Read Time:18 Minute

2023 ലെ കുട്ടികളിലെ ന്യുമോണിയ രോഗവ്യാപനത്തിൽ മൈകോപ്ലാസ്മ ന്യുമോണിയയുടെ പങ്ക്

എന്താണ് മൈകോപ്ലാസ്മ ന്യുമോണിയ?, രോഗനിർണ്ണയവും മുൻകരുതലും എങ്ങനെ ?, കുട്ടികളിലെ രോഗവ്യാപനത്തിന്റെ കാരണങ്ങൾ എന്തെല്ലാം ?

ചൈന, ഡെൻമാർക്ക്, ഫ്രാൻസ്, നെതർലാൻഡ്സ്, അമേരിക്കൻ ഐക്യ നാടുകളിലെ ഒഹായോ എന്നിവിടങ്ങളിൽ കുട്ടികളിൽ ന്യുമോണിയ  രോഗബാധയുടെ വർദ്ധനവ്  രേഖപ്പെടുത്തിയിട്ടുണ്ട്. ഇൻഫ്ലുൻസ വൈറസ്, കൊറോണ വൈറസ്, റെസ്‌പിറേറ്ററി സിൻസീഷ്യൽ വൈറസ് എന്നിവയും, മൈകോപ്ലാസ്മ ന്യുമോണിയ എന്നീ രോഗാണുക്കളാണ് ഈ രോഗാവർദ്ധനവിന് കാരണം. മേൽപറഞ്ഞ രോഗാണുക്കളിൽ മൈകോപ്ലാസ്മ ന്യൂമോണിയെ  എന്ന ബാക്റ്റീരിയയയാണ്  ന്യുമോണിയ രോഗബാധയുടെ വർദ്ധനവിന് കാരണമായ പ്രധാന രോഗാണു.

മൈകോപ്ലാസ്മ ന്യുമോണിയ. കടപ്പാട് : CDC, Atlanta.

എന്താണ് മൈകോപ്ലാസ്മ ന്യുമോണിയ?

കമ്മ്യൂണിറ്റി-അക്വയേർഡ് ന്യുമോണിയക്ക് (CAP, ആശുപത്രികൾക്ക് പുറത്തുനിന്ന്/ സമൂഹത്തിൽ നിന്ന് പിടിപെടുന്ന ന്യുമോണിയ) കാരണമാകുന്ന ഒരു മുഖ്യ രോഗാണുവാണ് മൈക്കോപ്ലാസ്മ ന്യൂമോണിയെ. ഇവ സാധാരണ ഗുരുതരമല്ലാത്ത (ആശുപത്രി വാസം ആവശ്യമില്ലാത്ത) ന്യുമോണിയക്ക് കാരണമാകുന്നു, ഇക്കാരണത്താൽ ഈ അസുഖം വാക്കിങ് ന്യുമോണിയ (Walking pneumonia) എന്നറിയപ്പെടുന്നു.  സാധാരണയായി ചുമ, തുമ്മൽ എന്നിവയിലൂടെ ( through respiratory droplets produced by sneezing and cough) ഈ രോഗാണു ഒരാളിൽ നിന്ന്  മറ്റൊരാളിലേക്ക് പകരുന്നു. വളരെ അടുത്തു സമ്പർക്കം ഈ രോഗാണുവിന്റെ വ്യാപനത്തിന്  ആവശ്യമാണ്.

വളരെ ചെറിയ  ബാക്റ്റീരിയയായ മൈക്കോപ്ലാസ്മ ന്യുമോണിയ മറ്റ് ബാക്റ്റീരിയകളിൽ നിന്നും വളരെ വ്യത്യസ്തമാണ്: ഇവയ്ക്ക്  സാധാരണ ബാക്റ്റീരിയകളിൽ കാണുന്ന കോശഭിത്തി (peptidoglycan cell wall) ഇല്ല, മറ്റ്  ബാക്റ്റീരിയകളെ അപേക്ഷിച്ച്  ഇവയുടെ വളർച്ച വളരെ പതുക്കെയാണ്, ഇവ സ്വയം വിഭജിക്കാൻ കഴിവുള്ള ഏറ്റവും ചെറിയ ബാക്റ്റീരിയകളിൽ ഒന്നാണിവ, ഇവയ്ക്ക്  ജീനോം വളരെ ചെറുതും ഉയർന്ന സ്ഥിരതയുള്ളതുമായ ജീനോം ഉണ്ട് (816,394 bp). കോശഭിത്തിയുടെ അഭാവം ഈ ബാക്റ്റീരിയയെ നിർജലീകരണത്തിൽനിന്ന്  സംരക്ഷിക്കുകയും, ബാക്റ്റീരിയൽ കോശത്തിന് ഓസ്മോട്ടിക് സ്ഥിരത നൽകുകയും ചെയ്യും.

