Read Time:16 Minute

ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട്

 

നമ്മൾ സാധാരണ കാണുന്ന മിക്കശലഭങ്ങളും നമ്മുടെ നാട്ടിൽ മാത്രം കാണുന്നവയാണ്. എന്നാല്‍ പക്ഷികളെയൊക്കെപ്പോലെ ദേശാടനം നടത്തുന്ന ശലഭങ്ങളുമുണ്ട്… കൂടുതലറിയേണ്ടേ? 

തീക്കണ്ണന്‍ കടപ്പാട്: വിക്കിപീഡിയ

തദ്ദേശീയ ചിത്രശലഭങ്ങൾ 

ഒരു പ്രദേശത്ത് മാത്രം കാണുന്ന, ലോകത്ത് മറ്റെവിടെയും കാണാത്ത ജീവികളെയാണല്ലോ തദ്ദേശീയർ (endemic) എന്ന് വിളിക്കുന്നത്. കേരളത്തില്‍ നാളിതുവരെ കണ്ടെത്തിയ 326 ഇനം ചിത്രശലഭങ്ങളില്‍ 39 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന തദ്ദേശീയ (endemic)  ഇനങ്ങളാണ്. ഇവയില്‍ നാലിലൊന്ന് ശലഭങ്ങള്‍  പശ്ചിമഘട്ടത്തിലെ ഉയരമേറിയ ഭാഗങ്ങളിൽ  മാത്രം കാണുന്നവയാണ്. ഇത്തരത്തിലുള്ള തദ്ദേശീയ ശലഭങ്ങളാണ് പീതാംബരന്‍ (Nilgiri Clouded Yellow), തീക്കണ്ണന്‍ (Red-disc bushbrown), ചെങ്കണ്ണന്‍ തവിടന്‍ (Red-eye bush brown), പളനി തവിടന്‍ (Palani Bushbrown), നീലഗിരി നാല്ക്കണ്ണി (Nilgiri Four -ring), പളനി നാല്ക്കണ്ണി  (Palni four – ring),  പളനി പൊന്തച്ചുറ്റന്‍ (Palni Sailer), പളനി ഗിരിശൃംഗന്‍ (Palni Fritillary), നീലഗിരി ഗിരിശൃംഗന്‍ (Nilgiri Fritillary), നീലഗിരി കടുവ (Nilgiri Tiger), ചോലത്തുള്ളന്‍ (Yellow – Striped Hedge Hopper) നീലഗിരി ശരവേഗന്‍ (Sitala ace) ആനമല ശരവേഗന്‍ (Evershed’s Ace). എന്നാല്‍ ഇവയില്‍ സഹ്യപര്‍വതനിരയുടെ പാലക്കാട് വിടവിന് തെക്ക് മാത്രം കാണുന്നവയാണ് തീക്കണ്ണനും പളനി തവിടനും പളനി ഗിരിശൃംഗനും. പാലക്കാട് വിടവിന് വടക്ക് ഭാഗത്ത് കാണുന്നവയാണ് ചെങ്കണ്ണന്‍ തവിടനും നീലഗിരി ശരവേഗനും. ചെറിയൊരു ഭൂപ്രദേശത്ത് മാത്രം ഒതുങ്ങിക്കൂടുന്ന ആയിരക്കണക്കിന് വര്‍ഷങ്ങളിലെ ഒറ്റപ്പെടലിലൂടെ പരിണാമപ്രക്രിയ സംഭവിക്കുന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ഇത്തരം പൂമ്പാറ്റകള്‍.

