Read Time:12 Minute
[author title=”എൻ. സാനു” image=”http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg”]അമച്വ‍ർ അസ്ട്രോണമര്‍, ലൂക്ക അസോസിയേറ്റ് എഡിറ്റർ[/author]

വിശേഷപ്പെട്ട ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിൽ നമുക്കായി കാത്തിരിക്കുന്നത്. ആകാശഗംഗ, വൃശ്ചികം രാശി, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം തിരിച്ചറിയാം. പെഴ്സീയഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.

സൗരരാശികൾ

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം കന്നി, തുലാം, വൃശ്ചികം, ധനു, മകരം എന്നീ രാശികളെ ആഗസ്റ്റ് മാസം നിരീക്ഷിക്കാം. നേരെ കിഴക്ക്-പടിഞ്ഞാറായല്ല ക്രാന്തിപഥം (Ecliptic) കാണപ്പെടുന്നത്. ഈ മാസം സന്ധ്യയ്ക്ക് നിരീക്ഷിക്കുമ്പോൾ അല്പം വടക്കുപടിഞ്ഞാറ്-തെക്കുകിഴക്കായും പുലര്‍ച്ചെ നിരീക്ഷിക്കുമ്പോൾ തെക്കുപടിഞ്ഞാറ്-വടക്കുകിഴക്കായുമാണ് ക്രാന്തിപഥം കാണപ്പെടുക.  ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

[box type=”info” align=”” class=”” width=””]ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും. [/box]

കന്നി

ആഗസ്റ്റ് മാസത്തിൽ സന്ധ്യയ്ക്കു പടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും ഏകദേശം 300 മുകളിലായാണ് കന്നിരാശി (Virgo) കാണപ്പെടുക. ഈ രാശിയിലെ പ്രഭയേറിയ നക്ഷത്രമാണ് ചിത്ര അഥവാ ചിത്തിര (Spica). മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണിത്.

തുലാം

തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും 500മുകളിലായി  തുലാം (Libra) രാശി കാണാം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോഴും നിലാവുള്ളപ്പോഴും തിരിച്ചറിയാന്‍ പ്രയാസമാണ്.

വൃശ്ചികം

ആഗസ്റ്റ് മാസത്തില്‍ ശീർഷബിന്ദുവിൽ (Zenith) നിന്നും 300 തെക്കായി വൃശ്ചികം രാശി (Scorpion) കാണാം. തേളിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന ഇതിലെ തിളക്കമേറിയ നക്ഷത്രം തൃക്കേട്ട (Antares) ആണ്. ഇതൊരു ചുവപ്പ് ഭീമന്‍ (Red giant) നക്ഷത്രമാണ്. ഈ ചുവപ്പ് ഭീമന്‍ നക്ഷത്രവും ഇരുവശവുമുള്ള പ്രഭകുറഞ്ഞ രണ്ടു നക്ഷത്രങ്ങളും ഉള്‍പ്പെട്ടതാണ് തൃക്കേട്ട എന്ന ചാന്ദ്രഗണം. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം. തൃക്കേട്ടയ്ക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. ആഗസ്റ്റിൽ തെക്കേ ചക്രവാളത്തിനു മുകളിലായി വൃശ്ചികം രാശിയെ യാതൊരു പ്രയാസവും കൂടാതെ തിരിച്ചറിയാം. വൃശ്ചികത്തിന്റെ വാൽ ഭാഗത്തുനിന്നും വടക്ക് കിഴക്കുദിശയിലായി ആകാശഗംഗയെയും (Milky way) നിരീക്ഷിക്കാവുന്നതാണ്.

ധനു

ആഗസ്റ്റ് മാസത്തില്‍ സന്ധ്യയ്ക്ക തെക്ക് കിഴക്ക് ചക്രവാളത്തില്‍ നിന്നും 30ഡിഗ്രി മുകളിലായി ധനു രാശി (Sagitarious) കാണപ്പെടുന്നു. വില്ലിന്റെ (ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ ഈ രാശിടെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. ഇതിന്റെ പടിഞ്ഞാറേ പകുതി ചാന്ദ്രഗണമായ പൂരാടവും ബാക്കി ഉത്രാടവും ആണ്.

