Read Time:24 Minute

പ്രീപ്രൈമറി സ്കൂളുകളിൽ കുട്ടികൾക്കായി കഥോത്സവങ്ങൾ നടന്നു വരുകയാണല്ലോ. ആടിയും പാടിയും, കൊഞ്ചിയും കുഴഞ്ഞും, തപ്പിയും തടഞ്ഞും കുട്ടികൾ കഥ പറയുന്നത് കാണാൻ എന്തു രസമാണ്. നല്ല രസത്തോടെ കണ്ടിരിക്കാൻ മാത്രമായാണോ കഥോത്സവം? രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഈ പരിപാടിയിലെ റോളെന്താണ് ?

കേൾക്കാം

എഴുതിയത്. : പി.ടി.രാഹേഷ് അവതരണം : വി വേണുഗോപാൽ

പ്രീപ്രൈമറി സ്കൂളുകളിൽ കുട്ടികൾക്കായി കഥോത്സവങ്ങൾ നടന്നു വരികയാണ്. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ മാതൃകാപരമായ മികവു തുടരുമ്പോഴും പ്രീ പ്രൈമറി രംഗത്തെ വിദ്യാഭ്യാസ രീതിയെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ‘കുട്ടി’ കേന്ദ്രമായ പഠന രീതി ഒന്നാം ക്ലാസുമുതൽ നമുക്കുണ്ടെങ്കിലും പക്ഷേ ‘ശിശു’ കേന്ദ്രമായ പ്രവർത്തനങ്ങളാണോ അഞ്ചു വയസ്സിന് താഴെയുള്ള സ്കൂളുകളിൽ നടക്കുന്നത് എന്നതൊരു പ്രശ്നമാണ്. രക്ഷിതാക്കളുടെ താൽപ്പര്യത്തിനനുസരിച്ച് ഉൽപ്പാദിപ്പിക്കപ്പെട്ട പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെയെല്ലാം പരിശീലനം നടക്കുന്നതെന്ന വിമർശനത്തെ മറികടക്കാനാവണം. എബിസിഡി പഠിക്കാനും വാക്കുകളെഴുതാനും സ്കൂളിലെത്തും മുൻപ് പഠിക്കണമെന്ന ധാരണയിലാണ് പ്രീപ്രൈമറികളിൽ കുട്ടികളെ പറഞ്ഞയക്കുന്നത്. ഇത്തരം പൊതു ധാരണകളെ പൊളിച്ചെഴുതാൻ കഴിയും വിധത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രീപ്രൈമറികളിൽ കഥോത്സവം സംഘടിപ്പിക്കുന്നത്. ആടിയും പാടിയും, കൊഞ്ചിയും കുഴഞ്ഞും, തപ്പിയും തടഞ്ഞും കുട്ടികൾ കഥ പറയുന്നത് കാണാൻ എന്തു രസമാണ്. നല്ല രസത്തോടെ കണ്ടിരിക്കാൻ മാത്രമായാണോ കഥോൽസവം ? രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഈ വിദ്യാഭ്യാസ പരിപാടിയിലെ റോളെന്താണ് ?

വിദ്യാഭ്യാസത്തെ കുട്ടികളുടെ ഭാഗത്ത് നിന്നു വീക്ഷിക്കുകയും, അത് തനതായ രീതിയിൽ പ്രയോഗിച്ചു നോക്കുകയും, അതുവഴി ലോകത്തിന് പുതിയ പാഠങ്ങൾ നൽകുകയും ചെയ്തവരിൽ വേറിട്ടു നിൽക്കുന്ന വ്യക്തിത്വമായ ‘സിൽവിയ ആഷ്ടൺ – വാർനർ‘ എന്ന അദ്ധ്യാപികയുടെ സവിശേഷമായ ക്ലാസ് റൂം ആവിഷ്കാരത്തിന്റെ ജീവസുറ്റതും സർഗാത്മകവുമായ വാങ്മയമായ ‘ടീച്ചർ’ എന്ന വിഖ്യാതമായ കൊച്ചു പുസ്തകത്തിലെ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്. ജൈവവായന (Organic Reading) അടിസ്ഥാനപദസമ്പത്ത് (key Vocabulary) എന്നീ ആശയങ്ങളിലൂടെ കുട്ടികളുടെ ആന്തരികലോകത്തു നിന്നും ബാഹ്യലോകത്തിലേക്ക് സഞ്ചരിക്കാനാകും. 

