യത്തിലാണ്.

 

1751 ൽ സ്വീഡിഷ് ധാതു ശാസ്ത്രജ്ഞനായിരുന്ന ആക്‌സൽ ക്രോൺസ്‌റ്റെഡ്, പ്രസിദ്ധമായ ബസ്റ്റ്‌നാസ് ഖനിയിൽ നിന്ന് പുതിയൊരു ഘനധാതു (Heavy Meneral) കണ്ടെത്തുന്നതോടെയാണ് ലന്താനത്തിന്റെ കഥ ആരംഭിക്കുന്നത്. ഏതാണ്ട് ഒരു ദശകത്തിന് ശേഷം വിൽഹം ഹിസിംഗർ (Wilhelm-Hisinger) എന്ന പതിനഞ്ചുകാരൻ പ്രസ്തുത ധാതുവിന്റെ കഷ്ണമെടുത്ത് അക്കാലത്തെ പേരുകേട്ട മൂലകാന്വേഷകനായിരുന്ന (Element Investigator) കാൾ ഷീലെയ്ക്ക് അയച്ചു കൊടുത്തു. ഐസക് അസിമോവിന്റെ ഭാഷയിൽ ആ നിർഭാഗ്യവാനായ ശാസ്ത്രജ്ഞൻ ഷീലേയ്ക്ക് ആ ശിലയിൽ നിന്നും ഒന്നും കണ്ടെത്താനായില്ല. 

വാസ്തവത്തിൽ ഹിസിംഗറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ആ ഖനി. ഹിസിംഗർ വളർന്നു. രസതന്ത്രവും ഊർജ്ജതന്ത്രവും , ജിയോളജിയും മിനറലോളജിയും പഠിച്ചു. അതിനിടയിൽ ഖനിയുടെ മാനേജറായി. ഹിസിംഗറിന്റെ പോക്കറ്റിലേറി ഘനധാതു വിഖ്യാതനായ ബെഴ്‌സിലിയസിന്റെ പരീക്ഷണശാലയിലെത്തി. ബെഴ്‌സിലിയസും ഹിസിംഗറും ചേർന്ന് 1803 ൽ ആ ശിലാഖണ്ഢത്തിൽ നിന്ന് പുതിയൊരു ഓക്‌സൈഡ് വേർത്തിരിച്ചെടുത്തു. അതിനെ അവർ സീറിയ (Ceria) എന്ന് നാമകരണം ചെയ്തു. റോമൻ കാർഷിക ദേവതയാണ് സിറസ്. ആയിടെ കണ്ടുപിടിക്കപ്പെട്ട ഒരു കുള്ളൻ ഗ്രഹത്തിനും കിട്ടിയ പേര് സിറസ് എന്നായിരുന്നു. ഇതിൽ നിന്നൊക്കെയാണ് സീറിയ എന്ന പേരുവിളിയുണ്ടാകുന്നത്.

ബെഴ്‌സിലിയസ് താമസിക്കുന്ന കെട്ടിടത്തിൽ മറ്റൊരാൾ താമസിച്ചിരുന്നു. മറ്റൊരു രസതന്ത്രജ്ഞനായിരുന്ന ഗുസ്താവ് മൊസാന്റർ (Carl Gustaf Mosander). സീറിയ ഒന്നിലധികം ഓക്‌സൈഡുകളുടെ മിശ്രിതമാണെന്ന് വെളിപ്പെടുത്തിയ മൊസൊന്റർ അവയെ വേർത്തിരിച്ചെടുക്കുന്നതിൽ ഏതാണ്ട് വിജയം കൈവരിച്ചു. അവയിലൊന്നിന് അദ്ദേഹം ലന്താനം എന്നു പേരുകൊടുത്തു. ഒളിച്ചിരിക്കുന്നത് മറഞ്ഞിരിക്കുന്നത് എന്നൊക്കെയാണ് ഈ ഗ്രീക്ക് പ്രയോഗത്തിന്റെ അർത്ഥം. 1840-ലാണ് ഈ കണ്ടെത്തലുണ്ടായത്. തൊട്ടു മുൻപത്തെ വർഷം സീറിയം നൈട്രേറ്റിൽ നിന്ന് ആദ്യമായി സീറിയം എന്ന മൂലകത്തെ വേർത്തിരിച്ചെടുത്തത് മൊസാന്ററായിരുന്നു. അവിടെയും ഈ ഒളിച്ചിരിപ്പുകാരനെ അദ്ദേഹം ശ്രദ്ധിച്ചിരിക്കണം. രാസപരവും ഭൗതികപരവിമായ സാമ്യതകളാൽ സീറിയം എന്ന മൂലകത്തിൽ നിന്ന് വേറിട്ടൊരു അസ്തിത്വമുണ്ടെന്ന് സ്ഥാപിച്ചെടുക്കാൻ ലന്താനം ദീർഘകാലം കാത്തിരിക്കേണ്ടിവന്നു. 1923ൽ ശുദ്ധമായ മൂലകാവസ്ഥയിൽ വേർത്തിരിച്ചെടുക്കപ്പെടുംവരെ. അപ്പോഴേക്കും റെയർ എർത്ത് അഥവാ അപൂർവ്വ ഓക്‌സൈഡ് എന്ന കൂട്ടത്തിലേക്ക് ലന്താനവും ചേർക്കപ്പെട്ടു കഴിഞ്ഞിരുന്നു.

