Read Time:23 Minute

അക്കപരിമിതിയുടെ പരിണിതഫലങ്ങൾ

ഡോക്ടർമാർ നേരത്തെ മരിച്ചുപോകുന്നുണ്ടോ ?, ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ പഠനത്തെ മുൻനിർത്തി വിശകലനം ചെയ്യുന്നു…

അക്കപരിമിതി

1987ൽ പുറത്തിറങ്ങി വളരെയധികം വായനക്കാരെ ആകർഷിക്കുകയും പലപതിപ്പുകൾ പുറത്തുവരികയും ചെയ്ത ഒരു പുസ്തകമാണ് ‘ഇന്യൂമറസി’ (Innumeracy)- ഒരു ക്ലാസ്സിക് എന്നു പറയാം. അമേരിക്കൻ ഗണിതശാസ്ത്ര പ്രൊഫസ്സർ ആയ ജോൺ അലൻ പൗലോസ് ആണ് രചയിതാവ്. അക്ഷരം അറിയാത്തവർ എന്ന അർത്ഥത്തിൽ നാം ‘നിരക്ഷരർ’ (ഇല്ലിറ്ററേറ്റ്) എന്നു പറയാറുണ്ട്. പലപ്പോഴും അക്ഷരം തീരെ അറിഞ്ഞുകൂടാത്തവർ എന്ന അർത്ഥത്തിലല്ല, ഏതെങ്കിലും ഒരു വിഷയത്തിൽ വലിയ പിടിപാടില്ലാത്തവരെയും അങ്ങിനെ വിശേഷിപ്പിക്കാറുണ്ട്. പൗലോസിന്റെ അഭിപ്രായത്തിൽ, അതിനോട് സമാനമായ ഒരവസ്ഥ അക്കങ്ങളെ (സംഖ്യകളെ) സംബന്ധിച്ചും പലർക്കും ഉണ്ടാകാറുണ്ട്. അക്കങ്ങൾ പറയുന്ന കഥ പിടികിട്ടാത്തവരെയാണ്  പൗലോസ് ‘ഇന്ന്യൂമറേറ്റ്’ എന്നു വിളിക്കുന്നത്. അതിനു തുല്യമായ മലയാളവാക്ക് ഉണ്ടോ എന്നറിഞ്ഞുകൂടാ. അതുകൊണ്ട് അതിനു സമാനമായി അർത്ഥംവരുന്ന ഒരു വാക്ക് ഞാൻ തന്നെ മെനഞ്ഞെടുത്തതാണ് ‘അക്കപരിമിതി’ എന്നത്. (സംഖ്യാപരിമിതി എന്നും പറയാമായിരിക്കും. ഭാഷയുടെ സാധ്യതകൾ കൂടുതൽ അറിയുന്നവർ നിർദ്ദേശിക്കുന്ന ഏതു വാക്കും സ്വീകരിക്കാൻ തയ്യാറാണ്; കാരണം ഞാൻ ഒരു ‘ഭാഷപരിമിതൻ’ ആണ്!)

IMA യുടെ പഠനം

ഇതിപ്പോൾ ഇവിടെ പറയാൻ കാര്യം ഈയിടെ ശ്രദ്ധയിൽ വന്ന ഒരു ‘പഠനം’ ആണ്. ഡോക്റ്റർമാരുടെ ദീർഘായുസ്സാണ് വിഷയം. ആരോഗ്യകാര്യങ്ങൾ അറിയുന്ന ഡോക്ടർമാർ ദീർഘായുസ്സുകളായിരിക്കും എന്ന് ന്യായമായും കരുതാം. എന്നാൽ അങ്ങിനെയല്ല കാര്യങ്ങൾ എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുവത്രേ. ഇവിടെ പരാമർശവിഷയമായത് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ കുറച്ചുവർഷം മുൻപ് നടത്തി എന്ന് പറയപ്പെടുന്ന ഒരു പഠനമാണ്. ആ പഠനം ഞാൻ വായിച്ചിട്ടില്ല; ഞാൻ നടത്തിയ ഇന്റർനെറ്റ് തപ്പലുകൾ പഠനത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളാണ് കൂടുതലും പുറത്തുകൊണ്ടുവന്നത്.

