ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മെഗാഡൈവേഴ്‌സിറ്റി എന്ന് ലോകം വിശേഷിപ്പിക്കുന്ന ഇരുപത് രാഷ്ട്രങ്ങളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ വലിയ ഒരു ഭാഗം ഉൾക്കൊള്ളുന്നതും ഒരു ഭൂമേഖലയിൽ മാത്രം കാണപ്പെടുന്നതും എൻഡെമിക് ആയി കണക്കാക്കുന്നതുമായ ജീവജാലങ്ങളുടെ എണ്ണം ഏറെയുള്ളതുമായ രാജ്യങ്ങളെയാണ് മഹാജൈവവൈവിധ്യമുള്ള പ്രദേശങ്ങളായി പരിഗണിക്കുന്നത്. വന്യജീവികളുടെയും പക്ഷികളുടെയും സസ്യജാലങ്ങളുടേയും ജലജീവികളുടെയും ഉഭയജീവികളുടേയും നമ്മുടെ ശാസ്ത്രാന്വേഷണങ്ങൾക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതുമായ മറ്റനേകം രഹസ്യജീവജാലങ്ങളുടെയും വൈവിധ്യത്തിൽ മാത്രമല്ല, ഉപജീവനോപാധിക്കായി പരിപാലിക്കുന്ന വളർത്തുമൃഗങ്ങളുടെ വൈവിധ്യത്തിലും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ലോകരാഷ്ട്രങ്ങൾക്കിടയിൽ മുൻനിരയിലാണ്.
വെച്ചൂർ പശു – കാഴ്ചയിൽ ചെറുതെങ്കിലും കേരളത്തിന്റെ തലപ്പൊക്കം
വംശനാശത്തിന്‍റെ വക്കില്‍ നിന്നും കണ്ടെടുത്തതും പരിരക്ഷിച്ച് പരിപാലിച്ച് വളര്‍ത്തി വംശവര്‍ദ്ധനവ് നടത്തി സംരക്ഷിച്ചെടുത്തതുമായ കേരളത്തിന്‍റെ തനത് ജനുസ്സ് പശുക്കളാണ് വെച്ചൂര്‍ പശുക്കള്‍. തൃശൂർ വെറ്ററിനറി കോളേജിൽ ജനിതകശാസ്ത്രം അധ്യാപികയായിരുന്ന ഡോ.ശോശാമ്മ ഐപ്പിന്റെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ 1989 -ൽ ആരംഭിച്ച വെച്ചൂർ പരിരക്ഷണപദ്ധതി ഇന്ന് അഭിമാനകരമായ മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വെച്ചൂർ പശുവിന്‍റെ പേരും പെരുമയും ലോകത്തോളം വളര്‍ന്നുകഴിഞ്ഞു. മണ്ണുത്തി വെറ്ററിനറി കോളേജിൽ വിപുലമായ രീതിയിൽ വെച്ചൂർ പശുക്കൾക്ക് വേണ്ടിയുള്ള പരിരക്ഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കേവലം എട്ട് പശുക്കളിൽ നിന്നും ആരംഭിച്ച ഈ കേന്ദ്രത്തിൽ ശാസ്ത്രീയ പ്രജനനപ്രവർത്തനങ്ങളുടെ ഫലമായി 120 -ൽ അധികം വെച്ചൂർ ജനുസ്സിൽ പെട്ട കന്നുകാലികളെ ഇപ്പോൾ സംരക്ഷിക്കുന്നുണ്ട്. സംരക്ഷണത്തോടൊപ്പം തന്നെ വെച്ചൂർ പശുവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ഈ കേന്ദ്രത്തിൽ നടന്നു വരുന്നു. മണ്ണുത്തിയിലെ കേന്ദ്രം കൂടാതെ വെറ്ററിനറി സർവ്വകലാശാലയുടെ തൃശ്ശൂർ തുമ്പൂർമുഴി കേന്ദ്രത്തിലും പാലക്കാട് തിരുവാഴംകുന്ന് കേന്ദ്രത്തിലും വയനാട് പൂക്കോട് കേന്ദ്രത്തിലും വെച്ചൂർ പരിരക്ഷണത്തിനായി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. വെച്ചൂർ പശുക്കളെ ഒരു അമൂല്യനിധി പോലെ കരുതി പരിപാലിക്കുന്ന അനേകം കർഷകരും ഇന്ന് സംസ്ഥാനത്തുണ്ട്.
