Read Time:15 Minute

ഡോ. കെ.പി.അരവിന്ദൻ
റിട്ട. പ്രൊഫസർ, പത്തോളജി വിഭാഗം, മെഡിക്കൽ കോളേജ് കോഴിക്കോട്‌

പുതിയ വൈറസിന്റെ രോഗഭീതിയിലാണ് ലോകം. 2019 നോവൽ കൊറോണ വൈറസിനെ (2019 Novel Corona virus – 2019 nCov) എത്ര കണ്ട് പേടിക്കണം? ഇത് ചൈനയിൽ മാത്രം ഒതുങ്ങി കെട്ടടങ്ങുമോ അതോ ലോകം മുഴുവൻ വ്യാപിക്കുമോ?

എത്ര പേടിക്കണം ഈ പുതിയ കൊറോണയെ?

പുതിയ വൈറസിന്റെ രോഗഭീതിയിലാണ് ലോകം. 2019 നോവൽ കൊറോണ വൈറസിനെ (2019 Novel Corona virus – 2019 nCov) എത്ര കണ്ട് പേടിക്കണം? ഇത് ചൈനയിൽ മാത്രം ഒതുങ്ങി കെട്ടടങ്ങുമോ അതോ ലോകം മുഴുവൻ വ്യാപിക്കുമോ? അനേക ലക്ഷം പേരെ കൊന്നൊടുക്കുമോ അതോ സാധാരണ ജലദോഷം മാതിരി വലിയ കുഴപ്പം ചെയ്യാതെ നമ്മുടെ കൂടെ ഏറെക്കാലം നില നിൽക്കുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് ശാസ്ത്രലോകം. ഇതു വരെ ഒരു ഏകാഭിപ്രായത്തിൽ എത്താൻ മാത്രമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.

വവ്വാൽ, പന്നി പോലുള്ള മൃഗങ്ങളിലും പക്ഷികളിലും ഉള്ള വൈറസുകൾ പുതിയ മ്യൂട്ടേഷനുകളിലൂടെ ജനിതക മാറ്റം സംഭവിച്ച് മനുഷ്യശരീരത്തിൽ കയറിപ്പറ്റാനുള്ള കഴിവ് സംഭരിക്കുമ്പോഴാണ് മനുഷ്യ സമൂഹത്തിൽ പുതിയ വൈറൽ രോഗങ്ങൾ ഉണ്ടാവുന്നത്. ഇവ പാൻഡെമിക്* രൂപം (ലോകം മുഴുവൻ പടർന്നു പിടിക്കാൻ സാദ്ധ്യതയുണ്ടാക്കുന്നവ) പ്രാപിക്കുന്നത് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക്  പകരാനുള്ള കഴിവ് ആർജ്ജിക്കുമ്പോഴാണ്. H1N1 പോലുള്ള ഇൻഫ്ളുവൻസ വൈറസുകളുടേയും പുത്തൻ പതിപ്പുകൾ ഇങ്ങനെ ഏതാണ്ട് എല്ലാ വർഷവും ലോകം മുഴുവൻ രോഗമുണ്ടാക്കാറുണ്ട്. സാർസ് (SARS – Severe Acute Respiratory Syndrome) എന്ന കൊറോണ വൈറസ് 17 രാജ്യങ്ങളിലായി 774 പേരെ കൊന്നതിനു ശേഷമാണ് ഊർജ്ജിതമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ കീഴടങ്ങിയത്. പിന്നീട് 2012ൽ മദ്ധ്യ-പൂർവേഷ്യയിൽ ആവിർഭവിച്ച MERS (Middle East Respiratory Syndrome) എന്ന രോഗവും ഒരു തരം കൊറോണവൈറസ് ആണ് ഉണ്ടാക്കുന്നതെന്ന് കണ്ടെത്തി. ഇത് വരെ ഈ രോഗം 2494 പേരെ ബാധിച്ച് 854 മരണങ്ങൾക്ക് കാരണമായി. മറ്റു ചില കൊറോണ വൈറസുകൾ മനുഷ്യസമൂഹത്തിൽ സ്ഥിരമായ ഇടം പിടിച്ച് പലരിലും ഇപ്പോഴും ജലദോഷപ്പനി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. നോവൽ കൊറോണ എങ്ങിനെ പെരുമാറും? സാധുവാണോ ഭീകരനാണോ, നിയന്ത്രിക്കാൻ പറ്റുമോ പിടി വിട്ടു പടരുമോ എന്നൊക്കെ ഇനിയും കാണാൻ ഇരിക്കുന്നതേയുള്ളൂ.