സിൽവിയ ആഷ്ടൺ – വാർനർ

ഓരോ കുട്ടിയുടെയും ആദ്യ വാക്കുകൾ അവരുടെ അനുഭവങ്ങൾ ആയിരിക്കും. അതുകൊണ്ടുതന്നെ കുട്ടികൾക്കായി തിരഞ്ഞെടുക്കുന്ന വാക്കുകൾ അവരുടെ ജീവിതവുമായി ബന്ധമുള്ളവയാകണം. ഈ വാക്കുകൾ സ്വാഭാവികമായി ഉയർന്നു വരികയും ക്രമമായി കോർത്തെടുക്കുകയും ചെയ്യാനാവുന്നതിലൂടെയാണ് പ്രാഥമികമായ പഠനത്തിൽ ടീച്ചർ പങ്കു വഹിക്കുന്നത്. അടിസ്ഥാന പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള ധാരാളം പ്രായോഗിക മാതൃകകൾ നമുക്ക് കണ്ടെത്താനാവണം. ഈ പ്രായത്തിൽ കുട്ടികൾ പ്ലാസ്റ്റിക് പോലെ വളയും. അതുകൊണ്ടുതന്നെ കുട്ടികളുടെ ഈ പ്രായത്തെ ‘പ്ലാസ്റ്റിക് പ്രായം’ എന്നു വിളിക്കാം.  സിൽവിയ ആഷ്ടൻ ടീച്ചറുടെ അടിസ്ഥാന പദ സമ്പത്തും ജൈവ വായനയുമെന്ന വിദ്യാഭ്യാസ ബദൽ പ്രവർത്തനത്തിൻ്റെ ഒരു പ്രായോഗിക മാതൃകയായി പ്രീ പ്രൈമറി കഥോൽസവത്തെ നമുക്ക് കാണാവുന്നതാണ്.

സിൽവിയ ആഷ്ടൺ – വാർനറുടെ ടീച്ചർ എന്ന പുസ്കകം

അടിസ്ഥാന പദസമ്പത്ത്, ഭാഷ പ്രയോഗിക്കുന്നതിനുള്ള ശേഷി, ചിന്തിക്കുന്നതിനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങൾ വർധിപ്പിക്കാനുള്ള പ്രവർത്തങ്ങളാണ് പ്രീ പ്രൈമറി പ്രായത്തിൽ നടക്കേണ്ടത്. മുത്തശ്ശി കഥകളിലൂടെ ഈ പ്രവർത്തനങ്ങൾ കുട്ടികളിൽ നടന്നിരുന്നു. പക്ഷേ അതിനുള്ള അവസരങ്ങൾ ഇപ്പോഴത്തെ കുട്ടികൾക്കില്ല.  അതിനുപകരം വയ്ക്കാവുന്ന രൂപത്തിലാണ് ഇപ്പോൾ പ്രീ പ്രൈമറികളിൽ കഥോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. പഴയ കഥകൾ കേട്ടുവളർന്ന രക്ഷിതാക്കളെല്ലാം കുട്ടികളെ അതെല്ലാം ഓർത്തെടുത്ത് പഠിപ്പിക്കുന്ന തിരക്കിലാണ്. ആമയും മുയലും പന്തയം വെച്ചതിന്റെയും, പ്രതിബിംബം നോക്കി കിണറ്റിൽ ചാടിയ സിംഹത്തിന്റെയുമെല്ലാം കഥകൾ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. കൂട്ടത്തിൽ യക്ഷിക്കഥകളും, പുരാണകഥകളും കയറിപ്പറ്റുന്നുമുണ്ട്. ചുരുക്കി പറഞ്ഞാൽ മുത്തശ്ശിക്കഥകളുടെ ഓർത്തെടുക്കൽ മാത്രമായി കഥോത്സവം മാറുകയാണ്. ഇതിനെല്ലാം അവസരം ഇല്ലാതിരുന്ന കുട്ടികൾക്ക് ഇതൊരു സൗഭാഗ്യം അല്ലേയെന്ന് കരുതുന്നവരായി എല്ലാവരും മാറുകയാണ്. അശാസ്ത്രീയതയും, അയുക്തിയും നിറഞ്ഞ കഥകളും, കെട്ടുകഥകളും ആവർത്തിക്കപ്പെടുന്ന വേദികളായി പ്രീപ്രൈമറികൾ മാറുന്നതിന്റെ അപകടം ചെറുതല്ല. പഴങ്കഥകൾ കേട്ട് വളർന്നതിന്റെ ഭാഗമായി ആധുനിക മലയാളിയുടെ മനസ്സിൽ പോലും ഇപ്പോഴും ഉറങ്ങി കിടക്കുന്ന അന്ധവിശ്വാസങ്ങളെയും, പ്രാകൃത ചിന്തകളെയും, പുതിയ തലമുറയിലേക്കും കൈമാറ്റം ചെയ്യുന്നതിനും കുത്തിവയ്ക്കാനും ഇത്തരം കഥകൾ ആവർത്തിക്കപ്പെടുന്നത് ഇടയാക്കും. കെട്ടുകഥകളും മിത്തുകളും ചരിത്രമാവുകയും പാഠപുസ്തകത്തിൽ കയറി പറ്റുകയും ചെയ്യുന്ന കാലത്ത് അറിഞ്ഞോ അറിയാതെയോ നാമിതു ചെയ്യുന്നത് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യത്തിനെതിരാവും.