മകരം

ധനുരാശിക്കും കിഴക്കായി കിഴക്കേ ചക്രവാളത്തിന് അല്പം തെക്കുമാറി 20ഡിഗ്രി മുകളിലായാണ് മകരം രാശിയെ (Capricornus) ആഗസ്റ്റ് മാസത്തിൽ സന്ധ്യയ്ക്ക് കാണാൻ കഴിയുക. മകര മത്സ്യത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്ര രാശിയാണിത്. രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. ഈ രാശിയിൽ നല്ലപ്രകാശമുള്ള നക്ഷത്രങ്ങൾ ഇല്ല.

മറ്റുള്ള നക്ഷത്രസമൂഹങ്ങൾ

വടക്കേ ആകാശത്ത് സന്ധ്യയാകുമ്പോഴേക്കും സപ്തര്‍ഷികള്‍ അസ്തമിക്കാ‍റായിട്ടുണ്ടാകും. വടക്കൻ ആകാശത്തു കാണാവുന്ന പ്രഭയേറിയ രണ്ടു നക്ഷത്രങ്ങളാണ് വീഗ (Vega), ദെനബ് (Deneb) എന്നിവ. വടക്കുകിഴക്കായാണ് ഇവയെ കാണാൻ കഴിയുക. ലൈറ (Lyra) എന്ന നക്ഷത്രസമൂഹത്തിലെ അംഗമാണ് വീഗ. സിഗ്നസ് (Cygnus) എന്ന നക്ഷത്ര സമൂഹത്തിലെ അംഗമാണ് ദെനബ്.

സന്ധ്യയ്ക്ക് പടിഞ്ഞാറേ ആകാശത്ത് കന്നി, തുലാം എന്നീ രാശികളെ കൂടാതെ കാണാവുന്ന പ്രധാന നക്ഷത്രസമൂഹമാണ് അവ്വപുരുഷൻ (ബു-വൂട്ടിസ്/Bootes). ഈ നക്ഷത്രസമൂഹത്തിലെ തിളക്കമാർന്ന നക്ഷത്രമാണ് ചോതി (Arcturus). വടക്കുപടിഞ്ഞാറേ ചക്രവാളത്തിനും ശീർഷബിന്ദു (Zenith) വിനും മധ്യത്തിലായി ഈ നക്ഷത്രസമൂഹത്തെ പ്രയാസം കൂടാതെ നിരീക്ഷിക്കാം.

തെക്കന്‍ ചക്രവാളത്തിൽ അല്പം വലതുമാറി  15 ഡിഗ്രി മുകളിൽ കാണാവുന്ന തിളക്കമുള്ള നക്ഷത്രങ്ങളാണ് റിജില്‍ കെന്റ് (Rigil Kentarus/Alpha Centauri), ഹദാര്‍ (Hadar/Beta Centauri) എന്നിവ. സെന്റാറസ് (Centaurus) നക്ഷത്രസമൂഹത്തിലെ അംഗങ്ങളാണിവ. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നതായി കാണാൻ സാധിക്കും. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്തു സ്ഥിചെയ്യുന്ന ദൃശ്യ നക്ഷത്രമാണ് റിജില്‍ കെന്റ്, തൊട്ടടുത്ത് രണ്ടാം സ്ഥാനത്തുള്ള ഹദാറും.

കിഴക്കന്‍ ചക്രവാളത്തിൽ നിന്നും 45ഡിഗ്രി മുകളിലായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് ശ്രവണന്‍ (Altair). ശ്രവണനും അതിന്റെ ഇരുഭാഗത്തായി കാണുന്ന മറ്റു രണ്ടു നക്ഷത്രങ്ങളും കൂടി ചേർന്നതാണ് തിരുവോണം എന്ന ചാന്ദ്രനക്ഷത്രഗണം. മൂന്നു നക്ഷത്രങ്ങള്‍ ഒരു വരിയിലെന്ന പോലെ കാണാം – അതാണ് തിരുവോണം. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്. അക്വില (Aquila) എന്ന നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ് തിരുവോണം.

ഗ്രഹങ്ങൾ

വ്യാഴം

വ്യാഴംഅസ്തമനത്തിനു് ശേഷം ശീർഷബിന്ദുവിൽ നിന്നും തെക്കുമാറി ദൃശ്യമാകുന്ന തിളക്കമാര്‍ന്ന, നക്ഷത്രസമാനമായ വസ്തുവാണ് വ്യാഴം (Jupiter). ധനുരാശിയിലായാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. വൃശ്ചികം രാശിയിലെ തൃക്കേട്ടയ്ക്ക് സമീപത്തായി നിലകൊള്ളുന്ന വ്യാഴത്തെ എളുപ്പത്തിൽ തിരിച്ചറിയാം. 12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്തവർഷം ഇതേ സമയം വ്യാഴം മകരം രാശിയിലായിരിക്കും വ്യാഴം.

