Read Time:10 Minute
ജീവജാലങ്ങളോടുള്ള കരുതലിന്റേയും കാരുണ്യത്തിന്റെയും കാര്യത്തിൽ മലയാളികൾ മറ്റുള്ളവരേക്കാൾ ഒട്ടും പിന്നിലല്ല എന്നുമാത്രല്ല, ഒരു മുഴം മുമ്പിൽ തന്നെയാണ്. ഏതാനും വർഷങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന അത്തരം ഒരു കാരുണ്യപ്രവർത്തനമാണ് വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹജലം കൊടുക്കുന്നത്. ഇത് തികച്ചും ശ്ലാഘനീയവും പ്രോൽസാഹനാർഹവുമായ ഒരു പ്രവർത്തനമാണെന്നതിൽ സംശയമില്ല. എന്നാൽ അറിയാതെയാണെങ്കിലും ഈ ദാഹജല സമർപ്പണത്തിന് ഒരു ദ്രോഹകരമായ മറുവശമുണ്ടെന്ന് എത്രപേർക്കറിയാം? 2023 ൽ ഈ ലേഖകൻ നടത്തിയ ഒരു അന്വേഷണന്റെ വെളിച്ചത്തിൽ അത് വിശദീകരിക്കാം.

കോഴിക്കോട് ജില്ലാ ഭരണകൂടം 2023 ൽ നടത്തിയ ക്യാമ്പയിൻ

തേക്കിൻകാട്ടിലെ ഗവേഷണം

2023 ഏപ്രിൽ മാസം. പത്രങ്ങളിൽ ഒരു വാർത്ത വന്നു. തൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിന് ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലെ മരക്കൊമ്പുകളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പക്ഷികൾക്ക് വെള്ളം കുടിക്കാൻ ജലപാത്രങ്ങൾ തൂക്കിയിടുന്നു. അപ്പോൾ തന്നെ അപകടം മണത്തു. തൃശൂരുള്ള സുഹൃത്തിനെ വിളിച്ച് പാത്രങ്ങളിൽ ഒരു കണ്ണുവെയ്ക്കാൻ ആവശ്യപ്പെട്ടു. പാത്രത്തിലെ വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് വളരുന്നുണ്ടോ എന്നറിയുകയായിരുന്നു ഉദ്ദേശ്യം. വേനൽക്കാലം കഴിയുന്നതുവരെ പ്രശ്നമൊന്നുമുണ്ടായില്ല. ഒന്നുകിൽ പക്ഷികൾ വെള്ളം കുടിച്ച് തീർത്തിരുന്നു, അല്ലെങ്കിൽ വേനൽ ചൂടിൽ വെള്ളം വറ്റിപ്പോയിരുന്നു.

മഴക്കാലമെത്തിയപ്പോൾ

മഴ തുടങ്ങിയപ്പോൾ ജലപാത്രങ്ങൾക്ക് എന്ത് സംഭവിച്ചു എന്നറിയാൻ 2023 ജൂലായ് 3 ന് തൃശൂർക്ക് യാത്രയായി. പാത്രങ്ങളെല്ലാം അവിടെ തന്നെയുണ്ടായിരുന്നു. എല്ലാറ്റിലും മഴവെള്ളവും വെള്ളത്തിൽ നിറയെ  കൊതുക് കൂത്താടികളും പ്യൂപ്പകളും. ചില പ്യൂപ്പകൾ പൊട്ടി കൊതുകുകൾ പുറത്തുവരുന്നുണ്ടായിരുന്നു. എല്ലാം ഏഡിസ് ആൽബോപിക്ടസ് (Aedes albopictus) വിഭാഗത്തിൽ പെട്ട കൊതുകുകൾ. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക എന്നീ രോഗങ്ങളുടെ വാഹകരാണ് (Vectors) ഏഡിസ് ആൽബോപിക്ടസ്. നൂറുകണക്കിന് ആളുകൾ തടിച്ചുകൂടുന്ന സ്ഥലമാണ് തേക്കിൻകാട് മൈതാനം. വൈറസ് വാഹകരായ ആരെങ്കിലും കൂട്ടത്തിലുണ്ടാവുകയാണെങ്കിൽ പകൽ സമയങ്ങളിൽ കടിക്കുന്ന ഈ കൊതുകുകൾ രോഗസംക്രമണത്തിന് കാരണക്കാരായേക്കാം. എന്റെ നിരീക്ഷണങ്ങൾ അപ്പോൾ തന്നെ ഫേസ്ബുക്കിൽ ചിത്രസഹിതം പോസ്റ്റ് ചെയ്തു. അതുകൊണ്ട് ഗുണമുണ്ടായി.

