Read Time:55 Minute

LUCA SPECIAL PAGE

ഈ വർഷത്തെ പരിസര ദിനത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ലേഖനങ്ങൾ, സ്ലൈഡുകൾ, വീഡിയോകൾ, ക്വിസ് എന്നി ഉൾപ്പെടുത്തിയ ലൂക്ക – ടൂൾക്കിറ്റ് തയ്യാറാകുന്നു. കുട്ടികൾക്കായി കൃതി @ പ്രകൃതി എന്ന പേരിൽ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പരിസര ദിനത്തിന്റെ ആമുഖലേഖനം വായിക്കൂ..

ലോക പരിസര  ദിനമെന്നാൽ ‘മരം നടീൽ’ എന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്! ഓരോ വർഷവും ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്കുള്ള  ഓർമ്മപ്പെടുത്തലായി വിവിധ വിഷയങ്ങളെ അധികരിച്ചാണ് പരിസര ദിനം ആഘോഷിക്കുന്നത്. ലോകരാഷ്ട്രങ്ങൾ 1973 മുതൽ ശുഷ്കാന്തിയോടെ ആചരിച്ചുവരുന്ന പരിസ്ഥിതി ദിനത്തിന് മിക്കവാറും ഒരു പ്രമേയവും (theme)ബന്ധപ്പെട്ട ഒരു മുദ്രാവാക്യവും (slogan)കാണും. ഈ വർഷത്തെ (2024 ജൂൺ 5) പരിസര ദിനത്തിന്റെ പ്രമേയം ‘ഭൂപുനഃസ്ഥാപനവും,  മരുവൽക്കരണം, വരൾച്ച എന്നിവയ്ക്കെതിരെയുള്ള  പ്രതിരോധവും’ (land restoration, desertification and drought resilience)എന്നതാണ്. ‘നമ്മുടെ ഭൂമി. നമ്മുടെ ഭാവി. നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ’ (Our land. Our future. We are #GenerationRestoration) എന്ന താണ് മുദ്രാവാക്യം (slogan).

ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ  2021-2030 ദശകത്തിന്റെ (UN Decade on Ecosystem Restoration)ഓർമ്മപ്പെടുത്തലും ശക്തിപ്പെടുത്തലും കൂടിയാണ് ഈ വർഷത്തെ പരിസരദിനത്തിന്റെ പ്രമേയവും മുദ്രാവാക്യവും. ഞങ്ങൾ ‘പുനഃസ്ഥാപനത്തിന്റെ തലമുറ’(#GenerationRestoration) എന്ന പ്രചാരണം 2021 ൽ തന്നെ ആരംഭിച്ചിരുന്നു. 2021 ജൂൺ 5 ന്റെ പരിസരദിനം ‘ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം’ (ecosystem restoration) എന്ന വിഷയത്തോടെയാണ് ആചരിച്ചത് എന്നത് ഓർക്കുക. ആവാസവ്യവസ്ഥ പുനസ്ഥാപനദശകത്തിന്റെ ഔദ്യോഗിക സമാരംഭം 2021 ജൂൺ 5 ന് ആയിരുന്നു.  ലോകമെമ്പാടുമുള്ള ഏകദേശം 100 കോടി ഹെക്ടർ ഭൂമി പുനസ്ഥാപനത്തിനായി നീക്കിവെച്ചിരിക്കുന്നു.

ഭീഷണി നേരിടുന്ന ഭൂമിയും ആവാസവ്യവസ്ഥകളും  

ഒരു ആവാസവ്യവസ്ഥ എന്നത് പ്രവർത്തനപരമായ ഒരു അടിസ്ഥാന പാരിസ്ഥിതിക യൂണിറ്റാണ്. അതിൽ ജീവജാലങ്ങളും (ജൈവ ഘടകങ്ങൾ) ജീവനില്ലാത്ത വസ്തുക്കളും (അജൈവ ഘടകങ്ങൾ) അടങ്ങിയിരിക്കുന്നു. സസ്യങ്ങൾ, മൃഗങ്ങൾ, മറ്റ് ജീവികൾ എന്നിവയുടെ ഒരു സമൂഹം അവയുടെ ചുറ്റുമുള്ള പരിസ്ഥിതിയുടെ ഭൂപ്രകൃതിയും ജീവനില്ലാത്ത ഘടകങ്ങളുമായി സംയോജിച്ച് ഒരു സംവിധാനമായി ഇടപഴകുന്ന സ്ഥലമാണ് ആവാസവ്യവസ്ഥ. ഭക്ഷണം, വളർത്തുമൃഗങ്ങൾക്ക്  തീറ്റ, ജലം, നിർമ്മാണ സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ നൽകുന്നതിനാൽ ആവാസവ്യവസ്ഥകൾ മനുഷ്യർക്ക് നിർണായകമാണ്. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ നിയന്ത്രണം തുടങ്ങിയ ആഗോള പ്രാധാന്യമുള്ള നേട്ടങ്ങളും അവ നൽകുന്നു.

വനങ്ങൾ, കൃഷിയിടങ്ങൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ ആവാസ വ്യവസ്ഥകൾ മനുഷ്യരാശിക്ക് അതിജീവിക്കാൻ ആവശ്യമായ ഭക്ഷണവും വെള്ളവും അസംസ്കൃത വസ്തുക്കളും നൽകുന്നു. പക്ഷേ, ഭൂമിയുടെ ഭൂവിസ്തൃതിയുടെ അഞ്ചിലൊന്നിൽ കൂടുതൽ, ഏകദേശം 200 കോടി ഹെക്ടർ (ഭൂമിയുടെ മൊത്തം ഭൂവിസ്തൃതി 1300 കോടി ഹെക്ടർ എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു) ജീർണ്ണാവസ്ഥയിലാണ്. ഏകദേശം 320 കോടി ആളുകളെ (ലോക ജനസംഖ്യയുടെ 40%), ഭൂമിയുടെ തകർച്ച ബാധിക്കുന്നുണ്ട്. കൂടാതെ 5.5 കോടി ആളുകൾ പ്രതിവർഷം നേരിട്ട് വരൾച്ചയുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. ഇത് ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളിലും കന്നുകാലികൾക്കും വിളകൾക്കും ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നു.

സുപ്രധാന ആവാസവ്യവസ്ഥകളും എണ്ണമറ്റ ജീവജാലങ്ങളും ഭീഷണിയിലാണ്. പ്രകൃതിദത്ത ഇടങ്ങളായ വനങ്ങളും, പുൽമേടുകളും,  തടാകങ്ങളും, വരണ്ട ഭൂമിയും മുതൽ കൃഷിയിടങ്ങൾ വരെ ഗുരുതര പ്രശ്നങ്ങൾ നേരിടുന്നു. അതുകൊണ്ടാണ് ഈ വർഷത്തെ പരിസ്ഥിതിദിനം ഭൂമി പുനഃസ്ഥാപിക്കൽ, മരുവൽക്കരണം തടയൽ, വരൾച്ചാ പ്രതിരോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭൂമിയുടെ  വിജയകരമായ പുനഃസ്ഥാപനത്തിന് എല്ലാ തലമുറകളിലും അറിവും പ്രേരണയും അഭിലാഷവും സൃഷ്ടിക്കുന്ന ഒരു സമീപനം ആവശ്യമാണ്. പാരിസ്ഥിതിക തകർച്ചയുടെ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു തലമുറയുടെ ഭാഗമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന നാമെല്ലാവരും. ഇത്തരം പ്രവണതകൾക്കെതിരെ നടപടികൾ സ്വീകരിച്ചുകൊണ്ട് കാലാവസ്ഥയിലും ജൈവവൈവിധ്യത്തിലും ആഗോള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പാതയിലാണ് ലോകം. നമുക്ക് ഭൂമിയുമായി സമാധാനം സ്ഥാപിക്കുന്ന ഒരു തലമുറയായി മാറാം, പുനഃസ്ഥാപനത്തിന്റെ തലമുറ!