പേരുകൊണ്ടും പെരുമകൊണ്ടും ഏറെ ഉന്നതിയിലാണെങ്കിലും മൂന്നടി അഥവാ തൊണ്ണൂറ് സെന്റിമീറ്ററിൽ ചുവടെ മാത്രമാണ് വെച്ചൂർ പശുക്കളുടെ ഉയരം. വെച്ചൂർ കാളകൾക്ക് 90 – 100 സെന്റിമീറ്റർ വരെ ഉയരമുണ്ടാവും. 101 – 103 സെന്റിമീറ്റർ വരെയാണ് ആകെ നീളം. പരമാവധി 150 – 180 കിലോഗ്രാം വരെയാണ് പശുക്കളുടെ ശരീരതൂക്കം. പിറന്നുവീഴുന്ന കിടാക്കളുടെ ജനനത്തൂക്കം 10 കിലോഗ്രാമോളം മാത്രമായിരിക്കും. വെളുപ്പ് ,കറുപ്പ്, ചന്ദന വെളുപ്പ് ,ചുവപ്പ്, ഇളം ചുവപ്പ് കലർന്ന തവിട്ട്, തവിട്ട് കലർന്ന കറുപ്പ് എന്നീ നിറങ്ങളിലാണ് പ്രധാനമായും പശുക്കള്‍ കാണപ്പെടുന്നത്. ഒറ്റ നിറമുള്ള മേനിയിൽ മറ്റ് പുള്ളികളോ പാണ്ടുകളോ ഉണ്ടാവില്ല. കഴുത്തില്‍ നന്നായി ഇറങ്ങി വളര്‍ന്ന താടയും,ചെറുതും മുന്നോട്ട് ചാഞ്ഞ് നില്‍ക്കുന്നതുമായ മുതുകിലെ പൂഞ്ഞയും, മുന്നോട്ട് വളര്‍ന്ന് വളഞ്ഞ ചെറിയ കൊമ്പുകളും, നിലത്തറ്റം മുട്ടുന്ന വാലുകളും ചെറിയ മിനുമിനുത്ത രോമങ്ങളും ഉരുണ്ട അഗ്രത്തോടുകൂടിയ ചെറിയ മുലക്കാമ്പുകളുമെല്ലാം വെച്ചൂർ പശുവിന്‍റെ കുഞ്ഞൻ മേനിക്ക് മാറ്റ് കൂട്ടും. മൂന്ന് വയസ്സിനുള്ളിൽ ആദ്യ പ്രസവം നടക്കും. ദിവസം മുതല്‍ പരമാവധി 2 – 2 .5 ലിറ്റര്‍ വരെ നല്ല കൊഴുപ്പുള്ള പാല്‍ ലഭിയ്ക്കും. കറവക്കാലം 6 – 6. 5 മാസം വരെ നീണ്ടുനിൽക്കും. വെച്ചൂർ പശുവിന്റെ പാൽ മാത്രമല്ല മൂത്രവും ചാണകവുമെല്ലാം വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള ഉൽപ്പന്നങ്ങൾ തന്നെ. ഒരു പ്രസവം കഴിഞ്ഞ് രണ്ടര മാസം പിന്നിടുമ്പോള്‍ തന്നെ പശുക്കള്‍ വീണ്ടും മദിലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. പ്രസവാനന്തരം മൂന്ന് മാസമെത്തുമ്പോള്‍ ഇണ ചേര്‍ക്കാം. സാംക്രമികരോഗാണുക്കള്‍ മൂലമുണ്ടാവുന്ന രോഗങ്ങള്‍ പിടിപെടുന്നതും അപൂര്‍വ്വം. മറ്റ് സങ്കരയിനം, വിദേശ ഇനം പശുക്കളെ അപേക്ഷിച്ച് വെച്ചൂർ പശുക്കൾക്കുള്ള കാലാവസ്ഥാതിജീവനശേഷിയും എടുത്തുപറയേണ്ട മികവ് തന്നെ.
