Read Time:15 Minute
ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ

ജനിതക ശാസ്ത്രവുമായും ജനിതകസാങ്കേതിക വിദ്യയുമായും ബന്ധപ്പെട്ട ബയോ എത്തിക്സ് എന്ന വിജ്ഞാന ശാഖ തന്നെ രൂപപ്പെട്ടുകഴിഞ്ഞു. ജിനോമിക്‌സിന്റെ ധാര്‍മികതയെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും തുടക്കമിടുന്ന പുസ്തകമാണ് കുസാറ്റിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വാണി കേസരി രചിച്ച ‘ദ സാഗ ഓഫ് ലൈഫ് ഇന്റര്‍ഫേസ് ഓഫ് ലോ ആന്‍ഡ് ജനറ്റിക്സ്.

ബ്രിട്ടനിലെ മാഞ്ചസ്റ്ററിലുള്ള ഓൾഡ് ഹാം ആശുപത്രിയിൽ 1978 ജൂലൈ 25 നു ടെസ്റ്റ് റ്റ്യൂബ് ശിശു എന്ന് വിശേഷിപ്പിക്കപ്പെട്ട ലൂയിസ് ബ്രൗണ്‍ എന്ന പെണ്‍കുഞ്ഞ് പിറന്നതോടെയാണ് ജൈവസാങ്കേതിക വിദ്യയിൽ വലിയ കുതിച്ച് ചാട്ടമുണ്ടായത്. മനുഷ്യ  ശരീരത്തിന് പുറത്ത് വച്ച് നടന്ന ആദ്യത്തെ ബീജ സങ്കലനത്തോടെയാണ് ലൂയിസ് ബ്രൗണിന് ജന്മം നൽകിയത്. ബാഹ്യ ബീജ സങ്കലന ഭ്രൂണമാറ്റം (In Vitro Fertilisation: IVF) എന്ന പ്രത്യുല്പാദന രീതി ആവിഷ്കരിക്കപ്പെട്ടതിങ്ങിനെയാണ്. വന്ധ്യതാ ചികിത്സക്കാണ്  ഐ.വി.എഫ് എന്ന ഈ രീതി ആവിഷ്കരിക്കപ്പെട്ടതെങ്കിലും ശാസ്ത്ര പരീക്ഷണങ്ങൾക്കായി മനുഷ്യശരീരത്തിന് പുറത്ത് ഭ്രൂണം ലഭ്യമാക്കിയെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. 1995 ജൂലൈ 5 ന് സ്കോട്ട് ലാന്റിലെ റോസിലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇയാൻ വിൽമുട്ടും കീത്ത് കാമ്പലും ചേർന്ന് ഡോളി എന്ന ചെമ്മരിയാടിനെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചതാണ് അടുത്ത പ്രധാന സംഭവം. പുരുഷ ബീജം ഒഴിവാക്കി പെൺ ചെമ്മരിയാടിന്റെ അണ്ഡവും ക്ലോണിങ്ങിന് വിധേയമാക്കിയ ആടിന്റെ ശരീരത്തിൽ നിന്നെടുത്ത കോശത്തിലെ ന്യൂക്ലീയസ്സും ചേർത്ത് രൂപപ്പെടുത്തിയ ഭ്രൂണം മറ്റൊരാടിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാണ് ഡോളിക്ക് ജന്മം നലിയത്. ശരീര കോശ മർമ്മ മാറ്റം (Somatic Cell Nuclear Transfer) എന്നാണ് ക്ലോണിങ്ങിന്റെ ശാസ്ത്രനാമം. ഈ രണ്ട് രീതികളുപയോഗിച്ച് സൃഷ്ടിക്കുന്ന ഭ്രൂണത്തിൽ നിന്നും കാണ്ഡ കോശം (Stem Cell) വികസിപ്പിച്ചെടുക്കാമെന്നതാണ് മറ്റൊരു നേട്ടം.   2003ൽ ഹ്യൂമന്‍ ജിനോം പദ്ധതി പൂര്‍ത്തിയായതോടെ ജനിതക സാങ്കേതികവിദ്യ അതിന്റെ പാരമ്യത്തിൽ എത്തിയതായി കരുതാവുന്നതാണ്. ജിഎം സാങ്കേതികവിദ്യയുടെ വികാസവും കാണ്ഡകോശ ഗവേഷണവും അടങ്ങുന്ന ജനിതക വിദ്യ ആരോഗ്യ, കാര്‍ഷിക ശാസ്‌ത്ര മേഖലകളിൽ വലിയ പ്രഭാവമാണ് സൃഷ്ടിച്ചത്.