ബുദ്ധമയൂരി കടപ്പാട്: വിക്കിപീഡിയ

കേരളത്തിന്റെ സംസ്ഥാന ശലഭമായി പ്രഖ്യാപിക്കപ്പെട്ട ബുദ്ധമയൂരി (Buddha Peacock) ഒരുകാലത്ത് മഹാരാഷ്ട്ര മുതല്‍ കന്യാകുമാരി വരെയുള്ള പശ്ചിമഘട്ടത്തോട് ചേര്‍ന്ന താഴ്‌വരകളിലും ഇടനാടന്‍ ചെങ്കല്‍ കുന്നുകളിലും  കാണുന്നവയായിരുന്നു. ഇവയുടെ ലാര്‍വാ ഭക്ഷണസസ്യമായ മുള്ളിലം (Zanthoxylum rhetsa) പല സ്ഥലങ്ങളില്‍ നിന്നും അപ്രത്യക്ഷമായതിനാല്‍ ഇവ ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണ്. ബുദ്ധമയൂരി പോലെ നാശം നേരിടുന്ന മറ്റൊരു തദ്ദേശീയ ശലഭമാണ് പുള്ളിവാലന്‍ (Malabar banded Swallow). നമ്മുടെ നിത്യഹരിതവനങ്ങളില്‍ അല്‍പം (കോടാശാരി) എന്ന പേരിലറിയപ്പെടുന്ന ഔഷധച്ചെടികള്‍ വളരുന്നിടത്ത് മാത്രം കാണുന്ന മലബാര്‍ റോസ് ശലഭങ്ങൾ മിക്കവാറും ആളുകൾക്ക് സുപരിചിതമാണ്. നമ്മുടെ നിത്യഹരിത വനങ്ങളിലെ മറ്റൊരു  തദ്ദേശീയ ശലഭമാണ് വനദേവത (Malabar tree Nymph). വലുപ്പംകൊണ്ടും തെന്നിയൊഴുകുന്ന പറക്കലുകള്‍ കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന പൂമ്പാറ്റയാണിത്. ഈറ്റക്കാടുകളില്‍ കാണുന്ന മറ്റൊരു തദ്ദേശീയ ഇനമാണ് ഈറ്റ ശലഭങ്ങള്‍ (Travancore Evening brown).

നമുക്കേറെ സുപരിചിതമായ മറ്റു തദ്ദേശീയ ശലഭങ്ങളാണ് മലബാര്‍ റാവനും (Malabar Raven), നാട്ടുകുടുക്കയും (Narrow banded Blue bottle), ലൈസ് ശലഭവും ( Sahyadri Lacewing), ഓക്കില ശലഭവും (Blue Oakleaf), ശിവസൂര്യ ശലഭവും (Shiva Sunbearn).

നമ്മുടെ തദ്ദേശീയ ഇനങ്ങളില്‍ മിക്കവയും വംശനാശ ഭീഷണി നേരിടുന്നവയാണ്. ഒരുകാലത്ത് വിദേശരാജ്യങ്ങളിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുപോയ ശലഭങ്ങളില്‍ ബുദ്ധമയൂരിയും വനദേവതയും ലൈസ് ശലഭങ്ങളുമുണ്ടായിരുന്നു. ഉയര്‍ന്ന മലനിരകളിലെ ചോലക്കാടുകള്‍ക്കുണ്ടാവുന്ന നാശം പല തദ്ദേശീയ ഇനങ്ങള്‍ക്കും വലിയ ഭീഷണിയാണ്. മലിനീകരണം, അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങളാലും പൂമ്പാറ്റകളുടെ വാസസ്ഥലങ്ങള്‍ക്ക് വലിയ തോതിൽ പ്രശ്നം നേരിടുന്നു.

കേരളത്തില്‍ കണ്ടെത്തിയ 326 ചിത്രശലഭങ്ങളിൽ 49  ഇനങ്ങളെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം വിവിധങ്ങളായ പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചിട്ടുണ്ട്. ഇവയില്‍ വെറും 9 തദ്ദേശീയ ഇനങ്ങള്‍ മാത്രമാണ് സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പല അത്യപൂര്‍വ എന്‍ഡെമിക് ശലഭങ്ങളും സംരക്ഷിത വിഭാഗത്തിന്റെ പുറത്താണുള്ളത്.

പൂമ്പാറ്റ നിരീക്ഷകരുടെ എണ്ണം അടുത്ത കാലത്തായി കൂടിയിട്ടുണ്ടെങ്കിലും  എന്‍ഡെമിക് ചിത്രശലഭങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് ഇപ്പോഴും വളരെ പരിമിതമാണ്.