പ്രകൃതിയിൽ ഒറ്റയ്ക്ക് അതിജീവിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ജീവികളാണ് മൈകോപ്ലാസ്മ സ്പീഷീസിൽപ്പെട്ട ബാക്റ്റീരിയകൾ. 120-ലധികം മൈകോപ്ലാസ്മ സ്പീഷീസുകളുണ്ട്;ഇതിൽ നാലെണ്ണം മാത്രമേ മനുഷ്യനിൽ രോഗത്തിന് കാരണമാകുന്നുള്ളൂ. ഇവയിൽ മൈകോപ്ലാസ്മ ന്യുമോണിയയാണ് മനുഷ്യരിൽ സാധാരണയായി രോഗമുണ്ടാക്കുന്ന രോഗാണു. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളിൽ മാത്രം ജീവിക്കാൻ സാധിക്കുന്ന ഇവയുടെ പുനരുൽപാദനം (reproduction) ആതിഥേയ കോശവുമായുള്ള ബന്ധനത്തെ (attachment) ആശ്രയിച്ചിരിക്കുന്നു. ശ്വാസകോശ നാളിയിലെ എപ്പിത്തീലിയൽ കലകളിൽ പറ്റിപിടിക്കുന്ന മൈക്കോപ്ലാസ്മ ന്യുമോണിയ അവിടങ്ങളിലെ കോശങ്ങൾക്കും,സിലിയകൾക്കും (ശ്വാസനാളത്തിൽ കാണപ്പെടുന്ന ചെറിയ മുടി പോലുള്ള ഒരു വസ്തു) പരിക്ക് ഉണ്ടാക്കുന്നു, കൂടാതെ ആതിഥേയ പ്രതിരോധ സംവിധാനങ്ങളും കോശങ്ങളുടെ നാശത്തിന്  പങ്ക് വഹിക്കുന്നുണ്ട്. അതിനെ തുടർന്ന്  ബാക്റ്റീരിയ  ശ്വാസകോശത്തിന്റെ മറ്റ്  ഭാഗങ്ങളിലേക്ക്  നീങ്ങുന്നു.

മേൽ,കീഴ് ശ്വസനേന്ദ്രിയ നാളത്തിൽ രോഗബാധ ഉണ്ടാക്കാൻ മൈക്കോപ്ലാസ്മ ന്യൂമോണിയ്ക്ക് കഴിയും. ഇതിന് 2 മുതൽ 3 ആഴ്ച വരെ നീളുന്ന ഇൻകുബേഷൻ കാലയളവ് ഉണ്ട്. മിക്ക ശ്വാസകോശ രോഗകാരികളെയും പോലെ, അണുബാധ സാധാരണയായി ശൈത്യകാലത്താണ് സംഭവിക്കുന്നത്, പക്ഷേ വർഷം മുഴുവനും ഇത് സംഭവിക്കാം. മൈക്കോപ്ലാസ്മ അണുബാധയുടെ ഏറ്റവും സാധാരണ രോഗലക്ഷണം ജലദോഷ ലക്ഷണങ്ങൾ  പ്രകടിപ്പിക്കുന്ന ട്രാക്കിയോബ്രോങ്കൈറ്റിസ് ആണ്. എന്നാൽ 5% മുതൽ 10% രോഗികളിൽ  ഈ രോഗാണുബാധ അസാധാരണമായ അഥവാ നേരിയ ന്യൂമോണിയ (atypical pneumonia) ആയി മാറിയേക്കാം. ശ്വസനേന്ദ്രിയവ്യൂഹത്തിന് പുറത്തും പ്രത്യേകിച്ച് കേന്ദ്ര  നാഡീവ്യവസ്ഥയിൽ (central nervous system) ഈ ബാക്റ്റീരിയക്ക്  രോഗം ഉണ്ടാക്കാൻ സാധിക്കും.  സൈനിക റിക്രൂട്ട്‌മെന്റുകൾ, ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, മറ്റ് ദീർഘകാല പരിചരണ സൗകര്യങ്ങൾ എന്നിവിടങ്ങളിൽ മൈകോപ്ലാസ്മ അണുബാധ കൂടുതൽ കാണപ്പെടുന്നു.