ആധുനിക കാലത്ത് ആധുനിക മൂല്യങ്ങൾ പകർന്നുകൊടുക്കാനാവുന്ന കഥകൾ മാത്രമാണ് പങ്കുവെക്കപ്പെടേണ്ടത്. തുല്യത, ജനാധിപത്യം, മതനിരപേക്ഷത, ശാസ്ത്രബോധം തുടങ്ങിയ മൂല്യങ്ങൾ ഉല്പാദിപ്പിക്കാൻ കഴിയുന്ന കഥകളായിരിക്കണം കുട്ടി ജീവിതത്തിന്റെ തുടക്കം മുതൽ കേൾക്കേണ്ടത്. നവീകരിക്കപ്പെട്ട പുതിയ മനുഷ്യനാകാനും അതിലൂടെ ലോകത്തെ മാറ്റിമറിക്കാനും കഴിവുള്ളവനാണ് മനുഷ്യനെന്ന് തിരിച്ചറിയാനാവണം. വളരെ കുഞ്ഞു പ്രായത്തിൽ ഇത്ര കട്ടിയിയുള്ള കാര്യങ്ങൾ പറയാനാകുമോ എന്നാവും ചിന്തിക്കുന്നത്. പ്രാകൃത ചിന്തകൾ ആവർത്തിക്കുന്നതിനേക്കാൾ എത്രയോ എളുപ്പത്തിൽ പുതിയ കാലത്തിൻ്റെ സ്വപ്നങ്ങളും സാധ്യതകളും കഥകളായി അവതരിപ്പിക്കാനാവും. കഥകൾ കേട്ട് ഉറങ്ങാനുള്ളതാണെന്ന പഴയ ധാരണയിൽ നിന്ന്,  കഥകളെല്ലാം കേട്ടുണരാനുള്ളതാവണം എന്ന കാഴ്ച്ചപ്പാടിലേക്ക് നാം മാറണം. കഥകൾ കേട്ട് ഉറങ്ങിയവരുടെയെല്ലാം അബോധ മനസ്സിൽ കേട്ടതെല്ലാം ആഴത്തിൽ സൂക്ഷിച്ചു വെക്കപ്പെടുമെന്നത് മനശ്ശാസ്ത്രപരമായ കാര്യമാണ്. കഥ കേൾക്കുകയും, എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യം ചോദിക്കുകയും ചെയ്യുന്ന കുട്ടി വിമർശനാത്മക ബോധമുള്ളവനായി വളരും. അതിനുമുമ്പേ ഉറങ്ങി പോകുന്നവർ എല്ലാം അപ്പാടെ വിശ്വസിച്ചു കളയുകയും ചെയ്യും. ഓരോ കഥയും കുട്ടിയെ വിമർശനാത്മക ബോധമുള്ളവനാക്കി രൂപപ്പെടുത്താൻ സഹായിക്കുന്നതാവണം. അതിനെയാണ് കഥ കേട്ടു ഉണരുക എന്ന പുതിയ പ്രയോഗം അർത്ഥമാക്കുന്നത്.