അന്താരാഷ്ട്ര സംരംഭങ്ങൾ 

ഭൂമിക്കുവേണ്ടിയുള്ള ആഗോള ശബ്‌ദമെന്ന നിലയിൽ, മരുവൽക്കരണവും വരൾച്ചയുടെ പ്രത്യാഘാതങ്ങളും പരിഹരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള  ഉടമ്പടിയാണ് UNCCD ( UN Convention to Combat Desertification). കാലാവസ്ഥാ വ്യതിയാനം (United Nations Framework Convention on Climate Change, UNFCC), ജൈവവൈവിധ്യം (UN Convention on Biological Diversity, UNCBD) എന്നിവയ്‌ക്കൊപ്പം റിയോ കൺവെൻഷൻ ഉടമ്പടികളിൽ (റിയോ ഡി ജനീറോയിൽ നടന്ന ഭൌമ  ഉച്ചകോടിയുടെ ഭാഗം) മൂന്നാമത്തേതാണ് UNCCD. കാലാവസ്ഥാ പ്രതിസന്ധി, ജൈവവൈവിധ്യനാശം, ഭൂമിയുടെ നാശം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. അങ്ങിനെയാണ് ഈ മൂന്നു പരിസ്ഥിതി ഉടമ്പടികളും ഉണ്ടായത്.

UNCCD യിൽ 196 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ 197 പാർട്ടികളുണ്ട്. UNCCD യുടെ ആഭിമുഖ്യത്തിൽ എല്ലാ ജൂൺ 17 നും “മരുവൽക്കരണ-വരൾച്ചാ പ്രതിരോധ ദിനം” (Desertification and Drought Day) ആചരിക്കുന്നുണ്ട്. ഈ വർഷത്തെ മരുവൽക്കരണ-വരൾച്ചാ പ്രതിരോധ ദിനത്തിന്  തിരഞ്ഞെടുത്ത തീം “ഭൂമിക്ക് വേണ്ടിയുള്ള ഐക്യം: നമ്മുടെ പൈതൃകം. നമ്മുടെ ഭാവി ( United for Land: Our Legacy. Our Future) എന്നാണ്. ഇത് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയവും മുദ്രവാക്യവുമായി യോജിച്ചു പോകുന്നുണ്ട്.

2024 ൽ മൂന്നു റിയോ കൺവെൻഷനുകളുടെയും പാർട്ടികളുടെ കോൺഫറൻസുകൾ (COPs) ഒന്നിനുപുറകെ ഒന്നായി വരുന്നു എന്നതൊരു പ്രത്യേകതയാണ്. UNCBD അഥവാ ജൈവ വൈവിധ്യ ഉടമ്പടിയുടെ   COP 16, 2024 ഒക്ടോബർ 21 മുതൽ നവംബർ 1 വരെ കൊളംബിയയിലെ കാലിയിൽ (ദ്വൈവാർഷികം) നടക്കും. അടുത്തതായി UNFCC അഥവാ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷന്റെ COP 29, 2024 നവംബർ 11-22 ന് (വാർഷിക പരിപാടി) അസർബൈജാനിലെ ബാക്കുവിൽ ആണ് നടക്കുക. UNCCD അഥവാ മരുവത്കരണത്തെ ചെറുക്കുന്നതിനുള്ള കൺവെൻഷന്റെ COP 16, സൌദി അറേബ്യയിലെ റിയാദിൽ 2024 ഡിസംബർ 2 മുതൽ 13 വരെ ആയിരിക്കും (ദ്വൈവാർഷികം).

പുനഃസ്ഥാപനം എങ്ങിനെ? 

അധപതിച്ചതോ നശിച്ചതോ ആയ ആവാസവ്യവസ്ഥകളെ  പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയയെ ‘ആവാസവ്യവസ്ഥ പുനഃസ്ഥാപനം’  (ecosystem restoration)  എന്ന് വിളിക്കുന്നു. കൂടുതൽ കഠിനവും നീണ്ടുനിൽക്കുന്നതുമായ വരൾച്ച, മണൽക്കാറ്റ്, ഉയരുന്ന താപനില എന്നീ സാഹചര്യങ്ങളിൽ, വരണ്ട ഭൂമി മരുഭൂമിയാകാതിരിക്കാനും ശുദ്ധജല സ്രോതസ്സുകൾ ബാഷ്പീകരിക്കപ്പെടാതിരിക്കാനും ഫലഭൂയിഷ്ഠമായ മണ്ണ് ഊഷരമായി മാറാതിരിക്കാനും വഴികൾ കണ്ടെത്തേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ആവാസവ്യവസ്ഥകൾ ഫലഭൂയിഷ്ഠമായ മണ്ണ്, ഉയർന്ന കാർഷികോൽപ്പാദനം, തടിയുടെയും മത്സ്യത്തിന്റെയും നല്ലവിളവ്, ഹരിതഗൃഹ വാതകങ്ങളുടെ വലിയ തോതിലുള്ള സംഭരണം എന്നീ മികച്ച നേട്ടങ്ങളും സമ്പന്നമായ ജൈവവൈവിധ്യവും നൽകുന്നു.

ജീർണിച്ച ആവാസവ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നത് വഴി, ചെലവഴിക്കുന്ന ഓരോ ഡോളറിനും 30  ഡോളർ വരെ ഇക്കോസിസ്റ്റം സേവനങ്ങൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ആഗോളതലത്തിൽ നശിച്ചുപോയ 100 കോടി ഹെക്ടർ ഭൂമി പുനഃസ്ഥാപിക്കുന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, പ്രകൃതിനഷ്ടം കുറക്കുന്നതിനും, കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനും സഹായിക്കും. ഇതോടൊപ്പം ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള 2022 ലെ സുപ്രധാന ഉടമ്പടിയായ കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്ക് (ബയോഡൈവേഴ്‌സിറ്റി പ്ലാൻ), 2030-ഓടെ കുറഞ്ഞത് 30 ശതമാനം കര, ഉൾനാടൻ ജലാശയങ്ങൾ, സമുദ്ര, തീരദേശ ആവാസവ്യവസ്ഥകൾ എന്നിവ ഫലപ്രദമായി പുനഃസ്ഥാപിക്കപ്പെടുമെന്ന് ഉറപ്പാക്കാനും രാജ്യങ്ങളെ പ്രതിജ്ഞാബദ്ധമാക്കുന്നു.

ലോകത്തിലെ എട്ട് പ്രധാന ആവാസവ്യവസ്ഥകൾ, (1) വനങ്ങൾ, (2) കൃഷിസ്ഥലങ്ങൾ, (3) ശുദ്ധജല ആവാസവ്യവസ്ഥ (നദികളും, തടാകങ്ങളും, തണ്ണീര്‍ത്തടങ്ങളും), (4) പർവതങ്ങൾ, (5) ചുള്ളിക്കാടുകള്‍, പുൽമേടുകൾ, സാവന്നകൾ, (6) സമുദ്രങ്ങളും തീരങ്ങളും, (7) പീറ്റ്ഭൂമി , (8) നഗര പ്രദേശങ്ങൾ എന്നിവയാണ്. വനങ്ങളും കൃഷിസ്ഥലങ്ങളും മുതൽ സമുദ്രങ്ങൾ വരെയുള്ള മേൽപ്പറഞ്ഞ ആവാസവ്യവസ്ഥകളുടെ ഊർജ്ജവും വൈവിധ്യവുമാണ് മനുഷ്യന്റെ അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും അടിസ്ഥാനം. എന്നിട്ടും, നാം ഈ വിലയേറിയ വിഭവങ്ങളെ അപകടകരമാംവിധം  മാറ്റിമറിക്കുകയും കേടുവരുത്തുകയുമാണ്. ഈ അവസ്ഥ മാറ്റാനും ജനങ്ങള്‍ക്കും പ്രകൃതിക്കും സുസ്ഥിരമായ ഭാവി ഉറപ്പ് വരുത്താനുമുള്ള  അവസരമാണ് പുനസ്ഥാപനം  കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരു ആവാസവ്യവസ്ഥയെ അതിന്റെ പഴയ യഥാർത്ഥ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നത് എല്ലായ്പ്പോഴും അഭികാമ്യമായെന്ന് വരില്ല. ഉദാഹരണത്തിന്, ഒരു കാലത്ത് വനമായിരുന്ന ഭൂമിയിൽ ഇപ്പോഴുള്ള കൃഷിസ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിലനിർത്തേണ്ടിവരും. ജന്തുസമൂഹങ്ങളെപ്പോലെ ആവാസവ്യവസ്ഥകളും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടേണ്ടതുമുണ്ട്. ലോകത്തിലെ പ്രധാന ആവാസവ്യവസ്ഥകളെക്കുറിച്ചും അവ എങ്ങിനെ പുനസ്ഥാപിക്കാൻ കഴിയുമെന്നും  സാമാന്യമായി മനസ്സിലാക്കാം.