ഏതു പുതിയ പകർച്ചവ്യാധിയും ആദ്യമായി പ്രത്യക്ഷപ്പെടുമ്പോൾ നാം ചോദിക്കുന്ന ചോദ്യങ്ങളും nCoV യുടെ കാര്യത്തിൽ ഇന്നത്തെ അറിവനുസരിച്ച് അവയ്ക്കുള്ള ഉത്തരങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇവ ഓരോന്നായി പരിശോധിക്കാം.

 1. അണുബാധയുണ്ടായി എത്ര ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും?

അണുബാധയുണ്ടായിക്കഴിഞ്ഞ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് വരെയുള്ള അടയിരിപ്പ് സമയം (Incubation period) ചൈനയിലെ ആദ്യരോഗികളെ പരിശോധിച്ചതിൽനിന്ന് ശരാശരി 5.2 ദിവസമാണ്. ലോകാരോഗ്യസംഘടന ഇതു തിട്ടപ്പെടുത്തിയിരിക്കുന്നത് 2 മുതൽ 10 ദിവസം എന്നാണ്. അതു കൊണ്ടാണ് രോഗബാധിത പ്രദേശങ്ങളിൽ നിന്നു വരുന്നവർക്കുള്ള മാറ്റി നിർത്തൽ സമയം (Quarantine) മിക്ക സ്ഥലങ്ങളിലും 14 ദിവസമായി നിജപ്പെടുത്തിയിരിക്കുന്നത്.

 1. അണുബാധയുണ്ടായവരിൽ എത്ര പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടാവും?
Infographics കടപ്പാട് : ഇൻഫോക്ലിനിക്ക്

ഈ ജനുവരി അവസാനം രോഗബാധിത പ്രദേശമായ വുഹാനിൽ നിന്ന് 565 ജപ്പാൻകാരെ നാട്ടിലെത്തിക്കുകയുണ്ടായി ഇവരെ എല്ലാവരേയും വൈറസ് ബാധയുണ്ടോ എന്ന് ടെസ്റ്റ് ചെയ്തു (Reverse transcription Polymerase Chain Reaction – RT-PCR എന്ന തന്മാത്രാ ജനിതക ടെസ്റ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്). ഇതിൽ 8 പേർക്ക് അണുബാധയുള്ളതായി കണ്ടെത്തി. പക്ഷെ എട്ടിൽ നാലു പേർക്ക് യാതൊരു രോഗലക്ഷണവുമുണ്ടായിരുന്നില്ല. ഈ കണക്ക് എല്ലായിടങ്ങളിലേയും സ്ഥിതി പ്രതിനിധീകരിക്കുന്നുണ്ടെങ്കിൽ അത് ആശങ്കാജനകമാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാറ്റിനിർത്താൻ കഴിയില്ലല്ലോ. രോഗനിയന്ത്രണ പരിശ്രമങ്ങളെ ഇതു സാരമായി ബാധിക്കും. രോഗലക്ഷണമില്ലാത്തവർക്ക് രോഗം പരത്താനുള്ള കഴിവിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.

 1. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരുമോ? ഉണ്ടെങ്കിൽ എത്ര എളുപ്പത്തിൽ?