എങ്ങനെയാണ് അത്തരത്തിലുള്ള പുതിയ കഥകൾ അവതരിപ്പിക്കേണ്ടത് എന്ന സംശയമാവും ഇപ്പോഴുള്ളത്. കാടും കടുവയും, ആനയും ആകാശവും, പാമ്പും പക്ഷിയുമൊക്കെയില്ലാതെ ചെറിയ കുട്ടികളോട് കഥ പറയുന്നത് എങ്ങനെയാണ് എന്നല്ലേ ! പുതിയ സംഭവങ്ങൾ കഥയായി പറഞ്ഞുകൊടുക്കാൻ അധ്യാപകരാണ് പരിശീലിക്കേണ്ടത്. നേരത്തേ  സൂചിപ്പിച്ചതുപോലെയുള്ള മുത്തശ്ശി കഥകൾ കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് ആധുനിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ഒരു കഥയെങ്കിലും കണ്ടെത്തി അധ്യാപകൻ അവതരിപ്പിക്കേണ്ടത്. പരസ്പര സ്നേഹമുള്ളവരായി നാം കഴിയേണ്ടതുണ്ടെന്നും, ശാസ്ത്രബോധം ഉള്ളവരായി നാം മാറേണ്ടതുണ്ടെന്നും പറയാൻ ഒരു കഥയുണ്ടാക്കിയാലോ ! അടുത്തിടെ പത്രത്തിൽ വന്ന ഓപ്പറേഷൻ ഹോപ്പ് എന്ന, കാട്ടിനുള്ളിൽ കുടുങ്ങിയ കുട്ടികൾക്കായുള്ള തിരച്ചിൽ പ്രവർത്തനത്തെ ഇത്തരമൊരു കഥയായി അവതരിപ്പിക്കാവുന്നതാണ്.

കഥ നടക്കുന്നത് പണ്ടു പണ്ടല്ല കേട്ടോ, കഴിഞ്ഞ നമ്മുടെ അവധിക്കാലത്താണ്. ഒരു കാട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാട്. വിഷപാമ്പുകളും വിഷ ജന്തുക്കളുമുള്ള ഇരുട്ടുള്ള കാട്. ഈ കാടിനുള്ളിൽ കുട്ടികളേ നിങ്ങളാരെങ്കിലും കുടുങ്ങിപ്പോയാൽ എന്താവും സ്ഥിതി !  കഥയിങ്ങനെ തുടങ്ങാം –

