വിശുദ്ധ പശുവും അവിശുദ്ധ മാംസവും

ഡോ.എസ്.ബിജു

കേരള വെറ്റിനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാല

ആഹാരസമ്പാദനത്തിലുണ്ടായ പ്രതിസന്ധികളാണ് മനുഷ്യന്റെയും അവളുടെ സാമൂഹ്യജീവിത പരിണാമത്തിന്റെയും ഗതിയെ നിർണയിച്ചുപോന്നിട്ടുള്ളത്. എന്നാലും ലഭ്യമായ വിഭവങ്ങളുടെ ഏറ്റവും മെച്ചമായ ഉപയോഗം എന്ന സാമാന്യയുക്തി പരിണാമത്തിന്റെ ഒരു ഘട്ടത്തിലും മനുഷ്യന് കൈമോശം വന്നതുമില്ല. ശാസ്ത്രയുക്തി സാമാന്യയുക്തിയായി മാറേണ്ടുന്ന വർത്തമാന കാലഘട്ടത്തിലാണ് ഗോപരിപാലനത്തിന്റെ സാമ്പത്തിക യുക്തിയെ തകിടം മറിച്ചുകൊണ്ട് വിശ്വാസ പ്രമാണങ്ങൾ നിയമനിർമ്മാണത്തിനൊരുങ്ങുന്നത്.

കാലാവസ്ഥാ വ്യതിയാനങ്ങൾ മനുഷ്യപരിണാമത്തിന്റെ വിളനിലമായ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കാടുകളുടെ വിസ്തൃതി കുറയ്ക്കുകയും, തുറസ്സായ പുൽമേടുകൾ വ്യാപകമാവുകയും ചെയ്ത ഒരു ഘട്ടത്തിലാണ് കാട്ടുപഴങ്ങളിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ഒരു ആഹാരസമ്പാദന രീതിയിലേയ്ക്ക് വരാൻ നമ്മുടെ പൂർവീകർ ആദ്യം നിർബന്ധിതരായത്. വിസ്തൃതമായ മേടുകളിൽ ലഭി ച്ചിരുന്ന കിഴങ്ങുവർഗങ്ങളെ മാത്രം ആശ്രയിച്ച് ഭക്ഷണാവശ്യം നിറവേറ്റാനാവില്ലെന്ന് വന്നപ്പോൾ മാംസഭുക്കുകളായ വലിയ മൃഗങ്ങൾ ഉപേക്ഷിച്ച  മാംസാവശിഷ്ടങ്ങൾ ഭക്ഷിക്കാനും കല്ലുപയോഗിച്ച് വലിയ അസ്ഥികൾ പൊട്ടിച്ച് അവയിലെ മജ്ജ ഭക്ഷിക്കാനും നമ്മൾ ശീലിച്ചു. കല്ലുകളെ മെച്ചമായ ഉപയോഗത്തിലൂടെ ആയുധമാക്കിക്കൊണ്ട് കൂട്ടമായി വേട്ടയാടാനും അങ്ങനെ മാംസം അടങ്ങിയ ഭക്ഷണം കൂടുതൽ ലഭ്യമാകാനും ഇടയായതും അക്കാലങ്ങളിൽ തന്നെയാണ്. തീയുടെ ഉപയോഗം കൂടി സ്വായത്തമാക്കിയതോടെ മാംസം പാകം ചെയ്ത് ഭക്ഷിക്കുന്ന രീതിയിലേയ്ക്കും നമ്മൾ മാറി.

പോഷകസാന്ദ്രമായ മാംസഭക്ഷണം ധാരാളം ലഭ്യമായപ്പോൾ അത് മനുഷ്യന്റെ തലച്ചോറിന്റെ വികാസത്തെയും വലിയൊരളവിൽ സ്വാധീനിച്ചു. മെച്ചപ്പെട്ട ഭക്ഷണം പ്രത്യുൽപ്പാദന നിരക്കിൽ ത ന്നെ വർദ്ധനവ് ഉണ്ടാക്കുകയും നിലനിൽപ്പിനായി മനുഷ്യപൂർവ്വികർ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു. വേട്ടയാടിയ മൃഗമാംസവും ശേഖരിച്ച കിഴങ്ങ് വർഗങ്ങളും ആഹരിച്ചാണ്  മനുഷ്യൻ പിന്നെ ഒരു നീ ണ്ട കാലയളവിൽ വിവിധ ഭൂഖണ്ഡങ്ങളിലായി മുന്നോട്ട് നീങ്ങിയത്.