പഠനം പൂർണ്ണരൂപത്തിൽ പങ്കുവെയ്ക്കാൻ ആരെങ്കിലും മുന്നോട്ടു വന്നാൽ തീർച്ചയായും മുഴുവൻ വായിക്കണമെന്നുണ്ട്. വായിച്ചിട്ട് ഇവിടെ പറയുന്ന അഭിപ്രായങ്ങൾ തിരുത്തേണ്ടിവന്നാൽ ഒരു മടിയും ഇല്ലതാനും.

സാധാരണ ശാസ്ത്രത്തിന്റെ രീതി അനുസരിച്ച് ഒരു പഠനം നടത്തിയാൽ അത് മറ്റു ശാസ്ത്രജ്ഞന്മാർ വായിക്കുന്ന ‘പിയർ റിവ്യൂഡ്’ (peer reviewed) പ്രസിദ്ധീകരണങ്ങളിലാണ് പുറത്തുവരേണ്ടത് (ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രമാസികകളിലും സോഷ്യൽ മീഡിയയിലും ഇന്റർനെറ്റിലും അല്ല). പിയർ റിവ്യൂ എന്നാൽ ഈ പ്രബന്ധം ഈ വിഷയത്തിൽ പാണ്ഡിത്യമുള്ള സമന്മാരായ ഡോക്റ്റർമാർ വായിച്ച് വിമർശിച്ച് തെറ്റുതിരുത്തി പ്രസിദ്ധീകരിക്കുക എന്ന സമ്പ്രദായമാണ്. ചിലപ്പോൾ പ്രബന്ധത്തിന്റെ ഗുണനിലവാരം പോരാ എന്നവർക്ക് തോന്നിയാൽ പ്രബന്ധം പ്രസിദ്ധികരിക്കേണ്ടതില്ല എന്ന് ജേർണ്ണലിനോട് നിർദ്ദേശിക്കാനും അവർ മുതിരും. ലാൻസറ്റ് മുതലായ ആഗോള പ്രശസ്തിയുള്ള ജേർണ്ണലുകളിൽ സമർപ്പിക്കുന്ന പ്രബന്ധങ്ങളുടെ തൊണ്ണൂറുശതമാനവും നിരാകരിക്കപ്പെടുന്നു എന്നറിയുമ്പോൾ എത്ര കർശനമായ ഗുണനിലവാര പരിശോധനക്കാണ് മെഡിക്കൽ പ്രസിദ്ധീകരണങ്ങൾ വിധേയമാകുന്നത് എന്നു വ്യക്തമാകും. വായിക്കുന്നവർക്കിടയിൽ വിശ്വാസ്യത വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇത്. വായിക്കുന്ന റിവ്യൂവർമാരുടെ പക്ഷഭേദങ്ങൾ ഇതിൽ പ്രതിഫലിക്കും എന്നുള്ള വിമർശനവും മറ്റുമുണ്ട്. അതില്ലാതാക്കാൻ സാധാരണ വായിക്കുന്നവർക്ക് ഇത് ആരെഴുതിയതാണെന്നും, എഴുതിയവർക്ക് റിവ്യൂ ചെയ്യുന്നതാരാണെന്നും അറിയാൻ കഴിയില്ല. ഇതിനു ‘ബ്ലൈൻഡിംഗ്’ അഥവാ ‘മാസ്കിംഗ്’ എന്നു പറയും. ഇത്രക്ക് അരിച്ചുപെറുക്കി പുറത്തുവരുന്നതായതുകൊണ്ട് പിയർ റിവ്യൂഡ് പ്രസിദ്ധീകരണങ്ങൾക്ക് മാറ്റു കൂടും. എന്തൊക്കെ ന്യൂനതകൾ ഉണ്ടെന്നുപറഞ്ഞാലും, പഠനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ നമുക്കുള്ള ഏറ്റവും പറ്റിയ മാർഗം പിയർ റിവ്യൂ തന്നെ ആണ്. എന്നാൽ ഐ എം ഏ യുടെ ഈ പഠനം ഈ രീതിയിലുള്ള പിയർ റിവ്യൂഡ് ജേർണ്ണലിൽ പ്രസിദ്ധീകരിച്ചതായി അറിവില്ല. (ഇതും എനിക്കു പറ്റിയ തെറ്റാകാം, തിരുത്താൻ തയ്യാറാണ്).