2001-ൽ ആണ് വെച്ചൂർ പശുക്കളെ തേടി ബ്രീഡ് പദവിയെത്തുന്നത്. ലോക ഭക്ഷ്യ കാർഷിക സംഘടന ( Food and agriculture organization ) 2012 – ൽ പ്രത്യേക പരിരക്ഷണം അനിവാര്യമായ വളർത്തുമൃഗങ്ങളുടെ ജനിതകവൈവിധ്യ രേഖയിൽ വെച്ചൂർ പശുക്കളെ ഉൾപ്പെടുത്തി. ഉയരക്കുറവിന്റെ പേരിൽ വെച്ചൂർ പശുക്കളുടെ തലപ്പൊക്കം ഗിന്നസ് ബുക്കോളം ഉയർന്നു. വെച്ചൂര്‍ പശുക്കളുടെ വംശവര്‍ദ്ധനവിന് കൃത്രിമ ബീജാദാനമടക്കമുള്ള സേവനങ്ങള്‍ ഇന്ന് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാണ്. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് സംസ്ഥാനത്തെ മൃഗാശുപത്രികൾ വഴിയാണ് വെച്ചൂർ പശുക്കളുടെ ബീജം ലഭ്യമാക്കുന്നത്. വെച്ചൂര്‍ പശുക്കളുടെ വംശശുദ്ധി ഉറപ്പ് വരുത്തുന്നതിനും സംരക്ഷണ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനുമായി വെച്ചൂര്‍ കണ്‍സര്‍വേഷൻ ട്രസ്റ്റ് ഇന്ന് സജീവമായി രംഗത്തുണ്ട്.
അട്ടപ്പാടി കരിയാടുകൾ അജലോകത്തെ കറുത്തമുത്ത്
പാലക്കാട് ജില്ലയുടെ വടക്ക് കിഴക്ക് മേഖലയിൽ നീലഗിരി കുന്നുകളുടെ തായ്‌വരയിൽ ഭവാനി പുഴയുടെ തീരത്ത് ഏകദേശം 827 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന അട്ടപ്പാടി മേഖലയില്‍ ഉരുത്തിരിഞ്ഞ കേരളത്തിന്റെ തനത് ആടുകളാണ് അട്ടപ്പാടി ബ്ലാക്ക് അഥവാ അട്ടപ്പാടി കരിയാടുകള്‍. അട്ടപ്പാടി മേഖലയിൽ ഉൾപ്പെടുന്ന പോഡൂർ, അഗളി, ഷോളയാർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഗോത്രഗ്രാമങ്ങളിലാണ് പ്രധാനമായും ഈ ജനുസ് ആടുകൾ കാണുന്നതും പരിപാലിക്കപ്പെടുന്നതും. ഇരുളരും കുറുമ്പരും മുതുകരും ഉള്‍പ്പെടെയുള്ള പരമ്പരാഗത ഗോത്രസമൂഹമാണ് അട്ടപ്പാടി ബ്ലാക്ക് ആടുകളുടെ വംശരക്ഷകര്‍. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഗോത്രജനത അട്ടപ്പാടി ആടുകളെ പരിപാലിക്കുന്നത്. ഗോത്രജനതയുടെ സാമൂഹിക- സാമ്പത്തിക- സാംസ്‌കാരിക ജീവിതത്തിൽ അട്ടപ്പാടി കരിയാടുകൾക്ക് വലിയ സ്ഥാനമുണ്ട് . ഒരു കുടുംബത്തിന്റെ സമ്പത്തും ധനസ്ഥിതിയും കണക്കാക്കുന്നത് പോലും അവർക്ക് സ്വന്തമായുള്ള ആടുകളുടെ എന്നതിന്റെ അടിസ്ഥാനത്തിലാണ്. അട്ടപ്പാടി ആടുകളുടെ പാലും ഇറച്ചിയും ആരോഗ്യദായകവും ഔഷധവുമാണെന്നാണ് ഗോത്രസമൂഹത്തിനിടയിലെ പരമ്പരാഗതവിശ്വാസം. പകല്‍ മുഴുവന്‍ അട്ടപ്പാടി വനമേഖലയില്‍ മേയാന്‍ വിട്ടും രാത്രികാലങ്ങളില്‍ ഈറ്റകൊണ്ടും മരത്തടികൊണ്ടും നിര്‍മ്മിച്ച കൂടുകളില്‍ പാര്‍പ്പിച്ചുമാണ് പരമ്പരാഗത കർഷകർ അട്ടപ്പാടി ആടുകളെ പരിപാലിക്കുന്നത്.