ഇത്തരം നായാടി സമൂഹങ്ങൾ വിപുലമായിത്തീരുകയും അതിനനുസൃതമായ ഭക്ഷണം തേടാനായി പുതിയ മേടുകൾ ലഭ്യമല്ലാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ഏതാണ്ട് പതിനായിരം വർഷം മുമ്പ്  കൃഷി ആരംഭിക്കുന്നത്. പ്രകൃതിയിൽ നിന്നും കണ്ടെത്തിയ അറിവുകളിലൂടെ നദീതീരങ്ങളിൽ ധാന്യങ്ങളും പയറുകളും കൃഷി ചെയ്യാനാരംഭിച്ചതിനൊപ്പം തന്നെ മാംസാവശ്യത്തിനായി ചെമ്മരി ആടുകളെയും കോലാടുകളെയും മെരുക്കി വളർ ത്താനും അവർ തുടങ്ങി. ഈ കാലഘട്ടത്തോട് ചേർന്ന് തന്നെയാണ് യുറോപ്പിന്റെയും ഏഷ്യയുടെയും ചില ഭാഗങ്ങളിലൊക്കെ ഇന്ന് കാണുന്ന കാലികളു ടെ പൂർവ്വികരായ ഓറോക്കുകളെ മെരുക്കി വളർത്താനും തുടങ്ങിയത്. പ്രധാനമായും മാംസത്തിന് വേണ്ടി തന്നെയാണ് മറ്റ് മൃഗങ്ങളെ പോലെ ഇവയേയും മനുഷ്യന് മെരുക്കിയത്. കാലക്രമത്തിൽ അവയിൽ നിന്നും കിട്ടുന്ന പാലും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കാമെന്ന് മനുഷ്യൻ കണ്ടറിഞ്ഞു. വളരെ ശാസ്ത്രീയമല്ലെങ്കിൽ പോലും പിന്നെ നടന്ന ഒരു നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയയിലുടെ ഈ കാലികളെ പരിഷ്‌കരിച്ചാണ് ഓരോ പ്രദേശത്തും വിവിധ ശാരീരിക പ്രത്യേകതകളു ള്ള കാലി ജനുസ്സുകൾ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.

പാലുൽപാദന മേന്മയില്ലാത്തവയെ മാംസാഹാരത്തിനായി ഉപയോഗിക്കുകയും മേന്മയുള്ളവയെ പ്രജനനത്തിന് ഉപയോഗിക്കുകയും വഴിയാണ് തലമുറകളിലൂടെ അവയുടെ ഉൽപ്പാദന ശേഷി വർദ്ധിച്ച് മികച്ച പാലുൽപ്പാദക ജനുസ്സുകൾ പരിണമിച്ചത്. മറ്റെല്ലാ പുരാതന പ്രാദേശിക സംസ്‌കൃതികളെയും പോലെ തന്നെ മാംസവും ഉപോൽപ്പന്നമായ പാലും ഭാരതീയരുടെയും ആഹാരത്തിന്റെ ഭാഗമായിരുന്നു. അതിനാൽ തന്നെ പശു വളരെ വിലമതിക്കുന്ന ഒരു മൃഗവുമായിരുന്നു. കാലിസമ്പത്ത് അന്ന് സമ്പത്തിന്റെ ഒരു വലിയ സൂചകവുമായിരുന്നു.