കൃത്രിമബീജസങ്കലനം – In vitro fertilisation (IVF) | കടപ്പാട് : വിക്കിപീഡിയ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തുടക്കം കുറിച്ച  ഹ്യൂമന്‍ ജിനോം പ്രോജക്ടിന്റെ പ്രഥമ മേധാവി ജെയിംസ് വാട്സന്റെ വാക്കുകള്‍ പ്രസിദ്ധം. ‘‘ജനിതക ഗവേഷണം മനുഷ്യരാശിക്ക് മുമ്പെങ്ങുമില്ലാത്ത ശക്തി പകര്‍ന്നു നല്‍കും; ഒപ്പം പുതിയ ധാര്‍മിക‐സാമൂഹികസമസ്യകളും അത്‌ മുന്നോട്ടുവയ്‌ക്കും.”ഹ്യൂമന്‍ ജിനോം പ്രൊജക്ടിനു ചെലവിടുന്ന വിഭവങ്ങളുടെ രണ്ടു ശതമാനമെങ്കിലും ജനിതക ഗവേഷണത്തിന്റെ ധാര്‍മിക, നിയമ, സാമൂഹ്യ പ്രഭാവങ്ങള്‍ പഠിക്കാനുള്ള ഇ.എല്‍.എസ്.ഐ (എത്തിക്കല്‍, ലീഗല്‍, സോഷ്യല്‍ ഇംപാക്റ്റ്‌ ഓഫ് ജനറ്റിക് റവല്യൂഷന്‍) പദ്ധതിക്കു വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പദ്ധതിയുടെ ഭാഗമായി ശേഖരിച്ച വിവരങ്ങളുടെ പേറ്റന്റ് സംബന്ധിച്ച ഒരു ധാര്‍മിക വിവാദത്തിന്റെ  പേരിൽ തന്നെ ഹ്യൂമന്‍ ജിനോം പദ്ധതിയില്‍നിന്ന് ഡോ. വാട്സണ് ഇറങ്ങിപ്പോകേണ്ടി വന്നു എന്നത് മറ്റൊരു വിരോധാഭാസം. ശേഖരിച്ച സ്ഥിതിവിവരങ്ങള്‍ പൊതുമണ്ഡലത്തിൽ  വയ്‌ക്കണമെന്നും പേറ്റന്റ് ചെയ്യരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടര്‍ ബെര്‍നാഡിന്‍ ഹീലി  ഇതംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു വാട്സന്റെ രാജി. ഏതായാലും ഇ.എല്‍.എസ്.ഐ ഗവേഷണ പരിപാടി തുടര്‍ന്നു. അതിന്റെ ഭാഗമായി റിപ്പോര്‍ട്ടുകള്‍ പതിവായി  പുറത്തുവരികയുംചെയ്‌തു.