പൊതുവെ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവയാണ് അട്ടപ്പാടി കരിയാടുകൾ. എണ്ണകറുപ്പുള്ള രോമാവരണവും ചെമ്പന്‍ കണ്ണുകളുമാണ് (Bronze) അട്ടപ്പാടി കരിയാടുകൾക്കുള്ളത് . അരയടിയോളം മാത്രം നീളത്തിൽ തൂങ്ങിക്കിടക്കുന്ന വീതി കുറഞ്ഞ കറുത്ത ചെവികളും കുത്തനെ വളർന്ന് പിന്നോട്ട് പിരിഞ്ഞ് വളരുന്ന ചാരനിറമുള്ള കൊമ്പുകളുമാണ് അട്ടപ്പാടി ആടുകളുടെ മുഖലക്ഷണം. പെണ്ണാടുകളിലും ആണാടുകളിലുമെല്ലാം കൊമ്പുകൾ കാണാം. ചെറിയ ശതമാനം ആടുകളുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകൾ കാണാം, അതും കറുപ്പ് തന്നെ. കുന്നുകളും, പാറക്കല്ലുകളും നിറഞ്ഞ അട്ടപ്പാടിയിലെ മലമേഖലയിലും വനമേഖലയിലും മേയുന്നതിന് അനുയോജ്യമായ കരുത്തുള്ള നീളന്‍ കൈകാലുകളും ഉറപ്പുള്ള കുളമ്പുകളും അട്ടപ്പാടി കരിയാടുകളുടെ സവിശേഷതയാണ്.
ഉയർന്ന രോഗപ്രതിരോധശേഷിയും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള അതിജീവനശേഷിയും അട്ടപ്പാടി ബ്ലാക്ക് ആടുകള്‍ക്കുണ്ട്. വളരെ കുറഞ്ഞ അളവ് വെള്ളം മാത്രമേ ഈ ആടുകൾക്ക് ആവശ്യമുള്ളൂ. മറ്റിനം ആടുകൾ പൊതുവെ കഴിക്കാൻ മടിക്കുന്ന ഗുണമേന്മ കുറഞ്ഞ പുല്ലും പച്ചിലകളും എല്ലാം അട്ടപ്പാടി ആടുകൾ ഒരു മടിയും കൂടാതെ ആഹരിക്കും. 8 – 9 മാസമെത്തുമ്പോൾ പെണ്ണാടുകൾ ആദ്യ മദി ലക്ഷണങ്ങൾ കാണിക്കും . 13 – 14 മാസം പ്രായമെത്തുമ്പോൾ തന്നെ ആദ്യ പ്രസവം നടക്കും . ഭൂരിഭാഗം പ്രസവങ്ങളിലും ഒറ്റ കുഞ്ഞുങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു .കുഞ്ഞുങ്ങൾക്ക് 1. 65 കിലോഗ്രാം വരെ ശരീരതൂക്കമുണ്ടാവും. പ്രതിദിനം കാല്‍ ലിറ്ററില്‍ താഴെ മാത്രമാണ് പാലുത്പാദനം . മാംസാവശ്യത്തിനായാണ് അട്ടപ്പാടി ആടുകളെ പ്രധാനമായും വളര്‍ത്തുന്നത്. മുതിർന്ന 18 മാസത്തിലധികം പ്രായമുള്ള മുട്ടനാടുകൾക്ക് ശരാശരി 35 – 40 കിലോഗ്രാം വരെയും പെണ്ണാടുകൾക്ക് 30 – 32 കിലോഗ്രാം വരെയും ശരീരതൂക്കമുണ്ടാവും . പകൽ മുഴുവൻ മേഞ്ഞുനടന്നുള്ള ജീവിതം ഇഷ്ടപെടുന്ന ആടുകളായതിനാൽ കൂട്ടിൽ തന്നെ കെട്ടിയിട്ട് വളർത്താൻ ഈ ആടുകൾ അനിയോജ്യമല്ല.