മൊണാര്‍ക്ക് ശലഭം കടപ്പാട്: environmentamerica.org

ചിത്രശലഭ ദേശാടനം കേരളത്തില്‍

പക്ഷികളിലെന്നപോലെ പൂമ്പാറ്റകളിലും ദേശാടനം നടത്തുന്ന കൂട്ടരുണ്ട്. എന്നാല്‍ പൂമ്പാറ്റകളിലെ ദേശാടനം കൂട്ടത്തോടെയാണെന്നത് മാത്രമാണ് ശാസ്ത്രകാരന്മാരുടെ ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. പക്ഷികളിൽ നിന്ന് വ്യത്യസ്തമായി മിക്ക പൂമ്പാറ്റകളുടെയും ദേശാടനം ഒരു ദിശയിലേക്കു മാത്രമാണ് മിക്കവാറും കണ്ടുവരുന്നത്. ഭക്ഷണ ദൗര്‍ലഭ്യം പ്രത്യേകിച്ചും ലാര്‍വാഭക്ഷണസസ്യത്തിന്റെ കുറവ്, വാസസ്ഥലങ്ങള്‍ക്കുണ്ടാകുന്ന നാശം, കാലാവസ്ഥാ വ്യതിയാനം – പ്രതികൂല കാലാവസ്ഥ, പൂമ്പാറ്റകളിലെ എണ്ണത്തിലുണ്ടാവുന്ന പെട്ടെന്നുള്ള വര്‍ധന തുടങ്ങിയവയാണ് ദേശാടനത്തിനുള്ള കാരണമായി പൊതുവെ കരുതുന്നത്.

അമേരിക്കയിലെ മൊണാര്‍ക്ക് ശലഭങ്ങളാണ് (Monarch Butterfly)  ലോകത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ദേശാടകര്‍. ഒക്ടോബര്‍ മാസത്തോടെ ശൈത്യത്തിന്റെ കാഠിന്യം കൂടുമ്പോള്‍ വടക്കെ അമേരിക്കയില്‍ നിന്നും തെക്കെ അമേരിക്കയിലേക്ക് മൊണാര്‍ക്ക് ശലഭങ്ങള്‍ കൂട്ടത്തോടെ ദേശാടനം നടത്തുന്നു. ചൂടുതേടിയുള്ള യാത്രയില്‍ 3500 കിലോമീറ്ററിലേറെ ദൂരം  ഈ ചെറുപ്രാണികള്‍ പറക്കുന്നു. ഫെബ്രുവരി മാസത്തോടെ വടക്കെ അമേരിക്കയിലേക്ക് ഇവ തിരിച്ചു പറക്കുന്നു. മൊണാര്‍ക്കിനെപ്പോലെ കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടുള്ള മറ്റൊരു ശലഭദേശാടകരാണ് ചിത്രിത (Painted Lady). മെയ് – ജൂണ്‍ മാസത്തോടെ വടക്കെ ആഫ്രിക്കയില്‍ നിന്നും കൂട്ടത്തോടെ യൂറോപ്പിലേക്ക് പറന്നശേഷം ഒക്ടോബര്‍ മാസത്തോടെ തിരിച്ചും പറക്കുന്നു. ഈയിടെ റഡാര്‍ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഇവയുടെ ദേശാടനപാതയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് ലഭിച്ചിട്ടുള്ളത്. ഇവയുടെ തിരിച്ചുള്ള ദേശാടനം ആയിരത്തിലേറെ മീറ്റര്‍ ഉയരത്തിലൂടെയാണെന്നാണ് പഠനം വെളിവാക്കുന്നത്.

ഇന്ത്യൻ ശലഭങ്ങളിൽ 64 സ്പീഷിസുകൾക്ക് ദേശാടനസ്വഭാവമുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ 46 ഇനങ്ങളില്‍ ഈ പ്രതിഭാസം കണ്ടിട്ടുണ്ട്.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുവരുന്ന നിരീക്ഷണ പഠനങ്ങളില്‍ നിന്നും  വ്യക്തമാകുന്നത് പ്രധാനമായും മൂന്ന് തരത്തിലുള്ള ദേശാടനമാണ് കേരളത്തില്‍ കാണാവുന്നത് എന്നാണ്. കിളിവാലന്‍ ശലഭങ്ങളുടെ കുടുംബമായ പാപ്പിലിയോനിഡേ (Papilionidae);  വെള്ളിശലഭങ്ങളുടെ പീരിഡേ (Pieridae);  നിംഫാലിഡെ (Nymphalidae)  കുടുംബത്തിലെ ഡനൈനേ ഉപവിഭാഗം എന്നിവയുടെ ദേശാടനമാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കിളിവാലന്‍ ശലഭങ്ങളുടെ ദേശാടനം

നാരകശലഭം കടപ്പാട്: വിക്കിപീഡിയ

പ്രധാനപ്പെട്ട ദേശാടകരല്ലെങ്കിലും ചില സീസണുകളില്‍ കിളിവാലന്‍ ശലഭങ്ങളുടെ ദേശാടനപ്പറക്കല്‍ കേരളത്തിലങ്ങോളമിങ്ങോളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാരകശലഭത്തിന്റെ (Lime Butterfly) ദേശാടനം 2005 സെപ്റ്റംബറില്‍ ഉത്തരകേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കാണാനായിട്ടുണ്ട്. തെക്കുനിന്ന് വടക്കോട്ടേക്കായിരുന്നു ഇവയുടെ കൂട്ടപ്പറക്കല്‍.

