Read Time:18 Minute

കേൾക്കാം


നുഷ്യരുടെ സന്തോഷത്തിന്റെ അളവ് പ്രായപൂർത്തി ആയതിനുശേഷം ക്രമേണ കുറയുന്നു എന്നും, ഏകദേശം 40-50 വയസ്സിൽ അത് ഏറ്റവും താണനിലയിൽ എത്തി, പിന്നീട് ക്രമേണ ഉയർന്ന് 70 വയസ്സൊക്കെ ആകുമ്പോൾ വീണ്ടും മിക്കവാറും ആദ്യ ലെവലിലേക്ക് എത്തുന്നുവെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അടുത്ത കാലത്ത് ശാസ്ത്രരംഗത്ത് വിവാദം സൃഷ്ടിച്ചിട്ടുള്ള ഒരു കണ്ടെത്തൽ ആണിത്. 18-20 കാലത്താണത്രെ സന്തോഷത്തിന്റെ പാരമ്യം. പിന്നീടത് കുറയുന്നത് ജീവിതപ്രാരാബ്ധങ്ങളും അനിശ്ചിതത്വവും കൊണ്ടാകാം.

ഏതായാലും ഈ പഠനങ്ങൾ പ്രകാരം സന്തോഷം ഏറ്റവും കുറഞ്ഞ അവസ്ഥയിൽ എത്തുന്നത് നാല്പതിനും അൻപതിനും ഇടക്കുള്ള പ്രായത്തിലാണത്രെ. ആധുനിക ജീവിതശൈലീ ഗ്രന്ഥങ്ങളിൽ സാധാരണ പരാമർശിക്കാറുള്ള ‘മിഡ്-ലൈഫ് ക്രൈസിസ്’- ജീവിതമദ്ധ്യപ്രതിസന്ധി- യെക്കുറിക്കുന്നതാണ് ഈ കണ്ടെത്തൽ എന്നാണു പലരും കരുതുന്നത്. പലർക്കും ഈ പ്രായത്തിൽ ജീവിതം കൈവിട്ടുപോയി എന്നു തോന്നാം, ജീവിതസാഹചര്യങ്ങളിൽ അസംതൃപ്തി തോന്നാം, ഇതൊന്നും അസാധാരണമല്ല. ഈ കാലഘട്ടം കഴിയുന്നതോടെ സന്തോഷത്തിൻ്റെ ഗ്രാഫ് ഉയരുകതന്നെ ചെയ്യുമെന്നാണ് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതും ഒന്നോ രണ്ടോ പഠനങ്ങൾ അല്ല, ലോകത്തിന്റെ പല ഭാഗങ്ങളിൽ ആയി നടത്തിയിട്ടുള്ള നാനൂറോളം പഠനങ്ങൾ!

എന്തുകൊണ്ടായിരിക്കും മദ്ധ്യവയസ്സിലെത്തുമ്പോൾ സന്തോഷം കുറയുന്നത്? തീർച്ചയായും വളർന്നുവരുന്ന ജീവിതാവശ്യങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും ഒരു പങ്കുവഹിച്ചേക്കാം. എന്നാൽ ഇതൊന്നും ബാധകമല്ലാത്ത സാമാന്യം നല്ല നിലയിൽ ജീവിക്കുന്നവർക്കുപോലും ഇത്തരത്തിൽ ഒരവസ്ഥയുണ്ടാകുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

നമുക്കെല്ലാം തീരെചെറുപ്പത്തിൽ ഉയരങ്ങൾ എത്തിപ്പിടിക്കാം എന്ന ആത്മവിശ്വാസം ഉണ്ടാകും. എല്ലാവരും അറിയുന്ന എഴുത്തുകാരൻ, ജനങ്ങളുടെ കണ്ണിലുണ്ണിയായ കലാകാരൻ, അധികാരക്കസേരകൾ എത്തിപ്പിടിക്കാൻ കഴിയുന്ന രാഷ്ട്രീയനേതാവ്, ഒരു സ്പോർട്ട്സ് താരം.. ഇങ്ങിനെ പോകുന്നു നമ്മുടെയെല്ലാം കൗമാരസ്വപ്നങ്ങൾ. എന്നാൽ ജോലിയും കുടുംബവും എല്ലാമായിക്കഴിയുമ്പോൾ മിക്കവർക്കും ഇതൊന്നും സാധ്യമല്ല എന്ന തിരിച്ചറിവിലേക്ക് വരുന്നു. അതുണ്ടാക്കുന്ന നിരാശയാണ് സന്തോഷം കുറയാൻ ഒരു കാരണം എന്ന് ചിലർ അനുമാനിക്കുന്നുണ്ട്. സ്ത്രീകളിൽ ഈ അവസ്ഥ പോസ്റ്റ് പാർട്ടും ഡിപ്രഷൻ- പ്രസവത്തിനുശേഷം ഉണ്ടാകുന്ന വിഷാദാവസ്ഥ- യുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും പറയപ്പെടുന്നുണ്ട്. ഏതായാലും പൂർണ്ണമായും തൃപ്തികരമായ ഒരുത്തരം ഇനിയും ഉരുത്തിരിഞ്ഞുവന്നിട്ടില്ല

സന്തോഷം എങ്ങനെ അളക്കും?