ശനി

സന്ധ്യയ്ക്ക് തെക്ക് കിഴക്കേ ആകാശത്ത് ചക്രവാളത്തിൽ നിന്നും ഏകദേശം 45ഡിഗ്രി മുകളിയാലി ധനു രാശിയിലായി ശനിയെ കാണാം. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. അടുത്ത വര്‍ഷം ഡിസംബറോടെ മകരം രാശിയിലേക്ക് ശനി പ്രവേശിക്കും. അപ്പോൾ ശനിയും വ്യാഴവും അടുത്തടുത്തായി ദൃശ്യമാകും.

ബുധൻ, ശുക്രൻ, ചൊവ്വ

ഈ മൂന്നു ഗ്രഹങ്ങളും സൂര്യ സമീപകമായതിനാൽ നിരീക്ഷണം സാധ്യമാകില്ല.

പെഴ്സീയഡ് കൊള്ളിമീന്‍ മഴ

ആഗസ്റ്റ് മാസത്തിൽ പെഴ്സീയസ് (Perseus) നക്ഷത്രസമൂഹത്തിന്റെ ഭാഗത്തായി ദൃശ്യമാകുന്ന ഉൽക്കാവർഷമാണ് പെഴ്സീയഡ് കൊള്ളിമീന്‍ മഴ (Perseid meteor shower). ആഗസ്ത് 12 അര്‍ദ്ധരാത്രിമുതല്‍ 13ന് പുലരും വരെയാണ് ഇത് ദൃശ്യമാകുക. കൊള്ളിമീനുകൾ അതിന്റെ പരമാവധിയിൽ വർഷിക്കപ്പെടുന്നത് പുലര്‍ച്ചെ 3നും 4നും ഇടയിലും. അന്നേദിവസം അർദ്ധരാത്രി വടക്കേ ചക്രവാളത്തില്‍ നിന്നും ഏകദേശം ഏകദേശം 300 വലതുമാറി 15º-25ºമുകളിലായി കാസിയോപ്പിയ (Cassiopeia) നക്ഷത്രസമൂഹത്തെ കാണാം (ആകാശത്ത് M എന്ന അക്ഷരം 900 ചരിച്ചുവച്ചതുപോലെയായിരിക്കും കാസിയോപ്പിയയുടെ ആകൃതി). വെളുപ്പിന് മൂന്ന് മണിക്ക് ഇത് കൃത്യം വടക്ക് ദിശയില്‍ എത്തും. കാസിയോപ്പിയക്ക് അല്പം വലതു താഴെ മാറിയാണ് പെഴ്സിയസ് സക്ഷത്രസമൂഹം. 12, 13 തീയതികളിൽ നിലാവുള്ളതിനാൽ കൊള്ളിമീൻ വർഷത്തിന്റെ കാഴ്ച മങ്ങിപ്പോകുമെന്നു മാത്രം. 12നു പുലർച്ചെ മൂന്നുമണിയോടെയും 13നു പുലർച്ചെ 4 മണിയോടെയും ചന്ദ്രൻ അസ്തമിക്കും. അതിനു ശേഷം നിരീക്ഷണം കൂടുതൽ എളുപ്പമാകും.

പെഴ്സിയഡ് കൊള്ളിമീന്‍ മഴയെ പറ്റി കൂടുതല്‍ അറിയാന്‍ ലൂക്കയിലെ ‘ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ’ എന്ന ലേഖനം വായിക്കുക.


കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല. സ്വതന്ത്ര സോഫ്റ്റുവെയറായ സ്റ്റെല്ലേറിയം ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
  • 2019 ആഗസ്റ്റ് 15 സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
67 %

Leave a Reply

Previous post ജനിതക വിപ്ലവം: ധാര്‍മിക സമസ്യകളും നിയമദത്ത വെല്ലുവിളികളും 
Next post ഗണിതയുക്തി : ഫുട്ബോള്‍ ടൂർണമെന്റും തീവണ്ടിപ്രശ്നവും
Close