1. വനങ്ങൾ

ഭൂമിയെ സജീവമായി നിലനിര്‍ത്തുന്നതിൽ വനങ്ങളും, മരങ്ങളും, വന്യ ജീവികളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവ നമുക്ക് ശുദ്ധമായ വായുവും വെള്ളവും നൽകുന്നു. കാർബൺ സംഭരിക്കുന്നതിലൂടെയും കാലാവസ്ഥയെ മിതമാക്കുന്നതിലൂടെയും ആഗോള താപത്തിനെതിരായ നിർണായക പ്രതിരോധമാണ് വനങ്ങള്‍. ഭൂമിയിലെ അതിശയകരമായ ജൈവവൈവിധ്യത്തിന്റെ ഭൂരിഭാഗവും വനങ്ങളുടെ സംഭാവനയാണ്. കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവനമാർഗം കൂടിയാണ് വനങ്ങള്‍. വനങ്ങൾ ഭൂമിയിലെ കരപ്രദേശങ്ങളുടെ 32 ശതമാനം വരും.

നമ്മുടെ വർദ്ധിച്ചുവരുന്ന ജനങ്ങളുടെ ഭൂമിക്കും വിഭവങ്ങൾക്കുമുള്ള ആവശ്യങ്ങളുടെ ഫലമായി വന ആവാസവ്യവസ്ഥകൾ കടുത്ത സമ്മർദ്ദത്തിലാണ്. ആഗോളതലത്തിൽ, പ്രതിവർഷം ഏകദേശം 4.7 ദശലക്ഷം ഹെക്ടർ ഉഷ്ണമേഖലാവനം നഷ്ടപ്പെടുന്നുവെന്ന് കണക്കാക്കുന്നു. മരം വെട്ടൽ, വിറക് മുറിക്കൽ,  മലിനീകരണം, അധിനിവേശ കളകള്‍, ആക്രമണാത്മക കീടങ്ങൾ, കാട്ടുതീ എന്നിവ കാരണം അവശേഷിക്കുന്ന പല വനങ്ങളും നശിപ്പിക്കപ്പെടുന്നു. ഒരു പ്രധാന അധിനിവേശ കളയായ മഞ്ഞക്കൊന്ന (രാക്ഷസ കൊന്ന) കേരളത്തിലെ വനമേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങൾ ഇതിനകം ചർച്ചാവിഷയമായിട്ടുണ്ട്. വീടുകൾക്കും റോഡുകൾക്കും ഡാമുകൾക്കും തീവ്രമായ കാർഷിക മേഖലയ്ക്കും വഴിയൊരുക്കാൻ കാടുകൾക്ക് പുറത്തുള്ള മരങ്ങൾ പോലും വെട്ടി മാറ്റുന്നു. കാലാവസ്ഥാ മാറ്റം മൂലം കൂടുതൽ വഷളാകുന്ന കാട്ടുതീ വന ആവാസവ്യവസ്ഥകളെ നശിപ്പിക്കും. അടുത്ത കാലത്ത് വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

വന ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കുന്നതിന്  പല മാര്‍ഗ്ഗങ്ങളുണ്ട്. നശിച്ച വനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നത്തിന്  വൃക്ഷങ്ങൾ നട്ടു മടക്കിനൽകുന്ന രീതി ഉപകാരപ്പെടും. അത് പോലെ തന്നെ, അധപതിച്ചതും ഉപയോഗിക്കാത്തതുമായ കൃഷിസ്ഥലവും  വനപുനസ്ഥാപനത്തിന് അനുയോജ്യമാണ്. നാടന്‍ മരങ്ങൾ നടുന്നതിനൊപ്പം കാട്ടുചെടികളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതും വന ആവാസവ്യവസ്ഥയുടെ ഭാഗമായ മണ്ണിനെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. നിലവിലുള്ള വനങ്ങളിൽ, വൃക്ഷത്തിന്റെ ആവരണം പുനരുജ്ജീവിപ്പിക്കുന്നതിന് ആ വനത്തിന്റെ തന്നെ ഭാഗമായുള്ള മരങ്ങള്‍ കൃത്രിമമായി നട്ടു പിടിപ്പിക്കാം.  ചില സന്ദർഭങ്ങളിൽ, വനവൃക്ഷങ്ങൾ സ്വാഭാവികമായി വീണ്ടും വളരും. മനുഷ്യ-വന്യജീവി സംഘർഷ മാനേജ്മെന്റും പ്രധാനമാണ്.

1. കൃഷിഭൂമി (farmlands)

മനുഷ്യജീവിതത്തെ  നിലനിർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആവാസവ്യവസ്ഥയാണ് കൃഷിസ്ഥലങ്ങൾ. ആഗോളതലത്തിൽ, കുറഞ്ഞത് 200 കോടി ആളുകളെങ്കിലും, പ്രത്യേകിച്ച് ഗ്രാമീണ, ദരിദ്ര പ്രദേശങ്ങളിൽ നിന്നുള്ളവർ, അവരുടെ ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നു. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മനുഷ്യൻ വനമേഖല വിട്ട് ഈ ആവാസവ്യവസ്ഥയുടെ ഭാഗമാകുന്നത്. ആകെ കരഭൂമിയുടെ ഏകദേശം 11 ശതമാനമാണ് കൃഷിസ്ഥലങ്ങൾ (143 കോടി ഹെ). .  

ചിലർ കൃഷിഭൂമിയുടെ കൂടെ പുൽമേടുകളും കൂട്ടി 38 ശതമാനം (11 + 27 = 38%) കൃഷിഭൂമി എന്ന് എഴുതി കണ്ടിട്ടുണ്ട്. ഒരു പടി കൂടി കടന്ന്, ഈ 38 ശതമാനത്തിനെ 40 ശതമാനമെന്ന് ഏകദേശമാക്കുന്നവരുമുണ്ട്! കൃഷിഭൂമിയോടൊപ്പം ഒരിക്കലും കൂട്ടാൻ പാടില്ലാത്ത ഒന്നാണ് സാവന്ന (Savannah), സ്റ്റെപ്പി (Steppe) , തുൻഡ്ര (Thundra), പാമ്പാസ് (Pambas), പ്രയറി (Prairies), വെൽഡ്(Veld), ഡൌൺസ് (Downs) എന്നിങ്ങനെ അറിയപ്പെടുന്ന പുൽആവാസവ്യവസ്ഥകൾ (ഇനം 5 കാണുക). അവ അങ്ങിനെ തന്നെ സംരക്ഷിക്കേണ്ടവയാണ്!

കൃഷിഭൂമി ഭക്ഷണം, കാലിത്തീറ്റ, നാരുകൾ എന്നിവ തരുന്നതിന് പുറമെ പക്ഷികൾ, വവ്വാലുകൾ, ഷഡ്പദങ്ങൾ, പുഴുക്കൾ തുടങ്ങി ധാരാളം ജീവജാലങ്ങളുടെ വീടായും മാറുന്നുമുണ്ട്. നൂറ്റാണ്ടുകളുടെ മനുഷ്യപ്രയത്നവും ചാതുര്യവും കൊണ്ട് അടയാളപ്പെടുത്തിയ ഈ ആവാസവ്യവസ്ഥകൾ നമ്മുടെ സാംസ്കാരിക ഭൂമികകള്‍ കൂടിയാണ്. പക്ഷേ, കൃഷിഭൂമിയെ ഉപയോഗിക്കുന്ന രീതി അവയുടെ ചൈതന്യത്തെ ചോര്‍ത്തിക്കളയുന്ന രീതിയിലാവരുത്.

ലോകമെമ്പാടും, 18 ശതമാനം കൃഷിഭൂമിയിൽ മാത്രമേ ജലസേചനമുള്ളൂവെന്ന്  കണക്കാക്കപ്പെടുന്നു. എന്നിട്ടും, ഈ ഭൂമി ലോകത്തിന് ആകെ വേണ്ട  ഭക്ഷണത്തിന്റെ 40 ശതമാനം ഉത്പാദിപ്പിക്കുന്നു. ഇന്ത്യയുടെ ആകെ കൃഷിഭൂമിയായ 141 ദശലക്ഷം ഹെക്ടറിൽ 73  ദശലക്ഷം ഹെക്ടറും മഴയെ ആശയിച്ചാണ് കൃഷി (52%). ഇവയെ വരൾച്ച ബാധിക്കാതിരിക്കാൻ  പ്രത്യേക വരൾച്ചാ നിവാരണതന്ത്രങ്ങൾ പ്രയോഗിക്കുന്നു.