ജെയിസ് വാട്സണ്‍ | കടപ്പാട് : വിക്കിമീഡിയ

ജനിതക വിപ്ലവത്തിന്റെ ധാര്‍മികവും സാമൂഹികവും രാഷ്ട്രീയവും എന്തിന് ആത്മീയവുമായ വീക്ഷണങ്ങളെക്കുറിച്ച് നിരവധി പുസ്‌തകങ്ങൾ അടുത്തകാലത്ത് പുറത്തിറങ്ങി. ജനിതക ശാസ്ത്രവുമായും ജനിതകസാങ്കേതിക വിദ്യയുമായും ബന്ധപ്പെട്ട ബയോ എത്തിക്സ് എന്ന വിജ്ഞാന ശാഖ തന്നെ രൂപപ്പെട്ടുകഴിഞ്ഞു. ജിനോമിക്‌സിന്റെ ധാര്‍മികതയെക്കുറിച്ചുള്ള വിപുലമായ ഗ്രന്ഥശേഖരങ്ങളിലേക്കാണ് കുസാറ്റിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വാണി കേസരി രചിച്ച ‘ദ സാഗ ഓഫ് ലൈഫ് ഇന്റര്‍ഫേസ് ഓഫ് ലോ ആന്‍ഡ് ജനറ്റിക്സ് എന്ന പുസ്‌തകവും  (The Saga of Life: Interface of Law and Genetics: Vani Kesari A. Directorate of Publications and Public Relations Cochin University of Science and Technology: 2018)  വന്നുചേരുന്നത്. കുസാറ്റിലെ പബ്ലിക്കേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ആണ് പ്രസാധനം.

ജനിതക വിജ്ഞാനത്തിന്റെ അവഗണിക്കപ്പെട്ട ചില മേഖലകളിൽ കൂടുതൽ ശ്രദ്ധയൂന്നുന്ന വാണി കേസരി,ജിനോമിക് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രസക്തമായ എല്ലാ  നൈതിക നിയമ പ്രശ്നങ്ങളും പണ്ഡിതോചിതമായ ഈ ഗ്രന്ഥത്തില്‍ പരാമർശിക്കുന്നുണ്ട് . ആകെയുള്ള 442 പേജില്‍ 180പേജും നോട്ടുകള്‍ക്കും സൂചനകള്‍ക്കും ഗ്രന്ഥസൂചികള്‍ക്കുമായി നീക്കുവച്ചുവെന്നത്  ഗ്രന്ഥത്തിന്റെ ആധികാരികതയെ വ്യക്തമാക്കുന്നു. പുസ്തകത്തിലെ  ലേഖനങ്ങൾ ഈ മേഖലയിൽ ഭാവിയില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് അറിവിന്റെ ഖനിയാകുമെന്നതിൽ  തര്‍ക്കമില്ല.

എട്ടു ഭാഗങ്ങളാണ് ഈ പുസ്‌തകത്തിന്. ആദ്യഭാഗത്ത്  ജീവനെക്കുറിച്ചുള്ള ദാര്‍ശനികാന്വേഷണങ്ങളാണുള്ളത്. ജീവിനെന്ന ആശയത്തിന്റെ സാധ്യതയിലേക്കും ഉള്ളടക്കത്തിലേക്കും പ്രകൃതത്തിലേക്കുമുള്ള ദാര്‍ശനികമായ ഒരന്വേഷണം ഈ  അധ്യായത്തിൽ വായിക്കാം. ജീവിനെന്ന ആശയത്തിലേക്കുള്ള ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വീക്ഷണമാണ് വാണി അവതരിപ്പിക്കുന്നത്. മറ്റു ജീവികളുമായി താരതമ്യം ചെയ്യുമ്പോള്‍  മനുഷ്യനുള്ള വൈശിഷ്ട്യത്തെ തത്വചിന്ത എങ്ങനെയാണ് ഗ്രഹിക്കുന്നതെന്ന ചോദ്യത്തെയാണ് ഈ ഭാഗത്ത് പരിശോധിക്കുന്നത്.  സ്വയം  അന്വേഷിക്കുന്നതിലും പ്രപഞ്ചവുമായുള്ള ബന്ധത്തില്‍ ഒരു വിശിഷ്ടസ്ഥാനം ഉണ്ടാക്കുന്നതിലും മനുഷ്യനെ വിവിധ മതങ്ങള്‍ സ്വാധീനിച്ചതിനെക്കുറിച്ച് ഈ അധ്യായത്തില്‍ വിശദമായി പറയുന്നുണ്ട്. മാര്‍ക്സിയൻ, പോസ്റ്റ് മാര്‍ക്സിയൻ സമീപനങ്ങൾ ഉള്‍പ്പെടെ ഇതു സംബന്ധിച്ചള്ള എല്ലാ  മതനിരപേക്ഷ ആശയങ്ങളും വാണി പഠനവിധേയമാക്കുന്നു. തത്വചിന്തയും മതവും ജീവിതത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നല്‍കാൻ ശ്രമിച്ചുവെന്ന് സമ്മതിക്കുമ്പോൾ തന്നെ മതനിരപേക്ഷവും ശാസ്‌ത്രീയവുമായ സമീപനങ്ങൾ ജീവിതാന്വേഷണങ്ങള്‍ക്ക് കൂടുതൽ  പ്രായോഗികവും അനുഭവാര്‍ജിതവുമായ കാഴ്‌ചപ്പാടുകൾ നല്‍കിയെന്ന് ഗ്രന്ഥകാരി വാദിക്കുന്നു.