മാംസാവശ്യത്തിനുള്ള വില്പനയും കശാപ്പും വ്യാപകമായതോടെ അട്ടപ്പാടി ആടുകൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ആദിവാസികർഷകരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ ചൂഷണം ചെയ്‌ത് അവരിൽ നിന്നും തീരെ തുച്ഛമായ വിലയിൽ ആടുകളെ വാങ്ങി മറിച്ചുവിൽക്കുന്ന ലോബിയും സജീവം. ആടുകളുടെ എണ്ണം കുറഞ്ഞതോടെ രക്തബന്ധമുള്ള ആടുകൾ തമ്മിലുള്ള അന്തർപ്രജനനം (ഇൻബ്രീഡിങ് ) വ്യാപകമായതും വനമേഖലയില്‍ മേയുന്നതിനിടെ മറ്റ് ജനുസ്സിൽ പെട്ട ആടുകളുമായുള്ള വര്‍ഗ്ഗസങ്കരണവും (ക്രോസ്സ്ബ്രീഡിങ് ) അട്ടപ്പാടി ആടുകളുടെ വംശനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട് . ഇന്ന് ഏകദേശം നാലായിരത്തോളം മാത്രമാണ് അട്ടപ്പാടിമേഖലയിൽ ശുദ്ധജനുസ്സ് കരിയാടുകൾ അവശേഷിക്കുന്നത്.അട്ടപ്പാടി ആടുകളെ സംരക്ഷിക്കുന്നതിനായി അട്ടപ്പാടിയിൽ മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ സംരക്ഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് ധോണിയിലെ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ ഫാമിലും വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോളേജിലെ ആട് വളർത്തൽ കേന്ദ്രത്തിലും പാലക്കാട് തിരുവിഴാംകുന്ന് ഫാമിലും അട്ടപ്പാടി ആടുകളെ പരിരക്ഷിക്കുന്നുണ്ട് .അട്ടപ്പാടി ആടുകളുടെ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്ന നിരവധി ഗവേഷണപഠനങ്ങളും ഈ കേന്ദ്രങ്ങളിൽ നടന്നുവരുന്നു.
മികവിൽ മുന്നിൽ മലയാളത്തിന്റെ മലബാറി ആടുകൾ
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരത്തിനായി കേരളക്കരയിലേക്ക് വന്ന അറേബ്യന്‍ വ്യാപാരികള്‍ക്കൊപ്പം അറേബ്യന്‍, മെസപൊട്ടോമിയന്‍ ഇനങ്ങളിൽപ്പെട്ട അവരുടെ തദ്ദേശീയ ആടുകളുമുണ്ടായിരുന്നു. ഈ മറുനാടൻ ആടുകളും വ്യാപാരികള്‍ വഴി തന്നെ കേരളത്തിലെത്തിയ ജമുനാപാരി, സുര്‍ത്തി തുടങ്ങിയ ഉത്തരേന്ത്യന്‍ ആടുജനുസ്സുകളും നമ്മുടെ നാട്ടിലുണ്ടായിരുന്ന നാടന്‍ ആടുകളുമായി പല തലമുറകളായി വര്‍ഗ്ഗസങ്കരണത്തിന് വിധേയമായി ഉരുത്തിരിഞ്ഞ കേരളത്തിന്റെ തനത് ജനുസ്സ് ആടുകളാണ് മലബാറി ആടുകള്‍. അറേബ്യന്‍, മെസപൊട്ടോമിയന്‍, ജമുനാപാരി, സുര്‍ത്തി തുടങ്ങിയ സ്വദേശിയും വിദേശിയുമായ ആടു ജനുസ്സുകളുടെ നീണ്ടകാലത്തെ സ്വാഭാവിക വര്‍ഗ്ഗസങ്കരണ പ്രജനനപ്രക്രിയയിലൂടെ രൂപപ്പെട്ട ഒരു ജനിതകമിശ്രണമാണ് മലബാറി ആടുകള്‍ എന്ന് വിശേഷിപ്പിക്കാം. വടകര ആടുകൾ , തലശ്ശേരി ആടുകൾ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നതും മലബാറി ആടുകൾ തന്നെ. ഒരു കാലത്ത് കോഴിക്കോട്ടും കണ്ണൂരിലും മലപ്പുറത്തുമെല്ലാമാണ് മലബാറി ആടുകൾ വ്യാപകമായി കാണപ്പെട്ടിരുന്നതെങ്കിൽ ഇന്ന് കേരളമൊട്ടാകെയും എന്തിന് തമിഴ് നാട്ടിലേക്ക് വരെ മലബാറി ആടുകൾ സമൃദ്ധമായി വ്യാപിച്ചിട്ടുണ്ട്.