ഡോക്ടർമാർ നേരത്തെ മരിച്ചുപോകുന്നുണ്ടോ ?

ഇനി, എന്താണാ പഠനത്തിൽ കണ്ടെത്തിയത് എന്നതിലേക്ക് വരാം. ഡോക്ടർമാരുടെ ശരാശരി മരണപ്രായം (ഏജ് അറ്റ് ഡെത്ത്) കുറവാണെന്നും, അത് കേരളത്തിലെയും ഇന്ത്യയിലേയും പ്രതീക്ഷിത ആയുർദൈർഘ്യവുമായി തുലനം ചെയ്യുമ്പോൾ തീരെ കുറവാണെന്നും അതുകൊണ്ട് സാധാരണജനങ്ങളെ അപേക്ഷിച്ച് ഡോക്ടർമാർ നേരത്തെ മരിച്ചുപോകുന്നു എന്നും ആണ് പഠനത്തിന്റെ പ്രധാന നിഗമനമായി എനിക്കു മനസ്സിലായത്. മരിച്ചുപോകുന്ന ഡോക്ടർമാരുടെ കുടുംബത്തെ സഹായിക്കാനായി ഐ എം ഏ ഏർപ്പെടുത്തിയിട്ടുള്ള ഒരു ഫണ്ടിന്റെ കണക്കുകളാണ് അവർ ഉദ്ധരിച്ചിട്ടുള്ളത്. (കൂട്ടത്തിൽ പറയട്ടെ, ഐ എം ഏയുടെ വളരെ ശ്ലാഘനീയമായ ഒരു പ്രവർത്തനമാണ് ഈ ഫണ്ട്. എല്ലാ പ്രൊഫഷണൽ ഗ്രൂപ്പുകളും അനുകരിക്കേണ്ടതാണ്). മിക്കാവാറും എല്ലാ ഡോക്ടർമാരും അതിൽ അംഗങ്ങളായിരിക്കാൻ സാധ്യത ഉള്ളതുകൊണ്ടും, മരിച്ചുപോയവരുടെ കുടുംബാംഗങ്ങൾ തീർച്ചയായും സഹായം സ്വീകരിച്ചിരിക്കും എന്നുള്ളതുകൊണ്ടും, സാമാന്യം പൂർണ്ണമായ ഒരു ലിസ്റ്റ് ആയിരിക്കും അത് എന്നുള്ളത് തീർച്ചയാണ്. അത്തരത്തിൽ നോക്കിയാൽ ഈ കണക്കുകൾ പരിശോധിക്കുന്നത് നല്ല ഒരു ഉദ്യമം തന്നെയാണ്.

