Read Time:18 Minute
  • ഇന്ത്യയിൽ പ്രാഥമികാരോഗ്യരംഗത്ത് കൂടുതൽ ഊന്നൽ നൽകാനായി 2005-ൽ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ നാൾവഴികൾ വിവരിക്കുന്നു.
  • പതിനാലാം ഫിനാൻസ് കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച് മിഷന്റെ പ്രവർത്തന ഫണ്ടിന്റെ സംസ്ഥാന വിഹിതം 25% – ത്തിൽ നിന്നും ഒറ്റയടിക്ക് 40% ആക്കി മാറ്റി കേന്ദ്ര സർക്കാർ നിർണ്ണയിക്കുന്ന മുൻഗണനകൾ നടപ്പിൽ വരുത്താൻ സംസ്ഥാനങ്ങളെ ബാധ്യസ്ഥരാക്കിയതെങ്ങനെ എന്ന് വിശദമാക്കുന്നു.

ഭരണഘടന അനുസരിച്ച് ഇന്ത്യയിൽ ആരോഗ്യപരിപാലനം സംസ്ഥാനത്തിന്റെ ഉത്തരവാദിത്വത്തിൽ വരുന്ന വിഷയമാണ്. അതിനാൽത്തന്നെ, പ്രധാനമായും ആരോഗ്യമേഖലയ്ക്കുവേണ്ട ഫണ്ട് സ്വരൂപണം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമായി വരുന്നു. ഇന്ത്യയിൽ സ്വാതന്ത്ര്യാനന്തരം വിവിധ സംസ്ഥാനങ്ങളിൽ ആരോഗ്യമേഖലയ്ക്ക് കൊടുത്ത ഊന്നലനുസരിച്ചും, ആരോഗ്യത്തെ പരോക്ഷമായി സ്വാധീനിക്കാൻ സാധ്യതയുള്ള വിദ്യാഭ്യാസം, പാർപ്പിടം, മാലിന്യ സംസ്കരണം തുടങ്ങി വിവിധ മേഖലയിലുള്ള വളർച്ചയനുസരിച്ചും വിവിധ സംസ്ഥാനങ്ങളിലിന്ന് നിലനിൽക്കുന്ന ആരോഗ്യ സൂചികകൾ വ്യത്യസ്ത അളവിലും തലത്തിലുമാണ് ഉള്ളത്. കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം വിവിധ ഗവൺമെന്റുകളുടെ പുരോഗമനപരമായ നിലപാടുകളും പ്രാഥമികാരോഗ്യ മുൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണരംഗത്തുള്ള ഇടപെടലുകളുംമൂലം നമ്മുടെ സംസ്ഥാനം ആരോഗ്യ സൂചകങ്ങളിൽ ഇന്ത്യയിൽ പ്രഥമസ്ഥാനം നിലനിർത്തുകയാണിന്ന്.

ആരോഗ്യരംഗത്തെ വിഭവ ലഭ്യത ഉറപ്പുവരുത്തേണ്ടത് സംസ്ഥാനങ്ങളാണെങ്കിലും വിവിധ ദേശീയ പദ്ധതികളിലൂടെ രാജ്യത്ത് ആരോഗ്യ രംഗത്തെ ദിശ നിർണ്ണയിക്കുന്നതിൽ ഗവൺമെന്റ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യം നേരിടുന്ന പൊതുവാരോഗ്യ വെല്ലുവിളികൾ, പകർച്ചവ്യാധി നിയന്ത്രണം, മാതൃശിശു സംരക്ഷണം എന്നീ മേഖലകളിൽ പ്രത്യേകിച്ച് ഇന്ത്യയിലാകെ പൊതുവായ അജണ്ടയും ലക്ഷ്യവും നിർണ്ണയിക്കാൻ കേന്ദ്രസർക്കാർ ദേശീയ പദ്ധതികളിലൂടെ ഇടപെട്ടു വരുന്നു. ആ സാഹചര്യത്തിൽ പ്രാഥമികാരോഗ്യ രംഗത്ത് കൂടുതൽ ഊന്നൽ നൽകാനായി 2005-ൽ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ് നാഷണൽ റൂറൽ ഹെൽത്ത് മിഷൻ. 2013 നഗരങ്ങളിലേക്കും പദ്ധതിയെ വ്യാപിപ്പിച്ചുകൊണ്ട് ഇന്ന് നാഷണൽ ഹെൽത്ത് മിഷന്റെ കീഴിലാണ് കേന്ദ്രസർക്കാറിന്റെ ആരോഗ്യമേഖലയിലുള്ള ഇടപെടൽ പ്രധാനമായും നടക്കുന്നത്.