സന്തോഷം എന്നത് ഭൗതികമായ ഒരു അവസ്ഥയല്ല; മറിച്ച് തികച്ചും വ്യക്തിനിഷ്ഠമായ ഒരു മനോവ്യാപാരമാണ്. അതിനെ അളക്കാൻ പറ്റുമോ? ഏതായാലും മനസ്സിൻ്റെ അവസ്ഥകളെ മനസ്സിലാക്കുവാൻ ഇങ്ങനെ പല ‘അളവു പരീക്ഷണങ്ങളും’ ശാസ്ത്രജ്ഞർ ചെയ്തിട്ടുണ്ട്. ‘എന്തിനേയും അളക്കാൻ കഴിഞ്ഞാൽ അതിനെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കുവാനുള്ള നമ്മുടെ ശ്രമത്തിൽ നാം 50% വിജയിച്ചു’ എന്നത് പല ശാസ്ത്രജ്ഞരും പങ്കുവെക്കുന്ന ഒരു സമീപനമാണ്. മനോനിലകൾ അളക്കുവാനുള്ള ഒരു ശാസ്ത്രശാഖതന്നെ രൂപപ്പെട്ടിട്ടുണ്ട്- സൈക്കോമെട്രി. സൈക്കോളജിയുടെയും സ്റ്റാറ്റിസ്റ്റിക്സിൻ്റെയും കൂടിച്ചേരലാണ് സൈക്കോമെട്രി. വിഷാദാവസ്ഥ, സന്തോഷം, ഉൽക്ക്ണ്ഠ, ദേഷ്യം എന്നിവയൊക്കെ അളക്കാൻ ശാസ്ത്രജ്ഞർ ശ്രമിച്ചിട്ടുണ്ട്, അവയ്ക്കുള്ള ‘സ്കെയിലു’കളും ഉണ്ടാക്കിയിട്ടുണ്ട്. ഒരു പ്രതിഭാസത്തെ അളക്കാനുപയോഗിക്കുന്ന മാനകത്തിനെയാണ് നാം ‘സ്കെയിൽ’ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്- താപനില അളക്കാൻ നമുക്ക് സെൻ്റിഗ്രേഡ്, ഫാരൻഹൈറ്റ് എന്നിങ്ങനെ രണ്ടു രീതികൾ ഉണ്ടല്ലോ. ഇവ രണ്ടും താപനിലയുടെ സ്കെയിലുകൾ ആണ്. ഇതിനോട് സമാനമാണ് മനോനിലകൾ അളക്കാനുള്ള സ്കെയിലുകളും. എല്ലാവരും അംഗീകരിക്കുകയും ഒരുപോലെ പ്രയോഗിക്കുകയും ചെയ്യുകയും, ലോകത്ത് പല ഭാഗങ്ങളിലും നടക്കുന്ന പഠനങ്ങളെ തമ്മിൽ താരതമ്യം ചെയ്യൽ എളുപ്പമാക്കുകയും ചെയ്യുന്നതു മൂലം ഇവ ശാസ്ത്രജ്ഞർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണം ആകുന്നു.