‘ആക്ച്യ്വറി’കൾ

എന്നാൽ ഒരു പഠനം എന്ന നിലക്ക് ഇതിന്റെ ഏറ്റവും പ്രധാന ദൗർബല്യം, ഈ രണ്ടു കണക്കുകളും തമ്മിൽ താരതമ്യം സാധ്യമല്ല എന്നതാണ്. പ്രതീക്ഷിത ആയുർദൈർഘ്യം എന്നത് വളരെ സങ്കീർണ്ണമായ ഒരു മതിപ്പാണ് (എസ്റ്റിമേറ്റ്). അത് ‘യഥാർത്ഥ’ത്തിൽ ഉള്ള ഒരു കണക്കല്ല, മറിച്ച് മറ്റു പല സൂചികകളിൽനിന്നും കണക്കുകൂട്ടി എടുക്കുന്നതാണ്. ഓരൊവർഷവും ഓരോ പ്രായത്തിലും ഉള്ള മരണനിരക്കുകൾ വെച്ചുകൊണ്ട് ‘ലൈഫ് ടേബിളുകൾ’ നിർമ്മിച്ച്, അവയിൽ നിന്ന് കണക്കുകൂട്ടി എടുക്കുന്ന ഒരു മതിപ്പ് കണക്കാണ് (എസ്റ്റമേറ്റ്) ഇത്. ഈ കണക്കുകൾ കൂട്ടാൻ മാത്രമായി പ്രത്യേക വൈദ്ഗദ്ധ്യം ആവശ്യമാണ്- ഇത്തരം വിദഗ്ദ്ധരെ ‘ആക്ച്യ്വറി’കൾ എന്നാണ് പറയുക. ലൈഫ് ഇൻഷുറൻസിലും മറ്റും ഇവരുടെ സേവനം അത്യന്താപേക്ഷിതമാണ്, കാരണം കണക്കുകൾ തെറ്റിയാൽ കമ്പനി വൻ നഷ്ടത്തിലാകാൻ സാധ്യതയുണ്ട്. ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്ന ജോലികളിൽ ഒന്നും ആണ് അക്ച്യ്വറികളുടേത്. ആക്ച്വറി ആയി ജോലി ചെയ്യാൻ പ്രാപ്തരാക്കുന്ന ലണ്ടൻ കേന്ദ്രമായ അന്താരാഷ്ട്ര സംഘടനയുടെ പരീക്ഷ പാസ്സായാൽ ലോകത്തെവിടെയും ജോലി ചെയ്യാൻ സാധിക്കും. (കേരളത്തിലും ആക്ച്വറിയൽ സയൻസ് പഠിപ്പിക്കുന്ന കോഴ്സുകൾ ഉണ്ട്. ഗണിതവും ഡെമോഗ്രഫിയും മറ്റും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു നല്ല ഉപരിപഠന സാധ്യതയാണ് ഇത്).