ഭൂമിയിലെ ഏറ്റവും ജൈവവൈവിധ്യമുള്ള ആവാസവ്യവസ്ഥയാണ് മണ്ണ്. എല്ലാ ജീവജാലങ്ങളുടെയും ഏതാണ്ട് 60 ശതമാനവും മണ്ണിലാണ് ജീവിക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ 95 ശതമാനവും അതിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ആരോഗ്യമുള്ള മണ്ണ് ഒരു കാർബൺ സിങ്കായി പ്രവർത്തിക്കുന്നു, അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഹരിതഗൃഹ വാതകങ്ങളെ പിടിച്ചു വെക്കുന്നു. അങ്ങിനെ, കാലാവസ്ഥാ ലഘൂകരണത്തിൽ പങ്കാളിയാവുന്നു. തീവ്രമായ ഉഴവും, കൃഷിരീതികളും, ഏകവിളതോട്ടങ്ങളും, അമിത കാലിമേച്ചിലും, മരങ്ങൾ മുറിച്ച് മാറ്റുന്നതും, മഴയും കാറ്റും കൊണ്ടുള്ള മണ്ണൊലിപ്പിന് ആക്കം കൂട്ടുകയും വിലയേറിയ മണ്ണ് നഷ്ടപ്പെടുന്നതിന് ഇടയാക്കുകയും ചെയ്യും.  മേൽമണ്ണ് ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ആവരണ വിളകൾ നട്ടുവളർത്തുന്നത് പോലെ സുസ്ഥിരമായ പല പരിപാടികളുമുണ്ട്. ജൈവ മാലിന്യങ്ങളിൽ നിന്ന് കമ്പോസ്റ്റ് ഉണ്ടാക്കി കൃഷിയിൽ ഉപയോഗിക്കുന്നത് മണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല ജൈവമാലിന്യങ്ങൾ ഒഴിവാകുകയും ചെയ്യും. പുതയിടൽ പോലെയുള്ള ജലസംരക്ഷണ വിദ്യകൾ മണ്ണിലെ ഈർപ്പത്തിന്റെ അളവ് നിലനിർത്താനും വരൾച്ചയുടെ സമ്മർദ്ദം തടയാനും സഹായിക്കും. തുള്ളിനന പോലുള്ള ജലസേചന രീതികൾ ജലം ലാഭിക്കുന്നതിന് ഉതകും.

ലോകത്ത് പഴങ്ങളും, പച്ചക്കറികളും, വിത്തുകളുമുൾപ്പെടെ ഉത്പാദിപ്പിക്കുന്ന നാലിൽ മൂന്ന് വിളസസ്യങ്ങളും ജീവികൾ വഴിയുള്ള പരാഗണത്തെയാണ് ആശ്രയിക്കുന്നത്. തേനീച്ചകൾ ഏറ്റവും സമൃദ്ധമായ പരാഗണകാരികളാണ്. കൂടാതെ, വവ്വാലുകൾ, ചിത്രശലഭങ്ങൾ, പക്ഷികൾ, വണ്ടുകൾ,  മറ്റ്  പ്രാണികൾ എന്നിവയും ഭാഗഭാക്കാകുന്നു. പക്ഷേ, എല്ലാ പരാഗണസഹായികളും ഗുരുതരമായ ഭീഷണികൾ നേരിടുന്നു. തുടര്‍ച്ചയായുള്ള വിഷവീര്യമേറിയ കീടനാശിനികളുടെ ഉപയോഗം പരാഗണത്തിന് സഹായിക്കുന്ന തേനീച്ച ഉൾപ്പെടെയുള്ള ജീവികളെ ദോഷകരമായി ബാധിക്കുന്നു. വായു മലിനീകരണം കുറക്കുകയും,  കീടനാശിനികളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും, പരാഗണജീവികൾ വളരുന്ന പുൽമേടുകൾ, വനങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവ സംരക്ഷിക്കുകയും വേണം. ഹരിത ഇടങ്ങളോടൊപ്പം പൂന്തോട്ടങ്ങളിൽ വൈവിധ്യമാർന്ന നാടൻ പൂച്ചെടികളെ  നട്ടുപിടിപ്പിക്കുന്നത് പക്ഷികളെയും ചിത്രശലഭങ്ങളെയും തേനീച്ചകളെയും ആകർഷിക്കും.

രാസവളത്തിന്റെ അമിത ഉപയോഗം ജലസ്രോതസ്സുകളെ മലിനമാക്കുകയും മണ്ണിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും. കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രകൃതിയുടെ മാര്‍ഗ്ഗങ്ങൾ കൂടുതലായി ഉപയോഗിച്ച് കൊണ്ട് കാർഷിക ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കാൻ ഗ്രാമീണ സമൂഹങ്ങള്‍ക്കു കഴിയണം.  ആവാസവ്യവസ്ഥയെ സംരക്ഷിച്ചുകൊണ്ട് ഭക്ഷ്യോൽപ്പാദനം വർദ്ധിപ്പിക്കുന്ന രീതിക്ക് പറയുന്ന പേരാണ് പുനരുൽപ്പാദന കൃഷി (regenerative agriculture). സുസ്ഥിരകൃഷി രീതികളുടെ ഭാഗമായി രാസവളങ്ങൾ സന്തുലിതമാക്കി പ്രകൃതിദത്ത വളങ്ങളുടെ ഉപയോഗവും കീടനിയന്ത്രണവും ഉയര്‍ത്തിക്കൊണ്ട് വരണം. വിള പരിക്രമണങ്ങളും വൃക്ഷങ്ങൾ ഉൾപ്പെടെ കൂടുതൽ വൈവിധ്യമാർന്ന വിളകൾ വളർത്തുന്നതും കന്നുകാലികളെ വളർത്തുന്നതുമായി സംയോജിപ്പിക്കുന്നതും (multiple cropping/integrated farming) ജൈവവൈവിധ്യത്തെ പുനസ്ഥാപിക്കാനും കൂടുതൽ പോഷകങ്ങള്‍ നൽകാനും കഴിയും. ഉത്തമകൃഷിരീതികളിലൂടെ ജൈവകാർബൺ സംഭരണവും, സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനവും ത്വരിപ്പിച്ച് മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠത നിലനിർത്താനും കഴിയും.

ജനപ്പെരുപ്പമാണ് കൃഷിസ്ഥലങ്ങളുടെ സൂസ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകം. ഇന്നത്തെ 810 കോടി ജനങ്ങള്‍ 2050 ൽ 1000 കോടി കടക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അതായത്, ഇന്നത്തെ ഭക്ഷ്യോല്‍പ്പാദനം 60 ശതമാനം കണ്ടു വര്‍ദ്ധിപ്പിക്കേണ്ടി വരും! പക്ഷേ, പല രാജ്യങ്ങളും, പ്രത്യേകിച്ച് സമ്പന്ന രാജ്യങ്ങൾ,   കർഷകർക്ക് പ്രതിവർഷം 540 ശതകോടി ഡോളർ സാമ്പത്തിക സഹായം നല്കുന്നത് ഗുണകരമാകുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ഈ സബ്‌സിഡികളുടെ 87 ശതമാനവും ഒന്നുകിൽ സ്വാഭാവിക ഉൽപ്പന്നങ്ങളുടെ വിലയെ വളച്ചൊടിക്കുകയോ പ്രകൃതിയെയും മനുഷ്യന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നു. അത് മനസ്സിൽ വെച്ചുകൊണ്ട്, സർക്കാരുകൾക്ക് കാർഷിക സബ്‌സിഡികൾ സുസ്ഥിര രീതികളിലേക്കും ചെറുകിട കർഷകരിലേക്കും തിരിച്ചുവിടാൻ കഴിയണം.

കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകളോടൊപ്പം സുസ്ഥിര കൃഷിരീതികൾ വികസിപ്പിക്കാനും മണ്ണിന്റെ ആരോഗ്യത്തിന് ഹാനികരമാകാതിരിക്കാൻ കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം നന്നായി കൈകാര്യം ചെയ്യുന്നതിനും തദ്ദേശീയമായ അറിവ് പ്രയോജനപ്പെടുത്താനും സാധിക്കുന്ന തരത്തിൽ  കാലാവസ്ഥയെ വെല്ലുന്ന കൃഷി രീതികൾ (climate smart agriculture) പ്രചാരത്തിലാവണം.