നാഷണൽ ഹെൽത്ത് മിഷന്റെ നാൾവഴികൾ

2005 മിഷൻ ആരംഭിക്കുമ്പോൾ 90:10 എന്ന തോതിലായിരുന്നു കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ഫണ്ട് വിഹിതം. ഈ അനുപാതത്തിൽ ഘട്ടം ഘട്ടമായി മാറ്റം വരുത്തുകയും 2012-13 കാലഘട്ടം ആകുമ്പോഴേക്കും 75:25 എന്ന രീതിയിൽ സംസ്ഥാന വിഹിതം കൂട്ടി നിശ്ചയിക്കപ്പെടുകയും ചെയ്തു. പ്രാഥമിക ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാനും അതിനായുള്ള ഫണ്ട് ഉപയോഗം എല്ലാ സംസ്ഥാനങ്ങളിലും ഉറപ്പുവരുത്താനുമുള്ള ഒരു സുപ്രധാന ഇടപെടൽ ആയിരുന്നു ഈ മിഷൻ. 2013-ൽ തന്നെ പുതിയ ഒരു മാറ്റം കൂടി എൻ എച്ച് എമ്മി ന്റെ കേന്ദ്രവിഹിതത്തിൽ വരുത്തുകയുണ്ടായി. ഒരു സംസ്ഥാനത്തിനായി നീക്കിവെച്ചിട്ടുള്ള തുകയുടെ 10% സംസ്ഥാനങ്ങളുടെ കഴിഞ്ഞ വർഷങ്ങളിലെ ആരോഗ്യമേഖലയിലെ പ്രവർത്തനമികവിനനുസരിച്ച് മാത്രം കൊടുക്കുന്ന പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് സിസ്റ്റം നിലവിൽ വന്നു. സംസ്ഥാനങ്ങൾക്ക് ആരോഗ്യ മേഖലയിൽ ചെലവാക്കാൻ സാധിക്കുന്ന ഫണ്ട് വർധിപ്പിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ വഴി സാധിച്ചെങ്കിലും ഫണ്ട് ഉപയോഗിക്കുന്നതിൽ സംസ്ഥാനങ്ങൾ നേരിടുന്ന അയവില്ലായ്മ പലപ്പോഴും വിഭവ വിതരണത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പരാതികൾ ഉയർന്നുവന്നു.

