Read Time:11 Minute

ഫുട്ബോൾ മത്സരം ഏറെ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞതാണ്. അതിൻറെ ആവേശവും ലാവണ്യവും ആസ്വദിക്കുക എന്നത് ഏതൊരു ഫുട്ബാൾ പ്രേമിയുടെയും സ്വപ്നമാണ്. കളിക്കളത്തിലെ ആവേശത്തിനും ആഘോഷങ്ങൾക്കും പിന്നിൽ നമ്മുടെ കാഴ്ച്ചയിൽ പെടാതെപോകുന്ന ഒന്നാണ് പരിക്കുകൾ. മികച്ച താരങ്ങളാണ് അവസാന 32 ൽ മാറ്റുരയ്ക്കുന്നത് എങ്കിലും അവർക്കുപോലും ഫുട്ബാൾ പരിക്കുകളിൽ നിന്ന് രക്ഷപ്പെടാനാവില്ല.

ഇറ്റാലിയൻ ഫുട്ബാളിൽ എക്കാലത്തെയും മികച്ച താരമായിരുന്ന റോബർട്ടോ ബാജിയോ (Roberto Baggio) പരിക്കുകളോടൊത്തു നടന്നവനായിരുന്നു. ഗുരുതരമായ സ്പോർട്സ് അപകടങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ഇനിയൊരു തിരിച്ചുവരവില്ലെന്ന ധാരണകൂടിയാണ് ബാജിയോ തിരുത്തിയെഴുതിയത്. 1985 മുതൽ 1996 വരെ കാൽമുട്ടുകളിൽ നാലുവട്ടം ഗുരുതര ക്ഷതം സംഭവിച്ചു. ഉദ്ദേശം 800 ദിനങ്ങൾ കളിയിൽനിന്നും, പരിശീലനത്തിൽ നിന്നും മാറിനിൽക്കേണ്ടതായും വന്നു.

ഇപ്പോൾ നടക്കുന്ന ഫിഫ അവസാനഘട്ട മത്സരങ്ങളിലും അനവധി താരങ്ങൾക്ക് പരിക്കുമൂലം കളം വിട്ടിറങ്ങേണ്ടി വന്നിട്ടുണ്ട്. ശ്രേഷ്ഠ താരങ്ങൾക്കുപോലും (elite athletes) പരിക്കുകൾ ഉണ്ടാകുമെങ്കിൽ അതിനു താഴത്തെ തലങ്ങളിൽ പ്രവർത്തിക്കുന്ന ഫുട്ബാൾ കളിക്കാർക്ക് കളിക്കളത്തിലെ പരിക്കുകൾ ധാരാളമായി ഉണ്ടാകും; ശ്രേഷ്ഠ താരങ്ങൾക്കുള്ള മാധ്യമ ശ്രദ്ധയോ, അംഗീകാരമോ, കൃത്യവും മേന്മയുള്ളതുമായ സ്പോർട്സ് മെഡിസിൻ പരിചരണമോ ലഭിക്കില്ല എന്നതാണുകാരണം. ഇക്കൊല്ലത്തെ ഫിഫ ലോകകപ്പിലും അതിനു മുന്നോടിയായ പരിശീലനക്കളികളിലുമായി അനേകം ശ്രേഷ്ഠ കളിക്കാർക്ക് പരിക്കുണ്ടായി. അതിൻറെ കണക്കുകളിലൂടെ കണ്ണോടിച്ചാൽ ഉയർന്ന ശാരീരികക്ഷമതയും ഒപ്പം ഉയർന്ന പരിക്ക് സാധ്യതയും ഉള്ള ഗെയിമാണ് ഫുട്ബാൾ എന്നുകാണാം.

കാൽമുട്ടുകൾ, തുടയിലെ മാംസപേശികൾ, പാദം, എന്നിവിടങ്ങളിൽ ക്ഷതസാധ്യത കൂടും. കൂടുതൽ പരിക്കുകൾ റിപ്പോർട്ട് ചെയ്ത ചില രാജ്യങ്ങൾ ഇവയാണ്:

1. സൗദി അറേബ്യ7
2. ഫ്രാൻസ്8
3. പോർട്ടുഗൽ6
4. മൊറോക്കോ5
5. അർജന്റ്റിന,5
6. ബ്രസീൽ5
7. വെയിൽസ്‌5
കൂടുതൽ പരിക്കുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ

കൂടുതലും പേശീക്ഷതങ്ങളാണ്‌. എങ്കിലും നെഞ്ച്, ഉദരം, സന്ധികൾ എന്നിവയിലും അടിക്കടി പരിക്കുക ഉണ്ടാകുന്നു.  വേഗതയും സമ്പർക്കവും ഒത്തുവരുന്നതിനാൽ ആവണം പരിക്കുകൾ കൂടുന്നത്. അതിവേഗത്തിൽ ചെറിയ ദൂരങ്ങൾ ഓടിത്തീർക്കണം; വേഗത കൂട്ടുകയും കുറയ്ക്കുകയും (acceleration and deceleration) ചെയ്യണം, പലപ്പോഴും തത്സമയ സാഹചര്യങ്ങൾക്ക് വിധേയമായി ദിശമാറ്റുകയും വേണം. എതിരാളികളും ഇതുതന്നെ ചെയ്യുന്നതിനാൽ അതിശക്തിയോടു കൂടിയ സമ്പർക്കങ്ങൾ (forceful contacts) പരിക്കിൽ കലാശിക്കും. സുരക്ഷോപകരണങ്ങൾ ധരിച്ചിട്ടുണ്ടങ്കിൽ പോലും പരിക്ക് സാധ്യത ഇല്ലാതാകുന്നില്ല. മറ്റൊന്ന് അമിതോപയോഗ ക്ഷതങ്ങളാണ് (overuse injuries ). അനേകം പ്രാവശ്യം ഒരേ ചലനം അവർത്തിച്ചുകൊണ്ടിരുന്നാൽ ശരീര ഭാഗങ്ങൾക്ക് പരിക്ക് സംഭവിക്കാം; ഇവിടെ ബലപ്രയോഗത്തേക്കാൾ ആവർത്തനമാണ് (repetitive strain) പരിക്കിന് ഹേതു.

കളിക്കളത്തിലെ താപനില

കളിക്കളത്തിലെ താപനിലയും പരീക്കുകൾക്ക് കാരണമാകാം. അന്തരീക്ഷതാപം വർധിക്കുന്ന വേനൽ ദിനങ്ങൾ പ്രത്യേകിച്ചും പ്രയാസമേറിയതായിരിക്കും. പൊതുവേ  ജൂലൈ മാസത്തിൽ നടക്കുന്ന ഫിഫ മത്സരങ്ങൾ ഖത്തറിലെ താപനില പരിഗണിച്ചു വര്ഷാന്ത്യത്തിലേയ്ക്ക് മാറ്റിയത് ഇത് കണക്കിലെടുത്താണ്. ചൂടും ആർദ്രതയും വർധിച്ചിരുന്നാൽ ശരീരത്തിൻറെ പ്രവർത്തനക്ഷമത, സഹനശക്തി (endurance) എന്നിവയെ ബാധിക്കും. ശരീരത്തിലെ ലവണങ്ങൾ, ജലം എന്നിവയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും താപക്ഷതം സംഭവിക്കുകയും ചെയ്യും. ഫുട്ബാൾ ഗെയിമിൽ ഇതിന്റെ സാധ്യത ഏറെയുണ്ട്.

അമിതമായ പരിശീലനം, തെറ്റായ ടെക്‌നിക്ക് എന്നിവയും ക്ഷതത്തിന് കാരണമാകാം. നടുവിനും, കാൽ പേശികളിലും ഉണ്ടാകുന്ന വേദന, പ്രവർത്തനക്ഷമതക്കുറവ്, അതിക്ഷീണാവസ്ഥ എന്നിവ ഇതോടു ചേർത്ത് പരിഗണിക്കാം.

അതിക്ഷീണാവസ്ഥ എന്നിവ ഇതോടു ചേർത്ത് പരിഗണിക്കാം.

അടിസ്ഥാനപരമായി ചിലകാര്യങ്ങൾ എല്ലാ ഫുട്ബാൾ കളിക്കാരും ശ്രദ്ധിക്കേണ്ടതാണ്. അപകടങ്ങൾ തടയുക, ഉണ്ടാകുന്നത് ലഘൂകരിക്കുക, തുടർപരിശീലനത്തിലേയ്ക്ക് തിരികെയെത്താനുള്ള സാഹചര്യം ഉറപ്പാക്കുക, ഘട്ടം ഘട്ടമായി കഴിവുകളും പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ ശ്രമിക്കുക എന്നിവ സാക്ഷാത്കരിക്കാനാണ് ഈ സമീപനം ലക്ഷ്യമാക്കുന്നത്. പ്രായോഗികതലത്തിൽ ഈ ഘടകങ്ങളിൽ ശ്രദ്ധയാവശ്യമാണ്. സീസൺ ആരംഭിക്കും മുമ്പ് ആരോഗ്യപരിശോധന നടത്തി ശാരീരികക്ഷമത ഉറപ്പാക്കുക, ഓരോ പരിശീലനത്തിന് മുമ്പും വ്യായാമം, സ്ട്രെച്ചിങ്, ശക്തിയും ബലവും ഉറപ്പാക്കാനുള്ള വ്യായാമം, നിർജലീകരണം തടയുന്നതെങ്ങനെ എന്നതിൽ ബോധ്യമുണ്ടാകുക, സുരക്ഷകിറ്റ് ഉപയോഗിക്കാനുള്ള പരിശീലനം എന്നിവ പ്രധാനമാണ്. ഇതൊക്കെയാണെങ്കിലും ഫുട്ബാൾ മത്സരത്തിൽ പരിക്കുപറ്റുന്നത് തടയുന്നതിൽ നമുക്കിപ്പോഴും പരിമിതിയുണ്ടെന്നതാണ് സത്യം.