ചക്കരശലഭത്തിന്റെ (Crimson Rose)  ദേശാടനം പലയിടങ്ങളിലും നവംബര്‍ – ‍ഡിസംബര്‍ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2008 നവംബറില്‍  കാസർഗോഡ് ജില്ലയിലെ തൈക്കടപ്പുറം ബീച്ചില്‍ ചക്കരശലഭത്തിന്റെ വലിയ കൂട്ടങ്ങള്‍ നിരനിരയായി വടക്കുനിന്ന് തെക്കോട്ടേക്ക് പറക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

പീത-ശ്വേത ശലഭങ്ങളുടെ ദേശാടനം

തകരമുത്തിശലഭം കടപ്പാട്: വിക്കിപീഡിയ

പീരിഡേ കുടുംബത്തിലെ ഒട്ടുമിക്ക ശലഭങ്ങളും അറിയപ്പെടുന്ന അതിദൂര ദേശാടകരാണ്. ഹിമാലയത്തിലെ ഗിരിശൃംഗങ്ങളില്‍ തണുപ്പ് കൂടുന്ന സമയത്ത് പല ശലഭങ്ങളും കൂട്ടമായി താഴ്‌വാരങ്ങളിലേക്കു പറന്നിറങ്ങാറുണ്ട്. കാബേജ് ശലഭങ്ങളുടെ ദേശാടനമാണ് എല്ലാ വര്‍ഷവും ഇത്തരം സ്ഥലങ്ങളില്‍ നടക്കാറുള്ളത്. നമ്മുടെ നാട്ടില്‍ മഴ തുടങ്ങുന്നതിനു മുമ്പ് ഏപ്രില്‍ – മെയ് മാസങ്ങളില്‍ തകരമുത്തിശലഭങ്ങള്‍ (Emigrants) കൂട്ടത്തോടെ പറക്കുന്നതായും കണ്ടിട്ടുണ്ട്.

പീരിഡേ കുടുംബത്തിലെ മറ്റൊരു പ്രധാനദേശാടകരാണ് ആല്‍ബട്രോസ് ശലഭങ്ങള്‍ (Common Albatross). ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്  ഇവയുടെ കൂട്ടപ്പറക്കല്‍ കണ്ടിട്ടുള്ളത്. ഒട്ടുമിക്ക മലമ്പ്രദേശങ്ങളില്‍ നിന്നും താഴ്‌വാരങ്ങളിലേക്ക് ഇത്തരത്തിലുള്ള ആല്‍ബട്രോസ് ശലഭങ്ങളുടെ പറക്കല്‍ കാണാറുണ്ട്. 

ഡനൈനേ ശലഭങ്ങളുടെ ദേശാടനം

തെക്കെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശലഭദേശാടകരാണ് നിംഫാലിഡേ കുടുംബത്തിലെ ഉപവിഭാഗമായ ഡനൈനേ ശലഭങ്ങളായ കരിനീലക്കടുവ (Dark Blue Tiger), നീലക്കടുവ (Blue Tiger), അരളി ശലഭം (Common Crow), പാല്‍വള്ളി ശലഭം  (Double – branded Crow) എരിക്ക് തപ്പി (Plain Tiger), വരയന്‍ കടുവ (Striped Tiger) എന്നിവ. ഇവയുടെ ദേശാടനം മഴ തുടങ്ങുന്നതിനു മുമ്പ് ഏപ്രില്‍ – മെയ് മാസങ്ങളില്‍ പശ്ചിമഘട്ട മലനിരകളില്‍ നിന്നും താഴോട്ടേക്കും മഴ കഴിഞ്ഞ ഉടന്‍ ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ സമതലങ്ങളില്‍ നിന്നും മലമുകളിലേക്കുമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നവംബര്‍ മാസത്തോടെ ഇത്തരത്തില്‍ കൂട്ടമായെത്തുന്ന ശലഭങ്ങളുടെ വലിയ ചേക്കില്ലങ്ങള്‍ (Roost)  മരത്തിലും കുറ്റിക്കാടുകളിലുമായി തൂങ്ങിക്കിടക്കുന്നതായി കാണാം. ഇത്തരത്തിലുള്ള ശലഭചേക്കില്ലങ്ങള്‍ ആറളം, കൊട്ടിയൂര്‍, നിലമ്പൂര്‍ കാടുകള്‍, തുഷാരഗിരി, ചിമ്മിനി, അതിരപ്പിള്ളി, ചിന്നാര്‍, തട്ടേക്കാട്, തേക്കടി, ശെന്തരുണി  വന്യജീവി സങ്കേതം, പറമ്പിക്കുളം കടുവാ സങ്കേതം എന്നിവിടങ്ങളില്‍ നിരീക്ഷിച്ചിട്ടുണ്ട്.