3. ശുദ്ധജല ആവാസവ്യവസ്ഥകൾ (നദികള്‍, തടാകങ്ങൾ, തണ്ണീര്‍ത്തടങ്ങള്‍)

ശുദ്ധജല ആവാസവ്യവസ്ഥകൾ ബഹുസഹസ്രം ജനങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവും, ഊർജ്ജവും പ്രദാനം ചെയ്യുന്നു. വരൾച്ചയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നു. ഉൾനാടൻ തടാകങ്ങൾ, മത്സ്യങ്ങൾ ധാരാളമുള്ള തോടുകളും പുഴകളും, തണ്ണീർത്തടങ്ങൾ എന്നിവയും ഇക്കൂട്ടത്തിൽപ്പെടും. ശുദ്ധജല ആവാസവ്യവസ്ഥ പല തരത്തിലുള്ള ഭീഷണികള്‍ നേരിടുന്നു. രാസവസ്തുക്കൾ, പ്ലാസ്റ്റിക്, മലിനജലം എന്നിവയിൽ നിന്നുള്ള മലിനീകരണവും, ജലസേചനം, വൈദ്യുതി ഉൽപാദനം, വ്യവസായം, കുടിവെള്ളം, മത്സ്യബന്ധനം എന്നിവക്കെല്ലാമായി വെള്ളം അമിതമായി ചൂഷണം ചെയ്യപ്പെടുന്നതും ഉദാഹരണങ്ങള്‍. അണക്കെട്ടുകൾ, മണൽ ഖനനം എന്നിവയിൽ നിന്നുമുള്ള ഭീഷണികളും ചെറുതല്ല.

സുരക്ഷിതവും സമൃദ്ധവുമായ ജലം ഒരു ആഡംബരമായി മാറിയിരിക്കുന്നു. ശുദ്ധജല ആവാസവ്യവസ്ഥയെ പരിരക്ഷിക്കുന്നതും പുനസ്ഥാപിക്കുന്നതും ജലത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, എല്ലാ മലിനജലവും സംസ്കരിച്ച് മാത്രമേ പുറത്തേക്ക് ഒഴുക്കാന്‍ പാടുള്ളു.  മീൻപിടുത്തവും മണല്‍ ഖനനവും നിയന്ത്രിക്കണം. മല്‍സ്യങ്ങളുടെ സ്വഭാവിക പ്രജനനത്തിന് ‘ഊത്ത പിടുത്തം’ ഒരു കരണവശാലും അനുവദിക്കാന്‍ പാടില്ല.  നദീതട ബന്ധം പുനസ്ഥാപിക്കുന്നതിനായി ഡാമുകൾ മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യാന്‍ കഴിയണം.

ശുദ്ധജല ആവാസവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പുനസ്ഥാപിക്കൽ എന്നാൽ മലിനീകരണം തടയുക, മാലിന്യങ്ങൾ കുറയ്ക്കുക, സംസ്കരിക്കുക, വെള്ളത്തിന്റെയും മത്സ്യത്തിന്റെയും  ആവശ്യം കൈകാര്യം ചെയ്യുക, ഉപരിതലത്തിന് മുകളിലും താഴെയുമുള്ള സസ്യങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നിവയൊക്കെയാണ്. അധിനിവേശ ജീവിവർഗങ്ങളെ ജീർണിച്ച ശുദ്ധജല ആവാസ വ്യവസ്ഥകളിൽ നിന്ന് നീക്കം ചെയ്യാനും തദ്ദേശീയ സസ്യങ്ങളെയും മൽസ്യങ്ങളെയും  തിരിച്ചു കൊണ്ടുവരാനും  കഴിയണം.

4. പർവതനിരകൾ (mountains)

ഭൂമിയുടെ കരഭാഗത്തിന്റെ നാലിലൊന്നും പർവതങ്ങളാണ്. ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകൾ എന്നു വിളിക്കുന്നവയിൽ ഭൂരിഭാഗവും പര്‍വത പ്രദേശങ്ങളിലാണ് ഉള്ളത്. മാത്രമല്ല, എകദേശം പകുതിയോളം മനുഷ്യര്‍ക്കുള്ള ശുദ്ധജലം നല്‍കുന്നതും  പര്‍വത പ്രദേശങ്ങളാണ്. ഹിമ പുള്ളിപ്പുലികൾ, പർവത ഗോറില്ലകൾ എന്നിങ്ങനെയുള്ള അനേകം ജീവജാലങ്ങൾ വസിക്കുന്ന ഇടം കൂടിയാണ് പർവതപ്രദേശങ്ങൾ. പലതരം ആവാസവ്യവസ്ഥകൾ ഇവിടെ കാണാം.

പർവത പ്രദേശങ്ങൾ മനുഷ്യന്റെ സമ്മർദ്ദങ്ങളിൽ നിന്നും കാലാവസ്ഥാ മാറ്റത്തിൽ നിന്നുമുള്ള വിവിധങ്ങളായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. കൃഷി, വാസസ്ഥലങ്ങൾ, അടിസ്ഥാന സൌകര്യങ്ങൾ എന്നിവയ്ക്കായി പർവതങ്ങളിലെ വനം വെട്ടിമാറ്റുന്നത് ഗുരുതരമായ മണ്ണൊലിപ്പിനും ആവാസവ്യവസ്ഥയുടെ നാശത്തിനും കാരണമാകും. മണ്ണൊലിപ്പും മലിനീകരണവും താഴേക്ക് ഒഴുകുന്ന ജലത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്നു. കാലാവസ്ഥാ മാറ്റം കൃഷിത്തോട്ടങ്ങൾ, നഗരങ്ങൾ, വ്യവസായം, വൈദ്യുത നിലയങ്ങൾ എന്നിവയിലേക്കുള്ള ജലവിതരണത്തിന്റെ അളവിനെയും ബാധിക്കുന്നു.

മുഴുവൻ പ്രകൃതിയെയും പരിഗണിച്ചു കൊണ്ട് മാത്രമേ പർവത ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കാൻ കഴിയൂ. വനവല്‍ക്കരണം ഉൾപ്പെടെ പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾക്ക് മണ്ണ് സംരക്ഷിക്കാനും, ജലപ്രവാഹം സംരക്ഷിക്കാനും, പ്രകൃതിദുരന്തങ്ങളായ ഹിമപാതങ്ങൾ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയിൽ നിന്ന് രക്ഷനേടാനും കഴിയും. നദികളും മറ്റ് ആവാസ വ്യവസ്ഥകളും വിഘടിക്കുന്നത് ഒഴിവാക്കാൻ ഡാമുകളും റോഡുകളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ശരിയായി ആസൂത്രണം ചെയ്യാൻ കഴിയണം.  പര്‍വതപ്രദേശങ്ങളിലെ കൃഷിഭൂമിയിൽ  കാർഷിക വനവല്‍ക്കരണം (അഗ്രോഫോറസ്ട്രി), കാലാവസ്ഥാ മാറ്റത്തെ ലഘൂകരിക്കുന്നതിന് ഉതകുന്ന ഒന്നാണ്. പ്രകൃതിവിഭവങ്ങളുടെ ഉപയോഗം സുസ്ഥിരമായി നിലനിർത്തുന്നതിൽ തദ്ദേശീയമായ അറിവിനും പ്രസക്തിയുണ്ട്.

5. ചുള്ളിക്കാട്, പുൽമേടുകൾ, സാവന്നകൾ (Shrublands, grasslands, and savannahs)

ചുള്ളിക്കാടുകളും, പുൽമേടുകളും, സാവന്നകളും ഭൂമിയിലെ ഏറ്റവും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളാണ്. വിപുലമായ കന്നുകാലി വളര്‍ത്തലിനായി ഇടയന്മാർ ഉപയോഗിക്കുന്ന റേഞ്ച്‌ലാൻഡുകളുടെ പ്രധാന ഘടകമാണ് ഈ ആവാസവ്യവസ്ഥകൾ. പല തരം മൃഗങ്ങളും, പക്ഷികളും, മറ്റു പ്രാണികളും ഇത്തരം  ആവാസവ്യവസ്ഥകളുടെ ഭാഗമാണ്. അമിതമായ ചൂഷണത്തിലൂടെയും മോശം മാനേജ്മെന്റിലൂടെയും ഇവ നശിക്കുകയാണ്. പോഷകങ്ങളും ജലലഭ്യതയും കൂടുതലുള്ള പ്രദേശങ്ങൾ  കൃഷിസ്ഥലമാക്കപ്പെടുന്നു. കാലിമേച്ചിലും മോശം മാനേജ്മെൻറും ഈ പ്രദേശങ്ങള്‍ വേഗത്തിൽ  മണ്ണൊലിപ്പിന് വിധേയമാകുന്നതിനു ഇടയാക്കുന്നു.  അന്യദേശ സസ്യങ്ങളുടെ അധിനിവേശം  പുൽമേടിന്റെ ഘടനയെതന്നെ ബാധിക്കാനിടയുണ്ട്. വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നതിനും ഇതൊരു കാരണമായി തീരുന്നു.