പ്രതീക്ഷിത ആയുർദൈർഘ്യവും ശരാശരി മരണപ്രായവും

ഇങ്ങിനെ കണക്കാക്കപ്പെടുന്ന പ്രതീക്ഷിത ആയുർദൈർഘ്യം എന്താണ്? അത് സൂചിപ്പിക്കുന്നത് ഒരു കോഹൊർട്ടിൽ പെടുന്നവർക്ക് (ഏതെങ്കിലും പ്രത്യേകത പങ്കിടുന്ന ഒരു സംഘത്തെ കോഹൊർട്ട് എന്നു വിളിക്കാം; ഉദാഹരണത്തിന് ഒരേവർഷം ജനിച്ചവർ), നിലവിലുള്ള മരണനിരക്കുകൾ അനുസരിച്ച് എത്രവർഷം വരെ ശരാശരി ജീവിക്കുമെന്ന് പ്രതീക്ഷിക്കാം എന്നുള്ളതിന്റെ മതിപ്പാണ്. എന്നാൽ നിലവിലുള്ള മരണനിരക്കുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു; മിക്കവാറും നമ്മുടെ അനുഭവത്തിൽ മരണനിരക്കുകൾ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. അതുകൊണ്ടു തന്നെ ഒരു ശരാശരി മനുഷ്യൻ അയാളുടെ ജനനവർഷത്തിൽ കണക്കാക്കപ്പെടുന്ന പ്രതീക്ഷിത ആയുർദൈർഘ്യത്തെ കവച്ചു വെക്കാനാണ് കൂടുതൽ സാധ്യത. ഉദാഹരണത്തിനു, ഞാൻ അൻപതുകളിൽ ജനിച്ച ഒരാളാണ്. അന്നത്തെ കേരളത്തിലെ പ്രതീക്ഷിത ആയുർദൈർഘ്യം അറുപതിൽ താഴെ ആയിരുന്നിരിക്കണം. എന്നാൽ അൻപതുകളിൽ ജനിച്ച മിക്ക ആളുകളും ആ വയസ്സു കഴിഞ്ഞും ജീവിച്ചവർ ആണ്. ഇതിനുകാരണം എന്റെ ജീവിതകാലത്ത് ക്രമമായി ആരോഗ്യസൂചികകൾ മെച്ചപ്പെട്ടുകൊണ്ടിരുന്നു എന്നുള്ളതാണ്. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം പ്രതീക്ഷിത ആയുർദൈർഘ്യം എന്നത് ഒരു ‘കോഹോർട്ടിനെ’ സംബന്ധിക്കുന്ന ഒരു സൂചികയാണ്; അതിൽ ഒരു ‘കാലഗണന’ അടങ്ങിയിട്ടുണ്ട്. അതേസമയം ‘ഏജ് അറ്റ് ഡെത്ത്’ അഥവാ മരണപ്രായം എന്നത് ഒരു ‘പരിച്ഛേദ’ സൂചികയാണ്- അത് ഒരൊറ്റസമയത്തെ അവസ്ഥ സുചിപ്പിക്കുന്നു. മാത്രമല്ല ശരാശരി മരണപ്രായം എന്ന സൂചികയിൽ എത്രപേർ മരണപ്പെട്ടു എന്നുള്ളത് അടങ്ങിയിട്ടില്ല- അൻപതുപേർക്കും അഞ്ഞൂറുപേർക്കും ശരാശരി മരണപ്രായം ഒന്നുതന്നെയാകാം: പക്ഷെ അൻപതു പേർ മരണപ്പെട്ടു എന്നു പറയുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് അഞ്ഞൂറുപേർ മരണപ്പെട്ടു എന്നു പറയുന്നത്.

ഇതുകൊണ്ടൊക്കെതന്നെ ഈ രണ്ടു സൂചികകൾ – പ്രതീക്ഷിത ആയുർദൈർഘ്യവും ശരാശരി മരണപ്രായവും– തമ്മിൽ താരതമ്യം സാധ്യമല്ല. താരതമ്യം ചെയ്യാൻ പറ്റാത്ത സൂചികകളെ തമ്മിൽ താരതമ്യം ചെയ്യുന്നതിന് സാധാരണ വിദഗ്ദ്ധർ പറയുന്നത് ‘ആപ്പിളുകളും ഓറഞ്ചുകളും’ തമ്മിലുള്ള താരതമ്യം എന്നാണ്- എന്നു വെച്ചാൽ ആ താരതമ്യം അസാധു ആണെന്നർത്ഥം. എന്നാൽ ഈ താരതമ്യം തേങ്ങയും ചക്കയും തമ്മിലുള്ള താരതമ്യത്തെ അനുസ്മരിപ്പിക്കുന്നു.