കൊളംബിയയിൽ ആമസോൺ കാടുകൾക്കു നടുവിൽ കുട്ടികൾക്കായി നടത്തിയ അന്വേഷണത്തിൻ്റെ പേരാണ് യഥാർത്ഥത്തിൽ ‘ഓപ്പറേഷൻ ഹോപ്പ്’. കുട്ടികൾ നടത്തിയ ആവേശകരമായ അതിജീവനത്തിൻ്റെ റിപ്പോർട്ടുകൾ പത്രത്തിൽ വായിച്ചിട്ടുണ്ടാവും. രാജ്യവും, അവിടുത്തെ സൈന്യവും കുട്ടികൾക്കു വേണ്ടി നടത്തിയ തെരച്ചിലും അതിഗംഭീരമാണ്. ഒരു അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും വിമാനാവശിഷ്ടങ്ങളും കണ്ടെത്തി. ഒരമ്മയും കുട്ടികളും അതിലുണ്ടായിരുന്നു. മരണപ്പെട്ട അമ്മയെ കണ്ടെത്തി, പക്ഷേ കുട്ടികളെ കണ്ടെത്താനായില്ല. അവർക്കെന്ത് സംഭവിച്ചു കാണും. സിംഹം പിടിച്ചിട്ടുണ്ടാവുമെന്ന് ഒരാളുടെ കമൻ്റ്. വന്യമൃഗങ്ങളും വിഷപ്പാമ്പുകളും ധാരാളമുള്ള കാടാണ്. അപകടം വല്ലതും സംഭവിച്ചതിൻ്റെ അടയാളങ്ങളൊന്നും അന്വേഷിക്കുന്നവർക്ക് കണ്ടെത്താനായില്ല. കാടിനെ കുറിച്ച് പരിചയമുള്ള കൂട്ടത്തിലെ ചേച്ചിക്കുട്ടി സഹോദരങ്ങളേയും കൊണ്ട് കാടിനുള്ളിൽ സഞ്ചരിച്ചു കൊണ്ടേയിരുക്കയാണെന്ന് അന്വേഷണസംഘം ഉറച്ചു വിശ്വസിച്ചു. ഹെലികോപ്റ്ററുകളിൽ നിന്ന് നിരന്തരം ഭക്ഷണപ്പൊതികൾ വർഷിച്ചു കൊണ്ടേയിരുന്നു. എന്തിനാവുമത് ? കുട്ടികൾക്ക് ലഭിക്കുമായിരിക്കും എന്നു കരുതിയാണ് ഇത് തുടർന്നു കൊണ്ടേയിരുന്നത്. ഭക്ഷണ പൊതി കിട്ടിയില്ലെങ്കിൽ അവരെങ്ങനെയാവും വിശപ്പു മാറ്റിയിട്ടുണ്ടാവുക ? കാടിനുള്ളിൽ നിറയെ പഴങ്ങളൊക്കെ ഉണ്ടാവുമല്ലോയെന്ന് ഉടൻ മറുപടി. അവരുടെ മാതൃഭാഷയായ ഹുയിറ്റോട്ടോയിൽ പ്രിയപ്പെട്ട മുത്തശ്ശിയുടെ സന്ദേശം കാടിനു മുകളിൽ മുഴക്കി കൊണ്ടേയിരുന്നു. മൂത്ത കുട്ടിക്ക് പതിമൂന്ന് വയസ്സ്. ഇളയതിന് ഒരു വയസ്സ്. ഒമ്പതും നാലും വയസ്സു വീതം പ്രായമുള്ള മറ്റു രണ്ടു പേർ. തെരച്ചിൽ സംഘം നാൽപ്പത് ദിവസത്തിനു ശേഷം കുട്ടികളെ കണ്ടെത്തി. ഈ വാർത്ത കേട്ട കുട്ടികൾ ചിലരെങ്കിലും കൂട്ടത്തിലുണ്ടാവും. പലർക്കും പുതിയൊരു കഥയാണ്. കുട്ടികളെ കണ്ടെത്തിയെന്ന ക്ലൈമാക്സിൽ കുട്ടികൾക്കെല്ലാം സന്തോഷമായി. എന്തു കൊണ്ടായിരിക്കും കുട്ടികൾക്ക് വേണ്ടി ഇത്രയും പ്രയാസപ്പെട്ട്, ഇത്രയേറെ ദിവസം പ്രതീക്ഷാ പൂർവ്വം അന്വേഷണം നടത്തിയിട്ടുണ്ടാവുക. ‘സ്നേഹം’ എന്നാണ് ഉത്തരം. സ്നേഹം മാത്രമുണ്ടായാൽ മനുഷ്യന് ഇതെല്ലാം സാധ്യമാവുമോ ? അസാധ്യമായത് സാധ്യമാക്കാൻ മനുഷ്യനെ ശാസ്ത്രമാണ് സഹായിക്കുന്നത്. കുട്ടികൾ സഞ്ചരിച്ച പാത കണ്ടെത്തുന്നത് ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ്. ശാസ്ത്രം നമുക്ക് പുതിയ വഴികൾ കണ്ടെത്തി തരും. സ്നേഹവും ശാസ്ത്രവും കൈമുതലായ മനുഷ്യനു മാത്രമേ പരസ്പരം അപകടങ്ങളിൽ കൈ തരാൻ കഴിയൂ. മനുഷ്യനല്ലാതെ മനുഷ്യനെ സഹായിക്കാൻ മറ്റൊരു ശക്തിയും അവതരിക്കാനില്ല. ശാസ്ത്രവുമില്ലാതെ മനുഷ്യന് അതിജീവനം സാധ്യമല്ലെന്ന് നമുക്ക് ഇതിലൂടെ ഉറപ്പിച്ച് പറയാനാകും. മാനവികതയുടെ ‘സ്നേഹശാസ്ത്രം’ പറയാവുന്ന വാർത്തകൾ കൊച്ചു കുട്ടികൾക്കായി സിംഹത്തിൻ്റേയും പാമ്പിൻ്റേയുമെല്ലാം കഥാ ചേരുവകൾ ചേർത്ത് കൗതുകമുള്ളതാക്കാം.