എന്തു പ്രതിഭാസത്തെയും അളക്കുമ്പോൾ രണ്ടുമൂന്നുകാര്യങ്ങൾ പ്രധാനമാണ്. ഒന്നാമതായി, അളക്കുന്നത് എന്തിനെയാണ് എന്ന കൃത്യമായ ധാരണവേണം. അഥവാ, അളക്കുന്ന പ്രതിഭാസത്തിന് ഒരു നിർവചനം വേണം. പിന്നെ അളക്കുവാൻ ഒരു ഉപകരണം അഥവാ അളവുകോൽ വേണം, അത് ഉപയോഗിക്കുന്ന രീതി സാഹചര്യങ്ങൾ അനുസരിച്ച് മാറരുത്. ഉദാഹരണത്തിന്, ഒരാളുടെ പൊക്കം അളക്കുവാൻ അയാളെ ഒരു ലംബമായ ഭിത്തിയോട് അയാളുടെ പുറം ചേർത്ത് നിർത്തുന്നു. തികച്ചും ഋജുവായ ഒരു പ്രതലം, ഒരു പുസ്തകമോ, ഒരു പലകയോ മറ്റോ, അയാളുടെ തലയുടെ ഏറ്റവും മുകളിലുള്ള ഭാഗത്ത് തറക്ക് സമാന്തരമായി (തീർശ്ചീനമായി) പിടിച്ചിട്ട്, ആ പ്രതലം ഭിത്തിയിൽ തൊടുന്ന ഭാഗം മുതൽ താഴെവരെയുള്ള ദൂരം ഒരു വലിച്ചാൽ വലിയാത്ത റ്റേപ്പ് ഉപയോഗിച്ചു അളക്കുന്നു. ഇതാണ് സാധാരണ പൊക്കം അളക്കുന്ന രീതി . ഭൗതികശാസ്ത്രങ്ങളിൽ ഇത്തരം അളവുകൾ കൃത്യമായി സൃഷ്ടിക്കുവാൻ കഴിയും, കാരണം അവയിലെ പ്രതിഭാസങ്ങൾ വസ്തുനിഷ്ഠമാണ്, അഥവാ നിരീക്ഷകനെയോ, പഠനവിധേയമാകുന്ന വസ്തുവിനെയോ അപേക്ഷിച്ച് വ്യത്യാസപ്പെടുന്നില്ല. എന്നാൽ വ്യക്തിനിഷ്ഠമായ പ്രതിഭാസങ്ങൾ കുറേക്കൂടി വലിയ വെല്ലുവിളികൾ മുന്നോട്ട് വെക്കുന്നുണ്ട്.

മനോനിലകളെ അളക്കുന്നത് ഇതിനായി പ്രത്യേകം രൂപപ്പെടുത്തിയിട്ടുള്ള ചോദ്യാവലികൾ ഉപയോഗിച്ചാണ്. മനസ്സിന്റെ അവസ്ഥകളെ സൂചിപ്പിക്കുന്ന സൂക്ഷ്മമായ ശാരീരികവും, മാനസികവുമായ പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മനോനിലകളെ വേർതിരിക്കാൻ ഏറ്റവും കഴിവുള്ളവ ആറ്റിക്കുറുക്കി എടുത്തിട്ടാണ് ചോദ്യാവലികൾ സൃഷ്ടിക്കുന്നത്. ഇതിനുള്ള സ്റ്റാറ്റിസ്റ്റിക്കൽ ഉപായങ്ങൾ ലഭ്യമാണ്. ഈ ചോദ്യാവലികളാണ് സന്തോഷം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം. ഇനി വേണ്ടത് അളക്കാനുള്ള രീതിയാണ്. അത് എല്ലാവരിലും ഒരുപോലെ പ്രയോഗിച്ചിരിക്കണം; അതായത് ‘കൃത്യത’ യും ‘സാധുത’യും ഉറപ്പാക്കണം- ഒരു രോഗിയുടെ ടെമ്പറെച്ചർ (താപനില) അളക്കുവാൻ നാം വ്യവസ്ഥചെയ്യപ്പെട്ട മാർഗ്ഗങ്ങൾ ഉപയോഗിക്കാറുള്ളതുപോലെ. ഇതിനും സ്റ്റാറ്റിസ്റ്റിക്കലായ മാർഗങ്ങളുണ്ട്. ഇതെല്ലാം ശരിയായി ചെയ്താൽ നമുക്ക് സന്തോഷത്തിൻ്റെ അളവ് ലഭിക്കും. ഇതിനെ ഒരു ‘സ്കോർ’ അഥവാ ഒരു സംഖ്യകൊണ്ട് നാം അടയാളപ്പെടുത്തുന്നു. കൂടുതൽ സ്കോർ ലഭിക്കുന്ന ആൾക്ക് കൂടുതൽ സന്തോഷം എന്ന് കണക്കാക്കാം. ഇങ്ങനെ അന്താരാഷ്ട്ര അംഗീകാരമുള്ള രീതികളിലൂടെയാണ് ഈ പഠനങ്ങൾ മിക്കതും നടന്നിട്ടുള്ളത്.