ഇടത്തരം ശരീര വലിപ്പവും വളർച്ചയുമുള്ളവയാണ് മലബാറി ആടുകൾ. വർണ്ണവൈവിധ്യമാണ് ഒരു സവിശേഷത. വെളുപ്പാണ് പ്രധാനനിറം, എങ്കിലും വെളുപ്പില്‍ കറുപ്പ് ,വെളുപ്പിൽ തവിട്ട് , പൂര്‍ണ്ണമായും കറുപ്പ്, തവിട്ട് തുടങ്ങിയ വർണങ്ങളിലെല്ലാം മലബാറി ആടുകളെ കാണാം. ഈ വർണ്ണവൈവിധ്യം ഒരു പക്ഷെ തലമുറകളായി വിവിധ ജനുസ്സുകൾ തമ്മിലുള്ള ജനിതകമിശ്രണത്തിന്റെ ഫലമായിരിക്കാം . ഭൂരിഭാഗം ആണാടുകളിലും ചെറിയ ശതമാനം പെണ്ണാടുകളിലും താടിരോമങ്ങള്‍ കാണാം. ചെറിയ ശതമാനം ആടുകളിൽ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകൾ അഥവാ ആടകൾ കാണാം. പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന ചെറിയ കൊമ്പുകളും ഏഴ് എന്ന അക്കത്തിന്‍റെ മാതൃകയില്‍ മധ്യഭാഗം വരെ നിവർന്നതും ബാക്കി ഭാഗം തൂങ്ങികിടക്കുന്നതുമായ അരയടി മാത്രം നീളമുള്ള ചെവികളും മലബാറിയുടെ സവിശേഷതയാണ്. കൊമ്പുള്ള ആടുകളും കൊമ്പില്ലാത്ത ആടുകളും മലബാറി ജനുസ്സിലുണ്ട് .വളരെ നീണ്ട കൊമ്പുകളും ഇഴകളും പിരിവുകളുമുള്ള നീണ്ട ചെവികളും തനത് മലബാറി ആടുകളുടെ ശരീര സവിശേഷതയല്ല.
തലശ്ശേരി കോഴികൾ തലയെടുപ്പുള്ള തനി നാടൻ കോഴികൾ
നമ്മുടെ വീട്ടുമുറ്റങ്ങളില്‍ വളരുന്ന കോഴികളെല്ലാം ഉരുത്തിരിഞ്ഞത് റെഡ് ജംഗിള്‍ ഫൗള്‍ (Red jungle fowl ) എന്നറിയപ്പെടുന്ന കാട്ടുകോഴികളില്‍ നിന്നാണ്. കോഴി ജനുസ്സുകളുടെ പൊതുപൂര്‍വ്വികരായ ഈ ചുവന്ന കാട്ടുകോഴികളുടെ രൂപസാദൃശ്യവും മെയ്യഴകും മെയ്ക്കരുത്തുമെല്ലാം ഇന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നമ്മുടെ തനത് നാടന്‍ കോഴി ജനുസ്സാണ് തലശ്ശേരി കോഴികള്‍. പേര് സൂചിപ്പിക്കുന്നതുപോലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലും പ്രാന്തപ്രദേശങ്ങളിലുമാണ് ഈ കോഴികള്‍ ഉത്ഭവിച്ചതും ഉരുത്തിരിഞ്ഞതും എന്നാണ് കരുതപ്പെടുന്നത്. കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡിന്‍റെ തെക്കന്‍ ഭാഗങ്ങള്‍, വയനാട്, കേന്ദ്രഭരണ പ്രദേശമായ മാഹി തുടങ്ങിയ മേഖലകളിലെ കര്‍ഷകഭവനങ്ങളിലെല്ലാം ഒരു കാലത്ത് തലശ്ശേരിക്കോഴികൾ സമൃദ്ധമായി പരിപാലിക്കപ്പെട്ടിരുന്നു. അടുക്കള മുറ്റങ്ങളില്‍ ചിക്കിചികിഞ്ഞ് നടന്നിരുന്ന ഈ കോഴികളും അവയുടെ കുഞ്ഞുങ്ങളും മുട്ടകളുമായിരുന്നത്രേ ഒരു കാലത്ത് ഗ്രാമീണ സ്ത്രീകളുടെ വരുമാന സ്രോതസ്സ്. മുന്‍പുള്ളത്ര സമൃദ്ധമായില്ലെങ്കിലും നാടന്‍ കോഴികളോടുള്ള പ്രിയം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ചില കര്‍ഷകര്‍ തങ്ങളുടെ വീട്ടുമുറ്റങ്ങളില്‍ തലശ്ശേരി കോഴികളെ പോറ്റിവളര്‍ത്തുന്നുണ്ട്.
നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക്സ് റിസോഴ്സസ് (National Bureau of Animal Genetic Resources ) 2015 ലാണ് തലശ്ശേരി കോഴികളെ ഒരു ജനുസ്സായി അംഗീകരിച്ചത്. തലശ്ശേരി കോഴികളുടെ തൂവലുകള്‍ക്ക് എണ്ണക്കറുപ്പിന്‍റെ വര്‍ണ്ണലാവണ്യമാണ്. കഴുത്തിലും പിന്‍വശത്തും അങ്കവാലിലുമെല്ലാമുള്ള തൂവലുകളില്‍ കറുപ്പില്‍ നീലിമ ചാലിച്ച തിളക്കം കാണാം. ചില കോഴികളുടെ കഴുത്തില്‍ സ്വര്‍ണ്ണവര്‍ണ്ണം നീലയില്‍ കലര്‍ന്ന തിളക്കവുമുള്ള ചെറിയ തൂവലുകള്‍ കാണാം. കണ്ണിന് ചുറ്റും കറുപ്പ് കലര്‍ന്ന ചുവപ്പ് നിറമായിരിക്കും. കൊക്കുകള്‍ക്കാവട്ടെ തവിട്ടുകലർന്ന കറുപ്പ് നിറവും, കാലുകള്‍ തൂവലുകളില്ലാത്തതും കറുപ്പ് കലര്‍ന്ന ചാരനിറത്തിലുമായിരിക്കും. തൂവലുകള്‍ കണ്ടാല്‍ തലശ്ശേരി കോഴികള്‍ കരിങ്കോഴികളുടെ ഉറ്റ കുടുംബക്കാരാണെന്ന് ആരും സംശയിച്ച് പോവുമെങ്കിലും കരിങ്കോഴികളില്‍ നിന്ന് വ്യത്യസ്ഥമായി തലശ്ശേരിക്കോഴികളുടെ ത്വക്കിന് വെള്ള കലര്‍ന്ന ചാര നിറമാണ്. കറുപ്പഴകില്‍ നീലയുടെ തിളക്കം ചാര്‍ത്തിയ മേനി അഴകിന് കടും ചുവപ്പാര്‍ന്ന ഒറ്റപൂവും താടയും ചെവിയും മാറ്റേകും. പൂവന്‍ കോഴികള്‍ക്ക് തലയില്‍ നല്ല വലിപ്പമുള്ള നിവര്‍ന്ന് നില്‍ക്കുന്ന പൂവാണുള്ളത്.