കഥ പറയൽ (Story telling) അതി മനോഹരമായ കലയാണ്. ഭാഷയുടേയും ആംഗ്യങ്ങളുടേയും സവിശേഷമായ ഉപയോഗത്തിലൂടെ മനോഹരമാക്കാവുന്ന കല. പ്രീ പ്രൈമറി കുട്ടികളുടെ അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഇതിനു നന്നായി കഴിയും. കുട്ടികൾക്കിടയിൽ നന്നായി ഇണങ്ങി പെരുമാറുന്നവരെന്ന നിലയിൽ അവർക്ക് ശീലിച്ചെടുക്കാനാവുന്ന ഒരു കാര്യമാണത്. പല പ്രായത്തിലുള്ള കുട്ടികൾക്കിടയിൽ നിരന്തരം പറഞ്ഞും, പെരുമാറിയുമാണ് ഓരോ വർത്തമാനത്തെയും കഥ പറയുന്ന രൂപത്തിലാക്കി മാറ്റാനുള്ള ശ്രമം ഞാൻ നടത്താറുള്ളത്. സമൂഹത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ ഉണ്ടാക്കിയ കുട്ടികളെ കുറിച്ചുള്ള വർത്തമാനങ്ങളെല്ലാം കഥ പറയൽ രീതിയിൽ അവതരിപ്പിക്കാവുന്നതാണ്. ശൈശവ വിവാഹത്തിനെതിരായ നിയമത്തിന് കാരണക്കാരിയായ നുജൂദിനേയും, വിദ്യാഭ്യസ അവകാശത്തിനായി പൊരുതിയ മലാലയുടേയും ജീവിതം കഥയായി പറഞ്ഞു കൊടുക്കാനാവും. ഭഗത്സിങ്ങിൻ്റെയും ചരിത്രത്തിലെ ധാരാളം കുട്ടികളുടെയും പാഠപുസ്തകത്തിലില്ലാത്ത കഥകൾ എൽ.പി.ക്ലാസുമുതലുള്ള കുട്ടികൾക്ക്  നന്നായി പറഞ്ഞു കൊടുക്കാനാവും. ചെറുപ്രായത്തിൽ കുട്ടികൾ കേൾക്കേണ്ടത് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന കഥകൾ മാത്രമാവരുത് എന്നാണ് പറഞ്ഞു വന്നത്. സ്നേഹിക്കാനും, സത്യം പറയാനും കുട്ടികളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും കഴിയാവുന്ന പുതിയ കഥകൾ ബോധപൂർവ്വം കണ്ടെത്തണമെന്നാണ് പറഞ്ഞു വന്നത്.