പക്ഷെ പറയുന്നത്ര അപൂർവ്വമല്ല (rare)  ലന്താനം. സമൃദ്ധിയുടെ കാര്യത്തിൽ, ഭൗമോപരിതലത്തിലെ ആകെ അളവിന്റെ 28-ാം സ്ഥാനത്താണ് ലന്താനം. ഇത് അപൂർവ്വം എന്ന് വിശേഷിക്കപ്പെടാത്ത ലെഡിന്റെ മൂന്നിരട്ടിയാണ്. അപൂർവ്വത വേറെ ചില കാര്യത്തിലാണ്.

അപൂർവ്വ ധാതുവായ മോണോസൈറ്റിൽ നിന്നാണ് ലന്താനം കാര്യമായും ഇന്ന് വേർത്തിരിച്ചെടുക്കുന്നത്. മറ്റ് അപൂർവ്വ മൂലകങ്ങളും തോറിയവുമെല്ലാം കൂടിക്കുഴഞ്ഞ് കിടക്കുന്ന മൊണോസൈറ്റിൽ നിന്ന് ദീർഘമായ രാസപ്രക്രിയയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ലന്താനത്തിന്റെ ശുദ്ധീകരണമാകട്ടെ ഇതിനേക്കാൾ ചിലവേറിയ പ്രക്രിയയാണ്. അതിനാൽ പലപ്പോഴും അമ്പത് ശതമാനത്തിനടുത്ത് ലന്താനമടങ്ങിയ ലോഹമിശ്രിതമാണ് ഉപയോഗിക്കപ്പെടുന്നത്. സീറിയവും നിയോ ഡൈമിയവുമാണ് ഈ മിശ്രിതത്തിലെ മറ്റു മൂലകങ്ങൾ.

പ്രകൃത്യാ കാണുന്ന ലന്താനത്തിൽ രണ്ട് ഐസോടോപ്പുകളാണുള്ളത്. ലന്താനം 139 ഉം ലന്താനം 138 ഉം. ലന്താനം 139 സ്ഥിര ഐസോടോപ്പാണ്. 138 ആകട്ടെ ഭൂമിയുണ്ടായ കാലം മുതലേ അതിനോട് ചേർന്ന് നിൽക്കുന്ന സക്രിയ (Active) പങ്കാളിയാണ്. പതിനായിരത്തി അഞ്ഞൂറുകോടി വർഷമാണ് 138 ന്റെ അർധായുസ്സ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിരവധി കൃത്രിമ ഐസോടോപ്പുകൾ പരീക്ഷണശാലയിൽ നിർമ്മിച്ചെടുത്തിട്ടുമുണ്ട്. 

