അന്തരീക്ഷത്തില്‍ നിന്നും വെള്ളവുമുണ്ടാക്കാം !

fontus-water-bottle_1024
കടപ്പാട് : http://www.sciencealert.com

അന്തരീക്ഷത്തിലെ ജലബാഷ്പങ്ങള്‍ ശേഖരിക്കുകയും അതു തണുപ്പിച്ച് ശുദ്ധമായ കുടിവെള്ളമാക്കി സംഭരിക്കുകയും ചെയ്യുന്ന ഒരു ഉപകരണം ആസ്ത്രേലിയക്കാരനായ  ക്രിസ്റ്റോഫ്  റെറ്റിസര്‍ എന്നയാള്‍ വികസിപ്പിച്ചിരിക്കുന്നു.

ഒരു സൈക്കിളില്‍ ഉറപ്പിക്കാവുന്നതാണ് ഈ ഉപകരണം. ദീര്‍ഘദൂരം സൈക്കിളോടിച്ചു പോകേണ്ടിവരുന്നവര്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാണ്. മാത്രമല്ല, ഭൂഗര്‍ഭജലസ്രോതസ്സുകള്‍ തീരെ കുറവായുള്ള പ്രദേശങ്ങളിലും ഇതൊരു അനുഗ്രഹമാണ്. ആസ്ത്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് ആര്‍ട്ട്സില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറാണ്  ക്രിസ്റ്റോഫ്  റെറ്റിസര്‍. താന്‍ വികസിപ്പിച്ചെടുത്ത കൗശലക്കാരനായ ഈ പുതിയ ഉപകരണത്തെ  ഫോണ്ടസ് (Fontus) എന്നാണ്  നാമകരണം ചെയ്തിരിക്കുന്നത്. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചമായിരിക്കും. ഉചിതമായ കാലാവസ്ഥയില്‍ ഇതില്‍ നിന്നും മണിക്കൂറില്‍ അര ലിറ്റര്‍ വെള്ളം നിറയ്ക്കാന്‍ കഴിയുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
james
“ഈര്‍പ്പമുള്ള വായു വലിച്ചെടുത്ത് അതിലെ   ജലാംശം ഊറ്റിയെടുത്ത്  ദ്രാവകരൂപത്തില്‍ ഒരു കുപ്പിയില്‍ സംഭരിച്ചു വയ്ക്കാനുതകുന്ന ഒതുക്കമുള്ളതും സ്വയം പര്യാപ്തവും ആയ  ഒരു ഉപകരണം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം”  പ്രസിദ്ധമായ ജെയിംസ് ഡിസൈന്‍ അവാര്‍ഡ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ക്രിസ്റ്റോഫ്  റെറ്റിസര്‍ പറയുന്നു.

നാല്‍പതിലേറെ രാജ്യങ്ങളിലെ ശുദ്ധമായ കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങളില്‍ വസിക്കുന്ന 200കോടി ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ എന്തെങ്കിലും കണ്ടുപിടിക്കുവാന്‍ കഴിയണം  എന്നതായിരുന്നു തന്റെ പ്രചോദനമെന്ന് അദ്ദേഹം പറയുന്നു. 2030 ഓടെ ലോകജനസംഖ്യയുടെ 47 ശതമാനം പേര്‍ പാര്‍ക്കുന്നത് കടുത്ത ജലദൗര്‍ലഭ്യതയുടെ സമ്മര്‍ദ്ദം അനുഭവപ്പെടുന്ന പ്രദേശങ്ങളിലായിരിക്കും  അധിവസിക്കേണ്ടിവരുക എന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത് . ഈ സാഹചര്യത്തിലാണ് യാഥാര്‍ത്ഥത്തില്‍ 2000 കൊല്ലം മുന്‍പേ മനുഷ്യന്‍ ഉപയോഗപ്പെടുത്തിയിരുന്ന ഒരു സാങ്കേതിക വിദ്യ വീണ്ടെടുക്കാന്‍ റെറ്റിസര്‍ തീരുമാനിക്കുന്നത്. ഏഷ്യയിലേയും മദ്ധ്യ അമേരിക്കയിലേയും സംസ്കാരങ്ങളാണ് ആദ്യമായി ഇത്തരമൊരു ഉപകരണം ഉപയോഗിച്ചിരുന്നത്. ഭൗമാന്തരീക്ഷത്തിലെ ഏകദേശം 13000ഘനകിലോമീറ്റര്‍ ശുദ്ധജലം പ്രയോജനപ്പെടുത്താന്‍ ഇതുമൂലം സാദ്ധ്യമാകും.