രോഗനിർണ്ണയം 

കൾച്ചർ, സീറോളജി, ആർടി പിസിആർ  രീതികൾ ഉപയോഗിച്ച് മൈകോപ്ലാസ്മ ന്യുമോണിയ അണുബാധ കണ്ടുപിടിക്കാവുന്നതാണ്. സാധാരണ ഉപയോഗിക്കുന്ന ലൈറ്റ് മൈക്രോസ്കോപ്പ്  ഉപയോഗിച്ച്  ഇവയെ കണ്ടെത്താനാവില്ല. റഫറൻസ്  ലാബുകളിൽ ആന്റിമൈക്രോബിയൽ സംവേദനക്ഷമത പരിശോധനയ്ക്കും, ജീനോടൈപ്പിങ്ങിനും (ജനിതക രൂപം കണ്ടുപിടിക്കൽ) കൾച്ചർ രീതി  ഉപയോഗിച്ച്  വരുന്നു, ഇതിനായി സെറം അടങ്ങിയ പ്രത്യേക മീഡിയ ആവശ്യമാണ്. ആർടി പിസിആർ രോഗാണുനിർണയത്തിനും ആന്റിമൈക്രോബിയൽ സംവേദനക്ഷമത പരിശോധനയ്ക്കും ഉപയോഗിക്കുന്നു.

ചികിത്സയും മുൻകരുതലും

മിക്ക മൈക്കോപ്ലാസ്മ ന്യൂമോണിയ അണുബാധയും സ്വയം ഭേദമാകുന്നതാണ്. എന്നാൽ ന്യൂമോണിയ പോലുള്ള സങ്കീർണതകൾക്ക്  ആന്റിബയോട്ടിക്  ചികിത്സ (macrolide, tetracycline, fluoroquinolone classes of antibiotics) ആവശ്യമാണ്. എന്നാൽ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം കാണിക്കുന്ന (macrolide resistance) മൈക്കോപ്ലാസ്മ ന്യൂമോണിയ 2000 മുതൽ,  പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളിൽ,  കണ്ട് വരുന്നുണ്ട്.

അണുബാധ തടയാൻ പ്രത്യേകിച്ച്  ഒരു വാക്സിനും ലഭ്യമല്ല. എന്നാൽ കൈകഴുകൽ,  മാസ്ക് ഉപയോഗം, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോളോ ഉള്ള മുൻകരുതൽ,  തുടങ്ങിയ ശുചിത്വ മുൻകരുതലുകൾ അണുബാധയെ തടയാൻ സഹായിക്കും.

2023 ലെ കുട്ടികളിലെ ന്യുമോണിയ പൊട്ടിപുറപ്പെടൽ

2023 ഒക്ടോബർ മുതൽ വടക്കൻ ചൈനയിൽ (Beijing and Liaoning) ശ്വാസകോശരോഗങ്ങളിൽ, പ്രത്യേകിച്ച് കുട്ടികളിൽ അസാധാരണമായ വർദ്ധനവ്  രേഖപെടുത്തി. COVID-19 നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതും തണുപ്പ്  കാലത്തിന്റെ  വരവും, ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV), SARS-CoV-2  തുടങ്ങിയ അറിയപ്പെടുന്ന രോഗാണുക്കൾ പ്രചരിക്കുന്നതുമാണ് ഈ വർദ്ധനവിന് കാരണമായി ചൈനീസ് അധികൃതർ പറയുന്നത്. ഇതിൽ മൈകോപ്ലാസ്മ ന്യുമോണിയയും RSV-യും മുതിർന്നവരേക്കാൾ കുട്ടികളെ ബാധിക്കുന്ന രോഗാണുക്കളാണ്. ഈ രോഗ വർദ്ധനവിന്  പ്രധാന ഉത്തരവാദി മൈകോപ്ലാസ്മ ന്യുമോണിയയാണ്. മെയ് മുതൽ മൈകോപ്ലാസ്മ ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട് ചെയ്തതായി  ചൈന  ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട് .