ഒരു സാങ്കല്പിക ഉദാഹരണം പറഞ്ഞാൽ ഇത് ഒരു പക്ഷെ കൂടുതൽ വ്യക്തമായേക്കാം. ഒരു ചെറിയ പട്ടണത്തിലെ ജനസംഖ്യ ഒരു ലക്ഷം എന്ന് സങ്കല്പിക്കുക. ഒരു വർഷം ഈ പട്ടണത്തിൽ ആയിരം മരണം നടക്കുന്നു എങ്കിൽ, മരണനിരക്ക് ആയിരത്തിനു പത്ത് എന്നതാണല്ലോ. മരിച്ചു പോയ ആയിരം പേരെ ഒഴിവാക്കിയാൽ ബാക്കിയായവർ 99000പേർ. എന്നു വെച്ചാൽ ആ പട്ടണത്തിൽ ജീവിക്കുന്ന ഒരാൾക്ക് വർഷാവസാനത്തിൽ അതിജീവനസാധ്യത 99000/100000 = 0.99

ഇനി ഈ പട്ടണത്തിൽ ആയിരം ഡോക്ടർമാർ ഉണ്ടെന്നിരിക്കട്ടെ. (നൂറുപേർക്ക് ഒരു ഡോക്ടറുള്ള ഒരു കിനാശ്ശേരിയാണ് ഈ പട്ടണം!). ഇവരുടെ ഇടയിൽ ഒരു വർഷം അഞ്ചുമരണങ്ങൾ; അതായത് ഡോക്ടർമാരുടെ മരണനിരക്ക് പൊതുനിരക്കിനെ അപേക്ഷിച്ച് പകുതി മാത്രം- ആയിരത്തിനു അഞ്ച്. ഈ നഗരത്തിലെ ഡോക്ടർമാരുടെ അതിജീവനസാധ്യത 995/1000 = 0.995. ഡോക്ടർമാർക്ക് അതിജീവനസാധ്യത കൂടുതൽ ആയിരിക്കും എന്നർത്ഥം.

എന്നാൽ ഈ പട്ടണത്തിൽ ഈ വർഷം മരിക്കുന്ന ആയിരം പേരുടെ ശരാശരി മരണപ്രായം അറുപത്തഞ്ച് എന്നിരിക്കട്ടെ. മരിച്ചുപോയ ഡോക്ടർമാരുടെ ശരാശരി മരണപ്രായം അറുപത്തിരണ്ട് എന്നും ഇരിക്കട്ടെ. ഇത് തികച്ചും സാധ്യമായ കാര്യമാണെന്ന് കുറച്ചു ചിന്തിച്ചാൽ ബോധ്യമാകും, കാരണം അഞ്ച് എന്നത് ആയിരം എന്നതിനെ അപേക്ഷിച്ച് തീരെ ചെറിയ ഒരു സംഖ്യയാണ്; അതുകൊണ്ട് തന്നെ ഈ നിരക്കിൽ ഏറ്റക്കുറച്ചിലുകൾ (fluctuations) കൂടുതലായിരിക്കും. ചിലപ്പോൾ പൊതു ശരാശരിയെക്കാൾ ഉയർന്നു നിൽക്കാം, ചിലപ്പോൾ താഴെപ്പോകാം. സംഖ്യകളുമായി സമ്പർക്കമുള്ള ആർക്കും ഇത് പരിചിതമായിരിക്കും. ഇങ്ങിനെ ഒരു അവസ്ഥയിൽ, ഡോക്ടർമാരുടെ ശരാശരി മരണപ്രായം കുറവാണെന്നതുകൊണ്ട് അവരുടെ ശരാശരി ആയുർദൈർഘ്യം- അഥവാ അതിജീവനസാധ്യത-  കുറവാണെന്നു വരുന്നില്ല എന്നത് വ്യക്തമായി എന്ന് കരുതുന്നു.