നാഷണൽ സർവീസ് സ്കീമിന്റെ ഇടപെടൽ

ഫേസ്ബുക്ക് പോസ്റ്റ് കണ്ട് നാഷണൽ സർവീസ് സ്കീമിന്റെ (എൻ. എസ്. എസ്സ്) മധ്യമേഖലാ കോ-ഓർഡിനേറ്ററും എന്റെ വിദ്യാർത്ഥിയുമായ ഡോ. എൻ. രാജേഷ് ബന്ധപ്പെടുകയും എൻ. എസ്. എസ്സിന് ഏതെങ്കിലും രീതിയിൽ ഇതിൽ ഇടപെടാൻ കഴിയുമോ എന്ന് അന്വേഷിക്കുകയും ചെയ്തു. ഉടൻ തന്നെ എൻ. എസ്. എസ്  വളണ്ടിയർമാരുടെ സഹായത്തോടെ പാത്രങ്ങളിലുള്ള വെള്ളം കളയാനും വനം വകുപ്പിനെ അറിയിച്ച് പാത്രങ്ങൾ അഴിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു. പിറ്റേന്നാൾ തന്നെ വളണ്ടിയർമാർ രംഗത്തിറങ്ങി ജോലി തുടങ്ങി. അങ്ങനെ തൽക്കാലം കൊതുകുകൾ നശിപ്പിക്കപ്പെട്ടു. എന്നാൽ 2023 നവംബർ 24 ന് നടത്തിയ പരിശോധനയിൽ പാത്രങ്ങളിൽ ഭൂരിപക്ഷവും ഇപ്പോഴും മരങ്ങളിൽ തന്നെയുണ്ടായിരുന്നു. മഴക്കാലമല്ലാത്തതിനാൽ വെള്ളവും കൊതുകുകളും കുറവായിരുന്നു (തീരെ ഇല്ലെന്നല്ല).    

പഠനങ്ങൾ

വേനലിൽ പക്ഷികൾക്ക് ദാഹജലം നല്കുന്നതുമായി ബന്ധപ്പെട്ട ഒരു പഠനവും ഇന്ത്യയിൽ നടന്നതായി അറിവില്ല. ലോകത്തിൽ തന്നെ അത്തരം പഠനങ്ങൾ വിരളമാണ്. 2019-ൽ പോളണ്ടിൽ രാജ്യവ്യാപകമായി നടത്തിയ വിപുലമായ ഒരു പഠനത്തിന്റെ പ്രധാന കണ്ടെത്തലുകൾ താഴെ കൊടുക്കുന്നു:

  1. പോളണ്ടിലെ 928 സ്ഥലങ്ങളിലാണ് പഠനം നടത്തിയത്. കുടിവെളളം ലഭ്യമാക്കിയ/ ലഭ്യമായ സ്ഥലങ്ങളിൽ 80 സ്പീഷീസുകളിൽപ്പെടുന്ന പക്ഷികളെ കണ്ടെത്തി. അവയിൽ 51 സ്പീഷീസുകൾ (64%) കുടിവെള്ളം ഉപയോഗിക്കുന്നത് കണ്ടു.
  2. ചെറിയ പാത്രങ്ങളിലുള്ള വെള്ളം, പ്രത്യേകിച്ചും ജനങ്ങൾ ബോധപൂർവ്വം സ്ഥാപിച്ച പാത്രങ്ങളിലെ വെള്ളം, വളരെ അപൂർവമായി മാത്രമാണ് പക്ഷികൾ ഉപയോഗിച്ചത്.  കൂടുതലായും ആശ്രയിച്ചത് പ്രകൃതിയിൽ സ്വാഭാവികമായുള്ള ജലസ്രോതസ്സുകളുമായി സാദൃശ്യമുള്ള വെള്ളക്കുഴികൾ, ജലധാരകൾ, കുളങ്ങൾ എന്നിവയാണ്.

ഇതുപോലെ വിപുലമായൊരു പഠനം കേരളത്തിലും നിർബന്ധമായും  നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ചെയ്യുന്ന കാരുണ്യപ്രവർത്തനം ഫലപ്രദമാകുന്നുണ്ടോ എന്നറിയണമല്ലോ. പൗരശാസ്ത്രം (Citizen science) എന്ന രീതിയിലും ഇത്തരം ഗവേഷണം നടത്താവുന്നതാണ്.

ചില നിർദ്ദേശങ്ങൾ

മുകളിൽ കൊടുത്ത രണ്ട് പഠനങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ  ഏതാനും നിർദ്ദേശങ്ങൾ താഴെക്കൊടുക്കുന്നു:

  1. പക്ഷികൾക്ക് പാത്രങ്ങളിൽ നൽകുന്ന വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതുവഴി കൊതുക് വളർച്ച തടയാം.
  2. വേനലിൽ പക്ഷികൾക്ക് ദാഹജലം മാത്രമല്ല കുളിക്കാനുള്ള വെള്ളവും ആവശ്യമാണ്. ശരീരത്തിന്റെ ചൂട് കുറയ്ക്കാനും തൂവലുകൾ നല്ല നിലയിൽ നിലനിർത്താനും കുളി അത്യാവശ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടു തന്നെ കുളിക്കാൻ കൂടി സൌകര്യമുള്ള വലിയ പാത്രങ്ങളിൽ വെള്ളം കൊടുക്കുന്നതായിരിക്കും നല്ലത്.
  3. പാത്രങ്ങൾ മരങ്ങളിൽ കെട്ടിത്തൂക്കുന്നതും പ്രശ്നങ്ങളുണ്ടാക്കാം. വെള്ളം നിറയ്ക്കാനും കൊതുകുകൾ വളരുന്നുണ്ടോ എന്ന് പരിശോധിക്കാനും ആഴ്ചയിൽ വെള്ളം മാറ്റാനും മറ്റും ബുദ്ധിമുട്ടായിരിക്കും. അതുപോലെ പക്ഷികൾക്ക് കുളിക്കാനും ബുദ്ധിമുട്ടായിരിക്കും.

അധികവായനയ്ക്ക് 

  1. Brilot BO, Bateson M. (2012). Water bathing alters threat perception in starlings. Biology Letters 8(3):379–381.
  2. Okahisa Y, Nakahara T, Sato NJ, Theuerkauf J, Ueda K. (2015). Puddle use by New Caledonian rainforest birds. Ornithological Science 14(1):41–45.
  3. Tryjanowski P, Jankowiak L, Czechowski P et al . (2022).  Summer water sources for temperate birds: use, importance, and threats. The European Zoological Journal. 89(1): 913–926

കൊതുകിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കൊതുകു ലേഖനങ്ങൾ

Happy
Happy
75 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post രാജ്യത്ത് അശാസ്‌ത്രീയതയ്ക്കും അന്ധ വിശ്വാസത്തിനും പ്രചാരമേറുന്നു – ഡോ.സി.പി. രാജേന്ദ്രൻ
Next post ലേസറാണ് താരം
Close