ചാതുർവർണ്ണ്യ വ്യവസ്ഥിതിയു ടെ ആവിർഭാവത്തോടെ പുരോഹിതവർഗത്തിന്റെ ചൂഷണത്തിന്റെ ഭാഗമായി യജ്ഞവും യാഗങ്ങളും വ്യാപകമാവുകയും അവയിൽ മൃഗബലികളും ഗോദാനവും ധാരാളമാവുകയും ചെയ്തു. അന്നത്തെ കാർഷിക വ്യവസ്ഥയുടെ അടിവേരായിരുന്ന കാലിവളർത്തലിന്റെ നട്ടെല്ലൊടിക്കുന്ന ഒരു സാഹചര്യ ത്തിലേയ്ക്കാണ് ഇത് വളർന്നത്.
ചാതുർവർണ്ണ്യ വ്യവസ്ഥിതിയെയും യാഗങ്ങളെയും മൃഗബലികളെയും തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ബുദ്ധമതത്തിന് സമൂഹത്തിൽ ഏറെ വേരോട്ടം ഉണ്ടായത് ഈ സാഹചര്യത്തിലാണ്. ബുദ്ധമതത്തിന്റെ ആ വളർച്ച ബ്രാഹ്മണ്യത്തിന്റെ തകർച്ചയിലേയ്ക്ക് നയിക്കുന്ന ഘട്ടത്തിലാണ് പ്രതിരോധത്തിലായ ബ്രാഹ്മണ സമൂഹം മാംസഭക്ഷണം തന്നെ പാടേ ഉപേക്ഷിച്ചു കൊണ്ട് തങ്ങളുടെ നിലപാടുതറ ഭദ്രമാക്കിയത്. ബ്രാഹ്മണ സമൂഹത്തെ പിന്തുടർന്നുകൊണ്ട് ഹിന്ദു സമൂഹത്തിലെ അബ്രാഹ്മണരും വിശുദ്ധമായി കൽപിക്കപ്പെട്ട ഗോമാംസം  വർജ്ജിച്ചു. എന്നാൽ ചത്ത പശുവിന്റെ മാംസം ഭക്ഷിക്കുകയും തുകലടക്കമുള്ള ഉൽപ്പന്നങ്ങളിൽ പണിയുകയും ചെയ്തിരുന്ന കീഴാളവർഗം ഗോമാംസഭുക്കു കൾ എന്ന പേരിൽ തന്നെ അസ്പർശരായി തീരുകയും ചെയ്തു.

