ഹോപ് – ഏറ്റവും വലിയ നീലവജ്രത്തിന്റെ ചരിത്രവും രസതന്ത്രവും


പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്‍
രസതന്ത്ര അധ്യാപകൻ, ശാസ്ത്ര ലേഖകൻ

ലോകത്തിൽ ഇന്നറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിയ നീലവജ്രത്തിന്റെ ചരിത്രവും രസതന്ത്രവും വായിക്കാം…

മ്യൂസിയം ഓഫ് നാച്ചുറള്‍ ഹിസ്റ്ററി, വാഷിംഗ്ടണ്‍ ഡി.സി.യില്‍ സൂക്ഷിച്ചിരിക്കുന്ന ഹോപ്പ് ഡയമണ്ട് , 2014 | കടപ്പാട് : വിക്കിപീഡിയ
[dropcap]ഹോ[/dropcap]പ് (Hope) ഒരു വജ്രക്കല്ലിന്റെ പേരാണ്. കാര്‍ബണിന്റെ ഒരു ക്രിസ്റ്റലീയ രൂപാന്തരമാണ് വജ്രം. വജ്രങ്ങള്‍ പ്രകൃതിയില്‍ ദുര്‍ലഭമായേ കാണപ്പെടുന്നുള്ളു. നീല വജ്രക്കല്ലോ വളരെ വളരെ ദുര്‍ലഭം. പ്രകൃതിയില്‍ കാണപ്പെടുന്ന വജ്രങ്ങളില്‍ കേവലം 0.2 ശതമാനം മാത്രം. ലോകമൊട്ടാകെ തെരഞ്ഞാല്‍  നല്ല നീല വജ്രക്കല്ലുകള്‍ ഉള്ളംകയ്യില്‍ ഒതുങ്ങും. ആ പട്ടികയില്‍ ഏറ്റവും മേല്‍ഭാഗത്തു കാണുന്നതാണ് ഹോപ് (Hope)എന്നു പേരുള്ള നീല വജ്രക്കല്ല്. അനന്യവും അമൂല്യവും ശോഭയോടെ തിളങ്ങുന്നതുമായ ഈ കടുത്ത നീലക്കല്ല് ഇപ്പോള്‍ വാഷിങ്ടണ്‍ നഗരത്തിലെ സ്മിത്ത്‌സോണിയന്‍ മ്യൂസിയ(Smithosnian Museum)ത്തില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.

ഹോപ് ഡയമണ്ട് (1974-ൽ) | കടപ്പാട് : വിക്കിപീഡിയ

ഹോപിന്റെ ചരിത്രം

350 വര്‍ഷങ്ങള്‍ക്കുമുമ്പ് ഫ്രഞ്ച് വ്യാപാരിയും യാത്രികനും ഭാഗ്യാന്വേഷിയുമായ ജോണ്‍ബാപ്റ്റിസ്റ്റ്  ടവെര്‍നിര്‍ ആയിരുന്നു, അനിതരസാധാരണമായ ആ വജ്രക്കല്ലിന്റെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഉടമ. ഹോപ് വജ്രത്തിന്റെ ജന്മസ്ഥലം ഇന്ത്യയിലെ ഗോള്‍ക്കോണ്ട ഖനികളാണെന്ന് കരുതപ്പെടുന്നു. 17-ാം നൂറ്റാണ്ടില്‍ (ചിലര്‍ പറയുന്നത് 1640-ല്‍) ടവെര്‍നിര്‍ ചെത്തിമിനുക്കാത്ത ഒരു നീലക്കല്ല് ഒരു നാട്ടുകാരനില്‍നിന്നു വാങ്ങി. അന്നതിന് 112.5 കാരറ്റ് (1 കാരറ്റ് = 200 മി.ഗ്രാം) ഭാരമുണ്ടായിരുന്നു. ടവെര്‍നിര്‍ പിന്നീട് വലിയ വിലയ്ക്ക് ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി 14-ാമന് വിറ്റു. ചക്രവര്‍ത്തി അതു ത്രികോണാകൃതിയില്‍ ചെത്തിമിനുക്കി 67.2 കാരറ്റ് വജ്രക്കല്ലാക്കി മാറ്റി.

 ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനാലാമന്റെ രാജകീയമുദ്രയില്‍ | കടപ്പാട് : വിക്കിപീഡിയ

1790-ല്‍ ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതുവരെ ‘ഫ്രഞ്ച്‌നീലം (French Blue)എന്ന പേരില്‍ ഫ്രഞ്ച് ചക്രവര്‍ത്തിയുടെ കിരീടത്തിലെ രത്‌നക്കല്ലായി അതു വിലസി. വിപ്ലവകാലത്ത് രാജകൊട്ടാരങ്ങളില്‍ അതിക്രമിച്ചുകയറിയ വിപ്ലവകാരികള്‍ വിലപിടിപ്പുള്ളതെല്ലാം കൈവശപ്പെടുത്തി. അങ്ങനെ ഫ്രഞ്ച് നീലം കൊട്ടാരത്തില്‍നിന്ന് അപ്രത്യക്ഷമായി.