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ പരിണമിച്ചുണ്ടായ ഏറ്റവും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ ഒന്നായി പുൽമേടുകളും സവന്നകളും കരുതപ്പെടുന്നു. മൊത്തം ആഗോള ഭൂവിസ്തൃതിയുടെ 27 ശതമാനവും പുൽമേടുകളാണ്. പാരിസ്ഥിതിക ദിശയിൽ വനങ്ങളുടെയും മരുഭൂമികളുടെയും ഇടയ്ക്കാണ് പുൽമേടുകളുടെ സ്ഥാനം.  പ്രത്യേകിച്ചും, കാടിനെ പിന്തുണയ്ക്കാൻ മതിയായ മഴയില്ലാത്തതും എന്നാൽ മരുഭൂമിയായി മാറാൻ അനുവദിക്കാത്ത തരത്തിൽ തീരെ കുറവല്ലാത്ത മഴയുടെ അളവും വിതരണവുമുള്ള  പ്രദേശങ്ങൾ പുൽമേടുകളായി മാറാൻ സാധ്യതയുണ്ട്. പ്രകൃതിദത്ത പുൽമേടുകൾ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ഉദാഹരണങ്ങൾ: മെക്സിക്കോയുടെയും കാനഡയുടെയും സമീപ ഭാഗങ്ങളുള്ള പടിഞ്ഞാറൻ യു. എസ്. ലെ പ്രയറികൾ, വെനസ്വേലയിലെ ലാനോസ്, ബ്രസീലിലെ സെർട്ടോ, അർജന്റീനയുടെയും ഉറുഗ്വേയുടെയും പമ്പാസ്, ആഫ്രിക്കയിലെ സവന്നകൾ, ദക്ഷിണാഫ്രിക്കയിലെ വെൽഡ്സ്, കാരൂ, ഇന്റീരിയർ ഓസ്‌ട്രേലിയയിലെ ഡോൺസ്, മദ്ധ്യയൂറോപ്പിലെയും വടക്കൻ ഏഷ്യയിലെയും സ്റ്റെപ്പികൾ.

ആദ്യകാല ഇടയന്മാർ വിപുലമായ കന്നുകാലി വളർത്തലിനായി ഉപയോഗിച്ചിരുന്ന റേഞ്ച് ലാൻഡുകളുടെ പ്രധാന ഘടകങ്ങളാണ് ഈ ആവാസവ്യവസ്ഥകൾ. ലോകത്തിന്റെ ചില പ്രദേശങ്ങളിൽ ഈ സംവിധാനം ഇപ്പോഴും വ്യാപകമാണ്. ഒരു വലിയ ഭൂവുടമസ്ഥതയിൽ കന്നുകാലികളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നതിനെ “റാഞ്ചിംഗ്”(ranching) എന്ന് വിളിക്കുന്നു. വാണിജ്യ വിളകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് അനുയോജ്യമല്ലാത്ത വരണ്ട പ്രദേശങ്ങളിലാണ് പലപ്പോഴും കന്നുകാലി വളർത്തൽ നടത്തുന്നത്. റാഞ്ചിംഗ് ഒരു ബൃഹുത്തായ പ്രവർത്തനമാണ്.  മേച്ചിൽ നിലങ്ങളുടെ കുറഞ്ഞ ഉൽപാദനക്ഷമതയുടെ സ്വാഭാവിക അനന്തരഫലമാണിത്.

സവന്ന (savannah)ഒരു മിശ്ര വൃക്ഷ-പുൽമേട് ആവാസവ്യവസ്ഥയാണ്. അവിടെ മരങ്ങൾ ഒരു തുറന്ന മേലാപ്പ് സൃഷ്ടിച്ചുകൊണ്ട് അകലത്തിലാണ് ഉണ്ടാവുക. തുറന്ന മേലാപ്പ് കാരണം, ആവശ്യത്തിന് വെളിച്ചം നിലത്ത് എത്തുന്നു, അവിടെ പുല്ലുകൾ സമൃദ്ധമായി വളരുന്നു. ഈ ആവാസവ്യവസ്ഥകൾ സിംഹങ്ങളും കാണ്ടാമൃഗങ്ങളും മുതലുള്ള പലതരം മൃഗങ്ങൾക്കും   പക്ഷികൾക്കും  പ്രാണികൾക്കും വളരാൻ അവസരം നല്കുന്നു.

ഈ മേഖലകളുടെ ഉചിതമായ പുനസ്ഥാപനം അത്യന്താപേക്ഷിതമാണ്. ഇവ കാര്‍ഷിക മേഖലയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നത് ഒഴിവാക്കുക തന്നെ വേണം. നശിച്ചുപോയ ചുള്ളിക്കാടുകള്‍, പുൽമേടുകള്‍, സാവന്നകള്‍ എന്നിവയുടെ തിരിച്ചുവരവിനെ സഹായിക്കുന്നതിനുള്ള പ്രവർത്തനത്തിൽ അധിവേശ കളകളെ നശിപ്പിക്കുന്നതും, തദ്ദേശീയ ചെടികൾ  നടുന്നതും, പുല്ലുകൾ വീണ്ടും വിതയ്ക്കുന്നതും ഉൾപ്പെടുന്നു. ഉന്മൂലനം ചെയ്യപ്പെട്ട സസ്യജന്തുജാലങ്ങളെ വീണ്ടും പരിചയപ്പെടുത്തുകയും അവയെ വേട്ടയാടലിൽ നിന്നും സംരക്ഷിക്കുകയും ചെയ്യാം. ഈ ആവാസവ്യവസ്ഥയുടെ സ്വാഭാവിക രൂപവത്കരണവും പുൽമേടുകളെ ഇഷ്ടപ്പെടുന്ന പക്ഷികൾ പോലുള്ള ജീവജാലങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ സംരക്ഷണവും  ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതുണ്ട്. ഈ ആവാസവ്യവസ്ഥകളെ സുസ്ഥിരമായി കൈകാര്യം ചെയ്യാനുള്ള പദ്ധതികളിൽ കന്നുകാലി ഉടമകള്‍ക്കും മറ്റ് ഉപയോക്താക്കൾക്കും വലിയ പങ്കുണ്ടായിരിക്കണം.

6. തീരദേശ, സമുദ്ര മേഖലകൾ (Oceans and coasts)

ഭൂമിയുടെ 70 ശതമാനത്തിലധികവും സമുദ്രങ്ങളും കടലുകളുമാണ്.  സമുദ്രങ്ങൾ നമുക്ക് ഭക്ഷണം നൽകുന്നു, കാലാവസ്ഥ നിയന്ത്രിക്കുന്നു, നമ്മൾ ശ്വസിക്കുന്ന ഓക്സിജന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നു. വിനോദ സഞ്ചാരം, മല്‍സ്യബന്ധനം, തുടങ്ങിയ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളെ അവ സഹായിക്കുന്നു. സമുദ്രത്തിലെ വിവിധ ആവാസ വ്യവസ്ഥകളിൽ തിമിംഗലങ്ങൾ മുതൽ പ്ലാങ്ക്ടൺ വരെയുള്ള ജൈവവൈവിധ്യത്തെ ഉൾക്കൊള്ളുന്നു. സമുദ്രആവാസവ്യവസ്ഥ ആഗോളതലത്തിൽ കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവനമാർഗങ്ങളെ പിന്തുണയ്ക്കുന്നു. ലോകത്ത് 300 കോടിയിലധികം ജനങ്ങൾ അവരുടെ ഉപജീവനത്തിനായി സമുദ്ര-തീര ജൈവ വൈവിധ്യത്തെ ആശ്രയിക്കുന്നു.

പരിസ്ഥിതിപരമായി അതീവ പ്രാധാന്യമുണ്ടെങ്കിലും സമുദ്രങ്ങളും തീരങ്ങളും അഭൂതപൂർവമായ ഭീഷണികളെ അഭിമുഖീകരിക്കുന്നു. ദശലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോക സമുദ്രങ്ങളിൽ പ്രവേശിക്കുകയും കടൽ പക്ഷികൾ, ആമകൾ, ഞണ്ടുകൾ എന്നിവയുൾപ്പെടെയുള്ള ജീവികളെ ദ്രോഹിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ മാറ്റം പവിഴപ്പുറ്റുകളെയും മറ്റ് പ്രധാന പരിസ്ഥിതി വ്യവസ്ഥകളെയും നശിപ്പിക്കുന്നു.