ഡോക്ടർമാരുടെ പ്രതീക്ഷിത ആയുർദൈർഘ്യം കണ്ടുപിടിക്കണം എന്നിരിക്കട്ടെ. പ്രതീക്ഷിത ആയുർദൈർഘ്യം എന്ന സൂചികയിൽ (എസ്റ്റിമേറ്റ്) അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് വരെ ഉൾപ്പെട്ടിരിക്കുന്നു. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ ആരൊക്കെ ഡോക്ടർമാരാകും എന്നു പ്രവചിക്കുക അസാദ്ധ്യമായതുകൊണ്ട്, ജനനസമയം മുതലുള്ള ഡോക്ടർമാരുടെ പ്രതീക്ഷിത ആയുർദൈർഘ്യം കണക്കാക്കൽ എളുപ്പമല്ല. ചെയ്യാൻ പറ്റുന്ന കാര്യം മുപ്പതു വയസ്സിലെ പ്രതീക്ഷിത ആയുർദൈർഘ്യത്തിൽ (മുപ്പതു വയസ്സായവർ ഇനിയെത്രകൊല്ലം ജീവിക്കാൻ സാധ്യതയുണ്ട് എന്നുള്ള മതിപ്പ്) ഡോക്ടർമാരും പൊതുസമൂഹവും തമ്മിൽ വ്യത്യാസമുണ്ടോ എന്നു നോക്കുക എന്നുള്ളതാണ്. അങ്ങിനെ ഒരു ശ്രമം ഈ പഠനത്തിലും നടത്തിയതായി തോന്നുന്നില്ല.

മേല്പറഞ്ഞതാണ് ഐ എം ഏ പഠനത്തിന്റെ പ്രധാന ന്യൂനത. പിയർ റിവ്യൂവിലൂടെ കടന്നുപോയിരുന്നെങ്കിൽ ഇത് തീർച്ചയായും കണ്ടുപിടിക്കപ്പെട്ടേനെ. അതൊന്നും വേണ്ട, ഐ എം ഏ അംഗങ്ങളായുള്ള പബ്ലിക് ഹെൽത്ത്, കമ്മ്യൂണിറ്റി മെഡിസിൻ, എപിഡെമിയോളജി എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം ആരാഞ്ഞാലും ചിലപ്പോൾ പുറത്തുവന്നേനെ. പലപ്പോഴും കണക്കിന്റെ യുക്തി ‘കൗണ്ടർ ഇന്റ്യൂറ്റീവ്’– സഹജബോധത്തിനു വിരുദ്ധമായത്-  ആണെന്നുള്ളതുകൊണ്ട് എല്ലാവർക്കും വ്യക്തമാകണമെന്നില്ല താനും.  ഒരു പക്ഷെ ഈ പഠനത്തിന്റെ ഉപജ്ഞാതാക്കൾക്ക് അതിന്റെ ആവശ്യകത തോന്നിക്കാണില്ല.

ഡോക്ടർമാരുടെ ആരോഗ്യം പൊതുജനങ്ങളെ അപേക്ഷിച്ച് മോശമാണൊ എന്നെനിക്കറിയില്ല. ആകാം, അല്ലായിരിക്കാം. ഇവിടെ പറയുന്നത് ഈ പേപ്പറിന്റെ അടിസ്ഥാനത്തിൽ അങ്ങിനെയൊരു നിഗമനത്തിൽ എത്താനാകില്ല എന്നു മാത്രമാണ്. ഡോക്ടർമാരുടെ ആരോഗ്യത്തെപ്പറ്റിയുള്ള ഒരു അക്കാദമിക് സംവാദത്തിൽ ഇത് ഒരു പക്ഷെ വലിയ പ്രാധാന്യമുള്ളതായി തോന്നില്ല, കാരണം ഇത് ഒരു ശ്രദ്ധിക്കപ്പെട്ട പഠനമൊന്നും അല്ല. അതുകൊണ്ടുതന്നെയായിരിക്കണം ഈ പഠനത്തിനെക്കുറിച്ച് വിയോജനക്കുറിപ്പുകളൊന്നും വരാഞ്ഞത്. പക്ഷെ ഈയിടെ ഐ ഏം ഏ യുടെ ചില വക്താക്കൾ പ്രമുഖ വ്യക്തികൾ ആധുനികവൈദ്യത്തെ അവഗണിച്ചുകൊണ്ട് ഇതര ചികിത്സാരീതികളെ അവലംബിക്കുന്നത് അപകടമാണെന്നുള്ള തരത്തിലുള്ള ചില അഭിപ്രായപ്രകടനങ്ങൾ നടത്തുകയുണ്ടായി. അതിനു മറുപടിയായി അന്താരാഷ്ട്ര പ്രവർത്തനപരിചയമുള്ള സാമൂഹ്യശാസ്ത്രജ്ഞർ പോലും ഈ പഠനം ഉദ്ധരിച്ചുകൊണ്ട്, ‘ആധുനിക വൈദ്യം ഇത്ര കേമമാണെങ്കിൽ ഡോക്ടർമാരുടെ ആയുസ്സറ്റുപോകുന്നത് എന്തുകൊണ്ട്’ എന്ന നിലയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിച്ചതുകാണാൻ ഇടയായി. ഈ കമെൻ്റുകൾ ആണ് ഈ ലേഖനത്തിലേക്ക് നയിച്ചത്.