വിവാദം

പക്ഷെ ഈ പഠനങ്ങളുടെ കണ്ടെത്തലുകൾ പലരും ചോദ്യം ചെയ്തിട്ടുണ്ട്. വിവാദത്തിന്റെ ഒരു പ്രധാന ഉറവിടം, പഠനങ്ങൾ മിക്കവാറും എല്ലാം തന്നെ സാമ്പത്തികശാസ്ത്രജ്ഞർ ചെയ്തിട്ടുള്ളതാണ് എന്നതാണ്. സാമ്പത്തികശാസ്ത്രത്തിനു ഇതിൽ എന്തു കാര്യം എന്നു ചോദിക്കാൻ വരട്ടെ. കുറെക്കാലമായി സാമ്പത്തികശാസ്ത്രം നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട്: ‘ദേശീയ വരുമാനം’ എന്ന് അവർ ഏറ്റവും പ്രധാനമായി കരുതുന്ന സൂചിക, യഥാർത്ഥത്തിൽ ദൈനം ദിന ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നുള്ളതാണ് അത്. അതായത് വരുമാനം കുറവാണെങ്കിൽ പോലും ജീവിക്കുന്ന ചുറ്റുപാടുകൾ പരസ്പരസഹകരണത്തിന്റെയും വിശ്വാസത്തിന്റെയും ഒക്കെ ധാരാളിത്തം ഉള്ളതാണെങ്കിൽ, മനുഷ്യർ കൂടുതൽ സന്തുഷ്ടരായിരിക്കും എന്ന നമുക്കെല്ലാം സുപരിചിതമായ സാമാന്യബോധം.

സമ്പന്നർ എപ്പോഴും സന്തുഷ്ടരായിരിക്കണമെന്നില്ല; ദരിദ്രർ സ്വന്തം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് സന്തോഷത്തോടെ ജീവിക്കുന്നു എന്നും വരാം. എങ്കിൽ പ്രതിശീർഷവരുമാനവുമായി സന്തോഷത്തിന് എന്തു ബന്ധം? ഭൂട്ടാൻ ആണ് പ്രതിശീർഷ ക്ഷേമത്തിൽ (well-being) ലോകത്തിൽ ഏറ്റവും മുൻപിൽ എന്നു പറയപ്പെടുന്നു.  അതുകൊണ്ടാണ് സാമ്പത്തികശാസ്ത്രജ്ഞർ പ്രതിശീർഷവരുമാനത്തിനു പകരം വെക്കാൻ ഒരു സൂചിക കണ്ടെത്താൻ ശ്രമിച്ചതും ഒടുവിൽ പ്രതിശീർഷസന്തോഷം അളക്കാൻ തീരുമാനിച്ചതും.

എന്നാൽ ഈ കണ്ടെത്തലിനെ ഏറ്റവും രൂക്ഷമായി എതിർക്കുന്നത് മനശ്ശാസ്ത്രജ്ഞരാണെന്നതാണ് രസകരം. അവരുടെ അഭിപ്രായത്തിൽ ഈ പഠനങ്ങൾ മിക്കതും രീതിശാസ്ത്രപരമായി പിഴവുകൾ അടങ്ങിയവയാണ്. ഏറ്റവും പ്രധാനം, ഒരു നല്ല ശതമാനം പഠനങ്ങൾ പരിച്ഛേദ (ക്രോസ്സ് സെക്ഷനൽ) രീതിയാണ് സ്വീകരിച്ചിട്ടുള്ളത് എന്നതാണ്. എന്നു വെച്ചാൽ ഈ പഠനങ്ങൾ ചെയ്തത് ഒരേ സമയം ഒരു വലിയ സാമ്പിൾ എടുത്ത് അതിൽ ചെറുപ്പക്കാരുടെയും മദ്ധ്യവയസ്കരുടെയും പ്രായം ചെന്നവരുടെയും സന്തോഷത്തിൻ്റെ തോത് അളക്കുക എന്നതാണ്. അങ്ങനെ വരുമ്പോൾ ഓരോ പ്രായത്തിലുമുള്ള ആളുകളുടെ ശരാശരി സന്തോഷത്തിന്റെ അളവുകൾ തമ്മിലാണു താരതമ്യം. ഒരേ ആളുടെ തന്നെ ചെറുപ്പത്തിലെയും, മദ്ധ്യവയസ്സിലെയും പിന്നീടുമുള്ള സന്തോഷത്തിന്റെ അളവെടുത്താൽ മാത്രമേ  നേരത്തേ  പറഞ്ഞതുപോലെ അവർ ഒരു മദ്ധ്യവയസ്സിലെ പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ടൊ എന്നറിയാൻ കഴിയുകയുള്ളു. അങ്ങനെ ചെയ്യുന്ന ‘കോഹോർട്ട്’ പഠനങ്ങൾ ചെലവേറിയതും സമയം ഒരു പാടു വേണ്ടതുമാണ്. അതുകൊണ്ട് അവ എണ്ണത്തിൽ കുറവാണ്.