nCoVയുടെ തുടക്കം ചൈനയിലെ വുഹാൻ നഗരത്തിലെ വലിയ സീ-ഫുഡ് മാർക്കറ്റിൽ നിന്നാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. സീ-ഫുഡ് മാർക്കറ്റിൽ സമുദ്രോൽപ്പന്നങ്ങൾ മാത്രമല്ല, പലതരം മാംസവും ജീവനുള്ള വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും ഒക്കെ ഉണ്ടായിരുന്നു. ആദ്യകേസുകളിൽ ബഹുഭൂരിപക്ഷവും ഈ മാർക്കറ്റ് സന്ദർശിച്ചവരിലാണ് കാണപ്പെട്ടത്. മാർക്കറ്റിലെ ഏതോ ജീവികളിൽ നിന്നാണ് വൈറസ് മനുഷ്യനിലേക്കുള്ള ചാട്ടം നടത്തിയത് എന്ന് അനുമാനിക്കപ്പെടുന്നു. താഴെക്കൊടുത്ത ചിത്രം കാണുക. ആദ്യദിവസങ്ങൾക്കു ശേഷം മാർക്കറ്റ് സന്ദർശിക്കാതെ രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ കൂടി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ്സ് ചാടാൻ തുടങ്ങിയതിൻ്റെ ലക്ഷണമായി ഇതിനെ കണക്കാക്കാം. ചൈനയിൽ, പ്രത്യേകിച്ച് വുഹാനിൽ ഇപ്പോൾ അധികം കേസുകളും ഇത്തരത്തിലുള്ളവയാണ്. എന്നാൽ ചൈനയ്ക്കു പുറത്ത് എത്തിച്ചേർന്ന കേസുകളിൽ നിന്ന് മറ്റുള്ളവരിലേക്കുള്ള സംക്രമണം കാര്യമായി നടന്നിട്ടില്ല.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത സൂചിപ്പിക്കുന്ന കണക്കാണ് R0. ആർക്കും പ്രതിരോധ ശേഷി ഇല്ലാത്ത അവസ്ഥയിൽ ഒരാളിൽ നിന്ന് എത്ര പേർക്ക് പകരാം എന്ന കണക്കാണിത്. 1.4 മുതൽ 2.5 വരെയാണ് nCoV യുടെ R0 എന്നാണ് ലോകാരോഗ്യസംഘടനയുടെ പ്രാഥമിക നിഗമനം. SARS കൊറോണവൈറസ് രോഗ്ത്തിൽ ഇത് 2 മുതൽ 5 വരെയായിരുന്നു. വാക്സിനേഷൻ, ക്വാരൻ്റൈൻ തുടങ്ങിയ നടപടികളിലൂടെ ഈ സംക്രമണ നിരക്ക് കുറച്ചു കൊണ്ടു വരാൻ കഴിയും. വാക്സീൻ ഇല്ലാത്ത സ്ഥിതിയ്ക്ക് nCoV യെ നേരിടാനുള്ള മുഖ്യമാർഗ്ഗം ക്വാരൻ്റൈൻ തന്നെയായിരിക്കും.

 1. അണുബാധയേറ്റിട്ടും രോഗലക്ഷണങ്ങൾ ഇല്ലാത്തവർ രോഗം പരത്തുമോ?

അണു അകത്തു കയറിയിട്ടും രോഗലക്ഷണങ്ങൾ  ഇല്ലാത്തവർ ഉണ്ടാകാം എന്ന് നാം കണ്ടു എന്നാൽ ഇത്തരക്കാരിൽ നിന്ന് രോഗം പകരുമോ? പകരാം എന്ന് ആശങ്ക പരത്തുന്ന ഒരു റിപ്പോർട്ട് ജർമനിയിൽ നിന്ന് NEJM എന്ന പ്രമുഖ വൈദ്യശാസ്ത്ര ജർണലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു ശരിയെങ്കിൽ രോഗത്തെ ലോകവ്യാപനത്തിൽ നിന്ന് പിടിച്ചു നിർത്താൻ കഴിയില്ലെന്ന് പലരും ഭയപ്പെട്ടു. ചൈനയിൽ നിന്ന് ജർമനിയിൽ വന്നെത്തിയ ഒരു സ്ത്രീ തൻ്റെ കൂടെ മീറ്റിങ്ങിൽ പങ്കെടുത്തവർക്ക് രോഗം പകർന്നു നൽകി എന്നും അങ്ങിനെ 4 ജർമൻകാർ രോഗബാധിതരായി എന്നുമായിരുന്നു റിപ്പോർട്ട്. മീറ്റിങ്ങ് നടന്ന സമയത്ത് സ്ത്രീ രോഗബാധിതയായിരുന്നില്ല എന്നതായിരുന്നു റിപ്പോർട്ടിലെ പ്രധാന വസ്തുത. എന്നാൽ ഒരാഴ്ച്ചയ്ക്കു ശേഷം ഈ റിപ്പോർട്ട് ശരിയല്ലെന്നും ആ സ്ത്രീയ്ക്ക് മീറ്റിങ്ങ് സമയത്തു തന്നെ പനിയും മേലുവേദനയും മറ്റും ഉണ്ടായിരുന്നു എന്ന് അവർ തന്നെ സമ്മതിച്ചതായി സയൻസ് റിപ്പോർട്ട് ചെയ്തു. അങ്ങിനെ രോഗലക്ഷണങ്ങൾ തീരെയില്ലാത്തവർ രോഗം പരത്തും എന്നതിന് ഇന്നത്തെ സ്ഥിതിയിൽ തെളിവൊന്നുമില്ല.