ഫോണ്ടസ്, എന്ന ഈ ഉപകരണം ജെയിംസ് ഡൈസന്‍ അവാര്‍ഡ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു.  ഇത് കൊല്ലം തോറും നടക്കുന്ന ഒരു അന്തര്‍ദ്ദേശീയ ഡിസൈന്‍ മല്‍സരമാണ്. അതില്‍ വിജയിച്ചാല്‍ റെറ്റിസറിന് തന്റെ ഉല്‍പ്പന്നം വിപണിയിലിറക്കാന്‍ ആവശ്യമായ മൂലധനം ലഭ്യമാകും.ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനം ജെയിംസ് ഡൈസന്‍ അവാര്‍ഡ് വെബ് സൈറ്റില്‍ ക്രിസ്റ്റോഫ്  റെറ്റിസര്‍ ഇപ്രകാരം വിശദീകരിക്കുന്നു:

ബാഷ്പീകരണം നടക്കണമെങ്കില്‍ ചൂടും ഈര്‍പ്പവുമുള്ള വായു തണുപ്പിക്കണം. ഈ ഉപകരണത്തിന്റെ നടുക്ക് പെല്‍റ്റിയര്‍ എലിമെന്റ്(Peltier Element) എന്നു പേരുള്ള ഒരു ചെറിയ കൂളര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കൂളര്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വൈദ്യുതബന്ധം നല്‍കപ്പെടുമ്പോള്‍  മുകളിലത്തെ ഭാഗം തണുക്കുകയും താഴത്തെ ഭാഗം ചൂടാവുകയും ചെയ്യും. ഈ പ്രക്രിയയില്‍ രണ്ടുഭാഗങ്ങളും വേര്‍തിരിക്കപ്പെടുകയും തമ്മില്‍ ഒറ്റപ്പെടുകയും ചെയ്യും.

ഈ ഉപകരണം ഒരു സൈക്കിളിലോ ബൈക്കിലോ ഘടിപ്പിച്ച്  മുന്നോട്ട് ഓടിച്ചുപോകുമ്പോള്‍ വായു താഴത്തെ അറയില്‍ അതിവേഗത്തില്‍ പ്രവേശിക്കുകയും ചൂടായ വശത്തെ തണുപ്പിക്കുകയും ചെയ്യും. വായു മുകളിലത്തെ അറയില്‍ പ്രവേശിക്കുന്നതോടെ നേര്‍രേഖയിലല്ലാത്ത ദ്വാരങ്ങളോടുകുടി സ്ഥാപിച്ചിരിക്കുന്ന ചെറിയ ഭിത്തികള്‍  അതിനെ തടഞ്ഞുനിര്‍ത്തുകയും വേഗത കുറയ്ക്കുകയും ചെയ്യുന്നു. അതോടെ അതിലെ ജലകണങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ സമയം ലഭിക്കുകയും ചെയ്യുന്നു.

ഇങ്ങനെ  ജലകണങ്ങള്‍ വേര്‍പെടുത്തിക്കഴിഞ്ഞാല്‍ അവ ഒരു പൈപ്പിലൂടെ ഒഴുകി ഒരു കുപ്പിയില്‍ ശേഖരിക്കപ്പെടും. ഈ കുപ്പി നിസ്സാരമായി എടുത്തുമാറ്റി വെള്ളം കുടിക്കാം. അരലിറ്റര്‍ കൊള്ളുന്ന ഏതു  കുപ്പിയും ഈ ഉപകരണത്തില്‍ ഘടിപ്പിക്കാവുന്നതാണ്.
[divider] [author image=”http://luca.co.in/wp-content/uploads/2014/11/gopinath.png” ]പരിഭാഷ : ജി. ഗോപിനാഥന്‍[/author]

Leave a Reply