വേനൽക്കാലത്തിനു ശേഷം ഡെൻമാർക്കിലും  ന്യുമോണിയ കേസുകൾ വർദ്ധിച്ചതായി ഡാനിഷ് ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ കോപ്പൻഹേഗനിലെ ഗവേഷണ സ്ഥാപനമായ സ്റ്റാറ്റൻസ് സെറം ഇൻസ്റ്റിറ്റ്യൂട്ടിട്ട്  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവംബർ 26 ന് അവസാനിച്ച ആഴ്ചയിൽ ഡെൻമാർക്കിൽ 541 പുതിയ കേസുകൾ രേഖപ്പെടുത്തി, ഈ  കേസുകളുടെ  എണ്ണം മൂന്നാഴ്ച മുമ്പ് രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയിലധികമാണ്. മറ്റൊരു യൂറോപ്പ്യൻ രാജ്യമായ നെതർലാൻഡ്സിലും കുട്ടികളിലെ ന്യുമോണിയുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.  നവംബർ അവസാന ആഴ്ച്ചയിലെ കണക്കുപ്രകാരം 5 നും 15 നും ഇടയിൽ പ്രായമുള്ള നെതർലാൻഡിലെ ഓരോ 100,000 കുട്ടികളിൽ 80 പേരിലും ന്യുമോണിയബാധ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത്  2022 ൽ 100,000 കുട്ടികളിൽ 60  ആയിരുന്നു. നാല്  വയസിന്  താഴെയുള്ള കുട്ടികളിൽ കേസ് വർദ്ധനവ്  100,000 ത്തിൽ 124 മുതൽ 145 വരെയാണ്.

ഫ്രാൻസിലും ദക്ഷിണ കൊറിയയിലും മൈകോപ്ലാസ്മ ന്യുമോണിയ കേസുകളുടെ വർദ്ധനവ്  രേഖപ്പെടുത്തിയിട്ടുണ്ട്. 2023 നവംബർ 23 വരെയുള്ള കണക്കുകൾ പ്രകാരം ,ദക്ഷിണ കൊറിയയിൽ 1,000-ത്തിലധികം മൈക്കോപ്ലാസ്മ ന്യൂമോണിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളിൽ ഭൂരിഭാഗം പേരും 14 വയസ്സിന്  താഴേയുള്ള കുട്ടികളാണ്. ഫ്രാൻ‌സിൽ 15 വയസിന് താഴെയുള്ള കുട്ടികളിൽ  ന്യുമോണിയ കേസുകളുടെ 36% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അമേരിക്കൻ ഐക്യ നാടുകളിലെ ഒഹായോയിലെ വാറൻ കൗണ്ടിയിൽ ഏകദേശം 150 കുട്ടികളിൽ ന്യുമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലാൻസെറ്റ് മൈക്രോബിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് പ്രകാരം 2023 ഏപ്രിൽ മുതൽ ഏഷ്യയിലെയും, യുറോപ്പിലേയും പല രാജ്യങ്ങളിലും മൈകോപ്ലാസ്മ  ന്യുമോണിയ കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. COVID-19 മഹാമാരിക്ക് മുമ്പ് പല  രാജ്യങ്ങളിലും  1-3 വരേയുള്ള ഇടവേളകളിൽ മൈകോപ്ലാസ്മ  ന്യുമോണിയ എപ്പിഡെമിക്കുകൾ ഉണ്ടാകാറുണ്ട്. എന്നാൽ COVID-19 പാൻഡെമിക്കിന്റെ നിയന്ത്രിക്കാൻ നടപ്പിലാക്കിയ കർശന നിയന്ത്രണങ്ങൾ ഈ അണുബാധയുടെ കുത്തനെയുള്ള ഇടിവിന്  കാരണമായി. എന്നാൽ നിയന്ത്രണങ്ങളുടെ എടുത്തുമാറ്റൽ ഈ രോഗത്തിന്റെ തിരിച്ചുവരവിന്  കാരണമായി.

രോഗത്തിന്റെ വൈകിയുള്ള തിരിച്ച് വരവിന്  പല കാരണങ്ങൾ ഉണ്ട് :