 1. അണുബാധയേറ്റവരിൽ എത്ര പേർക്ക് നേരിയ ലക്ഷണങ്ങൾ മാത്രം (ജലദോഷം തൊണ്ടവേദന) ഉണ്ടാവും? നേരിയ ലക്ഷണം മാത്രം ഉള്ളവർ രോഗാണുവിനെ പരത്തുമോ?

ചെറിയ പനി, ജലദോഷം തൊണ്ടവേദന എനീ നേരിയ ലക്ഷണങ്ങൾ മാത്രം ഉള്ളവരായിരിക്കും രോഗബാധിതരിൽ ഭൂരിഭാഗവും എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. അങ്ങിനെയുള്ളവർക്ക് രോഗം പരത്താനുള്ള കഴിവ് ഉണ്ടായിരിക്കും എന്നതും ഏറെക്കുറെ തീർച്ചയാണ്. അതു കൊണ്ടു തന്നെ ഇത്തരക്കാരെ കണ്ടെത്തി മറ്റുള്ളവർക്ക് രോഗം പകരാതെ നോക്കാനുള്ള ശ്രമമാണ് രോഗനിയന്ത്രണ പരിപാടിയുടെ ഒരു സുപ്രധാന വശം.

 1. രോഗലക്ഷണം ഉള്ളവരിൽ എത്ര പേർ മരിക്കും? അണുബാധയേറ്റവരിൽ എത്ര പേർ? 

ഒരു പുതിയ പകർച്ചവ്യാധിയെ പറ്റി നമ്മുടെ ഏറ്റവും വലിയ ആശങ്ക അതു മൂലം എത്ര പേർ മരിക്കുമെന്നതാണ്.ഇത് രണ്ട് കാര്യങ്ങളെ ആശ്രയിച്ച്രിക്കും. ഒന്ന് മരണനിരക്ക് – അതായത്, രോഗാണുബാധയേറ്റവരിൽ എത്ര പേർ മരിക്കുമെന്നത്. രണ്ട്, രോഗവ്യാപനം – എത്ര പേരിൽ രോഗം എത്തിപ്പെടുന്നു എന്നത്. 2003 ലെ SARS രോഗത്തിൻ്റെ മരണ നിരക്ക് 10% ആയിരുന്നു. എന്നാൽ രോഗം പടരുന്നത് പെട്ടെന്നു തന്നെ ഫലപ്രദമായി തടയാൻ കഴിഞ്ഞതു കൊണ്ട് മരണം 774 മാത്രമായിരുന്നു. നേരെ മറിച്ച് 2009 ൽ പ്രത്യക്ഷപ്പെട്ട പുതിയ H1N1 വൈറസ് ബാധയുടെ മരണ നിരക്ക് കേവലം 0.01% മാത്രമായിരുന്നു.പക്ഷെ അത് ഒരു പാൻഡെമിക് ആയി ലോകം മുഴുവൻ വ്യാപിച്ചതിനാൽ CDC യുടെ കണക്കനുസരിച്ച് 224000 പേരുടെ മരണത്തിനു കാരണമായി. 2019-nCoV യുടെ മരണനിരക്ക് ഇതു വരെയുള്ള ചൈനയിലെ കണക്കുകൾ വെച്ച് 2% ആണ്. അതായത് SARS ൻ്റെ അഞ്ചു മടങ്ങു കുറവ്; എന്നാൽ H1N1 നേക്കാൾ പതിന്മടങ്ങ് കൂടുതൽ. എന്നാൽ ഈ കണക്കിൽ രോഗലക്ഷണമില്ലാത്തവരോ നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവോ ഇല്ല. കാരണം അത്തരക്കാരിൽ രോഗാണു ടെസ്റ്റ് നടത്തുന്നില്ല. ഇങ്ങനെയുള്ളവരെ കൂടെ കൂട്ടിയാൽ മരണനിരക്ക് ഗണ്യമായ തോതിൽ കുറയാൻ സാധ്യതയുണ്ട്. ഒരു പക്ഷെ 0.1% നും 1% ത്തിനും ഇടയിൽ ആയിരിക്കാം യഥാർത്ഥ മരണനിരക്ക്.