നീലിശലഭങ്ങളുടെ (Lycaenidae)  കുടുംബത്തില്‍ നിന്നും നാളിതുവരെ പട്ടാണിനീലി (Pea Blue) യുടെയും കരിമ്പൊട്ടു വാലാട്ടി (Dark Cerulean) യുടെയും ദേശാടനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2012 ഏപ്രിലില്‍ മൂന്നാറിലെ വാഗുവരൈയില്‍ നിന്നും പൂവാറിലേക്കുള്ള യാത്രയില്‍ മലമുകളില്‍  വടക്കുകിഴക്ക് നിന്നും തെക്കു പടിഞ്ഞാറായി കരിമ്പൊട്ട് വാലാട്ടി  ശലഭങ്ങളുടെ വലിയ കൂട്ടങ്ങള്‍ പറക്കുന്നത് കണ്ടിട്ടുണ്ട്. അഞ്ചു മിനിറ്റില്‍ നാല്പതിലേറെ ശലഭങ്ങളെയാണ് നിരീക്ഷിച്ചിട്ടുള്ളത്. 

ഇന്ത്യയിലെ ചിത്രശലഭദേശാടന പഠനം ഇപ്പോഴും ശൈശവാവസ്ഥയിലാണ്. കേരളത്തിലെ പഠനങ്ങളില്‍ നിന്നും തെളിയുന്നത് ഒരു പ്രദേശത്ത് ശലഭങ്ങളുടെ എണ്ണം അമിതമായി  പെരുകുമ്പോള്‍ മറ്റൊരിടം തേടി കൂട്ടമായി പറക്കുന്നതാണെന്നും അതിശക്തമായ കാലവര്‍ഷത്തില്‍ മലമുകളിലെ കാടുകളില്‍ നിന്നു രക്ഷപ്പെടാന്‍ താഴോട്ടിറങ്ങുന്നതാണെന്നും അതല്ലെങ്കില്‍ അതികഠിനമായ ശൈത്യത്തിന്റെ പ്രാചീന ഓര്‍മകളുണര്‍ത്തുന്ന ഉള്‍വിളി (instinct) ഇപ്പോഴും ഇവയെ ദേശാടകരാക്കിയതാവാം എന്നുമാണ്.

ശലഭദേശാടനത്തെക്കുറിച്ചുള്ള പഠനം എളുപ്പമല്ല. അതിന് കൂടുതല്‍ പേരുടെ സമയവും പ്രയത്നവും കൂട്ടായ്മയും ആവശ്യമാണ്. 2002 മുതല്‍ MNHS  ആറളം വന്യജീവി സങ്കേതത്തില്‍ തുടങ്ങിവെച്ച  ശലഭപഠനക്യാമ്പില്‍ കഴിഞ്ഞ 19 വർഷത്തിനിടയിൽ  600 ലധികം പ്രകൃതിനിരീക്ഷകര്‍ പങ്കെടുത്തിട്ടുണ്ട്.  ഈ കൂട്ടായ്മയില്‍ നിന്നുമുള്ള അറിവ് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഒരു ശൃംഖല (network)  ആയി രൂപപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ ശലഭദേശാടനമെന്ന ഈ അപൂര്‍വ ജൈവപ്രതിഭാസത്തിന്റെ ഊരാക്കുടുക്കുകള്‍ അഴിക്കേണ്ട കടമ  ശാസ്ത്രലോകത്തിനുണ്ട്.


കടപ്പാട് : ശാസ്ത്രകേരളം 2021 നവംബർലക്കം


 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലാവസ്ഥാ മാറ്റവും മുതലാളിത്തവും തമ്മിലെന്ത്? അഥവാ ഇക്കോ സോഷ്യലിസം എന്ന പ്രത്യാശ 
Next post പരിണാമചരിത്രത്തിലെ അത്ഭുതപ്രവചനം 
Close