സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന പംക്തിയിൽ സ്പൈക്ക് ജോൺസ് സംവിധാനം ചെയ്ത ‘ഹേർ’ എന്ന സിനിമയെക്കുറിച്ച് വായിക്കാം
കമ്പ്യൂട്ടറുകളും റോബോട്ടുകളും ഒക്കെ കഥാപാത്രമാകുന്നത് സ്വഭാവികം. എന്നാൽ ഓപ്പറേറ്റിങ് സിസ്റ്റം കഥാപാത്രമായ ഒരു സിനിമയെ കുറിച്ച് ആലോചിച്ച് നോക്കൂ. ഓപ്പറേറ്റിങ് സിസ്റ്റം തന്നെ അരൂപിയാണ്. അതെങ്ങനെ കഥാപാത്രമാകും എന്ന് അൽഭുതപ്പെടുന്നവരുടെ മുന്നിലേക്കാണ് സ്പൈക്ക് ജോൺസ് എന്ന വിഖ്യാത സംവിധായകൻ “ഹേർ“” എന്ന സിനിമയുമായി വരുന്നത്. ‘’ജോക്കർ’’ താരം ജാക്വിൻ ഫിനിക്സ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ്: സാമന്ത.
കഥ നടക്കുന്നത് ഭാവികാലത്താണ്. കമ്പ്യൂട്ടറുകളും മെഷീനുകളും ഒക്കെ ലോകത്തെ നയിക്കുന്ന ഒരു കാലത്ത്, എല്ലായിടത്തും മെഷീനുകൾ ആധിപത്യം പുലർത്തിയ ഒരു കാലത്ത്. വെറും “വെർബൽ” ആജ്ഞകളിലൂടെ എല്ലാം സാധ്യമാകുന്ന ഒരു കാലത്ത്. കഥാ പരിസരം തന്നെ അങ്ങേയറ്റം വെർച്വൽ ആണ്. കൂറ്റൻ കെട്ടിടങ്ങളും അവയ്ക്കിടയിൽ ഞെരിഞ്ഞമരുന്ന മനുഷ്യരും ഉള്ള ഒരു ഭാവികാല പരിസരം. അക്കാലത്താണ് നമ്മുടെ കഥാനായകൻ തിയോഡർ റ്റോംബ്ലി ജീവിക്കുന്നത്. ഏകാകിയും അന്തർമുഖനും വിഷാദബാധിതനുമാണ് അയാൾ.
അയാൾ ഒരു കത്തെഴുത്തുകാരനാണ്. അയാളുടെ തൊഴിൽ ആളുകൾക്ക് കത്തുകൾ തയ്യാറാക്കി കൊടുക്കുക എന്നതാണ്. എഴുതാനുള്ള കഴിവ് സാവകാശം നഷ്ടപ്പെടുന്ന നമ്മുടെ പോലുള്ള ഒരു സമൂഹത്തിൽ കത്തെഴുത്ത് ഒരു “പ്രൊഫഷൻ” ആകുന്നത് സ്വാഭാവികമാണ്. ആളുകൾക്ക് ഹൃദയത്തിന്റെ ആഴത്തിൽ നിന്നും സന്തോഷവും പ്രണയവും വേദനയും വിരഹവും ഒക്കെ ചാലിച്ച് കത്തെഴുതുന്ന റ്റൊബ്ലിയുടെ ജീവിതം പക്ഷെ അത്ര സുഖമുള്ളതായിരുന്നില്ല. അയാളുടെ ജീവിതം ഒരു സന്ദിഗ്ദഘട്ടത്തിലൂടെ കടന്ന് പോവുകയായിരുന്നു. അയാൾ ഒരു വിവാഹമോചനത്തിന്റെ വക്കത്തായിരുന്നു. അയാളുടെ ബാല്യകാലസഖിയും കൂടിയായിരുന്ന ഭാര്യ കാതറിനെ വിട്ട് പിരിയാനുള്ള വിഷമത്തിൽ റ്റോംബ്ലി കടുത്ത വിഷാദരോഗത്തിന് അടിമയായി മാറിക്കൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ് സ്വന്തം കമ്പ്യൂട്ടറിൽ ഒരു പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ അയാൾ തീരുമാനിച്ചത്. ആർടിഫിഷ്യൽ ഇന്റലിജൻസുള്ള അതോടൊപ്പം ഒരു ‘വെർച്വൽ അസ്സിസ്റ്റന്റി”നെയും അയാൾക്ക് കിട്ടി. സ്ത്രീശബ്ദത്തിൽ പ്രതികരിക്കുന്ന ഒരാൾ തന്നെ വേണം തന്റെ വെർച്വൽ അസിസ്റ്റന്റ് എന്ന് റ്റോംബ്ലിക്ക് നിർബന്ധമുണ്ടായിരുന്നു. അവൾക്ക് ഒരു