മനുഷ്യ ജീവന്റെ പാവനത്വം : മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനം എന്ന രണ്ടാം ഭാഗം ചര്‍ച്ച ചെയ്യുന്നത് മനുഷ്യാവകാശ നിയമതത്വസംഹിതയുടെ മണ്ഡലത്തില്‍ എങ്ങനെയാണ് മനുഷ്യജീവിതത്തിന്റെ പാവനത്വം പരിഗണിക്കപ്പെടുന്നതെന്ന കാര്യമാണ്. പ്രാചീനകാലം മുതല്‍ ആധുനിക കാലം വരെയുള്ള നിയമതത്വസംഹിതകളെ ഗ്രന്ഥകാരി പഠനവിധേയമാക്കുന്നു.

അവകാശങ്ങള്‍ രൂപംകൊള്ളുന്നത് സ്റ്റേറ്റിന്റെ പ്രവര്‍ത്തനത്തിലൂടെയാണെന്നും അവകാശങ്ങൾ നിലനിര്‍ത്തി സംരക്ഷിക്കേണ്ടത് നിലവിലുള്ള നിയമങ്ങളുടെ മൂല്യംകൊണ്ടാണെന്നുമുള്ള സങ്കല്‍പ്പമാണ് ഇന്നുള്ളത്. മനുഷ്യജീവിതത്തിന് സഹജമായ ഒരു മൂല്യമുണ്ടെന്നത് പ്രകടമാണെന്നും ഈ വസ്‌തുതയെ ഒരു നിയമസംവിധാനത്തിനും നിഷേധിക്കാനാവില്ലെന്നും വാണി നിരീക്ഷിക്കുന്നു. സിദ്ധാന്തവും പ്രയോഗവും എന്ന മൂന്നാംഭാഗത്തില്‍ സൈദ്ധാന്തിക നിലപാടുകൾ എങ്ങനെ പ്രായോഗിക അവസ്ഥയില്‍ മനസ്സിലാക്കപ്പെടുന്നു എന്നാണ് പരിശോധിക്കുന്നത്. മനുഷ്യജീവന്റെ വൈശിഷ്ട്യം എന്ന വിഷയത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ മാനങ്ങളാണ് ഗ്രന്ഥകാരി പരിശോധിക്കുന്നത്. ജീവന്റെ പാവനത്വമെന്ന ആശയമാണ് മനുഷ്യാവകാശങ്ങള്‍ക്കും മനുഷ്യസ്വഭാവത്തെ നിയന്ത്രിക്കുന്ന  ധാര്‍മികവും നിയമപരവുമായ ചട്ടങ്ങള്‍ക്കും  അടിത്തറയായത്. ക്രിമിനല്‍ നിയമതത്വങ്ങളുടെ അടിസ്ഥാനവും ജീവന്റെ പാവനത്വം എന്ന ആശയത്തിൽ അധിഷ്ടിതമാണ്. വധശിക്ഷ, വന്ധ്യംകരണം, ഗര്‍ഭനിരോധനം, ആത്മഹത്യ, ദയാവധം തുടങ്ങിയ വിഷയങ്ങളുടെ സൈദ്ധാന്തികവും പ്രായോഗികവുമായ നിയമവശങ്ങളും പരിശോധനയ്‌ക്ക്‌ വിഷയമാകുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ സംവിധാനങ്ങള്‍ മനുഷ്യജീവിതത്തെ എങ്ങനെയാണ് പ്രശ്നവല്‍ക്കരിക്കുന്നത് എന്ന് നാലാം ഭാഗത്തിൽ പരിശോധിക്കുന്നു. മനുഷ്യജീവിതത്തിന്റെ പാവനത്വം എന്ന ആശയം ആഗോളമായി അംഗീകരിക്കപ്പെട്ടത് ഐക്യരാഷ്ട്ര സംഘടന സ്ഥാപിക്കപ്പെട്ടതോടെയാണ്. ആഗോള മനുഷ്യാവകാശ സംവിധാനത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കപ്പെടുന്നത് മനുഷ്യജീവിതത്തിന്റെ അന്തസ്സും അതിന്റെ  മൂല്യവുമാണ്. മിക്കവാറും മനുഷ്യാവകാശ സ്ഥാപനങ്ങള്‍ അന്തസ്സ് എന്ന പ്രയോഗം കൈകാര്യം ചെയ്യുന്നത് അതിനെ നിര്‍വചിക്കാൻ ശ്രമിക്കാതെയാണെന്ന  പ്രസക്തമായ പ്രശ്നം ഗ്രന്ഥകാരി ഇവിടെ ഉന്നയിക്കുന്നു. അന്തസ്സ് എന്ന പ്രയോഗത്തിന്റെ വ്യംഗാര്‍ഥങ്ങളെക്കുറിച്ചുള്ള വ്യത്യസ്‌തങ്ങളായ ജുഡിഷ്യൽ വ്യാഖ്യാനങ്ങള്‍ ഗ്രന്ഥകാരി വിശദമായി പരിശോധിക്കുന്നുണ്ട്.