പതിനാലാം ഫിനാൻസ് കമ്മീഷൻ നിർദേശങ്ങൾ

സാമ്പത്തിക വിഭവത്തിന്റെ സംസ്ഥാനതലത്തിലുള്ള മെച്ചപ്പെട്ട ഉപയോഗത്തിനായി കേന്ദ്രത്തിൽ നിന്നും നേരിട്ടുള്ള ടാക്സ് വിഹിതത്തിലെ സംസ്ഥാനങ്ങൾക്കുള്ള പങ്ക് 31 % നി ന്നും 42% ആയി ഉയർത്താൻ പതിനാലാം ഫിനാൻസ് കമ്മീഷൻ 2015 ൽ നിർദേശിക്കുകയുണ്ടായി. കമ്മിഷനോടുള്ള സംസ്ഥാനങ്ങളുടെ നിർദേശങ്ങളിൽ വിഹിതം കൂട്ടുന്നതിനോടൊപ്പം കേന്ദ്രവിഷ്കൃത പദ്ധതികളുടെ എണ്ണം കുറയ്ക്കാനും, ഉള്ളവയുടെ പൂർണ്ണമായ ഫണ്ടിങ് കേന്ദ്രസർക്കാർ തന്നെ വഹിക്കണം എന്നും ഉൾപെടും. പതിനാലാം ഫിനാൻസ് കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനങ്ങൾക്കുള്ള നേരിട്ടുള്ള ടാക്സ് വിഹിതം കൂട്ടുകയും കേന്ദ്രവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിഹിതം കുറക്കുകയും ചെയ്തു. ഈ ഒരു മാറ്റത്തോടൊപ്പം കേന്ദ്രസർക്കാർ പുതിയ ചില മാറ്റങ്ങളും നയപരമായി എടുത്തു. 2015-2016 വർഷം മുതൽ മിഷന്റെ പ്രവർത്തന ഫണ്ടിന്റെ സംസ്ഥാനവിഹിതം 25%-ത്തിൽ നിന്നും ഒറ്റയടിക്ക് 40% ആക്കി മാറ്റുകയായിരുന്നു. ഇതുവഴി കേന്ദ്രത്തിന്റെ മുകളിൽ നിന്നും സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളിലേക്ക് കൂടുതൽ മാറാനും, പതിനാലാം ഫിനാൻസ് കമ്മീഷൻ നിർദേശപ്രകാരം സംസ്ഥാനങ്ങൾക്ക് വിഹിതമായി ലഭിച്ച അധിക വിഭവത്തിന്റെ ഒരു പങ്ക് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതമായി നിലനിർത്താനും സാധിച്ചു. 2018-2019 വർഷത്തിൽ പെർഫോമൻസ് ബേസ്‌ഡ് ഇൻസെന്റീവിന്റെ തോത് അംഗീകൃത കേന്ദ്രവിഹിതത്തിന്റെ 10%-ത്തിൽ നിന്നും 20% ആയി ഉയർത്തുകയും, പ്രവർത്തന മികവിന്റെ നിലനിന്നിരുന്ന മാനദണ്ഡങ്ങൾ മാറ്റി പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരുത്തുകയും ചെയ്തു.

എൻ എച്ച് എം : മാറ്റങ്ങളുടെ മാനങ്ങളെന്ത്?

നിയമങ്ങളിൽ വ്യത്യാസം വരുത്തുന്നതുവഴി മിഷന്റെ സാമ്പത്തിക വിഭവത്തിന്റെ കേന്ദ്രസർക്കാർ ബാധ്യത വളരെയധികം കുറയുകയുണ്ടായി. എന്നാലും, സംസ്ഥാന വിഹിതം ഉയർത്തുക വഴി എൻ എച്ച് എമ്മിലൂടെ പ്രാഥമികാരോഗ്യ മേഖലയിലെ വിഭവോപയോഗം കൂട്ടാൻ വിജയിക്കുകയും ചെയ്തു. സാമ്പത്തികമായ ബാധ്യത കൈയൊഴിയുമ്പോഴും മിഷന്റെ അജണ്ട നിർണ്ണയിക്കുന്നത് പൂർണ്ണമായും കേന്ദ്ര തീരുമാനങ്ങൾക്ക് അനുസരിച്ച് തന്നെയായി തുടർന്നു. അതുവഴി കേന്ദ്ര സർക്കാർ നിർണ്ണയിക്കുന്ന മുൻഗണനകൾ നടപ്പിൽ വരുത്താൻ സംസ്ഥാനങ്ങളും ബാധ്യസ്ഥരായി. മിഷന്റെ കേന്ദ്രത്തിൽ അംഗീകരിച്ച ബഡ്ജറ്റിന്റെ 80 ശതമാനം എല്ലാവർക്കും കിട്ടുമെങ്കിലും ബാക്കിയുള്ള 20% പ്രവർത്തനക്ഷമതയുടെ മാനദണ്ഡമനുസരിച്ച് മാത്രം ലഭിക്കുന്ന അവസ്ഥയും ഇനി സംജാതമാകും. ഇതിനായി ഉപയോഗിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് പല സംസ്ഥാനങ്ങളും എതിരഭിപ്രായം ഇതിനോടകം പ്രകടിപ്പിച്ചു കഴിഞ്ഞു.