ഡോക്ടർമാരുടെ ആയുസ്സിനെക്കുറിച്ചോ, ചികിത്സാരീതികളുടെ മെച്ചത്തെക്കുറിച്ചോ, ഐ എം ഏയുടെ പഠനത്തെക്കുറിച്ചോ ഒന്നും ഒരു സംവാദത്തിനു മുതിരാൻ താല്പര്യമില്ല. പക്ഷേ ഘടനാപരമായി ദുർബലമായ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി നയങ്ങൾ ചർച്ച ചെയ്യുന്നതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. നിർഭാഗ്യവശാൽ ആരോഗ്യമേഖലയിലെ പല സംവാദങ്ങളും – വിവാദങ്ങളും – ഇതുപോലെ ദുർബലമായ പഠനങ്ങളെ മുൻനിർത്തിക്കൊണ്ടാണെന്ന് പറയാതെ വയ്യ. വിസ്താരഭയത്താൽ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നില്ല. പക്ഷേ ഇക്കാര്യത്തിൽ നാം ഒറ്റപ്പെട്ടവരല്ല എന്നു മാത്രം- ലോകത്തെമ്പാടും ഡാറ്റ ശരിയായി വ്യഖ്യാനിക്കപ്പെടാത്തത് നയരൂപീകരണത്തിൽ പാളിച്ചകൾ ഉണ്ടാക്കുമെന്നതിനു തെളിവുകളുണ്ട്. നയങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും ഒരുപക്ഷെ ഇത് ക്ഷമിക്കാവുന്നതാണ്. പക്ഷെ ശാസ്ത്രാഭിമുഖ്യം അവകാശപ്പെടുന്നവർ തീർച്ചയായും കാര്യങ്ങൾ ശരിയായി മനസ്സിലാക്കണം. അവർക്ക് അക്കപരിമിതി ഒരു ഭൂഷണമല്ല.

ലേഖനങ്ങൾ

Happy
Happy
56 %
Sad
Sad
0 %
Excited
Excited
44 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

3 thoughts on “അക്കപരിമിതിയുടെ പരിണിതഫലങ്ങൾ

  1. ഏറെ ഉൾക്കാഴ്ച്ച നൽകുന്ന വിശകലനം. ആരോഗ്യമേഖലയിലെ പല സംവാദങ്ങളുടെയും വസ്തുതാപരമായ അടിത്തറ മെച്ചപ്പെടുത്താൻ ഇതിന് കഴിയട്ടെ. നന്ദി പ്രിയ ഡോക്ടർ.

Leave a Reply

Previous post കുട്ടികളിലെ ന്യുമോണിയ രോഗവ്യാപനത്തിൽ മൈകോപ്ലാസ്മ ന്യുമോണിയയുടെ പങ്ക്
Next post ആരോഗ്യരംഗം കേന്ദ്രസർക്കാർ ഇടപെടലുകളും വെല്ലുവിളികളും
Close