കടല്‍ത്തീരമണ്ണൊലിപ്പിനും സുനാമികൾക്കും എതിരെ കണ്ടൽക്കാടുകൾ തീര്‍ക്കുന്ന കവചം ഏവര്‍ക്കും അറിവുള്ളതാണല്ലോ? എന്നാൽ, ജനങ്ങള്‍ കണ്ടൽക്കാടുകളിൽ നിന്ന് വളരെയധികം വിറകു മുറിച്ച് മത്സ്യഫാമുകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി നശിപ്പിക്കുന്നു. അമിത മത്സ്യബന്ധനം മത്സ്യ സ്റ്റോക്കുകളുടെ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്നു. ലോകത്തെ 80 ശതമാനം മലിനജലവും സംസ്കരണമില്ലാതെ സമുദ്രത്തിലേക്ക് പുറന്തള്ളപ്പെടുന്നുവെന്നാണ് അനുമാനം.

സമുദ്രങ്ങളും തീരങ്ങളും പുനസ്ഥാപിക്കുകയെന്നാൽ അവയുടെമേലുള്ള സമ്മർദ്ദം കുറച്ച് സ്വാഭാവികരീതിയിലോ കൃത്രിമമായോ  ആവാസവ്യവസ്ഥയെ വീണ്ടെടുക്കുക എന്നതാണ്. പരിസ്ഥിതി വ്യവസ്ഥകളെയും മല്‍സ്യബന്ധനസമൂഹങ്ങളെയും എങ്ങനെ കൂടുതൽ ഊർജ്ജസ്വലമാക്കാം എന്ന് മനസിലാക്കുകയും വേണം.  മലിനീകരണം, കാലാവസ്ഥാ മാറ്റം, അമിത ചൂഷണം എന്നിവയിൽ നിന്ന് സമുദ്ര പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കണം. മലിനവസ്തുക്കൾ സമുദ്രത്തിൽ എത്തുന്നതിനുമുമ്പ് സംസ്കരിക്കേണ്ടതുണ്ട്. കൂടാതെ പ്ലാസ്റ്റിക് പോലുള്ള ഖരമാലിന്യങ്ങൾ സമുദ്രത്തിലെത്തിച്ചേരുന്നത് പൂർണ്ണമായും തടയണം.  മത്സ്യബന്ധനം കൂടുതൽ സുസ്ഥിരമാക്കാൻ സർക്കാരുകൾക്കും സമൂഹങ്ങൾക്കും കഴിയും. “ട്രോളിങ്” നിരോധനമൊക്കെ ഇതിന്റെ ഭാഗമായി കാണണം. ഇത്തരം കാര്യങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടിയിരിക്കുന്നു.

വളരുന്ന തീരദേശ നഗരങ്ങൾക്കു തീരദേശ പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കേണ്ട ബാധ്യതയുമുണ്ട്. പവിഴപ്പുറ്റുകൾ, കണ്ടൽക്കാടുകൾ, കടൽത്തീരങ്ങൾ എന്നിവ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയും സജീവമായി പുനസ്ഥാപിക്കുകയും വേണം. കണ്ടൽക്കാടുകൾ, ഉപ്പ് ചതുപ്പുകൾ, കെൽപ്പ് വനങ്ങൾ, പവിഴപ്പുറ്റുകൾ എന്നിവയുൾപ്പെടെയുള്ള നീല ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കാൻ രാജ്യങ്ങൾക്ക് കഴിയണം .

7. പീറ്റ്ഭൂമി (peatlands)

പീറ്റ്ഭൂമി 180 ലധികം രാജ്യങ്ങളിൽ കാണപ്പെടുന്നു. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ  വലിയ തടി ഉള്‍പ്പെടെയുയുള്ള സസ്യഭാഗങ്ങൾ ഭാഗികമായി അഴുകിയ നിലയിലോ ഒട്ടും അഴുകാതെയോ കാണപ്പെടും. കരയുടെ 3 ശതമാനം മാത്രമേ ഉള്ളൂവെങ്കിലും ആകെ മണ്‍കാര്‍ബണിന്റെ 30 ശതമാനം ഇവ സംഭരിക്കുന്നു. ഇന്ത്യയില്‍ കേരളം, അരുണാചൽ പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം  എന്നീ സംസ്ഥാനങ്ങളില്‍ പീറ്റ്ഭൂമിയുണ്ട്. കേരളത്തില്‍ കുട്ടനാട് പ്രദേശം പീറ്റ്ഭൂമിക്കു ഉദാഹരണമാണ്. അപൂർവമായ സസ്യങ്ങളും ജന്തുക്കളും ഈ അദ്വിതീയവും ജലമയവുമായ അന്തരീക്ഷത്തിൽ മാത്രം നിലനിൽക്കുന്നു. ഇങ്ങനെ പരിസ്ഥിതി  പ്രാധാന്യമുണ്ടെങ്കിലും, പീറ്റ്ഭൂമികള്‍ കൃഷി, അടിസ്ഥാന സൌകര്യ വികസനം, ഖനനം, എണ്ണ, വാതക പര്യവേക്ഷണം എന്നിവയ്ക്കായി ഉപയോഗപ്പെടുത്തുന്നു. തീ, അമിതകാലിമേച്ചില്‍, നൈട്രജൻ മലിനീകരണം, ഇന്ധനമായി വേർതിരിച്ചെടുക്കൽ, വളര്‍ത്തുമാധ്യമം എന്നിങ്ങനെ ഉപയോഗിക്കുന്നതിനാല്‍  പീറ്റ്ഭൂമികള്‍ നശിപ്പിക്കപ്പെടുന്നു. ആഗോള ശരാശരി താപനില 1.5 ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്തുക എന്ന പാരിസ് ഉടമ്പടി ലക്ഷ്യം നേടുന്നതിന് പീറ്റ് ലാൻഡ് കാർബൺ എവിടെയാണോ അവിടെ സൂക്ഷിക്കാൻ അടിയന്തിര നടപടി ആവശ്യമാണ്.

8. നഗരപ്രദേശങ്ങൾ (urban areas)

ഭൂമിയിലെ കരപ്രദേശത്തിന്റെ  മൂന്നു ശതമാനത്തിൽ താഴെയാണ് നഗരപ്രദേശങ്ങളെങ്കിലും ലോകജനസംഖ്യയുടെ പകുതിയിലധികം (55%) ഇവിടെയാണ് വസിക്കുന്നത്! 2050 ആകുമ്പോഴേക്കും ആകെയുള്ളവരിൽ മൂന്നിൽ രണ്ടും ഏതെങ്കിലുമൊരു നഗര കേന്ദ്രത്തിൽ വസിക്കുമെന്നാണ് പ്രവചനം. നഗരങ്ങൾ ഭൂമിയുടെ 75 ശതമാനം വിഭവങ്ങളും ഉപയോഗിക്കുന്നു, പകുതിയിലധികം ആഗോള മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുകയും, കുറഞ്ഞത് 60 ശതമാനം ഹരിതഗൃഹ വാതക ഉദ്‌വമനം സൃഷ്ടിക്കുകയും ചെയ്യുന്നു. നഗരങ്ങൾ വളരുമ്പോൾ, അവ ചുറ്റുമുള്ള പ്രകൃതിയെ മാറ്റിമറിക്കുകയും വരൾച്ചയിലേക്കും ഭൂമിയുടെ നാശത്തിലേക്കും നയിക്കുകയും ചെയ്യും.

കോൺക്രീറ്റ് കെട്ടിടങ്ങൾ, ജനക്കൂട്ടം, ഗതാഗതകുരുക്ക് എന്നിവയൊക്കെയാണു മുഖമുദ്രയെങ്കിലും നഗരങ്ങളും പട്ടണങ്ങളും ഇപ്പോഴും നമ്മുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന ആവാസവ്യവസ്ഥയാണ്. നഗര ആവാസവ്യവസ്ഥകൾ പ്രവർത്തിക്കുന്നത് നമ്മുടെ വായുവും വെള്ളവും ശുദ്ധമാക്കികൊണ്ടും, ചൂട് കുറച്ചു കൊണ്ടും, സുസ്ഥിരതാ പ്രശ്നങ്ങൾ   കൈകാര്യം ചെയ്ത് വിശ്രമത്തിനും വ്യായാമത്തിനുമുള്ള അവസരങ്ങൾ നൽകിക്കൊണ്ടും, നഗവാസികളുടെ പൊതുക്ഷേമത്തെ ലാക്കാക്കിയുമാകണം. അത്ഭുതകരമായ അളവിൽ ജൈവവൈവിധ്യം നിലനിര്‍ത്താനും കഴിയും. മോശം ആസൂത്രണം വീടുകൾക്കും റോഡുകൾക്കും ഫാക്ടറികൾക്കുമിടയിൽ ഒരുതരത്തിലുമുള്ള സസ്യജാലങ്ങൾക്കും വളര്‍ന്ന് വരാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നില്ല.