കേരളത്തിന് മുമ്പിലുള്ള വെല്ലുവിളികൾ

ആരോഗ്യ രംഗത്ത് കേരളം ഇന്ന് എത്തിനിൽക്കുന്ന നിലയിൽ നമ്മുടെ സംസ്ഥാനത്തിന്റെ മുൻഗണനകൾ പലപ്പോഴും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും. ആരോഗ്യ മേഖലയിലെ ചെലവിന്റെ 91.9% സംസ്ഥാന ഗവൺമെന്റിന്റെ ഫണ്ടിൽ നിന്നാണ് കേരളത്തിൽ നടത്തുന്നത് (2015-ലെ കണക്ക്). തമിഴ് നാട്ടിലേത് 79.3 ശതമാനവും, അത് 62.8 ശതമാനവുമാണ്. പുതിയ മാറ്റങ്ങൾ വഴി സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന ഫണ്ടിന്റെ തോത് കുറയാനുള്ള സാധ്യതയാണ് ഉള്ളത്. ഇപ്പോൾത്തന്നെ ഹ്യൂമൻ റിസോഴ്സിന്റെ കാര്യത്തിൽ ഫണ്ട് ലഭ്യതയിൽ ബുദ്ധിമുട്ടു വന്നു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, എൻ എ ച്ച് എം പദ്ധതിയിലുൾപ്പടെ നല്ല സാമ്പത്തിക പങ്കുവഹിക്കുന്ന സംസ്ഥാന ഗവൺമെന്റിന് അതിന്റെ മുൻഗണന നിശ്ചയിക്കുന്നതിൽ തീർത്തും ഇടമില്ലാതെ വരുന്നു. സംസ്ഥാനത്തിന്റെ തനത് പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഇടമില്ലാത്തതിനാൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ കേന്ദ്രനയങ്ങളുടെയും സംസ്ഥാനത്തിന്റെ മുൻഗണനകളുടെയും ഇടയിൽക്കിടന്നു ഉഴലുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. പല പദ്ധതികളും കേന്ദ്രം നിർദേശിക്കുന്ന അതേ തരത്തിൽ നടപ്പിലാക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പാടുപെടുകയാണ്. കാലാകാലങ്ങളായി കൃത്യമായി നടന്നുവരുന്ന പല പ്രാഥമിക ആരോഗ്യ പ്രവർത്തനങ്ങളും മിഷന്റെ ഭാഗമായി പ്രത്യേകം പദ്ധതികളായി അവതരിപ്പിക്കപ്പെടുമ്പോൾ നിലവിലുള്ള വ്യവസ്ഥയെ അത് അസ്ഥിരപ്പെടുത്താൻ ഉതകുന്നതായും പരാതി ഉയരുന്നുണ്ട്. വിശാലമായ ചട്ടങ്ങൾ മാത്രം നിർണ്ണയിച്ചുകൊണ്ട് സംസ്ഥാനങ്ങൾക്ക് അവരുടെ മുൻഗണന അനുസരിച്ച് ഫണ്ട് ഉപയോഗം സാധ്യമാകുകയും ചെയ്യുകയാണ് എൻ എച്ച് എമ്മിനെ ജനോപകാരപ്രദമായ ഒരു പദ്ധതിയായി നിലനിർത്താൻ ചെയ്യേണ്ടത്. അതിനായുള്ള ആവശ്യം എല്ലാ ജനാധിപത്യ വിശ്വാസികളിൽ നിന്നും ഉയരേണ്ടതുണ്ട്.