ഒരു കാലഘട്ടത്തിലെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിൽ ഉരുതിരിഞ്ഞുവന്ന യുക്തി പിന്നെയൊരു പ്രമാണമായി മാറുകയായിരുന്നു. പിന്നെയൊരു ഘട്ടത്തിൽ ആ പ്രമാണങ്ങളെ മാറ്റിമറിക്കാൻ അടഞ്ഞ മനസ്ഥിതിയുള്ള സമൂഹം സജ്ജമായതുമില്ല. ശാസ്ത്ര ബോധത്തിനുമപ്പുറം, ഇത്തരം പ്രമാണങ്ങൾ ചോദ്യം ചെയ്യപ്പെടാതെ വ്യവഹരിച്ചപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് കൃത്യമായ നിർദ്ധാരണ പ്രജനന പ്രവർത്തനങ്ങളിലുടെ (Selection breeding) നമ്മുടെ പശുക്കളെ മെച്ചപ്പെടുത്താനുള്ള സാദ്ധ്യതയാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡം 27-ഓളം പശു ജനുസ്സുകളാൽ സമ്പന്നമാണെങ്കിലും, താരതമ്യേന പാലുൽപ്പാദനം കുടിയ ജനുസ്സുകളായ സഹിവാൾ, സി ന്ധി, ഗിർ, താർപാർക്കർ എന്നീ കാലി ജനുസ്സുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിലും, അവയെ കുടുതൽ മെച്ചപ്പെടുത്താൻ ഇനിയും നമുക്കായിട്ടില്ല. യുറോപ്പിൽ മെച്ചപ്പെട്ട പാലുൽപ്പാദന ജനുസ്സുകളെ ഉരുത്തിരിച്ചെടുത്തപ്പോഴും, ബ്രസീൽ പോലെയുള്ള ഉഷ്ണമേഖലാ രാജ്യങ്ങൾ തങ്ങളുടെ തന്നെ തനത് ജനുസ്സുകളെ ഉപയുക്തമാക്കി മെച്ചപ്പെട്ട മാട്ടിറച്ചി ജനുസ്സുകളെ ഉരുത്തിരിച്ച് അവയെ മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചപ്പോഴും, നമ്മൾ നിന്നിടത്ത് തന്നെ നിന്നു. അതിനാൽ ഇന്ത്യൻ കന്നുകാലികളെ മെച്ചപ്പെട്ട വിദേശ ജനുസ്സുകളുമായി ചേർത്ത് സങ്കരവർഗങ്ങളെയുണ്ടാക്കുന്ന പ്രജനനനയമാണ് പാലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ഇന്ന് നമ്മൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനായി അവലംബിക്കുന്നതാകട്ടെ, കൃത്രിമ ബീജസങ്കലന പ്രക്രിയയും. ഇതിലൂടെ ഉരുത്തിരിഞ്ഞുവരുന്ന സങ്കരവർഗ പശുക്കളുടെ ഉൽപ്പാദനം പിന്നെയും മെച്ചപ്പെടുത്താൻ, ആസൂത്രിതമായി നടപ്പിലാക്കുന്ന ഒരു തെരഞ്ഞെടുക്കൽ നിർദ്ധാരണ പ്രക്രിയയിലൂടെ മാത്രമേ സാധ്യമാവൂ. അതിനോടൊപ്പം മെച്ചപ്പെട്ട തീറ്റയും പരിപാലനവും ഈ സങ്കരവർഗ പശുക്കൾക്ക് നൽകേണ്ടതായും വരും. ഇന്നത്തെ മാറിവരുന്ന ഭൂവിനിയോഗ പരിതസ്ഥിതിയിൽ വിശേഷിച്ചും,  കാലിത്തീറ്റയും തീറ്റപ്പുല്ലും പോലുള്ള തീറ്റവിഭവങ്ങൾ നല്ല പരിപാലനവും പോഷണവും വേണ്ടുന്ന, ഉൽപ്പാദനക്ഷമതയുള്ള പശുക്കൾക്ക് മാത്രമായി ലഭ്യമാവില്ല എന്ന സ്ഥിതി ഉളവാകുമെന്നതിനാൽ ഉൽപ്പാദനക്ഷമമല്ലാത്ത പശുക്കളെ തെരഞ്ഞെടുത്ത് ഒഴിവാക്കേണ്ടി വരും. കൃത്രിമ പ്രജനനത്തിന്റെ വ്യാപനത്തോടെയും, കാർഷിക മേഖലയിലെ യന്ത്രവത്കരണത്തിന്റെ ഫലമായും, മൂരികളെ വിത്തുകാളകളും പണിമൃഗങ്ങളും (Breeding bulls and Bullocks) എന്ന നിലയിൽ ആവശ്യമില്ലാതാകും. ഈ പ്രശ്‌നത്തെ അഭിമുഖീകരിച്ച് മാത്രമേ ഇനി പശു പരിപാലന സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുന്നോട്ടുപോകാനാവുക യുള്ളു.

