Read Time:2 Minute

വിജയകുമാർ ബ്ലാത്തൂർ

ചക്കര ശലഭം  (Crimson rose –  Pachliopta hector)

കടും ചുവപ്പ് ശരീരവും പിൻ ചിറകുകളിലെ ചുവന്ന പൊട്ടുകളും കൊണ്ട് കാഴ്ചയിൽ ആരിലും ഇഷ്ടം തോന്നിക്കുന്ന പൂമ്പാറ്റയാണിത്. തിളങ്ങുന്ന കറുപ്പ് നിറമുള്ള മുൻ ചിറകുകളിൽ വീതിയേറിയ രണ്ട് വെള്ള പൊട്ടുകൾ കാണാം. പിൻ ചിറകുകളിൽ രണ്ട് വരിയായി പതിമൂന്ന് തിളങ്ങുന്ന ചുവന്ന പൊട്ടുകൾ ഉണ്ട്. പിൻ നിരയിലുള്ള പൊട്ടുകൾക്ക് ചന്ദ്രക്കലയുടെ രൂപമാണ് തോന്നുക. കുന്നിൻ പുറങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും തേനുണ്ണാൻ ഇവ പാറി നടക്കും. കൃഷ്ണ കിരീടം, കൊങ്ങിണിപ്പൂ, തുമ്പ തുടങ്ങിയ പൂക്കളിൽ ഇവർ സ്ഥിരം സന്ദർശകരാണ്.

വിഷച്ചെടിയായ ഈശ്വര മുല്ലയിലും അൽപ്പത്തിലുമാണ് ഇവ മുട്ടയിടുക. ഇവ തിന്നു വളർന്ന ലാർവകളേയും അതിൽ നിന്നുണ്ടായ ശലഭത്തേയും ഇരപിടിയന്മാർ തിന്നാൻ ശ്രമിക്കില്ല. കൂടാതെ ഇവ രൂക്ഷ ഗന്ധമുള്ള സ്രവം പുറപ്പെടുവിക്കുകയും ചെയ്യും.  ഇവയെ ഇരപിടിയന്മാർ ഒഴിവാക്കുന്നതിനാൽ ഇതേ രൂപം നാരക കാളി പെൺ ശലഭം പരിണാമ പരമായി അനുകരിച്ച് രക്ഷപ്പെടും. വിഷമില്ലാത്ത പെൺ നാരക ശലഭത്തേയും ചക്കര ശലഭം ആണെന്ന് തെറ്റിദ്ധരിച്ച് പക്ഷികളും മറ്റും ഒഴിവാക്കും. വളരെ സാധാരണമായി നമ്മുടെ നാട്ടിൽ കാണാറുള്ളതാണെങ്കിലും 1972 ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ആണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുകയോ ശല്യപ്പെടുത്തുകയോ ചെയ്താൽ കടുത്ത കുറ്റമായാണ് കണക്കാക്കുക.  ലാർവയും മുട്ടയും കോമൺ റോസ് ശലഭത്തിനോട് വളരെ സാമ്യം ഉള്ളതാണ്. ചുവപ്പ് കലർന്ന മഞ്ഞ നിറമുള്ള മുട്ട ഒറ്റയ്ക്കാ ണ് ഇളകളുടെ അടിയിലോ ചെടിത്തണ്ടിലോ ഇട്ടു വെക്കുക. നിലത്തോട് ചേർന്ന ഇളം സസ്യങ്ങളാണ് ഇതിന് തിരഞ്ഞെടുക്കുക. ഇരുണ്ട മെറൂൺ  നിറമുള്ള ലാർവകളിൽ ശരീരത്തിൽ വെൽ വെറ്റ് പോലെ  ചുവന്ന മുനകൾ എഴുന്ന് നിൽക്കുന്നുണ്ടാകും  എന്നാൽ വെളുത്ത അടയാളം മദ്ധ്യഭാഗത്ത് ഉണ്ടാവില്ല.

 

Happy
Happy
35 %
Sad
Sad
0 %
Excited
Excited
59 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
6 %

Leave a Reply

Previous post മഞ്ഞപ്പാപ്പാത്തി
Next post ക്ലിപ്പർ
Close