ലാന്തനൈഡുകളിൽ ഏറ്റവും ക്രിയാശീലം കൂടിയ മൂലകമാണ് ലന്താനം. കൂടിയ അണു പരിധി ( Atomic Radius) തന്നെയാണ് ഇതിന്റെ കാരണം. തുറന്നുവെച്ചാൽ ലന്താനം പുകയാൻ തുടങ്ങും. വായുവിൽ കത്തി  ലന്താനം ഓക്‌സൈഡ് (La2O3) ആയി മാറും. ഈ ഓകസൈഡ് തുരുമ്പുപോലെ പൊടിഞ്ഞുപോകുന്നതാണ്. ആലൂമിനിയത്തെ പോലെ ഒരു കവചമല്ല. അതുകൊണ്ട് ലന്താനത്തിന്റെ ലോഹനാശനം അതിവേഗമാണ്. ലന്താനത്തിന്റെ ജലവുമായുള്ള രാസപ്രവർത്തന വേഗത കുറഞ്ഞതാണെങ്കിലും സവിശേഷമായൊരു താപമോചനപ്രവർത്തനമാണ്. ശീൽക്കാരത്തോടുകൂടിയ (Hissing) രാസപ്രവർത്തനംഎന്നാണ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഹാലൊജനുകൾ, നൈട്രജൻ, സൾഫർ, കാർബൺ, ആഴ്‌സെനിക്, ഫോസ്ഫറസ് എന്നിങ്ങനെ ഒട്ടുമിക്ക മൂലകങ്ങളുമായും ലന്താനം രാസപ്രവർത്തനത്തിലേർപ്പെടുകയും സ്ഥിരസംയുക്തങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇവയിലെല്ലാം തന്നെ ലന്താനത്തിന്റെ ഓക്‌സീകരണാവസ്ഥ (+3) ആണ്. 

ഗ്യാസ് വിളക്കുകളുടെ തിരി (പെട്രോമാക്‌സ് മാന്റൽ) ലന്താനം ഓക്‌സൈഡും സിർക്കോണിയം ഓക്‌സൈഡും ചേർത്തതാണ്. കടപ്പാട്‌ : വിക്കിപീഡിയ

ലന്താനവും അതിന്റെ സംയുക്തങ്ങളും ആധുനിക ജീവിതത്തിന്റെ വളവുതിരിവുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഗ്യാസ് വിളക്കുകളുടെ തിരി (പെട്രോമാക്‌സ് മാന്റൽ) ലന്താനം ഓക്‌സൈഡും സിർക്കോണിയം ഓക്‌സൈഡും ചേർത്തതാണ്. ആക്റ്റിനോഫോർ ( Actinophor) എന്ന മിശ്രിതം 1886 ൽ പേറ്റന്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. 

ലന്താനം ഓക്‌സൈഡ് – ടെലസ്‌ക്കോപ്പിലും ക്യാമറയിലുമൊക്കെയുള്ള ലെൻസ്‌ഗ്ലാസിൽ അടങ്ങിയിരിക്കുന്നു

ഗ്ലാസിന്റെ ആൽക്കലികളോടുള്ള പ്രതിരോധം വർധിപ്പിക്കുന്നതിനായി പണ്ടു മുതലേ ലന്താനം ഓക്‌സൈഡ് ചേർക്കുന്നുണ്ട്. ടെലസ്‌ക്കോപ്പിലും ക്യാമറയിലുമൊക്കെ ഉപയോഗിക്കുന്ന ഇത്തരം ഗ്ലാസ് ഭാഗങ്ങൾക്ക് പ്രകീർണനവും കുറവായിരിക്കും. ലന്താനം ഓക്‌സൈഡും ക്ലോറൈഡും ഒട്ടനവധി രാസത്വരകങ്ങളുടെ ഭാഗമാണ്. പെട്രോളിയം വ്യവസായത്തിലാണ് ഈ രാസത്വരകങ്ങൾ ഉപയോഗിക്കപ്പെടുന്നത്.

വാഹങ്ങളും അപൂർവ്വമൂലകങ്ങളും -സങ്കര നിക്കൽ ബാറ്ററികളുടെ നിർമ്മിതിയിൽ വലിയ അളവിൽ ലന്താനവും ഉപയോഗിക്കപ്പെടുന്നുണ്ട്.