ജനിതക ഗവേഷണത്തിലെ മുന്നേറ്റങ്ങളും വെല്ലുവിളികളുമാണ് അഞ്ചാംഭാഗത്തില്‍ വിശദീകരിക്കുന്നത്.  ജനിതക സാ‍ങ്കേതിക വിദ്യയുടെ  മുന്നേറ്റങ്ങള്‍ക്കിടയിൽ ജീവിതമെന്ന സങ്കല്‍പ്പം എങ്ങനെയാണ് ചോദ്യംചെയ്യപ്പെടുന്നതെന്ന് പുസ്തകത്തിന്റെ ആറാംഭാഗം പരിശോധിക്കുന്നു. ജനിതക ഗവേഷണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും സന്തുലിതമാക്കപ്പെടേണ്ടതുണ്ടെന്ന് ഏഴാംഭാഗത്തില്‍ ഗ്രന്ഥകാരി പറയുന്നു. ജനിതകവുമായി  ബന്ധപ്പെട്ട വിഷയങ്ങളിലുള്ള നിയമപരമായ സമീപനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ് എട്ടാം ഭാഗം.

ഈ മേഖലയിലുള്ള ഗ്രന്ഥകാരിയുടെ വിപുലമായ പഠനവും വിജ്ഞാനവുംദിനം പ്രതിയെന്നോണം വികസിച്ച് വരുന്ന ജനിതക ശാസ്ത്രം മുന്നോട്ട് വക്കുന്ന പുത്തൻ നൈതിക-നിയമ പ്രതിസന്ധികളെ സംബന്ധിച്ച്  ഇനിയും കൂടുതൽ ആധികാരികങ്ങളായ പുസ്തകങ്ങൾ രചിക്കുന്നതിലേക്ക് അവരെ നയിക്കുമെന്ന് നമുക്ക് ആശിക്കാം.

The Saga of Life: Interface of Law and Genetics

Vani Kesari A.

Directorate of Publications and Public Relations Cochin University of Science and Technology: 2018 ₹750.00

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഹോപ് – ഏറ്റവും വലിയ നീലവജ്രത്തിന്റെ ചരിത്രവും രസതന്ത്രവും
Next post 2019 ആഗസ്റ്റിലെ ആകാശം
Close