എന്നാൽ ഇത് സമ്മതിച്ചുകൊടുക്കാൻ സാമ്പത്തികശാസ്ത്രജ്ഞർ തയ്യാറല്ല. ക്രോസ്സ് സെക്ഷനൽ പഠനങ്ങൾ ആണെങ്കിൽ പോലും അവ നൽകുന്ന സൂചന വ്യക്തമാണെന്നാണ് അവരുടെ പക്ഷം: സന്തോഷത്തിന്റെ ലെവൽ ചെറുപ്പത്തിൽനിന്ന് താഴോട്ടുപോയി മദ്ധ്യവയസ്സിൽ ഏറ്റവും താഴെയെത്തി പിന്നീട് കൂടുന്നതായി കാണുന്നു. ‘യൂ ഷേപ്പ് എവിടെ? ഞങ്ങൾ നോക്കിയിട്ടു കാണുന്നില്ലല്ലോ’ എന്ന ചില മനശ്ശാസ്ത്രജ്ഞരുടെ പരിഹാസത്തിനു തിരിച്ച് ‘എന്നാൽ നിങ്ങൾക്ക് കണ്ണു കാണാൻ വയ്യായിരിക്കും’ എന്നാണ് സാമ്പത്തികശാസ്ത്രജ്ഞരുടെ മറുപടി. എന്നാൽ എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്: മദ്ധ്യവയസ്സു കഴിഞ്ഞാൽ പൊതുവേ  സന്തോഷത്തിന്റെ അളവ് കൂടുന്നതായി കാണുന്നു. പക്ഷെ ഇതിലും ഒരു ചെറിയ കൊളുത്തുണ്ട്: ഒരു പക്ഷെ സന്തോഷവും ആത്മവിശ്വാസവും കൂടുതലുള്ള ആളുകളായിരിക്കാം കൂടുതൽ കാലം ജീവിച്ചിരിക്കുന്നത്!

മനുഷ്യൻ മാത്രമല്ല

ഈയടുത്തകാലത്ത് പുറത്തുവന്ന വളരെ കൗതുകകരമായ വേറൊരുപഠനം ചിലപ്പോൾ ഇതിലേക്ക് വെളിച്ചം വീശുകയോ, അല്ലെങ്കിൽ കൂടുതൽ പുകമറ സൃഷ്ടിക്കുകയോ ചെയ്യുന്നതാണ്. ഉറാങ്ങ് ഉട്ടാങ്ങ് എന്ന ഏഷ്യൻ ആൾക്കുരങ്ങിന് ഏകദേശം മനുഷ്യന്റേതിനു സമമായ ആയുസ്സാണ്. ചില മൃഗശാലകളിലുള്ള ഉറാങ്ങ് ഉട്ടാങ്ങുകളെ ശാസ്ത്രജ്ഞർ പഠനവിധേയമാക്കി. സാമാന്യം നല്ല സാമ്പിൾ സൈസ് – 500ലധികം എന്നു തോന്നുന്നു- ഉള്ള ഈ പഠനം ഈ ആൾക്കുരങ്ങുകളുടെ സൂക്ഷിപ്പുകാരെ ഉപയോഗിച്ചാണു നിർവഹിച്ചത്. ആൾക്കുരങ്ങുകളുടെ ‘മൂഡു’കൾ ശരിക്കും അറിയാവുന്ന ഈ പരിചാരകർ, അവയെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ട് പല സമയത്തായി അവക്ക് സ്കോർ നൽകി. ഈ പഠനത്തിൽ കണ്ടത്, മനുഷ്യരെപ്പോലെ ആൾക്കുരങ്ങുകളും മദ്ധ്യവയസ്സിൽ പലപ്പോഴും മോശം മൂഡിനു വിധേയരാകുന്നു എന്നാണ്. ഇതിന്റെ അർത്ഥം ഇത്തരത്തിലുള്ള വ്യതിയാനങ്ങൾ ജനിതകമായി തീരുമാനിക്കപ്പെടുന്നു എന്നാണോ?

പറയാറായിട്ടില്ല!


Happy
Happy
54 %
Sad
Sad
3 %
Excited
Excited
23 %
Sleepy
Sleepy
6 %
Angry
Angry
0 %
Surprise
Surprise
14 %

Leave a Reply

Previous post ഇന്ന് അന്താരാഷ്ട്ര ചാന്ദ്രനിരീക്ഷണ രാവ്
Next post കുഞ്ഞോളം കുന്നോളം – Climate Comics – 4
Close