ആറ്, എട്ട് മാസം പ്രായമെത്തുമ്പോള്‍ തലശ്ശേരി കോഴികള്‍ മുട്ടയുല്‍പ്പാദനം ആരംഭിക്കും. തുടര്‍ച്ചയായി 4 – 6 മുട്ടകള്‍ വരെ ഇടുന്ന കോഴികള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മുട്ടയിടാന്‍ ആരംഭിക്കും. മുട്ടയിട്ട് കഴിഞ്ഞാല്‍ പിടക്കോഴികൾ കൊക്കികൊക്കി വീട്ടുമുറ്റത്ത് ഒരു ബഹളം തന്നെയായിരിക്കും. ഇത് തലശ്ശേരി കോഴികളുടെ തനത് സ്വഭാവമാണ്. കോഴിമുട്ടയ്ക്ക് ശരാശരി 40 – 45 ഗ്രാം തൂക്കമുണ്ടാകും. ഇളം തവിട്ട് നിറമുള്ള ഈ മുട്ടകളുടെ മഞ്ഞക്കരുവിന് കടുംമഞ്ഞ നിറമായിരിക്കും. ഒന്നര മാസത്തോളം നീളുന്ന ഒരു മുട്ടയിടല്‍ കാലം കഴിഞ്ഞാല്‍ 21 ദിവസം അടയിരിക്കല്‍ (പൊരുന്നുകാലം) കാലമാണ്. കുഞ്ഞുങ്ങളെ അടയിരുന്ന് വിരിയിപ്പിക്കുന്നതിലും പൊന്നുപോലെ പരിപാലിക്കുന്നതിലും മാതൃഗുണം ഏറെയുള്ള തലശ്ശേരി കോഴികള്‍ക്ക് മികവ് ഏറെയുണ്ട്. മുട്ടയിടലും അടയിരിക്കലും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ പരിപാലനവും അടങ്ങുന്നതാണ് ഒരു മുട്ടയുല്‍പ്പാദനകാലം. തലശ്ശേരി കോഴികളിൽ മുട്ടയുല്‍പ്പാദനകാലം 3.7 – 4 മാസം വരെ നീളും. ഇങ്ങനെ നാല് മാസം വരെ നീളുന്ന ഒരു മുട്ടയുല്‍പ്പാദന കാലയളവില്‍ 20 – 25 മുട്ടകള്‍ വരെ കിട്ടും. ഇങ്ങനെ ഒരു വർഷം ആകെ 60 – 80 മുട്ടകള്‍ വരെ ഒരു തലശ്ശേരി കോഴിയില്‍ നിന്നും കിട്ടും. കൊത്ത് മുട്ടകളുടെ വിരിയല്‍ നിരക്ക് 70 – 80 % വരെയാണ്. കുഞ്ഞുങ്ങളില്‍ മരണനിരക്കും തീരെ കുറവാണ്. മുട്ടയുത്പാദനത്തിന് മാത്രമല്ല നല്ല നാടന്‍ മാംസത്തിനും പേരുകേട്ടവയാണ് തലശ്ശേരിക്കോഴികള്‍.
പൂര്‍ണ്ണവളര്‍ച്ചയെത്തിയ തലശ്ശേരി പൂവ്വന്‍കോഴികള്‍ക്ക് ശരാശരി 1.85 – 2.5 കിലോഗ്രാമും, പിടക്കോഴികള്‍ക്ക് 1.25 – 1.5 കിലോഗ്രാമും ശരീരത്തൂക്കമുണ്ടാകും. തലശ്ശേരി കോഴികളുടെ രോഗപ്രതിരോധ ഗുണവും, കാലാവസ്ഥാ അതിജീവനശേഷിയും പകരം വെക്കാനില്ലാത്തതാണ്. കോഴിവസന്ത പോലുള്ള സാംക്രമിക രോഗങ്ങള്‍ തലശ്ശേരി കോഴികളെ ബാധിക്കുന്നത് വളരെ അപൂര്‍വ്വമാണ്. ഇരപിടിയന്‍മാരില്‍ നിന്നും ഞൊടിയിടയില്‍ ഓടി മറയാനുള്ള മെയ് വഴക്കവും തലശ്ശേരിക്കോഴികള്‍ക്കുണ്ട്. യാതൊരു അധികചിലവുമില്ലാതെ പരിമിതമായ സാഹചര്യങ്ങളില്‍ വളര്‍ത്താവുന്ന, അടുക്കളമുറ്റങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്ന ഇനമാണ് തലശ്ശേരി കോഴികള്‍. തീറ്റയായി അടുക്കളയില്‍ ബാക്കിയാവുന്ന ആഹാരാവശിഷ്ടങ്ങളും വിലകുറഞ്ഞ ധാന്യങ്ങളും മാത്രം മതി. ചിക്കി ചികഞ്ഞ് ആഹാരം കണ്ടെത്തുകയും ചെയ്യും.