  1. മറ്റ്  ശ്വാസകോശ രോഗാണുക്കളെ അപേക്ഷിച്ച് മൈകോപ്ലാസ്മ ന്യുമോണിയ പടരുന്നതിന് വളരെ അടുത്ത സമ്പർക്കം ആവശ്യമാണ്,  എന്നാൽ പാൻഡെമിക് നിയന്ത്രണങ്ങൾ ഇത് തടഞ്ഞു,.
  2. മൈകോപ്ലാസ്മ അണുബാധകൾ സാധാരണയായി ദീർഘകാല പ്രതിരോധശേഷി ഉണ്ടാക്കുന്നു. പാൻഡെമിക് സമയത്തെ കുറഞ്ഞ രോഗാണുവിന്റെ കുറഞ്ഞ ചംക്രമണം അണുബാധയ്ക്ക് വഴങ്ങുന്ന ജനസംഖ്യയുടെ  വർദ്ധനവിന് കാരണമായി,
  3. കൂടാതെ വർദ്ധിച്ച രോഗാണുവിന്റെ തുടർച്ചയായ നിരീക്ഷണം രോഗത്തിന്റെ പൊട്ടിപുറപ്പെടൽ പെട്ടെന്ന്  തിരിച്ചറിയുന്നതിന്  സഹായിച്ചു, ഇത്  തുടർച്ചയായ  രോഗാണു നിരീക്ഷണത്തിന്റെ ആവശ്യകതയിലേക്ക്  വിരൽ ചൂണ്ടുന്നു.

മേല്പറഞ്ഞ കാരണങ്ങൾ കൂടാതെ ആന്റിബയോട്ടിക്കുകളോട്  പ്രതിരോധം കാണിക്കുന്ന രോഗാണുക്കളും രോഗ വർദ്ധനവിന്  കരണമായിട്ടുണ്ടാകാം.ബീജിംഗിൽ മൈകോപ്ലാസ്മ ന്യുമോണിയയുടെ മാക്രോലൈഡുകളുടെ പ്രതിരോധ നിരക്ക് 70% നും 90% നും ഇടയിലാണെന്ന് പഠനങ്ങൾ കാണിക്കുന്നു. അവസാനമായി രോഗാണുവിന്റെ സവിശേഷതകളായ സാവധാനത്തിലുള്ള വളർച്ചാ സമയം, നീണ്ട ഇൻകുബേഷൻ കാലയളവ് (1-3 ആഴ്ച), താരതമ്യേന കുറഞ്ഞ പ്രസരണ നിരക്ക് എന്നിവയും രോഗത്തിന്റെ വൈകിയുള്ള തിരിച്ച്  വരവിന്കാരണമായിട്ടുണ്ടാകാം.

ഉപസംഹാരം

ഏഷ്യയിലും, യൂറോപ്പിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യുമോണിയ അടക്കമുള്ള ശ്വാസകോശ രോഗങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളെയാണ് ഈ രോഗങ്ങൾ ഏറ്റവും അധികം ബാധിച്ചത്.COVID-19 നിയന്ത്രണങ്ങൾ എടുത്തുകളയൽ, ശൈത്യകാലത്തിന്റെ ആരംഭം, സാധാരണ ശ്വാസകോശ രോഗാണുക്കളുടെ ചംക്രമണം എന്നിവയാണ് ഈ വർദ്ധനവിന് കാരണം. മൈകോപ്ലാസ്മ ന്യുമോണിയയുടെ വൈകിയുള്ള തിരിച്ചുവരവ്  ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ ഈ രോഗവ്യാപനം രോഗ നിരീക്ഷണത്തിന്റെ  പ്രാധാന്യം കാണിക്കുന്നുണ്ട് തുടർച്ചയായ  രോഗാണു നിരീക്ഷണം ഇത്തരത്തിലുള്ള രോഗങ്ങളുടെ പൊട്ടുപുറപ്പെടലിനെ തിരിച്ചറിയാനും, രോഗവ്യാപനം തടയാനും സഹായിക്കും.

രോഗവ്യാപനത്തിന്റെ ആഴത്തിലുള്ള വിശകലനത്തിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.


അധിക വായനയ്ക്ക്

  1. https://www.nature.com/articles/d41586-023-03732-w
  2. https://www.forbes.com/sites/joshuacohen/2023/11/25/mycoplasma-likely-main-culprit-of-outbreak-of-pediatric-cases-of-pneumonia-worldwide/?sh=a0dcf551176c
  3. https://www.thelancet.com/journals/lanmic/article/PIIS2666-5247(23)00344-0/fulltext
  4. https://www.washingtonpost.com/health/2023/12/01/pneumonia-ohio-outbreak-white-lung-mycoplasma-china-europe/
  5. https://www.globaltimes.cn/page/202310/1299756.shtml
  6. https://www.cdc.gov/pneumonia/atypical/mycoplasma/index.html
  7. https://www.ncbi.nlm.nih.gov/books/NBK430780/

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് പുതിയ വകഭേദം കരുതൽ വർധിപ്പിക്കണം അമിത ഭീതി വേണ്ട
Next post അക്കപരിമിതിയുടെ പരിണിതഫലങ്ങൾ
Close