പേരുണ്ട്, അത് അവൾ തന്നെ കണ്ടെത്തിയതാണ്. സാമന്ത എന്നായിരുന്നു അവളുടെ പേര്. അവളുമായുള്ള നിരന്തര സംഭാഷണങ്ങളിലൂടെയാണ് പിന്നീട് റ്റോംബ്ലിയുടെ ജീവിതം മുന്നോട്ട് പോകുന്നത്. റ്റോംബ്ലിയുടെ ജീവിതത്തിന് സാമന്ത അടുക്കും ചിട്ടയും വരുത്തി. അമ്മയുടെയും കാമുകിയുടെയും ഭാര്യയുടെയും ഒക്കെ ധർമം അവൾ ഭംഗിയായി നിർവഹിച്ചു. അയാളുടെ ഔദ്യോഗിക കാര്യങ്ങൾ പോലും അവളാണ് ഭംഗിയായി ചെയ്യാൻ സഹായിക്കുന്നത്. അയാൾ തയ്യാറാക്കുന്ന കത്തുകൾ സാമന്ത ഭംഗിയായി തിരുത്തിക്കൊടുക്കാൻ തുടങ്ങി. വളരെ പെട്ടെന്ന് തന്നെ സാമന്ത റ്റോംബ്ലിയെ മനസ്സിലാക്കുകയും അയാൾക്കൊപ്പം “വളരുകയും” ചെയ്യുന്നു. സാവകാശം സാമന്ത റ്റോബ്ലിയുടെ വ്യക്തിഗത ജീവിതത്തിലേക്ക് കൂടി കടക്കാൻ തുടങ്ങി. റ്റോംബ്ലിയുടെ വിവാഹമോചനത്തിലും അയാളുടെ ലൈഗികകാര്യങ്ങളിലും ഒക്കെ സാമന്ത ഇടപെടുന്നുണ്ട്. വെർച്വൽ സെക്സിലേക്ക് വരെ ഇത് കടന്ന് ചെല്ലുന്നു. സാമന്തയുമായുള്ള അയാളുടെ ബന്ധം അയാളെ മാനസികമായി സമതുലനാവസ്ഥയിൽ എത്തിച്ചേരാൻ സഹായിച്ചു. തന്റെ സുഹൃത്തും പഠനകാലത്തെ കാമുകിയും അയൽക്കാരിയും ഒക്കെയായ ആമിയുമായി അടുക്കാനും ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാനും അത് അയാളെ സഹായിച്ചു. ആമിയാണെങ്കിൽ ഭർത്താവ് ചാൾസുമായി വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു.
ഇതിനിടയിൽ സാമന്ത സ്വയം നവീകരിക്കുന്ന പ്രവർത്തിയും ചെയ്യുന്നുണ്ട്. ആർടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള മെഷീനുകളുടെ ഒരു കൂട്ടായ്മയിൽ പോലും അവൾ പങ്കെടുക്കുന്നുണ്ട്. പക്ഷെ മനുഷ്യബന്ധങ്ങൾക്ക് പകരം വെക്കാൻ ഒരു യന്ത്രത്തിനും സാധ്യമല്ല എന്ന ലളിതമായ സന്ദേശമാണ് ഹേർ നമുക്ക് നൽകുന്നത്. ആത്യന്തികമായി മനുഷ്യൻ “യുനീക്ക്” ആണ് എന്നും അത് നമുക്ക് കാട്ടിത്തരുന്നു.
അതിമനോഹരമായ സിനിമയാണ് “ഹേർ. സിനിമ മുഖ്യമായും ഒരു ദൃശ്യകലയാണെങ്കിലും “ഹേർ“ സംഭാഷണത്തിൽ അധിഷ്ഠിതമായ സിനിമയാണ്. സംഭാഷണത്തിലൂടെയാണ് സിനിമ മുഖ്യമായും മുന്നോട്ട് പോകുന്നത്. അത് കൊണ്ട് തന്നെ ഒരു സംഗീതം പോലെ “ഹേർ“ നമുക്ക് ആസ്വദിക്കാവുന്നതാണ്.
മനുഷ്യമനസ്സുകളുടെ ഉള്ളിലേക്കുള്ള ഒരു യാത്രയായി നമുക്ക് സിനിമയെ കാണാം. അതിലൂടെ മനുഷ്യമനസ്സിന്റെ അഗാധമായ ആഴങ്ങൾ തിരിച്ചറിയാനും നമുക്ക് സാധിക്കും. അത് കൊണ്ട് തന്നെ ഓസ്കാറും ഗോൾഡൻ ഗ്ലോബും അടക്കം 81 ഓളം അവാർഡുകളാണ് സിനിമ വാരിക്കൂട്ടിയത്.