അന്തിമമായി എത്രമാത്രം അപകടകാരിയാണ് ഈ പുതിയ വൈറസ്? ലോകം മുഴുവൻ എത്ര മരണങ്ങൾക്ക് ഇത് കാരണമാകും? രോഗവ്യാപനത്തിൻ്റെ ഈ ആദ്യഘട്ടങ്ങളിൽ ഇതിന് ഒരു ശരിയുത്തരം നൽകുക എന്നത് ദുഷ്കരമാണ്. പ്രധാനമായും എല്ലാം ചൈനയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയ-പരാജയങ്ങളെ ആശ്രയിച്ചിരിക്കും. ചൈനയിൽ മാത്രമായി രോഗത്തെ ഒതുക്കി നിർത്താൻ കഴിഞ്ഞാൽ SARS രോഗത്തേക്കാൾ കുറച്ചേറെ മരണങ്ങളുമായി ഇതും കെട്ടടങ്ങും. എന്നാൽ ചൈനയിൽ നിന്ന് പുറത്തുകടക്കുകയാണെങ്കിൽ ലോകം മുഴുവൻ രോഗം വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ ഒരു പാൻഡെമിക് ആയി മാറിയാൽ അന്തിമമായി മരണങ്ങൾ 2009 ലെ H1N1 നേക്കാൾ കുറച്ച് കൂടുതൽ ആവാൻ ആണ് ആണ് സാധ്യത. വൈറസിന് പുതിയ മ്യൂട്ടേഷനുകൾ വഴി രോഗതീവ്രത കുറയാനും, ഇന്ന് നമ്മോടൊപ്പം ഉള്ള ജലദോഷപ്പനി ഉണ്ടാക്കുന്ന കൊറോണവൈറസുകളെ പോലെ മറ്റൊരു വൈറസ് ആയി നമുക്കിടയിൽ ദീർഘകാലം നിലനിൽക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു കൂടാ.

എല്ലാംകാത്തിരുന്നു കാണാം.


References

 1. https://www.sciencemagazinedigital.org/sciencemagazine/07_february_2020_Main/
 2. https://www.the-scientist.com/news-opinion/scientists-zero-in-on-the-novel-coronavirus-incubation-period–67045
 3. https://www1.health.gov.au/internet/main/publishing.ns
 4. https://sci-hub.se/10.1056/NEJMoa2001316
 5. https://www.nejm.org/doi/full/10.1056/NEJMc2001468
 6. https://www.sciencemag.org/news/2020/02/paper-non-symptomatic-patient-transmitting-coronavirus-wrong
 7. https://www.thelancet.com/journals/lancet/article/PIIS0140-6736(20)30211-7/fulltext
 8. https://www.nejm.org/doi/10.1056/NEJMoa2001316?url_ver=Z39.88-2003&rfr_id=ori:rid:crossref.org&rfr_dat=cr_pub%3dwww.ncbi.nlm.nih.gov
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കേരളം ശാസ്ത്രം ആഘോഷിക്കുന്നു – നമുക്ക് ശാസ്ത്രമെഴുതാം
Next post ആണധികാരവും ആധുനിക ശാസ്ത്രവും 
Close