ഈ മേഖല ഏറെ ഗവേഷണ ശ്രദ്ധ ആകർഷിക്കുന്നു. പല പരിക്കുകളും വർധിച്ചുവരാനുള്ള സാധ്യതയാണ് കാണിക്കുന്നത്. പരിക്കുകളെപ്പറ്റി നമ്മുടെ ധാരണ വർധിച്ചുവെങ്കിലും പരിക്ക് സാധ്യതയ്ക്ക് മാറ്റം വരുന്നില്ല. യൂറോപ്യൻ ഫുട്ബാൾ സീസണിൽ ഒരു താരത്തിന് രണ്ട് പരിക്ക് എന്നതോതിൽ ഇഞ്ചുറി റിപോർട്ടുകൾ വരുന്നു. പലപ്പോഴും കൂട്ടിമുട്ടൽ, ശക്തമായ സമ്പർക്കം, എന്നിവകൂടാതെത്തന്നെ പരിക്കുകൾ ഉണ്ടാകാറുണ്ട്. അതിവേഗചലനം, ഓട്ടം, എന്നിവകൂടാതെ അടിക്കടി വേണ്ടിവരുന്ന ഗതിമാറൽ, ദിശമാറൽ,  എന്നിവ കാൽമുട്ടുകളിലോ കണങ്കാലിലോ അമിതമായ ഭാരമേല്പിക്കും. സ്പ്രേയ്ൻ (sprain), സ്‌ട്രെയിൻ (strain) എന്നിവയുണ്ടാകുന്നത് ഇപ്രകാരമാണ്. ഫുട്ബാളിൽ ത്രോ, ഹെഡിങ്, സ്ട്രൈക്ക് എന്നിവയ്ക്ക് കൃത്യമായ നൈപുണ്യമാവശ്യമാണ്. അതിനാൽ ഇവയിൽ നൈപുണ്യമാർജ്ജിക്കുന്നതിനായി പരിശീലനം നൽകാറുണ്ട്. എന്നാൽ ലഘുദൂര ഓട്ടവും, ഒപ്പം ദിശമാറലും, വേഗത്തിൽ വ്യതിയാനം വരുത്തലും ഫുട്ബാൾ നൈപുണ്യമായി അടുത്തകാലം വരെ കണ്ടിരുന്നില്ല. അതെല്ലാം കളിക്കാരൻറെ  സ്വയാർജിത വൈദഗ്ധ്യമായി കരുതിപ്പോന്നിരുന്നു. അടിസ്ഥാന ചലനങ്ങളിലും നൈപുണ്യം ആവശ്യമാണെന്നും അതിൽ നിർമ്മിച്ചെടുക്കുന്ന വൈദഗ്ധ്യം പരിക്കുകൾ തടയാനും ഉപകരിക്കുമെന്ന ആശയം അംഗീകരിക്കപ്പെട്ടുവരുന്നു.

ഫുട്ബാൾ കോർട്ടിലെ ചലനാത്മകതയും തത്സമയ ഗതിമാറ്റങ്ങളും ഉപയോഗിച്ച് കാല്പന്തിൻറെ നിയന്ത്രണം സാധ്യമാക്കാൻ തീവ്ര പരിശീലനം വേണമെന്ന് ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ട്. ക്രമമായി വർധിക്കുന്ന പരിശീലനത്തിലൂടെ കൂടുതൽ മെച്ചപ്പെട്ട നൈപുണ്യം കൈവരിക്കാമെന്നും ഗ്രൗണ്ടിൽ സംഭവിക്കുന്ന പരിക്കുകളിൽ സാരമായ മാറ്റമുണ്ടാകുമെന്നും പഠനങ്ങളിൽ കാണുന്നു.


SOCCER SCIENCE

ഫുട്ബോളിന്റെ ശാസ്ത്രം വിശദമാക്കുന്ന ലേഖനങ്ങൾ വായിക്കാം

Happy
Happy
27 %
Sad
Sad
9 %
Excited
Excited
36 %
Sleepy
Sleepy
9 %
Angry
Angry
0 %
Surprise
Surprise
18 %

Leave a Reply

Previous post ഇത് പഴയ ഫുട്ബോളല്ല – ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ സാങ്കേതിക സവിശേഷതകൾ
Next post കാ കാ ബ യും ശാസ്ത്രബോധവും – ഡോ.വൈശാഖൻ തമ്പി
Close