ഏറ്റവും പുതിയ കാലത്ത് സങ്കര ഇനം വാഹനങ്ങളിലാണ് (Hybrid Automobiles) ലന്താനത്തിന്റെ ഇടം. സങ്കര നിക്കൽ ബാറ്ററികളുടെ നിർമ്മിതിയിൽ വലിയ അളവിൽ ലന്താനവും ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരു കണക്കുപ്രകാരം ടൊയോട്ട കമ്പനി നിർമ്മിക്കുന്ന വാഹനങ്ങൾക്കായുള്ള സങ്കര ബാറ്ററിയിൽ  10 മുതൽ 15 വരെ കിലോഗ്രാം ലന്താനവും ഉൾപ്പെടുന്നുണ്ട്. സങ്കരയിനം വാഹനങ്ങളുടെ ആവശ്യകത വർധിച്ചുവരുന്ന കാലത്ത് ലന്താനത്തിന്റെ ഉത്പാദനവും പതിന്മടങ്ങ് വർധിപ്പിച്ചേ മതിയാവൂ എന്ന അവസ്ഥയാണുള്ളത്.

വൃക്കരോഗത്തിന്റെ നിർണായക ഘട്ടങ്ങളിൽ ഒരു ഔഷധമായി നൽകിവരുന്നതാണ് ലന്താനം കാർബണേറ്റ്

മനുഷ്യനെ സംബന്ധിച്ചിടത്തോളം ലന്താനത്തിന് ജൈവപരമായ ഒരു പങ്കുമില്ലെന്ന് വേണം പറയാൻ. (ചില ബാക്റ്റീരിയകൾഡ ലന്താനത്തെയും ഭക്ഷണമാക്കുന്നതായി സൂചനയുണ്ട്.) ലന്താനം കാർബണേറ്റ് ആണ് മനുഷ്യ ശരീരത്തിൽ ഇടപെടാൻ ശേഷിയുള്ള ലന്താനം സംയുക്തം. വൃക്കരോഗത്തിന്റെ നിർണായക ഘട്ടങ്ങളിൽ ഒരു ഔഷധമായി നൽകിവരുന്നതാണ് ലന്താനം കാർബണേറ്റ്. അധികരിച്ച ഫോസ്‌ഫേറ്റിനെ നീക്കം ചെയ്യലാണ് ഈ ഔഷധത്തിന്റെ ദൗത്യം.

വാസ്തവത്തിൽ, ലന്താനത്തിന്റെ F-സബ് ഷെൽ കാലിയാണ്. എന്നാലും അതിനെ ഒരു F – ബ്ലോക്ക് മൂലകമായി കണക്കാക്കി പീരിയോഡിക് ടേബിളിന്റെ താഴെയുള്ള നിരയിൽ കൊണ്ടുവെയ്ക്കാറുണ്ട് പലപ്പോഴും. ആ നിരയിലെ മറ്റു മൂലകങ്ങളുമായുള്ള രാസ-ഭൗതിക സാമ്യമാണിതിന്റെ അടിസ്ഥാനം. (മറ്റ് ചിലപ്പോൾ ഒരു സംക്രമണ മൂലകമായി കണ്കണക്കാക്കി ബേരിയത്തിനും ഹാഫ്‌നിയത്തിനും ഇടയിലും കൊണ്ടിരുത്താറുണ്ട്.) തത്ക്കാലത്തേക്ക് പിൻബെഞ്ചിലേക്ക് മാറ്റിയിരുത്തിയ ആൾ, താമസിയാതെ പിൻബെഞ്ചുകാരുടെ നേതാവായി അവരോധിക്കപ്പെടുകയായിരുന്നു. അങ്ങനെ F- ഇലക്ട്രോൺ ഇല്ലാതെ തന്നെ F – ബ്ലോക്ക് മൂലകങ്ങളുടെ ലീഡറായി മാറിയ ആളാണ് ലന്താനം.

“നമ്പർ ഫിഫ്റ്റി സെവൻ”

“പ്രസന്റ് സർ”

“എവിടെ ഫിഫ്റ്റി സെവനെവിടെ ?”

“ഇവിടുണ്ട് സാർ”

“ഓ.. പേര് പൊലെത്തന്നെ ഒളിച്ചിരിക്കാണല്ലേ..”

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2019 ഭൂമിയുടെ സമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ചൂട് കൂടിയ വർഷം
Next post കേരളം ശാസ്ത്രം ആഘോഷിക്കുന്നു – നമുക്ക് ശാസ്ത്രമെഴുതാം
Close