നിങ്ങളുടെ കുഞ്ഞുങ്ങൾ, നിങ്ങളുടെ കുഞ്ഞുങ്ങളല്ല. ജീവന് അതിനോട് തന്നെയുള്ള അഭിനിവേശത്തിൽ നിന്നുണ്ടായ പുത്രന്മാരും പുത്രികളുമാണ്. നിങ്ങളിൽ കൂടി വന്നവരാണ് അവർ. എന്നാൽ നിങ്ങളിൽ നിന്നും വന്നവരല്ല. നിങ്ങളോടൊപ്പം കഴിയുന്നു എന്നത് ശരി തന്നെ, എന്നിരുന്നാലും നിങ്ങൾക്ക് അവരെ സ്വന്തമാക്കാൻ ആവുകയില്ല. അവർക്ക് നിങ്ങളുടെ സ്നേഹം നിർലോഭം കൊടുത്തു കൊള്ളുവിൻ എന്നാൽ, നിങ്ങളുടെ ചിന്ത നിങ്ങളിൽ തന്നെ ഇരുന്നു കൊള്ളട്ടെ. അവർക്ക് അവരുടേതായ സ്വന്തം ചിന്തകളുണ്ട്. അവരെപ്പോലെ ആയിത്തീരാൻ നിങ്ങൾക്ക് ശ്രമിക്കാം, എന്നാൽ അവരെ നിങ്ങളെ പോലെയാക്കാൻ ശ്രമിക്കരുത്. കാരണം കാലം പിന്നോട്ടല്ല മുന്നോട്ടാണ് പോകുന്നത്.. ഖലീൽ ജിബ്രാന്റെ ഈ വാചകങ്ങൾ നമുക്ക് പരിചിതമാണ്. കുഞ്ഞും ലോകവും തമ്മിലുള്ള ബന്ധം നിത്യചൈതന്യയതി വിശദീകരിക്കുന്നത് ഈ വാചകങ്ങളിലൂടെയാണ്. കുഞ്ഞ് ഈ ലോകത്തിൽ പുതിയതാണ്, കുഞ്ഞിന് ഈ ലോകവും പുതിയതാണ്. കുഞ്ഞ് ലോകത്തെയും, ലോകം കുഞ്ഞിനെയും പരിചയിക്കണം. അവർക്ക് അന്യോന്യം പരിചയിക്കുവാൻ ആവശ്യമായ വേദിയും പരസ്പരം വളർത്തുവാനുള്ള സമ്പ്രദായവും ഇണക്കി കൊടുക്കുന്നതാണ് വിദ്യാഭ്യാസത്തിന്റെ ചുമതല. കേട്ടറിഞ്ഞ പഴയങ്കഥകളും, കെട്ടുകഥകളും പറഞ്ഞു പഠിപ്പിക്കാനുള്ള അവസരവും വേദിയുമായി കുട്ടികളുടെ പഠനത്തിൽ കൈകടത്തുന്നവരായി നാം മാറരുത്. പൗലോ ഫെയർ പറയുന്ന വിദ്യാഭ്യാസത്തിൻ്റെ ‘ ബാങ്കിംഗ്’ സമ്പ്രദായം നമുക്ക് കിട്ടിയ പഴയതെല്ലാം കുത്തിനിറക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള വിദ്യാഭ്യാസ പരിപാടിയല്ലിത്. പുതിയ ലോകത്തെ പരിചയിക്കാനും, സ്വതന്ത്രമായ ചിന്തകൾ ഉണർത്താനുള്ള കുട്ടിയുടെ കഴിവിനെ തുടക്കത്തിൽ തന്നെ ‘മുളയിലെ നുള്ളുക എന്ന പ്രയോഗം പോലെ’ പഴയതാക്കി നിലനിർത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയാൻ നമുക്കാവണം. അതുകൊണ്ടുതന്നെ കുട്ടിയുടെ വിദ്യാഭ്യാസത്തിൻ്റെ തുടക്കത്തിൽ തന്നെ പുതിയ ചിന്തകൾ ഉണർത്താനുള്ള പരിപാടിയായാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കഥോത്സവത്തെ നാം കാണേണ്ടത്. സ്വതന്ത്ര ചിന്തയിലൂടെയും, ഭാഷയിലൂടെയും കണ്ണുകൾ തുറന്നു പുതിയ ലോകത്തെ കാണാനുള്ള കൗതുകത്തോടെ വാക്കുകൾ കൂട്ടിക്കെട്ടി പടവുകൾ കയറാനായി  നമുക്ക് കുഞ്ഞിച്ചുവടുകളിലെ കല്ലുമാറ്റുന്നവരായി മാറാം.

ചിത്രം കടപ്പാട് : Raviraj Shetty, published by Pratham Books

അധിക വായനയ്ക്ക്

കേൾക്കാം വായിക്കാം

കഥ പറഞ്ഞുകൊടുക്കാൻ കുരുന്നില

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മുപ്പത്തിനാലു പുസ്തകങ്ങളും പത്തു കാർഡുകളും ചേർന്ന പുസ്തകപ്പെട്ടിയാണ് കുരുന്നില. കൂടാതെ അക്ഷരപ്പൂമഴ സീരീസിലുള്ള പുസ്തകങ്ങളും അക്ഷരം വായിച്ചു തുടങ്ങുന്ന കുട്ടികൾക്ക് ഇഷ്ടമാകും. മുതിർന്നവർക്ക് കഥപറഞ്ഞുകൊടുക്കാനും

കുട്ടികൾക്കായുള്ള മലയാളമടക്കം വിവിധ ഭാഷകളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങൾ സൌജന്യമായി വായിക്കാം ഡൌൺലോഡ് ചെയ്യാം..

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് തുടങ്ങി
Next post ജൂലൈ 11 – ലോക ജനസംഖ്യാ ദിനം
Close