നഗര-പരിസ്ഥിതി ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കാൻ പൗരന്മാരുടെയും അധികാരികളുടെയും  അവബോധവും പ്രതിബദ്ധതയും ആവശ്യമാണ്. നഗര ആസൂത്രണത്തിന്റെ പ്രധാനഭാഗമായി തന്നെ ഹരിതഇടങ്ങൾ ഇടം പിടിക്കണം. സാമൂഹ്യ സംഘടനകള്‍ക്കും, മുനിസിപ്പൽ അധികാരികൾക്കും ജലപാതകൾ വൃത്തിയാക്കാനും, മരങ്ങൾ നട്ടുപിടിപ്പിക്കാനും പാർക്കുകൾ, സ്കൂളുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവയിൽ നഗര വനങ്ങളും (urban forests) വന്യജീവി ആവാസവ്യവസ്ഥകളും സൃഷ്ടിക്കാനും കഴിയും. ഗവേഷണങ്ങൾ കാണിക്കുന്നത്, നഗരവനങ്ങളിലെ ഭൂഉപരിതലത്തിന്റെ താപനില  വനമില്ലാത്ത നഗരപ്രദേശങ്ങളെ അപേക്ഷിച്ച് 2-10 ഡിഗ്രി സെൽഷ്യസ് കുറവായിരിക്കും എന്നാണ്. തണലും സ്വേദന-ബാഷ്പീകരണത്തിലൂടെ (evapotranspiration) തണുപ്പും നൽകിക്കൊണ്ട് മരങ്ങളും മറ്റു സസ്യങ്ങളും താപനില കുറയ്ക്കുന്നു. വെള്ളം കിനിഞ്ഞിറങ്ങാന്‍ സഹായിക്കുന്ന നടപ്പാതകൾക്കും നഗര തണ്ണീർത്തടങ്ങൾക്കും വെള്ളപ്പൊക്കത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും പട്ടണപ്രകൃതിയെ സംരക്ഷിക്കാൻ കഴിയും. മലിനമായ വ്യാവസായിക മേഖലകളെ പുനരുദ്ധരിച്ച് പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാനും വിനോദത്തിനും വിശ്രമത്തിനുമുള്ള സ്ഥലങ്ങളാക്കാനും കഴിയും.

നഗരങ്ങളും പട്ടണങ്ങളും “പാരിസ്ഥിതിക മരുഭൂമികൾ” എന്നു പറഞ്ഞ് എഴുതി തള്ളേണ്ടവയല്ല. ലോകജനങ്ങളില്‍ 55 ശതമാനത്തിലധികം വസിക്കുന്ന ഇടമെന്ന നിലയിലുള്ള പ്രാധാന്യം തീര്‍ച്ചയായും നല്കണം. വീടുകൾക്കും റോഡുകൾക്കും ഫാക്ടറികൾക്കുമിടയിൽ പച്ചതുരുത്തുകള്‍ക്കു സ്ഥലം കണ്ടെത്തണം. ബോട്ടാണിക്കല്‍ ഉദ്യാനങ്ങൾ, മൃഗശാല,  ബയോളജിക്കൽ പാര്‍ക്കുകൾ,  പൂന്തോട്ടങ്ങള്‍, പൂമ്പാറ്റ ഉദ്യാനങ്ങള്‍, പാതയോര വൃക്ഷങ്ങൾ, പുല്‍ത്തകിടികൾ എന്നിങ്ങനെ വിവിധങ്ങളായ ഇടപെടലുകള്‍ ഉണ്ടാവണം.    സ്കൂളുകള്‍ അടക്കമുള്ള പൊതുസ്ഥാപനങ്ങളുടെ പരിസരം ഇത്തരം ഹരിതവല്‍ക്കരണത്തിന് ഉപയോഗപ്പെടുത്തണം. നഗര വനങ്ങൾക്ക് വായുവിന്റെ  ഗുണനിലവാരം മെച്ചപ്പെടുത്താനും കൂടുതൽ തണൽ നൽകാനും കൃത്രിമ തണുപ്പിക്കലിന്റെ ആവശ്യകത കുറയ്ക്കാനും കഴിയും. നഗരങ്ങളിലെ കനാലുകൾ, കുളങ്ങൾ, മറ്റ് ജലാശയങ്ങൾ എന്നിവ സംരക്ഷിക്കുന്നത് ചൂട് തരംഗങ്ങളെ ലഘൂകരിക്കാനും ജൈവവൈവിധ്യം വർദ്ധിപ്പിക്കാനും കഴിയും ഇവയൊക്കെ നഗരാസൂത്രണത്തിന്റെ ഭാഗമായി തന്നെ ഉയര്‍ന്നു വരേണ്ടതുണ്ട്.

ഭൂമിയുടെ പുനസ്ഥാപനം എന്നത് വളരെ നിസ്സാരമായി സംഭവിക്കുന്ന കാര്യമല്ല. സർക്കാർ വകുപ്പുകൾക്കു മാത്രമല്ല ഇതിന്റെ ഉത്തരവാദിത്തം. വ്യക്തികൾക്കും, സംഘടനകൾക്കും. സിവിൽ സമൂഹത്തിനുമൊക്കെ  പങ്കാളികളാവാം.  പക്ഷേ, സ്വയംപ്രേരിത അടിസ്ഥാനത്തിലുള്ള പ്രവർത്തനനങ്ങൾക്ക് ഒരു പരിധിയുണ്ട്.    കാലാവസ്ഥ, ജൈവ വൈവിധ്യം, ആവാസവ്യവസ്ഥ എന്നിവയുടെ പുനഃസ്ഥാപന  ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ശതകോടിക്കണക്കിന് തുക ചിലവഴിക്കേണ്ടി വരും. അതിനുള്ള ഫൈനാൻസ് കണ്ടെത്തേണ്ടതുണ്ട്. വരൾച്ചയുടെ ആഘാതങ്ങൾ തടയുന്നതിനും, ഭൂമി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും, പ്രകൃതി അധിഷ്‌ഠിത പരിഹാരങ്ങൾക്കും, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുന്നതിനും  സർക്കാറുകൾ വൻതോതിൽ  പണം ഇറക്കേണ്ടി വരും.  സ്വകാര്യ മേഖലയ്ക്ക് അവരുടെ ബിസിനസ്സ് മോഡലുകളിൽ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ സമന്വയിപ്പിക്കാനും കാര്യക്ഷമമായ മാലിന്യ സംസ്കരണ രീതികൾ നടപ്പിലാക്കാനും സുസ്ഥിര കൃഷി, ഇക്കോ ടൂറിസം, ഹരിത സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാമൂഹിക സംരംഭങ്ങളിൽ നിക്ഷേപം നടത്താനും കഴിയും. വ്യക്തികൾക്കും പുനഃസ്ഥാപനത്തിന് സംഭാവന നൽകാം. മറ്റൊന്ന് ക്രൗഡ് ഫണ്ടിങ് പോലുള്ള ആശയങ്ങളാണ്. മുൻഗണനാക്രമത്തിൽ നടപ്പിലാക്കുന്ന പുനസ്ഥാപന പ്രവർത്തികൾ പരിസ്ഥിതി രംഗത്ത് തീർച്ചയായും വൻമാറ്റങ്ങൾ കൊണ്ടുവരും.

അധിക വായനയ്ക്ക്

  1. UNEP [United Nations Environment Programme] 2021. Becoming #GenerationRestoration: Ecosystem Restoration for People, Nature and Climate. UNEP, Nairobi.>>>
  2. UNEP [United Nations Environment Programme] 2024. World Environment Day Practical Guide. UNEP, Nairobi>>>

മുൻവർഷങ്ങളിലെ പരിസ്ഥിതിദിന ടൂൾക്കിറ്റുകൾ സ്വന്തമാക്കാം

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എപ്പിജനിറ്റിക്സ് – ജനിതകത്തിനും അപ്പുറത്തെ ചില വിശേഷങ്ങൾ
Next post കൃതി @ പ്രകൃതി -കുട്ടികൾക്ക് പരിസരദിന മത്സരങ്ങൾ
Close