ഭക്ഷ്യവിഭവങ്ങളുടെ പൂർണ്ണമായ ഉപയോഗവും ഭക്ഷ്യവസ്തുക്കളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഭക്ഷ്യസുരക്ഷ എന്ന ആശയത്തിലേക്ക് എത്താൻ രാജ്യത്തിന് സാധിക്കൂ. വിശ്വാസപ്രമാണങ്ങളാണ് വികസനത്തിന്റെ കർമപരിപാടികൾ തീരുമാനിക്കുന്നത് എന്നത് അവികസിതമായ ഒരു വലിയ ജനസമൂഹത്തിനോട് കാണിക്കുന്ന നീതികേടാണ്. നമ്മുടെ വിശ്വാസ പ്രമാണങ്ങൾ  ഗോമാംസം തിന്നാൻ നമ്മെ അനുവദിക്കുന്നില്ലെങ്കിൽ ഉപയോഗയോഗ്യമല്ലാത്തതും ഉൽപ്പാദനക്ഷമതയില്ലാത്തതുമായ കാലികളെ ശാസ്ത്രീയമായി കശാപ്പു ചെയ്ത് ഗോമാംസം ഭക്ഷിക്കുന്ന മറ്റ് സമൂഹങ്ങൾക്ക് അത് ലഭ്യമാക്കുകയും സാദ്ധ്യമെങ്കിൽ മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുകയുമാണ് വേണ്ടത്.

ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ ഭാഗികമായോ പൂർണ്ണമായോ നിലനിൽക്കുന്ന ഗോവധ നിരോധനം മൂലം പ്രതിവർഷം വെറും 6 ശതമാനം പശുക്കൾ മാത്രമാണ് ഇന്ന് കശാപ്പു ചെയ്യപ്പെടുന്നത്. എന്നാൽ എരുമകളുടെ കാര്യത്തിൽ ഇത് 11 ശതമാനവും ചെമ്മരിയാടുകളുടെ കാര്യത്തിൽ 33 ശതമാനവും കോലാടുകളുടെ കാര്യത്തിൽ 38 ശതമാനവുമാണ്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന മാംസത്തിലെ മുഖ്യ പങ്ക് വിദേശ വിപണിയിൽ വില താരതമ്യേന കുറവുള്ള പോത്തിറച്ചിയാണ്. കയറ്റുമതിയിൽ ഇന്ത്യ മുന്നിൽ നിൽക്കുന്ന മറ്റൊരു അനുബന്ധ മേഖലയാണ് തുകൽ ഉൽപ്പനങ്ങളുടേത്. ഈ മേഖലയുടെ നിലനിൽപ്പും ഇത്തരം തീരുമാനങ്ങളെ ആശ്രയിച്ചാണ് നിൽക്കുന്നത്.

പോഷക കമ്മിയുള്ള ഒരു വലിയ വിഭാഗം ജനങ്ങളുള്ള ഈ രാജ്യത്തെ ആളോഹരി മാംസഭക്ഷണം, മറ്റ് പല വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാമ മാത്രമാണ്. നിലനിൽക്കുന്ന സാമൂഹ്യസാമ്പത്തിക സാഹചര്യ ങ്ങളെയെല്ലാം തമസ്‌കരിച്ച്, ഉയർന്ന ബീഫ് ഉപഭോഗമുള്ള ചില വിദേശ രാജ്യങ്ങളിൽ നടന്ന പഠനങ്ങളിൽ ചിലതിനെ മാത്രം തിരഞ്ഞെടുത്ത്, സമഗ്രതയില്ലാതെ ഏകപക്ഷീയമായ നിരീക്ഷണങ്ങൾ മുന്നോട്ടുവച്ച്, ഗോമാംസ നിരോധനത്തിനെ തന്നാലാവുന്ന വിധം ന്യായീകരിക്കാൻ ശാസ്ത്ര സർവ്വകലാശാലാ അധിപന്മാർ വരെ മുന്നിട്ടിറങ്ങുന്ന കാലഘട്ടമാണിത്. സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള അത്തരം പരിശ്രമശാലികളുടെ ലക്ഷ്യം പരിമിതമാണെങ്കിലും ഇന്ത്യയിലെ മൃഗസംരക്ഷണ മേഖലയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വികസനം എന്ന വലിയ ലക്ഷ്യത്തിലേക്കെത്താൻ ഗോമാംസ നിരോധനത്തിന്റെ നിയമങ്ങൾ മാറ്റിയെഴുതേണ്ടതുണ്ട്.


2015 ഫെബ്രുവരി മാസത്തെ ശാസ്ത്രഗതിയിൽ നിന്നും

Leave a Reply