19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അത്യുജ്വലമായ ഒരു നീല വജ്രക്കല്ല് ലണ്ടനിലെ രത്‌നക്കല്ല് മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇതുകണ്ട ജോണ്‍ ഫ്രാന്‍സിലോണ്‍ എന്ന രത്‌നവ്യാപാരിക്ക് ചില സംശയങ്ങള്‍ തോന്നി. ഇത് ഫ്രഞ്ച് നീലമാണെന്ന് പലരും ഊഹിച്ചു.

ഇടക്കാലത്ത് അതിന്റെ ഉടമ ആരായിരുന്നാലും ആ കല്ലിന്റെ വലുപ്പം 45.52 കാരറ്റായി കുറഞ്ഞു. ആകൃതിയിലും മാറ്റം ഉണ്ടായിരുന്നു. അറിവുള്ളവര്‍ തിരിച്ചറിയാതെയിരിക്കാന്‍ വേണ്ടി മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് മുമ്പ് മനപൂര്‍വം മാറ്റങ്ങള്‍ വരുത്തിയതാകാം. തുടര്‍ന്ന് ആ നീലക്കല്ല്, ബ്രിട്ടീഷ് രാജാവിന്റെ കിരീടത്തിന്റെ ഭാഗമായി മാറി. ഒരു കടമിടപാട് അവസാനിപ്പിക്കാന്‍വേണ്ടി ജോര്‍ജ് നാലാമന്‍ എന്ന ഇംഗ്ലീഷ് രാജാവ്, അത് 1830-ല്‍ ഹെന്റി ഫിലിപ്പ് ഹോപ് എന്ന ധനാഢ്യയായ ബാങ്കര്‍ക്ക് വിറ്റു. അതോടെയാണ് ആ രത്‌നക്കല്ലിന് ഹോപ് വജ്രം (The Hope Diamond) എന്ന സ്ഥിരനാമം ലഭിച്ചത്. 1958-ല്‍ ഹോപ് വജ്രം സ്മിത്ത് സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് അക്കാലത്തെ ഉടമസ്ഥന്‍ സംഭാവന ചെയ്തു.

ഹോപിന്റെ രസതന്ത്രം

രസതന്ത്രജ്ഞര്‍ക്ക് ഹോപ് വജ്രത്തിന്റെ അത്യുജ്വലമായ നീലനിറത്തിലായിരുന്നു താല്‍പര്യം. ശുദ്ധ വജ്രത്തിന് നിറമില്ല. ഹോപ് വജ്രത്തിന്റെ നീലനിറത്തിന്റെ കാരണം കണ്ടുപിടിക്കുവാനുള്ള പഠനങ്ങളില്‍ അവര്‍ വ്യാപൃതരായി. അലുമിനിയത്തിന്റെ സാന്നിധ്യമായിരിക്കാം കാരണമെന്നാണ് ആദ്യം സംശയിച്ചത്. ബോറോണ്‍ ആറ്റങ്ങളുടെ സാന്നിധ്യമാണ് ഹോപ് വജ്രത്തിന് നീലനിറം നല്‍കുന്നതെന്ന് സംശയാതീതമായി തെളിഞ്ഞു. മറ്റു അപദ്രവ്യങ്ങളുടെ അസാന്നിധ്യത്തില്‍ മാത്രമേ ബോറോണ്‍ വജ്രക്കല്ലുകള്‍ക്ക് നീലനിറമാകുന്നുള്ളു. 1988-ല്‍ അമേരിക്കയിലെ ജെമ്മോളൊജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോപ് വജ്രത്തെ അതികര്‍ക്കശമായ ഗ്രേഡിങ്ങിന് വിധേയമാക്കി. സ്‌പെക്‌ട്രോസ്‌കോപ്പിക്ക് ടെക്‌നിക്കുകള്‍ വഴി ബോറോണിന്റെ പരിമാണം നിര്‍ണയിക്കപ്പെട്ടു. ഹോപ് വജ്രത്തില്‍ 0.6 പിപിഎം (10 ലക്ഷം ഗ്രാം വജ്രത്തില്‍ 0.6 ഗ്രാം) ബോറോണ്‍ ഉണ്ടെന്ന് വ്യക്തമായി. ത്രികോണാകാരമുള്ള നീല വജ്രത്തിന്റെ മറ്റൊരു പ്രത്യേകത അതിന്റെ  അര്‍ധചാലകത്വം(semi conductivity) ആണ്. ഹോപ് വജ്രത്തിന്റെ രസതന്ത്രം അനാവരണം ചെയ്ത ശാസ്ത്രജ്ഞര്‍ പിന്നീട് അതിന്റെ ഉല്‍പത്തിയുടെ ഭൗമരസതന്ത്രം പഠിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ആ പഠനവും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

ഹോപ് വജ്രം മാസ്-സ്പെക്ട്രോസ്ക്കോപ്പി പഠനത്തിന് വിധേയമാക്കുന്നു | copyrighted image by : Jeffrey Post

അധികവായനയ്ക്ക്

  1. ഹോപ്പ് ഡയമണ്ടിന്റെ കൈമാറ്റചരിത്രരേഖ കാണാം.
  2. അമേരിക്കന്‍ മിനറലോജിസ്റ്റ് ജേര്‍ണല്‍

Leave a Reply