കേന്ദ്രസർക്കാർ എടുക്കുന്ന പുത്തൻ നടപടികൾ

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നോണം ‘ആയുഷ്‌മാൻ ഭവ’ എന്ന പദ്ധതി എൻ എച്ച് എം വഴി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. അതിനു കീഴിൽ മൂന്നു ഘടകങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാമതായി ആയുഷ്മാൻ ആപ്കേ ദ്വാർ 3.0. അതുവഴി ബാക്കി നിൽക്കുന്ന എല്ലാ യോഗ്യരായ ഗുണഭോക്താക്കൾക്കും ആയുഷ്മാൻ കാർഡുകൾ ലഭ്യമാക്കുക എന്നതാണ് ഉദ്ദേശ്യം. രണ്ടാമത്തേത് ആയുഷ്മാൻ മേളകളാണ്. ആഴ്ചയിൽ ഒരു സി എച്ച് സി എന്ന മുറക്ക് ജില്ലയിലെ മെഡിക്കൽ കോളേജിൽ നിന്നും വിവിധ വിഭാഗം ഡോക്ടർമാർ ഉൾപ്പെടുന്ന ക്യാമ്പ് സംഘടിപ്പിക്കുകയാണ് ഈ മേളകൾ വഴി ചെയ്യേണ്ടത്. എല്ലാം മേഖലകളിലും കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി സൂചിപ്പിക്കുന്ന ബാനറുകൾ ഉൾപ്പെടെ ഫോട്ടോ അ‌പ്ലോഡ് ചെയ്യുക എന്നത് ഈ മേളകൾ നടത്തുന്നവരുടെ പ്രധാന ദൗത്യങ്ങളിലൊന്നാണ്. മൂന്നാമതായി നടത്തിയത് ഗ്രാമസഭകൾ വഴിയും വാർഡ് സഭകൾ വഴിയും വിവിധ കേന്ദ്ര ആരോഗ്യ സ്കീമുകളെക്കുറിച്ചുള്ള വിവര വിതരണം ആണ്. ആയുഷ്മാൻ സഭ എന്നാണ് ഈ ഘടകത്തിന്റെ പേര്. ജനങ്ങളിലേക്ക് ആരോഗ്യസേവനം എത്തിക്കാനുള്ള ഒരു പദ്ധതി എന്ന നിലയ്ക്ക് ഇവയൊക്കെ സ്വാഗതാർഹമാണെങ്കിലും ധൃതിപ്പെട്ട് ഇത്തരം പദ്ധതികൾ നടത്തുകയും സംസ്ഥാനങ്ങളുടെ ആരോഗ്യ മുൻഗണനകളിൽ നിന്നും പരിമിതമായ മനുഷ്യവിഭവശേഷിയെ മാറ്റി ഉപയോഗിക്കാൻ എൻ എച്ച് എം പദ്ധതിയെ ഉപയോഗിക്കുകയും ചെയ്യുന്നു എന്നത് ആശാവഹമായ കാര്യമല്ല. ഇതിലൂടെ ലഭിക്കുന്ന മെച്ചം അതിനാൽ ചെലവഴിക്കുന്ന വിഭവത്തിനനുസരിച്ച് തുലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഒരുവശത്ത് സാമ്പത്തിക സ്രോതസ്സ് എന്ന നിലയിൽ നിന്നും കേന്ദ്രം കുറേയേറെ പിൻവലിയുകയും, സംസ്ഥാനത്തിന് മുകളിൽ കൂടുതൽ ബാധ്യത കെട്ടിവയ്ക്കുകയും ചെയ്യുമ്പോൾ മറുവശത്ത് പദ്ധതി നിർവഹണത്തിന്റെ പൂർണ്ണമായ കടിഞ്ഞാൺ ഏറ്റെടുത്ത് സംസ്ഥാനങ്ങൾക്കുള്ള പരിമിതമായ പ്രവർത്തന സ്വാതന്ത്ര്യവും നിഷേധിക്കുന്ന തരത്തിലേക്ക് പ്രവർത്തനങ്ങളെ കൊണ്ടുപോവുകയാണ് കേന്ദ്രസർക്കാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം, കൃഷി എന്നിങ്ങനെ സംസ്ഥാന വിഷയങ്ങൾ ആയ പല മേഖലകളിലും ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തി മുന്നോട്ടു പോകുന്ന കേന്ദ്ര സമീപനത്തിന്റെ മറ്റൊരു പതിപ്പായി നമുക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി എൻ എച്ച് എ മ്മിൽ വന്ന നയവ്യതിയാനങ്ങളെ കാണാനാകണം. അവയിൽ തിരുത്തലുകൾ വരുത്താനും സംസ്ഥാനങ്ങൾക്കുള്ള ഫെഡറൽ അധികാരങ്ങൾ നിലനിർത്താനും വേണ്ട ആവശ്യങ്ങൾ കൂടുതൽ ഉയർത്തിക്കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.


Happy
Happy
75 %
Sad
Sad
25 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അക്കപരിമിതിയുടെ പരിണിതഫലങ്ങൾ
Next post The Monkey Trial: കുരങ്ങ് വിചാരണയുടെ കഥ
Close